2 January 2025, Thursday
KSFE Galaxy Chits Banner 2

ഫാസിസ്റ്റ് വേട്ടയിലൂടെ ജനങ്ങളെ കീഴ്പ്പെടുത്താനാവില്ല

സത്യന്‍ മൊകേരി
October 14, 2021 5:46 am

ജീവിക്കാനുള്ള അവകാശം നിഷേധിക്കുന്ന കേന്ദ്ര നയങ്ങള്‍ക്കെതിരായി തെരുവില്‍ ഇറങ്ങി പ്രതിഷേധിക്കുന്ന കര്‍ഷകര്‍ക്കെതിരെ ബിജെപിയും സംഘപരിവാര്‍ശക്തികളും പൊലീസും ചേര്‍ന്ന് ഭീകരമായ മുറകളും അക്രമങ്ങളുമാണ് നടത്തുന്നത്. ഏറ്റവുമൊടുവില്‍ കര്‍ഷകര്‍‌ക്കെതിരെ നടത്തിയ ഭീകരമായ ആക്രമണം യുപിയിലെ ലഖിംപൂര്‍ ഖേരിയിലാണ്.‍ ലഖിംപൂര്‍ഖേരി നേപ്പാള്‍ അതിര്‍ത്തിക്കടുത്താണ്. കൃഷി ചെയ്തു ജീവിക്കുന്നവരാണ് ജനങ്ങളില്‍ അധികവും.

കര്‍ഷകദ്രോഹ നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് രാജ്യവ്യാപകമായി നടക്കുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി ലഖിംപൂര്‍ ഖേരിയിലും പ്രതിഷേധം നടന്നു. ആയിരക്കണക്കായ കര്‍ഷകര്‍ ബാനറും പ്ലക്കാര്‍ഡുകളുമായി പ്രതിഷേധിക്കുന്ന സ്ഥലത്തേക്കാണ് കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്ര തന്റെ വാഹനവ്യൂഹം കയറ്റി, കര്‍ഷകരെ വധിച്ചത്. നാല് കര്‍ഷകരും ഒരു പത്രപ്രവര്‍ത്തകനും ഈ സംഭവത്തില്‍ കൊല്ലപ്പെട്ടു. മറ്റ് മൂന്നുപേരും കൊല്ലപ്പെട്ടു. സമരം ചെയ്യുന്നവരെ കെെകാര്യം ചെയ്യുമെന്ന് കേന്ദ്രമന്ത്രിയും മകനും നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നതാണ്.

സമരം ചെയ്യുന്ന കര്‍ഷകരെ വാഹനവ്യൂഹം കയറ്റി കൊലപ്പെടുത്തിയ കേന്ദ്രമന്ത്രിയുടെ മകനെ സംരക്ഷിക്കുന്ന നിലപാടാണ് യുപി ഗവണ്‍മെന്റും മുഖ്യമന്ത്രി യോഗി ആദിത്യനാഥും സ്വീകരിച്ചത്. കുറ്റവാളികളെ അറസ്റ്റ് ചെയ്യുന്നതിനോ, നിയമത്തിന് മുന്നില്‍ കൊണ്ടുവരുന്നതിനോ തയാറാകാതെ പ്രതികളെ സംരക്ഷിക്കാനും അവര്‍ കുറ്റമൊന്നും ചെയ്തിട്ടില്ല എന്ന നിലപാടും യുപി മുഖ്യമന്ത്രി സ്വീകരിച്ചു. കൊലപാതകിയായ ആശിഷ് മിശ്രക്ക് വിഐപി പരിഗണന നല്‍കി. പൊലീസിന്റെ നടപടിക്കെതിരായി ജനങ്ങള്‍ ഒന്നടങ്കം രംഗത്തുവന്നു. കൊലപാതകിയായ ആശിഷ് മിശ്രയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെ‍ട്ട് ജനങ്ങള്‍ പ്രക്ഷോഭങ്ങള്‍ ആരംഭിച്ചു. യുപി, ഹരിയാന, പഞ്ചാബ് സംസ്ഥാനങ്ങളിലും രാജ്യത്തിന്റെ വിവിധ മേഖലകളിലും ശക്തമായ ജനകീയ ഇടപെടലുകളാണ് ഉണ്ടായത്. കര്‍ഷകസമരത്തെ ഗുണ്ടാവിളയാട്ടം നടത്തി തളര്‍ത്താന്‍ ആകില്ല എന്ന മുന്നറിയിപ്പാണ് ജനങ്ങള്‍ നല്കിയത്. യുപി പൊലീസിന്റെ പക്ഷപാതപരമായ നിലപാടിനെതിരെ പ്രതിഷേധം ആളിക്കത്തി.

