ക്രിസ്തുമതം ലോകത്തെ സ്വാധീനിച്ചതും നിലനിൽക്കുന്നതും യേശുക്രിസ്തു സ്വജീവിതത്തിലൂടെ ലോകത്തിന് നൽകിയ ജീവിത ദർശനങ്ങളുടെ അടിസ്ഥാനത്തിലാണ്. ക്രിസ്തുവിന്റെ അനുയായികൾ അദ്ദേഹത്തിന് തുല്യമായി ജീവിക്കണമെന്നും അതിലൂടെ ഒരു പുതിയ ദൈവരാജ്യം ഭൂമിയിൽ സ്ഥാപിക്കണമെന്നുമാണ് ക്രിസ്തുമതം വിശ്വാസികളെ പഠിപ്പിക്കുന്നത്. ഈ തത്വചിന്തക്ക് തികച്ചും കടകവിരുദ്ധമായ ചില കാര്യങ്ങളാണ് കോൺഗ്രസിന്റെ ആരാധ്യനായ നേതാവും കേരളത്തിന്റെ മുൻമുഖ്യമന്ത്രിയുമായ എ കെ ആന്റണിയുടെ മകനിൽ കാണാൻ കഴിയുന്നത് എന്നത് തികച്ചും രസകരവും ചിന്തനീയവുമാണ്. സംസ്ഥാന കോൺഗ്രസിന്റെ ജീവാത്മാവും പരമാത്മാവും ആയ ആന്റണിയുടെ മകൻ അനില്‍ ആന്റണി ബിജെപിയിൽ കുടിയേറിയത് അദ്ദേഹത്തിന്റെ രാഷ്ട്രീയവും മതപരവുമായ അറിവില്ലായ്മയാണ് എന്നതിൽ സംശയമില്ല. താൻ പ്രവർത്തിച്ചുകൊണ്ടിരുന്ന പാർട്ടിയെക്കുറിച്ച് അറിവില്ലാത്തതുപോലെ സംഘ്പരിവാറിനെ കുറിച്ചും ഒരു അറിവും ഇല്ല എന്നതിന് തെളിവാണ് അദ്ദേഹത്തിന്റെ ബിജെപി പ്രവേശനം. ഇക്കാര്യം പുറത്തുവന്നത് അമ്മ അഡ്വ. എലിസബത്ത് ആന്റണിയുടെ വാക്കുകളിലൂടെയാണ്.
പുതിയ കമ്പനിയിൽ നിന്നും കൂടുതൽ ഓഫർ വരുമ്പോൾ പഴയ കമ്പനി ഉപേക്ഷിച്ചുപോകുന്നതുപോലെയാണ് അദ്ദേഹത്തിന്റെ രാഷ്ട്രീയ മാറ്റം. രാഷ്ട്രീയ ധാർമ്മികതയോ ജനങ്ങളെ സേവിക്കണമെന്ന സദുദ്ദേശമോ ഈ കാലുമാറ്റത്തിന് ഉണ്ടെന്ന് തോന്നുന്നില്ല. മറിച്ച് തികച്ചും സ്ഥാനമാനങ്ങൾക്കുവേണ്ടിയുള്ള സാധാരണ പ്രവൃത്തി മാത്രമായേ കാണാൻ കഴിയു.
ബിജെപിയിൽ ചേർന്നാൽ ദൈവത്തിന്റെ അനുഗ്രഹത്താൽ പുതിയ സ്ഥാനമാനങ്ങൾ കിട്ടും എന്ന ചിന്താഗതി അഡ്വ. എലിസബത്ത് ആന്റണിക്ക് ഉണ്ടായത് ബൈബിളിന്റെ ചിന്തകൾക്ക് എതിരാണ്. ക്രിസ്തുവിന്റെ പേരിൽ ലോകത്തെ നന്നാക്കാൻ ഇറങ്ങിത്തിരിച്ചിരിക്കുന്ന ചില സ്ഥാപനങ്ങൾക്കും ക്രിസ്തുദർശനങ്ങളെക്കുറിച്ചുള്ള അറിവിന്റെ പോരായ്മയുണ്ടോ എന്ന് സംശയം ജനിപ്പിക്കുന്ന രീതിയിലാണ് കാര്യങ്ങളെ വിലയിരുത്തേണ്ടത്. ബിജെപി എന്ന രാഷ്ട്രീയ പാർട്ടി ക്രൈസ്തവ വിശ്വാസികളുടെ ശത്രുവാണ് എന്നതിൽ സംശയമില്ല. കഴിഞ്ഞ ഏതാനും വർഷങ്ങളായി രാജ്യത്തെ മതന്യൂനപക്ഷമായ ക്രൈസ്തവർ വർഗീയ ഫാസിസ്റ്റ് ശക്തികളിൽ നിന്ന് പലതരത്തിലുള്ള അതിക്രമങ്ങളെ നേരിട്ടുകൊണ്ടിരിക്കുകയാണ്. മതന്യൂനപക്ഷങ്ങൾക്ക് പ്രത്യേക സംരക്ഷണം നൽകുന്ന ഭരണഘടനയുള്ള മതനിരപേക്ഷ ജനാധിപത്യ രാഷ്ട്രത്തിലാണ് അവർ ഇത്തരം വെല്ലുവിളികളെ നേരിട്ടുകൊണ്ടിരിക്കുന്നത്. ക്രിസ്ത്യൻ മിഷനറിമാർക്കെതിരെയും ആരാധനാലയങ്ങൾക്കെതിരെയും രാജ്യത്ത് നടക്കന്ന അതിക്രമങ്ങളെ അന്താരാഷ്ട്ര സമൂഹം ഉൾപ്പെടെ അപലപിച്ചിട്ടുണ്ട്. ഇത്തരം അതിക്രമങ്ങളുടെ അവസാന രക്തസാക്ഷിയാണ് ഫാദർ സ്റ്റാൻസ്വാമി.
