
ബ്രിട്ടനെ മറികടന്ന് ലോകത്തെ അഞ്ചാമത്തെ വലിയ സമ്പദ‍്‍വ്യവസ്ഥയായി ഇന്ത്യ മാറിയപ്പോള്‍, ഇതൊരു നാഴികക്കല്ലാണെന്ന് വിശേഷിപ്പിച്ച് ഒരുവിഭാഗം നയരൂപീകരണ വിദഗ്ധര്‍ ആഘോഷിച്ചു. രാജ്യത്തെ സമ്പദ‍്‍വ്യവസ്ഥ 6.6% മുതല്‍ 7% ശതമാനം വരെ വളരുമെന്നാണ് ഔദ്യോഗിക കണക്കുകള്‍ അവകാശപ്പെടുന്നത്. ആഗോളതലത്തില്‍ മൂന്ന് ശതമാനത്തിനടുത്ത് നില്‍ക്കുന്ന മാന്ദ്യം ഇത് മറികടക്കുമെന്നും പറയുന്നു. ഇന്ത്യയുടെ മൊത്തം ആഭ്യന്തര ഉല്പാദനം (ജിഡിപി) കുതിച്ചുയരുമ്പോഴും രൂപ വളരെ ദുര്‍ബലമായ അവസ്ഥയിലാണ്. കഴിഞ്ഞ വര്‍ഷം അവസാനം യുഎസ് ഡോളറിനെതിരെ 90 രൂപ എന്ന നിലയിലേക്ക് കൂപ്പുകുത്തിയിരുന്നു. വളര്‍ന്നുവരുന്ന പ്രധാന വിപണി കറന്‍സികളില്‍ ഏറ്റവും ദീര്‍ഘകാല മൂല്യത്തകര്‍ച്ചയായി ഇത് മാറി. രണ്ട് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് മന്‍മോഹന്‍ സിങ് പ്രധാനമന്ത്രിയായിരുന്നപ്പോള്‍ രൂപയുടെ മൂല്യം 50ന് അടുത്തായിരുന്നു. നിലവിലെ തകര്‍ച്ച സ്ഥിരവും ആവര്‍ത്തിക്കുന്നതും അടുത്തകാലത്തെങ്ങും പരിഹരിക്കാനാകാത്തതുമാണ്. ലോകത്ത് അതിവേഗം വളരുന്ന രാജ്യങ്ങളിലൊന്നാണെന്ന് അവകാശപ്പെടുന്ന ഒരു സമ്പദ‍്‍വ്യവസ്ഥ എങ്ങനെയാണ് അവരുടെ ഏറ്റവും മൂല്യം കുറഞ്ഞ കറന്‍സിയെ നിയന്ത്രിക്കുന്നത്? നയപരമായ ഒരു പരാജയമെന്നല്ല അതിനുത്തരം, മറിച്ച് ആഗോള ധനകാര്യം, വ്യാപാര ആഘാതങ്ങള്‍, മൂലധന പ്രവാഹങ്ങള്‍, അടിസ്ഥാന അസന്തുലിതാവസ്ഥ എന്നിവയെല്ലാം കാരണമാണ്. ഇവയില്‍ പലതും 2023നും 2025നും ഇടയില്‍ ശക്തവുമാണ്.
ഇന്ത്യയുടെ കയറ്റുമതി കണക്കുകൂട്ടലുകള്‍ തെറ്റിച്ചത് ട്രംപിന്റെ അധിക തീരുവയാണ്. അതിവേഗം വളരുന്ന സമ്പദ‍്‍വ്യവസ്ഥകള്‍ മൂലധനം ആകര്‍ഷിക്കുകയും ആത്മവിശ്വാസം ശക്തിപ്പെടുത്തുകയും തങ്ങളുടെ കറന്‍സികളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും എന്നാണ് സാമ്പത്തിക സിദ്ധാന്തം പറയുന്നത്. മൂലധനത്തിന്റെ ഒഴുക്ക്, ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങള്‍, യുഎസ് ഡോളര്‍ മേധാവിത്വം എന്നിവ ആധിപത്യം പുലര്‍ത്തുന്ന ലോകത്ത് ജിഡിപി വളര്‍ച്ചയും വിനിമയ നിരക്കുകളും പ്രായോഗിക തലത്തില്‍ കൂടുതല്‍ അകന്നിരിക്കുന്നു.