കേന്ദ്രമന്ത്രി ശ്രീ അജയ് മിശ്രയുടെ ക്രിമിനല്‍ പശ്ചാത്തലം ഇതിനകം ദേശീയ മാധ്യമങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്. യുപിയിലെ ടിക്കോണിയയിലെ സമാജ്‌വാദി പാര്‍ട്ടിയുടെ യുവനേതാവായിരുന്ന രാജുവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് അജയ് മിശ്ര. ഗുണ്ടാസംഘത്തെ ഉപയോഗിച്ച് തനിക്ക് ഇഷ്ടമില്ലാത്തവരെ ഇല്ലാതാക്കുക എന്നതാണ് മിശ്രയുടെ ശെെലി. മകനും അച്ഛന്റെ വഴി തന്നെ സ്വീകരിച്ചു. കര്‍ഷക കൂട്ടത്തിലേക്ക് വാഹനം കയറ്റി കൊലപ്പെടുത്താന്‍, മകന് പ്രേരണ കിട്ടിയത് മന്ത്രിയായ അച്ഛനില്‍ നിന്നും തന്നെയാണ്.

ബിജെപി സംഘപരിവാര്‍ സംഘടനകളുടെ ദേശീയ നേതൃത്വം കേന്ദ്രമന്ത്രി മിശ്രയേയും മകനേയും വെള്ളപൂശാനുള്ള ശ്രമം നടത്തി. യുപി പൊലീസ് കുറ്റവാളികള്‍ക്ക് പൂര്‍ണ സംരക്ഷണം നല്കുകയായിരുന്നു.

പ്രതിഷേധിക്കുന്നവരെ അടിച്ചമര്‍ത്താന്‍ പൊലീസിന് എല്ലാ അധികാരങ്ങളും നല്കി. ലഖിംപൂര്‍ ഖേരി പ്രദേശത്ത് ദിവസങ്ങളോളം ഇന്റര്‍നെറ്റ് കണക്ഷന്‍ വിഛേദിച്ചു. ജനങ്ങളുടെ യാത്ര തടസപ്പെടുത്തുവാന്‍ വാഹനങ്ങള്‍ നിരോധിച്ചു. യുപിയിലെ നിരവധി പ്രദേശങ്ങളില്‍ ബാരിക്കേഡുകള്‍ ഉയര്‍ത്തിയും പൊലീസിനെയും അര്‍ധസെെനിക വിഭാഗത്തെയും അണിനിരത്തിയും ഭീകരാവസ്ഥ സൃഷ്ടിച്ചു. യുപി ഭരണകൂടം ഇതിനെല്ലാം നേരിട്ട് നേതൃത്വം നല്കി. ഇതിനെയെല്ലാം അതിജീവിച്ചാണ് ജനങ്ങള്‍ പ്രതിഷേധവുമായി രംഗത്തുവന്നത്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും ബഹുജനസംഘടനകളും ഇടതുപക്ഷ പാര്‍ട്ടികളും വിവിധ സംഘടനകളും കോണ്‍ഗ്രസ്, സമാജ്‌വാദി പാര്‍ട്ടി തുടങ്ങിയ പാര്‍ട്ടികളും യുപി ഗവണ്‍മെന്റിന്റെ നടപടിയില്‍ ശക്തമായി പ്രതിഷേധിച്ചു. സിപിഐ ജനറല്‍സെക്രട്ടറി ഡി രാജയുടെ നേതൃത്വത്തില്‍ സിപിഐയുടെ നിരവധി നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ ഡല്‍ഹിയിലെ യു പി ഹൗസിനു മുന്നില്‍ പ്രകടനം നടത്തി. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാക്കള്‍ ലഖിംപൂര്‍ ഖേരിയില്‍ എത്തുകയും കൊല്ലപ്പെട്ടവരുടെ വീടുകള്‍ സന്ദര്‍ശിച്ച് കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച് കര്‍ഷകരുടെ ആവശ്യത്തിന് പൂര്‍ണമായും പിന്തുണ പ്രഖ്യാപിച്ചു. രാജ്യത്ത് ഉടനീളം കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഘടകങ്ങള്‍ പൊലീസ് അതിക്രമത്തിനെതിരെ പ്രകടനങ്ങള്‍ നടത്തി കര്‍ഷകപ്രക്ഷോഭത്തിന് നേതൃത്വം നല്കുന്ന സംയുക്ത കര്‍ഷക മോര്‍ച്ച രാജ്യത്തുടനീളം പ്രതിഷേധം സംഘടിപ്പിക്കാന്‍ ആഹ്വാനം ചെയ്തു.

