
2014ൽ അധികാരത്തിലെത്തിയ മോഡി സർക്കാർ ഇന്ത്യയിലെ തൊഴിലാളികളുടെ അവകാശങ്ങൾ ഒന്നൊന്നായി നിഷേധിക്കാനുള്ള നടപടികൾ ആരംഭിച്ചു. ലോകമാന്യ തിലകൻ, ലാലാ ലജ്പത് റോയി എന്നീ സ്വാതന്ത്യ്ര സമര നേതാക്കന്മാരുടെ നേതൃത്വത്തിൽ നടന്ന നിരവധി സമര പോരാട്ടങ്ങളിലൂടെ ബ്രിട്ടീഷ് ഭരണകൂടത്തെ മുട്ടുകുത്തിച്ച് തൊഴിലാളികൾ നേടിയെടുത്ത ട്രേഡ് യൂണിയൻ അവകാശങ്ങളുടെ നേർക്കാണ്, സ്വാതന്ത്യ്രത്തിന്റെ 75-ാം അമൃതവർഷാഘോഷങ്ങളുടെ ആരവങ്ങൾക്കിടയിൽ മോഡി സർക്കാർ വാളോങ്ങി നില്‍ക്കുന്നത്. താൻ റെയിൽവേ സ്റ്റേഷനിൽ ചായ വിറ്റുനടന്ന ഒരു തൊഴിലാളിയാണെന്നവകാശപ്പെടുന്ന മോഡിയിൽ നിന്ന് ഇത്തരം നീചമായ ഒരു സമീപനം തൊഴിലാളികൾ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. സംഘ്പരിവാര്‍ തൊഴിലാളി സംഘടനയായ ബിഎം എസ് പോലും സർക്കാരിന്റെ ഈ സമീപനത്തിനെതിരെ അണിനിരന്നുവെന്നതും ശ്രദ്ധേയമായി. തൊഴിലാളികൾക്ക് സംഘടിക്കാനും സമരം ചെയ്യാനുമുള്ള അവകാശം കോടതികൾ പോലും ചോദ്യം ചെയ്തിട്ടില്ല. കാരണം തൊഴിലാളികളുടെ ജനാധിപത്യ അവകാശങ്ങൾ ഭരണഘടനാ വാഗ്ദാനമാണ്. അതാകട്ടെ എണ്ണമറ്റ സമരങ്ങളിലൂടെ നേടിയെടുത്തതും. മൗലികമായ ഇത്തരം അവകാശങ്ങളെ ചോദ്യം ചെയ്യാനും നിഷേധിക്കാനും ലോക മുതലാളിത്ത ഭരണകൂടങ്ങൾ പോലും ധൈര്യപ്പെടുന്നില്ല. ആഗോള മൂലധനശക്തികൾക്കെതിരെ അണിനിരക്കുന്ന ഏകശക്തിയാണ് ലോക തൊഴിലാളിവർഗം. ലോകത്ത് ഒരു ഭരണകൂടത്തിനും സംഘടിത തൊഴിലാളി പ്രസ്ഥാനത്തെ പരാജയപ്പെടുത്താനാവില്ലെന്നത് ചരിത്രം തെളിയിച്ച വസ്തുതയാണ്. ഈ പാഠം പഠിക്കാൻ കൂട്ടാക്കാത്ത നരേന്ദ്ര മോഡിയുടെ ഭരണകൂടം തൊഴിലാളി പ്രസ്ഥാനത്തെ ചങ്ങലയ്ക്കിടാനുള്ള വൃഥാശ്രമം 2024 മുതൽ വീണ്ടും ആരംഭിച്ചിരിക്കുന്നു.
