12 October 2024, Saturday
KSFE Galaxy Chits Banner 2

കലാപങ്ങൾക്ക് വഴിമരുന്നിടുന്ന നിയമങ്ങൾ

അബ്ദുൾ ഗഫൂർ
October 8, 2024 4:45 am

ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിൽ പ്രതിപക്ഷത്തിന്റെ പ്രധാന പ്രചരണങ്ങളിൽ ഒന്ന് ഗോരക്ഷാ ഗുണ്ടകളുടെ ഭീകരത അവസാനിപ്പിക്കുമെന്ന വാഗ്ദാനമാണ്. യോഗങ്ങളിലും തെരുവുകളിലും ഇക്കാര്യമാണ് അവരുടെ പ്രധാന പ്രചരണ വിഷയമായത്. 2021ന് ശേഷം ഹരിയാനയിൽ ഗോരക്ഷാ ഗുണ്ടകളുടെ ആക്രമണവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസുകളുടെ എണ്ണം 930 ആണ്. ഇതിന്റെ മൂന്നിലൊന്നും ന്യൂനപക്ഷ സമുദായം കൂടുതലുള്ള നൂഹ് ജില്ലയിലുമാണ്. 2011ലെ കാനേഷുമാരിയനുസരിച്ച് ജനസംഖ്യയിലെ 79 ശതമാനവും ഇവിടെ മുസ്ലിം വിഭാഗമാണ്. പശുസംരക്ഷകര്‍ നടത്തിയ ആക്രമണക്കേസുകളിൽ ഈ ജില്ലയിൽ മാത്രം നാല് മരണവും 17 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. 1,437 പേരാണ് അറസ്റ്റിലായത്. നൂഹ് അടുത്ത കാലത്ത് കുപ്രസിദ്ധമായത് പശു സംരക്ഷകരെന്ന് പറഞ്ഞ് രംഗത്തെത്തുന്ന കുറ്റവാളികൾ നടത്തുന്ന അതിക്രമങ്ങളുടെ പേരിലാണ്. അതിൽ പ്രമുഖനാണ് ബിട്ടു ബജ്റംഗിയെന്ന തീവ്ര ഹിന്ദുത്വ സംഘടനാ പ്രവർത്തകൻ. ഇയാളുടെ കാർമ്മികത്വത്തിൽ കഴിഞ്ഞ വർഷം സെപ്റ്റംബറിൽ നൂഹിൽ നടന്ന വർഗീയ സംഘർഷത്തിൽ എട്ടുപേരാണ് മരിച്ചത്. പശുക്കളുടെ സംരക്ഷണാർത്ഥം ബിജെപി സർക്കാരുകൾ വിവിധ സംസ്ഥാനങ്ങളിൽ കൊണ്ടുവന്ന നിയമത്തിന്റെ നടത്തിപ്പുകാരായി പൊലീസിനു പുറമേ തീവ്ര ഹിന്ദുത്വ സംഘടനാ പ്രവർത്തകർ രംഗത്തെത്തിയതിന്റെ ഫലമായി കലാപങ്ങളും അതിക്രമങ്ങളും ആവർത്തിച്ചുകൊണ്ടിരിക്കുന്നതിന്റെ ഉത്തമ ഉദാഹരണങ്ങളിൽ ഒന്നാണ് രാജസ്ഥാൻ, യുപി തുടങ്ങിയ സംസ്ഥാനങ്ങൾ.

