
കേരളത്തിൽ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം കെട്ടിപ്പടുത്ത പ്രമുഖ ശില്പികളിലൊരാളായ സഖാവ് എസ് കുമാരന്റെ മുപ്പത്തിനാലാമത് ചരമവാർഷികമാണ് ഇന്ന്. അതുല്യനായ സംഘാടകനായിരുന്നു സഖാവ് എസ്. 1952 മുതൽ തിരുകൊച്ചി പാർട്ടിയിലും 1956 മുതൽ കേരള സംസ്ഥാനക്കമ്മിറ്റിയിലും പാർട്ടി സംഘടനയുടെ നേതൃപരമായ ചുമതല വഹിച്ചിരുന്നത് സ. എസ് കുമാരനായിരുന്നു. സഖാക്കൾ എം എൻ ഗോവിന്ദൻ നായർ, സി അച്യുത മേനോൻ, ഇ എം എസ് നമ്പൂതിരിപ്പാട് എന്നിവർ സംസ്ഥാന കൗൺസിലിന്റെ സെക്രട്ടറി സ്ഥാനം വഹിച്ചിരുന്ന കാലയളവിലൊക്കെ സംഘടനാ ചുമതലയുള്ള അസിസ്റ്റന്റ് സെക്രട്ടറിയോ ജോയിന്റ് സെക്രട്ടറിയോ ആയി സംസ്ഥാന നേതൃത്വത്തിൽ എസ് ഉണ്ടായിരുന്നു. 1964ലെ ഭിന്നിപ്പിന്റെ നാളുകളിൽ പാർട്ടിയുടെ കരുത്ത് വീണ്ടെടുക്കാനും ജനകീയാടിത്തറ ഉറപ്പിക്കാനും ഏറ്റവുമധികം പ്രയത്നിച്ച സഖാവായിരുന്നു എസ്. പുരോഗമന രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ ഈറ്റില്ലമായിരുന്ന ആലപ്പുഴയിലെ ആര്യാട്ടിൽ 1923ലാണ് ഒരു തൊഴിലാളി കുടുംബത്തിൽ എസ് കുമാരൻ ജനിച്ചത്. ആര്യാട്ടെ സന്മാർഗ പ്രദായിനി സ്കൂളിൽ നാലാം ക്ലാസ്സ് കഴിഞ്ഞപ്പോൾ ഔപചാരിക വിദ്യാഭ്യാസം അവസാനിച്ചു. പിന്നെ മൂന്നുവർഷത്തോളം സംസ്കൃതവും ഇംഗ്ലീഷും പഠിച്ചു. പതിനഞ്ചാം വയസിൽ ജോലിക്കു കയറിയ കുമാരൻ ആദ്യം എമ്പയർ കയർ ഫാക്ടറിയിലും പിന്നീട് വില്യം ഗുഡേക്കറിലും തൊഴിലാളിയായിരുന്നു. വായനശാലാ പ്രവർത്തനമുൾപ്പെടെയുള്ള എല്ലാ പൊതുകാര്യങ്ങളിലും മുന്നിട്ടിറങ്ങി. അന്ന് തൊഴിലാളി യൂണിയനിൽ ചേരാനുള്ള പ്രായം തികയാതിരുന്നതുകൊണ്ട് തൊഴിലാളി ബാലജനസഖ്യത്തിലാണ് ആദ്യം അംഗമായത്. ലേബർ അസോസിയേഷന്റെ നേതാക്കളായ ആർ സുഗതൻ, പി കെ കുഞ്ഞ്, പി എൻ കൃഷ്ണപിള്ള തുടങ്ങിയവർ അറസ്റ്റ് ചെയ്യപ്പെട്ടപ്പോൾ പണിമുടക്കും ഹർത്താലും സംഘടിപ്പിക്കാൻ മുന്നിട്ടിറങ്ങിയ തൊഴിലാളി പ്രവർത്തകരുടെ മുൻനിരയിൽ എസും ഉണ്ടായിരുന്നു. 