
അന്താരാഷ്ട്ര മാധ്യമമായ ദ ഗാർഡിയന്റെ റിപ്പോർട്ട് പ്രകാരം കാനഡയിൽ ജനുവരിയിലെ രാഷ്ട്രീയ സാഹചര്യം വ്യത്യസ്തമായിരുന്നു. നിലവിലുണ്ടായിരുന്ന ലിബറൽ പാർട്ടിയുടെ ഭരണത്തിനെതിരായ വികാരം ശക്തമായിരുന്നു. അഭിപ്രായ സർവേകളിൽ ഭരണകക്ഷിയായ ലിബറൽ പാർട്ടിയെക്കാൾ 25 ശതമാനം വോട്ട് കൂടുതലായിരുന്നു മുഖ്യ പ്രതിപക്ഷമായ കൺസർവേറ്റീവ് പാർട്ടിക്ക്. അതുകൊണ്ടുതന്നെ അടുത്ത തെരഞ്ഞെടുപ്പിൽ കൺസർവേറ്റീവ് പാർട്ടിക്ക് ഭരണനേട്ടമുണ്ടാകുമെന്നും അതിന്റെ നേതാവ് പിയറി പൊയിലീവ്രെ പ്രധാനമന്ത്രിയാകുമെന്ന പ്രവചനവുമുണ്ടായി. എന്നാൽ കഴിഞ്ഞ ആഴ്ച നടന്ന തെരഞ്ഞെടുപ്പിൽ നിലവിലെ പ്രധാനമന്ത്രി മാർക്ക് കാർണിയുടെ നേതൃത്വത്തിലുള്ള ലിബറൽ പാർട്ടിയുടെ ഭരണത്തുടർച്ചയ്ക്കാണ് കാനഡയിലെ ജനങ്ങൾ വിധിയെഴുതിയിരിക്കുന്നത്. 168 സീറ്റുകളാണ് ലിബറൽ പാർട്ടി നേടിയത്. കൺസർവേറ്റീവ് പാർട്ടിക്ക് 144, ബ്ലോക്ക് ക്യൂബെക്കോയിസ് 23, എൻഡിപി ഏഴ്, ഗ്രീൻസ് ഒന്ന് എന്നിങ്ങനെയാണ് മറ്റ് കക്ഷികൾക്ക് ലഭിച്ചത്. ഇന്ത്യയുടേതിൽ നിന്ന് വ്യത്യസ്തമായി 2021ൽതന്നെ സെൻസസ് നടത്തിയതിനാൽ മുന്‍ തെരഞ്ഞടുപ്പിൽ 338 സീറ്റുകളുണ്ടായിരുന്ന പാർലമെന്റിൽ ഇത്തവണ 343 ആയി വർധിച്ചിരുന്നു. അതുകൊണ്ട് ഭൂരിപക്ഷത്തിന് 172 സീറ്റുകളാണ് ലിബറല്‍ പാർട്ടിക്ക് വേണ്ടത്. അത് ലഭിച്ചില്ലെന്നതിനാൽ ചെറുപാർട്ടികളുടെ പിന്തുണയോടെയാകും സർക്കാർ രൂപീകരിക്കുക, കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പുകളിലും സമാനസാഹചര്യമാണുണ്ടായിരുന്നത്. 2021ൽ ഭൂരിപക്ഷത്തിന് 170 അംഗങ്ങൾ വേണ്ടിയിരുന്നപ്പോൾ 153 മാത്രമാണ് അന്ന് ജസ്റ്റിൻ ട്രൂഡോ നേതൃത്വം നൽകിയിരുന്ന പാർട്ടിക്ക് ലഭിച്ചത്. കൺസർവേറ്റീവിന് 121 അംഗങ്ങളും. ചെറുകക്ഷികളുടെ പിന്തുണയോടെ ഭരിച്ച അതേ സാഹചര്യമാണ് ഇത്തവണയും ഉരുത്തിരിഞ്ഞിരിക്കുന്നത്. കനേഡിയൻ കമ്മ്യൂണിസ്റ്റ് പാർട്ടി വിവിധ പ്രവിശ്യകളിലായി 24 സീറ്റുകളിലാണ് മത്സരിച്ചിരുന്നത്.