2020കളിലെ ഇന്ത്യയുടെ വളര്‍ച്ച യഥാര്‍ത്ഥവും ക്രമരഹിതവുമായിരുന്നു. കോവിഡ് മഹാമാരി അടിസ്ഥാന സൗകര്യ ചെലവ് ത്വരിതഗതിയിലാക്കി. കോര്‍പറേറ്റ് ലാഭം വര്‍ധിച്ചതോടെ ഉപഭോഗം ശക്തമായി. വിദേശ മൂലധനത്തെയും ഇറക്കുമതി ചെയ്യുന്ന അസംസ്കൃത വസ്തുക്കളെയും അമിതമായി ആശ്രയിക്കുന്നത് പരിഹരിക്കാന്‍ ഈ വളര്‍ച്ചയ്ക്കായില്ല. “ജിഡിപി വളര്‍ച്ചയെ കറന്‍സി അടിസ്ഥാനമായി കണക്കാക്കുന്നത് തെറ്റാണെന്ന്” സാമ്പത്തിക വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. കറന്‍സികളെ നയിക്കുന്നത് മുഖ്യധാരാ വളര്‍ച്ചയല്ല, മറിച്ച് അക്കൗണ്ടില്‍ നിലവിലുള്ള തുകകളാണെന്നും (പേയ്മെന്റ് ബാലന്‍സ്) അവര്‍ പറയുന്നു.
രൂപയെ സ്വാധീനിക്കുന്ന ഏറ്റവും ശക്തമായ കേന്ദ്രം യുഎസ് ഡോളറിന്റെ നിരന്തരമായ ശക്തിയാണ്. 2022 മുതല്‍ ഭൗമരാഷ്ട്രീയ അസ്ഥിരത, ഉയര്‍ന്ന യുഎസ് പലിശനിരക്കുകള്‍, യൂറോപ്പിലെയും ചൈനയിലെയും മാന്ദ്യ ഭീതി എന്നിവ കാരണം ആഗോള നിക്ഷേപകര്‍ ഡോളറിലാണ് നിക്ഷേപം നടത്തുന്നത്. ഡോളര്‍ ആസ്തികളിലേക്ക് മൂലധനം ഒഴുകിയെത്തിയപ്പോള്‍, ബ്രസീല്‍ മുതല്‍ ഇന്തോനേഷ്യ വരെയുള്ള രാജ്യങ്ങളിലെ കറന്‍സികള്‍ ദുര്‍ബലമായി. ഇന്ത്യയിലെ സ്ഥിതിയും ഇതില്‍ നിന്ന് വ്യത്യസ്തമായിരുന്നില്ല.
ആഗോളതലത്തില്‍ ഉണ്ടാകുന്ന ഓരോ അപകടസാധ്യതയും ഇന്ത്യന്‍ ഓഹരികളില്‍ നിന്നും ബോണ്ടുകളില്‍ നിന്നുമുള്ള നിക്ഷേപം പുറത്തേക്ക് പോകാന്‍ കാരണമായി. തദ്‌ഫലമായി രൂപയുടെ മൂല്യം വളരെ മോശമായി. 2023നും 2025നും ഇടയില്‍ വിദേശ നിക്ഷേപകര്‍ ആവര്‍ത്തിച്ച് ഇന്ത്യന്‍ വിപണികളില്‍ നിന്ന് പിന്‍വാങ്ങി. രൂപയെ ഡോളറാക്കി മാറ്റി, മൂല്യത്തകര്‍ച്ചയുടെ സമ്മര്‍ദം വര്‍ധിപ്പിച്ചു. ട്രംപ് വീണ്ടും അധികാരത്തിലെത്തിയതോടെ ഇന്ത്യക്കെതിരെ പിഴ അടക്കം 50% താരിഫ് ഏര്‍പ്പെടുത്തിയ ശേഷം രൂപയുടെ ഇടിവ് കുത്തനെ കൂടി.