30,000 തൊഴിലാളികൾ പങ്കെടുത്ത ആ പണിമുടക്ക് എസിന്റെ ജീവിതത്തിലെ വഴിത്തിരിവായി മാറി. അന്നത്തെ പൊലീസ് മർദനത്തിൽ ബാവ എന്ന തൊഴിലാളി കൊല്ലപ്പെട്ടതിനെ തുടർന്ന് നിരോധനാജ്ഞ ലംഘിച്ച് എസും സി ജെ മാത്യു, ഓ ജെ ജോസഫ്, കെ കെ കുഞ്ഞൻ തുടങ്ങിയ സഖാക്കളും ചേർന്ന് പ്രതിഷേധ യോഗം സംഘടിപ്പിച്ചു. അങ്ങനെയാണ് യൂണിയന്റെ നേതൃത്വത്തിലേക്ക് എസ് എത്തുന്നത്. എസ് കുമാരനും സഹോദരൻ എസ് ദാമോദരനും അപ്പോഴേക്കും കമ്മ്യൂണിസ്റ്റ് പാർട്ടിയിലേക്ക് ആകർഷിക്കപ്പെട്ടു കഴിഞ്ഞിരുന്നു. അവരുടെ വീട് പാർട്ടിയുടെ പ്രവർത്തനകേന്ദ്രമായി. പി കൃഷ്ണപിള്ളയെ പരിചയപ്പെടുന്നത് ആ നാളുകളിലാണ്. ആലപ്പുഴയിൽ ആദ്യമുണ്ടാകുന്നത് കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടിയുടെ ഗ്രൂപ്പാണ്. തുടർന്ന് 1939ൽ എസ് കൂടി അംഗമായ ആദ്യത്തെ കമ്മ്യൂണിസ്റ്റ് സെൽ രൂപം കൊണ്ടു. തുടക്കത്തിൽ സെൽ സെക്രട്ടറി യായിരുന്ന എസ് പിന്നീട് ഫർക്കാ കമ്മിറ്റിയുടെയും തുടർന്ന് താലൂക്ക് കമ്മിറ്റിയുടെയും സെക്രട്ടറിയായി. ഒരു മുഴുവൻ സമയ കമ്മ്യൂണിസ്റ്റുകാരനായി മാറിയതിനു ശേഷം എസ് വായനയ്ക്കും പഠനത്തിനും ഏറെ മുൻഗണന നൽകി. ജനകീയ യുദ്ധ നയത്തിന്റെ ആ നാളുകളിൽ തൊഴിലാളികൾക്കിടയിൽ ആശയപ്രചാരണം നടത്തുന്നതിനായി സ്വയം സജ്ജമാക്കാൻ കൂടി യായിരുന്നു അത്.
പുന്നപ്ര വയലാർ എന്ന ഐതിഹാസിക കലാപത്തിൽ എസ് വഹിച്ചത് നിർണായകമായ പങ്കാണ്. അമ്പലപ്പുഴ താലൂക്കിലെ സംഘടനാ പ്രവർത്തനങ്ങളുടെ ചുമതല പാർട്ടിയേല്പിച്ചത് എസിനെയായിരുന്നു. എസിന്റെ വീടായിരുന്നു സമരത്തിന്റെ പ്രവർത്തനകേന്ദ്രങ്ങളിലൊന്ന്. കെ സി ജോർജ്, സി ജി സദാശിവൻ, കെ വി പത്രോസ് തുടങ്ങിയവരോടൊപ്പം ഒളിവിലിരുന്നുകൊണ്ട് എസ് സമര പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ചു. പുന്നപ്ര വയലാർ സമരത്തിനുശേഷം സഖാക്കൾ എംഎനും, എസും, സോളമനാശാനും കൊട്ടാരക്കര കേന്ദ്രമാക്കി പുതിയ പദ്ധതികൾക്ക് രൂപം നൽകി. വെട്ടിക്കവലയിൽ സംസ്ഥാനത്തൊട്ടാകെയുള്ള പാർട്ടി പ്രവർത്തകരുടെ ഒരു യോഗം വിളിച്ചുകൂട്ടി പാർട്ടിയെ വീണ്ടും പ്രവർത്തന സജ്ജമാക്കി. എംഎൻ വൈകാതെ അറസ്റ്റു ചെയ്യപ്പെട്ടതോടെ ആലപ്പുഴയിലേക്ക് മടങ്ങിയ എസ്, തകർന്നുപോയ പാർട്ടിയെ കെട്ടിപ്പടുക്കാനുള്ള ചുമതലയേറ്റെടുത്തു. അദ്ദേഹം സ്വാഗതസംഘം സെക്രട്ടറിയായി ആലപ്പുഴയിൽ ചേർന്ന പാർട്ടി സമ്മേളനം കെ സി ജോർജ് പ്രസിഡന്റും പി ടി പുന്നൂസ് സെക്രട്ടറിയുമായി 36 പേരടങ്ങിയ തിരുവിതാംകൂർ സംസ്ഥാന കമ്മിറ്റിയെ തെരഞ്ഞെടുത്തു. 