31 December 2025, Wednesday

വിപ്ലവകരമായ ഒരു നൂറ്റാണ്ട്

ഡി രാജ
December 28, 2025 4:15 am

2025 ഡിസംബർ 26ന് കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (സിപിഐ) 100 വർഷം പൂര്‍ത്തി യാക്കി. ഈ ശതാബ്ദി കേവലം ഒരു രാഷ്ട്രീയ പാർട്ടിയുടെ കാലഗണന മാത്രമല്ല, മറിച്ച് ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തെയും രാജ്യത്തിന്റെ ഭാവി വീക്ഷണത്തെയും സാമൂഹിക — സാമ്പത്തിക കാഴ്ചപ്പാടുകളെയും ആഴത്തിൽ സ്വാധീനിച്ച ഒരു പ്രസ്ഥാനത്തിന്റെ ചരിത്രപരമായ പ്രതിഫലനം കൂടിയാണ്. ചരിത്രപരമായ കാൺപൂർ സമ്മേളനത്തിന്റെ സ്വീകരണ സമിതി അധ്യക്ഷനായിരുന്ന മൗലാന ഹസ്രത്ത് മൊഹാനി ആവിഷ്കരിച്ചതും ഭഗത് സിങ്ങും സഖാക്കളും അനശ്വരമാക്കിയതുമായ “ഇങ്ക്വിലാബ് സിന്ദാബാദ്’ എന്ന വിപ്ലവകരമായ മുദ്രാവാക്യത്തിന് സിപിഐ ശബ്ദം നൽകി. പാർട്ടിയുടെ ആദ്യകാലങ്ങളിൽ തന്നെ ഇത് രാജ്യത്ത് മുഴങ്ങി. കമ്മ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകരിലൂടെ, വിപ്ലവകരമായ പരിവർത്തനത്തിനായുള്ള ആഹ്വാനം രാജ്യത്തിന്റെ എല്ലാ കോണുകളിലും എത്തി. ജനഹൃദയങ്ങളിൽ പ്രതിരോധത്തിന്റെയും പ്രതീക്ഷയുടെയും ദേശസ്നേഹത്തിന്റെയും സജീവമായ ആവിഷ്കാരമായി മാറുകയും ചെയ്തു. കൊളോണിയൽ ഭരണത്തെ നേരിട്ടുകൊണ്ടാണ് സിപിഐ ഉയർന്നുവന്നത്. ദേശീയ പ്രസ്ഥാനം നേരിട്ട ഒരു മൗലിക ചോദ്യത്തിന് ഉത്തരം നൽകാൻ അത് ശ്രമിച്ചു: “സ്വാതന്ത്ര്യം ആർക്ക് വേണ്ടിയാണ്, എന്തിനുവേണ്ടിയാണ്? “. സാമൂഹികവും സാമ്പത്തികവുമായ പരിവർത്തനമില്ലാത്ത രാഷ്ട്രീയ സ്വാതന്ത്ര്യം ജനങ്ങളെ ചൂഷണത്തിന്റെ പഴയതും പുതിയതുമായ രൂപങ്ങളിൽ കുടുക്കിയിടുമെന്ന് നൂറ്റാണ്ടിലുടനീളം സിപിഐ നിരന്തരം വാദിച്ചു. കൊളോണിയൽ മുതലാളിത്തത്തിനെതിരായ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടങ്ങളുടെ ആഴങ്ങളിലാണ് സിപിഐയുടെ ചരിത്രപരമായ വേരുകൾ കിടക്കുന്നത്. ബ്രിട്ടീഷ് സാമ്രാജ്യത്വം ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയെ വിദേശ മൂലധനത്തിന്റെ താല്പര്യങ്ങൾക്ക് പണയപ്പെടുത്തി. തദ്ദേശീയ വ്യവസായങ്ങൾ നശിപ്പിച്ചു. നടപ്പിലാക്കിയ ഭൂബന്ധങ്ങൾ ചൂഷണാത്മകമായിരുന്നു. അവ അടിച്ചേല്പിക്കുകയും ചെയ്തു. വ്യാപകമായ ദാരിദ്ര്യത്തിന് വഴിയൊരുക്കി. അതോടൊപ്പം അത് ഒരു ആധുനിക തൊഴിലാളിവർഗത്തെ സൃഷ്ടിച്ചു. പ്രത്യേകിച്ചും 1917ലെ റഷ്യൻ വിപ്ലവത്തിനുശേഷം. 

