23 December 2024, Monday
KSFE Galaxy Chits Banner 2

പഠിക്കൂ! പരീക്ഷയെ പ്രണയിക്കാൻ!! ഇനി പരീക്ഷാകാലം

ഹബീബ് റഹ്‌മാന്‍
March 4, 2023 4:02 am

ഇനി പരീക്ഷാകാലം. കുട്ടികളും രക്ഷിതാക്കളും അധ്യാപകരും ഏറെ പിരിമുറുക്കത്തിലും സമ്മർദത്തിലുമാകുന്ന സന്ദർഭം. നാട്ടുകാർ പോലും പദ്ധതികളും പരിപാടികളുമൊക്കെ അതിനനുസരിച്ച് മാറ്റം വരുത്തുന്നു. യഥാർത്ഥത്തിൽ പരീക്ഷയെ ഇത്രമാത്രം ഭയപ്പാടോടെയും ടെൻഷനോടെയും സമീപിക്കേണ്ടതുണ്ടോ? ഒരു ഘട്ടത്തിൽ നിന്ന് മറ്റൊരു ഘട്ടത്തിലേക്കുള്ള, ഒരവസരത്തിൽ നിന്ന് കൂടുതൽ അനുയോജ്യമായ മറ്റൊരവസരത്തിലേക്കുള്ള സന്ദർഭമൊരുക്കുകയല്ലേ പരീക്ഷകൾ ചെയ്യുന്നത്. നിലവിലെ വിദ്യാഭ്യാസ സമ്പ്രദായവും പരീക്ഷാ രീതിയുമൊക്കെ പരിഗണിക്കുമ്പോൾ അത്ര ലാഘവത്തോടെയും നിസാരമായും പരീക്ഷകളെ തള്ളിക്കളയാനുമാകില്ല. ഒരാളുടെ കരിയർ, അവസരങ്ങൾ, വരുമാനം, ജീവിതം ഇവയുടെയെല്ലാം അടിസ്ഥാനം പരീക്ഷയിലെ ഉന്നതവിജയമാണ്. അതിനാൽ തന്നെ മാനസികമായും ശാരീരികമായും ബുദ്ധിപരമായും ഏറെ കരുതലോടെ കാണേണ്ട കാലമാണ് പരീക്ഷാകാലം. പരീക്ഷയെ ആത്മവിശ്വാസത്തോടെയും ധൈര്യത്തോടെയും അഭിമുഖീകരിക്കുകയും അതിനായുള്ള ഒരുക്കങ്ങളും തയ്യാറെടുപ്പുകളും യഥോചിതം നടത്തുകയും ചെയ്യേണ്ടതുണ്ട്. അതിനർത്ഥം അമിതമായ ടെൻഷനോ ബേജാറോ വേണമെന്നല്ല. മാത്രമല്ല, ആവശ്യമില്ലാത്ത ആശങ്കകളും സമ്മർദങ്ങളും പരീക്ഷയെയും അതിനായുള്ള ഒരുക്കത്തെയും പ്രതികൂലമായി ബാധിക്കുകയും ചെയ്യും.

 


