7 November 2024, Thursday
KSFE Galaxy Chits Banner 2

മറവിയെ മറക്കാം ഓര്‍മ്മത്തോണിയില്‍

ഡോ. ആർ ബിന്ദു
ഉന്നതവിദ്യാഭ്യാസ — സാമൂഹ്യനീതി മന്ത്രി
September 21, 2024 4:25 am

ജനസംഖ്യയുടെ 12.6 ശതമാനം 65 വയസിൽ കൂടുതൽ പ്രായമുള്ളവരാണ് കേരളത്തിൽ. പ്രായമേറുന്തോറും വിവിധങ്ങളായ ശാരീരിക ബുദ്ധിമുട്ടുകളും മാനസികപ്രയാസങ്ങളും മറ്റു പ്രശ്നങ്ങളും വന്നുചേരുന്നവരാണ് ഭൂരിഭാഗവും. ഈ പ്രയാസങ്ങളിൽ ഏറെ ഗൗരവമായ വ്യക്തിഗത‑സാമൂഹ്യ പ്രയാസങ്ങൾ സൃഷ്ടിക്കുന്ന അവസ്ഥയാണ് മേധാക്ഷയം, ഡിമെന്‍ഷ്യ തുടങ്ങിയ പേരുകളിൽ അറിയപ്പെടുന്ന ഓർമ്മക്കുറവ്. അൽഷിമേഴ്സ് രോഗത്തെക്കുറിച്ച് അവബോധം വളർത്തുന്നതിനായി എല്ലാ വർഷവും സെപ്റ്റംബർ 21ന് ലോക അൽഷിമേഴ്സ് ദിനം ആചരിക്കുന്നു. രോഗാവസ്ഥയെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിലൂടെയും ബോധവല്‍ക്കരിക്കുന്നതിലൂടെയും, ‘ന്യൂറോളജിക്കൽ ഡിസോഡർ’ ബാധിച്ച ഇത്തരം ആളുകളെ കൈകാര്യം ചെയ്യാനും ആസ്വാദ്യകരമായ ജീവിതം നയിക്കാൻ സഹായിക്കാനും നമുക്കാകും.
പലരും പ്രായത്തിന്റെ സ്വാഭാവിക പരിണാമം എന്ന രീതിയിൽ ഡോക്ടർമാരെ കാണുകയോ പ്രതിവിധികൾ തേടുകയോ ചെയ്യാറില്ല. വീട്ടിലെ മുതിർന്നവർക്കു വരുന്ന ഓർമ്മക്കുറവ് പെരുമാറ്റ രീതികളിൽ നിന്ന് കുടുംബാംഗങ്ങൾക്ക് മനസിലാക്കാനാവും. എന്നാൽ, മിക്കപ്പോഴും ഇതിനെ ഗൗരവമായിക്കണ്ട് ആവശ്യമായ ഇടപെടൽ പ്രവർത്തനങ്ങൾ നടത്താൻ അധികമാരും തുനിയാറില്ല. ഡിമെൻഷ്യ അടക്കമുള്ള മിക്ക വാർധക്യസഹജ ബുദ്ധിമുട്ടുകളും നേരത്തെ കണ്ടുപിടിക്കുകയാണെങ്കിൽ അനുയോജ്യമായ ഇടപെടലുകളും ഔഷധങ്ങളും വഴി അവയുടെ വളർച്ച കുറയ്ക്കാനും ഓർമ്മക്കുറവു മൂലം ഉണ്ടാകുന്ന പെരുമാറ്റവെെകല്യങ്ങളുടെ തീവ്രത കുറയ്ക്കാനും കഴിയും.
സമീപകാല സംഭവങ്ങളുടെ മറവി, പുതിയ കാര്യങ്ങൾ മനസിലാക്കാൻ കഴിയാത്ത അവസ്ഥ, ഏകാഗ്രത നഷ്ടപ്പെടൽ, സംസാരത്തിലെ ആവർത്തനം തുടങ്ങിയ ലഘു ലക്ഷണങ്ങളിൽ തുടങ്ങി കൂടുതൽ ഗുരുതരമായ അവസ്ഥകളിലേക്ക് എത്തിച്ചേരലാണ് മിക്കപ്പോഴും ഡിമെൻഷ്യ ബാധിതരിൽ കാണുന്നത്. സമയത്തിന് തിരിച്ചറിഞ്ഞാൽ ഒന്നും രണ്ടും മൂന്നും ഘട്ട പ്രതിരോധസമീപനങ്ങൾ സ്വീകരിക്കാനാവും. ഇങ്ങനെ ലഘുവായ ഡിമെൻഷ്യ അവസ്ഥയിൽ (മൈൽഡ് ഡിമെൻഷ്യ) നിന്നും ഗുരുതര (സിവിയർ ഡിമെൻഷ്യ) അവസ്ഥയിലേക്കുള്ള വളർച്ച നിയന്ത്രിക്കാൻ കഴിയും എന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു.
കേരളത്തിൽ 65 വയസിന് മുകളിലുള്ള നൂറില്‍ അഞ്ച് പേർക്കെങ്കിലും മറവിരോഗമുണ്ടെന്നാണ് അനൗദ്യോഗിക പഠനങ്ങൾ പറയുന്നത്. 85നു മുകളില്‍ പ്രായമുള്ളവരില്‍ പകുതിപ്പേര്‍ക്കും രോഗസാധ്യതയുണ്ട്. രോഗികളെ കൃത്യമായി കണ്ടെത്തേണ്ടതും പരിചരണം ഉറപ്പാക്കേണ്ടതും രോഗികൾക്ക് മാത്രമല്ല, പരിചരിക്കുന്നവർക്കും നിർണായകമാണ്.
പ്രാരംഭലക്ഷണങ്ങൾ കാണുമ്പോൾത്തന്നെ അനുയോജ്യമായ ഇടപെടലുകൾ നടത്തുകയും പരിചരണം സംബന്ധിച്ച് കുടുംബാംഗങ്ങൾക്ക് ആവശ്യമായ അറിവും പരിശീലനവും നൽകുകയും ചെയ്യലാണ് പരിഹാരം. ഇത് സാധ്യമാക്കാനാണ് കേരള സർക്കാർ സാമൂഹ്യനീതി വകുപ്പ് ‘ഡിമെൻഷ്യ സൗഹൃദ കേരളം’ പദ്ധതിയിൽ ഊന്നൽ നൽകിയിരിക്കുന്നത്.
ഡിമെൻഷ്യ/അൽഷിമേഴ്സ് ബാധിതരായ വയോജനങ്ങൾക്കായി കേരള സാമൂഹ്യസുരക്ഷാ മിഷൻ മറ്റു വകുപ്പുകളുടെ സഹകരണത്തോടെ സാമൂഹ്യനീതി വകുപ്പിനുകീഴിൽ നടപ്പാക്കുന്ന നൂതന പദ്ധതിയാണ് ‘ഓർമ്മത്തോണി’ (ഡിമെൻഷ്യ സൗഹൃദ കേരളം). പദ്ധതിയുടെ ഭാഗമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ മെമ്മറി ക്ലിനിക്കുകൾ ആരംഭിക്കുകയും ഡിമെൻഷ്യ ബാധിതർക്കുള്ള വിദഗ്ധ ചികിത്സ ഉറപ്പാക്കുകയും ചെയ്യുന്നു.
