22 January 2026, Thursday

തൂക്കുമരത്തിന്റെ നിഴലിൽ തോപ്പിൽ ഭാസി

പല്ലിശേരി
September 8, 2025 4:45 am

വിപ്ലവകാരികളായ സഖാക്കൾ കോട്ടാത്തല സുരേന്ദ്രന്റെയും തോപ്പിൽ ഭാസിയുടെയും അറസ്റ്റിനു പിന്നിൽ സമാനതകൾ ഏറെയാണ്. ഇഷ്ടപ്പെട്ട തൊഴിലാളി സ്ത്രീയായ ഭാരതിയെ സ്വന്തം വീട്ടുകാർ എതിർത്തിട്ടുപോലും രജിസ്റ്റർ വിവാഹം കഴിച്ചിട്ടും ഒരു നേരം പോലും ഒരുമിച്ച് ഭക്ഷണം കഴിക്കാതെ ഇരുവരും രണ്ട് വീട്ടിൽ താമസം. അതിനിടയിലാണ് സഖാവ് കോട്ടാത്തല സുരേന്ദ്രന് ഒളിവിൽ പോകേണ്ടി വന്നത്. ഒളിവില്‍ പാർട്ടി പ്രവർത്തനം നടത്തുമ്പോഴും ഭാര്യയെ കാണാൻ ആഗ്രഹിച്ചു. എന്നാൽ പിടിക്കപ്പെടുമെന്നും അതുകൊണ്ട് ബുദ്ധിമോശം കാട്ടരുതെന്നും പാർട്ടി നിർദേശം ഉണ്ടായിരുന്നതുകൊണ്ട് ആഗ്രഹത്തിന് തൽക്കാലം അവധി കൊടുത്തു. ഓണക്കാലമായപ്പോൾ ഭാരതിക്ക് ഓണമുണ്ട് നൽകി, ഒരുമിച്ചിരുന്ന് എന്തെങ്കിലും കഴിക്കണമെന്ന ആഗ്രഹത്തിന് ശക്തി കൂടി. പാർട്ടിക്ക് തൽക്കാലം സമ്മതം മൂളേണ്ടി വന്നു. കോട്ടാത്തലയോടൊപ്പം ജോസഫിനെയും വിട്ടു. കോട്ടാത്തലയിലെ രഹസ്യസങ്കേതത്തിൽ സുരേന്ദ്രനും ഭാരതിയും ഒന്നിച്ചിരുന്ന് ഭക്ഷണം കഴിച്ചു. വെളിയം ദാമോദരനും ജോസഫും കാവൽ നിന്നു. പെട്ടെന്നായിരുന്നു പൊലീസ് സംഘം വളഞ്ഞത്. പൊലീസിന് ആരോ രഹസ്യവിവരം കൊടുത്തിരുന്നു. പാർട്ടിക്കുള്ളിൽ നിന്നുണ്ടായ ചതി മറ്റാർക്കും മനസിലാക്കാൻ കഴിഞ്ഞില്ല. മറ്റുള്ളവരെ രക്ഷപ്പെടുത്താൻ വേണ്ടി കോട്ടാത്തല സുരേന്ദ്രൻ ഒരു പൊലീസുകാരനെ കുത്തിക്കൊന്നു. താന്‍ രക്ഷപ്പെട്ടാൽ കോട്ടാത്തല ഗ്രാമം പൊലീസ് നാമാവശേഷമാക്കും എന്നു മനസിലാക്കി അറസ്റ്റ് വരിച്ചു. പിന്നീട് നടന്നത് വിവരിക്കാൻ കഴിയാത്ത രീതിയിലുള്ള ക്രൂര മർദന മുറ. അറസ്റ്റിലായ ദിവസം തന്നെ കൊട്ടാരക്കര ലോക്കപ്പിൽ കോട്ടാത്തല സുരേന്ദ്രൻ മൃഗീയമായി കൊല്ലപ്പെട്ടു. 

