28 December 2024, Saturday
KSFE Galaxy Chits Banner 2

എല്ലാം സെറ്റ്,സ്വാഗതം സ്കൂളിലേക്ക്…

വി ശിവന്‍കുട്ടി
പൊതുവിദ്യാഭ്യാസ- തൊഴില്‍ വകുപ്പ് മന്ത്രി
June 3, 2024 4:11 am

സന്തോഷിച്ചും ആഹ്ലാദിച്ചും അല്പം അമ്പരന്നും ആദ്യമായി വിദ്യാലയങ്ങളിലെത്തുന്ന കുഞ്ഞുങ്ങൾക്കെല്ലാം പൊതുവിദ്യാലയങ്ങളിലേക്ക് സ്വാഗതം. കഴിഞ്ഞവർഷം സ്കൂളിൽ പഠിക്കുകയും അവധിക്കാലം ആസ്വദിച്ചും കളിച്ചും പഠിച്ചും ചെലവഴിച്ച് വീണ്ടും ക്ലാസ് മുറികളിലേക്കെത്തിച്ചേരുന്ന കുട്ടികൾക്കും സ്വാഗതം. കുട്ടികളെ വരവേൽക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പും പൊതുസമൂഹവും ഒട്ടേറെ കാര്യങ്ങൾ ചെയ്തിട്ടുണ്ട്. ജനപങ്കാളിത്തത്തോടെ ‘ശുചിത്വ വിദ്യാലയം ഹരിതവിദ്യാലയം’ പരിപാടിയുടെ ഭാഗമായി വിദ്യാലയങ്ങളെല്ലാം വൃത്തിയുള്ളതാ ക്കി. സ്കൂളുകളുടെയും ഫർണീച്ചറുകളുടെയും അറ്റകുറ്റപ്പണികളും മിനുക്കലും നടത്തിക്കഴിഞ്ഞു. അങ്ങനെ പുതിയ അക്കാദമിക വർഷത്തെയും ആദ്യമായെത്തുന്ന കുട്ടികളെയും അവധിക്ക് ശേഷം വീണ്ടുമെത്തുന്ന കുട്ടികളെയും വരവേൽക്കാൻ ഭൗതിക സൗകര്യങ്ങളെല്ലാം സജ്ജമായിക്കഴിഞ്ഞു. അതിനായി പൊതുവിദ്യാഭ്യാസ വകുപ്പ് അവധിക്കാലത്ത് മനസറിഞ്ഞ് പ്രവർത്തിക്കുകയായിരുന്നു.
കുഞ്ഞുങ്ങൾക്കുള്ള യൂണിഫോം വിതരണം ഏതാണ്ട് പൂർത്തീകരിച്ചു. ജൂൺ മാസം മുതൽ പഠിക്കേണ്ട പാഠപുസ്തകങ്ങൾ സ്കൂളിൽ എത്തിച്ചു. ഏതാണ്ടെല്ലാ വിദ്യാര്‍ത്ഥികള്‍ക്കും അത് ലഭിച്ചിട്ടുണ്ടാകും. പഠിപ്പിക്കേണ്ട അധ്യാപകർക്ക് പരിശീലനം നൽകി.
ഒന്ന്, മൂന്ന് അഞ്ച്, ഏഴ്, ഒമ്പത് ക്ലാസുകളിൽ പുതിയ പാഠ്യപദ്ധതിക്കനുസരിച്ച പുസ്തകങ്ങളാണ്. രണ്ട്, നാല് ആറ്, എട്ട്, 10 ക്ലാസുകളിൽ 2025–26 അക്കാദമിക വർഷമേ പുതിയ പാഠപുസ്തകങ്ങൾ വരികയുള്ളൂ. വിദ്യാഭ്യാസത്തെക്കുറിച്ചും കുട്ടികളെ അവരുടെ പ്രായമറിഞ്ഞ് എങ്ങനെ പിന്തുണയ്ക്കണം എന്ന കാര്യം അറിയിക്കാനും രക്ഷകർത്താക്കൾക്കുള്ള പുസ്തകം കൂടി കേരളം തയ്യാറാക്കിയിട്ടുണ്ട്. അങ്ങനെ ഏറ്റവും മികച്ച വിദ്യാഭ്യാസം കുട്ടികൾക്ക് ഉറപ്പാക്കാനാവശ്യമായ തയ്യാറെടുപ്പുകളെല്ലാം പൂർത്തിയായി.
ഭൗതിക സൗകര്യ വികസനത്തിൽ വളരെ വലിയ കുതിപ്പാണ് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെയും അതിന്റെ തുടർച്ചയായ വിദ്യാകിരണത്തിന്റെയും ഭാഗമായുണ്ടായത്. ഇനി അക്കാദമിക മികവിനാണ് ഊന്നൽ. അറിവിന്റെ രംഗത്തും സാങ്കേതികവിദ്യാ രംഗത്തും മുന്നേറ്റ യജ്ഞമാണ് നടക്കുന്നത്. 

