2 April 2025, Wednesday
KSFE Galaxy Chits Banner 2

Related news

March 30, 2025
March 29, 2025
March 29, 2025
March 23, 2025
March 23, 2025
March 18, 2025
March 18, 2025
March 16, 2025
March 14, 2025
March 14, 2025

ക്ഷേത്രങ്ങള്‍ സ്വതന്ത്രമാക്കാനുള്ള ആർഎസ്എസ് അജണ്ടയ്ക്ക് പിന്നില്‍

പി രാമൻ
February 28, 2025 4:37 am

വിദേശ അധിനിവേശങ്ങള്‍ക്കു മുമ്പ് ഇന്ത്യയിൽ വിശ്വാസികളായ ഹിന്ദുക്കള്‍ കൈകാര്യം ചെയ്തിരുന്ന ദശലക്ഷക്കണക്കിന് ക്ഷേത്രങ്ങളുണ്ടായിരുന്നുവെന്ന് ഹിന്ദുത്വപ്രചാരകര്‍ ആവര്‍ത്തിക്കുന്നു. ‘അവ കല, വിദ്യാഭ്യാസം, നൃത്തം, സാംസ്കാരിക പ്രവർത്തനങ്ങൾ എന്നിവയുടെ കേന്ദ്രങ്ങളായിരുന്നു. എല്ലാ ക്ഷേത്രങ്ങളിലും കാരുണ്യപ്രവര്‍ത്തന നിധികളുണ്ടായിരുന്നു. അതിനായി നൽകപ്പെട്ട സ്വത്തുക്കളുണ്ടായിരുന്നു. അവ പൊതു ആവശ്യങ്ങൾ, പാഠശാലകൾ, ഗോശാലകൾ, ധർമ്മശാലകൾ, ദരിദ്രർക്ക് ഭക്ഷണം എന്നിവയ്കായി ഉപയോഗിച്ചു. ഇപ്പോൾ, സര്‍ക്കാര്‍ നിയന്ത്രണത്തിൽ വര്‍ഷംതോറും ക്ഷേത്രങ്ങൾ അപ്രത്യക്ഷമാകുന്നു’ എന്ന പ്രചരണവും സജീവമാണ്. “ഇങ്ങനെ തുടർന്നാൽ, അടുത്ത 100 വർഷത്തിനുള്ളിൽ, പ്രധാനപ്പെട്ട ചിലത് ഒഴികെ, വംശനാശം സംഭവിക്കും. എങ്ങനെയാണ് ഈ അവസ്ഥയിലെത്തിയത്?” എന്ന് ഫസ്റ്റ്പോസ്റ്റിൽ പ്രസിദ്ധീകരിച്ച ഒരു ലേഖനത്തിൽ ഇഷ ഫൗണ്ടേഷനിലെ ജഗ്ഗി വാസുദേവ് ​​ചോദിക്കുന്നു. കാവിസംഘങ്ങളുടെ കണക്കനുസരിച്ച്, തമിഴ്‌നാട്ടിൽ ഈസ്റ്റ് ഇന്ത്യാ കമ്പനി 1817ൽ ക്ഷേത്രങ്ങൾ ഏറ്റെടുക്കുകയും ഭൂമി, സ്വർണം, വജ്രം എന്നിവ കൊള്ളയടിക്കുകയും ചെയ്തു. എന്നാല്‍ ഇതരമതസ്ഥരുടെ ക്ഷേത്രങ്ങൾ നടത്തരുതെന്ന് മിഷനറിമാർ നിർബന്ധിച്ചതിനാൽ ക്രിസ്ത്യന്‍ ഭരണാധികാരികള്‍ ക്ഷേത്രങ്ങള്‍ ഉടമകൾക്ക് തിരികെ നൽകി. 

