
അന്താരാഷ്ട്ര നീതിന്യായ കോടതി പതിറ്റാണ്ടുകൾക്കുശേഷം 2025 ജൂലൈയിൽ, ഭരണകൂടങ്ങളുടെ കാലാവസ്ഥാ ഉത്തരവാദിത്തങ്ങളെക്കുറിച്ചുള്ള ആദ്യത്തെ വാദം കേൾക്കൽ നടത്തി. കാലാവസ്ഥാ വ്യതിയാനത്തെ “അടിയന്തരവും അസ്തിത്വ ഭീഷണിയും” എന്ന് പ്രധാന ജഡ്ജി വിശേഷിപ്പിച്ചു. ഭാവി തലമുറകളാണ് പ്രതിസന്ധിയുടെ കേന്ദ്രബിന്ദു എന്നും സമര്‍ത്ഥിച്ചു. എന്നാല്‍ ഏറ്റവും കൂടുതൽ ബാധിക്കപ്പെട്ട ജനതയെ — പ്രത്യേകിച്ച് ആഫ്രിക്കയിലെ ദരിദ്ര രാജ്യങ്ങളിൽ ജനിച്ച കുട്ടികളെ — കേന്ദ്രീകരിക്കുന്നതിൽ വാദം കേൾക്കല്‍ പരാജയപ്പെട്ടു. ഓരോ തലമുറയും അവരുടെ ജനന കാലത്തെ സാഹചര്യങ്ങളനുസരിച്ചാണ് രൂപപ്പെടുന്നത്. ആ ഫ്രിക്കയില്‍, ദശലക്ഷക്കണക്കിന് കുഞ്ഞുങ്ങള്‍ ജനിച്ച് വീഴുന്നത് ദാരിദ്ര്യത്തിലേക്ക് മാത്രമല്ല, അവരുടെ അതിജീവനത്തിനും അന്തസിനും സ്വാധീനത്തിനുമുള്ള സാധ്യതകള്‍ പരിമിതപ്പെടുത്തുന്നതിനായി രൂപകല്പന ചെയ്ത ഒരു ഭൗമരാഷ്ട്രീയ ക്രമത്തിലാണ്. ഇതൊരു പ്രാദേശിക ഭരണപരാജയം മാത്രമല്ല; ചൂഷണത്തിന് പ്രതിഫലം നല്‍കുകയും കറുത്തവരുടെ ജീവിതത്തെ വിലമതിക്കാതിരിക്കുകയും ചെയ്യുന്ന ആഗോള സംവിധാനങ്ങളുടെ ഫലമാണ്. പാരിസ്ഥിതിക തകര്‍ച്ച, സാമ്പത്തിക നവകൊളോണിയലിസം, പ്രത്യുല്പാദന നീതിയുടെ നിരന്തരമായ നിഷേധം എന്നിങ്ങനെ സങ്കീര്‍ണമായ പ്രതിസന്ധികള്‍ക്കിടയിലാണ് ആഫ്രിക്കയില്‍ കുഞ്ഞുങ്ങള്‍ പിറക്കുന്നത്.
കാലാവസ്ഥാ നീതി, കേവലം വാചാടോപത്തിന് അപ്പുറമാകണമെങ്കില്‍, അത് കുട്ടികള്‍ ജനിച്ച് വീഴുന്നിടത്ത് ലഭ്യമാക്കണം. ആഫ്രിക്കന്‍ കുഞ്ഞുങ്ങളുടെ ജീവിതത്തെ മുന്‍കൂട്ടി നിശ്ചയിക്കുന്ന ആഗോള ഘടനകളെ നേരിടാതെ, പരിഷ്കരണം പ്രകടനപരമായി തുടരുകയാണ്. അടിസ്ഥാനപരമായ അസമത്വം നിലനില്‍ക്കുന്നു.
ജനങ്ങളുടെ മേല്‍ അധികാരം അവകാശപ്പെടുന്ന ഓരോ നിയമവ്യവസ്ഥയും തുല്യമായ ശാക്തീകരണത്തിലൂടെ നിയമസാധുത നേടണം. ആ നിയമ സാധുത ജനനം മുതല്‍ ആരംഭിക്കേണ്ടതാണ്. എന്നാല്‍ ആഫ്രിക്കന്‍ കുട്ടികളുടെ ജനനത്തിന് വളരെക്കാലമായി രാഷ്ട്രീയ മാനം ഇല്ലാതായിരിക്കുന്നു. ആഗോള വ്യവഹാരം ജനനത്തെ സ്വകാര്യവല്‍ക്കരിക്കുന്നു. സമൂഹം പങ്കിടേണ്ട ഉത്തരവാദിത്തത്തെക്കാള്‍ വ്യക്തിഗതവിഷയമായി അതിനെ കണക്കാക്കുന്നു. നൂറ്റാണ്ടുകളുടെ കൊളോണിയല്‍ ചൂഷണം, വംശീയ മുതലാളിത്തം, കാലാവസ്ഥാ തകര്‍ച്ച എന്നിവ അമ്മയുടെയും കുഞ്ഞിന്റെയും ജനന ശേഷമുള്ള ആരോഗ്യം രൂപപ്പെടുത്തിയിരിക്കുന്നു എന്ന സത്യത്തെ ഈ ആഖ്യാനം മറയ്ക്കുന്നു.
