
കേരളത്തിൽ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് പ്രചാരണം സാവകാശം ശക്തിപ്പെടുകയാണ്. എന്നാൽ തെരഞ്ഞെടുപ്പിൽ ഓരോ പാർട്ടിയും അല്ലെങ്കിൽ ഓരോ മുന്നണിയും അവതരിപ്പിക്കുന്ന പ്രകടനപത്രിക മുഖ്യ ചർച്ചാവിഷയമായി മാറുന്നില്ല എന്നത് ഖേദകരമാണ്. ചില രാഷ്ട്രീയ പാർട്ടികൾക്കും മുന്നണികൾക്കും അതിൽ ഒട്ടും താല്പര്യമില്ല. ശക്തമായ സാന്നിധ്യമുള്ള മാധ്യമങ്ങൾ ഇതിനു മുൻകൈ എടുക്കുന്നില്ലെന്നു മാത്രമല്ല, അത്തരം ഒരു ചർച്ച ഉയർന്നുവരാൻ പോലും താല്പര്യം കാണിക്കുന്നില്ല. ഇതിന്റെ കാരണം അന്വേഷിച്ചു പോയാൽ ഒരു കാര്യം വ്യക്തമാകും. തെരഞ്ഞെടുപ്പ് സമയത്ത് അവതരിപ്പിക്കുന്ന പ്രകടനപത്രിക, അഞ്ച് വർഷം കഴിഞ്ഞ് ചർച്ച ചെയ്യപ്പെട്ടാൽ അതിന്റെ പ്രയോജനം ലഭിക്കുന്നത് ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കായിരിക്കുമെന്ന് കോൺഗ്രസിനും ബിജെപിക്കും വലിയൊരു വിഭാഗം മാധ്യമങ്ങൾക്കും നന്നായി അറിയാം. ഇക്കാര്യത്തിലുള്ള അവരുടെയെല്ലാം നിലപാട് വ്യക്തമാണ്, പ്രകടവുമാണ്.
‘ദാരിദ്ര്യം ഇല്ലാതാക്കും’ എന്നത് അരനൂറ്റാണ്ട് മുമ്പുതന്നെയുള്ള കോൺഗ്രസിന്റെ വാഗ്ദാനമാണ്. 50 വർഷത്തിനുശേഷവും ഈ വാഗ്ദാനത്തിന്റെ സ്ഥിതി എന്തെന്ന് വിശദീകരിക്കേണ്ടതില്ല. 2014ൽ ബിജെപി അവതരിപ്പിച്ച പ്രകടനപത്രികയിൽ പറഞ്ഞ കാര്യങ്ങളിൽ മൂന്നിലൊന്നെങ്കിലും നടന്നിരുന്നെങ്കിൽ, ഇന്ന് രാജ്യത്ത് ദാരിദ്ര്യവും തൊഴിലില്ലായ്മയും അഴിമതിയും ഇതുപോലെ പടർന്നുനിൽക്കില്ലായിരുന്നു.
ഇനി നമുക്ക് 2016ലും 2021ലും അവതരിപ്പിച്ച പ്രകടനപത്രികയിലേക്ക് വരാം. ഈ രണ്ടിലും പറഞ്ഞിരുന്നതിൽ 90–95 ശതമാനത്തിലധികം നടപ്പിലാക്കിയിട്ടുണ്ട് എന്ന കാര്യത്തിൽ കോൺഗ്രസിനോ ബിജെപിക്കോ മാധ്യമങ്ങൾക്കോ പോലും സംശയമുണ്ടാകില്ല. മാത്രവുമല്ല, പ്രകടനപത്രികയിൽ പറയാത്ത ധാരാളം കാര്യങ്ങളും ചെയ്തുവെന്ന് അവർക്കെല്ലാം ബോധ്യവുമുണ്ട്. അതിനാൽ കേരളത്തിൽ, പ്രകടനപത്രിക ചർച്ചയാക്കുവാനുള്ള പൂർണ ചുമതല എൽഡിഎഫിൽ മാത്രം നിക്ഷിപ്തമായിരിക്കുകയാണ്. അവരത് കൃത്യതയോടെ ചെയ്താൽ, തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന് വലിയ വിജയം കൊയ്തെടുക്കാനാകും.
