10 January 2026, Saturday

വെളുപ്പിക്കപ്പെട്ടുകൊണ്ടേയിരിക്കുന്ന അഡാനി

അബ്ദുൾ ഗഫൂർ
December 16, 2025 4:30 am

ഇന്ത്യയിലെ രണ്ട് വൻകിട കോർപറേറ്റ് സ്ഥാപനങ്ങളാണ് റിലയൻസ് ഗ്രൂപ്പും അഡാനി കമ്പനികളും. റിലയൻസിന്റെ ചരിത്രത്തിന് തലമുറകളുടെ ദൈർഘ്യമുണ്ട്. എന്നാൽ നരേന്ദ്ര മോഡി ഗുജറാത്ത് മുഖ്യമന്ത്രിയും പിന്നീട് പ്രധാനമന്ത്രിയും ആയതിനുശേഷം രാജ്യത്തിന്റെ വാണിജ്യ രംഗത്ത് കുതിച്ചുയർന്നതാണ് ഗൗതം അഡാനിയുടെ ചരിത്രം. ആ ചരിത്രത്തിന്റെ വിശകലനമല്ല, ഈ രണ്ട് സ്ഥാപനങ്ങളോടുമുള്ള മോഡി ഭരണകൂടത്തിന്റെ സമീപനങ്ങളാണ് ഈ കുറിപ്പിന്റെ ആധാരം. 

കഴിഞ്ഞ രണ്ട് മാസത്തിലധികമായി റിലയൻസ് ഗ്രൂപ്പിന് നേരെ കേന്ദ്രസർക്കാരിന്റെ അന്വേഷണ ഏജൻസികളായ സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സിബിഐ), ആദായ നികുതി വകുപ്പ് (ഐടി), എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) എന്നിവയുടെ നിരന്തര നിരീക്ഷണവും നടപടികളും വാർത്തകളിൽ ഇടംപിടിക്കുന്നുണ്ട്. റിലയൻസ് ഹോം ഫിനാൻസ് ലിമിറ്റഡ് (ആർഎച്ച്എഫ്എൽ), റിലയൻസ് കൊമേഴ്സ്യൽ ഫിനാൻസ് ലിമിറ്റഡ് (ആർസിഎഫ്എൽ) എന്നീ സംരംഭങ്ങൾ യെസ് ബാങ്കുമായി ബന്ധപ്പെട്ട് നടത്തിയ സാമ്പത്തിക തട്ടിപ്പിൽ ഇഡി കേസെടുക്കുകയും നടപടികൾ തുടരുകയുമാണ്. 

അനിൽ അംബാനി ഗ്രൂപ്പ് സ്ഥാപനങ്ങളുടെ 1,120 കോടി രൂപയുടെ സ്വത്തുക്കൾ ഇഡി കണ്ടുകെട്ടുകയും ചെയ്തിട്ടുണ്ട്. റിലയൻസ് കമ്മ്യൂണിക്കേഷൻസ്, ആർസിഎഫ്എൽ, ആർഎച്ച്എഫ്എൽ എന്നിവയുമായി ബന്ധപ്പെട്ട മുൻ തട്ടിപ്പ് കേസുകളിൽ ഇഡി നേരത്തെ 8,997 കോടി രൂപയുടെ ആസ്തികൾ കണ്ടുകെട്ടിയിരുന്നു. രണ്ടുംകൂടി ചേർന്നപ്പോൾ റിലയൻസിന്റെ കണ്ടുകെട്ടിയ ആസ്തിയുടെ മൂല്യം 10,117 കോടി രൂപയായി. ഇന്ത്യയിലും വിദേശ രാജ്യങ്ങളിലും നടത്തിയ സാമ്പത്തിക ഇടപാടുകളിൽ ക്രമക്കേട് കണ്ടെത്തിയെന്നതിന്റെ പേരിൽ സിബിഐയുടെ മറ്റൊരു കേസും റിലയൻസിനെതിരെ നിലവിലുണ്ട്. 2010നും 12നും ഇടയിൽ നേടിയെടുത്ത 40,185 കോടിയുടെ വായ്പകൾ ദുരുപയോഗം ചെയ്തുവെന്നാണ് സിബിഐ എഫ്ഐആർ. ഈ കേസിന് അനുബന്ധമായാണ് ബാങ്ക് തട്ടിപ്പ്, കള്ളപ്പണം വെളുപ്പിക്കൽ തുടങ്ങിയ കുറ്റങ്ങൾ ചാർത്തി ഇഡിയുടെ കേസ് മുന്നോട്ടുപോകുന്നത്.

