7 December 2025, Sunday

കരുതൽ തുടരും

കെ എന്‍ ബാലഗോപാല്‍ 
(ധനകാര്യ വകുപ്പ് മന്ത്രി)
October 31, 2025 4:34 am

നവകേരള സൃഷ്ടിക്കായ് സംസ്ഥാന സർക്കാർ ഏറ്റെടുത്ത വിപുലമായ പ്രവർത്തനങ്ങളുടെ അടിസ്ഥാന ഘടകങ്ങളിലൊന്നാണ് സാധാരണക്കാരായ ജനങ്ങളുടെയും തൊഴിലാളി വിഭാഗങ്ങളുടെയും സംരക്ഷണം. ആ ലക്ഷ്യത്തിലേക്കുള്ള കർമ്മപദ്ധതിയുടെ തുടർ പരിപാടികളാണ് കഴിഞ്ഞ ദിവസം മന്ത്രിസഭായോഗം അംഗീകരിച്ചത്. സംസ്ഥാനത്തെ ഏതാണ്ട് എല്ലാ ജനവിഭാഗങ്ങളുടെയും വിവിധ ആനുകൂല്യങ്ങളുടെ വർധനവും സമയബന്ധിതമായ വിതരണവും ഉറപ്പാക്കുന്ന പ്രവർത്തന പദ്ധതിയാണ് തുടർന്ന് മുഖ്യമന്ത്രി അവതരിപ്പിച്ചത്. ക്ഷേമപെൻഷൻ 2,000 രൂപയായി വർധിപ്പിച്ചിരിക്കുകയാണ്. വീട്ടമ്മമാർക്ക് പ്രതിമാസം 1000 രൂപ പെൻഷൻ ഏർപ്പെടുത്തി. തൊഴിലന്വേഷിക്കുന്ന യുവാക്കൾക്ക് പ്രതിമാസം 1000 രൂപ സ്കോളർഷിപ്പ് അനുവദിച്ചു. ഇത് രണ്ടും കേരളത്തിന് പുതുമയാർന്ന പദ്ധതികളാണ്. ആശ, അങ്കണവാടി, പ്രീപ്രൈമറി, സ്കൂൾ പാചകത്തൊഴിലാളികൾ, സാക്ഷരതാ പ്രേരക്‌മാർ, ഗസ്റ്റ് ലക്ചറർമാർ ഉൾപ്പെടെയുള്ളവർക്ക് വേതനവർധനവ് നടപ്പിലാക്കി. കുടുംബശ്രീ എഡിഎസുകൾക്കുള്ള പ്രവർത്തന ഗ്രാന്റ് വർധിപ്പിച്ചു. സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ഒരു ഗഡു ഡിഎ/ഡിആർ കൂടി അനുവദിച്ചു. സംസ്ഥാന ജീവനക്കാരുടെ 11-ാം ശമ്പളപരിഷ്കരണ കുടിശികയുടെ മൂന്നും നാലും ഗഡുക്കൾ അനുവദിക്കാനും തീരുമാനിച്ചു. റബ്ബറിന്റെ താങ്ങുവില 200 രൂപയായി ഉയർത്തി. ഈ സർക്കാരിന്റെ കാലത്ത് റബ്ബർ സബ്സിഡിയിൽ 50 രൂപയുടെ വർധനവാണ് വരുത്തിയത്. നെല്ലിന്റെ താങ്ങുവില 30 രൂപയായി വർധിപ്പിച്ചു. കേന്ദ്രം നിശ്ചയിച്ചിരിക്കുന്നതിനേക്കാൾ വളരെ ഉയർന്ന തുകയാണ് സംസ്ഥാനം നൽകുന്നത്. കെട്ടിടനിർമ്മാണ തൊഴിലാളി ക്ഷേമനിധി അംഗങ്ങൾക്ക് കൊടുക്കാനുള്ള ഏതാണ്ട് ആയിരം കോടിയോളം രൂപയുടെ കുടിശികകൾ കൊടുത്തുതീർക്കാനുള്ള പ്രവർത്തന പദ്ധതിയും പ്രഖ്യാപിച്ചു. വിവിധ വിഭാഗങ്ങൾക്കുള്ള ആനുകൂല്യങ്ങൾ കുടിശികരഹിതമായി