10 March 2026, Tuesday

ചരിത്രത്തെ സമരായുധമാക്കിയ ഒരാള്‍

ഇ ഡി ഡേവീസ്
March 11, 2026 4:10 am

സാമൂഹികരാഷ്ട്രീയത്തിൽ ഇടതുപക്ഷം ശക്തമായിരിക്കുമ്പോഴും സാംസ്കാരികരാഷ്ട്രീയത്തിൽ വളരെ ദുർബലമാണെന്ന വസ്തുത തിരിച്ചറിഞ്ഞ് മുന്നറിയിപ്പ് നൽകിയ ചരിത്രകാരനാണ് കെ എൻ പണിക്കർ. ആ അർത്ഥത്തിൽ അദ്ദേഹം ശരിയായ ക്രിട്ടിക്കൽ ഇൻസൈഡർ തന്നെ ആയിരുന്നു. അദ്ദേഹത്തിന്റെ ചരിത്രാന്വേഷണങ്ങളിലും സാംസ്കാരിക — ധൈഷണിക പ്രവർത്തനങ്ങളിലും സ്വാധീനം ചെലുത്തിയ ചിന്തകനാണ് അന്റോണിയോ ഗ്രാംഷി. അതേപ്പറ്റി പണിക്കർ രേഖപ്പെടുത്തിയിട്ടുള്ളത് ഇങ്ങനെയാണ്: “ഞാൻ ചരിത്രത്തെയും സാമൂഹിക പ്രശ്നങ്ങളെയും ഗ്രാംഷിയൻ ആശയങ്ങളുടെ വെളിച്ചത്തിലാണ് നോക്കിക്കാണാൻ ശ്രമിക്കുന്നത്.” മലബാർ കലാപം എന്ന പുസ്തകം തയ്യാറാക്കുന്നതിലും ഈ ഗ്രാംഷിയൻ ചിന്തകൾ വളരെയധികം പ്രതിഫലിച്ചു കണ്ടിട്ടുണ്ട്. ആ പുസ്തകത്തിന്റെ ഘടന തന്നെ ഗ്രാംഷിയുടെ സങ്കല്പങ്ങളിൽ നിന്ന് രൂപപ്പെട്ടതാണ്. ഇന്നത്തെ ഇന്ത്യൻസാഹചര്യത്തിൽ പ്രത്യേകിച്ച് കേരളീയ സാഹചര്യത്തിൽ കെ എൻ പണിക്കരുടെ ചരിത്രാവബോധപരമായ സാംസ്കാരിക — രാഷ്ട്രീയ പദ്ധതികളിലേക്ക് നയിക്കുന്ന രചനകൾ വായിക്കുക എന്നത് വളരെ പ്രസക്തമാണ്. ഫാസിസത്തിന്റെ അന്തരീക്ഷം എങ്ങനെ ഇന്ത്യൻ സമൂഹത്തിൽ ആർഎസ്എസ് രൂപപ്പെടുത്തുന്നു എന്നതുസംബന്ധിച്ച് 1980കൾ മുതലേ ശക്തമായി മുന്നറിയിപ്പുകള്‍ നല്‍കിയ ഒരു ധിഷണാശാലി ആയിരുന്നു അദ്ദേഹം. അതിനെതിരായ പ്രതിരോധ പരിപാടിയെപ്പറ്റിയും ഇടതുപക്ഷ സാംസ്കാരിക ബദലിനെ പറ്റിയും അദ്ദേഹം വളരെ വ്യക്തതയോടെ എഴുതിയിരുന്നു. നാം അത് വേണ്ടതുപോലെ ചെവിക്കൊണ്ടില്ല. 

