
ഇന്ത്യയിലെ അനധികൃത മതപരിവർത്തന നിരോധന നിയമങ്ങളുടെ ചരിത്രം 1930കളിൽ ആരംഭിക്കുന്നു. അന്നത്തെ ചില ഹിന്ദു ഭരണാധികാരമുള്ള സംസ്ഥാനങ്ങൾ ക്രിസ്ത്യൻ മിഷനറി പ്രവർത്തനങ്ങളെ ചെറുക്കാൻ ഇത്തരം നിയമങ്ങൾ കൊണ്ടുവന്നു. 1936ലെ റായ്ഗഡ് സ്റ്റേറ്റ് കൺവർഷൻ ആക്ടും, 1946ലെ ഉദയ്പൂർ ആന്റി — കൺവർഷൻ ആക്ടും പോലുള്ള നിയമങ്ങൾ ആദ്യമായി കൊണ്ടുവന്നത് ഇവിടെയാണ്. ബ്രിട്ടീഷ് ഭരണകാലത്ത് മതപരിവർത്തനം നിരോധിക്കുന്ന നിയമങ്ങൾ ഉണ്ടായിരുന്നില്ല. സ്വാതന്ത്ര്യാനന്തരം 1954 ലെ ഇന്ത്യൻ മതപരിവർത്തന (നിയന്ത്രണവും രജിസ്ട്രേഷനും) ബിൽ ദേശീയ തലത്തിൽ കൊണ്ടുവന്ന ആദ്യ ശ്രമമായിരുന്നു. ലോക്‌സഭ അത് തള്ളിക്കളഞ്ഞു. ഭരണഘടനയിലെ അനുച്ഛേദം 25 മതസ്വാതന്ത്ര്യം ഉറപ്പു നൽകുന്നുണ്ടെങ്കിലും മതപരിവർത്തനത്തെക്കുറിച്ച് വ്യക്തമായി പറയുന്നില്ല. കൂടാതെ, ക്രമസമാധാനം സംസ്ഥാന വിഷയമായതിനാലും മതപരിവർത്തനത്തെപ്പറ്റി ദേശീയ നിയമമുണ്ടാക്കാനുള്ള ശ്രമങ്ങൾ പരാജയപ്പെട്ടു. ഇന്നും ഇന്ത്യയിൽ ദേശീയ മതപരിവര്‍ത്തന നിയമമില്ല. ബിജെപി സർക്കാർ അതിനെക്കുറിച്ച് ചർച്ച തുടങ്ങയതിനുശേഷമാണ് സംസ്ഥാന തല നിയമങ്ങൾ ഉണ്ടായത്.
സ്വതന്ത്ര ഇന്ത്യയിൽ ആദ്യമായി മതപരിവർത്തനവുമായി ബന്ധപ്പെട്ട നിയമം ഒഡിഷ 1967ലും, മധ്യപ്രദേശ് 1968ലും പാസാക്കി. നിർബന്ധിതവും, വഞ്ചനാപരവുമായ മതപരിവർത്തനങ്ങൾ നിരോധിച്ചതല്ലാതെ, മതപരിവർത്തനത്തെ ഒരു ക്രിമിനൽ കുറ്റമായി കണ്ടിരുന്നില്ല. മോഡി സർക്കാർ അധികാരത്തിൽ വന്ന ശേഷം, ഹിമാചൽ പ്രദേശ് (2019), ഉത്തരപ്രദേശ് (2021), ഹരിയാന (2022) അടക്കം നിരവധി സംസ്ഥാനങ്ങൾ ഇത്തരം നിയമങ്ങൾ കൊണ്ടുവന്നിട്ടുണ്ട്. നിയമങ്ങളുടെ പൊതുസ്വഭാവം മതപരിവർത്തനത്തെ ഒരു ക്രിമിനൽ കുറ്റമായി കാണുന്ന വിധത്തിൽ സങ്കീർണമായ വകുപ്പുകൾ എഴുതിച്ചേർത്തിരിക്കുന്നു എന്നതാണ്. മാത്രമല്ല മത ന്യൂനപക്ഷങ്ങൾക്ക് എതിരെ ദുരുപയോഗ സാധ്യതയുള്ളതിനാൽ, ഇത്തരം നിയമങ്ങളുടെ നടപ്പാക്കൽ വിവാദമായി തുടരുന്നു.
ഇക്കഴിഞ്ഞ ഫെബ്രുവരി നാലിന് രാജസ്ഥാൻ നിയമവിരുദ്ധ മതപരിവർത്തന നിരോധന ബിൽ 2025 നിയമസഭയിൽ അവതരിപ്പിച്ച് പാസാക്കി. ഇതോടെ ഹിന്ദുത്വ വിരുദ്ധ മതപരിവർത്തന നിയമങ്ങൾ നടപ്പാക്കിയ 11 സംസ്ഥാനങ്ങളുടെ പട്ടികയിലേക്ക് രാജസ്ഥാനും എത്തി. ഉത്തര്‍ പ്രദേശ്, ഒഡിഷ, അരുണാചൽ പ്രദേശ്, ഛത്തീസ്ഗഢ്, ഗുജറാത്ത്, ഹരിയാന, കർണാടക, ഝാർഖണ്ഡ്, ഉത്തരാഖണ്ഡ്, മധ്യപ്രദേശ്, ഹിമാചൽ പ്രദേശ് എന്നിവയാണ് സംസ്ഥാനങ്ങൾ.