വർഗീയ ചേരിതിരിവിനും സംഘർഷങ്ങൾക്കും കാരണമായ മറ്റൊരു നിയമമാണ് മതപരിവർത്തനം തടയൽ നിയമം. ലൗ ജിഹാദ്, മതപരിവർത്തനം എന്നിങ്ങനെ ആരോപണമുന്നയിച്ച് ഇതരമതസ്ഥരെ ആക്രമിക്കുന്നതിനും ജയിലിൽ അടയ്ക്കുന്നതിനുമുള്ള ഉപാധിയായി മാറ്റുകയാണ് ഈ നിയമത്തെയും. ഈ വിഷയങ്ങള്‍ നേരത്തേതന്നെ ബിജെപി ഉൾപ്പെടെ സംഘ്പരിവാർ സംഘടനകൾ ഏറ്റെടുക്കുകയും അക്രമങ്ങൾക്കും അതിക്രമങ്ങൾക്കും ഉപയോഗിക്കുകയും ചെയ്യുന്ന വിഷയങ്ങളാണെങ്കിലും വിവിധ സംസ്ഥാനങ്ങളിലും 2014ൽ കേന്ദ്രത്തിലും അവര്‍ അധികാരത്തിലെത്തിയതോടെ അവയ്ക്ക് നിയമപരമായ പരിരക്ഷ ലഭിച്ചു. അതുവഴി നിയമങ്ങൾ കലാപത്തിനും അക്രമങ്ങൾക്കും കാരണമാകുന്നതാണ് രാജ്യത്തെ പല പ്രദേശങ്ങളിൽ നിന്നും നാം ഇപ്പോൾ കാണുന്നത്. അതുകൊണ്ടുതന്നെയാണ് രാജസ്ഥാൻ നിയമസഭാ തെരഞ്ഞെടുപ്പിലെ പ്രധാന വിഷയമായി ഗോസംരക്ഷക ഗുണ്ടകളുടെ അതിക്രമങ്ങളും അത് തടയുമെന്ന പ്രതിപക്ഷ വാഗ്ദാനവും പ്രാധാന്യം നേടിയത്. നേരത്തെ പരാമർശിച്ച നൂഹ് വർഗീയ സംഘർഷത്തിന്റെ കാരണംതന്നെ ഗോസംരക്ഷക ഗുണ്ടകൾ പ്രചരിപ്പിച്ച വ്യാജ വീഡിയോ ദൃശ്യങ്ങളായിരുന്നു. മുസ്ലിങ്ങൾക്കെതിരായ മൂന്ന് പ്രകോപനപരമായ വീഡിയോകളാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചത്. രണ്ട് വീഡിയോകൾ മനു മനേസർ എന്നയാളും ഒരെണ്ണം ബിട്ടു ബജ്റംഗിയുമാണ് പ്രചരിപ്പിച്ചത്. ഈ കലാപക്കേസിൽ ഫിറോസ്‌പുർ എംഎൽഎ കോൺഗ്രസിലെ മമ്മൻ ഖാനെ യുഎപിഎ കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത് ജയിലിലിട്ടിരുന്നു. 2023 ഒക്ടോബർ 18ന് ഖാന് ജാമ്യം ലഭിച്ചു. കേസിന്റെ വിചാരണ ഇനിയും ആരംഭിക്കാനിരിക്കുന്നതേയുള്ളൂ. 

ഗുരുഗ്രാം ഉൾപ്പെടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വ്യാപിച്ച അക്രമത്തിൽ പ്രതികളാക്കപ്പെട്ട ബിട്ടു ബജ്‌റംഗി ഉൾപ്പെടെയുള്ളവർ ഈ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ മുഖ്യ പ്രചാരകരാണ്. എന്നുമാത്രമല്ല ഉത്തർപ്രദേശ് മുഖ്യമന്ത്രി ആദിത്യനാഥ് ഉൾപ്പെടെ പ്രചരണത്തിലെത്തിയ വേളയിൽ വേദിയിൽ ഉപവിഷ്ടനാകുകയും, ഇരുവരും ചേർന്ന് ബിജെപി സ്ഥാനാർത്ഥിയെ സദസിന് പരിചയപ്പെടുത്തുകയും ചെയ്യുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
