5 December 2025, Friday

തൊഴിലാളിവിരുദ്ധ സനാതന ന്യായസംഹിതകൾ

എം കെ രമേഷ്
November 30, 2025 4:45 am

ബിഎംഎസ് നേതാവ് രാജേഷിന്റെ ഒരു വാര്‍ത്താക്കുറിപ്പ് കണ്ടു. തൊഴിലാളികളുടെ ഉന്നമനം മാത്രം ലക്ഷ്യമിടുന്ന അദ്ദേഹത്തിന്റെ സംഘടന ലേബർ കോഡുകളിൽ വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ച് സർക്കാറുമായി നടത്തുന്ന ചർച്ചകളെക്കുറിച്ച് അപ്പോഴാണ് മനസിലായത്. നിയമം പാസാവുന്നതിന് മുമ്പല്ല, പ്രാബല്യത്തിൽ വരുത്തിയതായി പ്രഖ്യാപനം നടത്തിയ ശേഷവും ചർച്ച നടത്തുന്നത് തീർച്ചയായും നല്ലതു തന്നെ. കല്പാന്തകാലത്തോളം തുടരുമല്ലോ എന്ന ഒരു സൗകര്യവും അതിനുണ്ട്. ലേബർ കോഡ് എന്ന കൊളോണിയൽ ഭാഷയ്ക്ക് പകരം ന്യായസംഹിത എന്ന് പ്രയോഗിക്കുക, കൂലി എന്ന പഴഞ്ചൻ വാക്ക് സക്കാത്ത് എന്ന് മാറ്റുക മുതലായ ശുപാർശകളാവാം. ഏതായാലും
“ബിഎംഎസ് ഈസ് ഓണറബിള്‍“എന്നു തോന്നി രോമാഞ്ചകഞ്ചുകമണിഞ്ഞ് നില്പാണ് ഞാൻ. 

എന്നാൽ ഇതിലും ഓണറബിള്‍ ആയ ഒരു കാലം ഭരണകക്ഷിയൊന്നുമല്ലാത്ത കാലത്തുതന്നെ അതിനുണ്ടായിരുന്നു എന്ന കാര്യം ഇപ്പോൾ ഓർക്കുന്നു. കാരണം രാജേഷും രാജ്നാഥ് സിങും തമ്മിലുള്ള നാമ സാമ്യം തന്നെയാണ്. രാജ്നാഥ് സിങ്ങിന് ഇന്നത്തെപ്പോലെ രാജയോഗം ഒന്നുമായിട്ടില്ല. ഏതെങ്കിലും ഒരു ജോത്സ്യൻ പോലും അന്നങ്ങനെ ഗണിച്ചെടുത്തിട്ടുമില്ല. എന്നിട്ടുമദ്ദേഹം യഥാർത്ഥ ദേശക്കൂറ് കാട്ടി നടത്തിയ ഒരു പ്രസ്താവന വന്നിങ്ങനെ ചങ്കിൽ ചവർക്കുകയാണ്. 

വിഷയം കേന്ദ്രസർക്കാർ ജീവനക്കാരുടെ അഞ്ചാം ശമ്പളപരിഷ്കരണം. 20% വർധനയ്ക്ക് ശുപാർശ. പോരെന്ന് ജീവനക്കാർ. പോരും എന്ന് ഐക്യമുന്നണി സർക്കാർ. പോരാട്ടമാവും എന്ന നില. അന്ന് സിപിഐയിലെ ഇന്ദ്രജിത് ഗുപ്ത മന്ത്രിയാണ്. സുർജിത് സിങ് സിപിഐ(എം) ജനറൽ സെക്രട്ടറിയും. അവർ പരസ്പരം ബന്ധപ്പെടുന്നു. ജീവനക്കാരോട് ഏറ്റുമുട്ടുന്നത് നന്നല്ല എന്ന് അവർ സർക്കാറിനെ ബോധ്യപ്പെടുത്തുന്നു. സർക്കാർ ഒരു മന്ത്രിതല കമ്മിറ്റിക്ക് രൂപം കൊടുക്കുന്നു. ഇന്ദ്രജിത് ഗുപ്ത അധ്യക്ഷൻ.
40% വർധനവിന് അവർ ശുപാർശ നൽകുന്നു. അത് നടപ്പാവുന്നു. ജീവനക്കാർ ഹാപ്പി, ബിഎംഎസ് ഖുശി. പക്ഷേ പിറ്റേന്നതാ പത്രക്കുറിപ്പ്. ആര്‍എസ്എസ് നേതാവായിരുന്ന രാജ്നാഥ് സിങ്ങിന്റെ. ‘ഇത് യൂണിയൻ സർക്കാറിന്റെ ദൗർബല്യമാണ് വെളിപ്പെടുത്തുന്നത്. ഇങ്ങനെ വാരിക്കോരി കൊടുക്കുന്നത് പ്രീതിപ്പെടുത്തലാണ്’ — ഇങ്ങനെയാണ് അദ്ദേഹം പറഞ്ഞത് എന്നാണ് ഓർമ്മ. ഈയൊരു നിലപാട് സൂക്ഷിച്ചു നോക്കിയാൽ സവർക്കറുടെതാണ്, ഗോൾവാൾക്കറുടെതാണ്, വീര ശിവജിയുടെതുപോലുമാണ് എന്നിപ്പോൾ സംഘികള്‍. 

തൊഴിലാളി വേറെ, മുതലാളി വേറെ. അന്ന് ഐക്യമുന്നണി സർക്കാരിന്റെ കാലത്ത് കമ്മ്യൂണിസ്റ്റുകാർ ചെലുത്തിയ സ്വാധീനം അടപടലം റദ്ദാക്കാൻ ഇപ്പോൾ ലേബർ കോഡ് പോലുള്ള ന്യായസംഹിതകൾ കൊണ്ടുവരികയല്ലാതെ മറ്റെന്ത് ചെയ്യും സനാതന ധർമ്മ പ്രഘോഷകർ! 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.