“ഹിന്ദു സമൂഹം രാഷ്ട്രീയ പാർട്ടികളോട്, ‘നിങ്ങൾ ക്ഷേത്രങ്ങൾ തിരികെ നൽകിയില്ലെങ്കിൽ, ഞങ്ങൾ വോട്ട് ചെയ്യില്ല’ എന്ന് പറയണം. 75-ാം സ്വാതന്ത്ര്യദിനത്തിന് മുമ്പ്, ക്ഷേത്രങ്ങൾ സ്വതന്ത്രമാക്കണം.” എന്ന് ജഗ്ഗി വാസുദേവ് ലേഖനത്തില്‍ പറയുന്നുണ്ട്. ആർഎസ് എസ് മേധാവി മോഹൻ ഭാഗവതും സർക്കാരുകൾ ‘ഹിന്ദു സമൂഹത്തിന്റെ സ്വത്ത്’ ഉടമകൾക്ക് തിരികെ നൽകണമെന്ന് പറയുന്നു. സർക്കാരുകളും ട്രസ്റ്റുകളും ക്ഷേത്രങ്ങള്‍ നടത്തുന്നത് തെറ്റാണെന്നും അദ്ദേഹം വാദിക്കുന്നു. ആന്ധ്രാപ്രദേശിൽ, സർക്കാരുകളുടെ പിടിയിൽ നിന്ന് ക്ഷേത്രങ്ങളെ മോചിപ്പിക്കുന്നതിന് രാജ്യവ്യാപക സമരം ആരംഭിക്കാൻ ആർഎസ്എസ് ആഹ്വാനം ചെയ്തു. ആർഎസ് എസ് സംസ്ഥാന ഘടകം സംഘടിപ്പിച്ച ഹൈന്ദവ ശംഖാരവത്തിന്റെ ലക്ഷ്യം ക്ഷേത്ര നടത്തിപ്പ് സർക്കാരിൽ നിന്ന് ഹിന്ദു സംഘടനകള്‍ക്ക് കൈമാറാൻ ആവശ്യപ്പെടുക എന്നതായിരുന്നു. 1959ൽ, കാശി വിശ്വനാഥ ക്ഷേത്രം ഹിന്ദുക്കൾക്ക് തിരികെ നൽകണമെന്നാവശ്യപ്പെട്ട് ആർഎസ്എസ് പ്രമേയം പാസാക്കി. 

2021ൽ, വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്പി) ഫരീദാബാദ് സമ്മേളനത്തിൽ, പ്രതിപക്ഷ സംസ്ഥാന സർക്കാരുകളിൽ നിന്ന് ക്ഷേത്രങ്ങളെ മോചിപ്പിക്കുന്നതിന് ഒരു കേന്ദ്ര നിയമം വേണമെന്ന് മോഡി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. എന്നാല്‍ സമാനമായ ആവശ്യം സുപ്രീം കോടതി അംഗീകരിച്ചില്ല. അതിനിടെ മധ്യപ്രദേശ് പോലുള്ള ബിജെപി നയിക്കുന്ന സംസ്ഥാന സർക്കാരുകൾ അവരുടെ കീഴിലുള്ള ക്ഷേത്രങ്ങൾ ഭക്തർക്ക് കൈമാറാനുള്ള ആസൂത്രിത നീക്കങ്ങൾ ആരംഭിച്ചു. കർണാടകയിൽ, ക്ഷേത്രങ്ങളെയും മറ്റ് ഹിന്ദു മത സ്ഥാപനങ്ങളെയും സർക്കാർ നിയന്ത്രണത്തിൽ നിന്ന് മുക്തമാക്കുന്നതിന് പുതിയ ബിൽ കൊണ്ടുവരുമെന്ന് ബിജെപി മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ 2022 ജനുവരിയിൽ ഉറപ്പ് നൽകിയിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി പരാജയപ്പെട്ടു. അധികാരത്തിലെത്തിയ കോൺഗ്രസ് തീരുമാനം ഉപേക്ഷിച്ചു. പകരം, ക്ഷേത്ര മാനേജ്മെന്റ് നിയമം കൂടുതൽ സമഗ്രമാക്കുന്നതിനായി പുതിയ ഭേദഗതികൾ കൊണ്ടുവന്നു. പുതിയ നിയമപ്രകാരം, സർക്കാര്‍ നിയന്ത്രണത്തിലുള്ള വലിയ ക്ഷേത്രങ്ങളുടെ വരുമാനത്തിന്റെ ഒരു നിശ്ചിത ശതമാനം ചെറിയ ക്ഷേത്രങ്ങള്‍ക്ക് നീക്കിവയ്ക്കും. 

ആർഎസ്എസും അതിന്റെ അനുബന്ധ സംഘടനകളും പരമ്പരാഗതമായി ഹിന്ദു ആരാധനാലയങ്ങളെയും ക്ഷേത്രങ്ങളെയും അവരുടെ പ്രവർത്തനങ്ങളുടെ കേന്ദ്രങ്ങളായി ഉപയോഗിച്ചുവരുന്നുണ്ട്. മിക്കപ്പോഴും, ശാഖകൾ ക്ഷേത്ര പരിസരങ്ങളിലാണ് നടക്കുന്നത്. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ, പ്രത്യേകിച്ച് തമിഴ്‌നാട്, കേരളം എന്നിവ ക്ഷേത്ര പരിസരത്ത് ആർഎസ്എസ് ശാഖകള്‍ അനുവദിക്കുന്നില്ല. സംസ്ഥാനത്തെ ‘മുസ്രയി’ ക്ഷേത്രങ്ങൾ സ്വകാര്യവൽക്കരിക്കാനുള്ള ബിജെപിയുടെ നീക്കത്തെ അഖില കർണാടക ഹിന്ദു ക്ഷേത്ര അർച്ചക (പുരോഹിത) അസോസിയേഷൻ തന്നെ എതിർത്തു. തെരഞ്ഞെടുപ്പുകളിൽ വോട്ട് നേടാൻ ക്ഷേത്രങ്ങൾ ഉപയോഗിക്കരുതെന്ന് അവർ പരസ്യമായി ആവശ്യപ്പെട്ടു. കേരളത്തിൽ, മൂന്ന് ദേവസ്വം ബോർഡുകളും ക്ഷേത്ര പരിസരങ്ങളിൽ ആർഎസ്എസ് ശാഖകളോ അതുപോലുള്ള പ്രവർത്തനങ്ങളോ നടത്തുന്നത് നിരോധിച്ചു. ശാർക്കര ദേവി ക്ഷേത്ര പരിസരത്ത് ആർഎസ്എസ് ആയുധ പരിശീലനം നിരോധിച്ച് കേരള ഹൈക്കോടതി ഉത്തരവിട്ടു.

തമിഴ്‌നാട്ടിലും, ക്ഷേത്രങ്ങൾ സ്വകാര്യവൽക്കരിക്കണമെന്ന ഹിന്ദുത്വപ്രവര്‍ത്തകരുടെ ആവശ്യത്തിനെതിരെ എതിര്‍പ്പ് ശക്തമാണ് . ക്ഷേത്ര കമ്മിറ്റികളിൽ നുഴഞ്ഞുകയറി ആധിപത്യം സ്ഥാപിക്കുകയും വിദ്യാർത്ഥികളെ ചെറുപ്പത്തിൽത്തന്നെ പിടികൂടാൻ സ്കോളർഷിപ്പുകൾ പാേലുള്ളവ നൽകുകയും ചെയ്യുക എന്നതാണ് ആര്‍എസ്എസ് തന്ത്രം. സർക്കാർ നിയന്ത്രണത്തിലുള്ള ക്ഷേത്രങ്ങളില്‍ ഇക്കൂട്ടര്‍ ഭക്ത സംഘടനകളുടെ വേഷത്തിൽ നുഴഞ്ഞുകയറുന്നു. അത്തരം സംഘടനകൾ വകുപ്പിന്റെ ഭരണപരമായ പ്രവർത്തനത്തിന് പുറത്താണെങ്കിലും അതുമായി ഏകോപിച്ചാണ് പ്രവർത്തിക്കുന്നത്. ക്ഷേത്രോത്സവങ്ങൾ പോലുള്ള പ്രത്യേക പരിപാടികൾ അവരാണ് സംഘടിപ്പിക്കുന്നത്. കോയമ്പത്തൂരിൽ, ഇത്തരം സംഘടനകൾ സൗജന്യ ട്യൂഷനുകൾ നടത്താൻ ക്ഷേത്ര ഇടങ്ങൾ അനധികൃതമായി ഉപയോഗിച്ച വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ക്ഷേത്രങ്ങളുടെ നടത്തിപ്പിനെക്കുറിച്ച് ആർഎസ്എസ് സംഘടനകൾക്കിടയിലും ഭിന്നതയുണ്ട്. ക്ഷേത്രങ്ങൾ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് മോഹൻ ഭാഗവത് വ്യക്തമാക്കിയിട്ടില്ല. അതേസമയം, ഹിന്ദു സന്യാസിമാരുടെ ഏറ്റവും വലിയ സംഘടനയായ അഖില ഭാരതീയ അഖാര പരിഷത്ത്, ഒരു സനാതൻ ബോർഡ് ഭരണം ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ ക്ഷേത്രങ്ങളെ ഹിന്ദുത്വ പ്രവർത്തനങ്ങളുടെ സിരാകേന്ദ്രങ്ങളാക്കി മാറ്റാൻ ലക്ഷ്യമിട്ടുള്ള ആർഎസ്എസ്-വിഎച്ച്പി സംഘത്തിന് ഈ സമീപനം അനുയോജ്യമായില്ല. വിഎച്ച്പി ഈ ആശയം നിരാകരിക്കുകയും ക്ഷേത്രനടത്തിപ്പിന് വിശ്വാസികളുടെ പ്രാദേശിക കമ്മിറ്റികൾ വേണമെന്നും നിര്‍ദ്ദേശിച്ചു.

