
ബാങ്കിലെ ധനം ബാങ്ക് അധികൃതരുടെ ഒത്താശയോടെ ലോൺ എന്ന വഴിയെ കൊള്ളയടിച്ചു സ്വന്തമാക്കി ആ പണത്തിലൊരു പങ്കുകൊണ്ട് ശബരിമല അയ്യപ്പ സന്നിധിയെ സ്വർണമയമായ രാവണലങ്ക പോലെയാക്കിയ ഒരു വ്യവസായ ക്രിമിനലാണ് വിജയ് മല്ല്യ. ഇയാളെ കുമ്മനം രാജശേഖരന്മാർ അക്കാലത്ത് വിളിച്ചിരുന്നത് പരമഭക്തൻ എന്നാണ്. വിജയ് മല്ല്യയുടെ അധർമ്മധനം കൊണ്ട് സ്വർണമയമായി തീർന്ന ശബരിമല അയ്യപ്പ കോവിലിൽ പോറ്റിമാർ ആകൃഷ്ടരായത് അയ്യപ്പഭക്തികൊണ്ടല്ല; സ്വർണാർത്തി കൊണ്ടാണ്. ഇത്തരം സ്വർണാര്‍ത്തരെ ശരണാർത്തർ എന്ന വേഷം കെട്ടി സന്നിധാനത്തിൽ വിഹരിക്കാൻ വഴിവിട്ട് ഒത്താശ ചെയ്തു എന്നതിനാണ് ദൈവതുല്യനായ തന്ത്രിയും ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് ഉൾപ്പെടെയുള്ളവരും അറസ്റ്റിൽ ആയിരിക്കുന്നത്. പുറമേക്ക് ‘സ്വാമിയേ ശരണമയ്യപ്പ’ എന്നു വിളിച്ചുകൊണ്ടും അകമേ ‘സ്വാമിയേ സ്വർണം അയ്യപ്പാ’ എന്ന് വിചാരിച്ചുകൊണ്ടും പൊന്നു കക്കാനും അതിന് ഒത്താശ ചെയ്യാനും തുനിഞ്ഞവർ ഏതു മന്ത്രിയും തന്ത്രിയുമാണെങ്കിലും നിയമാനുസൃതം വിചാരണ ചെയ്യപ്പെടുകയും തുറുങ്കിലടയ്ക്കപ്പെടുകയും വേണം. ഇതാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരിന്റെ നിലപാടും നടപടികളും എന്നു തെളിഞ്ഞുവരുന്ന കാലത്തിലാണ് ഈ ശബരിമല വിചാരങ്ങൾ എഴുതുന്നത്. നേരത്തെ സൂചിപ്പിച്ചപോലെ, ശബരിമല അയ്യപ്പ സന്നിധാനത്തിലെ സ്വർണക്കൊള്ള കേസ് മന്ത്രിയെയോ തന്ത്രിയെയോ ചോദ്യം ചെയ്യേണ്ടിവന്നാൽ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു തന്നെ മുന്നോട്ടു പോകട്ടെ. പക്ഷേ കേരളീയ പൊതുസമൂഹത്തിന് ശബരിമലയെ സംബന്ധിച്ച് ചിന്തിക്കാനും പറയാനുമുള്ളത് വേറെ ചില കാര്യങ്ങളാണ്. ആ കാര്യങ്ങളെ നമ്മൾക്ക് ആധ്യാത്മികം, ആചാരപരം, സാംസ്കാരികം, സാമൂഹികം, സാമ്പത്തികം എന്നിങ്ങനെ വേർതിരിച്ചുതന്നെ പരിശോധിക്കേണ്ടതുണ്ട്. ഇതിൽ ആധ്യാത്മികമായ ദൃഷ്ടിയിൽ ‘തൂണിലും തുരുമ്പിലും നാരായണനെ കാണുക’ എന്ന ശൈലിയിൽ കല്ലിലും മുള്ളിലും പൂവിലും പുഴുവിലും പുഴയിലും കഴുതയിലും ആണിലും പെണ്ണിലും എന്നുവേണ്ട സർവത്തിലും അയ്യപ്പ സ്വാമിയെ കാണലാണ് പൂർണഭക്തി. അത്തരം പൂർണഭക്തിയിൽ എത്തിയോർക്ക് ശബരിമലയിൽ പോകേണ്ട കാര്യം പോലും ഇല്ല; പോകരുതെന്ന നിർബന്ധവും ഉണ്ടാവില്ല, എന്തെന്നാൽ അവരുടെ മനസു തന്നെയാകും ശബരിഗിരി നാഥന്റെ പൊന്നമ്പലം. പ്രതിവർഷം ശബരിമലയിൽ വന്നുചേരുന്ന ലക്ഷക്കണക്കിനു അയ്യപ്പഭക്തരിൽ പൂർണഭക്തർ ആയിരം പേരെങ്കിലും ഉണ്ടാവുമെന്നു പറയാവതല്ല. അപ്പോൾ ശബരിമലയിൽ വരുന്നതിൽ കൂടുതലും ആചാര ഭക്തരാണ്.