സമാനമായ രീതിയിലായിരുന്നു ശൂരനാട് കലാപത്തിൽ ഒന്നാം പ്രതിസ്ഥാനത്തുള്ള തോപ്പിൽ ഭാസി നാലു വർഷത്തോളം പിടികിട്ടാപ്പുള്ളിയായി ഒളിവിൽക്കഴിഞ്ഞത്. അതിനിടയിലാണ് ഓണക്കാലത്ത്, തോപ്പിൽ ഭാസിയെ അറസ്റ്റ് ചെയ്ത് ലോക്കപ്പിലിട്ടത്. അതും പ്രസവിച്ചു കിടക്കുന്ന ഭാര്യയെയും കുഞ്ഞിനെയും കാണാൻ പോയ അവസരത്തിൽ. അതിബുദ്ധിമാനും സൂത്രശാലിയും വേഷം മാറി നടന്ന് പൊലീസിനെ കബളിപ്പിച്ചു രക്ഷപ്പെട്ടിരുന്ന അതിവിപ്ലവകാരിയുമായിരുന്ന ഭാസിയുടെ യാത്ര മനസിലാക്കിയ ആരോ ഒരുക്കിയ ചതിയായിരുന്നു അറസ്റ്റ്. ആറ് മാസക്കാലം അടൂർ ലോക്കപ്പിൽ കിടന്നു. അടൂർ ലോക്കപ്പ് തോപ്പിൽ ഭാസിക്ക് കണ്ണീരുനിറഞ്ഞ അനുഭവങ്ങളാണ് നൽകിയത്. ഒരെഴുത്തുകാരനു കിട്ടിയ നിധി കൂടിയാണ് കഠിനമായ അനുഭവങ്ങൾ. ഒരു ദിവസം പൊലീസുകാരൻ ഭാസിയുടെ അടുത്തെത്തി പറഞ്ഞു. “ഒരു സ്ത്രീ കുഞ്ഞിനെയും കൊണ്ട് കാണാൻ വന്നിരിക്കുന്നു.” ഭാര്യയും കുഞ്ഞുമായിരിക്കും എന്ന സന്തോഷം തോപ്പിൽ ഭാസിക്ക്. അറസ്റ്റിനുശേഷം അവരുടെ ഒരു വിവരവും അറിഞ്ഞിട്ടില്ല. എന്നാൽ മുന്നിലേക്കു വന്നത് ഭാര്യയും കുഞ്ഞുമായിരുന്നില്ല. “നിങ്ങൾ ആരാണ്?” അതിനവർ ഉത്തരം പറഞ്ഞില്ല. പകരം കണ്ണീരോടെ കുഞ്ഞിനെ ചേർത്തുപിടിച്ച് നിന്നു. ഉത്തരം കിട്ടാതായപ്പോൾ തോപ്പിൽ ഭാസി പൊലീസുകാരനോടു ചോദിച്ചു.

“ആരാണിവർ? അറിയാമോ”