ഈ ബിൽ ബലം, വഞ്ചന, നിർബന്ധം, വിവാഹം എന്നിവ വഴിയുള്ള മതപരിവർത്തനത്തെ കുറ്റകരമാണെന്ന് പ്രഖ്യാപിക്കുന്നു. ബില്ലിലെ പല കുറ്റങ്ങളും വാറണ്ട് ഇല്ലാതെ അറസ്റ്റ് ചെയ്യാവുന്നതും ജാമ്യം കിട്ടാത്തതും ആയ വിഭാഗത്തിൽപ്പെടുന്നു. 10 വർഷം വരെ തടവും 50,000 രൂപ വരെ പിഴയും പോലുള്ള കടുത്ത ശിക്ഷകൾ വ്യക്തിസ്വാതന്ത്ര്യത്തെ ബാധിക്കുന്നതായും ദുരുപയോഗത്തിന് വഴിവയ്ക്കുന്നതായും ചർച്ചകൾ ഉയർന്നിട്ടുണ്ട്. സാധാരണ ക്രിമിനൽ നിയമങ്ങളിൽ കുറ്റാരോപിതരെ കുറ്റം തെളിയുന്നത് വരെ നിരപരാധികളായി കണക്കാക്കുകയും, കുറ്റം തെളിയിക്കാനുള്ള ബാധ്യത അന്വേഷണ ഏജൻസിയ്ക്കുമാണ്. ഇവിടെ നേരെ തിരിച്ചാണ് എന്നതാണ് ശ്രദ്ധേയം. സ്ത്രീകൾ, കുട്ടികൾ, പട്ടികജാതി–പട്ടിക വർഗക്കാർ എന്നിവരെ മതം മാറ്റിയാൽ രണ്ട് മുതൽ 10 വർഷം വരെ തടവും, 25,000 രൂപ പിഴയും ശിക്ഷയായി ലഭിയ്ക്കും. കൂട്ടമതപരിവർത്തനത്തിന് മൂന്ന് മുതൽ 10 വർഷം വരെയാണ് തടവ്. വിവാഹത്തിലൂടെ ഉണ്ടാകുന്ന മതപരിവർത്തനവും കുറ്റമായി കണക്കാക്കുന്നു. ബിൽ പ്രകാരം “വിവാഹം മാത്രം നിയമവിരുദ്ധ മതപരിവർത്തനത്തിനായോ, അതിന്റെ മറവിലോ നടത്തിയതാണെങ്കിൽ, ബന്ധപ്പെട്ട കുടുംബക്കോടതി അല്ലെങ്കിൽ അവകാശമുള്ള കോടതി അത് അസാധുവാണെന്ന് പ്രഖ്യാപിക്കേണ്ടതാണ്.”
ഒരാൾ സ്വന്തം തീരുമാനത്തിൽ, പൂർണ സമ്മതത്തോടെ നടത്തുന്ന സന്നദ്ധ മതപരിവർത്തനത്തിനും ബിൽ കർശന നിയമങ്ങൾ നിർദേശിക്കുന്നു. മതം മാറ്റാൻ ആഗ്രഹിക്കുന്ന വ്യക്തി 60 ദിവസം മുമ്പ് ജില്ലാ കളക്ടറോട് അപേക്ഷിക്കണം. ഇല്ലെങ്കിൽ കുറഞ്ഞത് 10,000 പിഴയും മൂന്ന് വർഷം തടവും കിട്ടും. പരിവർത്തനച്ചടങ്ങ് നടത്തുന്ന “മതമേധാവി” ഒരു മാസം മുമ്പ് ഡിഎമ്മിനെ ഈ വിവരം അറിയിക്കണം. അഡീഷണൽ ഡിഎം റാങ്കിന് മുകളിലുള്ള ഓഫിസർ മതപരിവർത്തനത്തെപ്പറ്റി അന്വേഷണം നടത്തണം. പരിവർത്തനത്തിനു ശേഷം 60 ദിവസത്തിനകം, അതിന്റെ പ്രഖ്യാപനം ഡിഎംമ്മിന് സമർപ്പിക്കണം. 21 ദിവസത്തിനകം വ്യക്തി ഡിഎമ്മിന് മുന്നിൽ നേരിട്ട് ഹാജരാകണം എന്നതാണ് മറ്റൊന്ന്. ബിജെപി എംഎല്‍എ ഘന്‍ശ്യാം തിവാരി ഈ നിയമത്തെ ലൗ ജിഹാദ് അടക്കമുള്ള മതപരിവർത്തനങ്ങളിൽ ചരിത്രപരമായ ഇടപെടലായി വിശേഷിപ്പിച്ചു.