ബ്രിട്ടീഷ് ഭരണകാലത്ത് അംഗീകരിക്കപ്പെട്ട പരിമിതമായ അവകാശങ്ങൾ വാഗ്ദാനം ചെയ്യുന്ന ‘ഇൻസ്ട്രിയൽ റിലേഷൻ നിയമം’, ‘ഇൻസ്ട്രിയൽ റിലേഷൻ കോഡ്’ എന്ന പേരിൽ ഭേദഗതി ചെയ്യാനുള്ള കരട് നിയമം കേന്ദ്ര സർക്കാർ പ്രസിദ്ധീകരിച്ചു കഴിഞ്ഞു. പുതിയ ഭേദഗതി പ്രകാരം ഒരു സ്ഥാപനത്തിൽ പണിയെടുക്കുന്ന മൊത്തം തൊഴിലാളികളുടെ അംഗസംഖ്യയിൽ 51 ശതമാനം അംഗത്വമുള്ള യൂണിയനു മാത്രം അംഗീകാരം നല്‍കുന്നു. പ്രസ്തുത യൂണിയന് മാത്രമായിരിക്കും മാനേജ്മെന്റുമായി കരാറുകളിൽ ഒപ്പിടാനും തൊഴിൽപ്രശ്നങ്ങള്‍ ചർച്ച ചെയ്യാനും അവകാശം ഉണ്ടാവുക. അതായയ് 49 ശതമാനം തൊഴിലാളികൾക്ക് ട്രേഡ് യൂണിയൻ അവകാശങ്ങൾ നിഷേധിക്കുന്നു. സ്ഥാപനത്തിൽ മാനേജ്മെന്റിന്റെയും ഭരണത്തിലിരിക്കുന്ന സർക്കാരിന്റെയും താല്പര്യം സംരക്ഷിക്കുന്ന സംഘമായി അംഗീകൃത യൂണിയൻ മാറും. ട്രേഡ് യൂണിയൻ ജനാധിപത്യത്തിന്റെ കശാപ്പുശാലയായി മാറുകയായിരിക്കും ഫലം.
നിലവിലുള്ള 29 തൊഴിൽ നിയമങ്ങളെ ക്രോഡീകരിച്ചുകൊണ്ട് നാല് ലേബർ കോഡുകൾ നിലവിൽ വരും. തൊഴിൽ നിയമങ്ങൾ മാനേജ്മെന്റുകൾക്ക് സുഖപ്രദമാകാനും ‘ഈസ് ഓഫ് ഡൂയിങ് ബിസിനസി‘നെ പ്രോത്സാഹിപ്പിക്കാനും സഹായകരമാകുമെന്ന് സർക്കാർ പ്രസ്താവിക്കുന്നു. മാത്രമല്ല ലേബർ മാർക്കറ്റിൽ നിന്ന് തൊഴിലാളികളെ ദിവസവേതനക്കാരായും, താല്‍ക്കാലിക ജീവനക്കാരായും റിക്രൂട്ട് ചെയ്യാനുള്ള നടപടികൾ ഇന്ത്യൻ ലേബർ കോൺഫറൻസ് അംഗീകരിക്കുകയും ചെയ്തിരിക്കുന്നു. ലേബർ കോഡ് 20 നടപ്പിലാക്കുന്നതോടെ തൊഴിലാളികളുടെ മൗലികാവകാശമായ കൂട്ടായ വിലപേശൽ ഏകയൂണിയനിലായി പരിമിതപ്പെടും. അംഗസംഖ്യ കുറഞ്ഞ ട്രേഡ് യൂണിയനുകൾ സ്വാഭാവിക മരണത്തിലേക്ക് നയിക്കപ്പെടുന്നതോടെ ട്രേഡ് യൂണിയൻ ജനാധിപത്യം ദുർബലപ്പെടുകയും ക്രമേണ ഇല്ലാതാവുകയും ചെയ്യും. അടുത്ത കാലത്ത് ചില സംഘടനകൾ ഒരു വ്യവസായത്തിൽ ഒരു യൂണിയൻ എന്ന ആശയപ്രചരണം തൊഴിലാളികൾക്കിടയിൽ നടത്തിയതും കേന്ദ്രസർക്കാരിന് സഹായകരമായിത്തീർന്നുവെന്നത് ശ്രദ്ധേയമാണ്.