രാജ്യവ്യാപകമായി ഉയര്‍ന്നുവന്ന പ്രതിഷേധത്തെത്തുടര്‍ന്നാണ് യുപി പൊലീസ് പ്രതികള്‍ക്കെതിരെ എഫ്ഐആര്‍ ചുമത്താന്‍ തയാറായത്. കര്‍ഷകരെ കൊലപ്പെടുത്തിയ സംഭവത്തെക്കുറിച്ച് രണ്ട് അഭിഭാഷകര്‍ സുപ്രീംകോടതിക്ക് കത്തയച്ചിരുന്നു. പ്രസ്തുത കത്ത് പൊതുതാല്പര്യഹര്‍ജിയായി സുപ്രീം കോടതി പരിഗണിച്ചു.

ഹര്‍ജി പരിഗണിച്ച് ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് 24മണിക്കൂറിനകം സംഭവം സംബന്ധമായി വിശദമായ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. ആക്രമണത്തില്‍ കൊല്ലപ്പെട്ട കര്‍ഷകനായ ലവപ്രീത് സിങ്ങിന്റെ അമ്മ മകന്റെ മരണവാര്‍ത്തയറിഞ്ഞ് ബോധരഹിതയായി. അവരുടെ അസുഖം വര്‍ധിച്ചു. ഗുരുതരാവസ്ഥയിലായി. അവര്‍ക്ക് വിദഗ്ധ ചികിത്സ നല്കുന്നതിന് നടപടികള്‍ സ്വീകരിക്കാനും യുപി ഗവണ്മെന്റിന് സുപ്രീം കോടതി നിര്‍ദ്ദേശം നല്കി.

കോടതി ഇടപെടലും ശക്തമായ ജനകീയ സമ്മര്‍ദ്ദവും വന്നതിനു ശേഷമാണ് ആശിഷ് മിശ്രയെ അറസ്റ്റ് ചെയ്യുന്നതിന് യുപി പൊലീസ് തയാറായത്. പിതാവായ കേന്ദ്രമന്ത്രി ലഖിം പൂര്‍ ‍ഖേരിയിലുള്ള ബിജെപി ഓഫീസില്‍ ക്യാമ്പ് ചെയ്തു മകനെ സംരക്ഷിക്കാന്‍ എല്ലാ ശ്രമങ്ങളും നടത്തി.

