20 December 2025, Saturday

ഉജ്വല പ്രചോദനമായ സ്മരണ

ബിനോയ് വിശ്വം
August 15, 2025 4:48 am

കേരളത്തിന്റെ ചരിത്രത്തെ നിർണയിച്ച ഭരണകാലയളവിന് നേതൃത്വം നൽകിയ സി അച്യുതമേനോന്റെ ചരമദിനമാണ് നാളെ. സമാനതകളില്ലാത്ത രാഷ്ട്രീയ നേതാവും പകരക്കാരനില്ലാത്ത ഭരണാധികാരിയുമായിരുന്നു സി അച്യുതമേനോൻ. പല രൂപത്തിലും പേരുകളിലും പ്രവർത്തിച്ച കമ്മ്യൂണിസ്റ്റ് ആശയഗതിയുള്ള മലയാളികൾ 1939ൽ പിണറായി പാറപ്രത്ത് ഒത്തുചേർന്ന് രൂപം നൽകിയ സിപിഐ കേരള ഘടകത്തിന്റെ നേതൃത്വത്തിൽ വിവിധ ഭൂവിഭാഗങ്ങളിലായി (മലബാർ, കൊച്ചി, തിരുവിതാംകൂർ) നടന്ന ഉജ്വല പ്രക്ഷോഭങ്ങളും സാമൂഹ്യനവോത്ഥാന പോരാട്ടങ്ങളും പരുവപ്പെടുത്തിയ രാഷ്ട്രീയ ഭൂമികയാണ് 1957ലെ ആദ്യ കേരള തെരഞ്ഞെടുപ്പിൽ കമ്മ്യൂണിസ്റ്റ് വിജയത്തിന്റെ അടിത്തറയായത്. ആ അടിത്തറയ്ക്കുമേൽ ആദ്യകമ്മ്യൂണിസ്റ്റ് സർക്കാരിന്റെ ഭരണനയങ്ങളുടെ രൂപരേഖ ഉണ്ടാക്കിയതും സി അച്യുതമേനോനായിരുന്നു.
ഐക്യകേരളപ്പിറവിക്കുമുമ്പ് തന്നെ രാഷ്ട്രീയഭൂമികയിൽ ഉണ്ടായിരുന്ന അദ്ദേഹമാണ് കേരളപ്പിറവിക്കുശേഷമുള്ള 1956ലെ ആദ്യതെരഞ്ഞെടുപ്പിനായുള്ള കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പ്രകടനപത്രിക തയ്യാറാക്കിയത്. ‘ഐശ്വര്യപൂർണമായ കേരളം കെട്ടിപ്പടുക്കാൻ’ എന്ന പേരിൽ തയ്യാറാക്കിയ ആ രേഖയായിരുന്നു സിപിഐ സമ്മതിദായകരുടെ മുമ്പാകെ അവതരിപ്പിച്ചത്. കേരള രൂപീകരണമുണ്ടാകുന്നതിന് മുമ്പുള്ള ഭൂപ്രദേശങ്ങളുടെ രാഷ്ട്രീയ, സാമൂഹ്യ, സാമ്പത്തിക സാഹചര്യങ്ങളെ ആഴത്തിൽ പഠിച്ച് തയ്യാറാക്കിയ കേരള വികസനത്തിന്റെ അടിയാധാരമായിരുന്നു അതെന്ന് വിശേഷിപ്പിക്കുന്നത് അതിശയോക്തിയല്ല.
സിപിഐയുടെ തിരു-കൊച്ചി, കേരള സംസ്ഥാന സെക്രട്ടറിയായി പ്രവർത്തിച്ചപ്പോൾ ആർജിച്ച പരിചയവും അനുഭവത്തഴക്കവും വച്ചാണ് അച്യുതമേനോൻ ആദ്യ കമ്മ്യൂണിസ്റ്റ് സർക്കാരിനുവേണ്ടിയുള്ള പ്രകടന പത്രിക രൂപപ്പെടുത്തിയത്. രാഷ്ട്രീയാധികാരം കയ്യേറ്റാൽ, കമ്മ്യൂണിസ്റ്റുകാർ എങ്ങനെയാണ് അതിനെ ജനസേവനത്തിനും സാമൂഹ്യമാറ്റത്തിനുമുള്ള ഉപാധിയാക്കുക എന്ന് ബോധ്യപ്പെടുത്തുന്നതായിരുന്നു പ്രസ്തുത പത്രിക. ജന്മി നാടുവാഴിത്തവും രാജാധികാരത്തിന്റെ ചൂഷണോപാധികളും സൃഷ്ടിച്ച സാമൂഹ്യ അസമത്വങ്ങളെയും ഉച്ചനീചത്വങ്ങളെയും തുടച്ചുനീക്കുവാൻ ഏറ്റവും അനിവാര്യമായ ഭരണനടപടി ഭൂബന്ധങ്ങളിലെ സമൂല മാറ്റമാണെന്നും അതിനുവേണ്ടി സമഗ്ര ഭൂപരിഷ്കരണമാണ് അനിവാര്യമെന്നും പത്രിക പ്രഖ്യാപിച്ചു. അതിന്റെ ഫലമായാണ് അധികാരത്തിലെത്തിയതിന്റെ ആദ്യനാളുകളിൽതന്നെ കുടിയിറക്കൽ എന്ന പ്രഭുവർഗ അനീതിക്ക് തടയിട്ടുകൊണ്ടുള്ള ആദ്യ പ്രഖ്യാപനം പ്രാബല്യത്തിലാക്കിയത്.
