8 January 2025, Wednesday
KSFE Galaxy Chits Banner 2

പരിവര്‍ത്തനങ്ങള്‍ സൃഷ്ടിച്ച മഹദ്‌വ്യക്തി; ആറാട്ടുപുഴ വേലായുധപ്പണിക്കര്‍ രക്തസാക്ഷിത്വ ദിനം

ഊക്കോട് കൃഷ്ണന്‍ കുട്ടി
January 8, 2025 4:52 am

ആധുനിക കേരളത്തില്‍ പരിവര്‍ത്തനങ്ങള്‍ സൃഷ്ടിച്ച മഹദ്‌വ്യക്തികളില്‍ എന്തുകൊണ്ടും ശ്രദ്ധേയനായ ഒരാളാണ് ആറാട്ടുപുഴ വേലായുധപ്പണിക്കര്‍. അസമത്വവും അനാചാരങ്ങളും നടമാടിയിരുന്ന നാട്ടില്‍ സ്ഥിതിസമത്വത്തിനുവേണ്ടി രക്തസാക്ഷിത്വം വരിച്ച പണിക്കര്‍, അടിച്ചമര്‍ത്തപ്പെട്ട കീഴാളര്‍ക്കായി സ്വന്തം ജീവന്‍ തന്നെ പണയംവച്ച ആ വിപ്ലവകാരിയുടെ പേര് കേരളത്തിന്റെ നവോത്ഥാന ചരിത്രത്തില്‍ വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടിട്ടില്ല. അവര്‍ണര്‍ക്കുവേണ്ടി വിദ്യാലയങ്ങളും ഗ്രന്ഥശാലകളും ക്ഷേത്രങ്ങളും സ്ഥാപിക്കുന്നതിന് നേതൃത്വം നല്‍കിയ, സ്ത്രീകള്‍ക്ക് മാറുമറയ്ക്കുന്നതിനും സ്വര്‍ണാഭരണങ്ങള്‍ അണിയുന്നതിനുമെതിരെ മേല്‍ജാതിക്കാര്‍ ഏര്‍പ്പെടുത്തിയിരുന്ന നിയമങ്ങളെ പരസ്യമായി ചോദ്യംചെയ്ത കേരളത്തിലെ അവര്‍ണരില്‍ പ്രമുഖനായിരുന്നു പണിക്കര്‍. ആത്മാഭിമാനത്തിനുവേണ്ടി പോരാടാനും പീഡനത്തില്‍ നിന്നും രക്ഷനേടാനും അന്നത്തെ ജനതയെ പ്രാപ്തരാക്കി. 19-ാം നൂറ്റാണ്ടില്‍ കേരളത്തിലാരംഭിച്ച നവോത്ഥാന മുന്നേറ്റ പ്രക്ഷോഭങ്ങളില്‍ ആദ്യകാല പരിഷ്കര്‍ത്താക്കളില്‍ പ്രമുഖനായിരുന്നു പണിക്കര്‍. ഈഴവരുടെ ആത്മാഭിമാനം സംരക്ഷിക്കുന്നതിനും പൗരാവകാശങ്ങള്‍ക്കുംവേണ്ടി അക്ഷീണം പോരാടിയിരുന്ന ധീര ആത്മാവായിരുന്നു പണിക്കര്‍. ഒരു കാര്യത്തിലും തന്റെ സമുദായം സവര്‍ണരുടെ മുന്നില്‍ തലതാഴ്ത്തുന്നതിന് പണിക്കരുടെ അഭിമാനബോധം ഒരിക്കലും അനുവദിച്ചിരുന്നില്ല. പണിക്കരുടെ എല്ലാ പ്രവര്‍ത്തനങ്ങളുടെയും പിന്നിലുള്ള ചേതോവികാരം ഇതു തന്നെയായിരുന്നു. ധനശേഷിയും തന്റേടവും കൊണ്ടാണ് പണിക്കര്‍ സാമൂഹിക