കര്‍ഷകരെ കൊലപ്പെടുത്തിയതിനെതിരായി ബിജെപിയെ പിന്തുണയ്ക്കുന്നവരും ശക്തമായി രംഗത്തുവന്നിട്ടുണ്ട്. ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം വരുണ്‍ഗാന്ധി കൊലപാതകത്തെ ശക്തമായി അപലപിച്ചു. പ്രസ്താവനയിറക്കി. ബിജെപി നേതൃത്വം വരുണ്‍ഗാന്ധിയെ ദേശീയ നിര്‍വാഹക സമിതിയില്‍ നിന്നും നീക്കം ചെയ്തു. ബിജെപി നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമായിരുന്ന ചൗധരി ബീരേന്ദ്ര സിങും ശക്തമായ പ്രതിഷേധവുമായി രംഗത്തുവന്നു.

കര്‍ഷകര്‍ ഉന്നയിച്ച ന്യായമായ ആവശ്യങ്ങള്‍ എന്തുകൊണ്ട് പരിഹരിക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ സന്നദ്ധമാകുന്നില്ല. 2020 നവംബര്‍ 26 മുതല്‍ ആരംഭിച്ചതാണ് കര്‍ഷക സമരം. പ്രക്ഷോഭം തുടങ്ങിയിട്ട് 10 മാസങ്ങള്‍ പിന്നിട്ടു. ലോകത്തുതന്നെ ഏറെ ചര്‍ച്ചചെയ്യപ്പെടുന്നതാണ് രാജ്യത്തെ കര്‍ഷക സമരം. സ്വാതന്ത്ര്യ സമരകാലത്ത് നടന്ന ജനകീയ പ്രക്ഷോഭങ്ങളെ ഓര്‍മ്മപ്പെടുത്തുന്നതാണ്. രാജ്യത്തിന്റെ എല്ലാ വിഭാഗം ജനങ്ങളും പ്രക്ഷോഭത്തെ പിന്തുണയ്ക്കുന്നു.

കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ കര്‍ഷകദ്രോഹ നിയമങ്ങള്‍ പിന്‍വലിക്കണമെന്നതാണ് കര്‍ഷകര്‍ ഉയര്‍ത്തുന്ന ആവശ്യം. പാര്‍ലമെന്ററി നടപടിക്രമങ്ങളെ പൂര്‍ണമായും തള്ളിക്കളഞ്ഞ്, ഏകപക്ഷീയമായാണ് നിയമം പാസാക്കിയത്. ഒരു ചര്‍ച്ചയും ഉണ്ടായില്ല. ഡിവിഷന്‍ ചോദിച്ചപ്പോള്‍ ഭേദഗതികള്‍ വോട്ടിനിടാന്‍ തയ്യാറാകാതെ തങ്ങള്‍ക്ക് ഭൂരിപക്ഷം ഉണ്ട് എന്ന അഹന്തയോടുകൂടി മുന്നോട്ടു പോകുകയായിരുന്നു അന്തര്‍ദേശീയ – ദേശീയ കോര്‍പറേറ്റുകള്‍ക്ക് ഇന്ത്യന്‍ കാര്‍ഷിക മേഖല പൂര്‍ണമായും കൈയ്യടക്കുന്നതിന് അനുവാദം നല്‍കുന്ന നിയമം. ശബ്ദവോട്ട് എടുത്ത് പാസാക്കുകയായിരുന്നു. പോള്‍ ചോദിച്ചപ്പോള്‍ തള്ളിക്കളഞ്ഞു. ചെയര്‍ ബിജെപിയുടെ ചട്ടുകമായി.