ആരോഗ്യപ്രശ്നം എന്നതിനൊപ്പം സാമൂഹ്യപ്രശ്നമായി കണ്ട് സംസ്ഥാനത്തെ മുഴുവൻ ഡിമെൻഷ്യ ബാധിതരെയും കണ്ടെത്തി അനുയോജ്യമായ സേവനങ്ങൾ ലഭ്യമാക്കാനാണ് ‘ഓർമ്മത്തോണി’ പദ്ധതിക്ക് സാമൂഹ്യനീതി വകുപ്പ് തുടക്കം കുറിച്ചത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, വിവിധ വകുപ്പുകൾ, ആരോഗ്യ സർവകലാശാല തുടങ്ങിയവയുടെ സഹകരണത്തോടെയാണ് ഓര്‍മ്മത്തോണിയുടെ നിർവഹണം കേരള സാമൂഹ്യസുരക്ഷാ മിഷൻ ഏറ്റെടുക്കുന്നത്. ഈ സാമ്പത്തിക വർഷം ‘ഇതിന്റെ പ്രവർത്തനങ്ങൾക്കായി 92 ലക്ഷം രൂപയുടെ ഭരണാനുമതി നൽകിക്കഴിഞ്ഞു.
‘വയോമിത്രം’ പദ്ധതിക്ക് കീഴിലെ ഡോക്ടർമാർ, ജീവനക്കാർ, നഗര തദ്ദേശ സ്ഥാപനങ്ങളിലെ ആശാവർക്കർമാർ എന്നിവർക്ക് ഡിമെന്‍ഷ്യ സംബന്ധിച്ച് പരിശീലനം നൽകും. ആരോഗ്യവകുപ്പ്, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ്, ആരോഗ്യ സർവകലാശാല എന്നിവയുടെ ആഭിമുഖ്യത്തിൽ ഈ മേഖലയിൽ പ്രവർത്തിക്കുന്ന വിദഗ്ധരുൾപ്പെട്ട സംസ്ഥാനതല റിസോഴ്സ് ഗ്രൂപ്പാണ് പരിശീലനം നൽകുക. ഒക്ടോബർ പകുതിയോടെ തൃശൂർ, തിരുവനന്തപുരം ജില്ലയിലെ ആശാപ്രവർത്തകർക്ക് ആരോഗ്യ വകുപ്പിന്റെ സഹകരണത്തിൽ ഡിമെൻഷ്യ ബാധിതരെ കണ്ടെത്തുന്നതിനുള്ള പരിശീലനം നൽകും. ശേഷം എല്ലാ ജില്ലകളിലെയും ആശാപ്രവർത്തകർക്കുള്ള പരിശീലനം വ്യാപിപ്പിക്കും.
പരിശീലനത്തിന്റെ ഭാഗമായി ഡിമെൻഷ്യ ബാധിതർക്കും കെയർടേക്കർമാർക്കും ഈ മേഖലയിൽ പ്രവർത്തിക്കുന്ന സാമൂഹ്യപ്രവർത്തകർക്കും പരിചരണത്തെക്കുറിച്ചുള്ള വിശദവിവരങ്ങൾ ഉൾപ്പെടുത്തിയ സാമഗ്രികൾ തയ്യാറാക്കി നൽകും. രോഗം സംബന്ധിച്ച അവബോധത്തിനും പരിശീലനത്തിനും സഹായകമായ പ്രചരണ ഉപാധികളും ഇതിനൊപ്പം തയ്യാറാക്കും. സംസ്ഥാനത്തെ 91 വയോമിത്രം യൂണിറ്റുകൾ കേന്ദ്രീകരിച്ച് സ്ക്രീനിങ്, ആരോഗ്യവകുപ്പിന്റെ സഹകരണത്തോടെ മെമ്മറി ക്ലിനിക്കുകൾ, ആവശ്യമുള്ളവർക്ക് മരുന്ന് ലഭ്യമാക്കൽ തുടങ്ങിയ പരിപാടികളാണ് ഈ വർഷം തുടക്കമിട്ടിരിക്കുന്നത്. ഓർമ്മത്തോണി ക്ലിനിക്കുകൾ നവംബർ ആദ്യശനിയാഴ്ച മുതൽ എല്ലാ വയോമിത്രം യൂണിറ്റുകളിലും ആരംഭിക്കും