ദ ഗാർഡിയന്റെ അവലോകന പ്രകാരം ജനുവരി വരെ ഭരണവിരുദ്ധ വികാരത്തിന്റെ നിഴലിലായിരുന്ന ലിബറൽ പാർട്ടിയെ അധികാരത്തിലെത്തിക്കുന്നതിലും രാജ്യത്തെ രാഷ്ട്രീയ സാഹചര്യം മാറിമറയുന്നതിലുമുള്ള ഒന്നാമത്തെ കാരണമായത് യുഎസിൽ അധികാരമേറ്റ ഡൊണാൾഡ് ട്രംപിന്റെ കാനഡ വിരുദ്ധ നിലപാടുകളായിരുന്നു. അതുപോലെ ജസ്റ്റിൻ ട്രൂഡോ സ്ഥാനമൊഴിഞ്ഞ് പൊതുവേ പുതുമുഖമായ മാർക്ക് കാർണിയെ അവരോധിച്ചതിലൂടെ സമ്മതിദായകരിൽ സൃഷ്ടിക്കാനായ പ്രതീക്ഷകൾ മറ്റൊരു കാരണമായി.
പ്രസിഡന്റ് സ്ഥാനമുറപ്പിച്ചതിന് ശേഷം ട്രംപ് കാനഡയെ യുഎസിന്റെ ഭാഗമാക്കുമെന്നും അധികാരമേറ്റപ്പോൾ അതിനുള്ള നടപടികൾ ആരംഭിക്കുമെന്നും പ്രഖ്യാപിച്ചത് രാജ്യത്ത് ദേശീയ വികാരമുണർത്തുന്നതിന് സഹായകമായി. അത് മുതലെടുക്കുന്ന വിധമുള്ള പ്രതികരണങ്ങൾ മുൻ പ്രസിഡന്റ് ജസ്റ്റിൻ ട്രൂഡോയിൽ നിന്നും പിന്നീടെത്തിയ മാർക്ക് കാർണിയിൽ നിന്നുമുണ്ടാകുകയും ചെയ്തു. തെരഞ്ഞെടുപ്പ് ഫലം വന്നതിനുശേഷം തന്റെ ഭരണത്തുടർച്ച സാധ്യമാകുമെന്ന സൂചന ലഭിച്ച വേളയിൽ കാർണി നടത്തിയ പ്രസംഗം കാനഡയുടെ യുഎസ് കൂട്ടിച്ചേർക്കലിനെതിരായ പ്രതികരണങ്ങൾ നിറഞ്ഞതായിരുന്നുവെന്നതിൽ നിന്ന് അക്കാര്യം വ്യക്തമാണ്. കാനഡ എന്നും ശക്തവും സ്വതന്ത്രവുമായിരിക്കുമെന്നും ഇത് കാനഡയാണ്, ഇവിടെ എന്താണ് സംഭവിക്കേണ്ടതെന്ന് ഞങ്ങൾ തീരുമാനിക്കുമെന്നുമായിരുന്നു അദ്ദേഹത്തിന്റെ ആദ്യ പ്രസ്താവന. കാനഡ ചരിത്രത്തിലെ ഒരു നിർണായക നിമിഷത്തിലാണ്. ഉറച്ച സഖ്യകക്ഷിയായി യുഎസിനെ ഇനി ആശ്രയിക്കാൻ ഉദ്ദേശിക്കുന്നില്ല. യുഎസുമായുള്ള ഞങ്ങളുടെ ശക്തമായ ബന്ധം അവസാനിച്ചു. അമേരിക്കയ്ക്ക് നമ്മെ സ്വന്തമാക്കാൻ കഴിയുന്ന തരത്തിൽ പ്രസിഡന്റ് ട്രംപ് നമ്മെ തകർക്കാൻ ശ്രമിക്കുകയാണ്. അത് ഒരിക്കലും അനുവദിക്കില്ല. ട്രംപുമായി ചർച്ച നടത്തുകയാണെങ്കിൽ രണ്ട് പരമാധികാര