ആചാരഭക്തർ എക്കാലത്തും ചിട്ടയിലും ചട്ടത്തിലും ആയിരിക്കും ഊന്നൽ നൽകുക. കിണ്ടിയുടെ വാൽ വടക്കോട്ടായാൽ കോട്ടമുണ്ടോ, ഇടത്തോട്ടായാൽ ദോഷമുണ്ടോ, ഒറ്റത്തിരിയിട്ട വിളക്കാണോ അഞ്ചു തിരിയിട്ട വിളക്കാണോ ഉത്തമം, എത്ര കർപ്പൂര കട്ട കത്തിച്ച് വേണം ആരതി ഉഴിയാൻ, കുളിക്കുമ്പോൾ ഒരു മുങ്ങുമുങ്ങണോ മൂന്നു മുങ്ങൽ വേണമോ, എന്നൊക്കെ ഇക്കൂട്ടർ മണിക്കൂറുകൾ കലപില ശബ്ദത്തിൽ സംസാരിച്ചുകൊണ്ടിരിക്കും. ഇത്തരക്കാരിൽ ഒരു കൂട്ടരാണ് ക്ഷേത്രോപജീവികളായ വർഗീയവാദികളുടെ രാഷ്ട്രീയ താല്പര്യങ്ങൾക്ക് മുമ്പിൽ സാഷ്ടാംഗം പ്രണമിച്ച് ശരണം വിളിച്ചു, രക്തം ചൊരിഞ്ഞും ശബരിമല യുവതീ പ്രവേശനം തടയാനുള്ള ആചാര സംരക്ഷണ മുറവിളികൾ നടത്തിയത്. ഇക്കൂട്ടരോട് ഒരു ചോദ്യമേ ചോദിക്കാനുള്ളൂ; ക്ഷേത്ര സംബന്ധിയും നാട്ടു സംബന്ധിയും വീട്ടു സംബന്ധിയുമായ ആചാരങ്ങളിൽ നൂറു വർഷമായി കടുകിട മാറ്റമില്ലാതെ നിങ്ങൾ നിലനിർത്തിപ്പോരുന്ന ഒരു ആചാരം കാണിച്ചു തരിക…? ശബരിമലയുടെ നാല്പത്തൊന്നു ദിവസത്തെ മണ്ഡല വ്രതം മൂന്നുനേരം കുളിച്ചും, ചെരിപ്പിടാതെയും പുകവലിയും മദ്യപാനവും തീർത്തും വെടിഞ്ഞും കൃത്യമായി ആചരിച്ച് മല ചവിട്ടുന്നവർ നിങ്ങളിൽ എത്ര പേരുണ്ട്…? അതിനാൽ ആചാരം മാറ്റിയാൽ ആത്മാഹൂതി എന്നതു ശീലമാക്കിയാൽ, ആചാര സംരക്ഷണത്തിനിറങ്ങിയവരിൽ നൂറിൽ തൊണ്ണൂറ്റഞ്ചാളുകളും ആത്മാഹൂതി ചെയ്യേണ്ടിവരും. കാലോചിതമായ മാറ്റങ്ങൾ എല്ലാ ആചാരത്തിലും ഉണ്ടായിട്ടുണ്ട്, ഉണ്ടാവണം എന്നതാണ് അഭികാമ്യം. ഇക്കാര്യം നാരായണഗുരുവിന്റെ ശിവഗിരിമഠത്തിനും ബോധ്യമായി കാണുന്നതിൽ സന്തോഷം.