കുടിയൊഴിപ്പിക്കൽ തടയുന്ന നിയമവും വിദ്യാഭ്യാസ ബില്ലുമുൾപ്പെടെ കേരളത്തിന്റെ സാമൂഹ്യഘടന പൊളിച്ചെഴുതിയ നിയമനിർമ്മാണങ്ങൾക്ക് നേതൃത്വം നൽകിയ, 1957ലെ ആദ്യ കമ്മ്യൂണിസ്റ്റ് സർക്കാരിന് കാലാവധിയെത്താതെ പുറത്തുപോകേണ്ടിവന്നതിനാൽ സമഗ്രമായ ഭൂപരിഷ്കരണ നിയമം യാഥാർത്ഥ്യമാക്കാനായില്ല. കുടിയിറക്കൽ നിരോധനത്തിന്റെ തുടർച്ചയായി ഭൂബന്ധങ്ങൾ സമൂലം മാറ്റിയെഴുതുന്നതിനുള്ള സമഗ്രമായ നിയമനിർമ്മാണ നീക്കമാണ് ആ സർക്കാരിനെതിരായ വിമോചനസമരത്തിന്റെ മൂലകാരണമായത്. ആദ്യസർക്കാരിൽ ധനകാര്യ വകുപ്പ് കൈകാര്യം ചെയ്തുകൊണ്ട് ജനപക്ഷ ധനമാനേജ്മെന്റ് ക്രമപ്പെടുത്തിയതും അദ്ദേഹമായിരുന്നു.
പിന്നീട് സി അച്യുതമേനോന്റെ നേതൃത്വത്തിൽ 1969ൽ അധികാരത്തിലെത്തിയ സർക്കാരിന്റെ പ്രഥമ അജണ്ടയായത് സമഗ്ര ഭൂപരിഷ്കരണമായിരുന്നു. അച്യുതമേനോൻ മുഖ്യമന്ത്രിയായിരിക്കെ 1970 ജനുവരി ഒന്ന് മുതൽ സമഗ്രമായ ഭൂപരിഷ്കരണനിയമം പ്രാബല്യത്തിൽ വരുത്തുകയും ചെയ്തു. സർക്കാരിനെ നയിച്ച സഖ്യത്തിന്റെ ഘടന പരിശോധിച്ചാൽ അത് വലിയ വെല്ലുവിളികൾ നിറഞ്ഞതും ഇച്ഛാശക്തി ആവശ്യവുമായ നടപടിയായിരുന്നു. അതാണ് അച്യുതമേനോൻ കൈവരിച്ചത്. അദ്ദേഹത്തിലെ ഭരണാധികാരിയുടെ മികവ് അടയാളപ്പെടുത്തുന്നതായിരുന്നു അത്. ആ സർക്കാരിന്റെ കാലത്ത് നടപ്പിലാക്കിയ എല്ലാ സാമൂഹ്യ സേവന, വികസന, വ്യവസായവൽക്കരണ പ്രക്രിയകളും യാഥാർത്ഥ്യമാക്കുന്നതിന് സമഗ്രമായ ഭൂപരിഷ്കരണനിയമം ചാലകശക്തിയും അടിത്തറയുമായി.
