
കേരളം കണ്ട ഏറ്റവും വലിയ ദുരന്തത്തിന് ഒരു വർഷം പൂർത്തിയാവുകയാണ്. പുന്നപ്പുഴയുടെ ഇരുകരകളിലുമായി പുഞ്ചിരിമട്ടവും മുണ്ടക്കൈയും അട്ടമലയും ആറാമലയും ഉൾപ്പെടുന്ന ചൂരൽമല, ഒരു ചതുരശ്ര കിലോമീറ്റർ ചുറ്റളവിൽ 298 പേരുടെ മരണം രേഖപ്പെടുത്തിയ ദുരന്തം. ഇത്രമേൽ നാം അനുഭവിച്ചതും വേദനിച്ചതുമായ മറ്റൊരു ദുരന്തവും സമീപഭൂതകാലത്ത് കേരളത്തിലോ ഇന്ത്യയിലോ ഉണ്ടായിട്ടില്ല. ജൂലൈ 30ന് അതിഭീകരമായ ദുരന്തം ഉണ്ടായ ഘട്ടം മുതൽ ലോകം ശ്രദ്ധിക്കപ്പെടുന്ന ദുരന്തനിവാരണ പ്രവർത്തനങ്ങൾക്കാണ് ചൂരൽമലയും വയനാടും സാക്ഷ്യം വഹിച്ചത്. സർക്കാരെന്നാൽ കേവലം ഗവൺമെന്റ് മാത്രമല്ല, ഗവണ്‍മെന്റിനെ സഹായിക്കാൻ ഉയർന്നുവരുന്ന എല്ലാ മനുഷ്യരും ജനപ്രതിനിധികളും കൂടിയുള്ള ഇടപെടലാണ് സർക്കാരായി മാറുന്നത്. ജാതി മത രാഷ്ട്രീയ ലിംഗവ്യത്യാസമില്ലാതെ എല്ലാ മനുഷ്യരും ഒന്നിച്ചുചേർന്ന ദുരന്തനിവാരണ പ്രക്രിയ ലോകത്തിനാകെ മാതൃകയായ അനുഭവമായി.
2024 ജൂലൈ 30ന് പുലർച്ചെയാണ് പുഞ്ചിരിമട്ടത്ത് 1700 അടിക്കു മുകളിൽ പൊട്ടിയ ഉരുൾ, പുന്നപ്പുഴയിലൂടെ മനുഷ്യജീവനുകളെയും അവിടെയുള്ള സകലതിനെയും തകർത്തുകൊണ്ടാണ് ഒഴുകി പോയത്. യഥാർത്ഥത്തിൽ പിന്നെയും തുടർന്ന മഴ, അപ്പുറത്ത് ജീവനോടെ നില്‍ക്കുന്നവരെയും മണ്ണിൽ പുതഞ്ഞ് ശ്വാസം നിലച്ചവരെയും തിരിച്ചെത്തിക്കാനുള്ള സൗകര്യങ്ങൾ പോലും നഷ്ടപ്പെടുത്തി. ചൂരൽമലയിൽ നിന്ന് മുണ്ടക്കൈയിലേക്ക് പോകുന്ന പാലം പൂർണമായും തകർന്നു. ഇരുവശങ്ങളിലേക്കും കടക്കാനാവാത്ത വിധം ജീവനുള്ളവരും മരിച്ചവരുമായ വലിയൊരു വിഭാഗം ആളുകൾ ഒറ്റപ്പെട്ട അനുഭവങ്ങളുടെ മുമ്പിൽ നിന്നാണ് ദുരന്തനിവാരണ പ്രക്രിയ ആരംഭിക്കുന്നത്.