പാര്‍ലമെന്റ് പാസാക്കിയ മൂന്ന് നിയമങ്ങളും നടപ്പിലാകുന്നതോടെ ഇന്ത്യന്‍ കാര്‍ഷിക മേഖല പൂര്‍ണമായും കോര്‍പറേറ്റുവല്ക്കരിക്കും. സ്വന്തം ഭൂമിയില്‍ നിന്നും ആട്ടിയോടിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് നിയമങ്ങള്‍ പാസാക്കിയത് എന്ന തിരിച്ചറിവിലാണ് കര്‍ഷകര്‍. ഫാര്‍മേഴ്സ് എംപവര്‍മെന്റ് ആന്റ് എഗ്രിമെന്റ് ഓഫ് പ്രൈസ് പ്രൊട്ടക്ഷന്‍ അഷ്വറന്‍സ് ആന്റ് ഫാം സര്‍വീസ് ആണ് ഒന്നാമത്തെ നിയമം. നിയമം നടപ്പിലാകുന്നതോടെ രാജ്യത്തെ അംഗീകൃതമായ കര്‍ഷക കമ്പോളങ്ങള്‍ (മണ്ടികള്‍) പൂര്‍ണമായും ഇല്ലാതാകും. നിയമം നടപ്പിലാകുന്നതോടെ കര്‍ഷകരുടെ മണ്ടികള്‍ ഇല്ലാതാകുന്നു. നിയമത്തില്‍ മിനിമം സപ്പോര്‍ട്ട് പ്രൈസ് ഇല്ല. കോര്‍പറേറ്റ് ഏജന്‍സികളുടെ കമ്പോളത്തെ ആശ്രയിച്ചു മാത്രമേ കര്‍ഷകര്‍ക്ക് തങ്ങളുടെ ഉല്പന്നങ്ങള്‍ വിറ്റഴിക്കാന്‍ കഴിയൂ. സംഭരണത്തില്‍ നിന്നും ഗവണ്‍മെന്റ് ഏജന്‍സികള്‍ പൂര്‍ണമായും നിയമം നടപ്പിലാകുന്നതോടെ പിന്മാറും. രാജ്യത്തിന്റെ ഭക്ഷ്യസംഭരണത്തെയും ഭക്ഷ്യസുരക്ഷിതത്വത്തേയും തകര്‍ച്ചയിലേക്ക് നയിക്കും. കേരളത്തിലെ ശക്തമായ പൊതുവിതരണ സമ്പ്രദായം ഇല്ലാതാകും. രാജ്യത്തെ എഫ്‌സിഐ ഗോഡൗണുകള്‍ ഉള്‍പ്പെടെ കോര്‍പറേറ്റുകളുടെ ഗോഡൗണുകളായി മാറും.

രണ്ടാമത്തെ നിയമമായ ഫാര്‍മേഴ്സ് പ്രൊഡ്യൂസ് ട്രേഡ് ആന്റ് കൊമേഴ്സ് പ്രൊമോഷന്‍ ആന്റ് ഫെസിലിറ്റേഷന്‍ നടപ്പിലാകുന്നതോടെ ഇന്ത്യന്‍ കാര്‍ഷിക മേഖലയില്‍ നേരിട്ട് കോര്‍പ്പറേറ്റുകള്‍ ഇടപെടുകയും കര്‍ഷകരുടെ ഭൂമി, കരാര്‍ കൃഷി സമ്പ്രദായത്തിലൂടെ കോര്‍പറേറ്റുവല്കരിക്കുകയും ചെയ്യും. മൂന്നാമത്തേത് എസന്‍ഷ്യല്‍ കമ്മോഡിറ്റി ആക്ട് ഭേദഗതി ചെയ്തതാണ്. ഈ ഭേദഗതിയിലൂടെ കാര്‍ഷിക ഉല്പന്നങ്ങള്‍ എത്രവേണമെങ്കിലും സംഭരിച്ചുവയ്ക്കുവാന്‍ കഴിയും. രാജ്യത്തെ ഭക്ഷ്യധാന്യങ്ങള്‍ കോര്‍പറേറ്റ് ഭീമന്മാരുടെ ഗോഡൗണുകളില്‍ എത്തിച്ചേരും.

രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനുതന്നെ വെല്ലുവിളികള്‍ ഉയര്‍ത്തുന്നതാണ് ഈ മൂന്ന് നിയമങ്ങളും. കര്‍ഷകന് സ്വന്തം ഭൂമി പടിപടിയായി നഷ്ടപ്പെടും എന്ന തിരിച്ചറിവിലാണ് ഇന്ത്യന്‍ കര്‍ഷകര്‍. അതുകൊണ്ടുതന്നെയാണ് ജീവന്മരണ സമരത്തിന് കര്‍ഷകര്‍ തയാറായിരിക്കുന്നത്. രാജ്യത്തെ നാമമാത്ര, ചെറുകിട, ഇടത്തര, ധനിക, അതിധനിക കര്‍ഷകര്‍ ഒരുമിച്ച് നിന്നാണ് സമരം ചെയ്യുന്നത്. കര്‍ഷകരുടെ ഇടയിലുള്ള അഭിപ്രായവ്യത്യാസങ്ങളെല്ലാം മാറ്റിവച്ച് ഒരു വര്‍ഗമെന്ന നിലയില്‍ ഇന്ത്യന്‍ കര്‍ഷകര്‍ ഒരുമിച്ചു നിന്നാണ് നിലനില്പിനുവേണ്ടി, ജീവിക്കുവാന്‍ വേണ്ടി, ഭൂമി നഷ്ടപ്പെടാതിരിക്കാന്‍ വേണ്ടി പോരാട്ടം നടത്തുന്നത്. അതിനെ തച്ചുടക്കാന്‍ അത്ര എളുപ്പത്തില്‍ കഴിയില്ല എന്നാണ് രാജ്യത്ത് നടക്കുന്ന ജനകീയ മുന്നേറ്റം കാണിക്കുന്നത്.

കര്‍ഷകരുടെ അവകാശങ്ങള്‍ കവര്‍ന്നെടുത്ത് കോര്‍പറേറ്റുകള്‍ക്ക് നല്കുമ്പോള്‍തന്നെ വ്യാവസായിക തൊഴില്‍ — സര്‍വീസ് മേഖലയും കോര്‍പ­റേറ്റുവല്ക്കരിക്കാന്‍ സമയബന്ധിതമായ നീക്കങ്ങള്‍ നടത്തുകയാണ്. തൊഴില്‍ നിയമങ്ങള്‍ ഭേദഗതി ചെയ്ത് തൊഴില്‍ കോഡുകള്‍ ഉണ്ടാക്കിയും പൊതുമേഖലാ സ്ഥാപനങ്ങള്‍ സ്വകാര്യവല്ക്കരിക്കുന്നതും അതിനുവേണ്ടിയാണ്. ഇതിനെതിരായി ഇന്ത്യന്‍ തൊഴിലാളിവര്‍ഗം ജീവന്‍മരണ സമരത്തിലാണ്. തൊഴിലാളി വര്‍ഗം നിരവധി ഘട്ടങ്ങളിലായി പണിമുടക്ക് സംഘടിപ്പിച്ചു. കോര്‍പ്പറേറ്റ് ചൂഷണത്തിന് വിധേയരായ തൊഴിലാളികളും കര്‍ഷകരും ഒരുമിച്ചുള്ള പ്രക്ഷോഭത്തിലാണ്. ഇന്ത്യയിലെ കര്‍ഷകര്‍ സെപ്റ്റംബര്‍ 27ന് നടത്തിയ ഭാരത് ബന്ദില്‍ ഇന്ത്യന്‍ തൊഴിലാളി വര്‍ഗവും വിവിധ വിഭാഗം ജീവനക്കാരും കര്‍ഷക തൊഴിലാളികളും യുവജന – വിദ്യാര്‍ത്ഥി — മഹിളാ വിഭാഗങ്ങളും ബുദ്ധിജീവി വിഭാഗവും പിന്തുണ പ്രഖ്യാപിച്ചു.