1948ൽ ടി വി തോമസും പി ടി പുന്നൂസും കെ ആർ ഗൗരിയുമടക്കമുള്ള സ്ഥാനാർത്ഥികളെ അണിനിരത്തിക്കൊണ്ട് കമ്മ്യൂണിസ്റ്റ് പാർട്ടി തെരഞ്ഞെടുപ്പിനെ നേരിട്ടപ്പോൾ എസ് സജീവമായി രംഗത്തുണ്ടായിരുന്നു. കൽക്കത്താ തിസീസിന്റെ നാളുകളിൽ സി കെ കുമാരപ്പണിക്കർ, കെ വി പത്രോസ്, കെ കെ കുഞ്ഞൻ, എസ് കുമാരൻ എന്നിവരടങ്ങിയ ഏരിയാ കമ്മിറ്റി വിപ്ലവപ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു. ആലപ്പുഴ നോർത്ത് പോലീസ് സ്റ്റേഷന് മുന്നിലേക്ക് എസിന്റെ നേതൃത്വത്തിൽ നടന്ന പന്തംകൊളുത്തി പ്രകടനത്തിന്റെ നേർക്ക് വെടിവയ്പുണ്ടായി. ഒരു സഖാവ് രക്തസാക്ഷിയായി. ഒളിവിൽപ്പോയ എസും കുമാരപ്പണിക്കരും അറസ്റ്റ് ചെയ്യപ്പെട്ടു. 1951ൽ ജയിൽമോചിതനായ എസ് കൽക്കട്ടയിൽ വച്ച് രഹസ്യമായി നടന്ന ട്രേഡ് യൂണിയൻ സമ്മേളനത്തിലും ഡാങ്കേ വിളിച്ചുകൂട്ടിയ സമ്മേളനത്തിലും പങ്കെടുത്തു.
ആദ്യത്തെ പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി ആലപ്പുഴയിൽ നടന്ന കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സംസ്ഥാന കൺവെൻഷന്റെ പ്രിപ്പറേറ്ററി കമ്മിറ്റി സെക്രട്ടറി എസ് കുമാരനായിരുന്നു. സമ്മേളനം നടന്ന ഭഗവതിവിലാസം തീയേറ്റർ വളഞ്ഞ പൊലിസ് എല്ലാവരെയും അറസ്റ്റു ചെയ്തു. വീണ്ടും എട്ടുമാസക്കാലത്തെ ജയിൽ വാസം. 1951ൽ പാർലമെന്റിലേക്കും തിരുകൊച്ചി നിയമസഭയിലേക്കുമുള്ള തെരഞ്ഞെടുപ്പിൽ വലിയ വിജയം നേടിയ കമ്മ്യൂണിസ്റ്റ് പാർട്ടി അതിവേഗം വളരുന്ന കാഴ്ചയാണ് പിന്നീട് കേരളം കണ്ടത്. എംഎൻ സെക്രട്ടറിയായ തിരുകൊച്ചി കമ്മിറ്റിയുടെ അസിസ്റ്റന്റ് സെക്രട്ടറിയായിരുന്നു എസ്. ആർഎസ്‌പി, കെഎസ്‌പി എന്നീ പാർട്ടികളുമായി കമ്മ്യൂണിസ്റ്റ് പാർട്ടിയുണ്ടാക്കിയ ഐക്യമുന്നണിയുടെ ഏകോപന സമിതിയിൽ എംഎൻ, ടിവി എന്നിവരോടൊപ്പം അംഗമായിരുന്ന എസ്, അന്നത്തെ രാഷ്ട്രീയചർച്ചകളിലൊക്കെ പ്രധാന പങ്കുവഹിച്ചു. 1956ൽ തൃശൂരിൽ വച്ച് രൂപീകരിക്കപ്പെട്ട ആദ്യത്തെ കേരള സംസ്ഥാന കമ്മിറ്റിയുടെ അസിസ്റ്റന്റ് സെക്രട്ടറിയായ എസ്, 1958ലെ അമൃത്‌സർ പാർട്ടി കോൺഗ്രസിൽ വച്ച് ദേശീയ കൗൺസിലിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.