രാജ്യങ്ങൾ തമ്മിലുള്ള ഭാവി സാമ്പത്തിക, സുരക്ഷാ ബന്ധത്തെക്കുറിച്ച് ചർച്ച ചെയ്യാനായിരിക്കുമെന്നും കാർണി പറഞ്ഞു. വാഷിങ്ടണിൽ നിന്നുള്ള ഭീഷണികൾക്കിടയിൽ കാനഡയുടെ ഐക്യത്തിന്റെ പ്രാധാന്യമാണ് തെരഞ്ഞെടുപ്പിൽ കാർണിയും ലിബറൽ പാർട്ടിയും പ്രധാന പ്രചരണായുധമാക്കിയത്. ട്രൂഡോ രാജിവച്ചതിനെ തുടർന്ന് മാർച്ച് 15നായിരുന്നു പൊതുവേ രാഷ്ട്രീയ പുതുമുഖമായ കാർണി അധികാരത്തിലെത്തുന്നത്. ജീവിതച്ചെലവിലെ വര്‍ധനയും കുടിയേറ്റക്കാരുടെ പ്രശ്നങ്ങളും സൃഷ്ടിച്ച പ്രതിസന്ധിയാണ് ജസ്റ്റിൻ ട്രൂഡോയുടെ പുറത്തുപോക്കിന് പ്രധാന കാരണമായത്. ട്രൂഡോയുടെ ജനപ്രീതിയിലുണ്ടായ ഇടിവ് മുതലെടുക്കാമെന്നായിരുന്നു പൊയിലീവ്രെയും അദ്ദേഹത്തിന്റെ പാർട്ടിയും പ്രതീക്ഷിച്ചിരുന്നത്. എന്നാൽ ശക്തമായ ദേശീയ വികാരമുണർത്താൻ സാധിച്ചതിലൂടെ അതിനെ മറികടക്കാൻ പുതിയ പ്രധാനമന്ത്രി കാർണിക്കായി. കൂടാതെ പുതുമുഖമെന്ന ആനുകൂല്യവും അദ്ദേഹത്തിന് ജനങ്ങൾ നൽകിയെന്നുവേണം കരുതാൻ. സാമ്പത്തിക മേഖലയിൽ മാത്രം പ്രവർത്തിച്ച് പരിചയമുള്ള കാർണി പെട്ടെന്നാണ് കാനഡയുടെ ഭരണ നേതൃത്വത്തിലെത്തുന്നത്. വിദ്യാഭ്യാസത്തിന് ശേഷം ഗോൾഡ്മാൻ സാച്ചസിൽ വിവിധ പദവികൾ വഹിച്ചതിനുശേഷമാണ് 2003ൽ അദ്ദേഹം ബാങ്ക് ഓഫ് കാനഡയിൽ ഡെപ്യൂട്ടി ഗവർണറാകുന്നത്. പിന്നീട് കാനഡ ധനകാര്യ വകുപ്പിന്റെ സീനിയർ അസോസിയേറ്റ് ഡെപ്യൂട്ടി മന്ത്രി, 2008 മുതൽ 2013 വരെ ബാങ്ക് ഓഫ് കാനഡയുടെ ഗവർണർ, 2013 മുതൽ 2020 വരെ ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ ഗവർണർ, 2011 മുതൽ 2018 വരെ ഫിനാൻഷ്യൽ സ്റ്റെബിലിറ്റി ബോർഡിന്റെ ചെയർമാൻ തുടങ്ങിയ ചുമതലകളാണ് അദ്ദേഹം വഹിച്ചത്. കോവിഡ് 19 മഹാമാരിക്കാലത്ത് പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ അനൗപചാരിക ഉപദേഷ്ടാക്കളിൽ ഒരാളായിരുന്നു.
