21 December 2025, Sunday

നിർമ്മിത ബുദ്ധിയും തൊഴിലും

എം കെ നാരായണമൂര്‍ത്തി
October 10, 2025 4:15 am

ക്ഷിണേഷ്യയിലെ തൊഴിൽരംഗം വിശദമായി അവലോകനം ചെയ്യുന്ന ലോകബാങ്കിന്റെ ഒരു റിപ്പോർട്ട് ഇക്കഴിഞ്ഞ ചൊവ്വാഴ്ച പുറത്തിറങ്ങിയിട്ടുണ്ട്. “South Asia Devel­op­ment Update, Jobs, AI, and Trade” എന്ന പേരിൽ പ്രസിദ്ധീകരിക്കപ്പെട്ടിരിക്കുന്ന ഈ റിപ്പോർട്ടിലെ കണക്കുകളും വിശകലനങ്ങളും അവലോകനം ചെയ്താൽ ലഭിക്കുന്ന ചിത്രം ഭയാനകമാണ്. അടുത്ത ഏതാനും മാസങ്ങൾക്കുള്ളിൽ ദക്ഷിണേഷ്യൻ രാജ്യങ്ങളിലെ മൊത്തം മനുഷ്യാധ്വാനത്തിന്റെ 15% നിർമ്മിത ബുദ്ധി കയ്യടക്കുമെന്നും സാമാന്യ വിദ്യാഭ്യാസം ലഭിച്ചിട്ടുള്ള യുവജനത തൊഴിൽ ലഭിക്കാത്തവരായി മാറുമെന്നും റിപ്പോർട്ടിൽ അടിവരയിട്ടു പറയുന്നു.
മനുഷ്യബുദ്ധിയുടെ സ്ഥാനത്ത് കമ്പ്യൂട്ടർ ബുദ്ധി പ്രവർത്തിക്കുമ്പോൾ അതിന്റെ ഗുണഭോക്താക്കളാകുന്നത് കോർപറേറ്റുകളും അവരുടെ വലയങ്ങളും മാത്രമാണ്. ഓപ്പൺ എഐയുടെ ചാറ്റ് ജിപിടി, എക്സിന്റെ ഗ്രോക്ക്, ഗൂഗിളിന്റെ ജെമിനി, മൈക്രോസോഫ്റ്റിന്റെ കോപൈലറ്റ്, ഹൈഫ്ലയറിന്റെ ഡീപ് സീക് തുടങ്ങിയ ടെക്ഭീമന്മാർ കോടിക്കണക്കിനാളുകളുടെ തൊഴിൽ സാധ്യത ദക്ഷിണേഷ്യൻ രാജ്യങ്ങളിൽ മാത്രം ഇല്ലാതാക്കുമെന്ന റിപ്പോർട്ട് ഭീതിദമാണ്. ഇന്ത്യ, പാകിസ്ഥാൻ, ശ്രീലങ്ക, നേപ്പാൾ, മാലിദ്വീപ്, നേപ്പാൾ, ഭൂട്ടാൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ തുടങ്ങിയവയാണ് ദക്ഷിണേഷ്യൻ രാജ്യങ്ങളായി അടയാളപ്പെടുത്തപ്പെട്ടിരിക്കുന്നത്. പരമ്പരാഗത മേഖലയെ നിർമ്മിതബുദ്ധി കാര്യമായി ബാധിക്കാൻ പോകുന്നില്ലെന്ന വ്യാജപ്രചരണമാണ് ഇപ്പോൾ പൊളിയുന്നത്. അക്കൗണ്ടിങ്, കസ്റ്റമർ കെയർ, വെബ് ഡെവലപ്മെന്റ് തുടങ്ങി സാധാരണ മനുഷ്യാധ്വാനം അവശ്യമെന്ന് നമ്മൾ കരുതിയിരുന്ന മത്സ്യബന്ധന മേഖലയിൽ നിന്നുപോലും മനുഷ്യാധ്വാനത്തെ ഇല്ലാതാക്കാൻ നിർമ്മിതബുദ്ധിക്ക് അനായാസം സാധിക്കുമെന്നതാണ് ഏറ്റവും ശക്തമായ വെല്ലുവിളി. തൊഴിൽ അവിടെത്തന്നെ നിൽക്കുകയും തൊഴിലാളി നിർമ്മിതബുദ്ധിയായി മാറുകയും ചെയ്യുന്ന ഈ സവിശേഷ സാഹചര്യത്തെ നേരിടാൻ ഭരണകൂടങ്ങൾക്ക് സാധ്യമല്ലാത്ത അവസ്ഥയും സംജാതമായിട്ടുണ്ട്. 

