16 December 2025, Tuesday

യുപിയില്‍ വഴിമാറുന്ന ദളിത് രാഷ്ട്രീയം

ആസാദ് റിസ്‌വി
October 22, 2025 4:15 am

രിയോം വാല്മീകിയെന്ന ദളിത് യുവാവിനെ ക്രൂരമായി കൊലപ്പെടുത്തിയതിന്റെ പേരില്‍ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള ഉത്തർപ്രദേശ് സർക്കാരിനെ നിശിതമായി വിമർശിച്ചു. സംഭവം ‘രാജ്യത്തിന്റെ മനഃസാക്ഷിയെ പിടിച്ചുലച്ചു‘വെന്നും ഇന്ത്യയിലെ ദളിതരുടെ ദയനീയത തുറന്നുകാട്ടുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഫത്തേപൂർ ജില്ലയിൽ ഇരയുടെ കുടുംബത്തെ സന്ദർശിച്ച രാഹുല്‍, സംസ്ഥാന ഭരണകൂടം അവരെ ഭീഷണിപ്പെടുത്താനും തന്റെ സന്ദർശനം തടയാനും ശ്രമിച്ചുവെന്നും ആരോപിച്ചു. “ഇരയെ സംരക്ഷിക്കുന്നതിനു പകരം കുറ്റവാളികളെ സംരക്ഷിക്കുന്നത് സംവിധാനത്തിന്റെ പരാജയം” എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. സുപ്രീം കോടതിക്കുള്ളിൽ ചീഫ് ജസ്റ്റിസ് ബി ആർ ഗവായിക്കെതിരെ ചെരിപ്പെറിയാനുള്ള ശ്രമവും ഒക്ടോബർ ഏഴിന് ഹരിയാനയിൽ മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥൻ വൈ പുരൺ കുമാറിന്റെ ആത്മഹത്യയും ദളിത് സുരക്ഷ, അന്തസ്, ജാതി വിവേചനം, സ്ഥാപനപരമായ പക്ഷപാതം എന്നിവയെക്കുറിച്ചുള്ള ചർച്ചകൾക്ക് തിരികൊളുത്തിയിരിക്കുകയാണ്. ചീഫ് ജസ്റ്റിസിനു‌നേരെ ഷൂ എറിയാൻ ശ്രമിച്ച അഭിഭാഷകനായ രാകേഷ് കിഷോർ, ‘സനാതന ധർമ്മ’ത്തെ പ്രകീര്‍ത്തിച്ചുകൊണ്ട് ഉച്ചത്തിൽ മുദ്രാവാക്യം വിളിച്ചു. സനാതന ധർമ്മത്തെ അപമാനിക്കുന്നത് ഞങ്ങൾ സഹിക്കില്ല എന്നദ്ദേഹം വിളിച്ചുപറഞ്ഞു.