2024 സെപ്റ്റംബറിലാണ് അദ്ദേഹത്തിന്റെ ഔപചാരിക രാഷ്ട്രീയ പ്രവേശമുണ്ടാകുന്നത്. ലിബറൽ പാർട്ടിയുടെ സാമ്പത്തിക വളർച്ചാ കര്‍മ്മസമിതിയുടെ ചെയർമാൻ പദവിയായിരുന്നു ആദ്യ രാഷ്ട്രീയ ചുമതല. ജനവികാരം ശക്തമായ എതിരാകുകയും പ്രതിപക്ഷ പ്രതിഷേധം വ്യാപകമാകുകയും ചെയ്യ പശ്ചാത്തലത്തിൽ ഈ വർഷം ജനുവരിയിൽ, ട്രൂഡോ രാജി പ്രഖ്യാപിച്ചതിനെത്തുടർന്നാണ് കാർണിയുടെ ഭാവി തെളിയുന്നത്. പുതിയ പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കുന്നതിനുവേണ്ടിയുള്ള അന്വേഷണത്തിനിടെ കാർണിക്ക് മുൻഗണന ലഭിക്കുകയും മാർച്ച് 15ന് പ്രധാനമന്ത്രിയാകുകയുമായിരുന്നു. മുൻകാല രാഷ്ട്രീയ അനുഭവപരിചയം കുറവായിരുന്നുവെങ്കിലും നിലവിലെ സാഹചര്യങ്ങൾ മുതലെടുക്കാമെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിൽ പ്രധാനമന്ത്രിയായതിന് തൊട്ടുപിന്നാലെ, കാർണി ചെയ്തത് പാർലമെന്റ് പിരിച്ചുവിടാനും തെരഞ്ഞെടുപ്പ് നടപടികൾ ആരംഭിക്കാനും ഗവർണർ ജനറലിനോട് ഉപദേശിക്കുകയായിരുന്നു. ഈ വർഷം അവസാനമാസങ്ങളിൽ നടക്കേണ്ടിയിരുന്ന തെരഞ്ഞെടുപ്പാണ് നേരത്തെയാക്കിയത്. പ്രസ്തുത തന്ത്രം വിജയിക്കുകയും തനിച്ച് ഭൂരിപക്ഷം ലഭിച്ചില്ലെങ്കിലും മുൻ തെരഞ്ഞെടുപ്പിലെന്നതുപോലെ അധികാരം കൈക്കലാക്കുന്നതിന് കാർണിയുടെ സഖ്യത്തിന് സാധിക്കുകയും ചെയ്തു. 2015 മുതൽ തുടർച്ചയായ നാലാം തവണയാണ് ലിബറൽ പാർട്ടി അധികാരത്തിലെത്തുന്നത്.