പൊതുമേഖലാ ബാങ്കിന് 228 കോടി രൂപ നഷ്ടമുണ്ടാക്കിയ കേസിൽ അനിൽ അംബാനിയുടെ മകൻ ജയ് അൻമോൽ അംബാനിക്കെതിരെ സിബിഐ കേസുണ്ട്. റിലയൻസ് ഹോം ഫിനാൻസ് ലിമിറ്റഡിന്റെ ഡയറക്ടർമാരായിരിക്കെയാണ് ക്രമക്കേട് കാട്ടിയത്. യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സിബിഐ നടപടി. ജയ്‌പൂര്‍ — റീംഗസ് ഹൈവേ പദ്ധതിയുമായി ബന്ധപ്പെട്ട് ഫോറിൻ എക്സ്ചേഞ്ച് മാനേജ്മെന്റ് നിയമം (ഫെമ) ലംഘിച്ചതിനുള്ള കേസും റിലയൻസിനെതിരെയുണ്ട്. സൂറത്ത് ആസ്ഥാനമായുള്ള കടലാസ് കമ്പനി വഴി ദുബായിലേക്ക് പണമയച്ചുവെന്നും പെരുപ്പിച്ചുകാട്ടിയെന്നുമാണ് ഈ കേസിലെ ആരോപണം. സോളാർ എനർജി കോർപറേഷൻ ഓഫ് ഇന്ത്യ (എസ്ഇസിഐ) നൽകിയ പരാതിയിൽ വ്യാജ ബാങ്ക് ഗ്യാരണ്ടി കേസിൽ അനിൽ റിലയൻസ് പവർ ലിമിറ്റഡിനെതിരെ ഇഡി കുറ്റപത്രം സമർപ്പിച്ചിട്ടുണ്ട്. റിലയൻസ് എന്ന കോർപറേറ്റ് സ്ഥാപനത്തിനെതിരെ ഇതാണ് കേന്ദ്ര സർക്കാരിന്റെ അന്വേഷണ ഏജൻസികളുടെ സമീപനമെങ്കിൽ അഡാനിയോടുള്ളത് കടകവിരുദ്ധമാണ്. 

അഡാനി കമ്പനികൾക്കെതിരായി ഉയരുന്ന എല്ലാ ആരോപണങ്ങളും കേവലം അന്വേഷണത്തിനും കുറ്റവിമുക്തമാക്കലിലുമപ്പുറം നടപടികളിലേയ്ക്ക് പോകുന്ന പതിവ് ഇതുവരെയുണ്ടായിട്ടില്ല. അഡാനി കമ്പനികൾക്കെതിരായി ഉയർന്ന പ്രധാനപ്പെട്ടതും വലിയ വിവാദമായതുമാണ് യുഎസിലെ ഹിൻഡൻബർഗ് റിസർച്ചിന്റെ കണ്ടെത്തലുകൾ. ഈ ആരോപണത്തെ തുടർന്ന് സെക്യൂരിറ്റീസ് ആന്റ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) അന്വേഷണം പ്രഖ്യാപിച്ചുവെങ്കിലും അഡാനിയെ വെളുപ്പിക്കുന്ന തീരുമാനമാണ് കഴിഞ്ഞ സെപ്റ്റംബറിൽ ഉണ്ടായത്. 2023 ജനുവരിയിൽ ഹിൻഡർബർഗിന്റേതായി പുറത്തുവന്ന റിപ്പോർട്ടിൽ അഡാനി കമ്പനികൾക്കെതിരെ ഓഹരി കൃത്രിമം, കണക്കുകളിൽ തട്ടിപ്പ് എന്നിവയിലൂടെ ഓഹരി ഇടപാടുകാരെ വഞ്ചിച്ചുവെന്നും കോർപറേറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ തട്ടിപ്പാണിത് എന്നുമായിരുന്നു ആരോപിച്ചിരുന്നത്. വലിയ കോളിളക്കങ്ങൾ ഉണ്ടാക്കിയ വെളിപ്പെടുത്തലായിരുന്നു ഇത്.
ആദ്യം കേന്ദ്രസർക്കാർ ആരോപണം തള്ളുകയും അന്വേഷണം ആവശ്യമില്ലെന്ന നിലപാടെടുക്കുകയും ചെയ്തെങ്കിലും പ്രതിപക്ഷത്തിന്റെ നിരന്തര ആവശ്യത്തെ തുടർന്ന്, വിഷയം പരിശോധിക്കുന്നതിന് സെബിയെ ചുമതലപ്പെടുത്തുകയായിരുന്നു. നേരത്തെയും കേന്ദ്രസർക്കാരിന് വേണ്ടപ്പെട്ടവർക്കെതിരെ ആരോപണമുണ്ടായപ്പോൾ പരിശോധിച്ച സെബി അവരെയും വെളുപ്പിച്ചതിന്റെ മുൻ അനുഭവങ്ങളുള്ളതിനാൽ ഇക്കാര്യത്തിൽ അവരുടെ ഭാഗത്തുനിന്ന് അനുകൂല കണ്ടെത്തൽ ഉണ്ടാകുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല. അതുതന്നെയാണ് സംഭവിച്ചത്. ഇക്കഴിഞ്ഞ സെപ്റ്റംബറിൽ ആരോപണത്തിൽ വസ്തുതകളില്ലെന്ന് ചൂണ്ടിക്കാട്ടി സെബി അഡാനിക്കെതിരായ ഹിൻഡർബർഗ് ആരോപണങ്ങളിൽ തുടരന്വേഷണമോ നടപടികളോ വേണ്ടെന്നുവച്ചു. 