“അറിയാം, താങ്കൾ കൊലപ്പെടുത്തിയ നാലു പൊലീസുകാരിൽ ഒരാളായ കുഞ്ഞുപിള്ള ആശാന്റെ ഭാര്യയും കുഞ്ഞും.” അതുകേട്ടപാടെ ആ സ്ത്രീ വാവിട്ട് കരഞ്ഞു. തോപ്പിൽ ഭാസി ധർമ്മസങ്കടത്തോടെ അവരെ നോക്കി. ‘ഞാൻ ഒരു പൊലീസുകാരനെയും കൊന്നിട്ടില്ല’ എന്ന് എങ്ങനെ പറയും? കൊലപാതകം ചെയ്തില്ലെങ്കിലും ഒന്നാം പ്രതിയായി. ഏതായാലും പിന്നീടവർ സത്യം മനസിലാക്കിയിരിക്കാം അല്ലെങ്കിൽ പിന്നെ 1952ലെ തെരഞ്ഞെടുപ്പിൽ അവരും ബന്ധുക്കളും അവരുടെ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് പരസ്യമായി വോട്ടു ചെയ്യുമോ?
തീവ്രമായ അനുഭവങ്ങളും കമ്മ്യൂണിസ്റ്റുബോധവുമാണ് തോപ്പിൽ ഭാസിയെ എഴുത്തുകാരനും ആദർശധീരനുമാക്കിയത്. രാഷ്ട്രീയം തലയ്ക്കു പിടിച്ച് വഴിമാറി നടന്നത് തിരുവനന്തപുരം ആയുർവേദ കോളജിൽ പഠിക്കുമ്പോഴാണ്. അന്നവിടെ സംസ്കൃത കോളജിൽ നാട്ടുകാരനും ഉറ്റചങ്ങാതിയുമായ കാമ്പിശേരി കരുണാകരൻ വിദ്യാർത്ഥി കോൺഗ്രസിന്റെ അനിഷേധ്യ നേതാവായിരുന്ന സമയം. ഭാസിയും വിദ്യാർത്ഥി കോൺഗ്രസ് നേതാവായി വിലസി. രാഷ്ട്രീയ പ്രവർത്തനത്തിന്റെ പേരിൽ തോപ്പിൽ ഭാസിയെ കോളജിൽ നിന്നും പുറത്താക്കി. എന്നാൽ, വിദ്യാർത്ഥികൾ ഒന്നടങ്കം തോപ്പിൽ ഭാസിക്ക് പിന്തുണ പ്രഖ്യാപിച്ചു. ഭാസിയെ തിരിച്ചെടുക്കുംവരെ സമരം ചെയ്യും എന്ന് പ്രഖ്യാപിച്ചു. കാര്യങ്ങൾ കൈവിട്ടുപോകുമെന്നു മനസിലാക്കിയ പ്രിൻസിപ്പല്‍ തോപ്പിൽ ഭാസിയെ തിരിച്ചെടുത്തു. 