ജനുവരിയിലെ അഭിപ്രായ വോട്ടെടുപ്പിൽ ലിബറൽ പാർട്ടിയെക്കാൾ 25 ശതമാനം വോട്ടുകൾക്ക് മുന്നിലായിരുന്ന കൺസർവേറ്റീവ് പാർട്ടിക്ക് അധികാരം കരസ്ഥമാക്കാനായില്ലെങ്കിലും മുൻ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് 20ലധികം സീറ്റുകൾ കൂടുതൽ നേടാനായി. പക്ഷേ പാർട്ടിയുടെ മുൻനിര നേതാവും അധികാരത്തിലെത്തിയാൽ പ്രധാനമന്ത്രിയാകുമെന്ന് പ്രതീക്ഷിച്ചിരുന്ന വ്യക്തിയുമായ പിയറി പൊയിലീവ്രെയുടെ പരാജയം കനത്ത ആഘാതമായി. 2004 മുതൽ കൈവശം വച്ചിരുന്ന സീറ്റ് നഷ്ടപ്പെട്ടു. തെരഞ്ഞെടുപ്പ് ഫലം വന്നതിനുശേഷം തന്റെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തുമെന്ന് പൊയിലീവ്രെ പ്രഖ്യാപിച്ചിരിക്കുകയാണ്. എന്നാൽ ഇത് പാര്‍ട്ടിക്കകത്ത് സംഘര്‍ഷങ്ങള്‍ സൃഷ്ടിച്ചേക്കുമെന്നും അതുകൊണ്ടുതന്നെ സമ്മര്‍ദത്തെ തുടര്‍ന്ന് അദ്ദേഹം തുടരുമെന്നുമാണ് കരുതപ്പെടുന്നത്. സർക്കാരിന് ബദലുകള്‍ നിര്‍ദേശിക്കുകയും ഉത്തരവാദിത്ത നിര്‍വഹണത്തില്‍ വീഴ്ചയുണ്ടായാല്‍ വിമര്‍ശിക്കുകയും ചെയ്യുമെങ്കിലും യുഎസ് പ്രസിഡന്റ് ട്രംപ് അടിച്ചേല്പിക്കുന്ന താരിഫുകള്‍ക്കും ഭീഷണികള്‍ക്കുമെതിരെ ഒന്നിച്ചുനില്‍ക്കുമെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. രാജ്യത്തുടനീളമുള്ള ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്തുന്നതിനുള്ള പോരാട്ടങ്ങള്‍ തുടരുമെന്നും അദ്ദേഹം പ്രഖ്യാപിക്കുന്നു.
ന്യൂ ഡെമോക്രാറ്റിക് പാർട്ടി (എൻഡിപി) നേതാവായ ജഗ്മീത് സിങ്ങിനും പരാജയം നുണയേണ്ടിവന്നു. ഇതുവരെയില്ലാത്ത ഏറ്റവും മോശം ഫലമാണ് എൻഡിപിക്കുണ്ടായത്. വികാരഭരിതമായ പ്രസംഗത്തിൽ സിങ് താൻ നേതാവ് സ്ഥാനം രാജിവയ്ക്കുമെന്ന് പ്രഖ്യാപിച്ചു. കാനഡയില്‍ നടന്ന തെരഞ്ഞെടുപ്പ് ഇന്ത്യയെ സംബന്ധിച്ച് നിര്‍ണായകമാണ്. സമീപകാലത്ത് പ്രത്യേകിച്ച് ട്രൂഡോയുടെ അവസാനകാലത്ത് ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്ര ബന്ധത്തില്‍ ഉലച്ചിലുണ്ടായിരുന്നു. അതേസമയം പഠനത്തിനും തൊഴിലിനും നിരവധി ഇന്ത്യക്കാര്‍ ആശ്രയിക്കുകയും വ്യാപാര വാണിജ്യ ബന്ധം നിലനില്‍ക്കുകയും ചെയ്യുന്ന രാജ്യവുമാണ് കാനഡ. നാലേകാല്‍ ലക്ഷത്തോളം ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ അവിടെ പഠിക്കുന്നുവെന്നാണ് കണക്ക്. ഇവരിലൂടെയും ഇന്ത്യക്കാരുടെ തൊഴിലിലൂടെയും 70,000 കോടിയോളം രൂപയുടെ വിനിമയം നടക്കുന്നുണ്ട്. കുടിയേറ്റ നിയമത്തില്‍ കാര്‍ക്കശ്യം പുലര്‍ത്തുന്നുവെങ്കിലും ഈ സാമ്പത്തിക യാഥാര്‍ത്ഥ്യങ്ങള്‍ കാര്‍ണിക്ക് അവഗണിക്കാനാകില്ല. കാര്‍ണിയുടെ വിജയത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി അഭിനന്ദിച്ചതും ഇന്ത്യയുമായി മികച്ച ബന്ധം തുടരുമെന്ന് കാര്‍ണി പ്രതികരിച്ചതും മഞ്ഞുരുക്കുമോ എന്ന് കണ്ടറിയേണ്ടതാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.