1 January 2026, Thursday

വിദ്യാഭ്യാസ മേഖലയെ കാവിവല്‍ക്കരിക്കുന്ന കേന്ദ്ര നയം

എന്‍ അരുണ്‍
പ്രസിഡന്റ് എഐവൈഎഫ് സംസ്ഥാന കമ്മിറ്റി
July 16, 2025 4:16 am

കേരള സർവകലാശാല സെനറ്റ് ഹാളിൽ ശ്രീ പത്മനാഭ സേവാ സമിതി സംഘടിപ്പിച്ച സെമിനാറിൽ കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം ഉപയോഗിച്ചതിനെ തുടർന്ന് പരിപാടിക്ക് രജിസ്ട്രാർ അനുമതി നിഷേധിച്ചതുമായി ബന്ധപ്പെട്ട് ഗവർണർ സ്വീകരിച്ച നിലപാടുകൾ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ ഭരണാധികാരമുപയോഗിച്ച് നിയന്ത്രിക്കാനുള്ള കേന്ദ്ര ഗവൺമെന്റിന്റെ നയങ്ങളുടെ തുടർച്ച മാത്രമാണ്. സങ്കുചിത വർഗീയ രാഷ്ട്രീയത്തെ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ആർഎസ്എസ് തങ്ങളുടെ വിദ്വേഷ പ്രചരണത്തിന് എതിരാകുന്നതിനെയെല്ലാം നിർമൂലനം ചെയ്ത് അപരബോധനിർമ്മിതിയുടെ സാധ്യതകളെ പരമാവധി ഉപയോഗപ്പെടുത്തിക്കൊണ്ടുള്ള നയങ്ങളാണ് വിദ്യാഭ്യാസ മേഖലയിലടക്കം നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. ജനാധിപത്യ വിദ്യാഭ്യാസത്തിന്റെ ഉദാത്ത ലക്ഷ്യങ്ങളെയെല്ലാം പൊളിച്ചെഴുതി തൽസ്ഥാനത്ത് കമ്പോള വിദ്യാഭ്യാസ ക്രമം സ്ഥാപിച്ചെടുക്കാൻ 2014 മുതൽ പരിശ്രമിച്ചുകൊണ്ടിരിക്കുകയാണ്.
രാജ്യത്ത് വിദ്യാഭ്യാസത്തിനായി ചെലവഴിക്കുന്ന തുകയുടെ 74 ശതമാനവും വഹിക്കുന്നത് സംസ്ഥാനങ്ങളാണെന്നിരിക്കെ വിദ്യാഭ്യാസ മേഖലയിൽ സംസ്ഥാന അധികാരങ്ങളെ പൂർണമായും കവർന്നെടുക്കുന്ന വിധമാണ് കേന്ദ്ര സർക്കാർ പ്രവർത്തിക്കുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നടത്തിപ്പും, പാഠഭാഗങ്ങൾ നിർണയിക്കാനുള്ള അധികാരവും ഫെഡറൽ തത്വങ്ങൾക്ക് വിരുദ്ധമായി യൂണിയൻ ഗവണ്മെന്റിൽ കേന്ദ്രീകരിക്കപ്പെടുന്നു. 1961ൽ ആദ്യത്തെ ദേശീയോദ്ഗ്രഥന സമ്മേളനത്തിന് ആർഎസ്എസ് താത്വികാചാര്യൻ എം എസ് ഗോൾവാൾക്കർ അയച്ച കത്തിൽ നിന്ന് തന്നെ ഫെഡറൽ സംവിധാനത്തോടുള്ള അവരുടെ നിഷേധാത്മക സമീപനം വ്യക്തമാണ്. 

ഗോൾവാൾക്കറുടെ കത്തിൽ പറയുന്നത് ഇങ്ങനെയാണ്: “ഇന്നത്തെ ഫെഡറൽ സമ്പ്രദായത്തിലുള്ള ഭരണകൂടം വിഘടനവാദത്തിനുള്ള താല്പര്യം ജനിപ്പിക്കുകയും അതിനെ പരിപോഷിപ്പിക്കുകയും മാത്രമല്ല ചെയ്യുന്നത്. ഒരു രീതിയിൽ ഒരു രാഷ്ട്രം എന്ന വസ്തുതയെ അംഗീകരിക്കാൻ വിസമ്മതിക്കുകയും അത് രാഷ്ട്രത്തെ തകർക്കുകയും ചെയ്യുന്നു. അതിനെ മുഴുവൻ കടപുഴക്കി ഭരണഘടനയെ ശുദ്ധീകരിച്ചു ഏകതാന സ്വഭാവമുള്ള ഒരു ഭരണകൂടം സ്ഥാപിക്കണം.”
