അതുൽ കുമാർ അഞ്ജാൻ- ആ പേരിന് തന്നെ എന്തൊരു ഗാംഭീര്യമാണ്! പേര് പോലെ അതുല്യവും, അനന്യവുമായിരുന്നു അദ്ദേഹത്തിന്റെ വ്യക്തിത്വവും. ‘നിർഭയനായ ഒരു കമ്മ്യൂണിസ്റ്റ് പോരാളി വിടപറഞ്ഞു’ എന്ന് ഇന്നലത്തെ പത്രങ്ങൾ എഴുതിയതുപോലെ, അതുൽ കുമാർ അഞ്ജാൻ അക്ഷരാർത്ഥത്തിൽ ഒരപൂർവതയായിരുന്നു.
ദേശീയ സ്വാതന്ത്ര്യസമരത്തിന്റെ സമ്പന്നമായ പൈതൃകമുള്ള ഒരു കുടുംബത്തിൽ ജനിച്ച, വിദ്യാർത്ഥി രാഷ്ട്രീയത്തിൽ നിന്നാരംഭിച്ച് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ദേശീയ സെക്രട്ടേറിയറ്റ് അംഗത്വം വരെ എത്തിച്ചേർന്ന സുദീർഘമായ രാഷ്ട്രീയ പ്രവർത്തന പശ്ചാത്തലമുള്ള അതുൽദാ എഴുപതാമത്തെ വയസിൽ വിട്ടുപിരിയുന്നത് നമ്മളോരോരുത്തരിലും തീവ്രമായ നൊമ്പരമുണ്ടാക്കിക്കൊണ്ടാണ്. ഇനിയും ഏറെക്കാലം അദ്ദേഹത്തിന്റെ സൗമ്യവും ധീരവുമായ സാന്നിധ്യം അനുഭവിക്കാൻ കഴിഞ്ഞിരുന്നുവെങ്കിൽ എന്ന് വെറുതെ ആഗ്രഹിച്ചുപോകുന്ന നിമിഷങ്ങളിൽക്കൂടിയാണ് അദ്ദേഹത്തെ അടുത്തറിയാവുന്ന സഖാക്കൾ കടന്നുപോകുന്നത്.
അതുൽദായെ അവസാനമായി കാണാനായി സഖാവ് ഡി രാജ അടക്കമുള്ള ഒരു സംഘം പാർട്ടി നേതാക്കളോടൊപ്പമാണ് ഞാൻ പോയത്. അദ്ദേഹത്തെ യാത്രയാക്കിയശേഷം, ലഖ്നൗവിലെ പാർട്ടി ഓഫിസിൽ നിന്നും തിരികെ മടങ്ങുമ്പോൾ ഞാൻ ഒറ്റക്കായിരുന്നു. മനസിലേക്ക് ഒരായിരം ഓർമ്മകൾ ഇരമ്പിക്കയറിവന്നു. ലഖ്നൗ എയർപോർട്ടിൽ ഇരുന്ന് ഈ വരികൾ കുറിക്കുമ്പോഴും സ്നേഹാർദ്രമായ ഒട്ടനവധി സന്ദർഭങ്ങൾ മനസിനെ കുത്തിനോവിച്ചുകൊണ്ടേയിരുന്നു. കമ്മ്യൂണിസ്റ്റ് പാർട്ടിയോടും, സഹപ്രവർത്തകരോടും, പിൻഗാമികളോടും അനിതരസാധാരണമായ ഹൃദയബന്ധമുള്ള ഒരാൾക്ക് മാത്രം സാധിക്കുന്ന തരത്തിൽ അദ്ദേഹം ഞങ്ങളെ സ്നേഹിക്കുകയും ശാസിക്കുകയും പിന്തുണക്കുകയും ചെയ്തിരുന്നു.