ഭയം പടർത്താനല്ല, മറിച്ച് മതമൂല്യങ്ങൾ സംരക്ഷിക്കാൻ വേണ്ടിയാണ് തങ്ങളുടെ പ്രവർത്തനമെന്നാണ് ഗോസംരക്ഷകരുടെ വാദം. പശുക്കളെ സംരക്ഷിക്കാൻ സർക്കാർ വേണ്ടത്ര നടപടിയെടുക്കാത്തതിനാലാണ് രംഗത്തിറങ്ങിയതെന്നും അവർ പറയുന്നു. വ്യക്തമായ നിയമങ്ങളും പശു വ്യാപാരത്തിനുള്ള വ്യവസ്ഥകളും നടപ്പിലാക്കിയാൽ പ്രശ്നമുണ്ടാകില്ലെന്നാണ് അവരുടെ നിലപാട്. 2023 ജനുവരി 28ന് നൂഹിൽ ഗോസംരക്ഷക സംഘത്തിന്റെ മർദനമേറ്റ് വാരിസ് ഖാൻ എന്നയാൾ മരിച്ചു. 2017 ഏപ്രിലിലാണ് പെഹ്‌ലു ഖാൻ മർദനമേറ്റ് മരിച്ചത്. 2018 ജൂലൈ 21ന് പശുസംരക്ഷക പ്രവർത്തകരുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലിരിക്കെ റക്ബർ ഖാനും മരിച്ചു. ഇവരുടെ ബന്ധുക്കൾ ബിജെപിക്കെതിരെ പ്രചരണത്തിനിറങ്ങിയിരുന്നു. പശു നമ്മുടെ അമ്മയെപ്പോലെയാണ്, അവയെ സംരക്ഷിക്കേണ്ടത് ഓരോ ഹിന്ദുവിന്റെയും കടമയാണ് എന്നെല്ലാം പറഞ്ഞാണ് സ്വയംപ്രഖ്യാപിത പശു സംരക്ഷണ ഗ്രൂപ്പിലെ ആളുകൾ അക്രമത്തെ ന്യായീകരിക്കുന്നത്.
ഇത്തരം കുറ്റകൃത്യങ്ങൾക്ക് പ്രചോദനമായാണ് വിവിധ സംസ്ഥാനങ്ങളിലെ പശുസംരക്ഷണ നിയമങ്ങൾ ഇപ്പോൾ മാറിയിരിക്കുന്നത്. ‘നിയമം സംരക്ഷിക്കുന്നതിനുള്ള ജാഗ്രതാ ഉദ്യോഗസ്ഥർ’ എന്ന് സ്വയം വിശേഷിപ്പിച്ചാണ് സംഘ്പരിവാർ കുറ്റവാളികൾ ന്യൂനപക്ഷ സമുദായംഗങ്ങളെ ലക്ഷ്യംവച്ചുള്ള അക്രമങ്ങൾ നടത്തിക്കൊണ്ടിരിക്കുന്നത്. ഇതിന് സമാനമായ രീതിയിലാണ് മതപരിവർത്തനം തടയുന്നതിനായി യുപിയിലുള്‍പ്പെടെ മറ്റ് സംസ്ഥാനങ്ങളിൽ കൊണ്ടുവന്ന നിയമത്തെയും ദുരുപയോഗിക്കുന്നത്. അതിന്റെ പേരിൽ കലാപങ്ങളും നിയമം കയ്യിലെടുത്തുള്ള അതിക്രമങ്ങളുമെല്ലാം നിർബാധം നടക്കുന്നു. ന്യായാധിപന്മാരെ പോലും സ്വാധീനിച്ചിരിക്കുന്ന സവർണ മനോഭാവവും വലതുപക്ഷ ചിന്താഗതിയും അടിസ്ഥാനമാക്കിയുള്ള വിധിപ്രസ്താവങ്ങൾ പോലും ഈ നിയമത്തിന്റെ അടിസ്ഥാനത്തിലുണ്ടാകുന്നു. 