ഇന്ത്യൻ വിപ്ലവകാരികൾ ആഗോള സോഷ്യലിസ്റ്റ് ചിന്താധാരകളെ അറിയുകയും പഠിക്കുകയും സ്വയത്തമാക്കുകയും ചെയ്തു. വിദേശ രാജ്യങ്ങളിൽ നിന്നോ അന്താരാഷ്ട്ര ശൃംഖലകളിലൂടെയോ മാർക്സിസത്തെ അറിഞ്ഞ തദ്ദേശീയ പ്രവർത്തകരും വിപ്ലവകാരികളും ദേശീയ വിമോചനവും സാമൂഹിക വിമോചനവും അഭേദ്യമാണെന്ന് മനസിലാക്കി. റഷ്യൻ വിപ്ലവത്തിന് ശേഷം സോഷ്യലിസ്റ്റ് ചിന്താഗതിയുടെ ആഗോള പ്രവാഹങ്ങളുമായി ഇന്ത്യൻ വിപ്ലവകാരികൾ സമ്പർക്കം പുലർത്തി. ദേശീയ വിമോചനവും സാമൂഹിക മോചനവും വേർപെടുത്താനാവില്ലെന്ന് അവർക്ക് ബോധ്യപ്പെട്ടു. ഈ ധാരണ 1925 ഡിസംബറിൽ കാൺപൂരിൽ സാധിതമായ സിപിഐയുടെ രൂപീകരണത്തോടെ സംഘടിത രൂപം ആർജിച്ചു. പ്രധാന വ്യവസായ കേന്ദ്രമായ കാൺപൂരിൽ പാർട്ടി രൂപീകരിച്ചത് പ്രതീകാത്മകമായിരുന്നു. സാമ്രാജ്യത്വവിരുദ്ധ പോരാട്ടത്തിന്റെ കേന്ദ്രബിന്ദു തൊഴിലാളികളും കർഷകരുമായിരിക്കണം എന്ന ബോധ്യമാണ് ഇതിൽ പ്രതിഫലിപ്പിച്ചത്. മാർക്സിസ്റ്റ് സിദ്ധാന്തങ്ങൾ, ഇന്ത്യൻ യാഥാർത്ഥ്യങ്ങൾ എന്നിവ കാൺപൂരിലെ സിപിഐയുടെ രൂപീകരണത്തിൽ ആഴത്തിൽ പ്രതിഫലിച്ചിരുന്നു. മാർക്സിസ്റ്റ് സിദ്ധാന്തത്തിലും ഇന്ത്യൻ യാഥാർത്ഥ്യങ്ങളിലും വേരൂന്നിയ ഒരു വിപ്ലവ പാർട്ടി കെട്ടിപ്പടുക്കാൻ പ്രതിജ്ഞാബദ്ധരായ വിപ്ലവകാരികളെയും, ട്രേഡ് യൂണിയനിസ്റ്റുകളെയും, സാമ്രാജ്യത്വ വിരുദ്ധ പ്രവർത്തകരെയും കാൺപൂർ സമ്മേളനം ഒരുമിച്ച് ചേർത്തു. ആരംഭം മുതൽ തന്നെ സിപിഐ കടുത്ത അടിച്ചമർത്തലുകൾ നേരിട്ടു. കാൺപൂർ, പെഷവാർ, മീററ്റ് ഗൂഢാലോചന കേസുകൾ ഉപയോഗിച്ച് കമ്മ്യൂണിസ്റ്റ് പ്രവർത്തനം ക്രിമിനൽ കുറ്റമായി കൊളോണിയൽ ഭരണകൂടം പ്രഖ്യാപിച്ചു. എന്നാൽ അടിച്ചമർത്തലുകൾക്ക് പ്രസ്ഥാനത്തെ തളർത്താൻ കഴിഞ്ഞില്ല. പകരം അതിന്റെ പ്രത്യയശാസ്ത്രപരമായ വ്യക്തതയും സംഘടനാ അച്ചടക്കവും വർധിപ്പിച്ചു. ബഹുജന രാഷ്ട്രീയത്തോടുള്ള പ്രതിബദ്ധതയ്ക്ക് മൂർച്ച നൽകി. 