ആഫ്രിക്കന്‍ രാജ്യങ്ങളും കുട്ടികളുടെ അവകാശങ്ങളും ക്ഷേമവും സംബന്ധിച്ച രൂപരേഖ, മാപുട്ടോ പ്രോട്ടോക്കോള്‍, കുട്ടികളുടെ അവകാശങ്ങള്‍ സംബന്ധിച്ച ഐക്യരാഷ്ട്രസഭ കണ്‍വെന്‍ഷന്‍ എന്നിവയാല്‍ ബന്ധിതരാണ്. ഈ നിയമങ്ങളും തത്വങ്ങളും ചട്ടക്കൂടുകളും അമൂര്‍ത്തമായ ആദര്‍ശങ്ങളല്ല — ദശലക്ഷക്കണക്കിന് ആഫ്രിക്കന്‍ കുട്ടികള്‍ ജനിക്കുന്ന സാഹചര്യങ്ങളെ അവ നേരിട്ട് രൂപപ്പെടുത്തുന്നു. ജനിക്കുമ്പോള്‍ നിയമസാധുത നിഷേധിക്കപ്പെടുന്ന കുട്ടികള്‍ക്ക് പോഷകാഹാരക്കുറവ്, അപര്യാപ്തമായ ആരോഗ്യസംരക്ഷണം, പരിമിതമായ വിദ്യാഭ്യാസ അവസരങ്ങള്‍ എന്നിവയുടെ ഗുരുതരമായ അപകടസാധ്യതകള്‍ നേരിടേണ്ടിവരുന്നു. ഇത് അടിസ്ഥാന അസമത്വങ്ങളെ ദൈനംദിന യാഥാര്‍ത്ഥ്യമാക്കുന്നു.
അമേരിക്കയ്ക്ക് കൊടുക്കാനുള്ള കടം സംബന്ധിച്ച ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍, ബ്രസല്‍സിലെ സഹായ വ്യവസ്ഥകള്‍, ലണ്ടനിലും ചൈനയിലും ഒപ്പുവച്ച ഫോസില്‍ ഇന്ധന നിക്ഷേപ കരാറുകള്‍ എന്നിവയാല്‍ അടിസ്ഥാന ചുമതലകള്‍ നിരന്തരം ദുര്‍ബലപ്പെടുന്നു. അങ്ങനെ ആഫ്രിക്കന്‍ കുഞ്ഞുങ്ങളുടെ ജനനം കോളനിവല്‍ക്കരിക്കപ്പെടുന്നു. അതിന്റെ ഫലങ്ങള്‍ അടിച്ചേല്പിക്കുന്നത് മാതാപിതാക്കളോ അവരുടെ സമൂഹമോ അല്ല, മറ്റ് രാജ്യങ്ങളിലെ പാര്‍ലമെന്റുകളും കോര്‍പറേറ്റ് ബോര്‍ഡ് റൂമുകളുമാണ്. തല്‍ഫലമായി ധനസഹായങ്ങള്‍ വെട്ടിക്കുറയ്ക്കുന്നതിലൂടെ ഭൂഖണ്ഡത്തിലുടനീളം ദശലക്ഷക്കണക്കിന് കുട്ടികള്‍ പട്ടിണിയും പോഷകാഹാരക്കുറവും അനുഭവിക്കുന്നു.