മുസ്ലിം യുവാവ് പേരുമാറ്റിപ്പറഞ്ഞ് ഹിന്ദു യുവതിയെ വിവാഹം കഴിക്കാൻ ശ്രമിച്ച സംഭവം ബലാത്സംഗക്കേസും മതപരിവർത്തനശ്രമവുമായി ദുർവ്യാഖ്യാനം ചെയ്ത് യുപിയിൽ കേസ് രജിസ്റ്റർ ചെയ്യുന്നു. ഈ കേസിന്റെ വിധി പ്രസ്താവമുണ്ടായത് കഴിഞ്ഞ ദിവസമാണ്. മുഹമ്മദ് അലിം എന്ന യുവാവിനെ കുറ്റക്കാരനെന്ന് കണ്ടെത്തിയതിന്റെ ഫലമായി ജീവപര്യന്തവും കൂട്ടുനിന്നെന്നാരോപിക്കപ്പെട്ട പിതാവിന് രണ്ടുവർഷവും തടവ് ശിക്ഷിച്ചു. ശിക്ഷ വിധിച്ച ബറേലി അതിവേഗ കോടതിയിലെ അഡീഷണൽ ജില്ലാ മജിസ്ട്രേറ്റിന്റെ വിധിപ്രസ്താവത്തിൽ നിറയെ സംഘ്പരിവാറിനെ വെല്ലുന്ന രാഷ്ട്രീയമായിരുന്നു നിറഞ്ഞത്. ചില പ്രത്യേക സമുദായത്തിലെ സാമൂഹ്യ വിരുദ്ധർക്ക് ആധിപത്യമുണ്ടാക്കുന്നതിനും മതപരിവർത്തനത്തിനുമുള്ള മാർഗമായി ലൗ ജിഹാദ് മാറിയെന്നാണ് ജഡ്ജി രവി കുമാർ ദിവാറിന്റെ വിധി പ്രസ്താവത്തിലുള്ളത്. നിയമവിരുദ്ധമായ മതപരിവർത്തനത്തിലുള്ള ഉപാധിയായി പ്രണയം മാറിയിരിക്കുന്നുവെന്നും രാജ്യത്തിന്റെ ഐക്യത്തിനും പരമാധികാരത്തിനും വലിയ ഭീഷണിയായെന്നും അദ്ദേഹം കണ്ടുപിടിച്ചു. 2021ൽ യുപിയിൽ പ്രാബല്യത്തിലായ അനധികൃത മതപരിവർത്തനം തടയൽ നിയമപ്രകാരമുള്ള കേസിൽ ഇസ്ലാമിക പണ്ഡിതനും മതപ്രഭാഷകനുമായ മൗലാന കലിം സിദ്ദിഖിയെയും മറ്റ് 11 പേരെയും ജീവപര്യന്തം തടവിന് ശിക്ഷിച്ചുള്ള വിധിയുണ്ടായത് കഴിഞ്ഞ മാസമായിരുന്നു. നാല് പ്രതികൾക്ക് 10 വർഷം തടവും പിഴയും ശിക്ഷ വിധിച്ചു. മതപരിവർത്തനത്തിനായി രാജ്യവ്യാപകമായി പ്രവർത്തനം നടത്തിയെന്നാരോപിച്ച് 2021ലാണ് ഉത്തർപ്രദേശ് തീവ്രവാദ വിരുദ്ധ സ്ക്വാഡ്, മീററ്റിൽ നിന്ന് സിദ്ദിഖിയെ അറസ്റ്റ് ചെയ്തത്. ഒരു ഇസ്ലാമിക് ട്രസ്റ്റിന്റെ പ്രസിഡന്റായ സിദ്ദിഖി നിരവധി സംഘടനകളും സ്കൂളുകളും നടത്തി മതപരിവർത്തനം നടത്തുന്നു, അന്താരാഷ്ട്ര സംഘടനകളിൽ നിന്ന് ഫണ്ട് സ്വീകരിക്കുന്നു എന്നാരോപിച്ചായിരുന്നു അറസ്റ്റ്. വിവിധ മതവിഭാഗങ്ങൾക്കിടയിൽ ശത്രുത വളർത്തുകയും ഇന്ത്യയുടെ പരമാധികാരവും അഖണ്ഡതയും തകർക്കുകയും ചെയ്യുന്നതായിരുന്നു സിദ്ദിഖിയുടെ പ്രവർത്തനമെന്നും ആരോപിച്ചിരുന്നു.