ബിൽ നിർബന്ധിത മതപരിവർത്തനങ്ങളെ തടയുമെന്നു വാദിക്കുന്നുവെങ്കിലും, നിരവധി ഗുരുതര പ്രശ്നങ്ങൾ ഉയർന്നിട്ടുണ്ട്. മതസ്വാതന്ത്ര്യത്തിന്റെയും സ്വകാര്യതയുടെയും ലംഘനം, മത ന്യൂനപക്ഷങ്ങളെ ലക്ഷ്യമാക്കാനുള്ള സാധ്യത, സ്വകാര്യതയുടെ അവകാശ ലംഘനം, കുറ്റം തെളിയിക്കപ്പെടുന്നതുവരെ നിരപരാധി എന്ന പ്രാഥമിക നിയമതത്വം അട്ടിമറിക്കുന്നു, അധികാരികൾക്ക് നൽകുന്ന അവിചാരിത സംരക്ഷണം, വിവാഹങ്ങളെ അസാധുവാക്കാനുള്ള അധികാരം തുടങ്ങിയവ ഭരണഘടനയുടെ 25-ാം വകുപ്പ് നൽകുന്ന മതപ്രചാരം, ആചരണം, വിശ്വാസം എന്നിവയുടെ സ്വാതന്ത്ര്യത്തിന് ഭീഷണിയാണെന്ന് വിമർശകർ പറയുന്നു.
ഇന്ത്യയിൽ മതപരിവർത്തനങ്ങളുടെ യാഥാർത്ഥ്യം എന്താണെന്ന് പരിശോധിക്കാം. 2021ൽ പ്യൂ റിസര്‍ച്ച് സെന്റര്‍ പുറത്തിറക്കിയ റിപ്പോർട്ട് പ്രകാരം, ഇവിടെ ഹിന്ദുക്കളായി വളർന്ന 99% പേരും ഇപ്പോഴും ഹിന്ദുക്കളാണ്. മുസ്ലിങ്ങളായി വളർന്ന 97% പേരും ഇപ്പോഴും മുസ്ലിങ്ങളും ക്രൈസ്തവരായി വളർന്ന 94% പേരും ഇപ്പോഴും ക്രൈസ്തവരുമാണ്. അഥവാ, മതപരിവർത്തനം രാജ്യത്ത് വളരെ കുറഞ്ഞ തോതിലാണ്.
മതം മാറ്റുന്നവരും മതത്തിലേക്ക് തിരികെ വരുന്നവരും തമ്മിലുള്ള സംഖ്യ ഏകദേശം സമമാണ്. ഹിന്ദുക്കളായി വളർന്ന് ഇപ്പോൾ ഹിന്ദു അല്ലാത്തവർ 0.7 ശതമാനവും ഹിന്ദു അല്ലാതെ വളർന്ന് ഇപ്പോൾ ഹിന്ദുക്കളായവർ 0.8 ശതമാനവുമാണ്. മിശ്ര വിവാഹങ്ങളും വളരെ വിരളമാണ്. വിവാഹിതരായ ഹിന്ദുക്കളുടെ 99% പേരും ഹിന്ദു പങ്കാളിയാണ്. മുസ്ലിങ്ങളില്‍ 98% പേരും മുസ്ലിം പങ്കാളിയും ക്രൈസ്തവരുടെ പങ്കാളികൾ 95% പേരും ക്രൈസ്തവരുമാണ്.
ഈ കണക്കുകൾ നിർബന്ധിത പരിവർത്തനം വ്യാപകമാണ് എന്ന വലതുപക്ഷ പ്രചാരണത്തെ ചോദ്യം ചെയ്യുന്നു. മതഭീഷണി സൃഷ്ടിച്ച് കലഹം വളർത്താനുള്ള രാഷ്ട്രീയ അജണ്ടയുടെ ഭാഗമാണ് ഈ പ്രചാരണം എന്ന സംശയം ശക്തമാക്കുന്നു. നിലവിലെ നിയമങ്ങൾ മതസ്വാതന്ത്ര്യത്തെ സംരക്ഷിക്കുന്നതല്ല, മറിച്ച് സർക്കാരിന്റെ അധികാരം വ്യക്തികളുടെ വിശ്വാസത്തിലേക്ക് കടന്നു കയറുന്നവയാണ്. ഇവ ഇന്ത്യയുടെ മതനിരപേക്ഷതയും വൈവിധ്യമുള്ള സംസ്കാരവും നശിപ്പിക്കുന്നതിന് കാരണമായേക്കാം. ഈ സംസ്ഥാന നിയമങ്ങൾ ഭരണഘടനാവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി സുപ്രീം കോടതിയിലും, ഹൈക്കോടതികളിലും നൽകപ്പെട്ട ഹർജികൾ ഇപ്പോഴും അതാത് കോടതികളുടെ പരിഗണനയിലാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.