ഭൂപരിധി നിർണയത്തിലൂടെ സർക്കാരിന്റെ കയ്യിൽ എത്തപ്പെട്ട മിച്ചഭൂമികളിലാണ് കേരളത്തിന്റെ സ്വപ്നപദ്ധതികളിൽ മഹാഭൂരിപക്ഷവും സ്ഥിതി ചെയ്യുന്നത് എന്നത് പരിശോധിച്ചാൽ ഇത് ബോധ്യമാകും. ഭൂമി കേന്ദ്രീകൃത കൈവശത്തിൽ നിന്ന് വികേന്ദ്രീകൃത ഉടമസ്ഥതയിലേക്ക് മാറിയതിലൂടെ ഭൂമിയിൽ നിന്നുള്ള വരുമാനത്തിന്റെ വികേന്ദ്രീകരണവും സാധ്യമായി. ജന്മിമാരുടെയും ഭൂവുടമകളുടെയും കയ്യിൽ കുമിഞ്ഞുകൂടിയിരുന്ന കാർഷിക വരുമാനമാണ് വിഭജിക്കപ്പെട്ടത്. ഇങ്ങനെ ലക്ഷക്കണക്കിന് പേർ ഭൂമിയുടെ അവകാശികളാകുകയും അവർക്ക് സ്ഥിരവരുമാനമുണ്ടാകുകയും ചെയ്തപ്പോൾ പുതിയ സാമൂഹ്യ ജീവിതഘടനതന്നെ കേരളത്തിൽ സാധ്യമായി. അത് കൂടുതൽ വിദ്യാലയങ്ങളുടെ സ്ഥാപനവും വ്യവസായങ്ങളുടെ ആവിർഭാവവും അനിവാര്യമാക്കി. അങ്ങനെയാണ് സ്കൂളുകളില്ലാത്ത പഞ്ചായത്തുകളും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്ലാത്ത പ്രദേശങ്ങളും കേരളത്തിന് അന്യമായത്.
കൃഷിക്കാരന് കൃഷിഭൂമി, തൊഴിലാളിക്ക് ഗ്രാറ്റുവിറ്റി, പാവങ്ങൾക്ക് ലക്ഷംവീട്, ചെറുകിട സംരംഭകർക്കായി വ്യവസായ എസ്റ്റേറ്റുകൾ എന്നിങ്ങനെ അക്കാലത്ത് രൂപപ്പെട്ട മാതൃകകൾ ഇത്തരമൊരു ലേഖനത്തിന് ഉൾക്കൊള്ളാൻ സാധിക്കാത്ത വിധം വിപുലമാണ്. ലോകം ഇലക്ട്രോണിക്സ് രംഗത്ത് ചുവടുവച്ചുതുടങ്ങിയ 1970കളിൽത്തന്നെ അതിനൊപ്പം നിന്ന് ലോകോത്തര സംസ്ഥാനമാകാൻ കേരളത്തിന് സാധ്യമായത് കെൽട്രോൺ എന്ന വ്യവസായ ശൃംഖലയുടെ സ്ഥാപനത്തിലൂടെയായിരുന്നു. ടെലിവിഷനിലൂടെ ലോകം ദൃശ്യങ്ങൾ കണ്ടുതുടങ്ങിയപ്പോൾതന്നെ നമ്മുടെ കേരളത്തിലും ടെലിവിഷനുകളുടെ ഉല്പാദനമുണ്ടായി. കെൽട്രോൺ എന്നത് കേരളം മുഴുവൻ പടർന്നുകിടന്ന ഇലക്ട്രോണിക്സ് വ്യവസായ സംരംഭങ്ങളുടെ ചുരുക്കപ്പേരായിരുന്നു. സപ്ലൈകോ, ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്, കാർഷിക സർവകലാശാല, ശാസ്ത്രസാങ്കേതിക സർവകലാശാല, സെന്റർ ഫോർ ഡെവലപ്മെന്റ് സ്റ്റഡീസ്, കേരള സ്റ്റേറ്റ് ഡ്രഗ്സ് ആന്റ് ഫാർമസ്യൂട്ടിക്കൽസ്, കേരള മെറ്റൽസ് ആന്റ് മിനറൽസ്, ടെക്സ്റ്റൈൽസ് കോർപറേഷൻ, ഔഷധി, കേരള സ്റ്റേറ്റ് ഫിലിം ഡെവലപ്മെന്റ് കോർപറേഷൻ എന്നിങ്ങനെ ജീവിതത്തിന്റെ സർവതലസ്പർശിയായ ഒട്ടനവധി പൊതുമേഖലാ സംരംഭങ്ങൾ അക്കാലത്ത് പടത്തുയർത്തപ്പെട്ടു.