ആർഎസ്എസ് പ്രതിനിധികളെ സർവകലാശാലകളുടെയും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും അമരത്ത് പ്രതിഷ്ഠിക്കുക വഴി അവയെ തങ്ങളുടെ ഇംഗിതത്തിനനുസരിച്ച് മാത്രം പ്രവർത്തിക്കുന്ന സംവിധാനമാക്കി മാറ്റാനാണ് ശ്രമം.
പൂനെ ഫിലിം ആന്റ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ ഡയറക്ടറായി ഇൻഫർമേഷൻ ആന്റ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയം ഗജേന്ദ്ര ചൗഹാൻ എന്ന ടെലിവിഷൻ നടനെ നിയമിച്ചതിനെതിരെ 140ഓളം ദിവസം നീണ്ടുനിന്ന സമരം മുമ്പ് അരങ്ങേറിയത് ഓർക്കുന്നുണ്ടാകും.
1988–90ൽ സംപ്രേഷണം ചെയ്തിരുന്ന ‘മഹാഭാരത’ എന്ന സീരിയലിൽ യുധിഷ്ഠിര വേഷം ചെയ്ത ഗജേന്ദ്ര ചൗഹാനെ നിയമിച്ചത് ശാസ്ത്രീയ വീക്ഷണത്തെ തിരസ്കരിച്ച് വിജ്ഞാന വിരോധത്തിനും അയുക്തികതയ്ക്കും മേൽക്കെെ നൽകിക്കൊണ്ടായിരുന്നു.
ആർഎസ്എസിന്റെ വിദ്യാഭ്യാസ പ്രവർത്തനങ്ങളുടെ ചുമതലക്കാരനായ ജെ എസ് രാജ്പുത്ത് എൻസിഇആർടി ഡയറക്ടറായതും 2014ൽ ചരിത്രഗവേഷണ കൗൺസിലിന്റെ അധ്യക്ഷനായി വൈ സുദർശനറാവു നിയമിതനായതും സാമൂഹ്യശാസ്ത്ര ഗവേഷണ കൗൺസിലിന്റെ അധ്യക്ഷനായി ബ്രിജ്ബിഹാറി കുമാറിനെ തെരഞ്ഞെടുത്തതുമെല്ലാം തന്നെ സംഘ്പരിവാറിന്റെ വിദ്യാഭ്യാസ മേഖലയിലെ കാവിവൽക്കരണ അജണ്ടയുടെ ഭാഗം തന്നെ.
രാജ്യത്ത് വളർന്നുവരുന്ന തലമുറ പഠിക്കേണ്ട ചരിത്രം തങ്ങളുടെ രാഷ്ട്രീയ താല്പര്യങ്ങൾക്കനുസരിച്ചായിരിക്കണമെന്ന ഹിഡൻ അജണ്ടയുടെ ഭാഗമായി സിലബസ് പുനഃസംഘാടനത്തിന്റെ മറവിൽ എൻസിഇആർടി സ്കൂൾ പാഠ്യപദ്ധതിയിൽ വരുത്തുന്ന മാറ്റങ്ങൾ ഭൂതകാലത്തെ സംബന്ധിച്ചുള്ള മിഥ്യാബോധത്തെ പ്രതിഷ്ഠിക്കാനുള്ള ശ്രമങ്ങളാണ്. 