നിലവിലുള്ള തൊഴിൽ നിയമത്തിൽ കൂട്ടായ വിലപേശൽ നടത്താൻ രജിസ്റ്റർ ചെയ്ത എല്ലാ യൂണിയനുകൾക്കും അവകാശം നിലനില്‍ക്കുന്നു. പുതിയ ലേബർ കോഡ് സെഷൻ 14 (3) പ്രകാരം അംഗസംഖ്യ കുറഞ്ഞ യൂണിയനുകൾ വ്യവസായ‑തൊഴിൽ പ്രശ്നങ്ങളെക്കുറിച്ചുള്ള ചർച്ചകളിൽ നിന്നും കൂട്ടായ വിലപേശൽ എന്ന അവകാശങ്ങളിൽ നിന്നും പൂർണമായും പുറന്തള്ളപ്പെടും. ഈ പശ്ചാത്തലത്തിൽ ഇന്ത്യയിലെ നിരവധി മാനേജ്മെന്റുകളും അവരുടെ സംഘടനകളും ലേബർ കോഡ് നിർദേശിക്കുന്നതിനെക്കാൾ തികച്ചും തൊഴിലാളി വിരുദ്ധ നിർദേശങ്ങൾ മുന്നോട്ടുവയ്ക്കുന്നു. സർക്കാരിന്റെ പുതിയ നയപ്രഖ്യാപനമായ ‘ഈസ് ഓഫ് ഡൂയിങ് ബിസിനസ്’ വിജയകരമായി നടപ്പിലാക്കാൻ ട്രേഡ് യൂണിയനുകളുടെ ബാഹുല്യവും, സമരങ്ങളും, പണിമുടക്കങ്ങളും തടസം സൃഷ്ടിക്കുന്നതായി അവര്‍ ചൂണ്ടിക്കാണിക്കുന്നു. ഇന്ത്യൻ തൊഴിലാളിവർഗം ചരിത്രത്തിലെ അതീവ ഗുരുതരമായ പ്രതിസന്ധികളെ നേരിടുകയാണ്. രാജ്യത്ത് നിലവിലുള്ള ട്രേഡ് യൂണിയൻ അവകാശങ്ങൾ ഭരണഘടന വാഗ്ദാനം ചെയ്യുന്നതാണ്. എന്നാൽ ബിജെപി സർക്കാർ ഇന്ത്യൻ ട്രേഡ് യൂണിയൻ നിയമം പൂർണമായും ഭേദഗതി ചെയ്തുകൊണ്ട് തൽസ്ഥാനത്ത് ലേബര്‍ കോഡുകള്‍ നടപ്പിലാക്കാനുള്ള നടപടികളിലാണ്. ഈ നീക്കത്തിനെതിരെ ഇന്ത്യൻ തൊഴിലാളിവർഗം ഒന്നായി ദേശീയ പ്രക്ഷോഭത്തിന് തുടക്കമിട്ടു. 48 മണിക്കൂർ നീണ്ടുനിന്ന പണിമുടക്കം നടന്നു. പ്രതിഷേധ പ്രകടനങ്ങളും റാലികളും സംഘടിപ്പിച്ചുകൊണ്ട് തൊഴിലാളികൾ ഒന്നടങ്കം അണിനിരന്ന സാഹചര്യത്തിൽ സർക്കാർ താല്‍ക്കാലികമായി നടപടികൾ നിര്‍ത്തിവച്ചു.