പിൽക്കാല കേരളം മാത്രമല്ല രാജ്യവും വികസനമാതൃക എന്ന് കൊണ്ടാടുന്ന കേരളഭരണം അച്യുതമേനോന്റെ നേതൃത്വത്തിലുള്ളതായിരുന്നു. അതുകൊണ്ടുതന്നെ 1977ലെ തെരഞ്ഞെടുപ്പിൽ അച്യുതമേനോൻ മത്സരിച്ചില്ലെങ്കിലും സംസ്ഥാന ചരിത്രത്തിലാദ്യമായി ഒരു സർക്കാരിന് ഭരണത്തുടർച്ചയുണ്ടായി. കേരളത്തിന്റെ ചരിത്രഗതിയെ മാറ്റിമറിക്കുന്നതിൽ നിർണായക പങ്ക് വഹിച്ച ആദ്യകേരള ഭരണത്തിൽ പങ്കാളിയും പിന്നീട് ഒരു ഭരണത്തിന്റെ സാരഥിയുമായിരുന്ന നേതാവ്, ത്യാഗിവര്യനായ കമ്മ്യൂണിസ്റ്റ് എന്നീ നിലകളിലാണ് അച്യുതമേനോൻ കൂടുതൽ പ്രകീർത്തിക്കപ്പെടുന്നത്. അത് അക്ഷരാർത്ഥത്തിൽ അർഹതപ്പെട്ടതുമാണ്. അതോടൊപ്പം എഴുത്തുകാരൻ, പ്രഭാഷകൻ, വായനക്കാരൻ, സൈദ്ധാന്തികൻ, അതിനെല്ലാമപ്പുറം സാധാരണക്കാരനായി ജീവിച്ച മനുഷ്യസ്നേഹിയുമായിരുന്നു അച്യുതമേനോൻ.
അധികാരത്തിന്റെയും രാഷ്ട്രീയ പ്രവർത്തനത്തിന്റെയും തിരക്കുകൾക്കിടയിലും അദ്ദേഹം എത്രയോ ഉപന്യാസങ്ങൾ രചിച്ചിട്ടുണ്ട്. പലസ്തീൻ കവിതകളിലെ പ്രതിരോധത്തെക്കുറിച്ചും പുരോഗമന സാഹിത്യപ്രസ്ഥാനത്തെ കുറിച്ചുള്ള ചരിത്രപരമായ അവലോകനവും ഭാഷയിലെ ഒറ്റശ്ലോകങ്ങളെക്കുറിച്ച് ആഴത്തിലുള്ള പഠനവും എഴുതിയ അദ്ദേഹം കേസരിയുടെ സാമൂഹ്യ വിമർശനത്തെയും പ്രേംചന്ദിന്റെ കഥകളെയും തന്റെ രചനാ വിഷയങ്ങളാക്കി. വള്ളത്തോൾ കവിതയിലെ ദേശീയതയെയും സാർവദേശീയതയെയും മലയാളത്തിലെ ആദ്യകാല ചെറുകഥകളെയും കുറിച്ചും പഠനാർഹമായ ലേഖനങ്ങൾ പിറവിയെടുത്ത തൂലികയായിരുന്നു അദ്ദേഹത്തിന്റേത്. കത്തുകളിലൂടെ സൗഹൃദം കാത്തുസൂക്ഷിച്ച വ്യത്യസ്തതയും അദ്ദേഹത്തിന്റെ വ്യക്തിത്വ അടയാളമാണ്.
സങ്കീർണവും അതേസമയം കമ്മ്യൂണിസ്റ്റുകാർക്കും മതേതര ജനാധിപത്യ വിശ്വാസികൾക്കുംമേൽ കൂടുതൽ ഉത്തരവാദിത്തങ്ങൾ ഏല്പിക്കപ്പെടുകയും ചെയ്തിരിക്കുന്ന ദശാസന്ധിയിലാണ് നാമിപ്പോൾ. ഭരണഘടനയും മതേതരത്വവും സോഷ്യലിസ്റ്റ് കാഴ്ചപ്പാടും വലിയ വെല്ലുവിളികൾ നേരിടുന്നു. യൂണിയന്റെ ഭാഗമായിരിക്കുമ്പോഴും കേരളമെന്ന കൊച്ചുസംസ്ഥാനത്തെ മാറ്റിമറിക്കാനാകുന്നതിന് സാധിച്ചത് ഫെഡറൽ തത്വങ്ങളായിരുന്നു. അതിനുനേരെയും കേന്ദ്രത്തിൽ അധികാരത്തിലിരിക്കുന്ന ബിജെപി സർക്കാർ വാളോങ്ങിനിൽക്കുകയാണ്. ഈയൊരു സാഹചര്യത്തിൽ പോരാട്ടങ്ങളല്ലാതെ മറ്റു മാർഗങ്ങൾ മുന്നിലില്ല. അവിടെ എക്കാലവും ജീവിതലാളിത്യവും സമൂഹത്തിനുവേണ്ടിയുള്ള ആത്മാർപ്പണവും മുഖമുദ്രയാക്കിയ അച്യുതമേനോന്റെ സ്മരണ ഉജ്വലപ്രചോദനമാണ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.