
വിശ്വാസത്തിനു മീതെ കരുണയുടെ മുദ്രയിട്ട ആചാര്യനായിരുന്നു ഇന്നലെ അന്തരിച്ച മാർ ജേക്കബ് തൂങ്കുഴി. താൻ ഉപാസിച്ച ദൈവത്തെയും ആ ദൈവവചനത്തെയും മറ്റുള്ളവർക്ക് സംലഭ്യമാക്കുന്നതിൽ അദ്ദേഹം സ്വീകരിച്ചത് വിശുദ്ധമായ കരുണയുടെ വഴികളാണ്. മലയോര മേഖലയുടെ ഇടയനായി മാനന്തവാടി രൂപതയിൽ ചുമതലയേറ്റ തൂങ്കുഴി പിതാവ് നർമ്മബോധത്തിന്റെയും തികഞ്ഞ വാത്സല്യത്തിന്റെയും വാക്കുകളാണ് ആശയവിനിമയത്തിന് ഉപയോഗിച്ചത്. തീരെ പതിഞ്ഞ ശബ്ദത്തിൽ ഒരു സംഗീതം ആസ്വദിക്കുന്നതുപോലെ, പലപ്പോഴും അദ്ദേഹത്തിന്റെ സംസാരം ശ്രദ്ധിച്ചിരിക്കുന്നതിന് സാധിച്ചിട്ടുണ്ട്.
പൊതുവെ കർക്കശ നിലപാടുകളുള്ള സഭാവിഭാഗമാണ് സിറോ മലബാർ സഭ. എന്നാൽ, കാർക്കശ്യത്തിന്റെ മേലങ്കിയഴിച്ചുവച്ച്, ക്രിസ്തുവിനെപ്പോലെ സാരള്യത്തിന്റെ പാദക്ഷാളന മാതൃക പിന്തുടർന്നതാണ് അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നത്. സങ്കീർണങ്ങളായ കാര്യങ്ങളെ അതേ സരളതകൊണ്ട് അദ്ദേഹം തേജോമയമാക്കി. സഭയെ താഴെത്തട്ടിലുള്ള ജനവിഭാഗങ്ങളിലേക്ക് വികേന്ദ്രീകരിക്കുകയും ക്രിസ്തുവിന്റെ സ്നേഹം ഏവർക്കും ലഭ്യമാക്കുകയും ചെയ്യുന്ന തരത്തിൽ തന്റെ അജപാലന ശുശ്രൂഷയെ അദ്ദേഹം പരുവപ്പെടുത്തി.
പാർട്ടി ചുമതലപ്പെടുത്തിയതനുസരിച്ച് കുറച്ചുകാലം വയനാട് ജില്ലാ സെക്രട്ടറിയായി പ്രവർത്തിച്ചിരുന്നു. അപ്പോഴാണ് മാനന്തവാടി രൂപതയുടെ നല്ല ഇടയനെ പരിചയപ്പെടുന്നതും കുറഞ്ഞൊരു കാലംകൊണ്ട് അടുത്ത സുഹൃത്തായി മാറുന്നതും. എത്ര വാത്സല്യത്തോടും കരുതലോടുമാണ് അദ്ദേഹം പെരുമാറിയിരുന്നത്. ഹൃദ്യമായ പെരുമാറ്റം ആരെയും ആകർഷിക്കുന്നതാണ്. തന്റെ അടുത്തുവരുന്നവരെ സ്നേഹത്തോടെയും പരിഗണനയോടെയുമാണ് പിതാവ് സ്വീകരിച്ചിരുന്നത്. ഒരാളെ പരിചയപ്പെട്ടാൽ പേര് മറക്കാറില്ല. പിന്നീട് കാണുമ്പോൾ പേര് വിളിച്ച് സ്വീകരിക്കുന്നതു കണ്ടാൽ അത്ഭുതം തോന്നും. എല്ലാവരുമായും സൂക്ഷിക്കുന്ന വ്യക്തിപരമായ ബന്ധമാണ് അദ്ദേഹത്തിന്റെ പ്രകൃതം. ആരെയും വേദനിപ്പിക്കാതെ സന്തോഷപൂർവം സംസാരിക്കാൻ അദ്ദേഹത്തിനുള്ള കഴിവ് അസാമാന്യമാണ്. അനൗപചാരികതയായിരുന്നു അദ്ദേഹത്തിന്റെ മുഖമുദ്ര. തമ്മിൽ കാണുമ്പോഴൊക്കെ വയനാടിനെക്കുറിച്ചും ഭൂപ്രകൃതി, കാർഷിക മേഖല, തൊഴിലാളികളുടെയും കുടിയേറ്റക്കാരുടെയും പ്രശ്നങ്ങൾ അങ്ങനെ തുടങ്ങി എത്രയെത്ര കാര്യങ്ങൾ സംസാരിച്ചു. ഒരു ജീപ്പോടിച്ച് കാടും മലയും താണ്ടി തന്റെ അജഗണത്തെ സന്ദർശിക്കുകയും അവർക്കാവശ്യമായ കാര്യങ്ങൾ ചെയ്തുകൊടുക്കുകയും ചെയ്ത നല്ല ഇടയനായിട്ടാണ് അക്കാലത്തുതന്നെ അദ്ദേഹം ജനമനസുകളിൽ ഇടംപിടിച്ചത്. മാനന്തവാടിക്കുശേഷം ഒരുവർഷം താമരശേരി രൂപതാ മെത്രാനായും അദ്ദേഹം ശുശ്രൂഷ ചെയ്തു. രണ്ട് സന്ന്യാസിനീ സമൂഹങ്ങൾക്ക് രൂപംനൽകി; ക്രിസ്തുദാസി സഭയും സിസ്റ്റേഴ്സ് ഓഫ് സെന്റ് ജോസഫ് ദ് വർക്കർ സഭയും. ആ സഭാസമൂഹങ്ങൾ ആതുരസേവന രംഗത്ത് നിസ്തുല സേവനം ചെയ്തുപോരുന്നു.