എഐഎസ്എഫിന്റെ ഏറ്റവും ശക്തവും ദീപ്തവുമായ ഒരു കാലഘട്ടത്തിന്റെ കാല്പനികമായ സ്മരണയാണ് സഖാവ് അതുൽ കുമാർ അഞ്ജാൻ. ഒരു വിദ്യാർത്ഥി നേതാവെന്ന നിലയിൽ ഇന്ത്യയിലെ കാമ്പസുകളുടെ ശ്രദ്ധ ആകർഷിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. തുടർച്ചയായി നാലു തവണ ലഖ്നൗ യൂണിവേഴ്സിറ്റി വിദ്യാർത്ഥി യൂണിയൻ പ്രസിഡന്റായിരുന്ന അഞ്ജാൻ എഴുപതുകളിലെയും എണ്‍പതുകളിലെയും ഒട്ടുമിക്ക വിദ്യാർത്ഥി-യുവജന സമരങ്ങളുടെയും മുൻനിരയിൽ ഉണ്ടായിരുന്നു. സമരങ്ങളുടെ ഭാഗമായി അദ്ദേഹം പല തവണ ജയിൽവാസമനുഭവിക്കുകയും ചെയ്തു.
അതുൽ കുമാർ അഞ്ജാൻ എഐഎസ്എഫ് സൃഷ്ടിച്ച എക്കാലത്തെയും സമാനതകളില്ലാത്ത ബഹുഭാഷാ പ്രാസംഗികരിൽ ഒരാളായിരുന്നു. അന്നും ഇന്നും അദ്ദേഹത്തെ വെല്ലുന്ന മറ്റൊരു പ്രാസംഗികൻ പാർട്ടിക്കകത്ത് ഉണ്ടായിട്ടുണ്ടോ എന്ന് സംശയമാണ്. നേരിന്റെ ആർജവവും, പോരാട്ടവീര്യവും നിറഞ്ഞുനിന്ന അദ്ദേഹത്തിന്റെ വാക്കുകൾ സാഗരഗർജനം പോലെ വടക്കേയിന്ത്യയിൽ മുഴുവൻ അലയടിച്ച ഒരു കാലമുണ്ടായിരുന്നു.
എഐവൈഎഫിന്റെ അമ്പതാം വാർഷികാഘോഷം ഉദ്ഘാടനം ചെയ്തത് സഖാവ് അതുൽ കുമാർ അഞ്ജാൻ ആയിരുന്നു. അന്നത്തെ എഐവൈഎഫിന്റെ അധ്യക്ഷനെന്ന നിലയിൽ ഞാനായിരുന്നു അധ്യക്ഷപ്രസംഗം നടത്തിയത്. അന്ന്, ഹിന്ദിയിൽ പ്രസംഗിക്കുമ്പോൾ, അതുൽദായെ വിശേഷിപ്പിക്കാൻ ഞാൻ ‘രോമാഞ്ചക് സാഥി’ എന്ന വാക്ക് ഉപയോഗിച്ചിരുന്നു. വാസ്തവത്തിൽ അങ്ങനെയൊരു വാക്ക് ഹിന്ദി ഭാഷയിൽ ഉണ്ടോ എന്നുപോലും എനിക്ക് ഉറപ്പില്ലാഞ്ഞിട്ടും, വിദ്യാർത്ഥി-യുവജനപ്രസ്ഥാനത്തിന് എന്നും ആവേശവും രോമാഞ്ചവുമായിരുന്ന അദ്ദേഹത്തെ അങ്ങനെ അറിയാതെ വിളിച്ചുപോവുകയായിരുന്നു. ഉദ്ഘാടനപ്രസംഗം നടത്തവെ, ആദ്യമായിട്ടാണ് ‘രോമാഞ്ചക് സാഥി’ എന്ന് ഒരാൾ തന്നെ വിശേഷിപ്പിക്കുന്നത് എന്ന് അദ്ദേഹം സന്തോഷത്തോടെ പറയുകയുണ്ടായി.