പുന്നപ്പുഴയ്ക്കപ്പുറത്തുനിന്ന് ജീവനോടെ നമ്മളെ ബന്ധപ്പെടുന്ന ആളുകളെ പാലം മറികടന്ന് തിരിച്ചുകൊണ്ടുവരിക എന്നതായിരുന്നു ആദ്യത്തേതും പ്രയാസകരവുമായ ദൗത്യം. വല്ലാതെ വൈകിയാൽ അവിടെ ഇരിക്കുന്നവർ ഒറ്റപ്പെടുകയും മാനസികമായി തകരുകയും ചെയ്യുമെന്ന് തിരിച്ചറിഞ്ഞ് ആദ്യഘട്ടത്തിൽ പൊലീസും ഫയർഫോഴ്സും എൻഡിആർഎഫും പൊതുജനങ്ങളുമെല്ലാം ചേർന്ന് ആദ്യശ്രമം ആരംഭിച്ചുവെങ്കിലും എളുപ്പമായിരുന്നില്ല. പിന്നീട് ജനങ്ങളുടെയും നിലവിലുള്ള സംവിധാനങ്ങളുടെയും നേതൃത്വത്തിൽ താല്‍ക്കാലിക പാലം കെട്ടി ജൂലൈ 30ന് വൈകുന്നേരം ഏഴര മണിക്കുള്ളിൽ 498 പേരെ ജീവനോടെ ആദ്യഘട്ടത്തിലും ബാക്കിയുള്ളവരെ പിന്നീടും തിരിച്ച് നഗരത്തിലേക്ക് കൊണ്ടുവരാനും കഴിഞ്ഞ രക്ഷാദൗത്യം അതിവേഗം മുന്നോട്ടുപോയി.
പൊലീസ്, ഫയർഫോഴ്സ്, എസ്‌പിജി, കരസേന, നാവികസേന, കോസ്റ്റ് ഗാർഡ്, എൻഡിആർഎഫ്, യൂത്ത് ഡിഫൻസ്, കഡാവർ ഡോഗ്സ്… ഇതിനെല്ലാം പുറമെ, കേരളത്തിന്റെയും രാജ്യത്തിന്റെ മറ്റു വിവിധ മേഖലകളിൽ നിന്നുമായി ഏതുവിധത്തിലുള്ള പ്രവർത്തനങ്ങൾക്കും തയ്യാറായി വന്ന ഒരു സംഘം, ലോകത്തെ അത്ഭുതപ്പെടുത്തുന്ന ദുരന്തനിവാരണ പ്രവർത്തനങ്ങൾക്ക് ആ മേഖലയിൽ നേതൃത്വം നൽകി.
സൺറൈസ് വാലിയോട് ചേർന്നുള്ള സൂചിപ്പാറയിലെ വനംവകുപ്പിന് പോലും എത്താൻ പറ്റാത്ത ഇടങ്ങളിൽ ഹെലികോപ്റ്ററിലൂടെ കഡാവർ ഡോഗ്സിനെ ഇറക്കി ദിവസങ്ങളോളം തെരച്ചിൽ തുടർന്നു. സാധാരണപോലെ സംസ്ഥാനത്തിന്റെയും കേന്ദ്രത്തിന്റെയും സേനകളെ വച്ച് മാത്രമല്ല തെരച്ചിൽ നടത്തിയത്. തെരച്ചിലിന്റെ ഭാഗമായി ചൂരൽമലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും ചാലിയാറിലൂടെ ഒഴുകി പോയിട്ടുള്ള മൃതശരീരങ്ങള്‍ മലപ്പുറം ജില്ലയിൽ നിന്നും കൊണ്ടുവരിക എന്നുള്ളത് സങ്കടകരമായ അനുഭവങ്ങളിലൊന്നായിരുന്നു. അവിടെ കണ്ടെത്തിയ മൃതശരീരങ്ങളിൽ മഹാഭൂരിപക്ഷവും തിരിച്ചറിയാൻ ആയില്ല എന്നും പലതും പൂർണരൂപത്തിലായിരുന്നില്ല എന്നതും ദുഃഖകരമായി. ശരീരത്തിന്റെ ഓരോ അവയവങ്ങളായി പലയിടങ്ങളിൽ നിന്ന് കണ്ടെത്തിയതിന്റെ പ്രയാസവും നമുക്കുണ്ടായി.
