15 November 2024, Friday
KSFE Galaxy Chits Banner 2

ഗുരുസാഗരത്തിന്റെ രുചിസാരമായ ഉപ്പ്

സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധി
May 20, 2024 4:26 am

ശ്രീനാരായണ ഗുരു ആലുവാപ്പുഴയുടെ മണപ്പുറത്ത് സർവമത സമ്മേളനം വിളിച്ചുകൂട്ടിയിട്ട് 100 വർഷങ്ങൾ പൂർത്തിയായി. ഒപ്പം ഗുരു നേരിട്ട് ദീക്ഷ നൽകിയ സന്യാസ ശിഷ്യനായ നടരാജഗുരുവിന്റെ ശിഷ്യനായി ജീവിതം നയിച്ചു മൺമറഞ്ഞ ഗുരു നിത്യ ചൈതന്യയതിയുടെ 100-ാം ജന്മ വാർഷികവും ആഗതമായിരിക്കുകയാണ്. കേരളത്തെ രൂപപ്പെടുത്തുന്നതിൽ തനത് സംഭാവനകൾ നൽകിയിട്ടുണ്ടെന്ന് ഉറപ്പിച്ചു പറയാവുന്ന രണ്ടു മഹാസംഭവങ്ങളുടെ 100 വർഷങ്ങൾ കാതലായ പല ചിന്തകൾക്കും വകനൽകുന്ന സർഗാത്മക സന്ദർഭമാണ്. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിനപ്പുറത്ത് നിലകൊള്ളുന്നതും കക്ഷിരാഷ്ട്രീയങ്ങൾക്ക് അതീതമായി കേരളത്തിൽ പ്രവർത്തിച്ചുവരുന്നതുമായ ജാതി-മതാതീത മാനവികതയുടെ ഒരു ഇടതുപക്ഷ മനസുണ്ട്. ഇപ്പറഞ്ഞ ഇടതുപക്ഷ മനസ് കേരളത്തിന്റെ സവിശേഷതയാണ്. ആ മനസിന്റെ ഒരേയൊരു കർമ്മമണ്ഡലം വർഗീയതയെ ചെറുക്കുക എന്നതാണെന്ന് പറയാം. അത് രൂപപ്പെടുത്തിയതിലും പരിപോഷണം നൽകി പരിരക്ഷിച്ചു നിർത്തിയതിലും ശ്രീനാരായണ ഗുരുവും അദ്ദേഹത്തിന്റെ ശിഷ്യപ്രശിഷ്യ പരമ്പരകളും പ്രസ്ഥാനങ്ങളും വഹിച്ച പങ്ക് വളരെ വലുതാണ്. അതുകൊണ്ടുതന്നെയാണ് സർവമത സമ്മേളനത്തിന്റെ നൂറാം വാർഷികവും നിത്യ ചൈതന്യയതിയുടെ നൂറാം ജന്മവാർഷികവും വർഗീയ വിരുദ്ധകേരളത്തിന് കൊണ്ടാടേണ്ട മഹാസംഭവങ്ങൾ ആകുന്നത്.

നിത്യചൈതന്യ യതി നേതൃത്വം നൽകിയ ശ്രീനാരായണഗുരുകുലം പരുവപ്പെടുത്തിയ രണ്ടു വ്യക്തിത്വങ്ങൾ നവ കേരളത്തിനു സുപരിചിതരായി ഇപ്പോൾ നമ്മോടുകൂടെയുണ്ട്. അതിലൊരാൾ മൈത്രേയനും മറ്റൊരാൾ ഷൗക്കത്തുമാണ്. ഗ്രന്ഥകാരന്മാരും പ്രഭാഷകരുമായ ഇരുവരും പിണറായി വിജയൻ നേതൃത്വം നൽകുന്ന ഇടതുപക്ഷ ജനാധിപത്യമുന്നണിക്ക് സിന്ദാബാദ് വിളിക്കാനോ രാഹുൽ ഗാന്ധിക്കൊപ്പം പദമൂന്നി നടക്കാനോ തയ്യാറാവില്ല എന്നുവന്നാലും, വേണ്ടിവന്നാൽ ഏതു മതത്തിന്റെ പേരിലുള്ള വർഗീയ രാഷ്ട്രീയത്തെയും മൂർദാബാദ് വിളിച്ചു ചെറുക്കും എന്ന് തീർച്ചയാണ്. ഇങ്ങനെ വർഗീയതയ്ക്കെതിരെ നിലപാടെടുക്കും എന്നു തീർച്ചയുള്ള ധാരാളം മനസുകളെ സൃഷ്ടിച്ചു എന്നതാണ്, അതിലൂടെ വർഗീയ വിരുദ്ധമായ ഒരു പൊതുബോധമണ്ഡലം പരുവപ്പെടുത്തിയെടുത്തു എന്നതാണ്, ശ്രീനാരായണ പ്രസ്ഥാനങ്ങൾ കേരളത്തിൽ ചെയ്ത ‘മതമേതായാലും മനുഷ്യനെ നന്നാക്കൽ’ പ്രവൃത്തിയുടെ മർമ്മസ്വഭാവം. ഇതിന്റെ വികസിതമായ തുടർച്ച എന്ന നിലയിൽ ഒരു മതാതീത ആത്മീയത രൂപപ്പെടുത്തി പരിപാലിച്ചു പ്രചരിപ്പിക്കേണ്ട ബാധ്യത പൊതുവേ പുരോഗമന സാംസ്കാരിക പ്രവർത്തകർക്കും സവിശേഷമായി അങ്ങേയറ്റത്ത് സന്ദീപാനന്ദഗിരി മുതൽ ഇങ്ങേയറ്റത്ത് ഈ ലേഖകൻവരെ ഉൾപ്പെടുന്ന നവോത്ഥാന മൂല്യാരാധകരായ സന്യാസി ജീവിതങ്ങൾക്കും ഉണ്ട്.

