18 December 2025, Thursday

ചരിത്രഗതി മാറ്റിയ പാട്ടബാക്കി വീണ്ടും

ഇ എം സതീശന്‍
May 18, 2025 4:01 am

കാർന്നുതിന്ന ജാതി — ജന്മി നാടുവാഴിത്ത വ്യവസ്ഥയെ കടപുഴക്കിയെറിഞ്ഞ പ്രഥമ രാഷ്ട്രീയ നാടകമാണ് പാട്ടബാക്കി. കേരളത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടി ഔപചാരികമായി രൂപീകരിക്കുന്നതിനും രണ്ടുവർഷം മുമ്പ്, 1937 ഡിസംബർ മാസത്തിൽ ഗുരുവായൂരിനടുത്ത് കുരഞ്ഞിയൂർ കുട്ടാടൻ പാടത്ത് ഒരു പൗർണമി രാത്രിയിലാണ് ആദ്യമായി പാട്ടബാക്കി നാടകം അരങ്ങേറുന്നത്. ദേശീയ സ്വാതന്ത്ര്യ പ്രസ്ഥാനമെന്ന നിലയിൽ അതുവരെ കോൺഗ്രസിനകത്ത് പ്രവർത്തിച്ചിരുന്ന കമ്മ്യൂണിസ്റ്റ് ആശയഗതിക്കാർ ഒന്നടങ്കം പി കൃഷ്ണപിള്ളയുടെയും ഇഎംഎസിന്റെയും നേതൃത്വത്തിൽ കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടിയായി മാറിയ കാലമാണത്.
1925ൽ രൂപീകൃതമായ ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ കേരള ഘടകം രൂപീകരിക്കുന്നതിന് പ്രഥമ കമ്മ്യൂണിസ്റ്റ് ഗ്രൂപ്പ് യോഗം കോഴിക്കോട് നടന്നതും ഇക്കാലത്താണ്. സംസ്കൃതം പഠിക്കാനായി വാരാണസി സംസ്കൃത വിദ്യാപീഠത്തിലെത്തി കമ്മ്യൂണിസ്റ്റ് പാർട്ടി അംഗമായി മാറിയ കേരളത്തിലെ ആദ്യത്തെ സിപിഐ അംഗം കെ ദാമോദരൻ, പി കൃഷ്ണപിള്ള, ഇഎംഎസ് നമ്പൂതിരിപ്പാട്, എൻ സി ശേഖർ എന്നിവരാണ് പ്രഥമ യോഗത്തിൽ പങ്കെടുത്തത്. സിപിഐ ജനറൽ സെക്രട്ടറിയായിരുന്ന എസ് വി ഘാട്ടെയും സംബന്ധിച്ചിരുന്നു. ബ്രിട്ടീഷ് ഭരണത്തിൽ ദുരിതമനുഭവിക്കുന്ന കർഷകരെ സംഘടിപ്പിച്ച് സമരങ്ങൾ വളർത്തിക്കൊണ്ടുവരാനും അതുവഴി കർഷക ജനസാമാന്യത്തെയാകെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയോടൊപ്പം അണിനിരത്താനും അന്നത്തെ യോഗം തീരുമാനിച്ചു. തുടർന്ന് നാടൊട്ടാകെ കർഷക സംഘടനാ കമ്മിറ്റികൾ രൂപീകരിക്കാൻ ശ്രമങ്ങൾ ആരംഭിച്ചു. സാമ്പത്തികമായി തകർന്ന ഇടത്തരം ജന്മിമാരും കാണക്കുടിയാന്മാരും വെറുമ്പാട്ടക്കുടിയാന്മാരുമായിരുന്ന കർഷകരെ സംഘടിപ്പിച്ച് കർഷക സംഘങ്ങൾ ഉണ്ടാക്കാൻ തുടങ്ങി. ഈ പ്രവർത്തനങ്ങൾക്ക് മലബാറിൽ, പ്രത്യേകിച്ച് തെക്കൻ ഭാഗങ്ങളായ പൊന്നാനി, ഏറനാട്, വള്ളുവനാട്, പാലക്കാട് താലൂക്കുകളിൽ നല്ല മുന്നേറ്റമുണ്ടായി. 