തന്നെ നൽകുകയാണ്. ആരോഗ്യവകുപ്പുമായി ബന്ധപ്പെട്ട ആരോഗ്യകിരണം, ശ്രുതിതരംഗം പദ്ധതികൾക്കുള്ള തുകകളും പൂർണമായും നൽകുന്നു. മരുന്ന് വിതരണം, വിലക്കയറ്റ വിരുദ്ധ നടപടികൾ, നെല്ല് സംഭരണം, റേഷൻ വിതരണം, മരാമത്ത് പ്രവൃത്തികൾ തുടങ്ങിയവയ്ക്കെല്ലാം മതിയായ സാമ്പത്തിക വകയിരുത്തൽ ഉറപ്പാക്കുന്നു. 1000 കോടി രൂപ അടങ്കലിൽ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതി പുരോഗമിക്കുകയാണ്. ഒരുമാസത്തിനുള്ളിൽ ഏതാണ്ട് 4,200ൽപ്പരം ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണവും നവീകരണവും പൂർത്തീകരിക്കുകയാണ്.
അവശജനവിഭാഗങ്ങൾക്ക് സഹായകമായ വയോമിത്രം, സ്നേഹപൂർവം, ആശ്വാസകിരണം, സ്നേഹസ്പർശം, മിഠായി തുടങ്ങിയ സാമൂഹിക സുരക്ഷാ പദ്ധതികൾക്കുള്ള ധനസഹായങ്ങളും സമയബന്ധിതമായി തീർക്കുകയാണ്. 

പ്രവാസികൾ, ഖാദി, കരകൗശലം, ഈറ്റ, മുള, തോട്ടം തൊഴിലാളികൾ മരം കയറുന്നവർ, വൃദ്ധസദനത്തിലുള്ള കൗൺസിലർമാർ തുടങ്ങിയവർക്കുള്ള ആനുകൂല്യങ്ങളും ഉറപ്പാക്കുന്നു. പരമ്പരാഗത തൊഴിലാളികളുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന സുരഭി, ഹാൻവീവ്, ഹാൻടെക്സ് തുടങ്ങിയ സ്ഥാപനങ്ങൾക്കാവശ്യമായ സാമ്പത്തിക പിന്തുണയും ഉറപ്പാക്കുകയാണ്. ഇതൊക്കെയാണ് ഈ സർക്കാരിന്റെ മുൻഗണനകൾ. ഇടതുപക്ഷ ജനാധിപത്യമുന്നണി പ്രകടനപത്രികയിലെ വാഗ്ദാനങ്ങൾ ഓരോന്നായി പൂർത്തീകരിക്കപ്പെടുകയാണ്. കേരളത്തിലെ സാധാരണ കുടുംബത്തിലെ മൂന്ന് തലമുറയിൽപ്പെട്ട ആളുകളിലേക്കും സർക്കാരിന്റെ ക്ഷേമം നേരിട്ടെത്തുന്നു. മുത്തശ്ശനും മുത്തശ്ശിയ്ക്കും 2,000 രൂപ ക്ഷേമപെൻഷൻ, അമ്മയ്ക്ക് 1000 രൂപ സ്ത്രീസുരക്ഷാ പെൻഷൻ, മക്കൾക്ക് 1,000 രൂപ വീതം സ്കോളർഷിപ്പ് സഹായം ഉൾപ്പെടെ ആറായിരമോ ഏഴായിരമോ രൂപവരെ ഒരു വീട്ടിലേക്ക് എത്തുകയാണ്. ഇതിനുപുറമേയാണ് സർക്കാരിന്റെ വിപുലമായ വിപണി ഇടപെടലിന്റെ ഭാഗമായ വിലക്കുറവിന്റെ നേട്ടവും കുടുംബ ബജറ്റിലേക്ക് എത്തുന്നത്. ഇത്രയും വിപുലവും ബൃഹത്തുമായ ക്ഷേമപ്രവർത്തനങ്ങൾ മറ്റൊരു സംസ്ഥാനത്തുമില്ല.
ഏതാണ്ട് 62 ലക്ഷത്തോളം പേര്‍ക്ക് പ്രതിമാസം 2,000 രൂപ ക്ഷേമപെൻഷൻ നൽകുന്നതിനായി പ്രതിവർഷം വേണ്ടിവരുന്നത് 13,000 കോടിയോളം രൂപയാണ്. എൽഡിഎഫ് തുടർ സർക്കാർ കാലാവധി പൂർത്തിയാക്കുമ്പോഴേക്കും അഞ്ചുവർഷംകൊണ്ട് ജനങ്ങൾക്ക് നൽകിയ പെൻഷൻ തുക 50,000 കോടി രൂപ കടക്കും. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി നടത്തിയ പ്രഖ്യാപനങ്ങൾ പൂർത്തീകരിക്കാൻ മാത്രം ഈ വർഷം അധികമായി വേണ്ടിവരുന്നത് 10,000 കോടി രൂപയാണ്. സ്ത്രീസുരക്ഷാ പെൻഷൻ പദ്ധതിക്ക് 3,800 കോടി, സാമൂഹ്യസുരക്ഷാ പെൻഷൻ വർധനയ്ക്ക് 2,800 കോടി, യുവതലമുറയ്ക്ക് കണക്ട് ടു വർക്ക് സ്കോളർഷിപ്പിന് 600 കോടി രൂപ ഉൾപ്പെടെയാണിത്.
ഈ ചെലവുകൾ നിർവഹിക്കാനുള്ള പണം സർക്കാർ എങ്ങനെ കണ്ടെത്തുമെന്നാണ് പ്രതിപക്ഷം ഉൾപ്പെടെയുള്ള ചിലരുടെ സംശയം. ചില മാധ്യമങ്ങളും സംശയം ഉയർത്തിയിട്ടുണ്ട്. എല്ലാവരോടും ഒന്നുമാത്രമേ പറയാനുള്ളൂ. എൽഡിഎഫ് സർക്കാർ ചെയ്യാൻ കഴിയുന്നത് മാത്രമേ പറയാറുള്ളൂ. പറയുന്നതെല്ലാം ചെയ്യുകയും ചെയ്യും. ഇടക്കാല ബജറ്റിലല്ല ഇപ്പോഴത്തെ പ്രഖ്യാപനങ്ങൾ നടത്തിയിട്ടുള്ളത്. ഒരു സാമ്പത്തിക വർഷത്തിന്റെ പകുതിയോളം കാലം അവശേഷിക്കെ ഇക്കാലയളവിനുള്ളിൽ നടപ്പിലാക്കാൻ കഴിയുമെന്ന് ഉറപ്പുള്ള പദ്ധതികളാണ് പറഞ്ഞിട്ടുള്ളത്. 2016 മുതലുള്ള തുടർ സർക്കാരുകളുടെ കാലത്ത് എൽഡിഎഫ് പ്രകടനപത്രികയുടെ പ്രോഗ്രസ് റിപ്പോർട്ട് ഓരോ വർഷവും അഭിമാനപൂർവം ജനങ്ങളുടെ മുന്നിൽ സമർപ്പിച്ചിരുന്നു. സർക്കാർ പറഞ്ഞ ഓരോ കാര്യങ്ങളുടെയും പുരോഗതി സംബന്ധിച്ച വ്യക്തമായ വിവരങ്ങൾ ജനങ്ങളെ അറിയിച്ചുകൊണ്ടാണ് മുന്നോട്ടുപോകുന്നത്. 