സമൂഹത്തിൽ നിലനിൽക്കുന്ന അവബോധത്തിൽ നിന്നുള്ള മോചനം വളരെ ബോധപൂർവമുള്ള ഇടപെടലുകളിലൂടെ മാത്രമേ സാധ്യമാവൂ എന്ന് പണിക്കർ തിരിച്ചറിഞ്ഞിരുന്നു. ഈയൊരു പശ്ചാത്തലത്തിൽ അദ്ദേഹം ഇഎംഎസിനെപ്പോലും വിമർശനവിധേയമാക്കിയിട്ടുണ്ട്. എൻ എസ് സജിത്തുമായുള്ള അഭിമുഖത്തിൽ (വിശ്വാസം സ്വത്വം ചരിത്രം) ഇങ്ങനെ പറഞ്ഞിരിക്കുന്നു; “മതവും മതപരതയും തമ്മിലുള്ള വ്യത്യാസം ഇഎംഎസ് നോക്കിക്കാണുന്നുണ്ടോ എന്നത് സംശയമാണ്. മതവും സംസ്കാരവും ഒന്നല്ലെങ്കിലും അത് രണ്ടും ഒന്നിച്ചാണ് വളർന്നുവരുന്നത്. ഇവയ്ക്ക് പരസ്പരബന്ധമുണ്ട്. ഈ ബന്ധം എങ്ങനെ സമൂഹത്തിൽ സ്വാധീനം ചെലുത്തുന്നു എന്ന് ഗൗരവമായി ആലോചിക്കണം.” ഗ്രാംഷിയുടെ കോൺട്രഡിക്ടറി കോൺഷ്യസ്‌നസ് എന്ന സങ്കല്പനം ഇന്നത്തെ കേരളീയ സാഹചര്യത്തിൽ വളരെ പ്രധാനമാണ്. നിത്യജീവിതവുമായി ബന്ധപ്പെട്ട് സ്വാഭാവികമായി ഉണ്ടാകുന്ന അവബോധവും പാരമ്പര്യമായി ലഭിക്കുന്ന അവബോധവും തമ്മിലുള്ള വൈരുദ്ധ്യമാണത്. നാവോത്ഥാന പരിഷ്കരണ പ്രസ്ഥാനങ്ങളുടെ ഘട്ടവും സാമ്രാജ്യത്യവിരുദ്ധ സ്വാതന്ത്ര്യ സമരത്തിന്റെ ഘട്ടവും പിന്നിട്ടുവളർന്ന കേരള സമൂഹം എന്തുകൊണ്ട് ജാതീയവും ജനാധിപത്യവിരുദ്ധവുമായ ആശയധാരകളിലേക്ക് തിരിച്ചു പോകുന്നു? അധിനിവേശാശയങ്ങളിലേക്കും ജാതീയമായ തിരിച്ചുപോക്കിന്റെയും പാതയിലാണ് ഇന്നത്തെ കേരളീയർ. ഈയൊരു പ്രശ്നത്തെ അഭിമുഖീകരിക്കാൻ കെ എൻ പണിക്കരെ പ്രാപ്തമാക്കിയത് ഗ്രാംഷിയൻ ചിന്തകളിലുള്ള അഗാധജ്ഞാനമാണ്. 

മതനിരപേക്ഷ സാംസ്കാരിക ചിന്തയ്ക്കും ചരിത്രരചനയ്ക്കും അദ്ദേഹം നൽകിയ സംഭാവനകൾ അത്യന്തം ജൈവികവും വസ്തുനിഷ്ഠ സാഹചര്യങ്ങളെ പ്രതിഫലിപ്പിക്കുന്നതും പ്രതിരോധ സാംസ്കാരിക പദ്ധതികളിൽ ഊന്നിയിട്ടുള്ളതുമാണ്. വിജ്ഞാനത്തിന്റെ വിവിധ മേഖലകളെ കൂട്ടിപ്പിടിച്ചുകൊണ്ട് മാത്രമേ ഇന്നത്തെ സാഹചര്യത്തിൽ ബദലുകൾ നിർമ്മിക്കാനാകൂവെന്നും അദ്ദേഹം വളരെ സുവ്യക്തമായി പറഞ്ഞിട്ടുണ്ട്. മതനിരപേക്ഷ സംസ്കാരത്തെ നശിപ്പിക്കാനുള്ള ശ്രമങ്ങൾ പ്രത്യക്ഷത്തിൽത്തന്നെ വളരെ ശക്തമായത് മോഡിഭരണത്തിലൂടെയാണ് എന്ന് ജനാധിപത്യപരമായി ചിന്തിക്കുന്ന ആരെയും പറഞ്ഞറിയിക്കേണ്ട കാര്യമില്ല. ചരിത്രപഠനത്തെ മതവിദ്വേഷത്തിന്റെയും സുവർണസംസ്കാര നാശത്തിന്റെയും നിർധാരണ പ്രക്രിയയായി മാറ്റുകയാണ് ഹിന്ദുത്വപ്രത്യയശാസ്ത്ര ചരിത്രകാരന്മാരും മറ്റും ചെയ്യുന്നത്. അതിലവർ വിജയം കണ്ടതിന്റെ സാക്ഷ്യപത്രമാണ് ബാബറി മസ്ജിദിന്റെ ധ്വംസനത്തിലേക്കും ഹിന്ദുത്വാധിനിവേശത്തിലേക്കും നയിച്ച സംഭവ പരമ്പരകളും വർഗീയ കലാപങ്ങളും. ഇന്ത്യൻ ജനത അതിന് വഴങ്ങി നിന്നു. കൊളോണിയൽ വിദ്യാഭ്യാസത്തിന് ദൗർബല്യങ്ങൾ നിരവധി ഉണ്ടായിരുന്നെങ്കിലും അത് മനുഷ്യസമൂഹത്തിന്റെ വളർച്ചയെയും പരിവർത്തനങ്ങളെയും ഒട്ടൊക്കെ പ്രതിഫലിപ്പിച്ചിരുന്നു. ജനാധിപത്യപരമായ ഒരു ലിബറലിസത്തിന്റെ വ്യാപനം സാധ്യമാക്കിയിരുന്നു.
സാംസ്കാരിക വിമർശകനായിരുന്ന ടി കെ രാമചന്ദ്രൻ നടത്തിയ അഭിമുഖത്തിൽ അദ്ദേഹം ചരിത്രത്തിന്റെ മിത്തുവൽക്കരണം മൂലമുണ്ടാകുന്ന ദോഷങ്ങളെ പറ്റിപ്പറയുന്നുണ്ട്. ഭൂതകാലത്തെ പുനരാനയിക്കാൻ നിരന്തരമായി നടത്തുന്ന സംഘ്പരിവാർ ശ്രമങ്ങളെപ്പറ്റി വിശദീകരിക്കുന്നു. ബാബറി മസ്ജിദ് പ്രശ്നവൽക്കരിച്ചതും, സംഘർഷോല്പാദന മുദ്രാവാക്യമാക്കിയതും അതിന്റെ ഭാഗമായിരുന്നു. ചരിത്രത്തെ ചരിത്രമല്ലാതാക്കുന്ന, മിത്താക്കി മാറ്റുന്ന പണിയിൽ സംഘ്പരിവാർ വിജയം കണ്ടെത്തിയിരിക്കുന്നു. 