പൊന്നാനി താലൂക്കില്‍ രൂപീകരിച്ച കർഷക സംഘത്തിന്റെ ആദ്യ പ്രസിഡന്റ് എം കേശവൻ നമ്പൂതിരിയും സെക്രട്ടറി കെ എസ് നാരായണനുമായിരുന്നു. കൊടമന നാരായണൻ നായർ, കെ സി എസ് പണിക്കർ, എം പി ഭട്ടതിരിപ്പാട് (പ്രേംജി), വി എം കുഞ്ഞു, കാരാട്ട് രാമൻ മേനോൻ, പി കണാരൻ മാസ്റ്റർ, ഒ കെ മമ്മുണ്ണി, കുട്ടികൃഷ്ണനെഴുത്തശ്ശൻ, എം കെ രാഘവൻ, ഇ പി കെ പണിക്കർ എന്നിവരായിരുന്നു കമ്മിറ്റി അംഗങ്ങൾ. ഈ കമ്മിറ്റിയുടെ നേതൃത്വത്തിൽ എം പി ഭട്ടതിരിപ്പാട് ക്യാപ്റ്റനായി ഒരു കർഷക ജാഥ പൊന്നാനി താലൂക്കിൽ പര്യടനം നടത്തി. ഈ ജാഥയ്ക്ക് കർഷകരിൽ നിന്നു ലഭിച്ച വമ്പിച്ച പിന്തുണയുടെ ആവേശത്തിൽ ഒന്നാം പൊന്നാനി താലൂക്ക് കർഷക സമ്മേളനം കുഗ്രാമമായ വൈലത്തൂർ കുരഞ്ഞിയൂരിൽ നടത്താൻ തീരുമാനിച്ചു.
അക്കാലത്ത് കെ ദാമോദരൻ എഴുതിവന്നിരുന്ന പാട്ടബാക്കി എന്ന നാടകം ദ്രുതഗതിയിൽ വൈലത്തൂർ കടലായിൽ മനയുടെ മാളികമുകളിലിരുന്ന് എഴുതിപ്പൂർത്തിയാക്കി. നടനരംഗത്ത് അന്നേ പ്രാവീണ്യം നേടിയിരുന്ന എം പി ഭട്ടതിരിപ്പാട്, പരിയാനംപറ്റ, കുന്നത്തുള്ളി നമ്പൂതിരി, പത്തിനേത്രൻ ഭട്ടതിരി എന്നിവരുൾപ്പെടെ വൈലത്തൂരിലെ കുറേ ചെറുപ്പക്കാരെ കൂടി ഉൾപ്പെടുത്തി കടലായിൽ മനയിൽ വച്ചു തന്നെ നാടകം പരിശീലിപ്പിച്ചു സന്നദ്ധരാക്കി. പി കൃഷ്ണപിള്ള, കെ ദാമോദരൻ, ഇഎംഎസ്, എകെജി തുടങ്ങിയവരൊക്കെ സമ്മേളന വിജയത്തിനുള്ള ആലോചനകളുമായി വൈലത്തൂരിൽ വന്നിരുന്നു. സമ്മേളനം വിജയിപ്പിക്കാനും നാടകം റിഹേഴ്സലിനുമൊക്കെ സഹായങ്ങളുമായി ആദ്യാവസാനം കൊടമന നാരായണൻ നായരും വൈലത്തൂരിലെ ചെറുപ്പക്കാരുമാണ് മുമ്പിലുണ്ടായിരുന്നത്. 

സമ്മേളനത്തിന് കുറച്ചു ദിവസങ്ങൾ മുമ്പുമാത്രം അന്തരിച്ച ഇ പി കെ പണിക്കരുടെ സ്മരണയ്ക്കായി സമ്മേളന സ്ഥലത്തിന് ഇ പി കെ പണിക്കർ നഗർ എന്ന് നാമകരണം ചെയ്തു. കൊച്ചിയിലെ അന്നത്തെ കർഷക നേതാവായ കെ എം ഇബ്രാഹിം ആയിരുന്നു സമ്മേളനത്തിന്റെ അധ്യക്ഷൻ. തൊഴിലാളി നേതാവും എഴുത്തുകാരനുമായ പി കേശവദേവ് ആണ് ഉദ്ഘാടനം ചെയ്തത്. സമ്മേളനാവസാനം “പാട്ടബാക്കി’ നാടകം അരങ്ങേറി. ജന്മിത്തം എങ്ങനെയാണ് സമൂഹത്തിൽ ജാതിമേധാവിത്വവും ഉച്ചനീചത്വങ്ങളും സാമ്പത്തിക ചൂഷണനയങ്ങളും അടിച്ചേല്പിച്ച് മഹാഭൂരിപക്ഷം വരുന്ന ജനങ്ങളുടെ ജീവിതം ദുഃസഹമാക്കുന്നതെന്ന് കാര്യകാരണ സഹിതം ലളിതമായി ജനങ്ങളെ ബോധ്യപ്പെടുത്തുന്ന നാടകമായിരുന്നു പാട്ടബാക്കി. ചരിത്രത്തിലാദ്യമായി ജാതിമത ഭേദമില്ലാതെ ആയിരക്കണക്കിന് ജനങ്ങൾ ശ്വാസമടക്കിപ്പിടിച്ചിരുന്ന് നാടകം കണ്ടു. നാടകാന്ത്യത്തിൽ പ്രധാന കഥാപാത്രങ്ങൾ ഒരുമിച്ച് മുഷ്ടിചുരുട്ടി “ജന്മിത്തം തുലയട്ടെ…” എന്ന മുദ്രാവാക്യം മുഴക്കിയപ്പോൾ കൂടിനിന്ന ആയിരങ്ങൾ ഉച്ചത്തില്‍ ഏറ്റുചൊല്ലിയ അനുഭവം ആവേശകരമായിരുന്നു. തുടർന്ന് കേരളത്തിന്റെ നാനാഭാഗങ്ങളിൽ, പ്രത്യേകിച്ച് മലബാറിലെ നിരവധി വേദികളിൽ നാടകം അവതരിപ്പിക്കപ്പെട്ടു. 