വിമോചന സമരത്തിനു ശേഷം നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ടി വി തോമസും കെ സി ജോർജും ഉൾപ്പെടെ അതികായരൊക്കെ പരാജയപ്പെട്ടപ്പോൾ മാരാരിക്കുളം മണ്ഡലത്തിൽ നിന്ന് വിജയിച്ച എസ് കുമാരൻ, ഇഎംഎസ്, അച്യുതമേനോൻ, കെ ആർ ഗൗരിയമ്മ, വി ആർ കൃഷ്ണയ്യർ, ആർ സുഗതൻ, എന്‍ ഇ ബാലറാം, വെളിയം ഭാർഗവൻ തുടങ്ങിയവരോടൊപ്പം പ്രതിപക്ഷത്തെ മുന്നണിപ്പോരാളിയായി.
1963ൽ ചൈനീസ് ആക്രമണത്തെ തുടർന്ന് പാർട്ടി സെക്രട്ടറി അച്യുതമേനോൻ അറസ്റ്റ് ചെയ്യപ്പെട്ടപ്പോൾ എസ് ആക്ടിങ് സെക്രട്ടറിയായി. പാർട്ടിയിലെ ഭിന്നിപ്പിനുശേഷം നടന്ന തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടെങ്കിലും തളരാതെ, പിളർപ്പിന്റെ ആഘാതത്തിൽ നിന്ന് പാർട്ടിയെ കരകയറ്റാനുള്ള അക്ഷീണ പ്രയത്നത്തിലായിരുന്നു സഖാവ്. 1968ൽ സംസ്ഥാന സെക്രട്ടറിയായിരുന്ന അച്യുതമേനോൻ കേന്ദ്ര സെക്രട്ടറിയേറ്റിലെ അംഗമെന്ന ചുമതലയേറ്റെടുത്തുകൊണ്ട് ഡൽഹിയിലേക്ക് പ്രവർത്തനരംഗം മാറ്റിയപ്പോൾ എസ് കുമാരനെ സെക്രട്ടറി സ്ഥാനത്തേക്ക് ഏകകണ്ഠമായി തെരഞ്ഞെടുത്തതിന്റെ പ്രധാന കാരണം അദ്ദേഹത്തിന്റെ പാർട്ടി സംഘടനാരംഗത്തെ ഈ അനുഭവസമ്പത്തും സംഘാടക പാടവവുമായിരുന്നു.
അച്യുതമേനോൻ മന്ത്രിസഭയുടെ രൂപീകരണമുൾപ്പെടെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ചരിത്രത്തിലെ ഏറ്റവും നിർണായകമായ രാഷ്ട്രീയ തീരുമാനങ്ങൾ കൈക്കൊണ്ട ആ നാളുകളിൽ സഖാക്കൾ എംഎൻ, ടിവി, എസ് എന്നിവരാണ് ഒരേ മനസോടെയും നിശ്ചയദാർഢ്യത്തോടെയും അതിന്റെയെല്ലാം പിന്നിൽ നിലകൊണ്ടത്. 1970ൽ എസ് രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതോടെ പ്രവർത്തനരംഗം ഡൽഹിയിലേക്ക് മാറി. വൈകാതെ കേന്ദ്ര സെക്രട്ടറിയേറ്റിൽ അംഗമായി.