മേപ്പാടി ഹയർസെക്കന്‍ഡറി സ്കൂളിന്റെ ഒരു ബ്ലോക്ക് തന്നെ ഒഴിവാക്കി അവിടെ നൂറുകണക്കിന് മൊബൈൽ ഫ്രീസറുകള്‍ ഉൾപ്പെടെ എത്തിച്ച് ഏറ്റവും വലിയ മോർച്ചറി സൗകര്യം ഒരുക്കി. ദുരന്തനിവാരണ നിയമപ്രകാരം പുത്തുമലയിൽ സർക്കാർ ഏറ്റെടുത്ത ഒരേക്കറോളം വരുന്ന ഭൂമിയിൽ പ്രത്യേകം കുഴികൾ തയ്യാറാക്കിയാണ് പൊതുസംസ്കാര ചടങ്ങുകൾ ആരംഭിച്ചത്. കനത്ത മഴയിലായിരുന്നു ആദ്യ ദിവസത്തെ സംസ്കാര ചടങ്ങുകൾ. ചവിട്ടിയാൽ തെന്നിവീഴുന്ന ചെളിയുടെ നടുവിലും ആയിരക്കണക്കിന് യുവജനസംഘടനാ പ്രവർത്തകർ ഈ പ്രവർത്തനങ്ങളിൽ സ്വന്തമെന്ന പോലെ ഇടപെടാൻ തയ്യാറായി എന്നുള്ളതും കേരളം കണ്ട വലിയ മാതൃകകളിലൊന്നാണ്. എല്ലാവിധത്തിലുള്ള മനുഷ്യരാശിയും ഇതിനെല്ലാം സാക്ഷ്യം വഹിച്ചു.
എല്ലാം നഷ്ടപ്പെട്ട് ആശുപത്രികളിൽ കഴിയുന്ന മുഴുവൻ പേരുടെയും പൂർണമായ ചികിത്സയും സർക്കാർ ഏറ്റെടുക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ക്യാമ്പുകളിൽ ഉള്ളവരെ അവരുടെ മാനസികാവസ്ഥ കൂടി പരിഗണിച്ച് ഏറ്റവും പെട്ടെന്ന് താല്‍ക്കാലിക പുനരധിവാസ കേന്ദ്രങ്ങളിലേക്ക് മാറ്റുക എന്നതായിരുന്നു പ്രധാനപ്പെട്ട മറ്റൊരു നടപടി. 2024 ഓഗസ്റ്റ് 24നകം അവസാനത്തെ ദുരിതാശ്വാസ ക്യാമ്പിലെയും ആളുകളെ പുനരധിവാസ സ്ഥലങ്ങളിലേക്ക് മാറ്റി പുതിയൊരു മാനസികാവസ്ഥയിലേക്ക് കൊണ്ടുവരാനായി. വാടക വീടുകളിൽ താമസിക്കുന്നവർക്ക് മാത്രമല്ല, ബന്ധുവീടുകളിലേക്ക് മാറിയവർക്കും വാടകവീട് എന്ന് കണക്കുകൂട്ടി 6000 രൂപ വീതം അന്നുമുതൽ മുടങ്ങാതെ ഈ ജൂലൈ മാസം വരെയും കൊടുക്കാനായി. എന്നാണോ സ്ഥായിയായ ഒരു പുനരധിവാസം ഉണ്ടാവുക, അതുവരെയും ഈ വാടകത്തുക, ഒരു തടസവും മടിയുമില്ലാതെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് കൊടുക്കുന്ന നടപടി തുടരുകയാണ്. ക്യാമ്പുകളിൽ താമസിച്ചിരുന്ന മുഴുവൻ പേർക്കും എസ്ഡിആർഎഫും, സിഎംഡിആർഎഫും ഉപയോഗിച്ച് 10,000 രൂപയുടെ സഹായങ്ങൾ ആദ്യഘട്ടത്തിൽ നൽകി. അതോടൊപ്പം, എല്ലാവിധത്തിലും ജീവനോപാധികൾ നഷ്ടപ്പെട്ടവർക്ക് ഒരു കുടുംബത്തിലെ മുതിർന്ന അംഗങ്ങളായ രണ്ടുപേർക്ക് 300 രൂപ വീതം നൽകി. രണ്ടായിരത്തിലേറെ ആളുകൾക്കാണ് ഈ നടപടിക്രമത്തിലൂടെ ആദ്യഘട്ടത്തിൽ മൂന്ന് മാസത്തേക്ക് തുടർച്ചയായി ഈ സഹായം ലഭ്യമാക്കിയത്. പൂർണമായും ആശുപത്രിക്കിടക്കയിൽ കഴിയുന്നവരുടെ സഹായികളായി ആശുപത്രിയിൽ കൂടെ നിന്നിരുന്നവർക്കും 300 രൂപ വീതം നൽകുന്ന സഹായ നടപടികളും സർക്കാർ ചെയ്തു. എസ്‍ഡിആർഎഫിന്റെ മാനദണ്ഡമനുസരിച്ച് മൂന്ന് മാസമാണ് ജീവനോപാധി സഹായം നൽകാനാവുക. ആ കാലാവധി പൂർത്തിയായശേഷം പിന്നെയും മറ്റൊരു തൊഴിലിനും പോകുവാൻ കഴിയാത്ത ആളുകൾക്ക് മൂന്ന് മാസത്തേക്കുകൂടി തുക അനുവദിച്ചു നൽകി.