മത വിദ്വേഷത്തിന്റെയും വ്യക്തിവിരോധത്തിന്റെയും അടിസ്ഥാനത്തില്‍ ലഭിക്കുന്ന പരാതികള്‍ പോലും കേസാകുകയും കുറ്റാരോപിതരെ ശിക്ഷിക്കുകയും ചെയ്യുന്നതിനുള്ള ഉപകരണമായി ഈ നിയമത്തെ യുപിയില്‍ മാറ്റുകയാണ് എന്നതിന്റെ ഉദാഹരണമാണ് അസംഘര്‍ സെഷന്‍സ് കോടതി കഴിഞ്ഞ ദിവസം മൂന്നുപേരെ ശിക്ഷിച്ച കേസ്. ആറുവര്‍ഷത്തെ തടവു ശിക്ഷയാണ് ബാല്‍ചന്ദ് ജയ്സ്വാര്‍, ഗോപാല്‍ പ്രജാപതി, നീരജ് കുമാര്‍ എന്നിവര്‍ക്കെതിരെ ജഡ്ജി സഞ്ജീവ് ശുക്ല വിധിച്ചത്. 2021ല്‍ ആര്‍എസ്എസ് ജില്ലാ പ്രചാരക് പ്രമുഖും ബിജെപി ഗോരഖ്പൂര്‍ പ്രാദേശിക സെക്രട്ടറിയുമായിരുന്ന അശോക് കുമാര്‍ യാദവ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ശിക്ഷ വിധിച്ചത്. ഇപ്പോള്‍ ചുമതലകളിലില്ലാത്ത അശോക് കുമാര്‍ താന്‍ വെറും കര്‍ഷകനും ഹിന്ദു മതവിശ്വാസിയും മാത്രമാണെന്നാണ് അവകാശപ്പെടുന്നത്.
എന്നാല്‍ ഈ കേസില്‍ ആരെയെങ്കിലും മതംമാറ്റിയതായി കണ്ടെത്തിയിട്ടില്ല. പരാതിക്കാരന്‍ താന്‍ മതം മാറിയിട്ടില്ലെന്നും ഇപ്പോഴും എപ്പോഴും ഹിന്ദുവാണെന്നും കോടതിയില്‍ പറഞ്ഞിട്ടുമുണ്ട്. കുറ്റാരോപിതരായ മൂന്ന്പേര്‍ ത്രിഭുവന്‍ യാദവ് എന്നയാളുടെ വീട്ടില്‍ നടത്തിയന്നാരോപിക്കപ്പെടുന്ന ഒരു പ്രാര്‍ത്ഥനയാണ് മതപരിവര്‍ത്തനമായി പരാതിയില്‍ ഉന്നയിച്ചത്. ഈ മേഖലയില്‍ വീടുകളില്‍ രോഗശാന്തിക്കായി ഹിന്ദു മതവിശ്വാസികളുടെയും ഇതര മതസ്ഥരുടെയും വീടുകളില്‍ പ്രാര്‍ത്ഥന നടക്കാറുണ്ടെന്നും ഇതില്‍ മതവ്യത്യാസമില്ലാതെ അയല്‍വാസികളെ പങ്കെടുപ്പിക്കുക പതിവാണെന്നും ഇതുസംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത ഓണ്‍ലൈന്‍ പോര്‍ട്ടലായ ദ വയറിലുണ്ട്. വീട്ടുടമസ്ഥനായ ത്രിഭുവന്‍ യാദവും ഹിന്ദു മതത്തില്‍ നിന്ന് മറ്റൊന്നിലേയ്ക്ക് മാറിയതായി തെളിയിക്കാനായിട്ടുമില്ല. എങ്കിലും പരാതിക്കാരനായ അശോക് കമാര്‍, അദ്ദേഹത്തിന്റെ ഒരു കൂട്ടുകാരന്‍, രണ്ട് പൊലീസുകാര്‍ എന്നിവരുടെ മൊഴിയെ അടിസ്ഥാനമാക്കിയാണ് കൂട്ട