ഐക്യരാഷ്ട്രസഭയുടെ ‘ലോക ദാരിദ്ര്യവിവര പട്ടിക’ പുറത്തുവന്നത് ഈ മാസമാണ്. 110 കോടി അതിദരിദ്രർ ലോകത്തുണ്ടെന്നാണ് ഈ റിപ്പോർട്ടിൽ പറയുന്നത്. അതിൽ 24.32 കോടി ജനങ്ങൾ ഇന്ത്യയിലാണ്. ഏകദേശം 21% പേർ. 123 രാജ്യങ്ങളുടെ അതിദരിദ്ര പട്ടിക തയ്യാറാക്കിയപ്പോൾ അതിൽ ഇന്ത്യയുടെ സ്ഥാനം 102 ആണ്. ഇന്ത്യക്ക് പിന്നിൽ വരുന്ന രാജ്യങ്ങൾ സൊമാലിയ, സുഡാൻ, നൈജീരിയ പോലെയുള്ള രാജ്യങ്ങളാണ്. ഈ റിപ്പോർട്ട് മറ്റൊരു കാര്യം കൂടി വ്യക്തമാക്കുന്നു. ലോകത്ത് ഏറ്റവും കൂടുതൽ ദരിദ്രരുള്ള രാജ്യം ഇന്ത്യയാണ്.
ഈ സ്ഥിതി നിലനിൽക്കുന്ന രാജ്യത്താണ്, ചെറിയൊരു സംസ്ഥാനമായ കേരളം അതിദരിദ്രർ ഇല്ലാതായ ചരിത്രനേട്ടം കൈവരിച്ചത്. ഇത് ഒരു സുപ്രഭാതത്തിൽ സംഭവിച്ചതല്ല. അതിന്റെ അടിവേരുകൾ ചെന്നുനിൽക്കുന്നത് 1957ലെ ആദ്യ കമ്മ്യൂണിസ്റ്റ് സർക്കാരിലാണ്. 1969ൽ വന്ന സി അച്യുതമേനോൻ സർക്കാർ ഈ വഴിയിൽ വളരെ ദൂരം സഞ്ചരിച്ചു. തുടർന്നുവന്ന എൽഡിഎഫ് സർക്കാരുകളെല്ലാം ഇതിൽ വലിയ സംഭാവന ചെയ്തു. 2021ൽ അധികാരമേറ്റ ശേഷം പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സർക്കാരിന്റെ ആദ്യ തീരുമാനമായിരുന്നു സംസ്ഥാനത്ത് അതിദാരിദ്ര്യം ഇല്ലാതാക്കുമെന്നത്. ഈ വാഗ്ദാനം പാലിക്കപ്പെട്ടു.
എന്നാൽ അതുകൊണ്ടായില്ല, ഇനിയും നിലനിൽക്കുന്ന കേവല ദാരിദ്ര്യം കൂടി ഇല്ലാതാകണം. പുതിയ പ്രകടനപത്രികയിൽ മുഖ്യ വാഗ്ദാനമായി പ്രഖ്യാപിച്ചിരിക്കുന്നത് ഇതാണ്. അനുഭവത്തിന്റെ വെളിച്ചത്തിൽ, ഈ വലിയ നേട്ടം കൂടി കൈവരിക്കാൻ എൽഡിഎഫിന് കഴിയുമെന്നുതന്നെ പ്രതീക്ഷിക്കാം. എന്നാൽ രാജ്യത്ത് ദാരിദ്ര്യം ഇല്ലാതാക്കുന്നതിനെ കുറിച്ച് ചിന്തിക്കാൻ പോലും ബിജെപി സർക്കാരിനാകില്ല. കാരണം രാജ്യ സമ്പത്തിൽ സിംഹഭാഗവും ഒരു ശതമാനത്തിൽ കേന്ദ്രീകരിക്കുന്ന നയങ്ങൾ ഉപേക്ഷിക്കാൻ അവർ തയ്യാറാകില്ല.