ഇന്ത്യ റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് ചൂണ്ടിക്കാട്ടിയാണ് ട്രംപ് ഭരണകൂടം തീരുവ ഏര്‍പ്പെടുത്തിയത്. ഇത് ഇന്ത്യയുടെ കയറ്റുമതിയെ, പ്രത്യേകിച്ച് എന്‍ജിനീയറിങ് സാധനങ്ങള്‍, തുണിത്തരങ്ങള്‍, രാസവസ്തുക്കള്‍, വാഹനങ്ങളുടെ ഘടകങ്ങള്‍ എന്നിവയെ ബാധിച്ചു. ഇന്ത്യയുടെ ഏറ്റവും വലിയ കയറ്റുമതി കേന്ദ്രമായ അമേരിക്കന്‍ വിപണിയില്‍ മത്സരക്ഷമത കുറച്ചു. ആഗോള തലത്തില്‍ ആവശ്യകത കുറഞ്ഞതോടെ ദുര്‍ബലമായ രാജ്യത്തെ കയറ്റുമതിക്കാര്‍ക്ക് താരിഫ് വലിയ തിരിച്ചടിയാണ് നല്‍കുന്നത്. കയറ്റുമതി സ്തംഭിച്ചു. വ്യാപാര വരുമാനം കുറഞ്ഞു. കറന്‍സി വിപണികളും ഇത് ശ്രദ്ധിച്ചു.
ഭാവിയില്‍ ലഭിക്കേണ്ട ഡോളര്‍ വരുമാനം അനിശ്ചിതത്വത്തിലാകുമ്പോള്‍ കറന്‍സി ദുര്‍ബലമാകുമെന്ന് ബഹുരാഷ്ട്ര നിര്‍മ്മാതാക്കളുടെ ഉപദേശകനായ യുഎസ് വ്യാപാര വിശകലന വിദഗ്ധന്‍ ചൂണ്ടിക്കാട്ടി. യുഎസ് വിപണിയിലേക്കുള്ള ഇന്ത്യയുടെ പ്രവേശനം നിസാരമായി കാണാനാവില്ലെന്ന് ട്രംപിന്റെ പകരം തീരുവ തെളിയിച്ചു. ആഭ്യന്തര ചെലവുകള്‍ കാരണമാണ് ഇന്ത്യയുടെ ജിഡിപി വളര്‍ന്നത്. അതോടൊപ്പം വിദേശ നിക്ഷേപം വളരെ മോശവുമായി. കയറ്റുമതി അവതാളത്തിലായപ്പോള്‍ ഇറക്കുമതി കുതിച്ചുകയറുകയായിരുന്നു.
രാജ്യത്തെ വളര്‍ച്ചാ മാതൃക ഇപ്പോഴും ഇറക്കുമതിയെ വളരെയധികം ആശ്രയിച്ചിരിക്കുന്നു. അസംസ്കൃത എണ്ണ, വാതകം, ഇലക്ട്രോണിക‍്സ്, അര്‍ധചാലകങ്ങള്‍, യന്ത്രങ്ങള്‍, മൂലധന വസ്തുക്കള്‍ എന്നിവ കൂടുതല്‍ ഇറക്കുമതി ചെയ്യുന്നു. ആഭ്യന്തര ആവശ്യകത വര്‍ധിച്ചതോടെ ഇറക്കുമതി ബില്ലും കുതിച്ചു. ഓരോ ബാരല്‍ എണ്ണയും ഓരോ സ്മാര്‍ട്ട്ഫോണും വ്യവസായിക യന്ത്രങ്ങളും വാങ്ങാന്‍ ഡോളര്‍ ആവശ്യമായി വന്നു. ഉയര്‍ന്ന വളര്‍ച്ചയുടെ സമയത്ത് പോലും സ്ഥിരമായ കറന്റ് അക്കൗണ്ട് കമ്മിയുണ്ടായിരുന്നു. വിദേശനിക്ഷേപം വഴിയോ, കരുതല്‍ ധനം പിന്‍വലിച്ചോ ആ കമ്മി നികത്തേണ്ടതായിരുന്നു.