ഈ സർക്കാരിന്റെ ഒന്നാമത്തെയും പ്രധാനപ്പെട്ടതുമായ മുൻഗണന വികസനവും ക്ഷേമവുമാണ്. ഇടതുസർക്കാർ പാവങ്ങളുടെ സർക്കാരാണ്. സാധാരണക്കാരുടെ ഹൃദയങ്ങളിലാണ് ഇടതുപക്ഷം കുടികൊള്ളുന്നത്. പണിയെടുക്കുകയും കഷ്ടപ്പെടുകയും ചെയ്യുന്ന മനുഷ്യർക്കുവേണ്ടിയുള്ള രാഷ്ട്രീയമാണ് ഇടതുപക്ഷം. ആ ഇടതുപക്ഷം മുന്നോട്ടുവയ്ക്കുന്ന ഏറ്റവും വലിയ ബദലാണ് കേരളത്തിലെ വിപുലമായ ക്ഷേമപ്രവർത്തനങ്ങൾ. അഞ്ചുലക്ഷം പാവപ്പെട്ട മനുഷ്യർക്ക് വീടുകൾ വച്ചുനൽകിയും, 42 ലക്ഷം കുടുംബങ്ങൾക്ക് പ്രതിവർഷം അഞ്ചുലക്ഷം രൂപയുടെ സൗജന്യചികിത്സ നൽകിയും നാം മുന്നോട്ടുപോകുകയാണ്.
2025 നവംബർ ഒന്നിന് കേരളത്തിലെ 64,006 അതിദരിദ്ര കുടുംബങ്ങളെ ദാരിദ്ര്യാവസ്ഥയിൽനിന്ന് വിമോചിപ്പിച്ചതിന്റെ പ്രഖ്യാപനം മുഖ്യമന്ത്രി നിയമസഭയിൽ നടത്തുകയാണ്. ഇതെല്ലാം ചരിത്രമാണ്. ജനങ്ങളോട് പറഞ്ഞ എല്ലാ കാര്യങ്ങളും സമയബന്ധിതമായും കാര്യക്ഷമമായും ചെയ്തുതീർക്കുകയാണ് ഈ സർക്കാർ.
വികസനരംഗത്തും കേരളം കുതിക്കുകയാണ്. വിഴിഞ്ഞം തുറമുഖവും പൂർത്തീകരണത്തിലേക്ക് അടുക്കുന്ന തെക്ക്-വടക്ക് ദേശീയപാതയും കേരളത്തെ വൈജ്ഞാനിക സമ്പദ്‌വ്യവസ്ഥയിലേക്ക് കൈപിടിച്ചുനടത്തുന്ന ഐടി/ഐടി അധിഷ്ഠിത വ്യവസായങ്ങളുടെ ശക്തിപ്പെടലും നാടിന്റെ ഭാവിയെ മാറ്റിമറിക്കാനുതകുന്നതാണ്. നാടിന്റെ ഭാവി മുൻനിർത്തിയുള്ള നിരവധി നിക്ഷേപങ്ങളും അടിസ്ഥാന സൗകര്യവികസനവും നാം സാധ്യമാക്കി. വികസന പ്രവർത്തനങ്ങൾ നടത്തുന്ന കിഫ്ബിക്ക് ആവശ്യമായ സാമ്പത്തിക പിന്തുണ ഉറപ്പാക്കുന്നതും സർക്കാരാണ്.