മതംമാറ്റത്തിന് ശ്രമിച്ചെന്ന പേരില്‍ ശിക്ഷ വിധിച്ചത്. എന്നുമാത്രമല്ല ശിക്ഷാവിധി പ്രഖ്യാപിക്കുന്നതിന് മുമ്പുള്ള വാദത്തിനിടെ അലഹബാദ് ഹൈക്കോടതി നടത്തിയതും സുപ്രീം കോടതി തള്ളിയതുമായ പരാമര്‍ശങ്ങളാണ് പ്രോസിക്യൂഷന്‍ ഉന്നയിച്ചത്. മതപരിവര്‍ത്തനം നിയന്ത്രിച്ചില്ലെങ്കില്‍ ഭൂരിപക്ഷ സമുദായം ന്യൂനപക്ഷമായേക്കുമെന്നായിരുന്നു പ്രസ്തുത നിരീക്ഷണം. പരമോന്നത കോടതി തള്ളിയ വാദങ്ങള്‍ പോലും വിധിപ്രസ്താവത്തിന് ഉപോല്‍ബലകമാക്കിയെന്നര്‍ത്ഥം. നിയമത്തെ ദുര്‍വ്യാഖ്യാനം ചെയ്തും ഗുണ്ടകളെ ഉപയോഗിച്ച് കള്ളപ്പരാതികള്‍ നല്‍കിയും മതപരിവര്‍ത്തന നിരോധന നിയമത്തെ എതിരാളികള്‍ക്കെതിരായ ആയുധമാക്കുകയാണ് ചെയ്യുന്നതെന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്.
സംസ്ഥാന നിയമസഭ 2020ൽ പാസാക്കിയ നിയമവിരുദ്ധ മതപരിവർത്തന നിരോധന നിയമപ്രകാരം നാല് വർഷത്തിനിടെ 835 കേസുകൾ രജിസ്റ്റർ ചെയ്യുകയും 1,682 പേരെ അറസ്റ്റ് ചെയ്യുകയുമുണ്ടായി. നിർബന്ധിതവും നിയമവിരുദ്ധവുമായ മതപരിവർത്തനങ്ങൾക്കെതിരെയുള്ള നടപടി എന്ന പേരിൽ ഇതര മതസ്ഥരുടെ കാരുണ്യസ്ഥാപനങ്ങൾ പോലും നിരീക്ഷണത്തിലാക്കുകയും പലരെയും മതപരിവർത്തനം ആരോപിച്ച് കേസിൽപ്പെടുത്തി ജയിലിൽ അടയ്ക്കുകയും ചെയ്തു.
തങ്ങൾ പിന്തുടരുന്ന പിന്തിരിപ്പൻ ആശയങ്ങൾ നടപ്പിലാക്കുന്നതിന് വിവിധ നിയമങ്ങൾക്ക് രൂപം നൽകുകയും അതിന്റെ അടിസ്ഥാനത്തിൽ എതിരാളികളെ ജയിലിലടയ്ക്കുകയും ചെയ്യുകയാണ് ബിജെപി സർക്കാരുകൾ. മാത്രമല്ല ഗോരക്ഷ, ലൗ ജിഹാദ്, മതപരിവർത്തനം തടയൽ എന്നീ പേരുകളിൽ ഇതര മതസ്ഥർക്കുനേരെ അതിക്രമങ്ങൾ നടത്തുന്നതിന് സംരക്ഷക സംഘങ്ങളെന്ന പേരിൽ ഗുണ്ടകൾക്ക് സ്വൈരവിഹാരത്തിന് അവസരം നൽകുകയും ചെയ്യുന്നു. ഫലത്തിൽ നിയമനിർമ്മാണങ്ങളിലൂടെ കലാപങ്ങൾക്ക് സാധൂകരണം നൽകുകയും കുറ്റവാളികൾക്ക് സംരക്ഷണം നൽകുകയുമാണ് ബിജെപി സർക്കാരുകൾ ചെയ്തുകൊണ്ടിരിക്കുന്നത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.