പന്ത്രണ്ടാം ക്ലാസിലെ “സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ രാഷ്ട്രീയം” എന്ന രാഷ്ട്രമീമാംസ പുസ്തകത്തിൽ മഹാത്മാഗാന്ധിയെക്കുറിച്ച് പരാമർശിക്കുന്ന ഭാഗത്തുനിന്നും “പാകിസ്ഥാൻ മുസ്ലിങ്ങളുടെ രാജ്യമെന്നതുപോലെ, ഇന്ത്യ തങ്ങളുടെ രാജ്യമായി മാറണമെന്നാഗ്രഹിച്ച, പ്രതികാര വാഞ്ചയുള്ള ഹിന്ദുക്കൾ ഗാന്ധിയെ ഇഷ്ടപ്പെട്ടിരുന്നില്ല. മുസ്ലിങ്ങളോടും പാകിസ്ഥാനോടും, അനുതാപത്തോടെയാണ് ഗാന്ധി പെരുമാറിയതെന്ന ആരോപണം അവർ ഉയർത്തി”. “ഗാന്ധിവധം രാജ്യത്തിലെ വർഗീയ സാഹചര്യത്തിൽ കാര്യമായ മാറ്റങ്ങൾ വരുത്തി. വിഭജനം ഉയർത്തിയ സംഘർഷഭരിതമായ സാഹചര്യത്തിന് അന്ത്യമായി. വർഗീയത പരത്തുന്ന സംഘടനകൾക്കെതിരെ ശക്തമായ നടപടികളുമായി സർക്കാർ മുന്നോട്ടു പോയി. രാഷ്ട്രീയ സ്വയം സേവക സംഘം പോലുള്ള സംഘടനകളെ നിരോധിച്ചതിന്റെ ഫലമായി, വർഗീയ രാഷ്ട്രീയത്തെ ജനങ്ങൾ വെറുക്കുന്ന നിലയുണ്ടായി”. തുടങ്ങിയ ഭാഗങ്ങൾ നീക്കം ചെയ്തു.
ആർഎസ്എസ് നേതാവ് ദിനാനാഥ് ബത്ര മുമ്പ് എൻസിഇആർടിക്ക് അയച്ച കത്തിൽ പാഠപുസ്തകത്തിൽ നിന്ന് എം എഫ് ഹുസൈന്റെ ജീവചരിത്രവും രബീന്ദ്രനാഥ ടാഗോറിന്റെ രചനകളും ഒഴിവാക്കണമെന്നതടക്കം വിവിധ ആവശ്യങ്ങൾ ഉന്നയിക്കുകയുണ്ടായി.
വിദ്യാഭ്യാസത്തിന്റെ ഉള്ളടക്കവും നടത്തിപ്പും അധികാര വർഗത്തിന്റെ നിയന്ത്രണത്തിലാക്കി രാജ്യത്തിന്റെ വൈവിധ്യത്തെയും ജനാധിപത്യഘടനയെയും ബാധിക്കുന്ന വിഷയങ്ങളെ ഘട്ടംഘട്ടമായി നീക്കം ചെയ്യുന്ന സമീപനം സ്വീകരിക്കുകയാണ്. 12–ാം ക്ലാസ് പൊളിറ്റിക്കൽ സയൻസിന്റെ ‘സ്വാതന്ത്ര്യത്തിന് ശേഷമുള്ള ഇന്ത്യൻ രാഷ്ട്രീയം’ എന്ന പാഠപുസ്തകത്തിൽനിന്ന് ‘ബാബറി മസ്ജിദി‘നെ വെട്ടിമാറ്റിയിട്ടുണ്ട്.
മസ്ജിദിനെ ‘താഴികക്കുടമുള്ള കെട്ടിടം’ എന്ന് വിശേഷിപ്പിക്കുന്ന പാഠഭാഗം ബാബറി മസ്ജിദ് ധ്വംസനത്തെയും ബിജെപിയുടെ രഥയാത്രയെയും അനന്തരമുള്ള വർഗീയ കലാപത്തെയും വിസ്മരിക്കുന്നു. സിബിഎസ്ഇ, ഐസിഎസ്ഇ സിലബസുകളിൽ പ്ലസ‌്ടുവരെ സാമൂഹ്യ ശാസ്ത്ര പാഠപുസ്തകങ്ങളിൽ ഇന്ത്യ എന്നതിന് പകരം ഭാരതം എന്ന് പഠിപ്പിച്ചാൽ മതിയെന്നും പ്രസ്താവിക്കുകയുണ്ടായി. 

ഏഴാം ക്ലാസ് സാമൂഹിക പാഠപുസ്തകത്തിൽ നിന്ന് മുഗൾ രാജാക്കന്മാരെ കുറിച്ചുള്ള അധ്യായം ഒഴിവാക്കി പകരം മഗധ, മൗര്യ, ശതവാഹന തുടങ്ങിയ പുരാതന ഇന്ത്യൻ രാജവംശങ്ങളെ കുറിച്ചുള്ള അധ്യായങ്ങളാണ് ചേർത്തിരിക്കുന്നത്. ഡൽഹിയിലെ മുസ്ലിം ഭരണാധികാരികളെ കുറിച്ചുള്ള പാഠഭാഗവും ഒഴിവാക്കി.