ഒരുവശത്ത് വികസന‑ക്ഷേമപ്രവർത്തനങ്ങൾ മുടങ്ങാതെ കൊണ്ടുപോകുമ്പോഴും മറുവശത്ത് കേന്ദ്രം ഉപരോധ സമാനമായ നടപടികൾ നമ്മോട് സ്വീകരിക്കുകയായിരുന്നു. സംസ്ഥാനത്തിന് ലഭിക്കേണ്ട ന്യായമായ നികുതിവിഹിതത്തിലും അർഹമായ കടമെടുപ്പുപരിധിയിലും വെട്ടിക്കുറവ് വരുത്തി. ഇതിലൂടെ ഓരോ വർഷവും കേരളത്തിന് ലഭിക്കേണ്ട 50,000 കോടി രൂപയെങ്കിലും നിഷേധിക്കപ്പെട്ടു. ഇതിനെതിരെ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഡൽഹിയിൽ ജനപ്രതിനിധികളും രാഷ്ട്രീയ നേതൃത്വവും സമരം ചെയ്യുകയുണ്ടായി. കൂടാതെ സുപ്രീം കോടതിയിൽ കേരളസർക്കാർ കേന്ദ്ര നിലപാടുകൾക്കെതിരെ കേസ് നൽകുകയുമുണ്ടായി. കേന്ദ്രത്തിന്റെ പുതിയ നയങ്ങൾ കേരളത്തിന്റെ ധനവിഭവങ്ങൾ വെട്ടിച്ചുരുക്കുന്നു എന്നത് ബോധ്യമായതിനെത്തുടർന്നാണ് ഹർജിയിൽ ഉന്നയിച്ച വിഷയങ്ങൾ ഭരണഘടനാ ബെഞ്ചിന്റെ പരിഗണനയ്ക്ക് വിടാൻ സുപ്രീം കോടതി തീരുമാനിച്ചത്.
സംസ്ഥാനത്തിന്റെ തനതുവരുമാനം അഞ്ചുവർഷംകൊണ്ട് 47,000 കോടിയിൽ നിന്ന് ഒരു ലക്ഷം കോടിയിലേക്ക് വളരുകയാണ്. ഏതാണ്ട് 100 ശതമാനത്തിന്റെ വർധന. സംസ്ഥാനത്തിന്റെ ബജറ്റ് വലുപ്പമാകട്ടെ രണ്ട് ട്രില്യണായി വളർന്നിരിക്കുന്നു. സംസ്ഥാനത്തിന്റെ പ്രതിവർഷ ശരാശരി ചെലവ് മുൻ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് 1.17 ലക്ഷം കോടി രൂപയായിരുന്നെങ്കിൽ ഈ സർക്കാരിന്റെ കാലത്ത് അത് 1.65 ലക്ഷം കോടി രൂപയായി വർധിച്ചു. വർധിതമായ സാമ്പത്തിക ഉത്തരവാദിത്തങ്ങൾ കാര്യക്ഷമമായി ഏറ്റെടുക്കാൻ സർക്കാരിന് കഴിഞ്ഞു. കേന്ദ്രത്തിന്റെ ബഹുമുഖമായ സാമ്പത്തിക നടപടികൾ ഒരുവശത്ത് പിന്നിലേക്ക് വലിക്കുമ്പോഴും നാം പിടിച്ചുനിന്നു.
കേരളം കൈവരിച്ച ഈ നേട്ടങ്ങളുടെയെല്ലാം ഒരു അടിസ്ഥാനം ഭരണത്തുടർച്ചയായിരുന്നു. വികസന പദ്ധതികൾ തുടർച്ചയോടെ മുന്നോട്ടുകൊണ്ടുപോകാനും സമഗ്രമായ ഒരു കാഴ്ചപ്പാടോടെ അത് പൂർത്തീകരിക്കാനും കഴിഞ്ഞത് ഈ തുടർച്ചയുടെ അടിസ്ഥാനത്തിലായിരുന്നു. കൂടുതൽ മികവോടെയും കരുത്തോടെയും കേരളത്തിന് മുന്നോട്ടുകുതിക്കേണ്ടതുണ്ട്. സർക്കാർ നടപ്പിലാക്കുന്നതും ആവിഷ്കരിച്ചതുമായ പദ്ധതികളുടെ പൂർത്തീകരണവും തുടർ പ്രവർത്തനങ്ങളും ഭാവികേരളത്തിന് ഏറ്റവും പ്രധാനപ്പെട്ടതാണ്. അതുകൊണ്ടുതന്നെ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ വികസന‑ക്ഷേമ പ്രവർത്തനങ്ങളും കരുതലും തുടരുക തന്നെ ചെയ്യും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.