
കഴിഞ്ഞ കുറെ നാളുകളായി ഇന്ത്യയിലെ തൊഴിലാളിവർഗ പ്രസ്ഥാനം ദേശീയ പണിമുടക്കിന്റെ ഒരുക്കത്തിലാണ്. വീണ്ടും സമരഭൂമിയിൽ അണിനിരക്കാനുള്ള അണിയറ പ്രവർത്തനങ്ങൾ രാജ്യവ്യാപകമായി നടക്കുന്നു. കൊടികളുടെ നിറം നോക്കാതെ സങ്കുചിത താല്പര്യങ്ങളെല്ലാം മാറ്റിവച്ച് തൊഴിലാളി വർഗം ചരിത്രത്തിലെ നിർണായക പണിമുടക്കിനൊരുങ്ങുകയാണ്. തൊഴിലാളിവർഗം ഇന്നനുഭവിക്കുന്ന അവകാശങ്ങളെല്ലാം ചോരപുരണ്ട ഒട്ടനവധി സമരങ്ങളുടെയും ജീവൻ ബലിയർപ്പിച്ച എണ്ണമറ്റ രക്തസാക്ഷികളുടെ ജീവത്യാഗത്തിന്റെയും ഫലമാണ്. രാജ്യത്തിനും, ജനാധിപത്യ അവകാശങ്ങൾക്കും വേണ്ടി പടപൊരുതിയ ചരിത്രമാണ് തൊഴിലാളിവർഗത്തിന്റേത്. സ്വാതന്ത്യ്രസമരം കൊടുമ്പിരിക്കൊള്ളുന്ന കാലഘട്ടത്തിലാണ് 1920ൽ ഇന്ത്യൻ തൊഴിലാളിവർഗം സടകുടഞ്ഞെണീറ്റത്. “ബ്രിട്ടീഷ് രാജ് തുലയട്ടെ, പൂർണ സ്വരാജ് സിന്ദാബാദ്’ എന്ന മുദ്രാവാക്യം മുഴക്കി ബോംബെ നഗരത്തെ ഞെട്ടിച്ചുകൊണ്ട് തൊഴിലാളികൾ മാർച്ചുനടത്തി. സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് ഭരണാധികാരികളുടെ പട്ടാളം പ്രകടനത്തിന്റെ മുന്നിൽ അമ്പരന്നുനിന്നു. പല ഭാഗങ്ങളിൽ നിന്ന് ജാഥകളായി എത്തിയ തൊഴിലാളികൾ ബോംബെ നഗരത്തിലെ ‘എംപയർ’ തിയേറ്ററിൽ യോഗം ചേർന്നു. യോഗം അഖിലേന്ത്യാ ട്രേഡ് യൂണിയൻ കോൺഗ്രസ് (എഐടിയുസി) എന്ന സംഘടന രൂപീകരിച്ചു. തുടർന്നുള്ള ഇന്ത്യൻ തൊഴിലാളിവർഗത്തിന്റെ ചരിത്രം സമരങ്ങളുടെ ചരിത്രമാണ്.
സ്വാതന്ത്യ്രത്തിന്റെ 75-ാം വാർഷികാഘോഷങ്ങളുടെ ആരവങ്ങളുമായി നരേന്ദ്രമോഡി ഭരണം നടത്തുമ്പോൾ ഇന്ത്യയിൽ ബ്രിട്ടീഷുകാർ തൊഴിലാളികൾക്ക് നൽകിയ പരിമിത ജനാധിപത്യ അവകാശങ്ങൾ ഒന്നൊന്നായി കശാപ്പുചെയ്യാനുള്ള നിയമനിർമ്മാണം നടത്താൻ നിർലജ്ജം മുന്നോട്ടുവരുന്ന കാഴ്ച നിർഭാഗ്യകരമാണ്. ഇന്ത്യയുടെ ദേശീയസ്വാതന്ത്യ്ര സമരപരമ്പരകളിൽ നൂറുകണക്കിന് ദേശാഭിമാനികൾ ജീവത്യാഗം ചെയ്തപ്പോൾ ‘ഹിന്ദു മഹാസഭ’ രൂപീകരിച്ച് ഇന്ത്യയിൽ യുവജനങ്ങളെ ബ്രിട്ടീഷുകാരുടെ ചോറ്റുപട്ടാളത്തിലേക്ക് റിക്രൂട്ട് ചെയ്ത അപമാനകരമായ ദൗത്യം നിർവഹിച്ചവരുടെ പുതിയ സംഘടനയാണ് ‘സംഘ്പരിവാർ’. അവർ നയിക്കുന്ന നിലവിലുള്ള ഭരണകൂടത്തിൽ നിന്ന് ഇന്ത്യൻ തൊഴിലാളിവർഗം ഒരിക്കലും നീതി പ്രതീക്ഷിക്കേണ്ടതില്ല. കേന്ദ്ര സർക്കാരിന്റെ പുതിയ നീക്കത്തിന്റെ പിന്നിലുള്ള