ഏത് വേദിയിലായാലും, പ്രക്ഷോഭത്തിലായാലും അതുൽ കുമാർ അഞ്ജാന്റെ സാന്നിധ്യം അസാധാരണമാം വിധം നിറഞ്ഞുനിൽക്കുമായിരുന്നു. ഒരിടത്തും അദ്ദേഹം തല താഴ്ത്തിയില്ല. ശരീരഭാഷയ്ക്ക് സമൂഹത്തിലും രാഷ്ട്രീയത്തിലും വ്യക്തമായ സ്ഥാനമുണ്ടെന്ന് ഉറച്ചു വിശ്വസിച്ച ഒരാളായിരുന്നു അദ്ദേഹം. പകരം വയ്ക്കാനില്ലാത്ത ആ സാന്നിധ്യം അദ്ദേഹം സംഘടനയെ പ്രതിനിധീകരിക്കുന്ന ഇടങ്ങളിലെല്ലാം തുടിച്ചു നിന്നു. ഒറ്റയ്ക്കൊരു പ്രസ്ഥാനമായി. ‘എവിടെ നിർഭയമാകുന്നു മാനസം, എവിടെ നിൽക്കുന്നു ശീർഷം സമുന്നതം’ എന്ന ടാഗോറിന്റെ പ്രശസ്തമായ വരികൾ ആണ് പലപ്പോഴും അദ്ദേഹത്തിന്റെ സാന്നിധ്യം ഓർമ്മിപ്പിക്കാറുള്ളത്.
ഞാൻ അദ്ദേഹത്തിന്റെ കൂടെ യുപിയിലും, ഝാർഖണ്ഡിലും, ബിഹാറിലും ഒക്കെ പൊതുയോഗങ്ങളിൽ പങ്കെടുത്തിട്ടുണ്ട്. അവിടെയൊക്കെയും, സദസിനെ ഇളക്കിമറിക്കുന്ന ആ മാസ്മരികസാന്നിധ്യം അത്ഭുതത്തോടെയാണ് വീക്ഷിക്കാറുള്ളത്. നേരത്തെ സൂചിപ്പിച്ചതുപോലെ പ്രസംഗവേദിയിൽ അദ്ദേഹം സൃഷ്ടിക്കുന്ന സ്ഫടികശുദ്ധിയുള്ള വാക്കുകളുടെ മഹാപ്രവാഹം വിശേഷണങ്ങൾക്ക് അതീതമാണ്. പിന്നീട് പാർട്ടിയിൽ ആഘോഷിക്കപ്പെടുകയും, പാതിവഴിയിൽ ഉപേക്ഷിച്ചുപോവുകയും ചെയ്ത പലരെക്കാളും എത്രയോ ഉയരങ്ങളിലായിരുന്നു അദ്ദേഹത്തിന്റെ മൊഴിയാഴം.
തിരുവനന്തപുരത്ത് വച്ച് നടന്ന സിപിഐയുടെ സംസ്ഥാന സമ്മേളനത്തിൽ അദ്ദേഹം നടത്തിയ രാഷ്ട്രീയപ്രസംഗം ഉള്ളടക്കം കൊണ്ടും ഭാഷാസൗന്ദര്യം കൊണ്ടും അനുപമവും ചേതോഹരവും ആയിരുന്നു. ആ സമ്മേളനത്തിൽ പങ്കെടുത്ത ഒരാളും ആ പ്രസംഗം മറക്കാനിടയില്ല. തീയിൽ ഉരുക്കി, തിളവെയിലിൽ നടന്നു തീർത്ത കൗമാര‑യൗവനങ്ങളിലെ സംഘടനാ പ്രവർത്തനത്തിന്റെ ഉശിര് എപ്പോഴും അദ്ദേഹത്തിന്റെ വാക്കുകളിൽ തുളുമ്പി. പക്ഷേ, സമൂഹമാധ്യമങ്ങളുടെ തിരയിളക്കത്തിന്റെ കാലമല്ലാത്തത് കൊണ്ട് അദ്ദേഹത്തിന്റെ പ്രസംഗങ്ങൾ ഏറെ ആഘോഷിക്കപ്പെട്ടില്ല. കേരളത്തിൽ പലയിടങ്ങളിലും ആ പ്രസംഗങ്ങൾ മനോഹരമായി പരിഭാഷപ്പെടുത്തിയിരുന്നത് അബ്ദുൾ ഗഫൂറും അജയ കുമാറുമൊക്കെ ആയിരുന്നു.