ഇതുകൂടി വായിക്കു: വീട്ടമ്മമാരുടെ അന്തസുയര്‍ത്തുന്ന കോടതിവിധി


പരീക്ഷ കുട്ടികൾക്കാണെങ്കിലും പല രക്ഷിതാക്കൾക്കും വീട്ടുകാർക്കുമത് പരീക്ഷണ കാലമാണ്. യഥാർത്ഥത്തിൽ പരീക്ഷാകാലം കുട്ടികൾക്ക് ശാന്തിയും സമാധാനവും കൂടുതൽ ലഭിക്കേണ്ട, ആത്മവിശ്വാസം വർധിക്കേണ്ട കാലമാണ്. പല രക്ഷിതാക്കളും വീട്ടുകാരും നാട്ടുകാരും കുട്ടികൾക്ക് ഇത് നൽകുന്നുണ്ടോ എന്ന് നാം ആലോചിക്കണം. പരീക്ഷയിൽ ഉണ്ടാവുന്ന മാർക്കിന്റെയോ ഉന്നത വിജയത്തിന്റെയോ അടിസ്ഥാനത്തിലല്ല അവരോടുള്ള സ്നേഹമെന്നും വിജയവും പരാജയവുമൊക്കെ സ്വാഭാവികമാണെന്നും അവരെ ബോധ്യപ്പെടുത്തണം. വീട്ടിൽ തമാശയും ചിരിയും കുട്ടികൾക്കിഷ്ടപ്പെട്ട നല്ല ഭക്ഷണവുമൊക്കെ ഒരുക്കി നല്ല സംതൃപ്തി നിറഞ്ഞ പ്രസന്നാന്തരീക്ഷം നിലനിർത്തണം. വിദ്യാർത്ഥികൾക്ക് എപ്പോഴും സമ്മർദരഹിത മനസും അത്യുത്സാഹവുമാണ് ഉണ്ടാവേണ്ടത്. അതിനനുയോജ്യമായ നല്ല ഭക്ഷണവും അന്തരീക്ഷവും അവർക്കാവശ്യമാണ്. പരീക്ഷാകാലത്ത് വിശേഷിച്ചും. ശുദ്ധ വായു ലഭിക്കുന്ന സ്ഥലം തെരഞ്ഞെടുത്ത് ദീർഘശ്വസനത്തിലൂടെ തലച്ചോറിലേക്കുള്ള ഓക്സിജൻ പ്രവാഹം മെച്ചപ്പെടുത്തണം. ദിവസവും കുറഞ്ഞത് 15 മിനിറ്റ് നേരമെങ്കിലും പ്രകൃതി രമണീയമായ സ്ഥലത്തിരിക്കുകയോ പാട്ടു കേൾക്കുകയോ ധ്യാനിക്കുകയോ ചെയ്തുകൊണ്ട് റിലാക്സ് ആവണം. അമിത ആശങ്കകൾ ഇല്ലാതെ പരീക്ഷ ആത്മവിശ്വാസത്തോടെ നേരിടുമെന്ന് മനസിൽ ഉറപ്പിക്കുകയും പരീക്ഷ നന്നായി എഴുതുന്നതും ഉന്നത വിജയം കരസ്ഥമാക്കുന്നതുമൊക്കെ മനസിൽ കാണുകയും ചെയ്യുക. നിങ്ങളെ സ്വയം വിശ്വാസത്തിൽ എടുത്തുകൊണ്ട്, നിങ്ങളെ ഏറ്റവും നന്നായി അറിയുന്ന വ്യക്തി നിങ്ങൾ തന്നെയാണെന്ന ബോധ്യത്തോടെ പഠിക്കുകയും പരീക്ഷക്കായി തയ്യാറെടുക്കുകയും ചെയ്യുക. നല്ല ചിന്തകളും നല്ല ലക്ഷ്യങ്ങളും മനസിൽ കരുപ്പിടിപ്പിക്കുക. ഒപ്പം നല്ല ശീലങ്ങളും സമയ നിഷ്ഠയും ചിട്ടയായ പഠന രീതികളും പിന്തുടരുക. ലോകത്ത് നന്മയും നേട്ടങ്ങളും കരസ്ഥമാക്കുകയും വിതറുകയും ചെയ്ത മഹത്തുക്കളെ ഓർക്കുകയും അവരെപ്പോലെയാകണമെന്ന ദൃഢനിശ്ചയം മനസിലുറപ്പിക്കുകയും ചെയ്യുക.

പരീക്ഷയുടെ തലേദിവസം ഉറക്കമിളച്ചും ഭക്ഷണം ഉപേക്ഷിച്ചും അമിത സമ്മർദത്തോടെയും പഠിക്കുന്ന രീതി ഒഴിവാക്കണം. പരീക്ഷക്കുവേണ്ടിയുള്ള എല്ലാ സാധന സാമഗ്രികളും എടുത്തുവച്ച് പരീക്ഷാതലേന്ന് നന്നായി ഉറങ്ങണം. നേരത്തെ എഴുനേറ്റ് പ്രഭാത കൃത്യങ്ങൾക്ക് ശേഷം പ്രതീക്ഷാനിർഭരമായ മനസോടെ പുറപ്പെടുക. പരീക്ഷാ ഹാളിൽ നല്ല ശുദ്ധജല ലഭ്യത ഉറപ്പ് വരുത്തണം. മധുരമുള്ള ചോക്ലേറ്റുകളോ മിഠായികളോ വായിലിടുന്നത് ടെൻഷനും ബേജാറും കുറക്കാൻ സഹായിക്കും. മറ്റുള്ളവർക്ക് ശല്യമാകില്ലെങ്കിലും പരീക്ഷാ ഇൻവിജിലേറ്ററുടെ സമ്മതമുണ്ടെങ്കിലും നിങ്ങൾക്കിഷ്ടപ്പെട്ട ലൈറ്റ് മ്യൂസിക് വയ്ക്കുന്നത് നന്നാവും.  ഉത്തരത്തെക്കാൾ പ്രധാനമാണ് ചോദ്യം ശരിക്ക് മനസിലാക്കുക എന്നത്. അതിനാൽ ചോദ്യപേപ്പർ കയ്യിൽ കിട്ടിയാലുടൻ ശ്രദ്ധാപൂർവം വായിച്ച് മനസിലാക്കണം. എളുപ്പമുള്ള ഉത്തരങ്ങൾ ചോദ്യനമ്പർ തെറ്റാതെ ആദ്യമെഴുതാം.