ആപൽക്കരമായ ലക്ഷ്യത്തെ ട്രേഡ് യൂണിയനുകൾ തിരിച്ചറിയുകയും, പ്രത്യയശാസ്ത്രതർക്കങ്ങളും, കൊടിയുടെ നിറവും മറ്റു സങ്കുചിതചിന്തകളെല്ലാം മാറ്റിവച്ചുകൊണ്ട്, ഈ സർക്കാർ നടത്തുന്ന തൊഴിലാളിവർഗത്തെ തളയ്ക്കാനുള്ള യുദ്ധത്തെ ചെറുത്തുതോല്പിക്കാനുള്ള സമരഭൂമിയിൽ അണിചേരാൻ തീരുമാനിച്ച് മുന്നോട്ടുനീങ്ങുകയാണ്. ഫാസിസത്തിന്റെ ആജന്മ ശത്രുക്കളായ തൊഴിലാളിവർഗം ഇന്ത്യൻ ഭരണകൂടത്തിന്റെ ഫാസിസ്റ്റ് നടപടികളെ ചെറുത്തുതോല്പിക്കാന്‍ നടത്തുന്ന ധീരമായ നീക്കങ്ങൾക്ക് തീർച്ചയായും വൻജനപിന്തുണ ലഭിക്കുമെന്നതിൽ തർക്കമില്ല.
യഥാർത്ഥത്തിൽ എന്താണ് ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്ന ദേശീയ പൊതുപണിമുടക്കിന്റെ കാരണം?
‘കോവിഡ് മഹാമാരി‘യുടെ പേരിൽ ചോദ്യോത്തരങ്ങളില്ലാതെ, ആവശ്യമായ ചർച്ചകളില്ലാതെ ഭൂരിപക്ഷത്തിന്റെ ബലംപ്രയോഗിച്ച് ലോക്‌സഭ പാസാക്കിയ നിരവധി കരിനിയമങ്ങളിലൊന്നാണ് ‘29′ തൊഴിൽ നിയമങ്ങളെ അംഗഭംഗം വരുത്തി ‘4’ ലേബർ കോഡുകളിലാക്കിയത്. പ്രസ്തുത നിയമം പാസാക്കുന്നതിന് മുമ്പുതന്നെ ചില കുത്തകകമ്പനികളിൽ മാനേജ്മെന്റ് നിർദേശിക്കുന്ന രീതിയിൽ തൊഴിലാളികൾ ഹാജർബുക്കിൽ ഒപ്പിട്ടില്ലെങ്കിൽ ജോലി നിഷേധിക്കുകയും വേതനം റദ്ദാക്കുകയും ചെയ്ത സംഭവങ്ങൾ റിപ്പോർട്ടുചെയ്യപ്പെട്ടിരുന്നു.2019–20ൽ നിയമം പാസായെങ്കിലും അനുബന്ധ നടപടികൾ പല സംസ്ഥാനങ്ങളും കൈക്കൊള്ളാൻ സന്നദ്ധമായില്ല. ബിജെപിയുടെ ട്രേഡ് യൂണിയൻ സംഘടനയായ ബിഎംഎസ് ശക്തമായ വിയോജിപ്പ് പ്രകടിപ്പിക്കുകയും ചെയ്തു. ഈ പശ്ചാത്തലത്തിലാണ് ഇന്ത്യയിലെ 10 കേന്ദ്ര ടിയു സംഘടനകൾ 2025 ജൂലൈ ഒമ്പതിന് ലേബര്‍ കോഡിനെതിരെ ദേശീയ പണിമുടക്കം പ്രഖ്യാപിച്ചത്. പ്രസ്തുത പണിമുടക്കവുമായി സഹകരിക്കാൻ അസംഘടിതമേഖലകളിലെ തൊഴിലാളി സംഘടനകളും കൂടാതെ വിവിധ സർവീസ് സംഘടനകളുടെ ഫെഡറേഷനുകളും മുന്നോട്ടുവന്നു. ട്രേഡ് യൂണിയൻ ആക്ട്, വ്യവസായ തൊഴിൽ തർക്ക നിയമം, ഇൻഡസ്ട്രിയൽ എംപ്ലോയ്മെന്റ് ആക്ട് ഇവയെല്ലാം ചേർന്നുള്ള ‘ഇൻഡസ്ട്രിയൽ റിലേഷൻസ്കോഡ് നടപ്പിലാക്കുന്നതോടെ, പിരിച്ചുവിടൽ, അടച്ചുപൂട്ടൽ, ലേ ഓഫ് തുടങ്ങിയ തൊഴിൽനിഷേധം മാനേജ്മെന്റിന് സുഗമമായി തീരും. ഇവയെല്ലാം നിയമപരമാണെന്ന് അംഗീകരിക്കപ്പെടുകയും ചെയ്യുന്നതോടെ തൊഴിലാളികളുടെ നട്ടെല്ലൊടിയും. ട്രേഡ് യൂണിയനുകൾ ദുർബലമാകും.
