22 December 2024, Sunday
KSFE Galaxy Chits Banner 2

പുകയുന്ന ജമ്മു കശ്മീര്‍

പ്രത്യേക ലേഖകന്‍
July 19, 2024 4:29 am

ജൂലൈ 16ന് ജമ്മു കശ്മീരിലെ ദോഡയിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ നാല് സൈനികർ വീരമൃത്യു വരിച്ചു. സൈനിക ഓഫിസർ ഉൾപ്പെടെയുള്ളവരാണ് മരിച്ചത്. ജമ്മു കശ്മീർ പൊലീസിലെ ഉദ്യോഗസ്ഥനും പരിക്കേറ്റിരുന്നു. ഭീകരര്‍ക്കായി തിരച്ചില്‍ തുടരുന്നതിനിടെ ഇന്നലെയുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരർ കൊല്ലപ്പെടുകയും രണ്ട് സൈനികർക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ദോഡയിലെ കസ്തിഗല്‍ര്‍ ജദൻബട്ട ഗ്രാമത്തിലെ ഏറ്റുമുട്ടലില്‍ പരിക്കേറ്റ സെെനികരെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം ഹെലികോപ്റ്ററിൽ സൈനിക ആശുപത്രിയിലേക്ക് മാറ്റിയെന്നാണ് സെെന്യം അറിയിച്ചത്. കുപ്‌വാര ജില്ലയിൽ നിയന്ത്രണ രേഖയിൽ നുഴഞ്ഞുകയറ്റ ശ്രമം നടത്തിയ രണ്ട് ഭീകരരാണ് കൊല്ലപ്പെട്ടതെന്നും അധികൃതർ അറിയിച്ചു. കഴിഞ്ഞ മൂന്നാഴ്ചയ്ക്കിടെ ജമ്മു മേഖലയിൽ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ മൂന്ന് വലിയ ഏറ്റുമുട്ടലുകളാണുണ്ടായത്. വെല്ലുവിളി നിറഞ്ഞ ഭൂപ്രകൃതിയും കാലാവസ്ഥയും ഉണ്ടായിരുന്നിട്ടും നിരോധിത ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദുമായി ബന്ധമുള്ള തീവ്രവാദികളെ കണ്ടെത്തി നിർവീര്യമാക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. അതിർത്തിക്കപ്പുറത്ത് നിന്ന് നുഴഞ്ഞുകയറി വനമേഖലയിൽ അഭയം പ്രാപിച്ചതായി സംശയിക്കുന്ന ഭീകരരെ ഇല്ലാതാക്കാൻ പാരാ കമാൻഡോകളും ഡ്രോണുകളുടെയും ഹെലികോപ്റ്ററുകളുടെയും വ്യോമപിന്തുണയുമുള്‍പ്പെടെ തിരച്ചിൽ ഊർജിതമാക്കിയെന്നും സൈന്യം ഔദ്യോഗികമായി അറിയിച്ചു. അതിനിടെയാണ് ഇന്നലെ രണ്ട് സെെനികര്‍ക്ക് പരിക്കേറ്റത്.
കഴിഞ്ഞ 32 മാസത്തിനിടെ ജമ്മു കശ്മീരിൽ വീരമൃത്യു വരിച്ചത് 48 സൈനികരെന്നാണ് കണക്കുകൾ. മൂന്നാം മോഡി സർക്കാർ അധികാരത്തിലേറി 40 ദിവസം തികയുംമുമ്പ് ഭീകരാക്രമണങ്ങളിലും ഏറ്റുമുട്ടലുകളിലുമായി ജമ്മു കശ്മീരിൽ കൊല്ലപ്പെട്ടത് 35 പേരാണ്. ഇതിൽ 13 പേർ സുരക്ഷാഭടൻമാരാണ്. 13 ഭീകരരും ഒമ്പത് തദ്ദേശീയരും കൊല്ലപ്പെട്ടു. 