1957ൽ കേരളത്തിൽ ഒമ്പത് ശതമാനം പേർക്ക് മാത്രമേ സ്വന്തമായി ഭൂമി ഉണ്ടായിരുന്നുള്ളു. അതാകട്ടെ വരേണ്യവർഗത്തിന്റെ കൈവശവുമായിരുന്നു. അന്ന് നടപ്പിലാക്കിയ കുടിയൊഴിപ്പിക്കൽ നിയമവും 1970 ജനുവരിയിൽ നടപ്പിലാക്കിയ ഭൂപരിഷ്കരണ നിയമവുമെല്ലാം കേരളത്തിൽ മൗലികമായ മാറ്റങ്ങൾ കൊണ്ടുവന്നു. ഇന്ന് കേരളത്തിൽ 97% കുടുംബങ്ങൾക്ക് സ്വന്തമായി ഭൂമിയുണ്ട്. 2016ൽ എൽഡിഎഫ് വാഗ്ദാനം ചെയ്തിരുന്നതുപോലെ കാര്യങ്ങൾ നടന്നു. ഒമ്പതര വർഷത്തിനുള്ളിൽ 3,57,868 പേർക്കാണ് പട്ടയം നൽകിയത്. ഇനി ഒന്നരലക്ഷം പേർക്ക് കൂടി ആറ് മാസത്തിനുള്ളിൽ പട്ടയം നൽകുമെന്ന് സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. ഒരിക്കൽക്കൂടി തുടർഭരണം കിട്ടിയാൽ, സ്വന്തമായി ഭൂമിയില്ലാത്ത ഒരു കുടുംബവും കേരളത്തിൽ ഉണ്ടാകില്ല. ഇതിന്റെ മൂന്നിലൊന്ന് നേട്ടമെങ്കിലും കൈവരിക്കാൻ ഇന്ത്യയിലെ ഒരു സംസ്ഥാനത്തിനും ഇനിയും കഴിഞ്ഞിട്ടില്ല. എല്ലാവർക്കും വീട് എന്നത് കേരളത്തിന്റെ ഒരു സ്വപ്നമായിരുന്നു. 1970കളിൽ ഭവനനിർമ്മാണ മന്ത്രി കൂടിയായിരുന്ന എം എൻ ഗോവിന്ദൻ നായർ. ‘ലക്ഷം വീട് പദ്ധതി’ പ്രഖ്യാപിക്കുമ്പോൾ അത് വിജയിക്കുമെന്ന പ്രതീക്ഷ പൊതുവെ ഉണ്ടായിരുന്നില്ല. എന്നാൽ അത് വിജയിച്ചു. തുടർന്നുവന്ന സർക്കാരുകൾ കുറച്ചൊക്കെ ഈ രംഗം ശ്രദ്ധിച്ചു. എന്നാൽ ‘ലൈഫ് പദ്ധതി’ പ്രഖ്യാപിച്ച്, അത് സമയബന്ധിതമായി നടപ്പിലാക്കിയതിലൂടെ ഇക്കഴിഞ്ഞ ഓഗസ്റ്റ് 31 വരെ 4,62,412 പേർക്കാണ് പുതുതായി വീട് ലഭിച്ചത്. ഇനി സ്വന്തമായി വീടില്ലാത്ത മൂന്ന് ലക്ഷത്തിലധികം പേർ കേരളത്തിലുണ്ട്. അടുത്ത മൂന്ന് വർഷത്തിനുള്ളിൽ, ഭവനരഹിതരില്ലാത്ത നാടായി സംസ്ഥാനത്തെ മാറ്റാനാകുമെന്നാണ് എൽഡിഎഫ് പ്രതീക്ഷിക്കുന്നത്. എല്ലാ വീട്ടിലും വൈദ്യുതി ലഭ്യമാക്കി എന്നതും പവർകട്ടും ലോഡ്ഷെഡ്ഡിങ്ങും ഇല്ലാതാക്കാനായി എന്നതും നേട്ടം തന്നെ.
1957ൽ എഴുതാനും വായിക്കാനും അറിയുന്നവർ 20 ശതമാനത്തിന് താഴെയായിരുന്നു. ഇന്ന് സാക്ഷരത 100 ശതമാനത്തിനടുത്തെത്തി നിൽക്കുന്നു. എൽപിഎസ് മുതലുള്ള പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങൾ നേരിട്ടുകണ്ട് തന്നെ നേട്ടങ്ങൾ തിരിച്ചറിയേണ്ടതാണ്. ഭൗതിക സൗകര്യങ്ങൾ, സ്മാർട്ട് ക്ലാസുകൾ, അധ്യാപക പരിശീലനം തുടങ്ങി നേട്ടങ്ങളുടെ നീണ്ട പട്ടിക ആർക്കും പരിശോധിക്കാവുന്നതാണ്. ഉന്നത വിദ്യാഭ്യാസരംഗവും അതിവേഗം മാറുകയാണ്. രാജ്യത്തെ മികച്ച 100 കോളജുകളിൽ 16 എണ്ണം കേരളത്തിലാണ്. ഈ രംഗത്ത് ഒട്ടേറെ പുതിയ പദ്ധതികളാണ് നടപ്പിലാക്കിവരുന്നത്. എന്നാൽ കേന്ദ്രസർക്കാരിന്റെയും ഗവർണർമാരുടെയും