50 പേരില്ലാത്ത സ്ഥാപനങ്ങളിലെ തൊഴിലാളികൾക്ക് ലേ ഓഫ് ആനുകൂല്യം നിഷേധിക്കപ്പെടുന്നു. വ്യവസായ സ്ഥാപനങ്ങളിൽ പണിമുടക്കം നിരോധിക്കും, ട്രേഡ് യൂണിയനുകൾ രൂപീകരിക്കുക അസാധ്യമായിത്തീരും. 300 തൊഴിലാളികളിൽ കൂടുതൽ പേർ പണിയെടുക്കുന്ന സ്ഥാപനങ്ങളിൽ മാത്രം, പ്രവൃത്തിസമയം, ഒഴിവുദിനങ്ങൾ, അവധി ദിവസങ്ങൾ, പിരിച്ചുവിടൽ, ജോലിയിൽ നിന്ന് സസ്പെൻഷൻ എന്നീ പ്രശ്നങ്ങൾ ഒന്നും ഉന്നയിക്കാൻ തൊഴിലാളികൾക്ക് ഇടനല്‍കാത്ത വിധമുള്ള സ്റ്റാന്റിങ് ഓർഡേഴ്സ് പാസാക്കുവാനുള്ള അധികാരം മാനേജ്മെന്റിൽ നിക്ഷിപ്തമായിരിക്കും. ഈ കോഡ് നടപ്പിലാക്കുന്നതിന്റെ ഫലമായി രാജ്യത്തെ വലിയൊരു വിഭാഗം തൊഴിലാളികൾക്ക് നിയമപരമായി കഴിഞ്ഞകാലത്ത് ലഭിച്ചുകൊണ്ടിരുന്ന പരിമിതമായ ആനുകൂല്യങ്ങൾ പൂർണമായും നിഷേധിക്കപ്പെടും. തൊഴിൽരംഗത്ത് നിലനിന്നിരുന്ന ത്രികക്ഷി സംവിധാനം (ട്രേഡ് യൂണിയൻ മാനേജ്മെന്റ് സർക്കാർ) അവസാനിക്കും. തൊഴിൽരംഗം നേരിടുന്ന പ്രശ്നങ്ങളിൽ ഇടപെടാനും രാജ്യത്തെ തൊഴിൽ വകുപ്പിന് അവശ്യനിർദേശങ്ങൾ നല്‍കാനും നിലവിലുള്ള ഇന്ത്യൻ ‘ലേബർ കോൺഫറൻസ്’ ഇപ്പോൾ നിശ്ചലമാണ്. 2015ലാണ് ഇന്ത്യൻ ലേബർ കോൺഫറൻസിന്റെ അവസാന സമ്മേളനം നടന്നത്. തൊഴിൽമേഖലയിലെ പ്രശ്നങ്ങളില്‍ സമഗ്രമായി ചർച്ചകൾ നടത്താൻ പര്യാപ്തമായ അതിവിപുലമായ ഒരു ‘പ്ലാറ്റ്ഫോമാണ്’ ഇന്ത്യൻ ലേബർ കോൺഫറൻസ്.