മൂലധന ഒഴുക്ക് മന്ദഗതിയിലായപ്പോള്‍, രൂപയുടെ മൂല്യത്തില്‍ ഇടിവുണ്ടായി. “സ്വന്തം വളര്‍ച്ചയ്ക്ക് പണം നല്‍കാന്‍ ഇന്ത്യ ഇതുവരെ ശക്തമായൊരു കയറ്റുമതി സംവിധാനം ഉണ്ടാക്കിയെടുത്തിട്ടില്ല” എന്ന് മുതിര്‍ന്ന വ്യാപാര — സാമ്പത്തിക വിദഗ്ധന്‍ പറഞ്ഞു. ആ പോരായ്മ വിനിമയ നിരക്കില്‍ പ്രകടമാണ്. മൂല്യത്തകര്‍ച്ച നേരിടുന്ന കറന്‍സി, കയറ്റുമതിയെ കൂടുതല്‍ ലാഭകരമാക്കണമെന്ന് യാഥാസ്ഥിതിക സാമ്പത്തിക ശാസ്ത്രം നിര്‍ദേശിക്കുന്നുണ്ടെങ്കിലും ഇന്ത്യയുടെ അനുഭവം ആ യുക്തിയുടെ പരിമിതികള്‍ തുറന്നുകാട്ടി.
ആഗോള വിതരണ ശൃംഖലകളില്‍ ഇന്ത്യന്‍ ഉല്പന്നങ്ങള്‍ക്ക് വലിയ വേരോട്ടമുണ്ട്. പല കയറ്റുമതിക്കാരും ഡോളര്‍ നല്‍കിയാണ് സാധനങ്ങള്‍ ഇറക്കുമതി ചെയ്യുന്നത്. രൂപയുടെ മൂല്യം കുറയുമ്പോള്‍ നിക്ഷേപ ചെലവുകള്‍ കൂടുകയും മത്സരപരമായ നേട്ടം ഇല്ലാതാകുകയും ചെയ്യുന്നു. ഇലക്ട്രോണിക‍്സ്, മരുന്നുകള്‍, രാസവസ്തുക്കള്‍ തുടങ്ങിയ മേഖലകളില്‍ രൂപയുടെ മൂല്യത്തകര്‍ച്ച ചെലവ് വര്‍ധിപ്പിക്കുന്നു. രൂപയെ ശക്തമായി പ്രതിരോധിക്കുന്നതിന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യക്ക് (ആര്‍ബിഐ) ഉയര്‍ന്ന പലിശനിരക്കുകള്‍, കര്‍ശനമായ പണലഭ്യത, മന്ദഗതിയിലുള്ള വളര്‍ച്ച എന്നീ സൂക്ഷ്മമായ ഇടപെടലുകളാണ് വേണ്ടിയിരുന്നത്. പകരം ക്രമരഹിതമായ ചാഞ്ചാട്ടങ്ങള്‍ തടയാന്‍ ഇടപെടുകയും രൂപയുടെ മൂല്യം സ്ഥിരമായി കുറഞ്ഞു നില്‍ക്കാന്‍ അനുവദിക്കുന്ന നിയന്ത്രിത നിലപാട് സ്വീകരിക്കുകയുമായിരുന്നു ആര്‍ബിഐ.
ആഗോള തലത്തില്‍ ഡോളര്‍ കരുത്താര്‍ജിച്ച പശ്ചാത്തലത്തില്‍ ഒരു പ്രത്യേക നില സംരക്ഷിക്കാന്‍ കരുതല്‍ ശേഖരം ചെലവിടുന്നത് വ്യര്‍ത്ഥമാകുമെന്ന് ഉദ്യോഗസ്ഥര്‍ വാദിച്ചു. എന്നാല്‍ ആര്‍ബിഐയുടെ സന്ദേശം വ്യക്തമായിരുന്നെന്ന് ഒരു മുന്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞു. വിപണികളെ ചെറുക്കുന്നതിന് പകരം അസ്ഥിരത ലഘൂകരിക്കുകയാണ് ചെയ്തത്. ആ നയം പ്രതിസന്ധി ഒഴിവാക്കി. എന്നാല്‍ മൂല്യത്തകര്‍ച്ചയെ സ്ഥാപനവല്‍ക്കരിക്കുകയാണ് ചെയ്തത്.
