വീണ്ടുമൊരു ക്രിസ്മസ് വന്നെത്തുകയാണ്. രണ്ടായിരം വർഷങ്ങൾക്ക് മുമ്പ് ജറുസലേമിൽ നടന്ന ഒരു പിറവിയുടെ മഹത്വം ലോകമാകെ ആഘോഷിക്കുന്നതാണ് ക്രിസ്‌മസ്. ഭൂമിയിൽ സമാധാനത്തിന്റെ സന്ദേശം വിളിച്ചറിയിക്കുന്നതാണ് ക്രിസ്തുവിന്റെ ജനനം. ദരിദ്രരോടും പാപികളോടുമൊപ്പമാണ് ക്രിസ്തു ജീവിച്ചത്. സമൂഹം വെറുക്കപ്പെട്ടവരെന്നു കരുതിയവരെയാണ് പ്രിയപ്പെട്ടവരായി കൂടെകൂട്ടിയത്. ക്രൂരവും അപമാനകരവുമായ മരണം മുന്നിൽ കണ്ടിട്ടും തന്റെ പാതയിൽ നിന്നും അദ്ദേഹം പിൻതിരിഞ്ഞില്ല. സുഖലോലുപമായ ജീവിതം നയിക്കാനല്ല ക്രിസ്തു ഉപദേശിച്ചത്. ഇന്ന് ലോകമാകെ വ്യാപിച്ചിട്ടുള്ള ക്രൈസ്തവ സേവന പ്രസ്ഥാനങ്ങൾക്കുള്ള പ്രചോദനം ക്രിസ്തു തുടങ്ങിവെച്ച സേവനത്തിന്റെ വഴികളാണ്. കലുഷിതമായ ലോകത്ത് സമാധാനത്തിന്റെ സന്ദേശമാണ് ക്രിസ്തു നൽകിയത്. നീതിയുടെ പക്ഷത്ത് നിലയുറപ്പിക്കുവാനുള്ള നിലപാടുകളില്ലാത്ത സമൂഹത്തിൽ നീതിമാൻമാർ ക്രൂശിക്കപ്പെടുമെന്ന് ക്രിസ്തുവിന്റെ കുരിശുമരണം കാട്ടിത്തരുന്നു.
ക്രിസ്തു പിറന്ന ജറുസലേം പ്രവാചക വചനങ്ങളാലും പാദസ്പർശം കൊണ്ടും പവിത്രമാക്കപ്പെട്ട മണ്ണാണ്. ഇന്ന് അത് ലോകത്തെ ഏറ്റവും വലിയ സംഘർഷങ്ങളുടെ നാടായി മാറി. ഒരു കാലത്ത് യൂറോപ്പിലാകെ വെറുക്കപ്പെടുകയും, വേട്ടയാടപ്പെടുകയും ചെയ്ത ജനതയാണ് യഹൂദർ. അന്ന് ഇരകളാക്കപ്പെട്ടവർ ഇന്ന് വേട്ടക്കാരായി എത്തുന്ന കാഴ്ചയാണ് ലോകം കാണുന്നത്. ഹിറ്റ്ലറുടെ നേതൃത്വത്തിൽ ഫാസിസ്റ്റുകൾ യഹൂദരോട് ചെയ്തതിലും കടുത്ത ക്രൂരതയാണ് ഇന്ന് നെതന്യാഹുവിന്റെ നേതൃത്വത്തിൽ സയണിസ്റ്റുകൾ ഗാസയിലെ പലസ്തീനികളോടു കാട്ടുന്നത്. പിറന്നു വീണ മണ്ണിൽ നിന്നും അവർ പിഴുതെറിയപ്പെട്ടു. അവരുടെ അവസാന അഭയമുനമ്പായിരുന്നു ഗാസ. അവിടെ അവരെ കൂട്ടക്കുരുതി നടത്തി വംശഹത്യയിലൂടെ ഉന്മൂലനം നടത്തുകയാണ് ഇസ്രയേൽ. സ്നേഹം കൊണ്ട് സാമ്രാജ്യം തീർക്കുവാൻ ശ്രമിച്ച യേശുക്രിസ്തുവിന്റെ പിറന്നാൾ ലോകമാകെ ആഘോഷിക്കുമ്പോൾ നിസഹായരുടെ നിലയ്ക്കാത്ത നിലവിളികളാണ് ഗാസയിൽ നിന്നും ഉയരുന്നത്. അഭയാർത്ഥി ക്യാമ്പുകളിലും, ആശുപത്രികളിലും ഭക്ഷണ വിതരണ കേന്ദ്രങ്ങളിലുമെല്ലാം ഇസ്രയേൽ ബോംബു വർഷിച്ച് പിഞ്ചുകുട്ടികളും, ഗർഭിണികളും അമ്മമാരുമടക്കമുള്ള അനേക ആളുകളാണ് ഓരോ ദിവസവും മരിച്ചുവീഴുന്നത്. കാലങ്ങളായി ലോകമാകെ അംഗീകരിച്ചിട്ടുള്ള എല്ലാ യുദ്ധനിയമങ്ങളും ലംഘിക്കപ്പെടുകയാണ്.