കൊളോണിയൽ ഭരണത്തിനെതിരായ പോരാട്ടത്തിൽ സിപിഐയുടെ പങ്ക് വിട്ടുവീഴ്ചയില്ലാത്തതും ദേശസ്നേഹത്തിൽ അധിഷ്ഠിതവുമായിരുന്നു. സാമ്രാജ്യത്വ ശക്തിയുമായി പൊരുത്തപ്പെടാൻ ശ്രമിച്ച ദേശീയതയുടെ ഇഴകളിൽ നിന്ന് വേറിട്ട് രാഷ്ട്രീയ ആധിപത്യം പുലർത്തുന്ന സാമ്പത്തിക ചൂഷണത്തിന്റെ ചട്ടുകവും സംവിധാനവുമായാണ് കമ്മ്യൂണിസ്റ്റുകൾ കൊളോണിയലിസത്തെ നോക്കിക്കണ്ടത്. ട്രേഡ് യൂണിയൻ പോരാട്ടങ്ങൾ, കർഷക പ്രസ്ഥാനങ്ങൾ, രഹസ്യ പ്രതിരോധം, പ്രത്യയശാസ്ത്ര പോരാട്ടങ്ങൾ എന്നിവയിലൂടെ അവർ ബ്രിട്ടീഷ് ഭരണത്തിനെതിരെ സമരം ചെയ്തു. അവരുടെ ദേശസ്നേഹം വരേണ്യ ചർച്ചകളിലല്ല, സാധാരണ ഇന്ത്യക്കാരുടെ ജീവിതത്തിലും പോരാട്ടങ്ങളിലുമാണ് വേരൂന്നിയിരുന്നത്. സിപിഐ ബ്രിട്ടീഷ് ഇന്ത്യക്ക് പുറത്തേക്കും കൊളോണിയൽ വിരുദ്ധ പോരാട്ടം വ്യാപിപ്പിച്ചു. പോണ്ടിച്ചേരി, കാരയ്ക്കൽ, മാഹി, യാനം, ഗോവ, ദാമൻ, ദിയു എന്നിവിടങ്ങളിലെ ഫ്രഞ്ച്, പോർച്ചുഗീസ് അധിനിവേശ ഭരണകൂടങ്ങൾക്കെതിരെ പ്രതിരോധം വളർത്തുന്നതിൽ സിപിഐ മുൻനിര പങ്ക് വഹിച്ചു. ഈ വിഷയങ്ങൾ ദേശീയ രാഷ്ട്രീയത്തിന്റെ കേന്ദ്രബിന്ദു ആകുന്നതിന് എത്രയോ കാലം മുമ്പേ കമ്മ്യൂണിസ്റ്റുകൾ ഈ പ്രദേശങ്ങളിലെ തൊഴിലാളികളെയും കർഷകരെയും സംഘടിപ്പിച്ചു. ഇന്ത്യയുടെ ഏതെങ്കിലും ഭാഗം വിദേശ ആധിപത്യത്തിൽ തുടരുന്നിടത്തോളം കാലം സ്വാതന്ത്ര്യം അപൂർണമാണെന്ന ബോധ്യത്തോടെ പാർട്ടി പ്രവർത്തിച്ചു. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഏറ്റവും മൂർത്ത സംഭാവനകളിലൊന്ന് ബഹുജന സംഘടനകൾ കെട്ടിപ്പടുക്കുന്നതായിരുന്നു. സമൂഹത്തെ അതിന്റെ എല്ലാ വൈവിധ്യങ്ങളോടും കൂടി അണിനിരത്താതെ രാഷ്ട്രീയ വിമോചനം കൈവരിക്കാൻ കഴിയില്ലെന്ന് പാർട്ടി തിരിച്ചറിഞ്ഞു. അഖിലേന്ത്യാ ട്രേഡ് യൂണിയൻ കോൺഗ്രസ്, അഖിലേന്ത്യാ കിസാൻ സഭ, അഖിലേന്ത്യാ വിദ്യാർത്ഥി ഫെഡറേഷൻ, പ്രോഗ്രസീവ് റൈറ്റേഴ്സ് അസോസിയേഷൻ, ഇന്ത്യൻ പീപ്പിൾസ് തിയേറ്റർ അസോസിയേഷൻ പോലുള്ളവയ്ക്ക് രൂപം നൽകി. സാംസ്കാരിക — എഴുത്തുകാരുടെ സംഘടനകൾ, സ്ത്രീകളുടെയും യുവാക്കളുടെയും സംഘടനകൾ തുടങ്ങിയ വേദികൾ കെട്ടിപ്പടുക്കാനും ശക്തിപ്പെടുത്താനും ബഹുജനസംഘടനകൾ സഹായിച്ചു. ഇത്തരം സംഘടനകളുടെ രൂപീകരണങ്ങളിലൂടെ തൊഴിലാളികളെയും കർഷകരെയും വിദ്യാർത്ഥികളെയും ബുദ്ധിജീവികളെയും കലാകാരന്മാരെയും പോരാട്ട വേദികൾക്ക് ചുറ്റും ഒന്നിപ്പിച്ചു. ഈ സംഘടനകൾ ദൈനംദിന സാമ്പത്തിക പരാതികളെ രാഷ്ട്രീയ ബോധമാക്കി. നീതി, സമത്വം, അന്തസ് എന്നിവയുടെ ആദർശങ്ങൾ സ്വാതന്ത്ര്യ പ്രസ്ഥാനത്തിന്റെ ഹൃത്തിലേക്ക് കൊണ്ടുവന്നു. 