ദളിത് വിഷയങ്ങളിലെ രാഹുലിന്റെ സമീപകാല പ്രവർത്തനങ്ങൾ, പ്രത്യേകിച്ച് അതിക്രമങ്ങൾക്കെതിരായ നിലപാട്, ഭാവിരാഷ്ട്രീയത്തെക്കുറിച്ച് ദളിതർക്കിടയിൽ രാഷ്ട്രീയ ചലനം സൃഷ്ടിക്കാൻ തുടങ്ങിയിട്ടുണ്ട്. ഒരുകാലത്ത് ദളിത് സ്വത്വത്തിന്റെ രാഷ്ട്രീയ വാഹകരായിരുന്ന ബഹുജൻ സമാജ് പാർട്ടി (ബിഎസ്‌പി) അവരുടെ കനത്ത നിശബ്ദതയ്ക്ക് വിമർശനം നേരിടുകയാണ്. പാർട്ടി സ്ഥാപകൻ കാൻഷി റാമിന്റെ ചരമവാർഷികത്തോടനുബന്ധിച്ച് ഒക്ടോബർ ഒമ്പതിന് ലഖ്‌നൗവിൽ നടന്ന ബിഎസ്‌പി റാലിയിൽ, പാർട്ടി മേധാവി മായാവതിയെ കേൾക്കാൻ വൻ ജനക്കൂട്ടം തടിച്ചുകൂടി. എന്നാല്‍ ജാതി അടിസ്ഥാനമാക്കിയുള്ള സമീപകാല അക്രമങ്ങളെ ശക്തമായി അപലപിക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന അനുയായികളെ അവരുടെ പ്രസംഗം നിരാശപ്പെടുത്തി.
ഭരണകക്ഷിയായ ബിജെപിയെക്കാൾ പ്രതിപക്ഷ ഇന്ത്യ സഖ്യത്തിലെ സമാജ്‌വാദി പാർട്ടി (എസ്‌പി) യെയും കോൺഗ്രസിനെയുമാണ് മായാവതി കടന്നാക്രമിച്ചത്. ദളിത് പൈതൃക കേന്ദ്രങ്ങൾ പരിപാലിക്കുന്നതിന് ബിജെപി സർക്കാരിനെ അവർ പ്രശംസിക്കുകയും ചെയ്തു. “സംസ്ഥാന സർക്കാർ ഒരു പരിധിവരെ ദളിത് പാർക്കുകളും സ്മാരകങ്ങളും ടിക്കറ്റില്‍ നിന്നുള്ള വരുമാനം ഉപയോഗിച്ച് പരിപാലിച്ചിട്ടുണ്ട്, എസ്‌പി അത്തരം സ്ഥലങ്ങളെ അവഗണിച്ചിരുന്നു. സമാജ്‌വാദി പാർട്ടിക്ക് ഇരട്ടമുഖമാണ്. അധികാരത്തിലില്ലാത്തപ്പോൾ മാത്രമേ അവർ ദളിതരെ ഓർക്കുകയുള്ളൂ, അധികാരത്തിലേറിയാൽ അവരെ മറക്കും” — അവർ പറഞ്ഞു. “കോൺഗ്രസും അടിയന്തരാവസ്ഥയിലൂടെ ഭരണഘടനയെ ദുർബലപ്പെടുത്തി.” അടുത്തകാലത്ത് നടന്ന ഏതെങ്കിലും അതിക്രമത്തെക്കുറിച്ച് അവര്‍ പരാമർശിച്ചില്ല. ചീഫ് ജസ്റ്റിസിനെതിരായ അക്രമമോ ഹരിയോം വാല്മീകിയുടെ കൊലയോ വിഷയമാക്കിയില്ല.
അടിത്തട്ടിൽ പ്രവർത്തിക്കാനുള്ള വിമുഖതയും ബിജെപിയോടുള്ള മൃദുല മനോഭാവവും മായാവതിയുടെ ദളിത് രാഷ്ട്രീയത്തിലെ പ്രതിസന്ധി കൂടുതൽ ആഴത്തിലാക്കുന്നു. കഴിഞ്ഞ ഒന്നരപ്പതിറ്റാണ്ടായി ബിഎസ്‌പിയുടെ രാഷ്ട്രീയ ഗ്രാഫ് ക്രമാനുഗതമായി താഴ്ന്നുവരികയാണ്. 2007ൽ ഭൂരിപക്ഷത്തോടെ സർക്കാർ രൂപീകരിച്ച സംസ്ഥാന നിയമസഭയിൽ ഇപ്പോൾ ഒരു എംഎൽഎ മാത്രമേയുള്ളൂ, പാർലമെന്റിൽ പ്രാതിനിധ്യവുമില്ല. മായാവതിയുടെ സജീവ രാഷ്ട്രീയത്തിലെ അഭാവം ബിഎസ്‌പിയെ ദുർബലപ്പെടുത്തുകയും ദളിത് അടിത്തറയെ ശിഥിലമാക്കുന്നതിലേക്ക് നയിക്കുകയും ചെയ്തുവെന്ന് നിരീക്ഷകർ കരുതുന്നു. 