ദക്ഷിണേഷ്യയുടെ മൊത്തം സാമ്പത്തിക വളർച്ച 2025ലെ 6.6 ശതമാനത്തിൽ നിന്ന് 2026ൽ 5.8 ശതമാനമായി താഴുമെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ഇന്ത്യൻ ഉല്പന്നങ്ങൾക്ക് അമേരിക്ക ഏർപ്പെടുത്തിയ ഉയർന്ന താരിഫ് ഇന്ത്യയിലെ വസ്ത്ര മേഖലയിലും ഭക്ഷ്യോല്പാദന മേഖലയിലും വൻതോതിലുള്ള തൊഴിൽനഷ്ടം ഉണ്ടാക്കുന്നത് സാഹചര്യം കൂടുതൽ വഷളാക്കും. അന്താരാഷ്ട്ര ധനകാര്യസ്ഥാപനങ്ങളിലേക്ക് തിരിച്ചടയ്ക്കേണ്ട തുകയുടെ കാലാവധി കൂടി പരിഗണിച്ചാൽ ഈ രാജ്യങ്ങളിൽ ധനക്കമ്മിയും രൂക്ഷമാകാനാണ് സാധ്യത. അതാത് രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകളുടെ ധനനയം രാജ്യതാല്പര്യങ്ങളെ ബലികഴിക്കുന്നത് കൂടിയാണ്. നിർമ്മിത ബുദ്ധിയെ ആശ്രയിച്ചാണ് നമ്മുടെ കേന്ദ്ര ബാങ്കുകളുടെ പ്രവർത്തനങ്ങൾ. ഇന്ത്യ പോലൊരു രാജ്യത്ത് പട്ടിണി മാറ്റാനുള്ള പ്രവർത്തനങ്ങളിലൊന്നും നിർമ്മിത ബുദ്ധി കാര്യമായി ഉപയോഗിച്ചു കണ്ടിട്ടില്ല. തൊഴിൽ മേഖലയിലെ നിർമ്മിത ബുദ്ധിയുടെ പകരംവയ്ക്കൽ സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന രാഷ്ട്രീയ പ്രശ്നങ്ങൾ എങ്ങനെ ഒരു കൊടുങ്കാറ്റായി മാറുമെന്ന് ഏറ്റവുമൊടുവിൽ നേപ്പാളിൽ നാം കണ്ടു. തൊഴിലില്ലാപ്പടയെന്ന ആറ്റംബോബിന്റെ മുകളിലാണ് ഈ രാജ്യങ്ങളുടെ ഇപ്പോഴത്തെ നില്പ്. പരമ്പരാഗതമായ വിദ്യാഭ്യാസ സമ്പ്രദായങ്ങളെ മുറുകെപ്പിടിച്ച് അഭ്യസ്തവിദ്യരെന്ന് സ്വയം വിളിക്കുന്ന യുവതയുടെ തൊഴിലെന്ന സ്വപ്നത്തിന് വിരാമമായി എന്നതാണ് വാസ്തവം. വിവിധങ്ങളായ മറകൾ തീർത്ത് ഭരണകൂടങ്ങൾ മുന്നോട്ട് പോകുന്നു എന്നേയുള്ളൂ. ഇതൊരു രാഷ്ട്രീയ സമസ്യയാണ്. നിർമ്മിത ബുദ്ധിയുടെ ഉല്പാദനക്ഷമത മനുഷ്യബുദ്ധിയുടേതിനെക്കാൾ വളരെ ഉയരത്തിലാണെന്നാണ് അതിന്റെ ഉപാസകർ പറയുന്നത്. ഇവിടെ ഉയരുന്ന ഏറ്റവും പ്രധാനപ്പെട്ട ചോദ്യം ഇതൊക്കെ ആർക്കു വേണ്ടയെന്നതാണ്. മനുഷ്യാവശ്യത്തിനല്ലെങ്കിൽ ഇതൊക്കെക്കൊണ്ടുള്ള നേട്ടങ്ങൾ സമൂഹത്തിന് ഏതുവിധത്തിൽ ഉപയോഗപ്പെടും? തൊഴിൽരഹിതരായവർ തിങ്ങിപ്പാർക്കുന്ന ഒരു സമൂഹത്തിന്റെ ക്രയവിക്രയ ശേഷി നഷ്ടപ്പെടുമ്പോൾ ഉണ്ടാകുന്ന പ്രതിചലനങ്ങളെ എങ്ങനെ പ്രതിരോധിക്കും? അല്ലെങ്കിൽ അത് പ്രതിരോധിക്കപ്പെടേണ്ടതാണോ? 