ദുരന്തവുമായി ബന്ധപ്പെട്ട വേദനിപ്പിച്ച ഒന്ന്, വെള്ളാർമല സ്കൂളിലുണ്ടായ നഷ്ടമാണ്. ഉണ്ണിമാഷും കുട്ടികളും ആടിയും പാടിയും കളിച്ച് നാടിനുതന്നെ അഭിമാനമായി മാറിയ വെള്ളാർമല സ്കൂൾ, പഠനം തുടരാനാവാത്ത വിധം ഒറ്റപ്പെട്ടുപോയി. പുന്നപ്പുഴയ്ക്കപ്പുറത്തുള്ള മുണ്ടക്കൈ എൽപി സ്കൂൾ തകർന്ന് അവിടത്തെ കുട്ടികളുടെ പഠനം നഷ്ടപ്പെട്ട സ്ഥിതിയുണ്ടായി. ദുരന്തം നടന്ന് 32-ാമത്തെ ദിവസം തന്നെ അവിടെ പഠിച്ചിരുന്ന മുഴുവൻ കുട്ടികളുടെയും തുടർപഠനം ഉറപ്പുവരുത്താനുള്ള നടപടിക്രമങ്ങളിലേക്ക് കടന്നു. മുണ്ടക്കൈ സ്കൂളിൽ പഠിച്ചിരുന്ന കുട്ടികൾക്ക് മേപ്പാടി സ്കൂളിനടുത്തുള്ള എ പി ജെ അബ്ദുൾകലാം ഹാളിൽ ക്ലാസ് മുറികൾ ആരംഭിച്ചു. അഞ്ഞൂറിലേറെ വരുന്ന വെള്ളാർമല സ്കൂളിലെ കുട്ടികൾക്ക് മേപ്പാടി ഹയർ സെക്കന്‍ഡറി സ്കൂളിലും വിദ്യഭ്യാസം ആരംഭിക്കാനുള്ള നടപടികളും ഉണ്ടായി.
ബിൽഡിങ് അസോസിയേഷൻ ഓഫ് ഇന്ത്യ(ബായ്)യുടെ സിഎസ്ആർ സഹായത്തോടെ പൊതുവിദ്യഭ്യാസവകുപ്പ് തന്നെ നേതൃത്വം നൽകി രണ്ട് കോടി ഉപയോഗിച്ച് മേപ്പാടി സ്കൂളിൽ രണ്ട് നിലകളിലുള്ള എട്ട് ക്ലാസ് മുറികൾ അടങ്ങിയ കെട്ടിടം നിർമ്മിച്ചു. വെള്ളാർമലയിൽ നിന്ന് എത്തിയ കുട്ടികൾക്ക് കൂടി പഠിക്കാനുള്ള സൗകര്യമാണ് ഇവിടെ ഒരുക്കിയത്. നാല് ക്ലാസ് മുറികളുള്ള പുതിയൊരു കെട്ടിടം കൂടി ഓഗസ്റ്റ് പകുതിയോടെ ആരംഭിക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.