ജാദവ് വിഭാഗം വിശ്വസ്തരായി തുടരുമ്പോഴും, 2014ൽ നരേന്ദ്ര മോഡി തരംഗത്തിൽ ബിജെപിയിലേക്ക് മാറിയ ജാതവേതര ദളിർ 2024ൽ ഇന്ത്യ സഖ്യത്തിനൊപ്പം നില്‍ക്കാന്‍ തുടങ്ങി. രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര ദളിതരുടെ ആത്മവിശ്വാസം വളർത്താൻ സഹായിച്ചതായും വിശകലന വിദഗ്ധർ പറയുന്നു. ബിജെപി ഭരണഘടനയിൽ മാറ്റം വരുത്തുകയും സംവരണം അവസാനിപ്പിക്കുകയും ചെയ്തേക്കാമെന്ന ആശങ്ക പ്രതിപക്ഷ പാർട്ടികൾ ഉയർത്തിയിട്ടുണ്ട്. ദളിതരെ ഇന്ത്യ സഖ്യത്തിലേക്ക് അടുപ്പിച്ച ഒരു ഒരുകാരണം ഇതാണ്. യുപിയില്‍ നിലവില്‍ കോൺഗ്രസിന് ശക്തമായ സംഘടനാ അടിത്തറയില്ലാത്തതിനാൽ, സമാജ്‌വാദി പാർട്ടി (എസ്‌പി) പ്രധാന ഗുണഭോക്താവായി ഉയർന്നു. പരമ്പരാഗത മുസ്ലിം, പിന്നാക്ക വിഭാഗ വോട്ടർമാർക്കൊപ്പം ദളിത് പിന്തുണയും ഇവര്‍ നേടി. എങ്കിലും, 2024ലെ പൊതുതെരഞ്ഞെടുപ്പിൽ, കോൺഗ്രസ് ആറ് സീറ്റ് നേടി. അതേസമയം എസ്‌പി 80 ൽ 37 സീറ്റുകൾ നേടി. യുപിയില്‍ ദളിത് രാഷ്ട്രീയവുമായി ബന്ധപ്പെട്ട്, രാഹുൽ ഗാന്ധി ഒരു പുതിയ തുടക്കം ലക്ഷ്യമിടുന്നു എന്നാണ് സൂചനകള്‍. കാൻഷി റാമിന്റെയും മായാവതിയുടെയും ഉദയത്തിന് മുമ്പ് കോൺഗ്രസിന്റെ പ്രധാന അടിത്തറയായിരുന്ന സമൂഹത്തെ വീണ്ടെടുക്കാനാണ് ശ്രമം. ബാബാ സാഹേബ് ഭീംറാവു അംബേദ്കർ സർവകലാശാലയിലെ പൊളിറ്റിക്കൽ സയൻസ് വിഭാഗം പ്രൊഫസര്‍ ശശി കാന്ത് പാണ്ഡെയുടെ അഭിപ്രായത്തിൽ, “ജാതി സെൻസസിനായുള്ള രാഹുൽ ഗാന്ധിയുടെ ശക്തമായ വാദവും ദളിത് അതിക്രമങ്ങൾക്കെതിരായ അദ്ദേഹത്തിന്റെ കടുത്തനിലപാടും ക്രമേണ കോൺഗ്രസിനെ ദളിതരുടെ ഒരു രാഷ്ട്രീയ അഭയകേന്ദ്രമാക്കി മാറ്റുന്നു. പക്ഷേ, ദുർബലമായ സംഘടനാ സംവിധാനം മൂലം ഈ മാറ്റത്തിൽ നിന്ന് പാർട്ടിക്ക് പ്രയോജനം ലഭിക്കാൻ സമയമെടുക്കും.” മായാവതി സുസ്ഥിരമായ വോട്ട് ബാങ്ക് നിലനിർത്തുന്നുണ്ടെങ്കിലും, ദളിത് പിന്തുണയ്ക്കപ്പുറം വികസിക്കുന്നതിൽ പരാജയപ്പെടുന്നത് അവരുടെ തെരഞ്ഞെടുപ്പ് ശക്തി പരിമിതമാക്കുന്നു. “കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പിൽ അവർ 9.3% വോട്ടുകൾ നേടി. പക്ഷേ മറ്റ് സമുദായങ്ങളുടെ പിന്തുണയില്ലാത്തതിനാല്‍ ഇത് സീറ്റുകളായി മാറിയില്ല,” അദ്ദേഹം പറഞ്ഞു.