അഡാനി കമ്പനികൾ മറ്റ് മൂന്ന് സ്ഥാപനങ്ങളുമായി നടത്തിയതും ഹിൻഡൻബർഗ് റിസർച്ച് ചോദ്യം ചെയ്തതുമായ ചില സാമ്പത്തിക ബന്ധങ്ങൾ ബന്ധപ്പെട്ട കക്ഷികൾ നടത്തിയ ഓഹരി ഇടപാടുകളായി കണക്കാക്കുന്നില്ലെന്നായിരുന്നു സെബിയുടെ നിരീക്ഷണമുണ്ടായത്. അഡാനി കമ്പനികൾ അഡികോർപ്പ് എന്റർപ്രൈസസ്, മൈൽസ്റ്റോൺ ട്രേ‌ഡ്‌ലിങ്ക്സ്, റെഹ്വാർ ഇൻഫ്രാസ്ട്രക്ചർ എന്നിവയുമായി നടത്തിയ ഇടപാടുകൾ ബന്ധപ്പെട്ട ഓഹരി ഇടപാടുകളായി പ്രഖ്യാപിക്കേണ്ടതായിരുന്നു എന്നായിരുന്നു ഹിൻഡന്‍ബർഗിന്റെ ആരോപണം. വിവിധ അഡാനി ഗ്രൂപ്പ് കമ്പനികളിൽ നിന്ന് പൊതുജനങ്ങൾക്ക് ലിസ്റ്റുചെയ്ത അഡാനി പവറിലേക്ക് ഫണ്ട് എത്തിക്കാൻ ഇത് ഉപയോഗിച്ചിരുന്നുവെന്നും ഹിൻഡൻബർഗ് വെളിപ്പെടുത്തിയിരുന്നു. എന്നാല്‍, ഈ വിഷയം പരിശോധിച്ച സെബി സെപ്റ്റംബർ 18ന് പുറപ്പെടുവിച്ച ഉത്തരവുകളിൽ ഈ ഇടപാടുകൾ ബന്ധപ്പെട്ട‑കക്ഷി ഇടപാടുകളായി കണക്കാക്കേണ്ടതല്ലെന്ന് വിധിക്കുകയായിരുന്നു.
ഇതിന് പിന്നാലെയാണ് അഡാനി ഗ്രൂപ്പ് ഡയറക്ടറും ഗൗതം അഡാനിയുടെ അനന്തരവനുമായ പ്രണവ് അഡാനിയെയും മറ്റുള്ളവരെയും മറ്റൊരു അന്വേഷണത്തിൽ കഴിഞ്ഞ ദിവസം സെബി ചില കുറ്റങ്ങളില്‍ നിന്ന് ഒഴിവാക്കിയിരിക്കുന്നത്. സ്വന്തം ലാഭത്തിനും ഓഹരി മൂല്യം കൂട്ടുന്നതിനും ആഭ്യന്തര ഇടപാടുകളിൽ ക്രമക്കേട് നടത്തിയെന്ന ആരോപണത്തിൽ നിന്നാണ് പ്രണവിനെയും മറ്റുള്ളവരെയും സെബി കുറ്റവിമുക്തരാക്കിയത്. ഡിസംബർ 12നാണ് ഈ തീരുമാനമുണ്ടായത്. 2021ൽ അഡാനി ഗ്രീൻ എനർജി ലിമിറ്റഡിന്റെ (എജിഇഎൽ) എസ്ബി എനർജി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട കേസുകളിലാണ് ആഭ്യന്തര ഇടപാടുകളിലെ ക്രമക്കേട് എന്ന കുറ്റം ഒഴിവാക്കിയിരിക്കുന്നത്.
എസ്ബി എനർജിയിലെ ഓഹരികൾ വാങ്ങുന്നതിനായി സോഫ്റ്റ്ബാങ്ക് ഗ്രൂപ്പ് ക്യാപിറ്റൽ ലിമിറ്റഡ് (എസ്ബിജിസിഎൽ), ഭാരതി ഗ്ലോബൽ ലിമിറ്റഡ് (ബിജിഎൽ) എന്നിവയുമായി എജിഇഎൽ 2021 മേയ് മാസത്തിൽ ഓഹരി വാങ്ങൽ കരാറുകളിൽ ഒപ്പുവച്ചതായി പ്രഖ്യാപിച്ചിരുന്നു. ഇതിനുശേഷം എജിഇഎല്ലിന്റെ ഓഹരി വില 2021 മേയ് 18ന് 1,198.75 രൂപയിൽ നിന്ന് അടുത്ത ദിവസം 1,243.65 രൂപയായി ഉയർന്നു, ഒരു ദിവസം കൊണ്ട് ഏകദേശം 3.75% നേട്ടം. ഇത് ഓഹരി ഇടപാടുകളുമായി ബന്ധപ്പെട്ട് ക്രമവിരുദ്ധമാണെന്നായിരുന്നു ആരോപണം. 