കമ്മ്യൂണിസ്റ്റ് രാഷ്ട്രീയം അതിന്റെ ആഴമേറിയ വേരുകൾ നേടിയത് ബഹുജന സമരങ്ങളിലൂടെയാണ്. ഭൂമിക്കും അന്തസിനും വേണ്ടിയുള്ള ചരിത്രപരമായ പ്രസ്ഥാനങ്ങൾക്ക് സിപിഐ നേതൃത്വം നൽകി. ഫ്യൂഡൽ അടിച്ചമർത്തലിനെതിരായ തെലങ്കാന സായുധ സമരം, കർഷകരുടെ വിളവെടുപ്പിന്മേലുള്ള അവകാശങ്ങൾ ഉറപ്പിച്ച ബംഗാളിലെ തേഭാഗ പ്രസ്ഥാനം, ഭൂവുടമകൾക്കെതിരെയും സ്വേച്ഛാധിപത്യത്തിനെതിരെയും നടന്ന കേരളത്തിലെ പുന്നപ്ര — വയലാർ സമരം, തഞ്ചാവൂർ ഡെൽറ്റയിലെ കരുത്തുറ്റ ഭൂസമരങ്ങൾ എന്നിവ എണ്ണപ്പെട്ടവയാണ്. ഇത്തരം നിസ്വാർത്ഥ പോരാട്ടങ്ങളിലൂടെ കമ്മ്യൂണിസ്റ്റ് രാഷ്ട്രീയം ജനമനസുകളിൽ ആഴ്ന്നിറങ്ങി. കാൺപൂർ, മുബൈ, കൽക്കത്ത, പുതുച്ചേരി എന്നിവിടങ്ങളിൽ തൊഴിലാളികളുടെ അവകാശങ്ങൾക്കായി നടന്ന പോരാട്ടങ്ങൾ വിജയം നേടി. തൊഴിലാളികളുടെ അവകാശങ്ങളും വേതനവും അന്തസും ഉറപ്പാക്കി. സ്വാതന്ത്ര്യാനന്തരം, ഭൂമി വീണ്ടെടുക്കൽ, പുനർവിതരണം, പുനഃസംഘടന എന്നിവയ്ക്കായുള്ള പോരാട്ടങ്ങൾ ബിഹാർ, ത്രിപുര, കേരളം ഉൾപ്പെടെ സംസ്ഥാനങ്ങളിലെ കാർഷിക ബന്ധങ്ങളെ പുനർനിർമ്മിച്ചു. ഇത്തരം മുന്നേറ്റങ്ങളും പ്രസ്ഥാനങ്ങളും കേവലം ഭൗതിക ആവശ്യങ്ങൾക്കുവേണ്ടി മാത്രമായിരുന്നില്ല, മറിച്ച് നൂറ്റാണ്ടുകൾ പഴക്കമുള്ള അസമത്വങ്ങളെ ചോദ്യം ചെയ്യുന്നതിനും പീഡിതരുടെ അന്തസ് ഉയർത്തിപ്പിടിക്കുന്നതിനുമുള്ളതായിരുന്നു. സിപിഐ ദേശീയ പോരാട്ടത്തിന്റെ അജണ്ടയെ ഉൽപതിഷ്ണുതാധിഷ്ഠിതമാക്കി. ഒരു ഒത്തുതീർപ്പിനായി സമാന്തരപദവി ചർച്ച ചെയ്യപ്പെട്ടുകൊണ്ടിരുന്ന കാലത്ത്, കമ്മ്യൂണിസ്റ്റുകൾ പൂർണ സ്വാതന്ത്ര്യത്തിനായി ശബ്ദമുയർത്തി. ജനങ്ങളിൽ അതേക്കുറിച്ച് ബോധ്യമുണ്ടാക്കി. ഭരണഘടനാ അസംബ്ലി എന്ന ആവശ്യം ആദ്യമായി ഉന്നയിച്ചു. അതിനായി നിലകൊണ്ടു. ജനങ്ങൾ തെരഞ്ഞെടുക്കുന്ന ഒരു പരമാധികാര സ്ഥാപനത്തിന് മാത്രമേ ഒരു ജനാധിപത്യ ഭരണഘടന രൂപപ്പെടുത്താൻ കഴിയൂ എന്ന് വാദിച്ചു. ഈ ആവശ്യം പിന്നീട് ഇന്ത്യയുടെ സ്വാതന്ത്ര്യത്തിലേക്കുള്ള പരിവർത്തനത്തിന്റെ കേന്ദ്രമായി. ഭൂപരിഷ്കരണങ്ങൾ, തൊഴിലവകാശങ്ങൾ, സാമൂഹിക സമത്വം എന്നിവയില്ലാത്ത സ്വാതന്ത്ര്യം വിദേശ ഭരണാധികാരികളെ തദ്ദേശീയരായ വരേണ്യവർഗത്തെക്കൊണ്ട് മാറ്റിസ്ഥാപിക്കുക മാത്രമായിരിക്കുമെന്ന് പാർട്ടി ചൂണ്ടിക്കാട്ടി. ഇത്തരം സമീപനങ്ങളിലൂടെയും നിലപാടുകളിലൂടെയും ഘടനാപരമായ പരിഷ്കാരങ്ങളെ സ്വാതന്ത്ര്യ സമരത്തിന്റെ കേന്ദ്രബിന്ദുവാക്കി. കമ്മ്യൂണിസ്റ്റ് നേതൃത്വത്തിലുള്ള പ്രസ്ഥാനങ്ങളിലൂടെയാണ് ഭൂമി പുനർവിതരണം, ഭൂപ്രഭുത്വം നിർത്തലാക്കൽ, കുടിയാൻമാരുടെ സംരക്ഷണം, ട്രേഡ് യൂണിയൻ അവകാശങ്ങൾ, കുറഞ്ഞ വേതനം, സാമൂഹിക സുരക്ഷ എന്നിവ ദേശീയ അജണ്ടയിലേക്ക് കൊണ്ടുവന്നത്. ജാതിയെ ഒരു സാംസ്കാരിക അവശിഷ്ടമായിട്ടല്ല, മറിച്ച് വർഗചൂഷണവുമായി ആഴത്തിൽ ഇഴചേർന്ന ഒരു ഭൗതിക വ്യവസ്ഥയായി അംഗീകരിച്ച് വർഗരഹിതവും ജാതിരഹിതവുമായ ഒരു ഇന്ത്യയെക്കുറിച്ചുള്ള ദർശനം സിപിഐ ആവിഷ്കരിച്ചു. ജാതി അടിച്ചമർത്തലിനെ സാമ്പത്തിക ഘടനകളുമായി ബന്ധിപ്പിക്കുന്നതിലൂടെ പാർട്ടി സാമൂഹിക നീതിയുടെ അർത്ഥം വിശാലമാക്കുകയും സ്വാതന്ത്ര്യസമരത്തിന് വിശാലമായ പരിവർത്തനാത്മക ഉള്ളടക്കം നൽകുകയും ചെയ്തു. പാർട്ടി ഉന്നയിച്ച ആവശ്യങ്ങളിൽ പലതും ഭരണഘടനയിലും സ്വാതന്ത്ര്യാനന്തര നയചർച്ചകളിലും പ്രതിഫലിച്ചു. അവിടെയെല്ലാം കമ്മ്യൂണിസ്റ്റ് ഇടപെടലിന്റെ ശാശ്വത മുദ്ര പതിപ്പിച്ചു. 

(അവസാനിക്കുന്നില്ല)

Kerala State - Students Savings Scheme

TOP NEWS

December 31, 2025
December 31, 2025
December 31, 2025
December 31, 2025
December 30, 2025
December 30, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.