പിന്നീട്, തൃശൂർ അതിരൂപതാ സഹായമെത്രാനും അതിനുശേഷം മെത്രാപ്പൊലീത്തയുമൊക്കെയായി കൂടുതൽ വലിയ ചുമതലകളിലേക്ക് ഉയർത്തപ്പെട്ടപ്പോഴും സ്വതസിദ്ധമായ നർമ്മോക്തിയും ലാളിത്യവും കൈവെടിയാൻ തൂങ്കുഴി പിതാവ് തയ്യാറായില്ല. മെത്രാപ്പൊലീത്ത സ്ഥാനം ഒഴിഞ്ഞ് വിശ്രമജീവിതത്തിലേക്ക് പ്രവേശിച്ച സമയത്തും അദ്ദേഹം വെറുതെയിരുന്നില്ല. സദാസമയവും കർമ്മനിരതനായി തൃശൂരിന്റെ ആത്മീയ‑സാമൂഹ്യ‑സാംസ്കാരിക മേഖലകളിൽ നിറഞ്ഞുനിന്നു. മാർ ജേക്കബ് തൂങ്കുഴിയുടെയും മാർ ആൻഡ്രൂസ് താഴത്ത് മെത്രാപ്പൊലീത്തയുടെയും ജന്മദിനം ഒരേദിവസമാണ്. ഡിസംബർ 13. കാരുണ്യദിനമായിട്ടാണ് ആ ദിവസം ആഘോഷിച്ചുപോരുന്നത്. കഴിഞ്ഞ കുറേ വർഷങ്ങളായി ആ പിറന്നാൾ ആഘോഷത്തിൽ ഞാനും പങ്കാളിയാണ്. ഓരോ തവണയും മറുപടി പ്രസംഗം നടത്തുമ്പോൾ തൂങ്കുഴി പിതാവ് പുതിയ എന്തെങ്കിലും തമാശ പറയാനായി കരുതിവെച്ചിട്ടുണ്ടാകും.
തൃശൂരിന് അദ്ദേഹം വിരുന്നുകാരനായിരുന്നില്ല, സർവ്വാദരണീയനായ വീട്ടുകാരനും കാരണവരുമായിരുന്നു. നവതി പിന്നിട്ടിട്ടും വളരെ ചുറുചുറുക്കോടെയാണ് തൂങ്കുഴി പിതാവ് കാര്യങ്ങളൊക്കെ ചെയ്തിരുന്നത്. വളരെ ആശ്ചര്യപ്പെടുത്തിയ കാര്യമാണത്. തൃശൂരിനെയും തൃശൂർക്കാരെയും അദ്ദേഹം ഹൃദയത്തിലാണ് കൊണ്ടുനടന്നത്. തിരിച്ച് തൃശൂരും അദ്ദേഹത്തെ ഹൃദയത്തിൽ സ്വീകരിച്ചു. പ്രയാസങ്ങളും ബുദ്ധിമുട്ടുകളുമൊക്കെയായി തന്നെ സമീപിച്ചവർക്കൊക്കെ സ്നേഹവും സാന്ത്വനവും ആവോളം നൽകി അജപാലന ശുശ്രൂഷയ്ക്ക് പുതിയ ഭാഷ്യം ചമച്ച മാർ ജേക്കബ് തൂങ്കുഴിയുടെ വേർപാട് വലിയ വേദനയും ശൂന്യതയും സൃഷ്ടിക്കുന്നു. ഏറ്റവും അടുത്ത സുഹൃത്തിന്റെ, വാത്സല്യനിധിയായ പിതാവിന്റെ വിയോഗത്തിൽ അഗാധമായ വേദനയും അനുശോചനവും രേഖപ്പെടുത്തുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.