തോപ്പിൽ ഭാസിക്ക് പ്രസംഗത്തിലൂടെ എല്ലാവരെയും സ്വാധീനിക്കാനുള്ള കഴിവ് പ്രശസ്തമാണ്. ഭാസിയുടെ പ്രസംഗം ഉണ്ടെന്നറിഞ്ഞാൽ വിദ്യാർത്ഥികൾ ഒരുമിച്ചു കൂടുമായിരുന്നു. അളന്നുമുറിച്ച വാക്കുകൾ, അതിൽ ഇത്തിരി സാഹിത്യം കൂടി ചേർത്ത് മനോഹരമാക്കിയിരുന്നു. മകൻ ഡോക്ടറായി കാണാൻ ആഗ്രഹിച്ചിരുന്ന അച്ഛന് നിരാശപ്പെടേണ്ടി വന്നു. ഡോക്ടർക്ക് പകരം തോപ്പിൽ ഭാസി രാഷ്ട്രീയക്കാരനായി.
തോപ്പിൽ ഭാസിയും കേശവൻ പോറ്റിയും കാമ്പിശേരി കരുണാകരനും ചേർന്ന് മധ്യതിരുവിതാംകൂർ രാഷ്ട്രീയത്തിന്റെ ചുക്കാൻ പിടിച്ചു. അതിനിടയിലാണ് എണ്ണക്കാട് ഒരു പ്രതിഷേധ യോഗത്തിൽ പ്രസംഗിക്കാൻ ഭാസിക്ക് അവസരം ലഭിച്ചത്. കുടിയിറക്ക് പ്രശ്നവും അതിനെത്തുടർന്നുണ്ടായ വിഷയങ്ങളും വലിയ രീതിയിൽ കത്തിപ്പടർന്നു. എണ്ണയ്ക്കാട്ടെ തമ്പുരാൻ കുടികിടപ്പുകാരനായ ‘കുട്ടി‘യെ കുടിയിറക്കാനൊരുങ്ങി. കർഷകത്തൊഴിലാളികൾ അത് തടഞ്ഞു. തൊഴിലാളികളെ കൂട്ടത്തോടെ അറസ്റ്റ് ചെയ്തു. അങ്ങനെയാണ് പ്രതിഷേധയോഗം സംഘടിപ്പിക്കാനും തോപ്പിൽ ഭാസിയെ പ്രധാന പ്രാസംഗികനായി കൊണ്ടുവരാനും തീരുമാനിച്ചത്. നാടിനെ അക്ഷരാർത്ഥത്തിൽ ഇളക്കിമറിച്ച പ്രസംഗമായിരുന്നു തോപ്പിൽ ഭാസിയുടേത്. അതുകഴിഞ്ഞ് പുനലൂർ രാജഗോപാലനെ പൊലീസ് സ്റ്റേഷനിൽ വച്ച് ക്രൂരമായി മർദിച്ചതിന്റെ പേരിൽ പുനലൂരിൽ പ്രതിഷേധ യോഗം പ്ലാൻ ചെയ്തു. അവിടെ പ്രസംഗിക്കാനാണ് തോപ്പിൽ ഭാസിയെ ക്ഷണിച്ചത്. പുനലൂരിൽ പ്രസംഗിച്ചുകൊണ്ട് നിൽക്കുമ്പോൾ ജന്മിമാരും ഗുണ്ടകളും ചേർന്ന് പ്രതിഷേധയോഗം കലക്കി. തോപ്പിൽ ഭാസിയെ പൊലീസും ഗുണ്ടകളും ചേർന്ന് മർദിച്ചു. പൊലീസിന്റെ അടിയേറ്റ് ഭാസിയുടെ തലപൊട്ടി ചോര ഒഴുകി. ആ സമയത്താണ് സർക്കിൾ ഇൻസ്പെക്ടർ ശിവരാമപിള്ള ലോക്കപ്പിൽ ചെന്ന് ഭാസിയെ കണ്ടത്. കേസിന്റെ കാര്യങ്ങളെ കുറിച്ചു സംസാരിക്കാനെത്തിയ സർക്കിൾ ഇൻസ്പെക്ടർ ഒരു വലിയ സത്യം ഭാസിയെ അറിയിച്ചു. ‘ഭാസിയെ അറസ്റ്റ് ചെയ്യുമ്പോള്‍ ട്രാവൻകൂർ നിയമമനുസരിച്ച് വധശിക്ഷ ഉണ്ടായിരുന്നില്ല. അതുകൊണ്ടാണ് മുമ്പ് അറസ്റ്റുചെയ്യപ്പെട്ടവർക്ക് ജീവപര്യന്തം കിട്ടിയത്. ഇപ്പോൾ നിയമം മാറി. ഇന്ത്യൻ പീനൽ കോഡ് പ്രകാരമാണ് ശിക്ഷ. അതുകൊണ്ട് തൂക്കുകയറിൽ നിന്നും ഒഴിവാകണമെങ്കിൽ പ്രധാനസാക്ഷിയെ സ്വാധീനിക്കുകയും മിടുക്കനായ വക്കീലിനെ ഏർപ്പാടാക്കുകയും വേണം.’ സാക്ഷിമൊഴികൾ അനുകൂലമാക്കാനും ഹൈക്കോടതിയിൽ നിന്നും ജാമ്യം ലഭിക്കാനും അഡ്വ. ജനാർദനക്കുറുപ്പ് അടക്കമുള്ളവർ ഏറെ ബുദ്ധിമുട്ടി. ഇൻസ്പെക്ടർ മുന്നറിയിപ്പ് നൽകിയതുകൊണ്ട് കൂടുതൽ ശ്രദ്ധിച്ചു. പ്രധാനസാക്ഷിയെ തോപ്പിൽ ഭാസിക്ക് അനുകൂലമാക്കി. ഒടുവിൽ ഭാസി മോചിതനായി. വധശിക്ഷയിൽ നിന്നും ഒഴിവായെന്നുമാത്രമല്ല, തോപ്പിൽ ഭാസി കുറ്റക്കാരനല്ലെന്നും തെളിഞ്ഞു. 

Kerala State - Students Savings Scheme

TOP NEWS

January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.