പരിവര്‍ത്തനങ്ങളും പരിഷ്കാരങ്ങളും നാട്ടില്‍ നടപ്പാക്കിയിരുന്നത്. ഇതിനെതിരെ സവര്‍ണര്‍ രോഷംകൊണ്ടിരുന്നെങ്കിലും പണിക്കരുടെ തണ്ടും കരുത്തും അറിയാവുന്നവര്‍ അരിശം കടിച്ചിറക്കിയതേയുള്ളു. തന്റെ കുടുംബത്തിന്റെ പരദേവതയായിരുന്നു കല്യാശേരി കാളി. ആ കുടുംബക്ഷേത്രത്തില്‍ കണ്ണാടി പ്രതിഷ്ഠ നടത്തി സവര്‍ണരെ പണിക്കര്‍ വെല്ലുവിളിച്ചു. 1825 ജനുവരി മാസം അഞ്ചാം തീയതി മധ്യതിരുവിതാംകൂറിലെ ഇന്നത്തെ ആലപ്പുഴ ജില്ലയില്‍ കാര്‍ത്തികപ്പള്ളി താലൂക്കില്‍ തീരദേശ ഗ്രാമമായ ആറാട്ടുപുഴ വില്ലേജില്‍ മംഗലം ദേശത്ത് സമ്പത്തും പ്രശസ്തിയുംകൊണ്ട് അനുഗ്രഹീതമായ ഈഴവ കുടുംബം കല്യാശേരി തറവാട്ടില്‍ ജനിച്ച് കേരളത്തില്‍ നവോത്ഥാനത്തിന് വിത്തുപാകിയ ആദ്യകാല സാമൂഹ്യപരിഷ്കര്‍ത്താവായിരുന്നു കല്യാശേരി വേലായുധ ചേകവര്‍ എന്നറിയപ്പെടുന്ന ആറാട്ടുപുഴ വേലായുധപണിക്കര്‍. തുളുനാടന്‍ കളരിപ്പയറ്റില്‍ പേരെടുത്ത പോരാളികളും പ്രശസ്തരായ ജ്യോതിഷന്മാരും ആയുര്‍വേദ വെെദ്യന്‍മാരും ഈ കുടുംബത്തില്‍ ഉണ്ടായിരുന്നു. ശെെശവത്തില്‍ത്തന്നെ അച്ഛനമ്മമാര്‍ നഷ്ടപ്പെട്ട വേലായുധന്‍ സമൃദ്ധിയുടെയും പ്രതാപത്തിന്റെയും മടിത്തട്ടില്‍ ആജാനബാഹുവും യുവകോമളനുമായി വളര്‍ന്നു. സമര്‍ത്ഥരായ ആശാന്‍മാരെ വീട്ടില്‍ നിയമിച്ച് സംസ്കൃതം, മലയാളം, തമിഴ് വ്യാകരണം, ആയുര്‍വേദം, ജ്യോതിഷം എന്നിവ പഠിപ്പിച്ചു. തുളുനാടന്‍ കളരിപ്പയറ്റ് അഭ്യസിച്ചതിനുപുറമെ കുടുംബ വ്യാപാരത്തിന്റെ നൂലാമാലകളും വശമാക്കി. അവയ്ക്കുപുറമെ കുതിരസവാരിയും കൂടി ആയപ്പോള്‍ മാടമ്പിയോ, രാജകുമാരനോ ആകാനുള്ള ഉപസ്ഥിതിയായി. പ്രശസ്തമായ പുതുപ്പള്ളി വാരണപ്പള്ളി (ശ്രീനാരായണ ഗുരുവിന്റെ തറവാടാണ്) തറവാട്ടിലെ വെളുമ്പിയെ 1845ല്‍ തന്റെ 20-ാം വയസില്‍ വിവാഹം ചെയ്ത് സ്വന്തം വീടായ കല്യാശേരി തറവാട്ടില്‍ താമസം മാറ്റി. വേലായുധന്‍ — വെളുമ്പി ദമ്പതികള്‍ക്ക് ഏഴ് പുത്രന്മാര്‍ ജനിച്ചു. അനന്തപുരിയിലെ പത്മനാഭസ്വാമി ക്ഷേത്രത്തിലേക്ക് തത്തനല്ലൂര്‍ നമ്പൂതിരിപ്പാട് ഹരിദ്വാറില്‍ നിന്നും കൊണ്ടുവരുകയായിരുന്ന വിലയേറിയ സാളഗ്രാമം ഒരു കള്ളന്‍ കായംകുളം കായലില്‍ വച്ച് തട്ടിയെടുത്തു. സാളഗ്രാമം വീണ്ടെടുക്കാന്‍ കൊട്ടാരത്തില്‍ നിന്നും വേലായുധന്‍ ചേകവന്റെ സഹായം തേടി. നിഷ്പ്രയാസം അദ്ദേഹം കള്ളനെ പിടികൂടി സാളഗ്രാമം വീണ്ടെടുത്തു. ഈ വീരകൃത്യത്തിന്റെ പേരില്‍ തിരുവിതാംകൂര്‍ മഹാരാജാവ് വേലായുധന് പണിക്കന്‍ സ്ഥാനം കല്പിച്ചുനല്കുകയും വീരശൃംഖല അണിയിച്ച് അനുമോദിക്കുകയുണ്ടായി. പണിക്കന്‍ പിന്നീട് പണിക്കരായി. അങ്ങനെ കല്യാശേരി വേലായുധന്‍ ചേകവര്‍ ആറാട്ടുപുഴ വേലായുധപ്പണിക്കര്‍ എന്നറിയപ്പെട്ടു. പൂജാദികര്‍മ്മങ്ങള്‍ അന്ന് അവര്‍ണര്‍ക്ക് നിഷിദ്ധമായിരുന്നെങ്കിലും തത്തനല്ലൂര്‍ നമ്പൂതിരിപ്പാടുമായുള്ള ബന്ധം ക്ഷേത്ര ചടങ്ങുകളില്‍ പ്രാവീണ്യം നേടാന്‍ പണിക്കരെ സഹായിച്ചു. അങ്ങനെ വിഗ്രഹപ്രതിഷ്ഠയുടെ രഹസ്യങ്ങളും അദ്ദേഹം വശത്താക്കി. വിശ്വസ്തരായ ഏതാനും അനുയായികളുമായി പ്രശസ്തമായ ഗോകര്‍ണത്തിലെ ശിവക്ഷേത്രമുള്‍പ്പെടെ കര്‍ണാടകം, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിലുള്ള പല ശിവക്ഷേത്രങ്ങളും സന്ദര്‍ശിച്ച് തിരികെ വരുമ്പോള്‍ വെെക്കം ശിവക്ഷേത്രത്തില്‍ ഒരു കൂസലും കൂടാതെ കടന്നുചെന്ന് ഇദ്ദേഹം അവിടുത്തെ ആചാര അനുഷ്ഠാനങ്ങളെയും വാസ്തുവിദ്യാരീതികളെയും മനസിലാക്കി തിരികെവന്നു. 1852ല്‍ മംഗലം ഇടയ്ക്കാട് ജ്ഞാനേശ്വരം ക്ഷേത്രം സ്ഥാപിച്ചു. 1855ല്‍ ചെറുവാരണത്ത് മറ്റൊരു ശിവക്ഷേത്രം കൂടി സ്ഥാപിച്ചു. അങ്ങനെ അവര്‍ണരുടെ ആരാധനയ്ക്ക് കൂടുതല്‍ പ്രചാരം നല്‍കി. 1850ല്‍ മേല്‍മുണ്ട് സമരത്തിന് നേത‍‍‍ൃത്വം നല്കി. കായംകുളത്ത് ഒരു ഈഴവ സ്ത്രീ മാറിലിട്ട മേല്‍മുണ്ട് പ്രമാണിമാര്‍ വലിച്ചുകീറി. അക്കാലത്ത് അവര്‍ണ സ്ത്രീകള്‍ക്ക് മാറുമറയ്ക്കാനുള്ള അവകാശം ഉണ്ടായിരുന്നില്ല. 