മാതാപിതാക്കൾ നഷ്ടപ്പെട്ട 24 കുട്ടികൾ ഇപ്പോഴും അവിടത്തെ വേദനയാണ്. ആ കുട്ടികളുടെ തുടർപഠനത്തിൽ ഒരു പ്രയാസവും ഉണ്ടാക്കിയിട്ടില്ല. അവരുടെ സുരക്ഷ ഉറപ്പാക്കും വിധം വനിതാ ശിശു വികസന വകുപ്പ്, യൂണിസെഫിന്റെ സഹായത്തോടെ മാതാപിതാക്കളില്‍ രണ്ടുപേരും നഷ്ടപ്പെട്ട ഏഴ് കുട്ടികള്‍ക്ക് 10 ലക്ഷം, ഒരാൾ നഷ്ടപ്പെട്ട 17 കുട്ടികൾക്ക് അഞ്ച് ലക്ഷം രൂപ വീതം വിതരണം ചെയ്തു. പിഎം വാത്സല്യ പദ്ധതി പ്രകാരം 18 വയസുമുതൽ 21 വയസുവരെ പ്രതിമാസം 4000 രൂപ വീതം നൽകാനുള്ള സംവിധാനം ഏർപ്പെടുത്തി. വിവിധ സിഎസ്ആർ ഫണ്ടുകളിലൂടെ മൂന്ന് ലക്ഷം രൂപ 24 കുട്ടികൾക്കും വിതരണം ചെയ്യാനുള്ള നടപടികളും ജില്ലാ ഭരണകൂടം ഇടപെട്ടുകൊണ്ട് ഉണ്ടായി. നഷ്ടപ്പെട്ടതെല്ലാം തിരിച്ചുപിടിക്കുക എന്ന ലക്ഷ്യം വച്ചുകൊണ്ട് നമുക്ക് കേന്ദ്ര സർക്കാരിൽ നിന്ന് കേവലം വായ്പയായി ലഭിച്ച പണവും ഹൈക്കോടതി എസ്ഡിആർഎഫിന്റെ മാനദണ്ഡങ്ങൾ മറികടന്ന് ചെലവഴിക്കാൻ അനുമതി നൽകിയ 120 കോടിയും ഉപയോഗിച്ച് വിപുലമായ നിർമ്മാണ പ്രവർത്തനങ്ങളുടെ തയ്യാറെടുപ്പിലേക്ക് കടന്നുകഴിഞ്ഞു.
വീട് വച്ചുകൊടുക്കുക എന്ന കേവല പുനരധിവാസ പ്രക്രിയയിൽ ഒതുങ്ങുന്നതല്ല ചൂരൽമലയിലെ സർക്കാർ ഇടപെടലുകൾ. നഷ്ടപ്പെട്ട തൊഴിൽ, ജീവനോപാധികൾ എല്ലാം തിരിച്ചുപിടിക്കുന്നതിനായി ദുരന്തബാധിതർക്കൊപ്പം നിലകൊള്ളുകയാണ്. കുടുംബശ്രീയെയും തദ്ദേശ സ്വയംഭരണവകുപ്പിനെയും മുന്നിൽ നിർത്തിക്കൊണ്ട് വിപുലമായ മൈക്രോ പ്ലാൻ തന്നെ തയ്യാറാക്കിയിട്ടുണ്ട്. ഇത്രയും വലിയൊരു ദുരന്തമുണ്ടായ ഒരു സംസ്ഥാനത്തിനോടും കാണിക്കാൻ പാടില്ലാത്ത, കണ്ണിൽ ചോരയില്ലാത്ത നിലപാടാണ് കേന്ദ്രസർക്കാർ ചൂരൽമല വിഷയത്തിൽ സ്വീകരിച്ചത്. ദുരന്തമുണ്ടായ സംസ്ഥാനങ്ങൾക്ക് കേന്ദ്രസർക്കാർ ഒരു കാവൽ മാലാഖയാകണം എന്നാണ് സുപ്രീം കോടതി പ്രസക്തമായ ഒരു വിധിയിൽ പരാമർശിച്ചിട്ടുള്ളത്. കാവൽ മാലാഖയായില്ലെന്നു മാത്രമല്ല, ചെകുത്താന്റെ നിലപാടെടുത്തു എന്നുള്ളതാണ് കേന്ദ്രം ഇക്കാര്യങ്ങളിൽ ഉടനീളമെടുത്ത ഏറ്റവും പ്രധാനപ്പെട്ട പ്രത്യേകത. എസ്ഡിആർഎഫിനു പുറമെ, മാനദണ്ഡങ്ങൾ മറികടക്കുന്നതിനുള്ള അധിക സഹായം വേണം എന്നതിനൊപ്പം കേരളം ആവശ്യപ്പെട്ട രണ്ട് കാര്യങ്ങളിൽ ആദ്യത്തേത് ദുരന്തബാധിതരുടെ കടങ്ങൾ എഴുതി തള്ളണം എന്നായിരുന്നു. രണ്ടാമത്തേത് ഈ ദുരന്തത്തെ അതിതീവ്ര ദുരന്തം എന്ന നിലവാരത്തിൽ എൽ‑3 ആയി ഉൾപ്പെടുത്തണം എന്നുമായിരുന്നു. എൽ‑3 ആയി ഉൾപ്പെടുത്തുന്ന കാര്യം പരിശോധിക്കാൻ ഐഎംസിടി സംഘം ഓഗസ്റ്റ് 10ന് തന്നെ കേരളത്തിൽ വന്നിരുന്നു. ഐഎംസിടിയുടെ ശുപാർശ പരിഗണിച്ച് ചൂരൽമല ദുരന്തത്തെ എൽ‑3 ആയി ഉൾപ്പെടുത്തി എന്ന് കേരളത്തെ അറിയിച്ചില്ല. പിന്നെയും തുടർച്ചയായി കേരളം ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ ഹൈലവൽ കമ്മിറ്റി ചേർന്നതിന്റെ രണ്ട് മാസവും കഴിഞ്ഞ് ഡിസംബർ 27നാണ് അതിതീവ്ര ദുരന്തമായി ഉൾപ്പെടുത്തി എന്ന കാര്യം പറഞ്ഞത്. ഐഎംസിടി ശുപാർശ അന്നുതന്നെ അംഗീകരിച്ചിരുന്നെങ്കിൽ യുഎൻ സ്ഥാപനങ്ങളുടെയും എൻജിഒകളുടെയും അടക്കം വിവിധ ഏജൻസികളുടെ സഹായങ്ങൾ എൽ‑3 യിൽപ്പെട്ട ഒരു സംസ്ഥാനത്തിന് ലഭ്യമാകുമായിരുന്നു. കേരളത്തിന് ഒരു കാരണവശാലും അത്തരം സഹായങ്ങൾ ലഭ്യമാകരുത് എന്ന ധാരണയുടെ പുറത്താണ് അഞ്ച് മാസക്കാലം വൈകിച്ചത് എന്ന് നാം കരുതേണ്ടിവരും.
സാധാരണ നിലയിൽ കിട്ടുന്ന എസ്ഡിആർഎഫ് അല്ലാതെ ഒരു സഹായവും അനുവദിച്ചില്ല. എന്നുമാത്രമല്ല, രാജ്യം കണ്ട ഏറ്റവും വലിയ ദുരന്തസമയത്ത്, പ്രയാസത്തിലുഴലുന്ന കേരളത്തോട്, പണ്ട് പ്രളയകാലത്ത് നടത്തിയ രക്ഷാപ്രവർത്തനങ്ങള്‍ക്ക് ഉപയോഗിച്ച ഹെലികോപ്റ്റർ വാടക ഇനത്തിൽ 120 കോടി രൂപ അടിയന്തരമായി തരണം എന്ന അപമാനകരവും ശത്രുതാപരമായ നിലപാടുമാണ് കേന്ദ്രസർക്കാർ സ്വീകരിച്ചത്.