വലിയ ജനകീയ മുന്നേറ്റമായിരുന്നു ഭാരത് ബന്ദ്. എന്നിട്ടും തങ്ങളുടെ കണ്ണുതുറക്കാത്ത കോര്‍പ്പറേറ്റ് അജണ്ട നടപ്പിലാക്കാനുള്ള ശ്രമവുമായി നരേന്ദ്രമോഡി ഗവണ്‍മെന്റും ബിജെപിയും മുന്നോട്ടു പോകുകയാണ്. രാജ്യത്തിനും ജനങ്ങള്‍ക്കും നേരെ ഉയരുന്ന വെല്ലുവിളികളെ നേരിടാന്‍ എല്ലാ വിഭാഗം ജനങ്ങളും ഒരുമിച്ച് പോരാടണമെന്ന ആഹ്വാനം കര്‍ഷക സംഘടനകളുടെ ഐക്യവേദിയായ സംയുക്ത കര്‍ഷക മോര്‍ച്ച ഉയര്‍ത്തിയിട്ടുണ്ട്. കര്‍ഷക പ്രക്ഷോഭങ്ങളില്‍ പങ്കെടുക്കുന്ന ധനിക കര്‍ഷകരെ പ്രതിനിധീകരിക്കുന്ന ചില കര്‍ഷക സംഘടനകളും അതിന്റെ ചില നേതാക്കളും നേരത്തെ എടുത്ത സമീപനം അരാഷ്ട്രീയ നിലപാടായിരുന്നു. ഇപ്പോള്‍ അത് മാറി. ഇന്ത്യയിലെ എല്ലാ വിഭാഗം ജനങ്ങളുടെയും പിന്തുണ കര്‍ഷക സമൂഹത്തിന് ഉണ്ടാകണമെന്ന് അഭ്യര്‍ത്ഥിച്ചു. സമരത്തെ കൂടുതല്‍ ശക്തിപ്പെടുത്തുവാന്‍ അത് സഹായകരമായി. തൊഴിലാളി — കര്‍ഷക – ഐക്യത്തിന്റെ പ്രാധാന്യം എല്ലാവരും മനസിലാക്കാന്‍ തുടങ്ങി. രാജ്യത്ത് നടക്കുന്ന മഹാപഞ്ചായത്തുകളില്‍ ലക്ഷക്കണക്കിന് കര്‍ഷകര്‍ പങ്കെടുക്കുന്നു. ബിജെപിയെ തെരഞ്ഞെടുപ്പില്‍ തോല്പിക്കണമെന്ന മുദ്രാവാക്യം കര്‍ഷകരില്‍ നിന്ന് ഉയരാന്‍ തുടങ്ങി. കാര്‍ഷിക മാറ്റത്തിലൂടെ മാത്രമേ രാജ്യത്തെ കര്‍ഷകര്‍ നേരിടുന്ന വെല്ലുവിളികളെ പരാജയപ്പെടുത്താന്‍ കഴിയൂ എന്ന തിരിച്ചറിവിലേക്കാണ് രാജ്യത്തെ കര്‍ഷകര്‍ എത്തുന്നത്.

ലഖിംപൂര്‍ ഖേരിയിലും കര്‍ണാലിലും രാജ്യത്തിന്റെ വിവിധ മേഖലകളിലും കര്‍ഷകര്‍ക്കും പ്രതിഷേധിക്കുന്ന ജനങ്ങള്‍ക്കുമെതിരെ നടത്തുന്ന ഫാസിസ്റ്റ് വേട്ടയിലൂടെ ജനങ്ങളെ കീഴ്പ്പെടുത്താന്‍ കഴിയില്ല. അധികം വൈകാതെതന്നെ കേന്ദ്ര ഗവണ്‍മെന്റിനും അതിന് നേതൃത്വം നല്കുന്ന സംഘപരിവാര്‍ — ബിജെപി നേതൃത്വം അക്കാര്യം മനസിലാക്കും.

TOP NEWS

January 2, 2025
January 2, 2025
January 2, 2025
January 2, 2025
January 2, 2025
January 2, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.