1 March 2026, Sunday

വിഭജനത്തിന് മറുപടി,മണ്ണിന്റെ മുദ്ര

കെ വി വസന്ത്കുമാർ
കിസാന്‍ സഭ സംസ്ഥാന പ്രസിഡന്റ്
March 1, 2026 4:15 am

കേരളം പലപ്പോഴും ഭരണപരമായ സംസ്ഥാനമെന്നതിലുപരി ഒരു രാഷ്ട്രീയ നിലപാടാണ്. സാമൂഹ്യനീതി, മതനിരപേക്ഷത, ജനാധിപത്യബോധം എന്നീ മൂല്യങ്ങളിൽ ഉറച്ചുനിൽക്കുന്ന ഒരു പൊതുജീവിത സംസ്കാരമാണ് കേരളത്തിന്റെ ശക്തി. ഈ മാസം 23ന് നിയമസഭയിൽ അവതരിപ്പിക്കപ്പെട്ട കേരള നേറ്റിവിറ്റി കാർഡ് ബിൽ ആ പാരമ്പര്യത്തിന്റെ തുടർച്ചയാണ്. റവന്യു മന്ത്രി കെ രാജൻ സഭയിൽ ബിൽ അവതരിപ്പിക്കുമ്പോൾ, അത് ഒരു ഭരണനടപടിയുടെ പ്രഖ്യാപനം എന്നതിനപ്പുറം സഖാവിന്റെ തന്നെ വാക്കുകൾ കടമെടുത്താൽ “ചരിത്രത്തിൽ അപൂർവമായി മാത്രം സംഭവിക്കാറുള്ള നിയമനിർമ്മാണ ഇടപെടൽ” ആണ്. ഈ വാക്കുകൾ കേവലം രാഷ്ട്രീയ ആവേശത്തിൽ നിന്ന് ഉടലെടുത്തതായി തോന്നിയില്ല, കാലഘട്ടത്തിന്റെ അനിവാര്യതയെ തിരിച്ചറിഞ്ഞ ഒരു കമ്മ്യൂണിസ്റ്റുകാരന്റെ ഉറച്ച ബോധ്യം അതിൽ പ്രകടമായിരുന്നു. കേരളത്തിൽ ഇത്രയുംനാളും നേറ്റിവിറ്റി സർട്ടിഫിക്കറ്റ് എന്നൊരു രേഖ ഉണ്ടായിരുന്നു. അത് താൽക്കാലികവും പരിമിതമായ ഉപയോഗമുള്ളതുമായിരുന്നു. പലപ്പോഴും ജനങ്ങൾ ആവർത്തിച്ച് അപേക്ഷിക്കേണ്ടിവരികയും, വ്യത്യസ്ത വകുപ്പുകളിൽ വെവ്വേറേ തെളിവുകൾ സമർപ്പിക്കേണ്ടിവരികയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് ഫോട്ടോ അടങ്ങിയ, ഡിജിറ്റൽ സൗകര്യമുള്ള, സ്ഥിരമായ തിരിച്ചറിയൽ രേഖയായി നേറ്റിവിറ്റി കാർഡ് അവതരിപ്പിക്കുന്നത്. കേരളത്തിൽ ജനിച്ചവർക്ക് മാത്രമല്ല, കേരളത്തിൽ ജനിച്ച മാതാപിതാക്കളോ പൂർവികരോ ഉള്ളവർക്കും, വിദേശ പൗരത്വം സ്വീകരിച്ചിട്ടില്ലെങ്കിൽ ഈ കാർഡ് ലഭ്യമാകും. ജോലി ആവശ്യത്തിനായി സംസ്ഥാനത്തിന് പുറത്തു താമസിക്കുന്നവർക്കും അവകാശം നിലനിൽക്കും. എന്നാൽ പിന്നീട് വിദേശ പൗരത്വം സ്വീകരിച്ചാൽ കാർഡ് അസാധുവാകും. 