 


ഇതുകൂടി വായിക്കു: ഭരണകൂടത്തിന് ഭ്രാന്തുപിടിച്ചപ്പോൾ


 

പരീക്ഷ എന്നാൽ നിങ്ങളെ തെരഞ്ഞുപിടിച്ച് തോൽപ്പിക്കാനുള്ള പരിപാടിയല്ലെന്നും നിങ്ങൾക്ക് എന്തൊക്കെ അറിയാമെന്നു പരീക്ഷിക്കുകയാണെന്നും അല്ലാതെ, എന്തൊക്കെ അറിയില്ലെന്ന് പരീക്ഷിക്കുകയല്ല ‘പരീക്ഷ’യെന്നും മനസിലുണ്ടായിരിക്കണം. നിങ്ങളുടെ ഉത്തരങ്ങളിൽ ശരി അൽപ്പമെങ്കിലും ഉണ്ടെങ്കിൽ അതിനു മാർക്ക് തരുകയാണ് അധ്യാപകർ ചെയ്യുന്നത്; അല്ലാതെ ഉത്തരങ്ങളിൽനിന്ന് തെറ്റുകൾ കണ്ടുപിടിച്ച് നിങ്ങളെ തോല്പിക്കാനിരിക്കുന്നവരല്ല അധ്യാപകരെന്നോർക്കുക. ചില ചോദ്യങ്ങളുടെ ഉത്തരങ്ങൾ മറന്നുപോയതായനുഭവപ്പെട്ടാൽ ഒരല്പനേരം കണ്ണടച്ചിരുന്ന് ദീർഘശ്വാസം വിടുക. മിക്കവാറും അതോർമ്മ വരും. ഇങ്ങനെ ശാന്തമായും സമാധാനപൂർവവും പരീക്ഷയെഴുതി പരീക്ഷാസമയം കഴിഞ്ഞതിന് ശേഷം മാത്രം പുറത്തുകടക്കുക. എഴുതാത്തതിനെക്കുറിച്ചോ തെറ്റിയതിനെക്കുറിച്ചോ ഒട്ടുമേ ചർച്ച ചെയ്യുകയോ പരിഭവപ്പെടുകയോ ചെയ്യരുത്. അതുകൊണ്ട് ഒരു കാര്യവുമില്ല. ആ സമയം കൂടി അടുത്ത വിഷയത്തിനായി ഉപയോഗപ്പെടുത്തുക.  പരീക്ഷകളൊന്നും തന്നെ ജീവിതത്തിന്റെ അവസാന വാക്കല്ലെന്നും ജീവിതത്തിൽ നേരിടാനുള്ള അനേകം പരീക്ഷണങ്ങളിൽ വളരെ ലളിതമായ ഒന്നുമാത്രമാണ് വിദ്യാർത്ഥി കാലഘട്ടത്തിലെ പരീക്ഷകളെന്നും തിരിച്ചറിയണം. കുടുംബജീവിതത്തിലും തൊഴിൽജീവിതത്തിലും സാമൂഹ്യ ജീവിതത്തിലുമെല്ലാം വിദ്യാഭ്യാസജീവിതത്തിലേതുപോലുള്ള നിരവധി പരീക്ഷകളെ അതിജീവിക്കാനുള്ളതാണെന്നു മനസിലാക്കിയാൽത്തന്നെ പരീക്ഷയെക്കുറിച്ചുള്ള അമിത ടെൻഷൻ ഒഴിവാകും. എല്ലാവര്‍ക്കും പരീക്ഷകളിലും ജീവിതത്തിലും ഉന്നത വിജയങ്ങളാശംസിക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.