ബ്രാഹ്മണരല്ലാത്തവരെ പൂജാരിമാരായി നിയമിക്കുന്ന കാര്യത്തിൽ ആർഎസ്എസും പരിവാറും ഭിന്നതയിലാണ്. പരിവാറിനുള്ളിലെ വലിയൊരു വിഭാഗം ഇതിനെതിരാണ്. 2021ൽ കർണാടകയിലെ ബിജെപി സർക്കാർ തന്നെ ബ്രാഹ്മണരല്ലാത്ത പൂജാരിമാരെ നിയമിക്കാനുള്ള നിർദേശങ്ങൾ നിരസിച്ചിരുന്നു. അതേസമയം, രാജസ്ഥാനിലെ വസുന്ധര രാജെ സർക്കാർ സ്ത്രീകളെയും ദളിതരെയും പൂജാരിമാരായി നിയമിക്കാൻ തീരുമാനിച്ചു. പുരോഹിത പരിഷത്ത്, വിപ്ര ഫൗണ്ടേഷൻ തുടങ്ങിയ ബ്രാഹ്മണ ലോബി ഇതിനെതിരെ രംഗത്ത് വന്നു. 2023ൽ ഹരിദ്വാറിൽ നടന്ന ബ്രാഹ്മണ മഹാകുംഭ്, ബ്രാഹ്മണരല്ലാത്ത പൂജാരിമാരെ ക്ഷേത്രങ്ങളിൽ നിന്ന് വിലക്കണമെന്ന് സർക്കാരിനോട് അഭ്യർത്ഥിച്ചു. ബ്രാഹ്മണരല്ലാത്ത പൂജാരിമാർക്ക് ക്ഷേത്രങ്ങളിൽ പീഡനങ്ങളും ബഹിഷ്കരണങ്ങളും നേരിടേണ്ടിവരുന്നുണ്ട്. കേരളത്തില്‍ പോലും തീവ്രഹിന്ദുത്വ സംഘടനകള്‍ അവർക്കെതിരെ സംഘടിതമായ പ്രചരണം നടത്തുന്നു.
അതേസമയം, ഹിന്ദു ക്ഷേത്രങ്ങളുടെ സര്‍ക്കാര്‍ നിയന്ത്രണം ചോദ്യം ചെയ്യുന്ന ഹർജികൾ സുപ്രീം കോടതി പലതവണ തള്ളി. 2022 സെപ്റ്റംബറിൽ, തമിഴ്‌നാട്ടിൽ സർക്കാരിന്റെ കീഴിലുള്ള ക്ഷേത്രങ്ങളുടെ നടത്തിപ്പ് ദുർവിനിയോഗമാണെന്ന ആരോപണം തെളിയിക്കാൻ ഹർജിക്കാരനോട് ആവശ്യപ്പെട്ടു. വിശദീകരണങ്ങളിൽ തൃപ്തി വരാത്ത കോടതി 2023 ഒക്ടോബറിൽ ഹർജി പരിഗണിക്കാൻ വിസമ്മതിച്ചു. 2024 ജൂലൈയിൽ, പൊതുതാല്പര്യ ഹർജിയുമായ് എത്തിയ അശ്വിനി കുമാർ ഉപാധ്യായയെ സുപ്രീം കോടതി ശാസിച്ചു: “നിങ്ങൾ ഒരു സുപ്രീം കോടതി അഭിഭാഷകനാണ്. മാധ്യമങ്ങളിൽ പേരുവരാന്‍ മാത്രം മുന്നിട്ടിറങ്ങരുത്.”