അറിവാണ് എന്നും ലോകത്തെ നിർണയിക്കുന്നത്. അതുകൊണ്ട് മാനവരാശി നിർമ്മിക്കുന്ന ഏതൊന്നിനെയും വിവരങ്ങളായി സ്വീകരിച്ചുകൊണ്ട് വിമർശനബുദ്ധ്യാ വിശകലനം ചെയ്ത് സ്വന്തം ജീവിതവും അനുഭവവും തൊട്ടടുത്ത പ്രകൃതിയുമായും ബന്ധപ്പെടുത്തി അവരവരുടെ അറിവാക്കി മാറ്റാനുള്ള കഴിവ് ആർജിച്ചാലെ അതിജീവനം സാധ്യമാകൂ. പഞ്ചേന്ദ്രിയങ്ങളിലൂടെ ഗോചരമാക്കുന്നതിനപ്പുറം അമൂർത്തമായ പ്രതലത്തിലും ആശയങ്ങളെ വിശകലനം ചെയ്യാനുള്ള കുട്ടികളുടെ കഴിവ് വികസിക്കണം. കൃത്രിമ ബുദ്ധിയടക്കമുള്ള സാങ്കേതിക വിദ്യാ സംവിധാനങ്ങളെ ഇതിനായി പ്രയോജനപ്പെടുത്താം. അതിനായുള്ള പരിശീലനങ്ങളും അധ്യാപകർക്ക് നൽകിയിട്ടുണ്ട്.
സംസ്ഥാനത്തെ മുഴുവൻ കുട്ടികളെയും ഏറ്റവും ഉയർന്ന അക്കാദമിക ശേഷിയുള്ളവരാക്കി മാറ്റാനുള്ള പ്രവർത്തനങ്ങള്‍ക്കായിരിക്കും ഈ വർഷം ഊന്നൽ നൽകുക. ഓരോ ക്ലാസിലും നേടേണ്ട പഠനലക്ഷ്യങ്ങൾ അതത് ക്ലാസിൽ വച്ചുതന്നെ നേടാൻ ആവശ്യമായ പഠനാനുഭവങ്ങൾ കുട്ടികൾക്ക് ഒരുക്കാൻ സമഗ്ര ഗുണതാ വിദ്യാഭ്യാസ പദ്ധതി, വിദ്യാകിരണം മിഷന്റെ ഭാഗമായി പൊതുവിദ്യാഭ്യാസ വകുപ്പും മറ്റ് ഏജൻസികളും ഒത്തുചേർന്ന് ഈ വർഷം കാര്യക്ഷമമായി നടപ്പാക്കും. ഗണിത പഠനത്തിന് മഞ്ചാടി, ശാസ്ത്ര പഠനത്തിന് മഴവില്ല് തുടങ്ങിയ നൂതനങ്ങളായ പദ്ധതികളും നടപ്പാക്കും. ഇതെല്ലാം അക്കാദമിക രംഗത്തെ ഇടപെടലുകളാണ്.
അക്കാദമിക കാര്യങ്ങളിൽ വിട്ടുവീഴ്ച ചെയ്യാൻ കഴിയില്ല. കളിയും വിനോദവും വിശ്രമവും എല്ലാം പ്രധാനമാണ്. അതോടൊപ്പം പ്രധാനമാണ് പഠനം. ഈ ബോധ്യം പൊതുവിദ്യാഭ്യാസ വകുപ്പ്, അധ്യാപകർ, രക്ഷിതാക്കൾ, പൊതുസമൂഹം സർവോപരി കുട്ടികൾ എന്നിവർക്കുണ്ടാകണം. അതുകൊണ്ട് ചിട്ടയായി ആനന്ദിച്ച് പഠിക്കുക എന്നത് ജീവിതത്തിന്റെ ശീലമാക്കിയേ തീരൂ.
ആധുനിക ലോകം ഒട്ടേറെ നന്മകൾ ഒരുക്കുന്നുണ്ടെങ്കിലും അതിനിടയിൽ ചതിക്കുഴികളുമുണ്ട്. ലഹരി ഉപയോഗം അതിൽ പ്രധാനമാണ്. ലഹരിക്കെതിരായ നിലപാട് കുഞ്ഞുങ്ങൾ ചെറുപ്പത്തിലേ കൈക്കൊള്ളണം. നമ്മുടെ ജീവിതത്തെ തന്നെ അപകടപ്പെടുത്തുന്ന ഒന്നാണത്. ആ തിരിച്ചറിവുണ്ടാകാൻ സഹായിക്കുന്ന പ്രവർത്തനങ്ങൾ ഉണ്ടാകണം. മാലിന്യ നിർമ്മാർജനം ജീവിതശീലവും രീതിയുമാക്കി മാറ്റണം. മാത്രമല്ല ആരോഗ്യശീലങ്ങളും പ്രധാനമാണ്. ഇതെല്ലാം കണ്ടുകൊണ്ട് ‘ശുചിത്വ വിദ്യാലയം ഹരിത വിദ്യാലയം’ ക്യാമ്പയിൻ ഈ വർഷം നടപ്പാക്കും. 