തൊഴിലാളിവർഗത്തെ ചങ്ങലയ്ക്കിടാൻ ബിജെപി സർക്കാർ നടപ്പിലാക്കാൻ നടപടികളാരംഭിച്ച സന്ദർഭത്തിൽ 2020 നവംബര്‍ 21ന് രാജ്യവ്യാപകമായ പണിമുടക്കം നടന്നു. ഇന്ത്യയിലെ കർഷകർ നേരിടുന്ന പ്രശ്നങ്ങളുന്നയിച്ചുകൊണ്ട് കർഷകരും സമാന്തരമായ പ്രക്ഷോഭണം ആരംഭിച്ചു. നിർഭാഗ്യവശാൽ ഇതിനകം ബിജെപി ഭരിക്കുന്ന ചില സംസ്ഥാനങ്ങളിൽ ലേബർ കോഡ് നടപ്പിലാക്കാനുള്ള ചട്ടങ്ങൾ പാസാക്കുകയും നടപടികളുമായി മുന്നോട്ടുപോകുകയും ചെയ്തു. രാജസ്ഥാൻ സർക്കാർ 2014ൽ പാസാക്കിയ നിയമത്തിൽ 300ന് താഴെ തൊഴിലാളികളുടെ അംഗസംഖ്യയുള്ള സ്ഥാപനങ്ങളിൽ ലേ ഓഫ് ചെയ്യാനും പിരിച്ചുവിടാനും, ലോക്ക് ഔട്ട് ചെയ്യാനും മുൻകൂർ അനുമതി നേടേണ്ടതില്ലെന്നാണ് വ്യവസ്ഥ ചെയ്തത്. നൂറോ അതിലധികമോ തൊഴിലാളികൾ പണിയെടുക്കുന്ന സ്ഥാപനങ്ങൾ അടച്ചുപൂട്ടാനും, ലേ ഓഫ് ചെയ്യാനും, ലോക്ക് ഔട്ട് ചെയ്യാനും മുൻകൂർ അനുവാദം നേടണമെന്ന നിയമത്തെയാണ് രാജസ്ഥാൻ നിയമസഭ ഭേദഗതി ചെയ്തത്. വ്യവസായസംരംഭകരെ ആകർഷിക്കാൻ എന്നാണ് രാജസ്ഥാൻ സർക്കാരിന്റെ വാദം. ഈ മാതൃകയിൽ എല്ലാ നിയമസഭകളും നിയമഭേദഗതിക്ക് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് കേന്ദ്ര തൊഴിൽ വകുപ്പുമന്ത്രി നരേന്ദ്രസിങ് തോമർ ആഹ്വാനം ചെയ്തു.
കർണാടക സർക്കാരും തൊഴിലാളികൾക്കെതിരായ ഭേദഗതികൾ സഭയിൽ അവതരിപ്പിച്ച് പാസാക്കി. ഇന്ത്യയിലാദ്യമായി ജോലിസമയം 12 മണിക്കൂറായി നിശ്ചയിച്ചുകൊണ്ടുള്ള നിയമം പാസാക്കി ഈ രംഗത്ത് ഇന്ത്യയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കാൻ കർണാടകത്തിനു കഴിഞ്ഞു. എന്നാല്‍ 2023ൽ അധികാരത്തിൽ വന്ന കോൺഗ്രസ് സർക്കാർ തൊഴിലാളികൾക്ക് അനുകൂലമായി ചില നീക്കങ്ങൾക്ക് തുടക്കം കുറിച്ചുകഴിഞ്ഞു.
തമിഴ്‌നാട് സർക്കാർ ഈ പ്രശ്നത്തിൽ വ്യക്തമായ നിലപാട് സ്വീകരിച്ചുകഴിഞ്ഞു. കേന്ദ്രത്തിന്റെ തൊഴിലാളി വിരുദ്ധ നിയമങ്ങൾക്കനുസരണമായി നടപടികൾ സ്വീകരിക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് മുഖ്യമന്ത്രി സ്റ്റാലിൻ പരസ്യമായി പ്രഖ്യാപിച്ചു. എന്നിട്ടും കേന്ദ്ര തൊഴിൽ വകുപ്പുമന്ത്രി ലേബർ കോഡ് നടപ്പിലാക്കാനുള്ള വ്യാജപ്രചരണങ്ങൾ രാജ്യവ്യാപകമായി തുടർന്നുകൊണ്ടിരുന്നു. മോഡി സർക്കാരിന്റെ തൊഴിലാളി ദ്രോഹനടപടികൾ ചെറുത്തുതോല്പിക്കാൻ തൊഴിലാളികൾ നിർബന്ധിതരാവുകയാണ്. സ്വാതന്ത്യ്രാനന്തര ഭാരതം നാളിതുവരെ കണ്ടിട്ടില്ലാത്തവിധം തൊഴിലാളിവർഗത്തിന്റെ ഐക്യവും ജനപിന്തുണയും ആർജിച്ചുകൊണ്ട് സംഘടിതതൊഴിലാളിവർഗം ജനാധിപത്യ സംരക്ഷണത്തിനും തൊഴിലാളികളുടെ അവകാശങ്ങൾ നിലനിർത്തുന്നതിനും വിട്ടുവീഴ്ചയില്ലാത്ത സമരപഥങ്ങളിൽ അവരെത്തുന്നു. ഈ പണിമുടക്ക് സമരം ഇന്ത്യൻ രാഷ്ട്രീയത്തിൽ ദൂരവ്യാപകമായ ചലനങ്ങൾ സൃഷ്ടിക്കുമെന്നതിൽ തർക്കമില്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.