ഉത്തരേന്ത്യയില്‍ പോലും മിക്ക പ്രസിദ്ധ തീർത്ഥാടന കേന്ദ്രങ്ങളും ബോർഡുകളോ ട്രസ്റ്റുകളോ ആണ് നടത്തുന്നത്. കാശി വിശ്വനാഥ ക്ഷേത്രം സർക്കാർ ട്രസ്റ്റാണ് കൈകാര്യം ചെയ്യുന്നത്. ജമ്മു കശ്മീരിലെ രണ്ട് പ്രധാന ഹിന്ദു ആരാധനാലയങ്ങളും — വൈഷ്ണോ ദേവി ക്ഷേത്രവും അമർനാഥ് ക്ഷേത്രവും — നിയമപ്രകാരം രൂപീകരിച്ച ബോർഡുകൾക്ക് കീഴിലാണ് പ്രവർത്തിക്കുന്നത്. ബിജെപി നിയമിച്ച ഗവർണർ ജഗ്‌മോഹൻ, അമർനാഥിനെ സർക്കാർ ബോർഡിന് കീഴിലാക്കി. തുടക്കത്തിൽ, ഉടമകൾ പ്രതിഷേധിച്ചിരുന്നുവെങ്കിലും ഒടുവിൽ അവർ വഴങ്ങി. ക്ഷേത്രങ്ങളെ സംസ്ഥാന നിയന്ത്രണത്തിൽ നിന്ന് മോചിപ്പിക്കുക എന്ന ആർഎസ്എസ് ആഹ്വാനത്തിന് വലിയ പ്രചാരം ലഭിച്ചിട്ടില്ലാത്ത കേരളത്തിൽ, മലബാർ, കൊച്ചി, തിരുവിതാംകൂർ എന്നീ മൂന്ന് ദേവസ്വം ബോർഡുകൾക്ക് കീഴിലെ ആരാധനാലയങ്ങൾക്ക് ത്രിതല മാനേജ്മെന്റ് സംവിധാനമുണ്ട്. പൊതുഭരണം, ആസ്തികൾ, അക്കൗണ്ടുകൾ, സാമ്പത്തിക മാനേജ്മെന്റ് എന്നിവ ബോർഡ് നിയമിച്ച ഉദ്യോഗസ്ഥന്റെ കീഴിലാണെങ്കിലും, ക്ഷേത്ര ആചാരങ്ങളും അനുബന്ധ വിഷയങ്ങളും പരമ്പരാഗത തന്ത്രി കുടുംബങ്ങളാണ് പരിഹരിക്കുകയും അവലോകനം ചെയ്യുകയും ചെയ്യുന്നത്. ആചാരപരമായ കാര്യങ്ങളിൽ അവരുടെ വാക്കാണ് അന്തിമം. ക്ഷേത്ര പൂജാരിമാർ തന്ത്രി തീരുമാനിക്കുന്ന ആചാരങ്ങൾ പാലിക്കണം. ഒരു തന്ത്രി കുടുംബത്തിന് കീഴിൽ ഒട്ടേറെ ക്ഷേത്രങ്ങൾ ഉണ്ടാകാം.
ബോർഡ് നടത്തുന്ന ക്ഷേത്രങ്ങളിലെ വാർഷികോത്സവങ്ങൾ പൊതു ഫണ്ട് സ്വരൂപിക്കുന്ന പ്രാദേശിക കമ്മിറ്റികളാണ് സംഘടിപ്പിക്കുന്നത്. ഉത്സവങ്ങൾക്ക് ധനസഹായമെന്ന നിലയില്‍ ബോർഡുകൾ ഒരു നിശ്ചിത തുക അനുവദിക്കുന്നു. ഈ ക്രമീകരണം വളരെ ഫലപ്രദമായി പ്രവർത്തിക്കുന്നു. 

(ഐപിഎ)

TOP NEWS

April 2, 2025
April 2, 2025
April 2, 2025
April 1, 2025
April 1, 2025
April 1, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.