പൂർണഭക്തരോ ആചാരഭക്തരോ അല്ലാത്ത പൊതുജനങ്ങൾക്കും ശബരിമല വിഷയത്തിൽ ചില അനിഷേധ്യമായ പങ്കാളിത്തവും താല്പര്യവും ഉണ്ട്. ആ പങ്കാളിത്തവും താല്പര്യവും നികുതി അടയ്ക്കുന്ന പൗരൻ എന്ന നിലയിലുള്ള പങ്കാളിത്തവും താല്പര്യവുമാണ്. ശബരിമലയിലേക്ക് ഭക്തജനങ്ങൾ സഞ്ചരിക്കാൻ ഉപയോഗിക്കുന്ന റോഡുകൾ സ്വാമിയേ ശരണം അയ്യപ്പാ എന്നു വിളിക്കുന്നവർ മാത്രം നികുതിയടച്ച പണംകൊണ്ട് സർക്കാർ നിർമ്മിച്ചവയല്ല; വിശ്വാസികളും അവിശ്വാസികളും ഹിന്ദുക്കളും ക്രൈസ്തവരും മുസ്ലീങ്ങളും യുവാക്കളും വൃദ്ധരും യുവതികളും ഒക്കെ നികുതിയടച്ചു പൊതുഖജനാവിൽ എത്തിക്കുന്ന പണംകൊണ്ട് പണിതീർത്ത പൊതുനിരത്തിലൂടെ സഞ്ചരിച്ചാണ് ഏതു ആചാരഭക്തരായ ശബരിമല തീർത്ഥാടകരും സന്നിധാനത്തിൽ എത്തുന്നത്. അതിനാൽ നികുതി അടയ്ക്കുന്ന ഏതൊരു പൗരനും ശബരിമലയെ കുറിച്ച് അഭിപ്രായം പറയാം- ഭക്തജനങ്ങൾക്ക് മാത്രം അഭിപ്രായം പറയാവുന്ന അമ്പലങ്ങൾ ഭക്തജനങ്ങളുടെ മാത്രം പണംകൊണ്ടു നടന്നു പോകുന്നവയാകണം. ശബരിമല, ഭക്തജനങ്ങളുടെ പണംകൊണ്ടു മാത്രം നിലനിന്നുപോകുന്ന തീർത്ഥാടന സങ്കേതമോ സംവിധാനമോ അല്ല. അതിനാൽ നികുതിദായകരായ സകല പൗരർക്കും ശബരിമലയെ സംബന്ധിച്ച് അഭിപ്രായം പറയാം.
നികുതിദായകരായ പൊതുജനങ്ങൾ പൊതുവെ ശബരിമലയെ നോക്കി കാണുന്നത് നാരായണഗുരുവിന്റെ ശിവഗിരി മഠം പോലെ ഒരു മതസൗഹാർദ കേന്ദ്രവും അതുവഴി ഒരു മാനവ സൗഹൃദ സങ്കേതവും കൂടിയാണ് എന്ന നിലയിലാണ്. സൗഹൃദം ഉള്ളിടത്തേ ആത്മീയ ചൈതന്യം വിളങ്ങൂ; സ്വർണമുള്ളിടത്ത് വിളങ്ങണമെന്നില്ല. അതുകൊണ്ടാണ് ഉപനിഷത്തിലെ ശാന്തിമന്ത്രം ‑മാ വിദ്വിഷാവഹൈ=വിദ്വേഷം അരുത് എന്നു ആഹ്വാനം ചെയ്യുന്നത്. ശിവഗിരി മഠത്തിൽ അഹിന്ദുക്കൾ പ്രവേശിക്കരുത് എന്ന ഒരു പലക നാട്ടപ്പെട്ടു കണ്ടാൽ തോന്നുന്ന അശ്ലീലവും പ്രതിഷേധവും തന്നെ സാധാരണ മലയാളിക്ക് വാവരെന്ന മുസ്ലീമും വെളുത്തയെന്ന ക്രിസ്ത്യാനിയും തമ്മിൽ യാതൊരു സൗഹൃദവും ഇല്ലാത്ത അവതാര വ്യക്തിത്വവും സൈനികനായ യോഗിവര്യനുമായിരുന്നു