7 March 2026, Saturday

ജനഹൃദയങ്ങളില്‍ വേലികെട്ടിപ്പാര്‍ത്ത ഒരാള്‍

അബ്ദുൾ ഗഫൂർ
July 22, 2025 4:40 am

നിറയെപ്പെയ്യുന്ന മഴയിലും ജനസാഗരമിരമ്പുന്നു. ആയിരങ്ങള്‍ക്കെത്താവുന്ന മൈതാനവും നിറഞ്ഞ് സമീപപ്രദേശങ്ങളിലും കെട്ടിടങ്ങള്‍ക്ക് മുകളിലും മനുഷ്യരാണ്. അവര്‍ വിഎസിനെ കേള്‍ക്കാനെത്തിയവരായിരുന്നു, വി എസ് അച്യുതാനന്ദനെ. എത്തിച്ചേരുമ്പോള്‍ ആള്‍ക്കൂട്ടമിളകുന്നു. പതിവ് തെറ്റിക്കാതെ ചില കോണുകളില്‍ നിന്ന് കണ്ണേ കരളേ വിഎസേ എന്ന് തുടങ്ങിയുള്ള മുദ്രാവാക്യങ്ങളുയരുന്നു. ആരവങ്ങള്‍ക്കിടയിലൂടെ അതിവൈകാരിക ഭാവമാറ്റങ്ങളൊന്നുമില്ലാതെ നടന്ന് വേദിയിലെത്തുന്നു. പിന്നെ ഊഴമനുസരിച്ച് പ്രസംഗം തുടങ്ങുന്നു. ജനങ്ങള്‍ അകലങ്ങളിലെ ഇരുട്ടില്‍ നിന്നുകൊണ്ടും വെളിച്ചത്തില്‍ നില്‍ക്കുന്ന വേദിയില്‍ നിന്ന് ഉച്ചഭാഷിണിയിലൂടെ ഒഴുകിയെത്തുന്ന അദ്ദേഹത്തിന്റെ പ്രസംഗം കേള്‍ക്കുന്നു. സൈദ്ധാന്തിക സിദ്ധിയോ വൈജ്ഞാനിക വിശകലന പാടവമോ ആയിരുന്നില്ല അദ്ദേഹത്തിന്റെ പ്രസംഗം ആളുകളെ ആകര്‍ഷിക്കാനിടയാക്കിയത്. ഹാസ്യാത്മകതയുമായിരുന്നില്ല. തന്റെ പ്രസംഗത്തില്‍ വളരെയധികം ഹാസ്യങ്ങള്‍ പറയുന്നൊരു പ്രസംഗവുമായിരുന്നില്ല അദ്ദേഹത്തിന്റേത്. നീട്ടി നീട്ടിയും വളച്ചുവളച്ചും വാക്കുകളെ ഉപയോഗിച്ച് കാര്യം പറയുമ്പോള്‍ ഹാസ്യമില്ലെങ്കിലും കേള്‍ക്കുന്നവര്‍ക്ക് ചിരിക്കാന്‍ തോന്നും. കാര്യമുള്ള സംഗതികള്‍ പറയുമ്പോള്‍ ശരീരം മുഴുവന്‍ ഉപയോഗിച്ചുള്ള ആ പ്രസംഗരീതി ആളുകളെ യുക്തിഭദ്രമായി ബോധ്യപ്പെടുത്തുന്നതായി തീരും. വാക്കുകളിലൂടെയും കൈകളാല്‍ ആംഗ്യങ്ങള്‍ കാട്ടിയുമാണ് സാധാരണ ആളുകള്‍ പ്രസംഗിക്കാറെങ്കില്‍ വിഎസ് ശരീരം മുഴുവന്‍ അതിനുപയോഗിക്കുന്നു. കവിതകളോ ഗാനങ്ങളോ ഉദ്ധരിക്കുന്നത് ഈണങ്ങളോടെ ആവില്ലെങ്കിലും കേള്‍വിക്കാരില്‍ അത് കൗതുകവും ആവേശവും വിതയ്ക്കുന്നതായിരിക്കും, സന്ദര്‍ഭോചിതവും. ബാല്യ, കൗമാരങ്ങളില്‍ നേരിടേണ്ടിവന്ന ജീവിത ദുരിതങ്ങളുടെ അനുഭവച്ചൂടില്‍ നിന്നാണ് അദ്ദേഹത്തിന്റെ പോരാട്ട ജീവിതം പിറവികൊള്ളുന്നത്. ആലപ്പുഴയിലെയും കുട്ടനാട്ടിലെയും തൊഴിലാളി, കര്‍ഷകത്തൊഴിലാളി സമരങ്ങളുടെ ആദ്യാനുഭവങ്ങള്‍, പിന്നീടുള്ള ജീവിത സമരങ്ങളെയും ജനകീയ പോരാട്ടങ്ങളെയും നയിക്കാന്‍ അദ്ദേഹത്തെ പ്രാപ്തനാക്കി. തുടക്കക്കാലത്തെ തൊഴിലാളി, കമ്മ്യൂണിസ്റ്റ് പ്രവര്‍ത്തനങ്ങളുടെ കഠിനപഥങ്ങളത്രയും അദ്ദേഹം താണ്ടി. ഒളിവ്, ജയില്‍, ക്രൂരമര്‍ദനങ്ങള്‍ അങ്ങനെയങ്ങനെയെല്ലാം അഭിമുഖീകരിച്ചു. സിപിഐ നിരോധിക്കപ്പെട്ട കാലത്ത് പൊലീസിന്റെയും ഗുണ്ടകളുടെയും മര്‍ദനങ്ങളും അതിനെയെല്ലാം അതിജീവിച്ച മനുഷ്യന്‍ ആയുസ് മുഴുവന്‍ പോരാട്ട ജീവിതം നയിച്ചു എന്നത് അതിശയോക്തിയല്ല, യാഥാര്‍ത്ഥ്യമാണ്.