ഇടപെടലുകൾ ഈ രംഗത്ത് ധാരാളം പ്രയാസങ്ങൾ സൃഷ്ടിക്കുന്നുണ്ട്. എങ്കിലും അടുത്ത ഏതാനും വർഷങ്ങൾ കൊണ്ട്, കേരളം ‘ഉന്നത വിദ്യാഭ്യാസ ഹബ്ബ്’ ആയി മാറുകതന്നെ ചെയ്യും. ആരോഗ്യ രംഗത്ത് കഴിഞ്ഞ നാല് വർഷങ്ങൾക്കുള്ളിൽ മാത്രം, 30 ലക്ഷം പേർക്കായി 7,200 കോടി രൂപയുടെ സൗജന്യ ചികിത്സയാണ് നൽകിയത്. ശിശുമരണ നിരക്ക് ദേശീയ ശരാശരി 25 ആണെങ്കിൽ കേരളത്തിൽ അത് അഞ്ച് മാത്രമാണ്. ആശുപത്രികളുടെ സൗകര്യം വർധിച്ചതിനാലും കൂടുതൽ ഡോക്ടർമാരും നഴ്സുമാരും നിയമിക്കപ്പെട്ടതിനാലും ആവശ്യത്തിന് മരുന്നുകളും ഉപകരണങ്ങളും ലഭ്യമായതിനാലും സർക്കാർ ആശുപത്രികളിലെ തിരക്ക് അസാധാരണമായി ഉയരുകയാണ്. സൗകര്യങ്ങൾ കൂടുന്നതനുസരിച്ച് തിരക്കും കൂടും എന്നതാണവസ്ഥ. എന്നാൽ ഇനിയും കൂടുതൽ സൗകര്യങ്ങളും ജീവനക്കാരും ഉണ്ടാകേണ്ടതുണ്ട് എന്നതും വസ്തുതയാണ്. ഇക്കാര്യം സർക്കാർ അംഗീകരിക്കുകയും തുടർ നടപടികൾ സ്വീകരിച്ചുകൊണ്ടിരിക്കുകയുമാണ്.
ഇതിനിടയിൽ സംഭവിക്കുന്ന ചെറിയ വീഴ്ചകൾ, മഹത്തായ ആരോഗ്യ മേഖലയെ ചെറുതാക്കി കാണിക്കാനുള്ള അവസരമാക്കി ചിലർ കാണുന്നു എന്നതും വസ്തുതയാണ്. ഈ നീക്കം വിജയിക്കാൻ പാടില്ലാത്തതാണ്. പ്രവർത്തന മികവിനുള്ള ഒമ്പത് ദേശീയ അവാർഡുകളാണ് കഴിഞ്ഞ നാല് വർഷം കൊണ്ട് കേരളം കരസ്ഥമാക്കിയത്. അതൊന്നും ചർച്ചയാകുന്നില്ല എന്നതും കാണേണ്ടതുണ്ട്.
കേരളത്തിൽ സ്റ്റാറ്റ്യൂട്ടറി റേഷനിങ് സംവിധാനം ആരംഭിക്കുന്നത് 1966ലാണ്. ദാരിദ്ര്യത്തിന്റെ കാഠിന്യം കുറച്ചുകൊണ്ടുവരാൻ ഈ സംവിധാനം പ്രയോജനപ്പെട്ടിട്ടുണ്ട്. എന്നാൽ 1980കളിൽ നായനാർ സർക്കാരിന്റെ കാലത്ത്, ഭക്ഷ്യവകുപ്പ് മന്ത്രിയായി ഇ ചന്ദ്രശേഖരൻ നായർ വന്നതോടുകൂടി ഈ രംഗത്ത് വലിയ ചലനമാണ് സൃഷ്ടിക്കപ്പെട്ടത്. ‘മാവേലി സ്റ്റോറുകൾ’ ഒരു തുടക്കമായിരുന്നു. ഏറ്റവും മാതൃകാപരമായിട്ടാണ് ഭക്ഷ്യസുരക്ഷാ നിയമം കേരളം നടപ്പിലാക്കിയത്.
ഒരു ഘട്ടത്തിൽ ഇടത്തരക്കാർ പൊതുവെ റേഷൻകടകളിൽ നിന്ന് അകന്നു നിന്നിരുന്നു. എന്നാൽ ഇപ്പോഴത്തെ സർക്കാരിന്റെ ദീർഘവീക്ഷണത്തോടെയുള്ള ഇടപെടലിന്റെ ഫലമായി, മുഴുവൻ കുടുംബങ്ങളുടെയും ആശ്രയ കേന്ദ്രമായി റേഷൻ കടകൾ മാറി. നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം നിയന്ത്രിക്കുന്നതിലും കാലാകാലമുള്ള അടിയന്തര ഇടപെടലുകളിലും സംസ്ഥാനം മാതൃകയാണ്. ആഘോഷ വേളകളിൽ വിലക്കയറ്റം എന്ന അവസ്ഥ ഇന്നില്ല. നെല്ല് സംഭരണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്ക് പരിഹാരമായത്, കർഷക സമൂഹത്തിന് ആശ്വാസം പകർന്നു നൽകി.
(അവസാനിക്കുന്നില്ല)
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.