ഇത് ഒരു ഭരണപരമായ വ്യക്തതയാണ്. ആരാണ് കേരളീയൻ എന്ന ചോദ്യത്തിന് നിയമപരമായ ഒരു ഉത്തരമാണ്. സംസ്ഥാനത്തിന്റെ വിദ്യാഭ്യാസ ആനുകൂല്യങ്ങൾ, തൊഴിലവസരങ്ങൾ, സാമൂഹ്യ ക്ഷേമപദ്ധതികൾ, ഭൂവിതരണം തുടങ്ങിയ മേഖലകളിൽ വ്യക്തമായ തിരിച്ചറിയൽ ആവശ്യമാണ്. യഥാർത്ഥ അർഹർക്ക് ആനുകൂല്യങ്ങൾ ഉറപ്പാക്കുക എന്നത് സാമൂഹ്യനീതിയുടെ ഭാഗമാണ്. നേറ്റിവിറ്റി കാർഡ് വഴി സുതാര്യതയും ഏകീകരണവും സാധ്യമാകും. തഹസിൽദാർ മുഖേന കാർഡുകൾ വിതരണം ചെയ്യുകയും വില്ലേജ് ഓഫിസുകൾ രേഖകൾ സംരക്ഷിക്കുകയും ചെയ്യും. വ്യാജവിവരങ്ങൾ നൽകിയാൽ മൂന്ന് മാസം വരെ തടവോ, 75,000 വരെ പിഴയോ എന്ന വ്യവസ്ഥ ഉൾപ്പെടുത്തിയിരിക്കുന്നത് ബില്ലിന്റെ ഗൗരവം വ്യക്തമാക്കുന്നു. ഈ ബില്ലിന്റെ പ്രസക്തി നമുക്ക് കൂടുതൽ വ്യക്തമാകുന്നത് ദേശീയ രാഷ്ട്രീയ പശ്ചാത്തലത്തിൽ നോക്കുമ്പോഴാണ്. കേന്ദ്രസർക്കാർ കൊണ്ടുവന്ന പൗരത്വ ഭേദഗതി നിയമം രാജ്യത്ത് വലിയ ആശങ്കകളും ഭീതിയും സൃഷ്ടിച്ചു. മതപരമായ അടിസ്ഥാനത്തിൽ പൗരത്വം നൽകുന്ന നിയമഭേദഗതി എന്ന നിലയിൽ അത് മതനിരപേക്ഷ ഭരണഘടനയുടെ ആത്മാവിനെ ചോദ്യം ചെയ്തു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധങ്ങൾ ഉയർന്നു. മത ന്യൂനപക്ഷ സമൂഹങ്ങൾക്കിടയിൽ ഒരു അനിശ്ചിതത്വം വളർന്നു. “നമ്മുടെ പൗരത്വം ചോദ്യം ചെയ്യപ്പെടുമോ?’’ എന്ന ആശങ്ക സാധാരണ ജനങ്ങളുടെ സംഭാഷണങ്ങളിലേക്കും കടന്നു. അത്തരം സാഹചര്യത്തിലാണ് കേരളം വ്യക്തമായൊരു രാഷ്ട്രീയ നിലപാട് എടുത്തത്.

കേരള നിയമസഭ സിഎഎയ്ക്കെതിരെ പ്രമേയം പാസാക്കിയിരുന്നു. അത് ഒരു സംസ്ഥാനത്തിന്റെ ധീരമായ പ്രഖ്യാപനമായിരുന്നു. ഭരണഘടനയുടെ മതനിരപേക്ഷ മൂല്യങ്ങൾ സംരക്ഷിക്കുമെന്ന് സംസ്ഥാനം പറഞ്ഞത് വെറും വാക്കുകളിൽ ഒതുങ്ങിയില്ല എന്ന് ഇപ്പോൾ കാലം തെളിയിച്ചു. നേറ്റിവിറ്റി കാർഡ് ബിൽ അതിന്റെ തുടർച്ചയാണ്. കേന്ദ്രത്തിന്റെ വിവേചനപരമായ സമീപനത്തിന് വിപരീതമായി, കേരളം മതം, ജാതി, ഭാഷ എന്നിങ്ങനെയുള്ള അടിസ്ഥാനങ്ങളിൽ ഭേദമില്ലാതെ “കേരളീയൻ” എന്ന തിരിച്ചറിയൽ നിയമപരമായി ഉറപ്പാക്കുകയാണ്. ഇവിടെ മതമല്ല മാനദണ്ഡം. സിഎഎ രാജ്യത്ത് സാധാരണക്കാർക്കിടയിൽ പരത്തിയ ഭീതി ചെറുതല്ല. രേഖകൾ തെളിയിക്കാൻ കഴിയാത്തവർ എന്ത് ചെയ്യും? പാവപ്പെട്ടവർക്കും കുടിയേറ്റ തൊഴിലാളികൾക്കും, അടിച്ചമർത്തപ്പെട്ട സമൂഹങ്ങൾക്കുമെല്ലാം മുമ്പില്‍ ഈ ചോദ്യങ്ങൾ ഉയര്‍ന്നു. കേരള നേറ്റിവിറ്റി കാർഡ് ബിൽ അതിന്റെ മറുപടി വ്യത്യസ്തമായ രീതിയിൽ നൽകുന്നു. ഇത് ആരെയും പുറത്താക്കാനുള്ള രേഖയല്ല. ആരെയും സംശയത്തിന്റെ കണ്ണോടെ കാണാനുള്ള സംവിധാനമവുമല്ല. മറിച്ച്, സംസ്ഥാനത്തിന്റെ സാമൂഹ്യസുരക്ഷാ സംവിധാനത്തിൽ ഉൾപ്പെടുത്താനുള്ള രേഖയാണ്. നമ്മുടെ രാഷ്ട്രീയ പാരമ്പര്യത്തിൽ കമ്മ്യൂണിസ്റ്റ് — ഇടതുപക്ഷ പ്രസ്ഥാനം എപ്പോഴും ഭീതിപരത്തുന്ന രാഷ്ട്രീയത്തിനെതിരെ നിലകൊണ്ടിട്ടുണ്ട്. വിഭജനത്തിനുമേൽ ഐക്യം, വിവേചനത്തിനുമേൽ സമത്വം, അനിശ്ചിതത്വത്തിനുമേൽ ഭരണപരമായ ഉറപ്പ്. നേറ്റിവിറ്റി കാർഡ് അതിന്റെ പുതിയ രൂപമാണ്. ലോകമെമ്പാടുമുള്ള മലയാളികൾ കേരളവുമായി ബന്ധം പുലർത്തുന്നവരാണ്. ഗൾഫ് രാജ്യങ്ങളിൽ നിന്നും യൂറോപ്പിലേക്കും അമേരിക്കയിലേക്കും വ്യാപിച്ചിരിക്കുന്ന പ്രവാസി സമൂഹം കേരളത്തിന്റെ സാമ്പത്തികവും സാമൂഹികവുമായ വളർച്ചയിൽ വലിയ പങ്കുവഹിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ, നിയമപരമായ ഒരു തിരിച്ചറിയൽ രേഖ പ്രവാസികൾക്ക് ആത്മവിശ്വാസം നൽകും. അവർക്ക് കേരളവുമായുള്ള ബന്ധം രേഖാമൂലം തെളിയിക്കാനാകും. സംസ്ഥാന സേവനങ്ങളുമായി ബന്ധപ്പെടുമ്പോൾ വ്യക്തത ഉണ്ടാകും. 

കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയുടെ രാഷ്ട്രീയ ദർശനം വ്യക്തമാണ്. ഭരണഘടനയുടെ മൂല്യങ്ങൾ സംരക്ഷിക്കുക. മതനിരപേക്ഷത കാത്തുസൂക്ഷിക്കുക. സംസ്ഥാനത്തിന്റെ വിഭവങ്ങൾ സമത്വത്തോടെ വിതരണം ചെയ്യുക. നേറ്റിവിറ്റി കാർഡ് ബിൽ ഈ മൂല്യങ്ങളുടെ ഭരണപരമായ രൂപാന്തരമാണ്. കേന്ദ്രത്തിന്റെ ഭീതിയും വിഭജനവും വളർത്തുന്ന രാഷ്ട്രീയത്തിനെതിരെ, ഉറച്ച സാമൂഹ്യനീതിയുടെ മാതൃക മുന്നോട്ടുവയ്ക്കുകയാണ്. കേരളം പലപ്പോഴും രാജ്യത്തിന് മാതൃകയായിട്ടുണ്ട്. വിദ്യാഭ്യാസത്തിൽ, ആരോഗ്യത്തിൽ, സാമൂഹ്യ വികസനത്തിൽ. ഇപ്പോൾ പൗരത്വവും തിരിച്ചറിയലും സംബന്ധിച്ച ചർച്ചകളിലും വ്യത്യസ്തമായൊരു മാതൃക നിർദേശിക്കുന്നു. നേറ്റിവിറ്റി കാർഡ് ഒരു രാഷ്ട്രീയ പ്രസ്താവനയാണ്. പൗരന്റെ അവകാശം സംരക്ഷിക്കുന്നതിനുള്ള പ്രഖ്യാപനമാണ്. മതഭേദമില്ലാതെ ഓരോ കേരളീയനും ഈ മണ്ണിന്റെ അവകാശിയാണെന്ന് നിയമപരമായി ഉറപ്പാക്കാനുള്ള ശ്രമമാണ്. ഇത് ഭയത്തിന്റെ രാഷ്ട്രീയത്തിനെതിരായ പോരാട്ടമാണ്. സമത്വത്തിന്റെ, ഉൾക്കൊള്ളലിന്റെ, ഭരണപരമായ സുതാര്യതയുടെ രാഷ്ട്രീയമാണ്. ജനാധിപത്യത്തിൽ പൗരന്, നേറ്റിവിറ്റി കാർഡ് ഒരു അംഗീകാരമാണ്. അതിനെ സംരക്ഷിക്കാൻ, ശക്തിപ്പെടുത്താൻ, ഭരണപരമായി ഉറപ്പാക്കാൻ കേരളം എടുത്ത തീരുമാനം ചരിത്രത്തിൽ രേഖപ്പെടും. ജനാധിപത്യത്തെയും മതനിരപേക്ഷതയെയും സംരക്ഷിക്കാൻ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനവും ഇടതുപക്ഷവും എന്നും മുന്നിലുണ്ടാകും. നേറ്റിവിറ്റി കാർഡ് ബിൽ അതിന്റെ പുതിയ തെളിവാണ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.