അയ്യപ്പൻ എന്ന പ്രചാരണം കേൾക്കുമ്പോൾ ഉണ്ടാവും. ശ്രീ അയ്യപ്പന്റെ ജനനവും ജീവിതവും സമാധിയും ഒക്കെ ചരിത്രപരമായി തീർത്തും തെളിയിക്കുക എന്നത്, ചെറുശേരിയുടേയോ എഴുത്തച്ഛന്റെയോ കുഞ്ചൻ നമ്പ്യാരുടെയോ ജനനവും ജീവിതവും മരണവും ഒക്കെ ചരിത്രപരമായ കിറുകൃത്യതയോടെ തെളിയിക്കുക എന്നതിനോളം പോലും അസാധ്യമാണ്. അതിനാൽ ഐതിഹ്യത്തെ പ്രമാണമാക്കുകയേ നിവൃത്തിയുള്ളൂ. ഐതിഹ്യത്തിലും ബഹുജന മനസിലും വാവരില്ലാത്ത അയ്യപ്പൻ ഇല്ല. ഈ വിശ്വാസത്തെ തകർക്കാൻ ശ്രമിക്കുന്നവരുടെ ഉള്ളിലിരിപ്പ് അയ്യപ്പഭക്തിയാൽ പ്രകാശിതം എന്നതിനേക്കാൾ വർഗീയ വിദ്വേഷ ബാധയാൽ പ്രക്ഷുബ്ധമാണെന്നേ പറഞ്ഞുകൂടൂ.
അതിനാൽ ശബരിമലയെ വർഗീയമുക്തമാക്കാനുള്ള ഇടപെടൽ പൊതുജന സമക്ഷത്ത് നിന്നും ഭക്തജനങ്ങളെയും ചേർത്തു നിർത്തി ഉണ്ടാവേണ്ടതുണ്ട്. കേളപ്പജിയും എകെജിയും പി കൃഷ്ണപിള്ളയും അന്‍കാളിയും സഹോദരൻ അയ്യപ്പനും സ്വാമി ആനന്ദതീർത്ഥരും ഒക്കെ ക്ഷേത്രാചാരങ്ങളിൽ സമരാത്മകമായ ഇടപെടൽ നടത്തിയത് ക്ഷേത്ര സങ്കേതത്തെ അയിത്താചരണത്തിൽ നിന്ന് വിമോചിപ്പിക്കാനായിരുന്നു. ഇതുപോലൊരു ഇടപെടൽ ശബരിമലയെയും അയ്യപ്പസ്വാമിയെയും വർഗീയവാദികളിൽ നിന്ന് വിമോചിപ്പിക്കാനും നടത്തേണ്ടതുണ്ട്. ഈ വഴിയിൽ ശ്രദ്ധേയം എന്ന് വിശേഷിപ്പിക്കേണ്ട ഒരു നീണ്ടകഥയാണ് ‘പടച്ചവൻ ശബരിമലയിൽ’ എന്ന ആത്മകഥാസ്പർശമുള്ള സാഹിത്യ സൃഷ്ടി. ഡോ. ജവഹർലാൽ പി എം ആണ് ‘പടച്ചവൻ ശബരിമലയിൽ’ എന്ന നീണ്ടകഥയുടെ കർത്താവ്. ഡോ. വത്സലൻ വാതുശേരിയുടെ അവതാരികയോടെ പുറത്തിറങ്ങിയ ‘ഹല്ല യഹുല്ലു’ എന്ന കഥാ സമാഹാരത്തിലാണ് കഥ ഉൾപ്പെടുത്തിയിട്ടുള്ളത്. കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയുടെ നേതൃനിര പ്രവർത്തകനായ അഹമ്മദിന് പരമ്പരാഗത മുസ്ലീം കുടുംബാംഗമായ ഐഷയിൽ യേശുക്രിസ്തു ജനിച്ച നാളിൽ പിറന്ന പുത്രനാണ് ലെനിൻ. ഇയാളാണ് കഥാ നായകൻ. ലെനിൻ ശബരിമല യാത്ര വിധിയാം വണ്ണം ചെയ്യുന്നതും അപ്പോൾ അയാളിലുണ്ടാവുന്ന വൈകാരികവും വൈചാരികവുമായ അനുഭവങ്ങളുടെ ഇതൾ വിടരലുകളും അവതരിപ്പിക്കുന്ന കഥയാണ് പടച്ചവൻ ശബരിമലയിൽ എന്നത്. ഒരു മതേതര മലയാളിയുടെ മനസ് മതവും രാഷ്ട്രീയവും ഏതായാലും അയ്യപ്പന്റെ ശബരിമലയെ അനുഭവിക്കുന്നത് മാനവ സൗഹൃദ സന്നിധാനം ആയാണെന്നു അനുഭവപ്പെടുത്താനും അയ്യപ്പ സന്നിധിയെ മതാചാര മാത്ര സന്നിധിയാക്കാൻ ശ്രമിക്കുന്ന വർഗീയ ബുദ്ധികളെ കുറിച്ചുള്ള ആശങ്കകൾ നീറ്റുനോവായി പകർന്നുതരാനും ഉതകുന്ന ഈ കഥ മലയാളിയുടെ മനഃസാക്ഷിയുടെ ഭാഷയിൽ എഴുതപ്പെട്ട കഥയാണ്. ഈ കഥയ്ക്ക് സമകാലിക പ്രസക്തി ഏറെയുണ്ടുതാനും. കഥ വായിച്ചു നിർത്തുമ്പോൾ തോന്നിയത് കഥയുടെ പേര് ‘അല്ലാഹു ശബരിമലയിൽ’ എന്നു വേണമായിരുന്നു എന്നാണ്.
ഒരൊറ്റ മുസ്ലിങ്ങൾ പോലും ഇല്ലാത്ത തൃശൂരിലെ ഒരു ഗ്രാമ പള്ളിക്കൂടത്തിൽ പഠിക്കാനെത്തുന്ന ലെനിൻ എന്ന് പേരുള്ള മുസ്ലീം കുട്ടിയുടെ ദൈവം അല്ലാഹുവാണെന്നറിഞ്ഞപ്പോൾ നിഷ്കളങ്കരായ സഹപാഠികൾ അവനെ ‘അല്ലാഹു’ എന്നു വിളിക്കാൻ തുടങ്ങി. അങ്ങിനെ അല്ലാഹു എന്ന വിളിപ്പേരുകിട്ടിയ കുട്ടി വളർന്ന് ഉദ്യോഗസ്ഥനായി ശബരിമലയിലേക്ക് മാലയിട്ടു ഇരുമുടിയേന്തി ചെന്നപ്പോൾ പഴയ സഹപാഠികൾ അവനെ കണ്ട് ആർത്തുവിളിച്ചു പറഞ്ഞുപോയി ‘ദേ അല്ലാഹു ശബരിമലയിൽ’. ശബരിമലയിൽ അല്ലാഹു എത്തിയാൽ അയ്യപ്പനോ അല്ലാഹുവിനോ ഒരു കുഴപ്പവും ഉണ്ടാവില്ല. പക്ഷേ ആര്‍എസ്എസിനും ജമാഅത്തെ ഇസ്ലാമിക്കും കുഴപ്പങ്ങൾ തോന്നുകയും ചെയ്യും. മൗദൂദിയിൽ നിന്നും ഗോൾവല്‍ക്കറിൽ നിന്നും ഒക്കെ, ഒരേ സൂര്യന്റെ ചൂടും പ്രകാശവും ജാതിമത ലിംഗ ദേശ ഭാഷാ പ്രായ ഭേദമില്ലാതെ ഏവർക്കും പ്രദാനം ചെയ്യുന്ന ജീവരക്ഷക ശക്തിയായ ദൈവത്തെ, പേരേതും ചേരുന്ന പേരേറെയുള്ള ദൈവത്തെ, മതമേതായാലും എല്ലാ വിശ്വാസികളും ചേർന്ന് വിമോചിപ്പിക്കേണ്ടിയിരിക്കുന്നു. ഇതാണ് മലയാളി ആഗ്രഹിക്കുന്ന മനസിലെ മകരവിളക്ക്. ഈ മകരവിളക്ക് തെളിയിക്കാനുള്ള ഒരു തുടം എണ്ണയാകാൻ ‘പടച്ചവൻ ശബരിമലയിൽ’ എന്ന കഥയ്ക്കാവുന്നുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.