മുലക്കരം ചുമത്തിയിരുന്ന കാലമായിരുന്നു. ഇതറിഞ്ഞ കായംകുളത്തിനടുത്ത് പണിയൂര്‍ പ്രദേശത്ത് എത്തിയ പണിക്കര്‍ സവര്‍ണരെ വെല്ലുവിളിച്ചുകൊണ്ട് സ്ത്രീകള്‍ക്ക് മേല്‍മുണ്ട് വിതരണം ചെയ്തു. യുവതികളെ മേല്‍മുണ്ട് ഉടുപ്പിച്ച് വയല്‍വരമ്പിലൂടെ നടത്തിച്ച് നഗ്നത മറയ്ക്കേണ്ടത് സംസ്കാരത്തിന്റെ അടയാളമാണെന്നും അതിനുള്ള അവകാശം എല്ലാ സ്ത്രീകള്‍ക്കും ഉണ്ടായിരിക്കണമെന്നും പണിക്കര്‍ വിശ്വസിക്കുകയും അതിനനുസരിച്ച് പ്രവര്‍ത്തിക്കുവാന്‍ സ്വസമുദായ അംഗങ്ങളോടായി അഭ്യര്‍ത്ഥിക്കുകയും ചെയ്തു. രാജകുടുംബാംഗങ്ങള്‍ക്കും ഭൂപ്രഭുക്കള്‍ക്കും മേല്‍ജാതിക്കാര്‍ക്കും മനോഹരമായ വസ്ത്രങ്ങള്‍ നെയ്ത് കൊടുക്കുന്നവര്‍ ഈഴവരായിരുന്നു. എന്നാല്‍ അവര്‍ നെയ്ത വിലയേറിയ വസ്ത്രങ്ങള്‍ അവര്‍ക്ക് ഉടുക്കുവാന്‍ പാടില്ല എന്ന വിചിത്രമായ നിയമം അന്ന് നാട്ടില്‍ ഉണ്ടായിരുന്നു. അതിനെതിരെയായിരുന്നു പണിക്കരുടെ സമരം. സ്വന്തം സഹോദരിയെ നായര്‍ വിഭാഗത്തില്‍പ്പെട്ട ഒരാളെക്കൊണ്ട് വിവാഹം കഴിപ്പിച്ചുകൊണ്ട് ആചാരങ്ങളെ വെല്ലുവിളിച്ചു പണിക്കര്‍. സാമൂഹികമായ തിന്മകള്‍ക്കെതിരെയുള്ള പ്രക്ഷോപണത്തില്‍ മുന്‍പന്തിയിലുണ്ടായിരുന്ന വ്യക്തിയാണ് പണിക്കര്‍. 1859കളില്‍ ഒരുത്തരവിന്റെ പിന്‍ബലത്തില്‍ സവര്‍ണര്‍ക്ക് കണങ്കാല്‍ വരെ വസ്ത്രങ്ങള്‍ താഴ്ത്തി ധരിക്കാമെങ്കിലും അവര്‍ണ പുരുഷന്‍-സ്ത്രീകളില്‍ മുട്ടിട്ട് കീഴ്പ്പോട്ട് വസ്ത്രം ധരിക്കുന്നത് നിയമലംഘനവും ധിക്കാരവും ആയിരുന്നു. അച്ചിപ്പുടവതാഴ്ത്തിയുടുത്ത് വയല്‍വരമ്പില്‍ നടന്ന ഈഴവയുവതിയുടെ പുടവ വലിച്ചുകീറി ചെളിയില്‍ ചവിട്ടിത്താഴ്ത്തി അവളെ അപമാനിച്ചു. ഈ വാര്‍ത്ത അറിഞ്ഞ പണിക്കര്‍ പടയുമായി സവര്‍ണരെ വെല്ലുവിളിച്ചുകൊണ്ട് ഏതാനും സ്ത്രീകളെ അച്ചിപ്പുടവയുടുപ്പിച്ച് നടത്തി. പ്രമാണിമാര്‍ പേടിച്ചരണ്ട് മാടങ്ങളിലേക്ക് വലിഞ്ഞതോടെ അച്ചിപ്പുടവ പ്രശ്നം പരിഹരിച്ചു. 1860കളില്‍ സ്വന്തമായി കഥകളി സംഘം രൂപീകരിച്ചതുമെല്ലാം സാമൂഹ്യ നീതിക്കുവേണ്ടിയായിരുന്നു. പണിക്കരില്‍ അദ്ദേഹത്തിന്റെ ഏഴുമക്കളില്‍ ആറുപേരും കഥകളി പഠിച്ചു. 