ഭൂതകാലത്തെ കെട്ടുകഥയാക്കിയും ചരിത്രവിരുദ്ധമായും അവതരിപ്പിക്കുന്നത് രാഷ്ട്രീയ ഗൂഢലക്ഷ്യം വച്ചുള്ള ബോധപൂർവമായ പ്രവർത്തനമാണെന്ന് ബോധ്യപ്പെടുത്തുന്ന കാര്യത്തിൽ രാഷ്ട്രീയ പാർട്ടികൾ ജാഗ്രത്തായ സമീപനം കൈക്കൊണ്ടില്ല. എന്നാൽ കെ എൻ പണിക്കർ മതനിരപേക്ഷ ചരിത്രരചനയ്ക്കായും സാർവത്രികമായ മാനവികതയുടെ ഉൽക്കർഷത്തിനായും നിരന്തരം പ്രവർത്തിച്ചു. പൗരോഹിത്യ ദുഷ്പ്രഭുത്വത്തിന്റെ മതാത്മകവും ജാതീയവുമായ വ്യാവഹാരിക താല്പര്യങ്ങളെ മുൻനിര്‍ത്തിയുള്ള പദ്ധതികളെ യഥാസമയത്ത് ചൂണ്ടിക്കാണിച്ചു. വർഗീയമായ വിശ്വാസപദ്ധതികളെ പ്രതിരോധിക്കാനുള്ള മതനിരപേക്ഷ സാംസ്കാരിക വെളിച്ചം പകരുകയും ചെയ്തു. മതനിരപേക്ഷത ഇന്ത്യക്ക് അനുയോജ്യമല്ല എന്ന വാദം കാലങ്ങളായി പ്രബലമാണ്. ഭരണഘടനാ അസംബ്ലിയിലും തുടർന്ന് മുക്കാൽ നൂറ്റാണ്ട് കഴിഞ്ഞിട്ടും ആ പല്ലവി ഇവിടെത്തന്നെ നിലനിൽക്കുന്നു. എന്നാൽ ഇന്ത്യയിലെ മതനിരപേക്ഷത യൂറോപ്പിൽ നിന്നു കടം കൊണ്ടതാണെന്ന വാദം വസ്തുതകൾക്ക് നിരക്കാത്തതാണെന്ന് പണിക്കര്‍ പ്രസ്താവിച്ചിട്ടുണ്ട്. നമ്മുടെ ചരിത്രപാഠങ്ങളെ സൂക്ഷ്മമായി വായിക്കാത്തത് കൊണ്ടുമാത്രം സംഭവിക്കുന്നതാണത്. അതുകൊണ്ടുതന്നെയാണ് ഇന്ത്യ ഹിന്ദുത്വാധിവേശത്തിന് ഇരയായത്. ചരിത്ര ബോധത്തെ ഇല്ലായ്മ ചെയ്തും ശാസ്ത്രബോധത്തെ നിരാകരിച്ചും അവർക്ക് മുന്നോട്ടു പോകാൻ കഴിയുന്നത് വസ്തുതകൾ ജനങ്ങളിൽ എത്തിക്കാൻ ജനാധിപത്യ രാഷ്ടീയ പാർട്ടികൾ സന്നദ്ധമല്ലാത്തതു കൊണ്ടാണ്. ചരിത്രബോധം ഇല്ലാത്ത സമൂഹത്തിന് ഒരിക്കലും ഉൽപ്പതിഷ്ണുതാപരമായി ഇന്നിൽ ജീവിക്കാനാവില്ല എന്നത് വസ്തുതയാണ്. ചരിത്രത്തിന് ജനതയുടെ മേലുള്ള സ്വാധീനശക്തി നഷ്ടപ്പെടുമ്പോൾ എല്ലാവിധ വിഷലിപ്ത ചിന്തകളും തിരിച്ചുവരുന്നു എന്നതാണ് സമകാലികാനുഭവം. അതുകൊണ്ട്, 90 വയസിലാണ് കെ എൻ പണിക്കരുടെ വിയോഗമെങ്കിലും ഈ മതനിരപേക്ഷ ചരിത്രകാരന്റെ നഷ്ടം വലിയ വിടവാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.