യുദ്ധങ്ങളിലും പടയോട്ടങ്ങളിലും പള്ളികളും ക്ഷേത്രങ്ങളും കൊട്ടാരങ്ങളും കോട്ടകളും നശിപ്പിക്കപ്പെടുകയോ തകർക്കപ്പെടുകയോ ഒക്കെ ചെയ്തിട്ടുണ്ടെന്നിരിക്കെ അത്തരം പ്രവർത്തനങ്ങൾക്ക് മത ലേബൽ നൽകി മുസ്ലിങ്ങൾ വൈദേശികരും പുറന്തള്ളപ്പെടേണ്ടവരുമാണെന്ന ധാരണ സൃഷ്ടിച്ചെടുക്കുകയും ഭാവി ഇന്ത്യയെ നിർവചിക്കാൻ പ്രാപ്തമായ തലമുറയെ ഹിന്ദുത്വത്തിന്റെ അതിർത്തിക്കുള്ളിൽ നിർത്തി നിർവചിക്കുകയും ചെയ്യുകയാണ്.
ആവശ്യമായ വലിയ കളവ് പറഞ്ഞശേഷം നിങ്ങൾ ആവർത്തിച്ചുകൊണ്ടിരുന്നാൽ, അവസാനം ജനമത് വിശ്വസിക്കുന്ന അവസ്ഥയിലെത്തിച്ചേരുമെന്ന ഗീബൽസിയൻ തന്ത്രത്തെ സമർത്ഥമായി പയറ്റുകയാണ് സംഘ്പരിവാർ ചെയ്യുന്നത്. ഒമ്പത്, പത്ത് ക്ലാസുകളിലെ ശാസ്ത്ര പാഠപുസ്തകങ്ങളിൽ നിന്നും, ചാൾസ് ഡാർവിന്റെ പരിണാമ സിദ്ധാന്തം ഒഴിവാക്കിയിരിക്കുന്നു. വിദ്യാഭ്യാസത്തെ ശാസ്ത്രീയമായി വികസിപ്പിക്കുന്നതിനു പകരം പാരമ്പര്യത്തിലേക്ക് ചുരുക്കാനാണ് വികലമായ ചരിത്രത്തെയും അവയെ പരിപോഷിപ്പിക്കുന്ന സംസ്കാരത്തെയും കടത്തിവിടാൻ ശ്രമിക്കുന്നത്.
പാഠ്യപദ്ധതികളിൽനിന്ന് മുഗൾ കാലഘട്ട ചരിത്രം ഒഴിവാക്കി പുരാണങ്ങളും ഐതിഹ്യങ്ങളും ആധികാരിക സംഭവങ്ങളെന്ന നിലയിൽ ഉൾപ്പെടുത്തിക്കൊണ്ട് മുമ്പ് സൃഷ്ടിച്ച വിവാദം ഇതുവരെ കെട്ടടങ്ങിയിട്ടില്ല. പതിനൊന്നാം ക്ലാസിലെ പൊളിറ്റിക്സ് പാഠപുസ്തകത്തിൽ നിന്നും ഇന്ത്യയുടെ പ്രഥമ വിദ്യാഭ്യാസ മന്ത്രിയായ മൗലാനാ അബുൾകലാം ആസാദിനെ ഒഴിവാക്കിയും ജമ്മു കശ്മീരിനെ സംബന്ധിച്ചുള്ള പരാമർശങ്ങളിൽ തിരുത്തലുകൾ വരുത്തിയും ജനാധിപത്യത്തെയും ജനകീയ സമരങ്ങളെയും സംബന്ധിച്ചുള്ള അധ്യായങ്ങൾ പത്താംതരം പാഠപുസ്തകത്തിൽ നിന്ന് നീക്കംചെയ്തുമുള്ള വെറുപ്പിന്റെയും അന്യവൽക്കരണത്തിന്റെയും സിദ്ധാന്തത്തെ കൂടുതൽ കരുത്തോടെ പ്രയോഗവല്‍ക്കരിക്കുക തന്നെയാണ് കേന്ദ്രം ചെയ്യുന്നത്.
ഏറ്റവും ഒടുവിൽ ഗവർണറെ ഉപയോഗിച്ചുകൊണ്ടുള്ള രാഷ്ട്രീയ നീക്കങ്ങൾക്ക് പിന്നിലും ആർഎസ്എസ് വീക്ഷണങ്ങൾക്കനുസൃതമായ വിധം വിദ്യാഭ്യാസക്രമത്തെ മാറ്റുകയെന്ന ലക്ഷ്യമല്ലാതെ മറ്റൊന്നുമല്ല. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.