ചൂരൽമലയിലെ ദുരന്തബാധിതരുടെ കടങ്ങൾ എഴുതിത്തള്ളില്ല എന്ന കേന്ദ്രത്തിന്റെ ധിക്കാരപരമായ സമീപനത്തെ കേട്ടിരിക്കാനല്ല കേരളം ഉദ്ദേശിക്കുന്നത്. കടങ്ങൾ എഴുതി തള്ളാനുള്ള മര്യാദ കാണിക്കാതെ വന്നാൽ, ആ കടബാധിതരെ കേരള സർക്കാർ ഒറ്റപ്പെടുത്തില്ല. അവരുടെ കടങ്ങൾ ഇല്ലാതാക്കാൻ കഴിയുന്ന സഹായങ്ങൾ കൂട്ടായ ആലോചനയുടെ അടിസ്ഥാനത്തിൽ കണ്ടെത്തി ആ പ്രശ്നങ്ങൾക്ക് പരിഹാരം കാണും.
പുനരധിവാസത്തിന്റെ ഒരു ലോകമാതൃകയാണ് യഥാർത്ഥത്തിൽ ചൂരൽമല ദുരന്തവുമായി ബന്ധപ്പെട്ട് ഉണ്ടാകുന്നത്. വയനാട്ടിൽ ജന്മാവകാശമുള്ള ഭൂമി ഇത്രയധികം ഒരുമിച്ച് തരാൻ പറ്റുന്ന ഒരു ഉടമയും ഇല്ല. സർക്കാർ ഉടമസ്ഥതയിലും ഇല്ല. പ്ലാന്റേഷൻ ഭൂമികളായിരിക്കും വയനാട് പോലുള്ള ഒരിടത്ത് ഇത്തരം ആവശ്യങ്ങൾക്കായി ഉപയോഗിക്കാൻ ലഭിക്കുക. അതിന്റെ അടിസ്ഥാനത്തില്‍ പ്രാഥമികാന്വേഷണത്തിൽ ജില്ലയിലെ 25 എസ്റ്റേറ്റുകൾ കണ്ടെത്തി. അതിൽ നെടുമ്പാല എസ്റ്റേറ്റും എൽസ്റ്റോൺ എസ്റ്റേറ്റുമാണ് അടുത്തുകിടക്കുന്ന പ്രദേശങ്ങൾ എന്ന് വിലയിരുത്തി. ഒക്ടോബർ മൂന്നാം തീയതി ദുരന്തമുണ്ടായി 62-ാം ദിവസം ഈ രണ്ട് സ്ഥലങ്ങളും ഏറ്റെടുക്കാൻ കേരള മന്ത്രിസഭ തത്വത്തിൽ തീരുമാനിച്ച് വിജ്ഞാപനം പുറപ്പെടുവിക്കുകയും ചെയ്തു.
വിജ്ഞാപനത്തെ തുടർന്ന് എസ്റ്റേറ്റ് ഉടമകൾ കോടതിയെ സമീപിക്കുകയും താല്‍ക്കാലികമായി അവിടെ പ്രവേശിക്കാനുള്ള സർക്കാര്‍ നടപടിക്ക് കോടതി സ്റ്റേ നൽകുകയും ചെയ്തു. പിന്നീട് ഡിസംബർ 27നുള്ള വിധിയിലൂടെയാണ് ഹൈക്കോടതി, ഈ രണ്ട് എസ്റ്റേറ്റുകളും ഏറ്റെടുത്ത് പുനരധിവാസ നടപടികൾ മുന്നോട്ടുപോകാനുള്ള സർക്കാരിന്റെ തീരുമാനത്തെ ശരിവച്ചത്. വിധി വന്ന് നാല് ദിവസത്തിനുള്ളിൽ — ജനുവരി ഒന്നിനാണ് മന്ത്രിസഭാ യോഗം ചേർന്ന് പുനരധിവാസ നഗരത്തിന്റെ സ്കെച്ച് ഉൾപ്പടെ എല്ലാ വിശദാംശങ്ങൾക്കും അംഗീകാരം നൽകിയത്.