2021 ജനുവരി 20നും 28നും ഇടയിൽ നടന്ന അഡാനി ഗ്രീൻ എനർജി ലിമിറ്റഡിന്റെ ഓഹരി വ്യാപാരമാണ് സെബി അന്വേഷിച്ചത്. 2023 നവംബറിൽ അന്വേഷണ റിപ്പോർട്ട് പരിശോധിച്ച സെബി, പ്രണവ് അഡാനിയും ഷാ സഹോദരന്മാരും ഇൻസൈഡർ ട്രേഡിങ് മാനദണ്ഡങ്ങൾ ലംഘിച്ചിരിക്കാമെന്ന് പ്രാഥമികമായി വിലയിരുത്തിയിരുന്നു. തുടർന്ന് നവംബർ 10ന് ഇവർക്കെതിരെ കാരണം കാണിക്കൽ നോട്ടീസ് അയയ്ക്കുകയും നടപടികൾ ആരംഭിക്കുകയും ചെയ്തു. പ്രണവ് അഡാനി പങ്കുവച്ചതായി ആരോപിക്കപ്പെടുന്ന രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഷാ സഹോദരന്മാർ ഓഹരി വ്യാപാരം നടത്തിയതായി സെബി അന്ന് നോട്ടീസിൽ ആരോപിച്ചിരുന്നു. എന്നാലിപ്പോൾ പ്രണവ് അഡാനി പ്രസിദ്ധീകരിക്കാത്ത ഏതെങ്കിലും സെൻസിറ്റീവ് വില വിവരങ്ങൾ പങ്കുവച്ചതായോ, ഷാ സഹോദരന്മാർ ആന്തരിക വിവരങ്ങളുടെ അടിസ്ഥാനത്തിൽ വ്യാപാരം നടത്തിയതായോ തെളിവുകൾ ലഭിച്ചില്ലെന്ന് സെബി പറയുന്നു.
അങ്ങനെ സെബിയുൾപ്പെടെ മോഡിയുടെ അടിമപ്പണിയെടുക്കുന്ന സ്ഥാപനങ്ങൾ അദ്ദേഹത്തിന്റെ വിശ്വസ്തനായ അഡാനി കമ്പനിയെ വെളുപ്പിച്ചെടുക്കുമ്പോൾ യുഎസിൽ ചുമത്തിയ കേസിൽ നോട്ടീസ് നൽകാൻ പോലും തയ്യാറാകുന്നില്ലെന്ന വിവരം പല തവണ പുറത്തുവന്നിട്ടുള്ളതാണ്. എട്ട് മാസത്തിനിടെ അഞ്ചാം തവണയും, യുഎസ് സെക്യൂരിറ്റീസ് ആന്റ് എക്സ്ചേഞ്ച് കമ്മിഷൻ ന്യൂയോർക്കിലെ ഈസ്റ്റേൺ ഡിസ്ട്രിക്ടിന് സ്റ്റാറ്റസ് റിപ്പോർട്ട് സമർപ്പിച്ചതായി വാർത്തകളുണ്ടായിട്ടുണ്ട്. ഇന്ത്യയിലെ നിയമ — നീതിന്യായ മന്ത്രാലയം വ്യവസായികളായ ഗൗതം, സാഗർ അഡാനിമാർക്ക് കേസ് സംബന്ധമായി നിയമപരമായ രേഖകൾ നൽകിയിട്ടില്ലെന്നും അതുകൊണ്ട് പ്രതികൾക്ക് കേസ് വിവരങ്ങൾ കൈമാറുന്നതിന് സാധിച്ചില്ലെന്നുമാണ് ഡിസംബർ 12ന് സമർപ്പിച്ച രണ്ട് പേജുള്ള കത്തിൽ പരാമർശിച്ചിട്ടുള്ളത്. “പ്രതികൾക്ക് കത്ത് കൈമാറുന്നതിനുള്ള ശ്രമങ്ങൾ എസ്ഇസി തുടരുകയാണ്, അതിന്റെ പുരോഗതി കോടതിയെ അറിയിക്കും” എന്ന് കത്തിൽ കൂട്ടിച്ചേർക്കുന്നു. 