രണ്ടാം മോഡി സർക്കാർ അധികാരത്തിലെത്തിയപ്പോൾ വീണ്ടും ‘ലേബർ കോഡ്’ നടപ്പിലാക്കാനുള്ള നീക്കങ്ങൾ ആരംഭിച്ചു. പണിമുടക്കം നടത്താൻ ഹിതപരിശോധന നടത്തണമെന്നും അപ്രകാരമുള്ള ഹിതപരിശോധനയിൽ സർക്കാർ നിർദേശിച്ച നിരക്കിലുള്ള ശതമാനം തൊഴിലാളികൾ അനുകൂലമായി വോട്ട് രേഖപ്പെടുത്തിയാൽ മാത്രമേ പണിമുടക്കം നടത്താവൂ എന്നും, മറിച്ച് നടക്കുന്ന പണിമുടക്കത്തെ രാജ്യദ്രോഹ പ്രവർത്തനമായി പരിഗണിച്ചുള്ള നടപടികൾ സ്വീകരിക്കുമെന്നതുമാണ് മോഡി സർക്കാരിന്റെ തൊഴിൽ നയം. ഉദാരവൽക്കരണ നടപടികളുടെ വേലിയേറ്റത്തിൽ തൊഴിൽ സുരക്ഷയും, വരുമാനവും, തൊഴിൽ നിയമാനുസരണമുള്ള ആനുകൂല്യങ്ങളുമെല്ലാം സർക്കാരും സ്വകാര്യ മാനേജ്മെന്റുകളും സംയുക്തമായി നിഷേധിച്ചുകൊണ്ട് തൊഴിലാളികളെ വേട്ടയാടുകയാണ്. താല്‍ക്കാലിക ജീവനക്കാർ, കരാർ തൊഴിലാളികൾ, സീസൺ തൊഴിലാളികൾ, ദിവസവേതനക്കാർ എന്നീ പേരുകളിൽ ഇന്ത്യയിലെ മഹാഭൂരിപക്ഷം തൊഴിലാളികൾക്കും നിയമപരമായ ആനുകൂല്യങ്ങള്‍ നിഷേധിക്കുന്ന സമീപനം തുടരുകയാണ്. ഈ വിധമുള്ള പ്രാകൃതമായ തൊഴിൽനയത്തെ ചോദ്യം ചെയ്തുകൊണ്ട് കഴിഞ്ഞ ഏതാനും വർഷങ്ങളായി പ്രതിഷേധങ്ങളും പണിമുടക്കങ്ങളും നടത്തിയിട്ടും സർക്കാർ തങ്ങളുടെ നയം കൂടുതൽ കർക്കശമായി നടപ്പിലാക്കുന്നു.
നമ്മുടെ രാജ്യത്ത് അധ്വാനിക്കുന്ന തൊഴിലാളികളിൽ 50 ശതമാനത്തിലേറെ പേർ അസംഘടിത മേഖലയിൽ പണിയെടുക്കുന്നവരാണ്. സ്വകാര്യ കരാറുകാർ ഈ പാവപ്പെട്ട തൊഴിലാളികളെക്കൊണ്ട് അടിമപ്പണി എടുപ്പിക്കുന്നു. പദ്ധതി പ്രദേശങ്ങളിലും റോഡ് പുറമ്പോക്ക് പ്രദേശങ്ങളിലും മറ്റും തൊഴിലാളി കുടുംബങ്ങൾ പഴന്തുണിയും പ്ലാസ്റ്റിക്ക് ഷീറ്റുകളും കെട്ടിയാണ് താമസിക്കുന്നത്. ജനനവും മരണവും അവിടെ സംഭവിക്കുന്നു. നമ്മുടെ രാജ്യത്തെ ചേരികളിൽ കഴിഞ്ഞുകൂടുന്നവരെക്കാൾ അതിദാരുണമാണ് അസംഘടിത മേഖലകളിലെ തൊഴിലാളികളുടെ ജീവിതം.