1866ല്‍ പണിക്കര്‍ കര്‍ഷകത്തൊഴിലാളി സമരത്തിന് നേതൃത്വം നല്‍കി. (1889ല്‍ അയ്യൻകാളിയുടെ കര്‍ഷക സമരത്തിനും 23 വര്‍ഷം മുമ്പ്). ജന്മിത്തം നിലനിന്നിരുന്ന കാലത്ത് ഈഴവരും മറ്റ് താഴ്ന്നജാതിക്കാരുമായ കര്‍ഷകത്തൊഴിലാളികള്‍ക്ക് സവര്‍ണ ജന്മിമാര്‍ കൃത്യമായി കൂലി നല്‍കിയിരുന്നില്ല. തുടര്‍ന്നാണ് പണിക്കര്‍ പണിമുടക്കം എന്ന ബ്രഹ്മാസ്ത്രം പ്രയോഗിച്ചത്. അക്കാലത്ത് നാട്ടില്‍ പണിമുടക്കം എന്ന വാക്കൊന്നും പരിചിതമായിരുന്നില്ല. പാടത്തും പറമ്പിലുമുള്ള കൃഷിപ്പണി, കന്നുകാലിത്തോട്ടം, തെങ്ങുകയറ്റം എന്നിങ്ങനെയുള്ള എല്ലാ പണികളില്‍ നിന്നും വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചു. അവര്‍ണ വിഭാഗക്കാര്‍ പണിക്കരുടെ ആജ്ഞയനുസരിച്ചു എന്നുമാത്രമല്ല ഇങ്ങനെ സ്വന്തം തൊഴില്‍ ചെയ്യാതെ വിട്ടുനിന്നവര്‍ പുറത്തുനിന്നും വന്ന ആള്‍ക്കാരെക്കൊണ്ട് ജോലി ചെയ്യാനും അനുവദിച്ചില്ല. ഇതുമൂലം ജന്മിമാര്‍ക്ക് വരുമാനം ഇല്ലാത്ത അവസ്ഥ വന്നു. അങ്ങനെ സമരത്തിന് ഫലമുണ്ടായി തൊഴിലാളികള്‍ക്ക് കൃത്യമായി കൂലി കിട്ടിത്തുടങ്ങി.
സ്വര്‍ണാഭരണം ധരിക്കാനുള്ള അവകാശം താഴ്ന്ന ജാതിക്കാര്‍ക്ക് ഇല്ലാത്ത കാലത്ത് ആയിരം സ്വര്‍ണമൂക്കുത്തി പണിതുനല്‍കി സ്ത്രീകള്‍ അത് ധരിച്ച് പന്തളത്തെ ചന്തയില്‍ മൂക്കുത്തി പ്രകടനം നടത്തി. പന്തളത്തിനടുത്ത് ഒരു സ്ത്രീയുടെ മൂക്കുത്തി ജന്മിമാര്‍ മൂക്കടക്കം മുറിച്ചെടുത്തതിന്റെ മറുപടിയായിരുന്നു പണിക്കരുടെ മൂക്കുത്തി സമരം.
പണിക്കരുടെ പ്രശസ്തി വര്‍ധിക്കുന്നതിനൊപ്പം എതിരാളികളുടെ സ്പര്‍ധയും വര്‍ധിച്ചുകൊണ്ടിരുന്നു. അസാമാന്യ ധൈര്യശാലിയായ പണിക്കരെ നേരിട്ട് ആക്രമിക്കാന്‍ സാധ്യമല്ലെന്നു വന്നപ്പോള്‍ കൊല്ലത്തേക്കുള്ള യാത്രാമധ്യേ (1049 ധനുമാസം 24) കായംകുളം കായലില്‍ വച്ച് ചതിച്ചുകൊന്നു. നവോത്ഥാന കേരളത്തിന്റെ ആദ്യ രക്തസാക്ഷിയായി 49-ാം വയസില്‍ ആറാട്ടുപുഴ വേലായുധപ്പണിക്കര്‍. 2025 ജനുവരി അഞ്ചാം തീയതി അദ്ദേഹത്തിന്റെ 200-ാം ജന്മവാര്‍ഷികം കൂടിയാണ്.

Kerala State AIDS Control Society
Kerala State - Students Savings Scheme

TOP NEWS

January 8, 2025
January 8, 2025
January 8, 2025
January 8, 2025
January 8, 2025
January 8, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.