22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 22, 2024
December 17, 2024
December 15, 2024
December 14, 2024
December 13, 2024
December 12, 2024
December 12, 2024
December 11, 2024
December 11, 2024
December 10, 2024

ചൂരല്‍മല ദുരന്തം: കുറ്റകരമായ കേന്ദ്രാവഗണന

ടി ടി ജിസ്‌മോന്‍
എഐവെെഎഫ് സംസ്ഥാന സെക്രട്ടറി
October 8, 2024 4:23 am

കേരളം കണ്ട സമാനതകളില്ലാത്ത പ്രകൃതിദുരന്തത്തിന്റെ ഭീകരതയിൽ വിറങ്ങലിച്ചുനിൽക്കുന്ന ജനങ്ങളുടെ ജീവിതത്തെപ്പോലും അപഹസിക്കുന്ന കേന്ദ്രത്തിന്റെ സങ്കുചിത രാഷ്ട്രീയമാണ് വയനാട് ദുരന്തവുമായി ബന്ധപ്പെട്ട ധന സഹായം അനുവദിക്കാത്തതിലൂടെ പുറത്തുവരുന്നത്. മുണ്ടക്കൈ, ചൂരൽമല, അട്ടമല പ്രദേശങ്ങളാകെ തകർത്തെറിഞ്ഞ ഉരുൾപൊട്ടലുണ്ടായതിന്റെ പതിനൊന്നാം ദിനം മേഖല സന്ദർശിച്ച പ്രധാനമന്ത്രി ദുരന്തത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുകയും രക്ഷാ-പുനരധിവാസ പ്രവർത്തനങ്ങൾക്ക് സാധ്യമായ എല്ലാ സഹായവും നൽകുമെന്ന് അവലോകന യോഗത്തിൽ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഇതേത്തുടർന്ന് പ്രധാനമന്ത്രി നിർദേശിച്ച പ്രകാരം ദുരന്തത്തിൽ സംഭവിച്ച നഷ്ടവും ദേശീയ ദുരന്ത നിവാരണ നിധി മാനദണ്ഡ പ്രകാരം സംസ്ഥാനത്തിന് കേന്ദ്രത്തോട് ആവശ്യപ്പെടാവുന്ന തുകയും തരംതിരിച്ചുള്ള നിവേദനം കേരളം നൽകുകയുണ്ടായി. സംസ്ഥാനത്തിന് പരമാവധി സഹായം ലഭ്യമാക്കാനുള്ള ഇടപെടലായിരുന്നു അത്. എന്നാൽ കേരളത്തിന്റെ ആവശ്യത്തോട് അത്യന്തം നിഷേധാത്മകമായ സമീപനം സ്വീകരിച്ചു കൊണ്ടുള്ള കേന്ദ്രത്തിന്റെ പതിവ് വിവേചനം തന്നെയാണ് ഇവിടെയും കാണുന്നത്. 20-ാം നൂറ്റാണ്ടിൽ കേരളം കണ്ട എറ്റവും വലിയ പ്രകൃതി ക്ഷോഭമായി അറിയപ്പെടുന്ന ‘99ലെ വെള്ളപ്പൊക്ക’ത്തിന് ശേഷമുള്ള ഏറ്റവും ദാരുണവും ഭീകരവുമായ ദുരന്തത്തിനാണ് ജൂലൈ 30ന് ചൂരല്‍മല സാക്ഷ്യം വഹിച്ചത്. വയനാടിന്റെ തലസ്ഥാനമായ കല്പറ്റയിൽ നിന്നും ഏകദേശം 30 കിലോമീറ്ററിനുള്ളിൽ സ്ഥിതിചെയ്യുന്ന പ്രദേശങ്ങളാണ് ചൂരൽമലയും മുണ്ടക്കൈയും. ആയിരക്കണക്കിന് ജനങ്ങൾ അധിവസിച്ചിരുന്ന ഈ പ്രദേശങ്ങൾ പൊടുന്നനെയാണ് വാസയോഗ്യമല്ലാതായിത്തീർന്നത്. ദുരന്തത്തിൽ കടുത്ത അരക്ഷിതാവസ്ഥയിലേക്ക് കൂപ്പുകുത്തുന്ന ഭയാനകമായ അവസ്ഥയിൽ സമചിത്തതയോടെ ജനങ്ങളെ സമാധാനിപ്പിച്ചും വിവിധ വകുപ്പുകളെ സഹകരിപ്പിച്ചുമുള്ള രക്ഷാദൗത്യത്തിനാണ് സംസ്ഥാന സർക്കാർ അന്നുമുതൽ നേതൃത്വം നൽകിയത്. 