ശരാശരി ഒരു മനുഷ്യന് ഒരു ദിവസം ആവശ്യമായ കലോറി ലഭിക്കാൻ ശാസ്ത്രം നിഷ്കർഷിക്കുന്ന ആഹാരം ഉറപ്പിക്കാൻ വേണ്ട സംവിധാനങ്ങൾക്കുമേൽ നിർമ്മിത ബുദ്ധി കരിനിഴൽ വീഴ്ത്തുന്നു എന്നാണ് ലോകബാങ്കിന്റെ റിപ്പോർട്ട് പറയാതെ പറയുന്നത്. ദക്ഷിണേഷ്യൻ രാജ്യങ്ങളിൽ ഒന്നുപോലും ‘വളർന്നുവരുന്ന വിപണിയും വികസ്വര സമ്പദ്‌വ്യവസ്ഥകളും’ എന്ന ഗണത്തിൽ വരുന്നതല്ല. അതിവേഗം പുരോഗമിച്ചുകൊണ്ടിരിക്കുന്ന സാമ്പത്തിക ശക്തികളല്ലെന്ന് സാരം. നമ്മുടെ കേന്ദ്രസർക്കാർ വലിയ അവകാശവാദങ്ങൾ ഉന്നയിക്കുമെങ്കിലും ലഭ്യമാകുന്നതും വിശ്വാസയോഗ്യമായതുമായ ഡാറ്റകൾ വച്ച് പരിശോധിച്ചാൽ ഇന്ത്യൻ അവസ്ഥ പരിതാപകരമാണ്.
നിലവിലെ അവസ്ഥയുടെ സത്യസ്ഥിതി മനസിലാക്കിയുള്ള നയപരിപാടികളിൽ നിന്നും സർക്കാരുകൾ അകന്നു നിൽക്കുന്നത് അങ്ങേയറ്റം അപകടകരമാണ്. ഓരോ തൊഴിൽ മേഖലയിലെയും പ്രശ്നങ്ങളും പരിഹാരമാർഗങ്ങളും വ്യത്യസ്തമാണെന്നിരിക്കെ ഒറ്റക്ലിക്കിലുള്ള ഉത്തരങ്ങൾക്കാണ് നമ്മുടെ ഭരണകർത്താക്കൾ ശ്രമിക്കുന്നത്. ഈ പ്രശ്നങ്ങളിലും പരിഹാരങ്ങളിലും പ്രധാന വില്ലന്മാരായി മതരാഷ്ട്രീയത്തിന്റെ സ്വാധീനവും ഉണ്ട്. താലിബാനിസം, ഹിന്ദുത്വ വാദം, ഇസ്ലാമിക തീവ്രവാദം, ബുദ്ധന്റെ പേരിലുള്ള തീവ്രാശയങ്ങൾ മുതലായവ ദക്ഷിണേഷ്യൻ രാജ്യങ്ങളിലെ ജനതയെ അവർക്കിഷ്ടമില്ലെങ്കിൽ പോലും പിടികൂടിയിട്ടുണ്ട്. നിർമ്മിത ബുദ്ധിയെന്ന മനുഷ്യനിർമ്മിതി ഈ രാജ്യങ്ങളിൽ ഉന്മൂലന രാഷ്ട്രീയത്തിന്റെ നടത്തിപ്പുകാരായും മാറുന്നുണ്ട്. സ്വയം ലക്ഷ്യം കണ്ടുപിടിച്ച്, രാജ്യാതിർത്തികളെപ്പോലും ലംഘിച്ച് കോടാനുകോടി ഡോളറിന്റെ മയക്കുമരുന്നും ആയുധക്കടത്തും നടത്തുന്ന ഭീമൻ ഡ്രോണുകളെ നിയന്ത്രിക്കുന്നത് ഇതേ നിർമ്മിത ബുദ്ധിയാണ്. ഈ രാജ്യങ്ങളിലെ ജോലിയെടുത്ത് ജീവിക്കാൻ കഴിയുന്നവരുടെ എണ്ണം വർഷാവർഷം കൂടി വരുന്നതായാണ് കണക്കുകൾ പറയുന്നത്. 2025നും 2050നും ഇടയിൽ അത് ഇപ്പോഴുള്ളതിന്റെ ഇരട്ടിയാകും. ദക്ഷിണേഷ്യയിൽ മാത്രമല്ല ആഫ്രിക്കൻ രാജ്യങ്ങളിലും, മിഡിൽ ഈസ്റ്റിലും ഇതു തന്നെയായിരിക്കും സ്ഥിതി. അങ്ങനെ വരുമ്പോൾ ജോലി തേടിയുളള പലായനങ്ങൾ സാധ്യമാകാതെ വരും. കേരളം പോലുള്ള സംസ്ഥാനങ്ങളെ നേരിട്ട് ബാധിക്കുന്ന പ്രശ്നമാണിത്. വൈജ്ഞാനിക വിതരണത്തിലൂടെ തൊഴിൽ നേടാമെന്ന ആശയും അവസാനിക്കാൻ പോകുകയാണ്. 16 ദശലക്ഷം തൊഴിലുകളിൽ മനുഷ്യന് ജോലി ചെയ്യാൻ കഴിഞ്ഞാൽ മാത്രമേ ഈ സാഹചര്യത്തെ മറികടക്കാൻ കഴിയൂ. കൂടുതൽക്കൂടുതൽ മേഖലയിൽ നിർമ്മിത ബുദ്ധി ഉപയോഗിക്കുന്നതിന് പകരം അവശ്യമേഖലയിലേക്ക് അതിനെ ചുരുക്കിക്കൊണ്ട് മാത്രമേ ഈ പ്രശ്നത്തിന് താൽക്കാലിക പരിഹാരമെങ്കിലും ഉണ്ടാകൂ എന്നാണ് അമർത്യ സെന്നിനെയും തോമസ് പിക്കറ്റിയെയും പോലുള്ളവർ അഭിപ്രായപ്പെടുന്നത്. സ്ത്രീകൾക്ക് പറ്റിയ തൊഴിലുകൾ കൂടുതലായി സൃഷ്ടിക്കപ്പെടേണ്ടതും അത്യന്താപേക്ഷിതമാണ്.

വികസിത രാജ്യങ്ങളിൽ സ്ത്രീകളുടെ തൊഴിൽ പങ്കാളിത്തം 54% ആണ്. ദക്ഷിണേഷ്യയിൽ ഇത് ഇപ്പോഴും 34% മാത്രമാണ്. ആരോഗ്യമേഖലയിലും മറ്റ് സേവന മേഖലകളിലും സ്ത്രീകൾക്ക് മാത്രം ചെയ്യാൻ കഴിയുന്ന തൊഴിലുകൾ സൃഷ്ടിക്കപ്പെടുകയും സർക്കാരുകൾ അതിന്റെ പരിപാലനം ശ്രദ്ധയോടെ നടത്തുകയും ചെയ്താൽ നിർമ്മിതബുദ്ധിയുടെ കടന്നുകയറ്റത്തെ മനുഷ്യഗണത്തിന്റെ നല്ലതിന് വേണ്ടിയും ഉപയോഗിക്കാൻ കഴിയുമെന്നാണ് ഈ റിപ്പോർട്ട് സൂചിപ്പിക്കുന്നത്. ജെൻ സി സമരങ്ങളുടെ പ്രധാന ഉത്ഭവ കേന്ദ്രങ്ങൾ അന്വേഷിച്ചുപോയാൽ നിർമ്മിത ബുദ്ധി, സമരങ്ങളിൽ പോലും പ്രവർത്തിക്കുന്നതിന്റെ രസതന്ത്രം പിടികിട്ടും. എല്ലാം ലളിതവൽക്കരിച്ചുകൊണ്ട് തലമുറകളിലേക്ക് ചുഴിഞ്ഞിറങ്ങുകയാണ് നിർമ്മിത ബുദ്ധിയുടെ ഒരു രീതി. മനഃശാസ്ത്രപരമായ ഈ സമീപനത്തെ മനസിലാക്കാനും സാധാരണക്കാരന് വിവരിച്ചു കൊടുക്കാനുമുള്ള സംവിധാനങ്ങൾ നമ്മുടെ രാഷ്ട്രീയ — ബൗദ്ധിക — സാംസ്കാരിക മേഖലകളിൽ നിന്നും ഉണ്ടാകേണ്ടതുണ്ട്.

Kerala State - Students Savings Scheme

TOP NEWS

December 21, 2025
December 21, 2025
December 21, 2025
December 20, 2025
December 20, 2025
December 20, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.