മന്‍മോഹന്‍ സിങ് പ്രധാനമന്ത്രിയായിരുന്ന കാലവുമായി താരതമ്യം ചെയ്യുന്നത് രാഷ്ട്രീയ പ്രാധാന്യമുള്ളതാണ്. 2000 തുടക്കത്തില്‍ ഇന്ത്യയുടെ വ്യാപാരക്കമ്മി കുറവായിരുന്നു. മൂലധന ഒഴുക്കിന് കൂടുതല്‍ സ്ഥിരതയുണ്ടായിരുന്നു. അന്ന് ആഗോളവല്‍ക്കരണം വിഘടിക്കുന്നതിന് പകരം വികസിച്ചുകൊണ്ടിരുന്നു. എന്നാല്‍ ഇന്നത്തെ ലോകം സംരക്ഷണവാദം, സാമ്പത്തിക അസ്ഥിരത, ഭൗമരാഷ്ട്രീയ പ്രശ്നങ്ങള്‍ എന്നിവയെ ചുറ്റിപ്പറ്റിയാണ് കറങ്ങുന്നത്. ഇന്ത്യന്‍ സമ്പദ‍്‍വ്യവസ്ഥ വളരെ വലുതാണെങ്കിലും അത്രയേറെ അരക്ഷിതവുമാണ്. മന്‍മോഹന്‍ കാലത്ത് രൂപയുടെ മൂല്യം 50 ആയിരുന്നത് ഇന്ന് 90ലേക്ക് എത്തിയത് ഭരണത്തെക്കുറിച്ചുള്ള വിധി മാത്രമല്ല, ഡോളര്‍ ആധിപത്യമുള്ള ഒരു വ്യവസ്ഥയില്‍ വളര്‍ന്നുവരുന്ന സമ്പദ്‍വ്യവസ്ഥകള്‍ എങ്ങനെ മൂല്യം കുറഞ്ഞതാകുന്നു എന്നതുകൂടി പ്രതിഫലിപ്പിക്കുന്നു. അവിടെ സമ്പദ്‍വ്യവസ്ഥ വളര്‍ന്നാലും കറന്‍സിയുടെ മൂല്യം ഉറപ്പാകുന്നില്ല.
രൂപയുടെ മൂല്യം ഇടിയുന്നത് ഒരു തകര്‍ച്ചയല്ല, പക്ഷെ അതൊരു മുന്നറിയിപ്പാണ്. അസ്ഥിരമായ മൂലധനത്തെ ആശ്രയിക്കുക, പരിഹരിക്കപ്പെടാത്ത വ്യാപാര അസന്തുലിതാവസ്ഥ, ഭൗമരാഷ്ട്രീയ ആഘാത സാധ്യത എന്നിവയെ ഇത് സൂചിപ്പിക്കുന്നു. നമ്മുടെ സമ്പദ‍്‍വ്യവസ്ഥ വളര്‍ന്നുകൊണ്ടിരിക്കും, പക്ഷെ അത് മറ്റെവിടെയെങ്കിലും തീരുമാനിക്കപ്പെടുന്ന ബാഹ്യവ്യവസ്ഥകളെ അടിസ്ഥാനമാക്കിയാകാം. യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക് ഉപദേഷ്ടാവ് പറഞ്ഞതു പോലെ “ഇന്ത്യക്ക് അധികാരശ്രേണി, കഴിവുകള്‍, വളര്‍ച്ച എന്നിവയുണ്ട്, ഡോളര്‍ പിന്തുടര്‍ച്ച കാരണമുള്ള ഒറ്റപ്പെടലാണ് പോരായ്മ. അത് മാറുന്നതുവരെ ജിഡിപി കണക്കുകള്‍ എത്ര മികച്ചതായി തോന്നിയാലും രൂപ സമ്മര്‍ദത്തിലായിരിക്കും.”
(ഐപിഎ)
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.