ആരാണിതിന് ഉത്തരവാദിയെന്നും സെെനികരുടെയും പൊതുജനങ്ങളുടെയും ജീവന് ഭരണാധികാരികള്‍ എന്തുവിലയാണ് കല്പിക്കുന്നതെന്നും ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഏതാനും മാസങ്ങളായി തദ്ദേശവാസികള്‍ ആശങ്കയിലാണെന്നും ഏതുനിമിഷവും ആക്രമിക്കപ്പെട്ടേക്കാമെന്ന ഭീതിയിലാണവരെന്നും പ്രാദേശിക രാഷ്ട്രീയ നേതാക്കള്‍ വ്യക്തമാക്കുന്നു. കശ്മീർ താഴ്‌വര കേന്ദ്രീകരിച്ചിരുന്ന തീവ്രവാദികൾ ജമ്മുവിലേക്കുകൂടി വ്യാപിപ്പിച്ചിരിക്കുന്നുവെന്ന് സമീപകാല സംഭവങ്ങള്‍ തെളിയിക്കുന്നുമുണ്ട്. ജമ്മുവിൽ ഭീകരാക്രമണങ്ങൾ വർധിച്ചുതുടങ്ങിയിട്ട് മൂന്ന് വര്‍ഷത്തോളമായി. പുതിയ മോഡി സർക്കാരിന്റെ സത്യപ്രതിജ്ഞയ്ക്കു ശേഷം അത് കൂടുതൽ തീവ്രമായി. ജൂൺ ഒമ്പതിന് മോഡിയും കൂട്ടരും സത്യപ്രതിജ്ഞ ചെയ്ത ദിവസമാണ് ജമ്മുവിലെ റിയാസിയിൽ ഭീകരർ, തീർത്ഥാടകസംഘത്തിന്റെ ബസ് ആക്രമിച്ച് ഒമ്പതുപേരെ കൊന്നത്. കഴിഞ്ഞയാഴ്ച കഠ്‌വയിൽ അഞ്ച് കരസേനാംഗങ്ങൾ വീരമൃത്യുവരിച്ചു. രാജ്യസഭയിൽ ജൂലൈ മൂന്നിന് രാഷ്ട്രപതിയുടെ അഭിസംബോധനയ്ക്കുള്ള നന്ദിപ്രമേയ ചർച്ചയിൽ പ്രധാനമന്ത്രി അവകാശപ്പെട്ടത് ജമ്മു കശ്മീരിൽ ഭീകരതയ്ക്കെതിരായ പോരാട്ടം അതിന്റെ അന്തിമഘട്ടത്തിലെത്തിയെന്നാണ്. കഴിഞ്ഞ 10 വർഷമായി മേഖലയില്‍ ഭീകരാക്രമണങ്ങൾ കുറഞ്ഞുവരികയാണെന്നും മോഡി പറഞ്ഞു. സംസ്ഥാനത്തിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതോടെ ഭീകരത അവസാനിച്ചെന്നാണ് ആഭ്യന്തര മന്ത്രി അമിത് ഷാ അവകാശപ്പെട്ടുകൊണ്ടേയിരിക്കുന്നത്. ജമ്മുവിലെ സുരക്ഷാപ്രശ്നങ്ങൾ ചർച്ച ചെയ്യാൻ പുതിയ മോഡി സര്‍ക്കാര്‍ ഇതുവരെ മൂന്ന് ഉന്നതതല യോഗങ്ങളും ചേർന്നു. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ അധ്യക്ഷതയിൽ ഇന്നലെയായിരുന്നു മൂന്നാമത്തെ സുരക്ഷാ സമിതി യോ​ഗം. ജൂൺ 13ന് പ്രധാനമന്ത്രിയുടെ അധ്യക്ഷതയിലും 17ന് ആഭ്യന്തര മന്ത്രി അമിത് ഷായുടെ അധ്യക്ഷതയിലുമായിരുന്നു മുമ്പ് യോഗങ്ങള്‍ ചേര്‍ന്നത്. എന്നാല്‍ യോഗങ്ങൾക്കു ശേഷവും ഭീകരാക്രമണങ്ങൾക്ക് ശമനമുണ്ടായില്ല. ചൈനയുമായുള്ള സംഘർഷത്തെത്തുടർന്ന് ജമ്മു മേഖലയിൽനിന്ന് വലിയതോതിൽ സൈന്യത്തെ ലഡാക്ക് അതിർത്തിയിലേക്ക് മാറ്റി വിന്യസിച്ചിരുന്നു. സൈനികരുടെ എണ്ണം കുറഞ്ഞത് ഭീകരർക്ക് അനുകൂല ഘടകമായി മാറിയെന്ന് വിദഗ്ധര്‍ പറയുന്നു. ജമ്മുവിലെ ഭൂമിശാസ്ത്ര പ്രത്യേകതകള്‍ കണക്കിലെടുത്ത് ഭീകരവിരുദ്ധ പ്രവർത്തനങ്ങൾക്ക് വ്യക്തമായ ആസൂത്രണം ആവശ്യമാണെന്നും സുരക്ഷാവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