കഴിഞ്ഞ മൂന്ന് ദശാബ്ദക്കാലത്തെ കണക്കുകൾ പരിശോധിച്ചാൽ ഇന്ത്യൻ തൊഴിലാളി വർഗത്തിന്റെ വിലപേശാനുള്ള അവകാശം ദാരുണമാംവിധം ദുർബലപ്പെട്ടുകഴിഞ്ഞു. ‘ഇൻസ്ട്രിയൽ റിലേഷൻ കോഡ്’ സെക്ഷൻ 2 (ZF) പണിമുടക്കത്തെക്കുറിച്ചുള്ള നിർവചനവും, സെഷന്‍ 62 (1) പ്രകാരമുള്ള പണിമുടക്കം നിരോധിക്കാനുള്ള നിർദേശവും നടപ്പിലാക്കുന്നതോടെ തൊഴിലാളിവർഗത്തിന്റെ സംഘടിതശക്തി ദുർബലപ്പെടുമെന്നതിൽ തർക്കമില്ല.
അസംഘടിത മേഖലയിലെ തൊഴിലാളികൾക്കായി സർക്കാർ നാമമാത്രമായ ചില അനുകൂല്യങ്ങൾ നല്‍കുന്ന നിയമനിർമ്മാണം നടത്തുമെന്നു പറയുന്നതല്ലാതെ ഒന്നും നടക്കുന്നില്ല. തൊഴിലാളികളുടെ അവശതകൾ പരിഹരിക്കാൻ ഭരണഘടന അനുവദിച്ചിട്ടുള്ള സംഘടിക്കാനുള്ള സ്വാതന്ത്യ്രം പോലും മോഡി സർക്കാർ നിർലജ്ജം നിഷേധിക്കുന്നു. സ്വാതന്ത്ര്യത്തിന്റെ 75-ാം വർഷാഘോഷങ്ങളുടെ ലഹരിയിൽ മോഡി സർക്കാർ, ഭരണഘടനയെ മാനിക്കുന്നില്ലെന്ന് മാത്രമല്ല, സ്വാതന്ത്യ്രസമരാഗ്നിയിൽ എരിഞ്ഞടങ്ങിയ സമര സേനാനികളെപ്പോലും അപമാനിക്കുന്നു. ഇന്ത്യയിലെ വർഗബോധമുള്ള ബോംബെയിലെ ടെക്‌സ്റ്റെെൽ തൊഴിലാളികളുടെ ആറ് ദിവസം നീണ്ടുനിന്ന പണിമുടക്കം ബ്രിട്ടീഷ് ഭരണകൂടത്തെ പോലും ഞെട്ടിച്ചു. തൊഴിലാളികളുടെ പ്രിയങ്കരനായ നേതാവായ ലോകമാന്യ തിലകനെ ബ്രിട്ടീഷ് ജയിലിൽ നിന്ന് നിരുപാധികം മോചിപ്പിക്കാൻ കഴിഞ്ഞ ചരിത്രമാണ് ഇന്ത്യയിലെ തൊഴിലാളിവർഗത്തിന്റേത്.
ലേബർ കോഡ് പോലുള്ള കരിനിയമം നരേന്ദ്ര മോഡി കൊണ്ടുവന്നാലും ഫാസിസത്തിന്റെ മുന്നിൽ മുട്ടുമടക്കുന്നവരല്ല തൊഴിലാളികൾ. ഹിറ്റ്ലറുടെ ഫാസിസത്തിൽ നിന്ന് ഈ ലോകത്തെ മോചിപ്പിക്കാൻ രണ്ടാം ലോക മഹായുദ്ധത്തിൽ അരങ്ങൊരുക്കിയത് ബോൾഷെവിക്കുകൾ എന്നറിയപ്പെടുന്ന റഷ്യൻ പട്ടാളവും തൊഴിലാളി വർഗവുമായിരുന്നുവെന്ന ചരിത്രം അറിയാത്ത വ്യക്തിയാണോ പ്രധാനമന്ത്രി? ആയിരം ലേബർ കോഡുകൾ കൊണ്ടുവന്നാലും തൊഴിലാളിവർഗം അവയെല്ലാം നേരിടുമെന്നതാണ് ചരിത്രം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.