ലോകത്ത് ഏറ്റവുമധികം അംഗഭംഗം വന്ന കുട്ടികളുള്ളത് ഗാസയിലാണെന്നാണ് യു എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസ് സമീപകാലത്ത് പറഞ്ഞത്. 15,000ലധികം ഗർഭിണികൾ കൊടും പട്ടിണിയിലാണ് കഴിയുന്നതെന്നാണ് യു എൻ റിപ്പോർട്ട്. ഓരോ 24 മണിക്കൂറിലും 50ഓളം ആളുകളാണ് കൊല്ലപ്പെടുന്നത്. ഗാസയിലെ ആശുപത്രികളെല്ലാം തന്നെ ഇസ്രയേലിന്റെ വ്യോമാക്രമണത്തിൽ തകർക്കപ്പെട്ടു. ഗുരുതരമായി പരിക്കേറ്റവർക്കുപോലും ചികിത്സ കിട്ടുന്നില്ല. ഇസ്രയേലിന്റെ വംശഹത്യയിൽ 45,000 പലസ്തീനികളാണ് ഇതുവരെ കൊല്ലപ്പെട്ടത്. 1,04,567 പേർക്ക് ഗുരുതരമായി പരിക്കേറ്റു. കടുത്ത ക്ഷാമത്തിന്റെയും പട്ടിണിയുടെയും പിടിയിലാണ് ഗാസ. 20 ലക്ഷത്തോളം ഗാസാനിവാസികളാണ് ഭക്ഷണവും വെള്ളവും ലഭിക്കാതെ വലയുന്നത്.
നെതന്യാഹു അന്തർദേശീയ കുറ്റവാളി
അന്താരാഷ്ട്ര നീതിന്യായ കോടതിയും യു എൻ പൊതുസഭയും, ഗാസയിൽ വെടി നിർത്തൽ പ്രഖ്യാപിക്കാൻ ഇസ്രയേലിനോട് ആവശ്യപ്പെട്ടിട്ടും അവർ കൂട്ടാക്കുന്നില്ല. ഒരു അന്താരാഷ്ട്ര നിയമങ്ങളും തങ്ങൾക്കു ബാധകമല്ലായെന്ന നിലപാടാണ് ഇസ്രയേൽ സ്വീകരിക്കുന്നത്. ഗാസയിൽ നടത്തിയ യുദ്ധക്കുറ്റങ്ങൾക്ക് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന് അന്താരാഷ്ട്ര ക്രിമിനൽ കോടതി അറസ്റ്റുവാറന്റ് പുറപ്പെടുവിച്ചിരിക്കുകയാണ്. ഇസ്രയേൽ ഗാസയിൽ നടത്തിയത് വംശഹത്യയാണെന്നാണ് ആംനെസ്റ്റി ഇന്റർ നാഷണൽ മേധാവി അഗ്നസ് കാലമർഡ് അഭിപ്രായപ്പെട്ടത്. അതു സംബന്ധിച്ച് 296 പേജുള്ള റിപ്പോർട്ടാണ് പുറത്തു വിട്ടത്. അമേരിക്കയും സഖ്യരാഷ്ട്രങ്ങളും ഈ വംശഹത്യയിൽ കൂട്ടുപ്രതികളാണെന്നും കണ്ടെത്തി. യു എസ് പക്ഷത്തുള്ള പല രാഷ്ട്രങ്ങളും ഇസ്രയേൽ ഗാസയിൽ നടത്തുന്ന അതിക്രമങ്ങളെ തുറന്ന് എതിർക്കുകയാണ്. ഇസ്രയേൽ അതിക്രമങ്ങളെ അപലപിച്ചും, പലസ്തീനികളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെടും. ന്യൂസിലാന്റ്, ഓസ്ട്രേലിയ, കാനഡ എന്നീ രാജ്യങ്ങൾ സംയുക്ത പ്രസ്താവനയിറക്കിയിരിക്കുകയാണ്.