കഠിന മഴയാണ് കാലാവസ്ഥാ കേന്ദ്രങ്ങൾ പ്രവചിക്കുന്നത്. ഇക്കാര്യത്തിൽ പ്രത്യേക ശ്രദ്ധ വേണം. കുട്ടികളോടൊപ്പം രക്ഷിതാക്കളും പൊതുസമൂഹവും ജനപ്രതിനിധികളും കൂടുതൽ ജാഗ്രത പുലർത്തേണ്ടതുണ്ട്. കാലാവസ്ഥയിൽ പൊടുന്നനേ ഉണ്ടാകുന്ന മാറ്റങ്ങൾ നമ്മുടെ സാധാരണ അനുഭവങ്ങൾക്കപ്പുറമാണ്. നമ്മളാഗ്രഹിക്കാത്ത വാർത്തകൾ വന്നു കൊണ്ടിരിക്കുന്നു. അതിനാൽ മുഴുവൻ കുട്ടികളുടെമേലും സമൂഹത്തിന്റെ ശ്രദ്ധയുണ്ടാകണം. പേടിക്കേണ്ടതില്ല, പക്ഷേ കരുതൽ ആവശ്യമാണ്. പഠനത്തോടൊപ്പം കളിയും പ്രധാനമാണ്. കുട്ടികളുടെ അവകാശമാണ് കുട്ടിത്തം. ആരോഗ്യക്ഷമതയുള്ളവരായി കുട്ടികൾ വളരണമെങ്കിൽ അവരുടെ കായികക്ഷമത വർധിക്കാനുള്ള അവസരങ്ങളും ഒരുക്കണം. കളിയും പഠനമാണ് എന്ന കാര്യം രക്ഷിതാക്കൾ ഓർക്കണം. ഗുണമേന്മയുള്ള വിദ്യാഭ്യാസം കുട്ടികളുടെ അവകാശം എന്ന കാഴ്ചപ്പാടോടെ മുന്നേറാൻ ഈ അക്കാദമിക വർഷം എല്ലാവർക്കും കൂട്ടായി പരിശ്രമിക്കാം. ഇതാകട്ടെ ഈ വർഷത്തെ പ്രവേശനോത്സവത്തിന്റെ സന്ദേശം. 

TOP NEWS

December 28, 2024
December 28, 2024
December 28, 2024
December 28, 2024
December 28, 2024
December 28, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.