ലോകമെമ്പാടുമുള്ള 450 ദശലക്ഷം കുട്ടികള്‍ ഗുരുതരമായ കാലാവസ്ഥാ ഭീഷണികള്‍ നേരിടുന്നു. ഉപ-സഹാറന്‍ ആഫ്രിക്കയെയാണ് ഇത് ഏറ്റവും കൂടുതല്‍ ബാധിച്ചതെന്ന് ഇന്റര്‍ഗവണ്‍മെന്റല്‍ പാനല്‍ ഓണ്‍ ക്ലൈമാറ്റിക് ചേഞ്ച് (ഐപിസിസി) കുട്ടികളെയും കാലാവസ്ഥയെയും സംബന്ധിച്ച പുതിയ വിവരങ്ങളില്‍ പറയുന്നു. അതിതീവ്രമായ ഉഷ്ണതരംഗങ്ങള്‍ ഈവര്‍ഷം ലാഗോസിനെ ചുട്ടിപൊള്ളിച്ചു, വെള്ളപ്പൊക്കത്തിന് ശേഷം മലാവിയില്‍ കോളറ പൊട്ടിപ്പുറപ്പെട്ടു, ക്രമരഹിതമായ മഴ വിളവെടുപ്പ് നശിപ്പിച്ചതിനാല്‍ നൈജറിലെ കര്‍ഷകര്‍ ക്ഷാമത്തിന്റെ വക്കിലാണ്. ഇതെല്ലാം ദശലക്ഷക്കണക്കിന് ആഫ്രിക്കന്‍ കുട്ടികളുടെ ജീവിതയാത്രയെ രൂപപ്പെടുത്തുന്നു.
പതിറ്റാണ്ടുകളായി സമ്പന്ന രാഷ്ട്രങ്ങള്‍ വ്യാവസായിക വളര്‍ച്ചാ നേട്ടങ്ങള്‍ കൊയ്യുകയും പാരിസ്ഥിതികവും സാമ്പത്തികവുമായ ദൂഷ്യങ്ങള്‍ കയറ്റി അയയ്ക്കുകയും ചെയ്യുന്നു. ഇന്ന് ആഫ്രിക്കന്‍ കുഞ്ഞുങ്ങള്‍ക്ക് അവര്‍ സൃഷ്ടിക്കാത്ത ഒരു പ്രതിസന്ധി അവകാശമായി ലഭിക്കുന്നു. ചൂട്, വിശപ്പ്, കുടിയിറക്കം എന്നീ പ്രതിസന്ധികളിലേക്കാണവര്‍ ജനിച്ചുവീഴുന്നത്. എങ്കിലും ആഗോള കാലാവസ്ഥാ ചട്ടക്കൂടുകള്‍ നഷ്ടപരിഹാരത്തിനുള്ള അവകാശവാദങ്ങള്‍ ഉന്നയിക്കുന്ന കടക്കാരായി മാത്രമേ അവരെ കണക്കാക്കുന്നുള്ളൂ. പകരം സാമ്പത്തിക സംവിധാനങ്ങള്‍ ആഫ്രിക്കന്‍ രാജ്യങ്ങളെ നിഷ്ക്രിയ സ്വീകര്‍ത്താക്കളായി കാണുന്നത് തുടരുന്നു. ഓരോ കുട്ടിക്കും സുരക്ഷയും പരിപോഷണവും പരിസ്ഥിതി സൗഹൃദവുമായ അന്തരീക്ഷവും ഉറപ്പാക്കുക എന്ന യാഥാര്‍ത്ഥ്യത്തെക്കാള്‍ ജിഡിപി കണക്കുകൂട്ടുന്നതിനും പുറന്തള്ളുന്നതിന് തുല്യമായ കാര്‍ബര്‍ മറ്റൊരു സ്ഥലത്ത് കുറയ്ക്കുന്നതിനുള്ള പണം നല്‍കുന്നതിനുമാണ് അവര്‍ പ്രാധാന്യം നല്‍കുന്നത്, എന്നതാണ് ഇതിലും മോശമായ കാര്യം.
ആഫ്രിക്കന്‍ കുട്ടികള്‍ നേരിടുന്ന അതിരൂക്ഷ കാലാവസ്ഥാ പ്രത്യാഘാതങ്ങള്‍ യാദൃശ്ചികമായ ദൗര്‍ഭാഗ്യങ്ങളല്ല. മുകളില്‍ വിവരിച്ച അടിസ്ഥാന അസമത്വങ്ങളുടെയും നിഷേധിക്കപ്പെട്ട നിയമസാധുതയുടെയും അനന്തരഫലങ്ങളാണവ. വ്യവസ്ഥാപിത അവഗണനയും ആഗോള അധികാര അസന്തുലിതാവസ്ഥയും അവരുടെ ജനന സാഹചര്യങ്ങളെ എങ്ങനെ രൂപപ്പെടുത്തുന്നുവെന്ന് ഇത് വ്യക്തമാക്കുന്നു. ഈ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് നമ്മള്‍ ’ കുടുംബ പരിഹാര നീതി’ എന്ന സിദ്ധാന്തം സ്വീകരിക്കണം. മൂന്ന് സത്യങ്ങളില്‍ നിന്നാണ് അത് ആരംഭിക്കുന്നത്.