വീടും ഭൂമിയും മേൽവിലാസവുമെല്ലാം നഷ്ടപ്പെട്ടവർക്കുള്ള പുനരധിവാസ പദ്ധതികൾ സർക്കാർ സമയ ബന്ധിതമായിത്തന്നെ നടപ്പാക്കിക്കൊണ്ടിരിക്കുകയാണ്. ദുരന്തത്തിൽപ്പെട്ടവരുടെ ആശ്രിതർക്ക് അർഹമായ ആനുകൂല്യം കാലതാമസമില്ലാതെ ലഭിക്കുന്നതിന് നടപടിക്രമങ്ങളിൽ ഇളവ് വരുത്തുകയുമുണ്ടായി. കോവിഡ് ദുരന്തത്തിലെ ആശ്രിതർക്ക് നൽകിയതിന് സമാനമായ രീതിയിലാണ് അടുത്ത ബന്ധുവിനെ അനന്തരാവകാശിയായി കണക്കാക്കി ആനുകൂല്യം നൽകുന്നതിന് ദുരന്തനിവാരണ ആക്ടിലെ 19-ാം വകുപ്പനുസരിച്ച് ഉത്തരവിറക്കിയത്. പ്രിയപ്പെട്ടവരുടെ വിടവുണ്ടാക്കിയ കണ്ണീരുണങ്ങാത്ത ഒരു ജനതയെ, അടിസ്ഥാന ജീവനോപാധികൾക്കുവേണ്ടി തെരുവിലേക്ക് തള്ളിവിടാതിരിക്കാനുള്ള ജാഗ്രതയോടെയുള്ള ഇടപെടലുകളുമായി സംസ്ഥാന സർക്കാർ മുന്നോട്ട് പോകുമ്പോഴാണ് കേന്ദ്രം വിഷയത്തിൽ കടുത്ത അവഗണന കാണിക്കുന്നത്. സംസ്ഥാന ദുരന്തപ്രതികരണ നിധിയുടെ കേന്ദ്ര വിഹിതം (എൻഡിആർഎഫ്)കൂടാതെ 291 കോടി രൂപയാണ് സംസ്ഥാനം അടിയന്തര ദുരിതാശ്വാസ സഹായമായി കേന്ദ്രത്തോട് അഭ്യർത്ഥിച്ചത്. എൻഡിആർഎഫിൽ നിന്ന് വിഹിതം അനുവദിച്ച് സെപ്റ്റംബർ 30ന് ഇറക്കിയ ധനസഹായ പട്ടികയിൽ കേരളത്തെ പരിഗണിച്ചിരുന്നില്ല. മൂന്ന് സംസ്ഥാനങ്ങൾക്ക് സംസ്ഥാന ദുരന്തപ്രതികരണ നിധിയിലേക്ക് മുൻകൂറായി 675കോടി രൂപ കൈമാറാനുള്ള അന്നത്തെ ഉത്തരവ് പ്രകാരം ഗുജറാത്തിന് 600 കോടിയും മണിപ്പൂരിന് 50 കോടിയും ത്രിപുരയ്ക്ക് 25 കോടിയും നൽകി. ശേഷം ശക്തമായ വിമർശനത്തിന്റെ ഫലമായാണ് 145.6 കോടി രൂപ സാധാരണ നടപടിക്രമത്തിന്റെ ഭാഗമായി കേരളത്തിന് അനുവദിച്ചത്. ഈ തുകയാകട്ടെ സംസ്ഥാന ദുരന്ത നിവാരണ ഫണ്ടിലെ കേന്ദ്ര വിഹിതം മാത്രമാണ്. 