രാഷ്ട്രീയത്തിന് അതീതമായ വിപുലമായ സൗഹൃദബന്ധങ്ങൾ ഇന്ത്യക്ക് അകത്തും പുറത്തും അദ്ദേഹത്തിന് ഉണ്ടായിരുന്നു. ഒരിക്കലും പാർലമെന്റ് അംഗമല്ലാതിരുന്നിട്ടും, അദ്ദേഹത്തിന് ഇന്ത്യൻ പാർലമെന്റിൽ ഏറെ ആരാധകരുണ്ട്. രാജ്യസഭാ ഉപാധ്യക്ഷൻ ഹരിവംശ് മുതൽ ലോക്‌സഭാംഗം അബ്ദുൽ സമദ് സമദാനി വരെയുള്ള വിവിധ പാർട്ടി നേതാക്കളുമായി സംസാരിക്കുമ്പോൾ അവരൊക്കെ അദ്ദേഹത്തിന്റെ ഉറുദുഭാഷാ പ്രാവീണ്യത്തെക്കുറിച്ചും, വ്യത്യസ്തമായ പ്രസംഗ ശൈലിയെക്കുറിച്ചും ആദരവോടെ സൂചിപ്പിക്കാറുണ്ട്. ഉപജാപങ്ങൾക്കും, അധികാരരാഷ്ട്രീയത്തിനും, കീഴടങ്ങലിനും അതീതമായ അതുൽദായുടെ അസാധാരണ ഗരിമ തന്നെയായിരുന്നു ഈ സ്വാധീനത്തിന്റെ അടിസ്ഥാനം. പക്ഷേ, അതുൽ കുമാർ അഞ്ജാൻ ഈ സൗഹൃദങ്ങളൊന്നും ഒരിക്കലും സെൽഫ് പ്രൊമോഷന് വേണ്ടി ഉപയോഗിച്ചില്ല. പൊളിറ്റിക്കൽ മാർക്കറ്റിങ്ങിലൂടെയും ചാനൽ ചർച്ചകളിലൂടെയും നേതാക്കൾ ഉയർന്നുവരുന്ന കാലത്താണ്, എല്ലാ പ്രകടനപരതകളെയും പാടെ അപ്രസക്തം ആക്കുന്ന തരത്തിലുള്ള ജൈവികവും, നൈതികവും, പ്രത്യയശാസ്ത്രബോധ്യത്തിൽ അടിയുറച്ചതുമായ നിലപാടുകളിലൂടെ അതുൽ കുമാർ അഞ്ജാൻ വേറിട്ട് നിൽക്കുന്നത്. അദ്ദേഹത്തിന്റെ രാഷ്ട്രീയഭാഷയുടെയും വ്യവഹാരത്തിന്റെയും കാലാതീതമായ പ്രസക്തി ഇവിടെയാണ്.
അധികാരത്തോടും സ്ഥാനമാനങ്ങളോടും ഉള്ള നിർമ്മിത രാഷ്ട്രീയത്തിലും പൊതുപ്രവർത്തന രംഗത്തും പൊതുവേ അപൂർവമാണ്. ഉത്തരേന്ത്യയിലെ പല നേതാക്കളും പല സാഹചര്യങ്ങളിലായി പാർട്ടി വിട്ടുപോയിട്ടുണ്ട്, പ്രത്യേകിച്ചും തൊണ്ണൂറുകൾക്ക് ശേഷം. പാർട്ടി പരിശോധിക്കേണ്ട പല കാരണങ്ങളും ഉണ്ടെങ്കിലും, അധികാരത്തോട് ആർത്തിയുള്ള, സ്ഥാനമാനങ്ങളില്ലെങ്കിൽ രാഷ്ട്രീയ പ്രവർത്തനത്തിനും ജീവിതത്തിനും പ്രസക്തിയില്ലെന്ന് സ്വയം കരുതുന്ന ഒരു നിര പാർട്ടിയിലും ഉണ്ടായിരുന്നു എന്നത് നിർഭാഗ്യകരമാണ്. അവർ ഭാഗ്യാന്വേഷികളായി പാർട്ടി വിട്ടുപോവുകയും സ്ഥാനമാനങ്ങൾ നേടുകയും ചെയ്തു. പക്ഷേ, ജനപ്രീതിയിൽ അവരെക്കാൾ എത്രയോ ഉയരങ്ങളിലുള്ള, പാർട്ടിയുടെ വടക്കേയിന്ത്യയിലെ ഏറ്റവും ഗംഭീരശബ്ദമായിരുന്ന അതുൽ കുമാർ അഞ്ജാൻ ഈ വേലിയേറ്റത്തിരകളെ നിസംഗതയോടെ നോക്കിക്കണ്ടു. കരിയർ രാഷ്ട്രീയം അദ്ദേഹത്തെ മോഹിപ്പിച്ചില്ല. ജാതിയും വർഗീയധ്രുവീകരണവും ഇന്ത്യൻ രാഷ്ട്രീയത്തിന്റെ സ്വഭാവം മാറ്റുമ്പോഴും പുതിയ പ്രാദേശികപാർട്ടികൾ ഉയർന്നു വരുമ്പോഴും, ഉത്തരേന്ത്യയിൽ പാർട്ടി ചരിത്രത്തിലെ കൊടുംഗ്രീഷ്മത്തിലൂടെ കടന്നു പോകുമ്പോഴും, പ്രായോഗികരാഷ്ട്രീയത്തിന്റെ മുൻഗണനകൾ മാറുമ്പോഴും അദ്ദേഹം ജീവിതാവസാനം വരെ അചഞ്ചലനായി പാർട്ടിയെ നെഞ്ചോട് ചേർക്കുകയും, വർഗരാഷ്ട്രീയത്തിന് വേണ്ടിയും വംശീയരാഷ്ട്രീയത്തിനെതിരെയും വീറോടെ പോരാടുകയും ചെയ്തു. ഭഗത് സിങ്ങിന്റെ സഹപ്രവർത്തകനായിരുന്ന ഒരച്ഛന്റെ മകന് ഏത് ചുഴലിക്കാറ്റിലും പാർട്ടിയെ ജനങ്ങളോട് ചേർത്തുനിർത്തുന്നതായിരുന്നു അധികാരത്തിന്റെ ഇടനാഴികളെക്കാൾ പ്രിയതരം.
പാർട്ടി കമ്മിറ്റികളിലും ധീരമായി അഭിപ്രായപ്രകടനം നടത്തുന്ന ഒരാളായിരുന്നു അദ്ദേഹം. ദേശീയകൗൺസിലിലും എക്സിക്യൂട്ടീവിലും പങ്കെടുക്കുമ്പോൾ നിർഭയമായും നിശിതമായും വിട്ടുവീഴ്ചയില്ലാതെയും ഉള്ള അദ്ദേഹത്തിന്റെ സമീപനം ആദരവോടെ നോക്കി നിന്നിട്ടുണ്ട്. ഹിന്ദി ചാനലുകളിൽ സംഘ്പരിവാറിന്റെ വംശീയരാഷ്ട്രീയത്തിനെതിരെ ആഞ്ഞടിക്കാറുള്ള വീറും നേരും അദ്ദേഹം പാർട്ടി വേദികളിലും പ്രകടിപ്പിച്ചു. ഈ നിർഭയത്വമായിരുന്നു അഞ്ജാന്റെ മുഖമുദ്ര. അതുകൊണ്ടാവണം ഹിന്ദുസ്ഥാൻ ടൈംസ് അടക്കമുള്ള പല പ്രമുഖപത്രങ്ങളും നിർഭയനായ കമ്മ്യൂണിസ്റ്റ് പോരാളി എന്ന് അദ്ദേഹത്തെ വിശേഷിപ്പിച്ചത്. അധികാര വീഥികളിലെ സഞ്ചാരിയല്ലാതിരുന്നിട്ടും അദ്ദേഹം ഒരുപാട് മനുഷ്യർക്ക് പ്രിയങ്കരനായി.