തീർച്ചയായും ഒരു തത്വശാസ്ത്ര വിദ്യാർത്ഥി എന്ന നിലയിൽ പല സന്ദേഹങ്ങളും തദനുബന്ധമായ വിയോജിപ്പുകളും പലരോടും പലതിനോടുമെന്ന പോലെ ശ്രീനാരായണ പ്രസ്ഥാനങ്ങളോടും പ്രത്യയശാസ്ത്രത്തോടും ഈ ലേഖകനുമുണ്ട്. ഏതൊരു തത്വശാസ്ത്ര വിദ്യാർത്ഥിക്കും സന്ദേഹമാണല്ലോ പ്രാണവായു! ആ നിലയ്ക്കേ ഈ സന്ദേഹത്തെയും കാണേണ്ടതുള്ളൂ. ഈശാവാസ്യോപനിഷത്ത് തർജമ ചെയ്ത നാരായണ ഗുരു, സർവോപനിഷത്‌സാരം എന്നു പ്രകീർത്തിതമായ ഭഗവദ്ഗീതയെ സംബന്ധിച്ച് വാഗ്ഭടാനന്ദ ഗുരുവും ബ്രഹ്മാനന്ദ സ്വാമി ശിവയോഗിയും എഴുതിയപോലെ കാര്യമായൊന്നും എഴുതുകയോ പറയുകയോ ചെയ്യാതിരുന്നത് എന്തുകൊണ്ടാണ്? ഗുരു പരാമർശം ചെയ്യാതെ വിട്ടൊഴിഞ്ഞ ഭഗവദ്ഗീതയ്ക്ക് ഗുരുശിഷ്യനായ നടരാജഗുരുവും അദ്ദേഹത്തിന്റെ ശിഷ്യരായ ഗുരു നിത്യചൈതന്യ യതിയും മുനി നാരായണ പ്രസാദും സവിസ്തര വ്യാഖ്യാനം എഴുതിയതിന്റെ പ്രത്യയശാസ്ത്ര യുക്തിയും സാമൂഹിക പ്രസക്തിയും ആധ്യാത്മിക സാംഗത്യവും എന്താണ്? ഈ രണ്ടു സന്ദേഹങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ് ശ്രീനാരായണീയ പ്രത്യയശാസ്ത്രത്തോടും പ്രസ്ഥാനങ്ങളോടുമുള്ള എന്റെ വിയോജനങ്ങൾ.

ശ്രീശങ്കരൻ സംസ്ഥാപനം ചെയ്ത അദ്വൈത സിദ്ധാന്തത്തെ തന്നെയാണ് താൻ പിൻപറ്റുന്നതെന്നു പറഞ്ഞ ശ്രീനാരായണ ഗുരു, ശ്രീശങ്കരനുണ്ടായിരുന്ന ബ്രാഹ്മണ മേൽക്കോയ്മാപരമായ വർഗീയ മനസ് ഇല്ലാത്ത ആളായി സാമൂഹിക നവോത്ഥാനത്തിനു നേതൃത്വം നൽകിയത് അദ്വൈത ദർശന പദ്ധതിയുടെ മഹിമ കൊണ്ടാണോ അതോ ബ്രിട്ടീഷ് നിയമ വ്യവസ്ഥയുടെ പൗരബോധാധിഷ്ഠിത സമത്വനീതിയുടെ സാമൂഹിക സാഹചര്യം കൊണ്ടാണോ? ഇത്തരം ചോദ്യങ്ങൾ ചോദിക്കുന്നത് നിന്ദിക്കാനല്ല; മറിച്ച്, നവോത്ഥാനത്തിന് മുന്നേറ്റത്തിന്റെ തുടർച്ചകൾ ഉണ്ടാവാൻ വേണ്ട അറിവുകൾ‑തിരിച്ചറിവുകൾ- സംഭവിക്കാനും സംഭരിക്കാനും വേണ്ടിയാണ്. നേരത്തെ സൂചിപ്പിച്ച പോലെ, നാരായണ ഗുരുവിന്റെയും ശിഷ്യപ്രശിഷ്യ പരമ്പരയുടെയും നൂറ്റാണ്ടു പിന്നിട്ട സർവ പ്രവർത്തനങ്ങളുടെയും സാരം, ജാതിയും മതവും ഏതായാലും വർഗീയത പാടില്ല എന്നതാണ്. പലമത സാരവും ഏകമാണോ എന്ന സന്ദേഹം നിലനിർത്തവേ തന്നെ, ജാതിയും മതവും ഏതായാലും വർഗീയതയും അതിന്റെ മുഖ്യപ്രകൃതമായ വിദ്വേഷവും പാടില്ല എന്നതാണ് ശ്രീനാരായണൻ എന്ന ഗുരുസാഗരത്തിന്റെ രുചി സാരമായ ഉപ്പ്. ഈ ഉപ്പ് നമ്മളെ ജീവിപ്പിക്കുന്ന ഉപ്പാണ്. അതിനാലിത് ഉറപ്പായും സംരക്ഷിക്കപ്പെടേണ്ട ഉപ്പാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.