2024 നവംബറിൽ പ്രാരംഭ പരാതി സമർപ്പിച്ച് ഒരു വർഷത്തിലേറെയായിട്ടും അത് കെെ­മാറുന്നതിൽ ഇന്ത്യന്‍ സർക്കാർ ഗുരുതരമായ അലംഭാവം കാട്ടുന്നുവെന്ന് ഇതിൽ നിന്ന് മനസിലാക്കാവുന്നതാണ്. 2024 നവംബർ 20ന് പരാതി നൽകി മൂന്ന് മാസത്തിന് ശേഷം 2025 ഫെബ്രുവരിയിലാണ് കമ്മിഷൻ ആദ്യമായി ഇന്ത്യൻ അധികാരികളെ സമീപിച്ചത്. എന്നാൽ വിവരാവകാശ (ആർടിഐ) ചോദ്യത്തിന് മറുപടിയായി, കേന്ദ്ര നിയമ — നീതിന്യായ മന്ത്രാലയത്തിന് കീഴിലുള്ള നിയമകാര്യ വകുപ്പ്, 2025 ഫെബ്രുവരി 21 വരെ അത്തരമൊരു അഭ്യർത്ഥന ലഭിച്ചിട്ടില്ലെന്നാണ് അറിയിച്ചത്. പക്ഷേ ജൂൺ, ഓഗസ്റ്റ്, ഒക്ടോബർ, ഡിസംബർ മാസങ്ങളിൽ ഇന്ത്യന്‍ സർക്കാരിനോട് കേസ് വിവരങ്ങൾ കൈമാറാന്‍ ആവശ്യപ്പെട്ടതായി എസ്ഇസി ആവർത്തിച്ച് യുഎസ് കോടതിയെ അറിയിച്ചിട്ടുണ്ട്. സോളാർ ഊർജ പദ്ധതിക്ക് അനുമതി ലഭിക്കുന്നതിന് കോഴ നൽകിയെന്നായിരുന്നു യുഎസിലുള്ള കേസ്. അതിൽ ഗൗതം അഡാനിയെയും സാഗർ അഡാനിയെയും പ്രതി ചേര്‍‍ത്ത് വിചാരണ ചെയ്യുന്നതിന് തടസം സൃഷ്ടിക്കുകയാണ് മോഡി സർക്കാർ ചെയ്യുന്നത്.

ഇവിടെയാണ് കുറ്റവാളികൾ ഉറ്റചങ്ങാതിമാരാകുമ്പോൾ നടപടികൾ മയപ്പെടുത്തുകയോ കുറ്റവിമുക്തരാക്കപ്പെടുകയോ ചെയ്യുന്ന പ്രവണത ആവർത്തിക്കുന്നത് തിരിച്ചറിയാനാകുന്നത്. റിലയൻസിന്റെ കാര്യത്തിൽ കടുത്ത നടപടികളുണ്ടാകുമ്പോഴാണ് അഡാനിയുടെ വിഷയമാ­കുമ്പോൾ ഈ മെല്ലെപ്പോക്കും വെളുപ്പിക്കൽ നടപടിയുമെന്നത് മോഡിയുടെ ചങ്ങാത്ത മുതലാളിത്തത്തിന്റെ വിധേയത്വവും വഴിവിട്ട നീക്കങ്ങളും എത്രത്തോളമാണെന്നതിന്റെ തെളിവായിരിക്കുകയാണ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.