കോൺഗ്രസുമായി ബന്ധമുള്ള ദളിത് ചിന്തകൻ ആർ പി ഗൗതം വിശ്വസിക്കുന്നത്, ബിജെപിയുടെ ആധിപത്യത്തെ വെല്ലുവിളിക്കാൻ കഴിവുള്ള നേതൃത്വത്തെയാണ് അടിസ്ഥാന സമൂഹം അന്വേഷിക്കുന്നത് എന്നാണ്. “മായാവതിയും ബിഎസ്‌പിയും ദളിതർക്ക് ശബ്ദവും രാഷ്ട്രീയ വ്യക്തിത്വവും നൽകിയെന്നതിൽ സംശയമില്ല. പക്ഷേ അവരുടെ പ്രവർത്തനങ്ങളിലെ വിമുഖത പലരെയും നിരാശരാക്കിയിട്ടുണ്ട്,” ഗൗതം പറഞ്ഞു. “തീർച്ചയായും, ദളിത് അതിക്രമങ്ങൾക്കെതിരെ രാഹുല്‍ ശബ്ദമുയർത്തുന്നുണ്ട്. പക്ഷേ അദ്ദേഹത്തിന്റെ പാർട്ടിയുടെ അധികാരത്തിലെ പ്രാതിനിധ്യം വളരെ അകലെയാണ്. ആശയാധിഷ്ഠിത രാഷ്ട്രീയത്തിന്റെ കാലം കഴിഞ്ഞു. ദളിതരുടെ പിന്തുണ ലഭിക്കാൻ അവരോടൊപ്പം ഭക്ഷണം കഴിച്ചാൽ മാത്രം പോരാ, അവർക്ക് അധികാരത്തിൽ യഥാർത്ഥ പങ്കാളിത്തം നൽകണം” ‑അദ്ദേഹം കൂട്ടിച്ചേർത്തു. ഫത്തേപൂർ സന്ദർശന വേളയിൽ രാഹുല്‍ പറഞ്ഞു, “ഹരിയോം വാല്മീകിയുടെ ക്രൂരമായ കൊലപാതകം രാജ്യത്തിന്റെ മനഃസാക്ഷിയെ പിടിച്ചുലച്ചു. അദ്ദേഹത്തിന്റെ കുടുംബത്തിന്റെ കണ്ണിൽ വേദനയോടൊപ്പം ഒരു ചോദ്യവും ഉണ്ടായിരുന്നു — ഈ രാജ്യത്ത് ഒരു ദളിതനാകുന്നത് ഇപ്പോഴും മരണശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമാണോ?” സംസ്ഥാന സർക്കാരിനെ കടന്നാക്രമിച്ചുകൊണ്ട് അദ്ദേഹം കൂട്ടിച്ചേർത്തു, “ഉത്തർപ്രദേശ് ഭരണകൂടം ഇരയുടെ കുടുംബത്തെ ഭീഷണിപ്പെടുത്തുന്ന തിരക്കിലാണ്. എന്നെ കാണുന്നതിൽ നിന്ന് അവരെ തടയാൻ പോലും അവർ ശ്രമിച്ചു. ഇരയെ വിചാരണ ചെയ്യുന്നതിനിടയിൽ കുറ്റവാളികൾക്ക് ഒരു കവചമായി മാറുന്നത് വ്യവസ്ഥാപരമായ പരാജയമാണ്.” ആ കുടുംബത്തിനുമേൽ സമ്മർദം ചെലുത്തുന്നത് അവസാനിപ്പിക്കാനും കുറ്റവാളികൾക്ക് കഠിനമായ ശിക്ഷ ഉറപ്പാക്കാനും ബിജെപി നേതൃത്വത്തിലുള്ള സംസ്ഥാന സർക്കാരിനോട് ലോക്‌സഭാ പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടു. നീതിയെ വീട്ടുതടങ്കലിൽ വയ്ക്കാൻ കഴിയില്ലെന്നു പറഞ്ഞ അദ്ദേഹം കുടുംബത്തോടും രാജ്യത്തെ അടിച്ചമർത്തപ്പെട്ട, നിരാലംബരായ, പാർശ്വവൽക്കരിക്കപ്പെട്ട എല്ലാ പൗരന്മാരോടും ഐക്യദാർഢ്യം പ്രഖ്യാപിച്ചു. “ഈ പോരാട്ടം ഹരിയോമിനു വേണ്ടി മാത്രമല്ല, അനീതിക്ക് മുന്നിൽ തലകുനിക്കാൻ വിസമ്മതിക്കുന്ന ഓരോ ശബ്ദത്തിനും വേണ്ടിയാണ്. ”

രാഹുലിന്റെ സന്ദർശനത്തിന് മണിക്കൂറുകൾക്ക് മുമ്പ്, ഇരയുടെ സഹോദരൻ ശിവം വാല്മീകി സന്ദർശനം രാഷ്ട്രീയവൽക്കരിക്കരുതെന്ന് അഭ്യർത്ഥിക്കുന്ന ഒരു വീഡിയോ പുറത്തിറക്കി. “ഞങ്ങൾ സർക്കാരിൽ സംതൃപ്തരാണ്, ഇവിടെ രാഷ്ട്രീയം ആവശ്യമില്ല,” എന്ന് ഒരു കുടുംബാംഗം ക്ലിപ്പിൽ പറയുന്നുണ്ടായിരുന്നു. ‘വേദനയിൽ തളര്‍ത്തരുത്, തിരികെ പോകൂ’ എന്ന പോസ്റ്ററുകൾ പ്രദേശത്ത് പ്രത്യക്ഷപ്പെട്ടെങ്കിലും പ്രാദേശിക കോൺഗ്രസ് പ്രവർത്തകർ അവ നശിപ്പിച്ചു. വിഷയം വഴിതിരിച്ചുവിടാനും കുടുംബത്തിൽ സമ്മർദം ചെലുത്താനുമുള്ള ബിജെപി ശ്രമത്തിന്റെ ഭാഗമാണ് വീഡിയോയെന്ന് കോൺഗ്രസ് നേതാക്കൾ അവകാശപ്പെട്ടു.
ഹരിയോമിന്റെ ഭാര്യ, സംഗീത വാല്മീകി, ഒക്ടോബർ 11ന് ലഖ്‌നൗവിൽ മുഖ്യമന്ത്രി ആദിത്യനാഥിനെ സന്ദര്‍ശിച്ചിരുന്നു. മുഖ്യമന്ത്രി നീതി ഉറപ്പുനൽകുകയും ഭവന പദ്ധതി പ്രകാരം വീട്, സ്ഥിരം ജോലി, ക്ഷേമ പദ്ധതികളിൽ ഉൾപ്പെടുത്തൽ എന്നിവയുൾപ്പെടെ പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
(ദ വയര്‍)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.