വിവിധങ്ങളായ വ്യവഹാരങ്ങളിൽപ്പെട്ട് നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കാനുള്ള പരിമിതി സർക്കാരിനുണ്ടായി എന്നതൊഴിച്ചാൽ, ഭൂമി ഏറ്റെടുക്കലിലോ പുനരധിവാസ പ്രവർത്തനത്തിലോ ഏതെങ്കിലും വിധത്തിലുള്ള കാലതാമസം ഉണ്ടായിട്ടില്ല എന്നത് ഈ നടപടികളൂടെ മനസിലാക്കാൻ കഴിയും.
ദുരന്തത്തിൽ വീട് പൂർണമായും തകർന്ന 402 പേരുടെ പട്ടികയാണ് ഫെയ്സ് 1 എന്ന രീതിയിൽ പുറത്തിറക്കിയത്. ഇതുമായി ബന്ധപ്പെട്ട് നിരവധി അപ്പീലുകൾ ലഭിച്ചിരുന്നു. മാനദണ്ഡങ്ങൾക്കകത്ത് ഉണ്ടായിട്ടും പട്ടികയിൽ ഉൾപ്പെട്ടില്ലെന്നും മാനദണ്ഡങ്ങള്‍ മറികടന്ന് ദുരന്തഭൂമിക്ക് ചേർന്നുള്ള തങ്ങളെയും സഹായിക്കണം എന്നാവശ്യപ്പെട്ടുമാണ് അപ്പീലുകൾ വന്നിരിക്കുന്നത്. ഇതിനെ മനുഷ്യത്വപരമായി കാണണം എന്നാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്. ദുരന്തബാധിതരായ ഒരാളെയും പുനരധിവസിപ്പിക്കാതിരിക്കുകയോ ഒറ്റപ്പെടുത്തുകയോ ചെയ്യില്ല.
ഏപ്രിൽ 13നാണ് ടൗൺഷിപ്പിൽ നിർമ്മാണപ്രവർത്തനങ്ങൾ ആരംഭിക്കാൻ കഴിഞ്ഞത്. കനത്ത മഴയുണ്ടായിട്ടും അഞ്ച് സോണുകൾ നിശ്ചയിച്ചതിൽ മൂന്നിലും ഒരേ സമയം നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ച് പൂർത്തിയായി വരികയാണ്. 107 വീടുകളുടെ നിർമ്മാണത്തിന്റെ പ്രാഥമിക ഘട്ടം പിന്നിട്ടു. 2025 ഡിസംബറിനകത്ത് വീടുകളുടെയും 2026 മാർച്ച് മാസത്തിനകം റോഡുകൾ ഉൾപ്പടെ മറ്റ് സംവിധാനങ്ങളുടെയും നിർമ്മാണം പൂർത്തിയാക്കാന്‍ കഴിയുംവിധമുള്ള നടപടികളാണ് അതിവേഗം തുടരുന്നത്. മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും അംഗങ്ങളായിട്ടുള്ള ഉപദേശക സമിതിയും അതിനുകീഴിൽ മൂന്ന് പ്രത്യേക സമിതികളും നിയമിച്ച് എല്ലാ പ്രവർത്തനങ്ങളും വിലയിരുത്തിവരുന്നുണ്ട്. ഐഎഎസ് ഉദ്യോഗസ്ഥനായ ഒരു സ്പെഷൽ ഓഫിസറും പ്രവർത്തിക്കുന്നു.
നാം ഇതുവരെ കണ്ടിട്ടില്ലാത്ത, അനുഭവങ്ങളേതുമില്ലാത്ത ഒരു പുനരധിവാസ പ്രവർത്തനങ്ങളാണ് ചൂരൽമലയിൽ നടക്കുന്നത്. ഈ പുതിയ നഗരം കേരളത്തിന്റെ ചരിത്രത്തിലെ ആദ്യത്തെ മോഡലാണ്. ഈ സർക്കാരിനെ സഹായിക്കാൻ മനസുതുറന്ന് രംഗപ്രവേശം ചെയ്ത ലക്ഷക്കണക്കായ സാധാരണ ജനങ്ങളുടെ കരുത്തും വികാരങ്ങളും ഉപയോഗിച്ച് അതിവേഗം ഈ പുനരധിവാസ പ്രവർത്തനങ്ങൾ സാധ്യമാക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.