30 December 2025, Tuesday

വെല്ലുവിളികളുടെ വർത്തമാനകാലം

വിപ്ലവകരമായ ഒരു നൂറ്റാണ്ട് ‑2
ഡി രാജ
December 29, 2025 4:15 am

ന്താരാഷ്ട്രവാദം (അന്തർദേശീയത) സിപിഐയുടെ രാഷ്ട്രീയ ലോകവീക്ഷണത്തിന്റെ അവിഭാജ്യഘടകമാണ്. സാമ്രാജ്യത്വ യുദ്ധങ്ങളെയും ഫാസിസത്തെയും സൈനികാധിപത്യങ്ങളെയും പാർട്ടി നിരന്തരം എതിർത്തു. ലോകമെമ്പാടുമുള്ള കൊളോണിയൽ വിരുദ്ധ, പുരോഗമന പ്രസ്ഥാനങ്ങളുമായി ഐക്യദാർഢ്യം കെട്ടിപ്പടുക്കുന്നതിൽ നേതൃത്വം വഹിച്ചു. സാമ്രാജ്യത്വ ആധിപത്യത്തിന്റെ ഉപകരണമായ യുദ്ധത്തെ എതിർക്കുമ്പോഴും സമാധാനത്തിനും സ്വയംനിർണയത്തിനും വേണ്ടി പോരാടുന്ന ജനങ്ങളുമായി ഐക്യദാർഢ്യം പ്രകടിപ്പിക്കുമ്പോഴും ഇന്ത്യയിലെ നീതിക്കായുള്ള പോരാട്ടം ചൂഷണത്തിനും ആക്രമണത്തിനുമെതിരായ ആഗോള പോരാട്ടത്തിൽ നിന്ന് വേർതിരിക്കാനാവാത്തതാണെന്ന് സിപിഐ വ്യക്തമാക്കി. ബ്രിട്ടീഷ് ഭരണത്തിനെതിരായ പോരാട്ടത്തിന്റെ അവസാന ഘട്ടത്തിൽ 1946ലെ റോയൽ ഇന്ത്യൻ നേവി കലാപത്തിൽ തൊഴിലാളിവർഗത്തിന്റെ നാടകീയമായ ഇടപെടലുണ്ടായി. രാജ്യത്തിന്റെ അവസാന സ്വാതന്ത്ര്യ യുദ്ധമായാണ് സിപിഐ ഈ പ്രക്ഷോഭത്തെ കണക്കാക്കിയത്. നാവികർ വംശീയമായ വിവേചനത്തിനും കൊളോണിയൽ അധികാരത്തിനുമെതിരെ പ്രതികരിച്ചു. അവരുടെ പോരാട്ടം തൊഴിലാളികളുടെയും വിദ്യാർത്ഥികളുടെയും പിന്തുണ നേടി. വന്യമായ അടിച്ചമർത്തലുകൾ നേരിട്ടിട്ടും, ഐക്യദാർഢ്യ സമരങ്ങളും ബഹുജന പിന്തുണയും ആര്‍ജിക്കുന്നതിൽ കമ്മ്യൂണിസ്റ്റുകൾ നിർണായക പങ്ക് വഹിച്ചു. സായുധ സേനകളുടെ മേലുള്ള കൊളോണിയൽ നിയന്ത്രണത്തിന്റെ ബലഹീനതയെ കലാപം തുറന്നുകാട്ടി. ബ്രിട്ടീഷുകാരുടെ ഭരണം ഇനി നിലനിൽക്കില്ലെന്ന് ബോധ്യപ്പെടുത്തി. സംഘടിത ബഹുജന പ്രവർത്തനങ്ങൾക്ക്, പ്രത്യേകിച്ച് തൊഴിലാളിവർഗത്തിന്, അധികാര സന്തുലിതാവസ്ഥയിൽ നിർണായകമായ മാറ്റം വരുത്താൻ കഴിയുമെന്ന സിപിഐയുടെ വിശ്വാസത്തെ ഇത് അടിവരയിട്ടു. 