ഓർമ്മത്തോണിയുടെ ഭാഗമായി ഡിമെൻഷ്യ ബാധിതരായ വയോജനങ്ങൾക്കുവേണ്ടി ഡേ കെയർ സെന്റർ തൃശൂർ, തിരുവനന്തപുരം ജില്ലകളിൽ ഉടൻ ആരംഭിക്കും. സെന്റർ തുടങ്ങുന്നതിനുള്ള താല്പര്യം പ്രകടിപ്പിച്ച തിരുവനന്തപുരം ജില്ലാ പഞ്ചായത്തിനും തൃശൂർ ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്തിനും ഇതിനായുള്ള അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കി നൽകും. ഒല്ലൂക്കരയിൽ ഡേ കെയർ സെന്ററിനായി കെട്ടിടം തന്നെ നൽകിക്കഴിഞ്ഞു. പദ്ധതിയുടെ ഭാഗമായി രോഗബാധിതര്‍ക്കും അവരെ പരിചരിക്കുന്ന കുടുംബാംഗങ്ങള്‍ക്കും വേണ്ടി ഹെല്‍പ്പ്‌ലൈൻ സംവിധാനം ഒരുക്കും. അതിനായുള്ള തയ്യാറെടുപ്പുകൾ നടന്നുവരികയാണ്.
അൽഷിമേഴ്സ്, ഡിമെൻഷ്യ അഥവാ മേധാക്ഷയം എന്ന രോഗത്തെക്കുറിച്ചുള്ള ശരിയായ വിവരങ്ങൾ, രോഗിയുടെ സവിശേഷതകൾ ഇവയൊക്കെ ഉൾക്കൊണ്ട് ശരിയായ രീതിയിലുള്ള പരിചരണം ഉറപ്പാക്കുക എന്നത് അതിപ്രധാനമാണ്. ഇതിന് വിദഗ്ധരുടെ സഹായം തേടേണ്ടതുണ്ട്. ഇതോടൊപ്പം തന്നെ അൽഷിമേഴ്സ് ബാധിതരും അവരുടെ ബന്ധുക്കളും അനുഭവിക്കുന്ന പ്രയാസങ്ങൾ ലഘൂകരിക്കുന്നതിനുവേണ്ടിയുള്ള സഹായങ്ങളും സാന്ത്വനങ്ങളും അനിവാര്യമാണ്. കേരള സർക്കാർ സാമൂഹ്യനീതി വകുപ്പ്, കേരള സോഷ്യൽ സെക്യൂരിറ്റി മിഷൻ, അൽഷിമേഴ്സ് ആന്റ് റിലേറ്റഡ് ഡിസോസേഴ്സ് സൊസൈറ്റി ഓഫ് ഇന്ത്യ എന്നിവ കൈകോർത്തുകൊണ്ട് ‘സ്മൃതിപഥം’ എന്ന സംരംഭവും നടത്തിവരുന്നുണ്ട്.
ഒരിക്കലും അൽഷിമേഴ്സ്/ ഡിമെൻഷ്യ ബാധിതരെ അവഗണിക്കാതിരിക്കുക. അവരുടെ നിസഹായാവസ്ഥ നാം മനസിലാക്കി അവരെയും കുടുംബാംഗങ്ങളേയും ചേർത്ത് നിർത്തുക. ഡിമെൻഷ്യ ചികിത്സിച്ചു മാറ്റാൻ കഴിയില്ലെങ്കിലും കൃത്യമായ പരിചരണത്തിലൂടെ ലക്ഷണങ്ങളുടെ തീവ്രത കുറയ്ക്കാനും ബാധിക്കപ്പെട്ടവരുടെ ബുദ്ധിമുട്ടുകൾ ലഘൂകരിക്കാനും സാധിക്കണം. സർക്കാരും സാമൂഹ്യനീതി വകുപ്പും കൂടെയുണ്ട്. 

TOP NEWS

November 7, 2024
November 7, 2024
November 7, 2024
November 7, 2024
November 7, 2024
November 7, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.