ജമ്മു കശ്മീരിൽ സെപ്റ്റംബർ 30നു മുമ്പ് നിയമസഭാ തെരഞ്ഞെടുപ്പ് നടത്തണമെന്ന് സുപ്രീം കോടതി ഉത്തരവുണ്ട്. രാഷ്ട്രീയ പാര്‍ട്ടികള്‍ അതിനായി ഒരുങ്ങുന്നതിടെയാണ് ഭീകരാക്രമണങ്ങൾ തുടർച്ചയാകുന്നത്. കശ്മീരിന്റെ സംസ്ഥാന പദവി പുനഃസ്ഥാപിക്കാൻ ഇനിയും തയ്യാറാകാത്ത കേന്ദ്രസര്‍ക്കാര്‍, ലെഫ്റ്റനന്റ് ഗവർണറിലൂടെ കൂടുതല്‍ അധികാരങ്ങള്‍ കവര്‍ന്നെടുക്കാനുള്ള നീക്കത്തിലുമാണ്. ഉന്നത സിവിൽ, പൊലീസ് ഉദ്യോഗസ്ഥരുടെ നിയമന‑സ്ഥലംമാറ്റങ്ങളിൽ ഗവർണർക്ക് കൂടുതല്‍ അധികാരം നൽകുന്ന പുതിയ നിയമഭേദഗതി ഇതിന്റെ ഒടുവിലെ ഉദാഹരണമാണ്. തെരഞ്ഞെടുപ്പിനുമുമ്പായി പരമാവധി അധികാരങ്ങൾ കെെപ്പിടിയിലാക്കാന്‍ ശ്രമിക്കുന്നതിനിടെ സെെന്യത്തിന്റെയും ജനങ്ങളുടെയും ജീവനും സുരക്ഷയും നിസംഗതയോടെയാണ് മോഡി സര്‍ക്കാര്‍ കാണുന്നതെന്നാണ് സമീപകാല സംഭവങ്ങള്‍ തെളിയിക്കുന്നത്. അന്താരാഷ്ട്ര അതിർത്തിയിലൂടെ പാകിസ്ഥാനിൽനിന്ന് നുഴഞ്ഞുകയറിയ ഭീകരരാണ് ആക്രമണങ്ങൾക്ക് പിന്നിലെന്നാണ് ഇന്റലിജൻസ് റിപ്പോർട്ടുകളിലുള്ളത്. അതുകൊണ്ട് ഭീകരവിരുദ്ധ പ്രവർത്തനങ്ങൾക്ക് കൃത്യമായ ആസൂത്രണം ആവശ്യമാണ്. അധികാരം മാത്രം ലക്ഷ്യമാക്കാതെ ജനങ്ങളുടെയും സെെന്യത്തിന്റെയും അതുവഴി രാജ്യത്തിന്റെയും സുരക്ഷയ്ക്കാവണം ഭരണകൂടം പ്രഥമപരിഗണന നല്‍കേണ്ടത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.