1947ലെ സ്വാതന്ത്ര്യം സിപിഐയുടെ പോരാട്ടത്തെ അവസാനിപ്പിച്ചില്ല. ഫ്യൂഡൽ ഘടനകൾ പൊളിച്ചുമാറ്റുന്നതിലും കുത്തക മുതലാളിത്തത്തെ ചെറുക്കുന്നതിലും ജനാധിപത്യം ശക്തമാക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിച്ചുള്ള പുതിയ തുടക്കത്തിന് പാർട്ടി നേതൃത്വം നൽകി. ഭൂവുടമസ്ഥതയ്ക്കെതിരായ ചരിത്രപരമായ കർഷക പോരാട്ടങ്ങൾക്കും കേരളം, തമിഴ്‌നാട്, പശ്ചിമ ബംഗാൾ, ത്രിപുര, ബിഹാർ തുടങ്ങിയ സംസ്ഥാനങ്ങളിൽ ഭൂപരിഷ്കരണങ്ങൾ മുന്നോട്ടുവയ്ക്കുന്നതിലും നിർണായക പങ്ക് വഹിച്ചു. പാർലമെന്ററി, പാർലമെന്റേതര വേദികളിൽ, സമ്പദ്‌വ്യവസ്ഥയുടെ പ്രധാന മേഖലകളുടെ പൊതു ഉടമസ്ഥതയെ പിന്തുണച്ചു. ബാങ്കുകൾ, കൽക്കരി, ഇൻഷുറൻസ്, മറ്റ് പ്രധാന വ്യവസായങ്ങൾ എന്നിവയുടെ ദേശസാൽക്കരണത്തിനായി സ്ഥിരമായി വാദിച്ചു. തന്ത്രപരമായ വിഭവങ്ങൾ സ്വകാര്യ ശേഖരണത്തെക്കാൾ ദേശീയ വികസനത്തിനും സാമൂഹിക ക്ഷേമത്തിനും സഹായകമാകണമെന്ന് ചൂണ്ടിക്കാട്ടി. 

ഇന്ത്യയുടെ ജനാധിപത്യ ഘടനയെ ശക്തിപ്പെടുത്തിക്കൊണ്ട് ഫെഡറലിസത്തിന്റെയും ഭാഷാപരവും സാംസ്കാരികവുമായ വൈവിധ്യത്തിന്റെയും കരുത്തുറ്റ സംരക്ഷകൻ കൂടിയായിരുന്നു സിപിഐ. ദളിതർ, ആദിവാസികൾ, ന്യൂനപക്ഷങ്ങൾ, സ്ത്രീകൾ എന്നിവരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിലും മതേതരത്വത്തിനും യുക്തിസഹമായ ചിന്തയ്ക്കും വേണ്ടിയുള്ള ഉറച്ച നിലപാടിലൂടെ പാര്‍ട്ടി മുന്നേറി. പരിഷ്കരണം, പുരോഗതി, പ്രതിലോമ ശക്തികൾക്കെതിരായ പ്രതിരോധം എന്നിവയെ ഉയരെ പാറുന്ന ചെങ്കൊടി അടയാളപ്പെടുത്തി. ഫെഡറലിസം, ഭാഷാപരമായ വൈവിധ്യം, മതേതരത്വം എന്നിവയുടെ ശക്തമായ കാവലാളായി സിപിഐ ഇപ്പോഴും നിലകൊള്ളുന്നു. വിഘടനവാദത്തിനെതിരെയും ശാസ്ത്രീയ മനോഭാവത്തിനും വിഭജന വിഭാഗീയ വർഗീയ രാഷ്ട്രീയത്തിനെതിരായ ഐക്യദാർഢ്യത്തിനും വേണ്ടി ചെങ്കൊടി പറക്കുന്നു. പാര്‍ട്ടി അതിന്റെ രണ്ടാം നൂറ്റാണ്ടിലേക്ക് കടക്കുമ്പോൾ ഇന്ത്യ കടുത്ത വെല്ലുവിളികൾ നേരിടുകയാണ്. വർഗീയതയും ശക്തിപ്പെടുന്ന ഫാസിസവും റിപ്പബ്ലിക്കിന്റെ അടിത്തറയെ ഭീഷണിപ്പെടുത്തുന്നു. ആർഎസ്എസ് — ബിജെപി കൂട്ടുകെട്ട് ഭരണഘടനയെ അട്ടിമറിക്കാനും സ്വേച്ഛാധിപത്യം അടിച്ചേല്പിക്കാനും ശ്രമിക്കുന്നു. സാമ്പത്തിക വളർച്ചയ്ക്കൊപ്പം വൻതോതിലുള്ള തൊഴിലില്ലായ്മ, തൊഴിൽ അസ്ഥിരത, വർധിച്ചുവരുന്ന അസമത്വങ്ങൾ എന്നിവയും പെരുകുന്നു. അനിയന്ത്രിതമായ മുതലാളിത്ത താല്പര്യങ്ങൾ സൃഷ്ടിക്കുന്ന പാരിസ്ഥിതിക പ്രതിസന്ധികൾ ഉപജീവനമാർഗങ്ങളെയും ഭാവിയെയും അപകടത്തിലാക്കുന്നു. പുതിയ സാങ്കേതികവിദ്യകൾ, പ്രത്യേകിച്ച് നിര്‍മ്മിത ബുദ്ധി അരക്ഷിതാവസ്ഥ വർധിപ്പിക്കുന്നു. തൊഴിൽ സംരക്ഷണത്തെയും അവകാശങ്ങളെയും ദുർബലപ്പെടുത്തുന്നു. തൊഴിലിന്റെ സ്വഭാവത്തെ ഇത് അപകടകരമായി മാറ്റിമറിക്കുകയാണ്. അതിയന്ത്രവല്‍ക്കരണത്തിന്റെ വർത്തമാനത്തിൽ, ഉടമസ്ഥാവകാശം, നിയന്ത്രണം, മനുഷ്യാന്തസ് എന്നിവയെക്കുറിച്ച് നിരന്തരം ചോദ്യങ്ങൾ ഉയരുന്നു. ഇടതുപക്ഷത്തെ സംബന്ധിച്ചിടത്തോളം, ജനങ്ങളുടെ അഭിലാഷങ്ങളുടെ പര്യായമായി വീണ്ടും മാറുക എന്നതാണ് വെല്ലുവിളി. സമത്വം, ജനാധിപത്യം, നീതി എന്നീ അടിസ്ഥാന മൂല്യങ്ങളിൽ ഉറച്ചുനിൽക്കുന്നതിനൊപ്പം സമകാലിക മുതലാളിത്തത്തെക്കുറിച്ചുള്ള ധാരണ പുതുക്കേണ്ടതും അനിവാര്യമാണ്. സാമൂഹിക ഉത്തരവാദിത്തത്തിൽ നിന്ന് വേർപെടുന്ന പുരോഗതിയായി സാങ്കേതിക മാറ്റത്തെ അംഗീകരിക്കാൻ കഴിയില്ല. ചൂഷണം വർധിപ്പിക്കുന്നതിനുപകരം, കൂട്ടായ ക്ഷേമത്തിന് മനുഷ്യപുരോഗതി സ ഹായകമാകുന്ന തരത്തിൽ അതിനെ വിമർശനാത്മകമായി വിശകലനം ചെയ്യുകയും രാഷ്ട്രീയമായി സമീപിക്കുകയും വേണം. ചരിത്രത്തിലെ നിർണായകമായ ഈ ഘട്ടത്തിൽ സിപിഐയുടെ ശതാബ്ദി കേവലം ഒരു ഓർമ്മപ്പെടുത്തൽ മാത്രമല്ല, മറിച്ച് കൂടുതലായി പ്രവർത്തിക്കാനുള്ള ആഹ്വാനമാണ്. 