കേരളത്തിന്റെ ചരിത്രഗതിയെ മാറ്റിമറിച്ച പ്രഥമ നാടകാവിഷ്കാരമായ പാട്ടബാക്കി 1937ൽ അവതരിപ്പിച്ച് കൃത്യം 20 വർഷം കഴിഞ്ഞപ്പോൾ ഐക്യകേരളത്തിൽ ആദ്യത്തെ കമ്മ്യൂണിസ്റ്റ് സർക്കാർ അധികാരത്തിൽ വന്നു. 1957 ഏപ്രിൽ അഞ്ചിന് ചേർന്ന ആദ്യ മന്ത്രിസഭാ യോഗം കുടികിടപ്പ് ഒഴിപ്പിക്കൽ നിരോധന ഓർഡിനൻസ് പുറപ്പെടുവിച്ചു. ജന്മിത്ത വ്യവസ്ഥയുടെ അന്ത്യം കുറിക്കുന്ന ഭൂപരിഷ്കരണ നിയമം പാസാക്കി. അതിനെതിരെ ജന്മിമാരും ജാതിമത പിന്തിരിപ്പൻ ശക്തികളും കലാപങ്ങൾ അഴിച്ചുവിട്ട് കുപ്രസിദ്ധമായ വിമോചന സമരം നടത്തി കമ്മ്യൂണിസ്റ്റ് സർക്കാരിനെ അട്ടിമറിച്ചു.
പക്ഷേ ചരിത്രഗതി മുന്നോട്ടായിരുന്നു. 1969ൽ സി അച്യുതമേനോൻ മുഖ്യമന്ത്രിയായി അധികാരത്തിൽ വന്ന സർക്കാർ 1970 ജനുവരി ഒന്നിന് വീണ്ടും ഭൂപരിഷ്കരണ നിയമം പാസാക്കി ആയിരത്താണ്ടുകൾ കേരളത്തിൽ നിലനിന്ന ജന്മി നാടുവാഴിത്ത വ്യവസ്ഥ കടപുഴക്കിയെറിഞ്ഞു. ജന്മി നാടുവാഴിത്ത ശക്തികൾ കുത്തകയായി കയ്യടക്കി വച്ചിരുന്ന ഭൂമി മുഴുവൻ പിടിച്ചെടുത്ത് ഭൂരഹിത ലക്ഷങ്ങൾക്ക് വിതരണം ചെയ്തു. കേരളത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ വളർച്ചയ്ക്കും ജന്മിത്തം അവസാനിപ്പിക്കാനും മതനിരപേക്ഷ ജനാധിപത്യ സമൂഹത്തിന്റെ നിർമ്മിതിക്കും നിദാനമായ ആശയ പോരാട്ടങ്ങൾക്ക് തുടക്കം കുറിച്ച പാട്ടബാക്കി നാടകാവതരണം നടന്നിട്ട് 88 വർഷം പിന്നിടുകയാണ്. ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ജന്മശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി പാട്ടബാക്കി പിറന്നുവീണ വൈലത്തൂരിന്റെ ഇതിഹാസ ഭൂമിയിൽ മേയ് 18ന് ആ ചരിത്ര നാടകം പുനർജനി തേടുകയാണ്.
1937ൽ കർഷക സമ്മേളനം നടത്തുകയും നാടകം അവതരിപ്പിക്കുകയും ചെയ്തവരുടെ പിന്മുറക്കാരായ നാടക പ്രവർത്തകരാണ് പാട്ടബാക്കി വീണ്ടും അരങ്ങിലെത്തിക്കുന്നത്. ബാബു വൈലത്തൂർ സംവിധാനം ചെയ്യുന്ന നാടകം കെ ദാമോദരൻ പലരാത്രികൾ അന്തിയുറങ്ങി നാടകമെഴുതിയ വടക്കേക്കാട് കടലായിൽ മനയ്ക്ക് സമീപമുള്ള നമാസ് ഓഡിറ്റോറിയത്തിൽ ഇന്ന് വൈകിട്ട് ആറ് മണിക്ക് അരങ്ങേറും. ഉച്ചയ്ക്ക് മൂന്നിന് ആരംഭിക്കുന്ന സിപിഐ ശതാബ്ദി ആഘോഷ സമ്മേളനവും നാടകാവതരണവും സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഉദ്ഘാടനം ചെയ്യും. വടക്കേക്കാട് കൊടമന നാരായണൻ നായർ സ്മാരക വായനശാലയാണ് പാട്ടബാക്കി വീണ്ടും അരങ്ങിലെത്തിക്കുന്നത്. 

Kerala State - Students Savings Scheme

TOP NEWS

December 18, 2025
December 18, 2025
December 18, 2025
December 18, 2025
December 18, 2025
December 18, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.