യു എൻ തീരുമാനങ്ങൾക്കും, ലോകരാഷ്ട്രങ്ങളുടെ നിലപാടുകൾക്കും വിരുദ്ധമായി യു എസ് ഇസ്രയേലിനു നൽകുന്ന പിന്തുണയാണ് പശ്ചിമേഷ്യയിലെ പ്രശ്നങ്ങൾക്കെല്ലാം മൂലകാരണം. മുസ്ലിംലോകത്തെ ഭീകര പ്രസ്ഥാനങ്ങളുടെ ഉത്ഭവത്തിനും, വളർച്ചയ്ക്കും കാരണം യു എസ്, ഇസ്രയേലിനെ കരുവാക്കി നടത്തുന്ന പ്രവർത്തനങ്ങളാണ്. തങ്ങളുടെ സൈനിക താല്പര്യങ്ങൾ സംരക്ഷിക്കാനും, ഭരണകൂടങ്ങളെ ദുർബലമാക്കുവാനും വിഘടനവാദികളെയും, തീവ്രവാദി സംഘടനകളെയും പിന്തുണയ്ക്കുന്നതിന് അവർക്ക് ഒരു സങ്കോചവും തോന്നിയിട്ടില്ല. അൽഖ്വയ്‌ദയുടെയും, താലിബാന്റെയും, ഐഎസിന്റെയും വളർച്ചയിൽ ലോകം അതു കണ്ടതാണ്. ഇപ്പോൾ അവസാനമായി സിറിയയിൽ എച്ച്ടിഎസിന് പിന്തുണ നൽകി മറ്റൊരു കൂട്ടം ഭീകരന്മാരെ അവർ അധികാരത്തിലേറ്റി.
പാലസ്തീൻ പ്രശ്നത്തിനു പരിഹാരം ദ്വിരാഷ്ട്ര രൂപീകരണം
പാലസ്തീൻ പ്രശ്നത്തിനു പരിഹാരം ദ്വിരാഷ്ട്ര രൂപീകരണം പാലസ്തീൻ പ്രശ്നത്തിനു ശാശ്വത പരിഹാരം ദ്വിരാഷ്ട്ര രൂപീകരണം മാത്രമാണ്. യുഎൻ എടുത്ത ഈ തീരുമാനം ഇസ്രയേലും അമേരിക്കയടക്കമുള്ള ലോകരാഷ്ടങ്ങൾ എല്ലാം അംഗീകരിച്ചിട്ടുള്ളതാണ്. എന്നാൽ ഇക്കാര്യത്തിൽ വഞ്ചനാപരമായ സമീപനമാണ് ഇസ്രയേലും അമേരിക്കയും സ്വീകരിക്കുന്നത്. 2009 ജൂണിൽ കെയ്റോയിലെ ചരിത്രപ്രസിദ്ധമായ അൽ-അഷാർ സർവകലാശാലയിൽ നടത്തിയ പ്രസംഗത്തിൽ ഇസ്രയേൽ — പലസ്തീൻ പ്രശ്നങ്ങൾ ഉൾപ്പെടെയുള്ള പശ്ചിമേഷ്യൻ പ്രശ്നങ്ങൾ അവസാനിപ്പിക്കുമെന്ന് അന്നത്തെ യു എസ് പ്രസിഡന്റായിരുന്ന ഒബാമ പ്രഖ്യാപിച്ചു. അതെത്തുടർന്ന് 2010 സെപ്റ്റംബർ രണ്ടിന് പലസ്തീൻ നേതാവ് മുഹമ്മദ് അബ്ബാസും, ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി ഒബാമയുടെ സാന്നിദ്ധ്യത്തിൽ സമാധാന ശ്രമങ്ങൾക്കായി കൂടിയാലോചനകൾ നടത്തി. എന്നാൽ ആ ഉന്നതതല യോഗങ്ങൾക്കു ശേഷം നാട്ടിൽ മടങ്ങിയെത്തിയ നെതന്യാഹു ഇസ്രയേലിനെ ഒരു ജൂത രാഷ്ട്രമായി അംഗീകരിക്കുക മാത്രമാണ് സമാധാന ശ്രമങ്ങൾക്കുള്ള ഏകപോംവഴിയെന്ന് പ്രസ്താവിക്കുകയാണ് ചെയ്തത്. കൂടാതെ, പലസ്തീൻ പ്രദേശങ്ങളിൽ കൂടുതൽ കുടിയേറ്റക്കാരെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. ഒരു ജൂത രാഷ്ട്രമായി ഇസ്രയേലിനെ അംഗീകരിക്കണമെന്ന് നെതന്യാഹു പ്രസ്താവിച്ചതിന്റെ ഉദ്ദേശ്യം പലസ്തീൻ കൂടി ലയിച്ചു ചേർന്ന് ഉണ്ടാകുന്ന ഒരു ഇസ്രയേൽ രാഷ്ട്രത്തേയാണ് ഉന്നം വയ്ക്കുന്നത്. അതിനു ശേഷം തുടർ കൂടിയാലോചനകൾ വഴിമുട്ടുകയാണ് ചെയ്തത്.