റോമൻ സാമ്രാജ്യത്തിൽ നിന്നും ക്രൈസ്തവർക്ക് നേരിടേണ്ടി വന്ന അതിക്രമങ്ങൾക്ക് സമാനമായ സാഹചര്യമാണ് കേന്ദ്രം ഭരിക്കുന്ന ബിജെപി സർക്കാരിന്റെ ഭാഗത്ത് നിന്ന് നേരിട്ടുകൊണ്ടിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ സത്യക്രിസ്ത്യാനിയായ അനിൽ ആന്റണി ശത്രുക്കളെ സ്നേഹിക്കുന്നതിന്റെ ഭാഗമായി ബിജെപിയിൽ ചേർന്നു എന്ന വാദം വേണമെങ്കില്‍ ഉന്നയിക്കാം. അത് മുന്നോട്ടുവയ്ക്കാൻ പറ്റിയ ഒരു വാദം തന്നെയാണ്. കാരണം സ്വന്തം ശത്രുവിനെയും സ്നേഹിക്കണം എന്ന് ക്രിസ്തുദേവൻ പറഞ്ഞിട്ടുണ്ടല്ലോ. ശത്രുവിനെ സ്നേഹിക്കണം എന്ന് പറഞ്ഞിട്ടുണ്ടെങ്കിലും ശത്രുവിനോട് ചേർന്ന് നിൽക്കണം എന്ന് ക്രിസ്തു പറഞ്ഞിട്ടില്ല. ശത്രുവിന് മാനസാന്തരം വരുന്നതിനുവേണ്ടി പ്രവർത്തിക്കണം എന്നാണ് പറഞ്ഞത്. അവരോടൊപ്പം ചേർന്ന് നിന്നുകൊണ്ട് സ്വന്തം ദർശനങ്ങളെ ബലികഴിക്കണം എന്നും പറഞ്ഞിട്ടില്ല. ബൈബിളിൽ യോഹന്നാന്റെ സുവിശേഷത്തിൽ, ഈ ലോകത്തിന്റെ രക്ഷകനായി വന്ന തന്നെ ഈ ലോകം അറിയുന്നില്ല എന്ന ക്രിസ്തു വചനംപോലെ രണ്ടായിരം വർഷം കഴിഞ്ഞിട്ടും ആ അവസ്ഥയ്ക്ക് വലിയ മാറ്റം വന്നിട്ടില്ല എന്നതാണ് ഈ സംഭവവികാസങ്ങൾ തെളിയിക്കുന്നത്. ഒരേസമയം ശത്രുവിന്റെ അധികാരവും ക്രിസ്തുവിന്റെ അനുഗ്രഹവും വേണമെന്ന വാദം രസകരം തന്നെ. ബൈബിളിൽ തന്നെ പിന്തുടരാൻ ആഗ്രഹിച്ചെത്തിയ ധനിക യുവാവിനോട്, ‘നീ നിന്റെ എല്ലാ സമ്പത്തും പാവപ്പെട്ടവർക്ക് നൽകിയതിന് ശേഷം നിന്റെ കുരിശ് എടുത്ത് എന്നെ പിന്തുടരുക’ എന്നാണ് ക്രിസ്തു പറഞ്ഞത്. ഇത് കേട്ട യുവാവ് ദുഃഖിതനായി മടങ്ങിപ്പോയി. കാരണം സമ്പത്ത് ത്യജിച്ച് ക്രിസ്തുവിനെ സ്വീകരിക്കുവാൻ അദ്ദേഹം മാനസികമായി പ്രാപ്തനായിരുന്നില്ല. ഈയവസ്ഥയിലാണ് അനിൽ ആന്റണി. അതുകൊണ്ടുതന്നെയാണ് അദ്ദേഹം ക്രിസ്തുദർശനങ്ങളെ പൂർണമായും തള്ളിപ്പറയുന്ന ഒരു പാർട്ടിയിൽ അഭയം തേടിയത്. ക്രിസ്തുവിന്റെ സഹനശക്തിയിലൂടെ ഗാന്ധിജിയും അദ്ദേഹത്തിന്റെ കൂടി പാർട്ടിയായ കോൺഗ്രസും രാജ്യത്തിനുവേണ്ടി ചെയ്ത ത്യാഗോജ്വലമായ പ്രവൃത്തികൾ കാണാതെ അനിൽ ആന്റണി ബിജെപി പാളയത്തിൽ എത്തിയത് ലജ്ജാകരംതന്നെ. സത്യം, നീതിബോധം, സ്നേഹം, സമാധാനം എന്നീ ക്രൈസ്തവ മൂല്യങ്ങൾക്ക് ഒരു വിലയും കല്പിക്കാത്ത ബിജെപിയിൽ അനിൽ ആന്റണിക്ക് എന്നല്ല ഒരു മനുഷ്യസ്നേഹിക്കും അധികനാൾ നില്‍ക്കാനാവില്ല. ക്രിസ്തു പറഞ്ഞതുപോലെ വഴി തെറ്റിയ കുഞ്ഞാടിന് വേണ്ടി കാത്തിരിക്കാം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.