ഒന്നാമതായി, ജനന തുല്യത. മനുഷ്യാവകാശവും പരമാധികാരത്തിനുള്ള വ്യവസ്ഥയുമാണത്. ആരോഗ്യം, വിദ്യാഭ്യാസം, സുരക്ഷ എന്നിവയില്ലാത്ത സാഹചര്യത്തില്‍ കുട്ടികള്‍ പിറന്നുവീണാല്‍ ഒരു രാജ്യത്തിനും നിയമസാധുത അവകാശപ്പെടാനാകില്ല. രണ്ടാമതായി ബാല്യകാലത്ത് ലഭിക്കേണ്ട കാര്യങ്ങള്‍ നല്‍കാതെ ഉണ്ടാക്കിയ സമ്പത്ത് നിയമവിരുദ്ധമാണ്, കൊളോണിയല്‍ സമ്പ്രദായം നീക്കം ചെയ്തും പരിസ്ഥിതി ചൂഷണത്തില്‍ നിന്നും ശേഖരിച്ച വിഭവങ്ങളുടെ പുനര്‍വിതരണത്തിലൂടെയും അത് പരിഹരിക്കണം. മൂന്നാമതായി, കുട്ടികള്‍ രാഷ്ട്രീയ അവകാശങ്ങളുള്ളവരാണ്. അവരുടെ അവകാശങ്ങള്‍ അവരുടെ ജനന സാഹചര്യങ്ങളെ വെല്ലുവിളിക്കുന്നതും സര്‍ക്കാരുകളെ അതിന് ഉത്തരവാദികളാക്കുന്നതും വരെ അത് നീളുന്നു.
കാലാവസ്ഥാ ധനസഹായവും വിദേശ സഹായവുമായി ബന്ധപ്പെട്ട, തുല്യ ജനന സാഹചര്യങ്ങള്‍ സൃഷ്ടിക്കാന്‍ അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ പാലിക്കണമെന്ന് ആഫ്രിക്കന്‍ കമ്മിഷന്‍ ഓണ്‍ ഹ്യൂമന്‍ ആന്റ് പീപ്പിള്‍സ് റൈറ്റ്സിന് മുമ്പാകെ വാദം കേട്ടുകൊണ്ടിരിക്കുന്ന ഒരു ഹര്‍ജിയില്‍ ഫെയര്‍ സ്റ്റാര്‍ട്ട് മൂവ്മെന്റ് അടക്കമുള്ള ഹര്‍ജിക്കാര്‍ ആവശ്യപ്പെടുന്നു. കാലാവസ്ഥാ നഷ്ട പരിഹാരമായി ലഭിക്കുന്ന ധനസഹായം വഴി സോവറിന്‍ ഇക്വിറ്റി ട്രസ്റ്റ് ഫണ്ടുകള്‍ക്ക് തലമുറകളിലുടനീളം കുട്ടികളുടെ ക്ഷേമം ഉറപ്പാക്കാന്‍ കഴിയും. കോര്‍പറേഷനുകളുടെയും സര്‍ക്കാരുകളുടെയും പ്രവര്‍ത്തനങ്ങള്‍ കുട്ടികളുടെ ജനനത്തെയും ആദ്യകാല വളര്‍ച്ചയെയും എങ്ങനെ ബാധിക്കുന്നെന്ന് വ്യക്തമാക്കണമെന്ന് സുതാര്യതാ നിയമങ്ങള്‍ ആവശ്യപ്പെടുന്നു. മാത്രമല്ല ഇക്കാര്യങ്ങള്‍ സുസ്ഥിരമായി നടപ്പിലാക്കേണ്ട കാര്യങ്ങളാണെന്നും നിര്‍ബന്ധിക്കുന്നു.
ആഫ്രിക്കന്‍ വംശപരമ്പര നിലനിര്‍ത്തുന്നതിനുള്ള നീതിപൂര്‍വമായ പോരാട്ടവും കാലാവസ്ഥാ നീതിക്കായുള്ള പോരാട്ടവും പരസ്പരപൂരകമാണ്. ഗ്രാമങ്ങളിലെ കാലാവസ്ഥാ ദുര്‍ബല പ്രദേശങ്ങളിലെ സ്ത്രീകള്‍ തകര്‍ന്നുകൊണ്ടിരിക്കുന്ന ആരോഗ്യ സംവിധാനങ്ങളെയും വിഭവങ്ങളെയുമാണ് ആശ്രയിക്കുന്നത്. കുട്ടികള്‍ വേണമോ എന്നത് അവരുടെ വ്യക്തിപരമായ സ്വാതന്ത്ര്യത്തെക്കാള്‍ അതിജീവനാവശ്യമാണ്. അവ പലപ്പോഴും വിശപ്പ്, കുടിയിറക്കം, അല്ലെങ്കില്‍ ചൂഷണ വികസന പദ്ധതികള്‍ എന്നിവയാല്‍ പരിമിതപ്പെട്ടതാണ്. അതിനാല്‍ ആഫ്രിക്കയിലെ പ്രത്യുല്പാദന നീതി എന്നാല്‍ അമ്മയുടെ മാനസികാരോഗ്യവും സുരക്ഷിത പ്രസവവും ഉള്‍പ്പെടെയുള്ള പ്രസവ ആരോഗ്യ സംരക്ഷണത്തിലേക്കുള്ള സാര്‍വത്രികമായ അവകാശമായിരിക്കണം.
നഷ്ടപരിഹാരത്തിന്റെയും പ്രത്യുല്പാദന നീതിയുടെയും ചട്ടക്കൂടുകള്‍ നടപ്പിലാക്കുന്നതിലൂടെ ആഗോള സംവിധാനങ്ങള്‍ക്ക് അവരുടെ നിയമസാധുത പുനഃസ്ഥാപിക്കാനും ആഫ്രിക്കന്‍ കുട്ടികള്‍ അന്തസും സുരക്ഷയും അവസരവും ഉള്ള അന്തരീക്ഷത്തില്‍ പിറക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും ആകും. ഒരോ കുട്ടിയുടെയും ജീവിതം അടിസ്ഥാനപരമായ അവഗണനയോ, പാരിസ്ഥിതിക പ്രശ്നമോ കാരണം നശിക്കാത്ത ലോകം നമുക്ക് വീണ്ടെടുക്കാന്‍ ജനന തുല്യത കേന്ദ്രീകരിച്ചേ മതിയാവൂ. നിയമ — രാഷ്ട്രീയ — സാമ്പത്തിക ആഗോള സംവിധാനങ്ങളുടെ യഥാര്‍ത്ഥ നിയമസാധുത അളക്കേണ്ടത് ഉടമ്പടികളിലൂടെയോ പ്രസംഗങ്ങളിലൂടെയോ അല്ല, മറിച്ച് ലുസാക്കയിലോ, ലാഗോസിലോ, മണ്‍റോവിയയിലോ ജനിക്കുന്ന ഒരു കുഞ്ഞിന്റെ ആയുര്‍ദൈര്‍ഘ്യം നോക്കിയാകണം. ശുദ്ധവായു, സുരക്ഷിത പാര്‍പ്പിടം, പോഷകാഹാരം, പ്രാഥമിക വിദ്യാഭ്യാസം എന്നിവ ആ കുട്ടിക്ക് ലഭിക്കുന്നു എന്നതാണ് നമ്മുടെ മൂല്യങ്ങളുടെ ഏറ്റവും കൃത്യമായ പരിശോധന.
ജന്മാവകാശ ലംഘനങ്ങളുടെയും പാരിസ്ഥിതിക ചൂഷണത്തിന്റെയും പരകോടിയിലാണ് ഇന്നത്തെ ലോകം. പൈതൃകം ഇല്ലാതാക്കുക എന്നാല്‍ ജന്മാവകാശങ്ങളെ ആഗോളനയത്തിന്റെ മൂലക്കല്ലായി കേന്ദ്രീകരിക്കുക എന്നതാണ്. ‘പുനര്‍ജന്മ പരിഹാരം’ എന്നത് ആലങ്കാരിക പ്രയോഗമല്ല. ജനനസമയത്ത് തുടങ്ങുന്ന പരമാധികാരത്തിനായുള്ള, പിറക്കാതെ പോയ കുട്ടികളെ ഉള്‍ക്കൊള്ളുന്ന നീതിക്കുവേണ്ടിയും, ഒരു കുട്ടിയുടെയും ജീവിതം മറ്റൊരാളുടെ നേട്ടത്തിനായി പണയപ്പെടുത്താത്ത ഭാവിക്കുവേണ്ടിയും ഉള്ളതാണ്. ആഫ്രിക്കന്‍ കുട്ടികള്‍ക്ക് അതിജീവനം മാത്രമല്ല, നീതിയും നല്‍കാന്‍ നമ്മള്‍ കടപ്പെട്ടിരിക്കുന്നു. അവര്‍ ലോകത്തിലേക്ക് പ്രവേശിക്കുന്ന നിമിഷം മുതല്‍ നീതിയുടെ വെളിച്ചം വീശുവാന്‍.
(ന്യൂസ് ക്ലിക്ക്)
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.