വർത്തമാന ഇന്ത്യയിൽ ജനാധിപത്യം തന്നെ ആക്രമണത്തിന് വിധേയമാകുന്നു. ജനങ്ങളുടെ അവകാശങ്ങളും ഉപജീവനമാർഗങ്ങളും ഇല്ലാതാക്കപ്പെടുന്നു. സ്വാതന്ത്ര്യ പ്രസ്ഥാനത്തിന്റെ നേട്ടങ്ങൾ മനഃപൂർവം ഇല്ലാതാക്കുന്നു. സാമൂഹിക ഐക്യദാർഢ്യം തകർക്കാനും രാജ്യത്തിന്റെ സാമ്പത്തിക പരമാധികാരം ഇല്ലാതാക്കാനും സ്വേച്ഛാധിപത്യ സമീപനവുമായി ഭരണകൂടം നീങ്ങുകയാണ്. പലതിനെയും പലരെയും ഒഴിവാക്കിയുള്ള സാമൂഹ്യക്രമം അടിച്ചേല്പിക്കാനും ഭരണഘടനയെ അട്ടിമറിക്കാനും ആർഎസ്എസ് — ബിജെപി കൂട്ടുകെട്ട് ശ്രമിക്കുന്നു. ഈ ഭീഷണിയെ നേരിടാൻ ഇടതുപക്ഷവും കമ്മ്യൂണിസ്റ്റ് ശക്തികളും ഒന്നിച്ച് നിൽക്കേണ്ടത് അനിവാര്യമാണ്. ഒറ്റയ്ക്കൊറ്റയ്ക്കും തനിച്ചും ഈ അപകടത്തെ ചെറുക്കുക എളുപ്പമല്ല. വിശാലമായ ജനാധിപത്യ പ്രതിരോധം രൂപപ്പെടുത്തണം. അതിന് സിപിഐയെയും ഇടതുപക്ഷത്തെയും ശക്തിപ്പെടുത്തുകയും ഐക്യപ്പെടുത്തുകയും വേണം. വർഗ ചൂഷണം, ജാതി അടിച്ചമർത്തൽ, പുരുഷാധിപത്യം എന്നിവ ആധിപത്യത്തിന്റെ ശക്തമായ ഘടനകളായി തുടരുന്നു. സംഘടിതവും വിട്ടുവീഴ്ചയില്ലാത്തതുമായ പോരാട്ടം ഇക്കാര്യത്തിൽ ആവശ്യമാണ്. സ്ഥാപനങ്ങളെ ജാതീയതയുടെയും വർഗീയതയുടെയും നാശകരമായ സ്വാധീനത്തിൽ നിന്ന് ശുദ്ധീകരിക്കേണ്ടതുണ്ട്. റിപ്പബ്ലിക്കിനെ വീണ്ടെടുക്കണം. സമത്വം, മതേതരത്വം, നീതി എന്നിവയുടെ അടിത്തറയിൽ ഇന്ത്യയെ പുനർനിർമ്മിക്കണം. അരാജകത്വത്തെ കൂട്ടായി ചെറുക്കണം. ഐക്യത്തോടെമുന്നേറണം. സമത്വം, ജനാധിപത്യം, സമൃദ്ധി കേന്ദ്രീകൃതമായ ഐക്യത്തോടെ പുതിയ ഇന്ത്യയെ സൃഷ്ടിക്കണം. ചെങ്കൊടി കൂടുതൽ ഉയരണം. ജനങ്ങൾ ജയിക്കണം. ഭാവി നമ്മുടേതായിരിക്കണം.
ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് 100 വയസ് തികയുമ്പോൾ, അതിന്റെ ചരിത്രം ധൈര്യത്തിന്റെയും ത്യാഗത്തിന്റെയും രേഖയാണ്. കാൺപൂരിൽ സ്ഥാപിതമായതുമുതൽ സ്വാതന്ത്ര്യ പ്രസ്ഥാനത്തെ സാര്‍ത്ഥകമാക്കുന്നതും സ്വാതന്ത്ര്യാനന്തര പരിഷ്കാരങ്ങൾ രൂപപ്പെടുത്തുന്നതും വരെയുള്ള കൊളോണിയൽ വിരുദ്ധ പോരാട്ടങ്ങളിലെല്ലാം സിപിഐ ദേശീയ പരമാധികാരത്തെ സാമൂഹിക പരിവർത്തനവുമായി സമന്വയിപ്പിക്കാൻ പരിശ്രമിച്ചു. മുന്നിലുള്ള വെല്ലുവിളികൾ വളരെ വലുതാണ്. എന്നാൽ കമ്മ്യൂണിസ്റ്റ് ആശയങ്ങളാൽ നയിക്കപ്പെടുന്ന സംഘടിത ജനതയ്ക്ക് ചരിത്രത്തെ മാറ്റാൻ കഴിയുമെന്ന് ഒരു നൂറ്റാണ്ടിന്റെ പാരമ്പര്യം സ്ഥിരീകരിക്കുന്നു. അനിശ്ചിതത്വത്തിന്റെയും പ്രതിസന്ധിയുടെയും കാലഘട്ടത്തിൽ, പ്രതീക്ഷയുടെ പ്രതീകമായി ചെങ്കൊടി കൂടുതല്‍ക്കൂടുതല്‍ ഉയരണം.
നീതിയുക്തവും ജനാധിപത്യപരവും വർഗരഹിതവും ജാതിരഹിതവുമായ സോഷ്യലിസ്റ്റ് സമൂഹം സ്വപ്നം മാത്രമല്ല, അനിവാര്യവും കൈവരിക്കാവുന്നതുമായ ഭാവിയാണെന്ന് രാജ്യത്തെ ഓർമ്മിപ്പിക്കുന്നു. ബിജെപി — ആർഎസ്എസ് രാജിൽ നിന്ന് രാജ്യത്തെ വീണ്ടെടുക്കണം. ഇടതുപക്ഷ — കമ്മ്യൂണിസ്റ്റ് ശക്തികളെ ഒന്നിപ്പിക്കുക, സിപിഐയെ ശക്തിപ്പെടുത്തുക എന്നിവയാണ് മുന്നിലുള്ള കടമകൾ. ജനാധിപത്യം തന്നെ ആക്രമിക്കപ്പെടുന്ന സാഹചര്യത്തിൽ, റിപ്പബ്ലിക്കിനെ വീണ്ടെടുക്കാനും സമത്വം, മതേതരത്വം, നീതി എന്നിവയുടെ അടിസ്ഥാനത്തിൽ ഇന്ത്യയെ പുനർനിർമ്മിക്കാനുമുള്ള ആഹ്വാനമാണ് ഈ ശതാബ്ദി നൽകുന്നത്. സങ്കീർണതയുടെയും അനിശ്ചിതത്വത്തിന്റെയും കാലത്ത് പ്രതീക്ഷയുടെ പ്രതീകമായി ചെങ്കൊടി ഉയർന്നു പറക്കണം. നീതിയുക്തവും ജനാധിപത്യപരവും വർഗ — വർണ വ്യത്യാസമില്ലാത്തതുമായ സോഷ്യലിസ്റ്റ് സമൂഹം എന്നത് കേവലം കിനാവല്ല. ആവർത്തിക്കട്ടെ, ബിജെപി — ആർഎസ്എസ് ഭരണത്തിൽ നിന്ന് രാജ്യത്തെ മുക്തമാക്കണം. ഇടത്, കമ്മ്യൂണിസ്റ്റ് ശക്തികളുടെ ഏകീകരണം സാധ്യമാകണം. സിപിഐ അതിവേഗതയിൽ പതിന്മടങ്ങ് കരുത്താർജിക്കണം. മുന്നോട്ടുള്ള ചുവടുകളിൽ ഐക്യത്തോടെ മുന്നേറാനും സമത്വപൂർണവും ജനാധിപത്യപരവുമായ ഒരു പുതിയ ഇന്ത്യയുടെ സൃഷ്ടിക്ക് വഴിയൊരുക്കാനും കഴിയണം. ചുവപ്പ് പതാക ഉയരട്ടെ. ജനങ്ങൾ വിജയിക്കട്ടെ.
(അവസാനിച്ചു)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.