സമ്പന്നമായ കുടുംബപശ്ചാത്തലം ഉണ്ടായിരുന്നിട്ടും വളരെ ലളിതമായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. കഴിഞ്ഞ ഒരു വർഷത്തോളമായി രോഗവുമായി പോരാടുകയായിരുന്നു അഞ്ജാൻ. അവസാനമായി അദ്ദേഹത്തെ കണ്ടത് പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിനിടയിൽ, ഒരു ദിവസം ഉച്ചയ്ക്ക് അജോയ്ഭവനിൽ വച്ചായിരുന്നു. ഇളവെയിലേൽക്കാൻ വേണ്ടി മുറ്റത്തെ കട്ടിലിൽ ഒരാൾ കിടപ്പുണ്ടായിരുന്നു. ഞാൻ ശ്രദ്ധിക്കാതെ അകത്തേക്ക് പോയി. പിന്നീട് കുറച്ചുകഴിഞ്ഞ് പുറത്തു വന്നപ്പോഴാണ് അത് അതുൽദാ ആണെന്ന് കുറ്റബോധത്തോടെ തിരിച്ചറിഞ്ഞത്. പിന്നീട് കുറെനേരം അടുത്തിരുന്ന് സംസാരിച്ചു. എന്റെ ‘ബെസ്റ്റ് ഫ്രണ്ട്’ എത്തിയല്ലോ’ എന്നദ്ദേഹം കൈകൾ കവർന്നുകൊണ്ട് സ്നേഹത്തോടെ പറഞ്ഞു. എന്റെ കീശയിലെ പേന അദ്ദേഹത്തിന് കൊടുക്കാൻ ആവശ്യപ്പെട്ടു. പകരം, ഒരു പേന എനിക്ക് സമ്മാനമായി തരികയും ചെയ്തു. അത് അവസാനത്തെ കൂടിക്കാഴ്ച ആകുമെന്ന് കരുതിയിരുന്നില്ല. ലഖ്നൗവിനെ ആശുപത്രിയിൽ അദ്ദേഹത്തെ ചികിത്സിച്ചിരുന്നത് കണ്ണൂരിലെ ശ്രീകണ്ഠപുരം സ്വദേശിയായ ഡോ. ജയകൃഷ്ണനായിരുന്നു. അദ്ദേഹവും അന്ത്യോപചാരം അർപ്പിക്കാൻ എത്തിയിരുന്നു.
സി കെ ചന്ദ്രപ്പൻ വിടവാങ്ങിയതിന് ശേഷം കിസാൻസഭയുടെയും പാർട്ടിയുടെയും നേതൃത്വത്തിലുണ്ടായ നികത്താനാവാത്ത നഷ്ടമാണ് അതുൽദായുടേത്. സഖാവ് കാനത്തിന്റെ അപ്രതീക്ഷിതമായ മരണത്തിന് ശേഷം അതുൽ കുമാർ അഞ്ജാൻ കൂടി നമ്മെ വിട്ടുപോകുമ്പോൾ വല്ലാത്തൊരു ശൂന്യതയാണ് അവശേഷിപ്പിക്കുന്നത്. ലഖ്നൗവിലെ പാർട്ടി ഓഫിസിൽ അദ്ദേഹത്തിന്റെ അവസാന നിമിഷങ്ങൾക്ക് ഹൃദയവേദനയോടെ സാക്ഷ്യം വഹിക്കവേ, കമ്മ്യൂണിസ്റ്റ് പാർട്ടിയിലെ അതുല്യനായ ആ നേതാവ് കുറേനാൾ കൂടി ജീവിച്ചിരുന്നെങ്കിൽ എന്ന് ഉള്ളുരുക്കത്തോടെ ഓർത്തുപോയി.
പ്രിയപ്പെട്ട അതുൽ ദാ, അതിരറ്റ സ്നേഹത്തോടെ, ഹൃദയം നിറഞ്ഞ നന്ദിയോടെ ലാൽസലാം! കമ്മ്യൂണിസ്റ്റ് പാർട്ടിയിലെ ഏറ്റവും ചേതോഹരവും ധീരവുമായ പ്രതീകമായി, ഏത് പ്രതിസന്ധിയിലും ഊർജം നല്കുന്ന സചേതനസ്മരണയായി ഞങ്ങൾക്കൊപ്പം സഖാവ് ഉണ്ടാകും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.