സിപിഐ(എം) സംസ്ഥാന സെക്രട്ടറിയായിരിക്കെയുണ്ടായിരുന്ന പരിമിതികളെ പ്രതിപക്ഷ നേതാവായിരിക്കെ അദ്ദേഹം ജനകീയ പ്രശ്നങ്ങളില്‍ പോരാടി മറികടക്കുന്ന കാഴ്ചയാണ് നാം കണ്ടത്. നെല്‍വയല്‍ സംരക്ഷണത്തിന്റെ പേരില്‍ അദ്ദേഹം വിഭാവനം ചെയ്ത് നടന്ന സമരത്തിന് വെട്ടിനിരത്തല്‍ എന്ന കുറ്റപ്പേരുവീഴുകയും വിമര്‍ശന വിധേയമാകുകയും ചെയ്തു. അകത്തും പുറത്തും അദ്ദേഹത്തിന് എതിര്‍പ്പുണ്ടായി. 80 വയസിനോടടുത്ത ഘട്ടത്തിലായിരുന്നു അദ്ദേഹം രണ്ടാമതും പ്രതിപക്ഷ നേതാവായത്. പക്ഷേ കയ്യേറ്റങ്ങള്‍ക്കും അഴിമതിക്കുമെതിരായ സമരങ്ങളില്‍ അതൊന്നും തടസമായില്ല. കയ്യേറ്റം ചെയ്യപ്പെടുന്നുവെന്ന് വാര്‍ത്തകളിലിടം പിടിച്ച ഇടുക്കിയിലെ മതികെട്ടാന്‍ചോല വനപ്രദേശങ്ങളിലേക്കും മൂന്നാറിലേക്കും പൂയംകുട്ടിയിലേക്കും അദ്ദേഹം നേരിട്ടെത്തി. വാഹനങ്ങളിലെ ദുര്‍ഘട യാത്രയ്ക്കുശേഷം കിലോമീറ്ററുകള്‍ യുവാവിന്റെ ചുറുചുറുക്കോടെയാണ് അദ്ദേഹം നടന്നുകയറിയത്. കൂടെയുണ്ടായിരുന്നവര്‍ നടന്നു തളരുമ്പോഴും ശ്വാസഗതിക്കുപോലും വേഗമേറാതെ അദ്ദേഹം നടന്നുകയറി. അതേസമയം തന്നെ മൂന്നാറിലെ സ്ത്രീതൊഴിലാളികള്‍ ‘പെമ്പിളൈ ഒരുമൈ’ നടത്തിയ സമര സ്ഥലത്തും അദ്ദേഹം സഞ്ചരിച്ചെത്തി. ഇതും ടി പി ചന്ദ്രശേഖരന്‍ വധത്തിനുശേഷം ഭാര്യ കെ കെ രമയെ സന്ദര്‍ശിച്ചതും സ്വന്തം പാര്‍ട്ടിയെ പ്രതിരോധത്തിലാക്കിയതായിരുന്നു. ഈ നടപടികള്‍ സ്വന്തം പക്ഷത്തുനിന്ന് വിമര്‍ശന വിധേയമായെങ്കിലും തന്റെ പ്രവര്‍ത്തനങ്ങളില്‍ വിഎസ് മുന്നോട്ടുപോയി. നിലപാടുകളിലെ വ്യത്യസ്ത സമീപനങ്ങളും പാര്‍ശ്വവല്‍കൃത വിഭാഗങ്ങളോടും പരിസ്ഥിതി സംരക്ഷണത്തിനുവേണ്ടിയുള്ള വിട്ടുവീഴ്ചയില്ലാത്ത അനുഭാവങ്ങളും ജനഹൃദയങ്ങളില്‍ വേലികെട്ടിപ്പാര്‍ത്ത ഒരാളാക്കി അദ്ദേഹത്തെ മാറ്റി. അതുകൊണ്ടാണ് അദ്ദേഹത്തെ കേള്‍ക്കാന്‍ ആയിരങ്ങള്‍ ഓരോ കേന്ദ്രങ്ങളിലുമെത്തിയത്. ഒരു കാലത്തെ ക്രൗഡ് പുള്ളറായി തീര്‍ന്നതും.

Kerala State - Students Savings Scheme

TOP NEWS

March 7, 2026
March 7, 2026
March 7, 2026
March 7, 2026
March 7, 2026
March 7, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.