1971ൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഒമ്പതാം കോൺഗ്രസ് കൊച്ചിയിൽ നടന്നപ്പോഴാണ് എസിന്റെ സംഘാടക സാമർത്ഥ്യം വീണ്ടും സഖാക്കൾ കണ്ടത്. സ്വാഗത സംഘത്തിന്റെ അധ്യക്ഷനും ജനറൽ സെക്രട്ടറിയുമായിരുന്ന എംഎന്റെയും എസ് കുമാരന്റെയും നേതൃത്വത്തിൽ കേരളത്തിലെ സഖാക്കൾ ആ പാർട്ടി കോൺഗ്രസിനെ അതിഗംഭീര വിജയമാക്കി മാറ്റി. ഇന്ത്യയിലെ രണ്ടാമത്തെ രാഷ്ട്രീയകക്ഷി എന്ന നിലയിലേക്കുള്ള കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ വളർച്ചയും കരുത്തും വിളിച്ചറിയിക്കുന്നതായിരുന്നു കൊച്ചി പാർട്ടി കോൺഗ്രസ്. 1975ൽ വിജയവാഡയിൽ ചേർന്ന 10-ാം കോൺഗ്രസിന് മുന്നോടിയായി കൊല്ലത്ത് നടന്ന സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്തത് എസ് കുമാരനായിരുന്നു. ഭൂപേശ് ഗുപ്ത, ഹിരൺ മുഖർജി, ഇന്ദ്രജിത് ഗുപ്ത, സി കെ ചന്ദ്രപ്പൻ തുടങ്ങിയ പ്രഗത്ഭർ പാർലമെന്റിൽ നിറഞ്ഞുനിന്ന നാളുകളിലാണ് എസ് രാജ്യസഭയിൽ അംഗമായിരുന്നത്. സിപിഐയുടെ ശബ്ദം ഉച്ചത്തിൽ മുഴങ്ങിക്കേട്ടിരുന്ന ആ സഭയിൽ എസ് തന്റെ പല ഇടപെടലുകൾ കൊണ്ടും പ്രസംഗങ്ങൾ കൊണ്ടും ശ്രദ്ധേയനായി. പ്രാഥമിക വിദ്യാഭ്യാസം മാത്രമുണ്ടായിരുന്ന സഖാവ് പാർലമെന്റിൽ ഇംഗ്ലീഷിൽ സാമാന്യം ഭംഗിയായിത്തന്നെ കാര്യങ്ങൾ അവതരിപ്പിക്കുമായിരുന്നു. ആ നാളുകളിൽ കേരളത്തിൽ നിന്ന് ഡൽഹിയിൽ എത്തുന്ന എല്ലാവരുടെയും പ്രധാന ആതിഥേയർ എസും കുടുംബവുമായിരുന്നു. ഈയിടെ അന്തരിച്ച അദ്ദേഹത്തിന്റെ ജീവിത പങ്കാളി ശാന്താംബിക, ഞാനുൾപ്പെടെ എത്രയോ സഖാക്കൾക്കാണ് വച്ചുവിളമ്പി തന്നിട്ടുള്ളത്.
എസ് കേന്ദ്ര സെക്രട്ടറിയേറ്റിൽ അംഗമായിരുന്ന 1971 — 78 കാലത്ത് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നയങ്ങൾക്കും നിലപാടുകൾക്കും അന്തർദേശീയ തലത്തിൽ ഏറെ പ്രാധാന്യം കല്പിക്കപ്പെട്ടിരുന്നു. സോവിയറ്റ് യൂണിയനിലും മറ്റ് സോഷ്യലിസ്റ്റ് രാജ്യങ്ങളിലും എസ് നിരവധി തവണ സന്ദർശനം നടത്തി. രണ്ടു ടേമുകളിലായി രാജ്യസഭയിലെ കാലാവധി പൂർത്തിയാക്കിയതിനുശേഷം നാട്ടിലേക്ക് മടങ്ങിയ എസ്, കേരളത്തിലെ പാർട്ടിയുടെ മാർഗദർശിയായി തുടർന്നുപോരുകയായിരുന്നു. എസ് കുമാരൻ ഒരിക്കലും ഒരു പ്രത്യയശാസ്ത്ര പണ്ഡിതനായിരുന്നില്ല. കമ്മ്യൂണിസ്റ്റ് ബോധത്തിൽ അടിയുറച്ച പ്രായോഗിക സമീപനമായിരുന്നു അദ്ദേഹത്തിന്റേത്. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ജനകീയാടിത്തറ ശക്തിപ്പെടുത്തുന്നതിനും വിപുലമാക്കുന്നതിനുമാണ് എസ് എന്നും പരിശ്രമിച്ചു പോന്നിരുന്നത്. ജനകീയ പ്രക്ഷോഭങ്ങളെയും തൊഴിൽ സമരങ്ങളെയും പോലെ തന്നെ സാംസ്കാരിക രംഗത്തെ പ്രവർത്തനങ്ങൾക്കും എസ് പ്രാധാന്യം നൽകി. ദീർഘകാലം പാർട്ടിക്കുള്ളിൽ കെപിഎസിയുടെയും ജനയുഗത്തിന്റെയും ചുമതല വഹിച്ചിരുന്നത് എസ് കുമാരനായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.