സയണിസ്റ്റ് അന്ധത ബാധിച്ച ട്രംപ് യു എസ് പ്രസിഡന്റായിരിക്കെയെടുത്ത രണ്ട് തീരുമാനങ്ങൾ പാലസ്തീൻ പ്രശ്നം കൂടുതൽ വഷളാക്കി. ഒന്ന് 2017 ഡിസംബറിൽ ജറുസലേമിനെ ഇസ്രയേലിന്റെ തലസ്ഥാനമായി പ്രഖ്യാപിക്കുകയും, യു എസ് എംബസി ടെൽഅവീവിൽ നിന്നും ജറുസലേമിലേക്ക് മാറ്റുകയും ചെയ്തു. ഭാവിയിൽ രൂപീകരിക്കേണ്ട പലസ്തീൻ രാഷ്ട്രത്തിന്റെ തലസ്ഥാനമായി യു എൻ തീരുമാന പ്രകാരം നിശ്ചയിക്കപ്പെട്ടിരുന്നതാണ് കിഴക്കൻ ജറുസലേം. രണ്ടാമത്തേത് 2019 ഏപ്രിൽ ആദ്യം ഗോലാൻ കുന്നുകൾ ഇസ്രയേലിന്റേതായി യു എസ് അംഗീകരിക്കുകയും, ഇസ്രയേൽ പ്രധാനമന്ത്രി നെതന്യാഹുവിനെ വിളിച്ചുവരുത്തി വൈറ്റ് ഹൗസിൽ വച്ച് വാർത്താ സമ്മേളനം നടത്തി പ്രഖ്യാപനം നടത്തുകയും ചെയ്തു. 1967ൽ സിറിയയിൽ നിന്നും ഇസ്രയേൽ പിടിച്ചെടുത്ത ഗോലാൻകുന്നുകൾ തിരികെ നൽകണമെന്ന യു എൻ തീരുമാനം യു എസും മറ്റ് ലോകരാജ്യങ്ങളും അംഗീകരിച്ചിരുന്നതാണ്.
ഈ രണ്ട് തീരുമാനങ്ങളും യു എസ് സ്വീകരിച്ചത് തികഞ്ഞ രാഷ്ട്രീയ നെറികേടും പലസ്തീൻ രാഷ്ട്ര രൂപീകരണത്തിനുള്ള സാധ്യത ഇല്ലാതാക്കുന്നതിനായി ബോധപൂർവം നടത്തിയതുമാണ്. അതെത്തുടർന്ന് ഗാസ പ്രദേശത്ത് ഉടലെടുത്ത സംഘട്ടനമാണ് 2023 ഒക്ടോബർ എഴിലെ ഹമാസ് ആക്രമണത്തിലേക്ക് നയിച്ചത്. ജനുവരി 20ന് ട്രംപ് രണ്ടാമൂഴവുമായി മടങ്ങി എത്തുകയാണ്. നിയുക്ത പലസ്തീൻ രാഷ്ട്ര രൂപീകരണ സാധ്യത ഇല്ലാതാക്കുവാനുള്ള ശ്രമമായിരിക്കും അദ്ദേഹം നടത്തുക. അതിനായി പലസ്തീൻ പ്രശ്നം മാറ്റി വെച്ച് അറബ് — ഇസ്രയേൽ സൗഹൃദം ലക്ഷ്യമാക്കി ട്രംപ് മുമ്പ് രൂപം നൽകിയ അബ്രഹാം കരാർ പുനർജീവിപ്പിക്കും. അറബ് ലോകത്ത് ഷിയാ ‑സുന്നി ഭിന്നിപ്പ് രൂക്ഷമാക്കും. പ്രമുഖ യു എസ് പത്രമായ ന്യൂയോർക്ക് ടൈംസ് തങ്ങളുടെ അന്തർ രാഷ്ട്ര എഡിഷനിൽ 2019 ഏപ്രിലിൽ പ്രസിദ്ധീകരിച്ച ഒരു കാർട്ടൂൺ ഇന്ന് ഏറെ ശ്രദ്ധേയമാകുകയാണ്. ജൂത വിഭാഗത്തിന്റെ പരമ്പരാഗത തലപ്പാവായ കിപ്പ ധരിച്ചു പോകുന്ന അന്ധനായ യു എസ് പ്രസിഡന്റ് ട്രംപിനെ അനുഗമിച്ച് മുമ്പേ പോകുന്ന കാവൽനായി ആയി ഇസ്രയേൽ പ്രധാനമന്ത്രി നെതന്യാഹുവിനെ അവതരിപ്പിക്കുന്നതാണ് ആ കാർട്ടൂൺ.
(കോട്ടയം ജില്ലയിലെ പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് അംഗമാണ് ലേഖകൻ)
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.