മഹാരാഷ്ട്രയ്ക്ക് 1,492 കോടിയും ആന്ധ്രയ്ക്ക് 1,032 കോടിയും അസമിന് 716 കോടിയും ബിഹാറിന് 655 കോടിയും അനുവദിച്ചയിടത്താണ് കേരളത്തിനുള്ള തുച്ഛമായ വിഹിതം. ദേശീയ ദുരന്ത നിവാരണ നിധിയിൽ നിന്നുള്ള അധിക സഹായം അനുവദിക്കുന്ന കാര്യത്തിൽ കേന്ദ്ര തീരുമാനം ഇതുവരെ വന്നിട്ടില്ല. വയനാട്ടിലേത് ദേശീയ ദുരന്തമായി പ്രഖ്യാപിക്കാൻ തയ്യാറാകണമെന്ന സംസ്ഥാന സർക്കാരിന്റെ ആവശ്യം നിരാകരിച്ച കേന്ദ്രം അടിയന്തര സഹായങ്ങളെ പോലും രാഷ്ട്രീയവല്‍ക്കരിച്ച് ബിജെപിക്ക് വേരോട്ടമുള്ള സംസ്ഥാനങ്ങളിലേക്ക് വൻ തുകകളാണ് അനുവദിക്കുന്നത്. കേരളത്തിന് അർഹമായ വിഹിതങ്ങളോ പദ്ധതികളോ സാമ്പത്തിക സഹായങ്ങളോ നൽകുന്നില്ലെന്ന് മാത്രമല്ല, സംസ്ഥാനത്തിന്റെ വികസന പ്രവർത്തനങ്ങളെ തീർത്തും ദുർബലപ്പെടുത്തുന്ന സമീപനവും കേന്ദ്രം സ്വീകരിക്കുന്നു. കേരളത്തോടുള്ള കേന്ദ്രത്തിന്റെ കടുത്ത അവഗണനയിൽ പ്രതിഷേധിക്കുന്നതിലും വിഷയം പാർലമെന്റിൽ ഉന്നയിക്കുന്നതിലും സംസ്ഥാനത്ത് നിന്നുള്ള യുഡിഎഫ് എംപിമാർ തീർത്തും നിരുത്തരവാദിത്തപരമായ സമീപനമാണ് സ്വീകരിക്കുന്നത്. പ്രതിപക്ഷവും വലതുപക്ഷ മാധ്യമങ്ങളും നിലവിൽ ചൂരൽമല, മുണ്ടക്കൈ ദുരിതബാധിത മേഖലയ്ക്ക് ലഭിക്കേണ്ട കേന്ദ്ര സഹായം അട്ടിമറിക്കുന്നതിനുവേണ്ടിയും ജനകീയ സർക്കാരിനെ താറടിക്കുന്നതിനായും വ്യാജ പ്രചരണങ്ങൾ നടത്തി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുകയാണ്. ദുരന്തത്തിൽ അടിയന്തര കേന്ദ്രസഹായം ആവശ്യപ്പെട്ട് പ്രതീക്ഷിത കണക്കുസഹിതം നൽകിയ നിവേദനത്തെ ചെലവഴിച്ച തുകയാക്കി പ്രചരിപ്പിച്ച് സംസ്ഥാന സർക്കാരിന്റെ അതിജീവന ശ്രമങ്ങൾക്ക് തുരങ്കം സൃഷ്ടിക്കുകയാണവർ.
ഓഗസ്റ്റ് ഒന്നിന് ദുരന്തമേഖലയിലെത്തിയ കേന്ദ്രസംഘവുമായി ചർച്ച നടത്തി അവരുടെ നിർദേശങ്ങൾ കൂടി ഉൾപ്പെടുത്തിയാണ് സംസ്ഥാന സർക്കാർ മെമ്മോറാണ്ടം തയ്യാറാക്കിയത്. ദുരന്തബാധിതർക്ക് സഹായധനം അനുവദിക്കാൻ കേന്ദ്രസർക്കാർ പുറപ്പെടുവിച്ച എസ്ഡിആർഎഫ് മാനദണ്ഡ പ്രകാരം ലഭിക്കുക നാമമാത്ര തുകയായിരിക്കുമെന്ന വസ്തുത മുൻകൂട്ടിക്കണ്ട് സംസ്ഥാനം തയ്യാറാക്കിയ എസ്റ്റിമേറ്റ് ഉയർത്തിപ്പിടിച്ചുകൊണ്ടാണ് വിലകുറഞ്ഞ പ്രചാരവേലയുമായി ഇക്കൂട്ടര്‍ രംഗത്തിറങ്ങിയത്. 

പ്രകൃതിദുരന്തങ്ങളിൽ സംസ്ഥാന ദുരന്ത നിവാരണ അതോറിട്ടി വഴി സംസ്ഥാനം സമർപ്പിക്കുന്ന നഷ്ടപരിഹാരക്കണക്കിന്റെ പകുതിയിൽ താഴെ മാത്രമാണ് പലപ്പോഴും കേന്ദ്രം അനുവദിക്കാറുള്ളത്. എസ്ഡിആർഎഫ് മാനദണ്ഡമനുസരിച്ച് 10 ഇനങ്ങളിലായി 214 കോടിയാണ് ചെലവെങ്കിൽ സംസ്ഥാനത്തിന്റെ പ്രതീക്ഷിത നഷ്ടം 524 കോടിയാണെന്നോർക്കണം. ഭവന നിർമ്മാണത്തിനായുള്ള കേന്ദ്ര തുക 1.2 ലക്ഷം മാത്രമാണെങ്കിൽ കേരളത്തിന്റെ കാഴ്ചപ്പാടിൽ നിർമ്മാണത്തിനൊരുങ്ങുന്ന വീടിന്റെ തുക 15 ലക്ഷമാണ്. സമാന രീതിയിൽ മറ്റു പല മേഖലകളിലും കേന്ദ്ര മാനദണ്ഡ പ്രകാരമുള്ള തുകയുടെ അപര്യാപ്തത കണക്കിലെടുത്തുകൊണ്ടുള്ള സംസ്ഥാന സർക്കാരിന്റെ ദീർഘ വീക്ഷണത്തെയാണ് മനുഷ്യത്വരഹിത നടപടികളിലൂടെ വിമർശിക്കുന്നത്.
ചൂരൽമല, മുണ്ടക്കൈ മേഖലയുടെ പുനർനിർമ്മാണത്തിന് 2,200 കോടിയിലേറെ ചെലവ് വരുമെന്ന വിദഗ്ധാഭിപ്രായം നിലനിൽക്കെ 219കോടി മാത്രം ആവശ്യപ്പെടുന്നത് എസ്ഡിആർഎഫ് മാനദണ്ഡങ്ങളിലെ പോരായ്മ നിമിത്തമാണ്.
ഉരുൾദുരന്തത്തിന് ശേഷം വിവിധ സഹായങ്ങളെ ഏകോപിപ്പിച്ച് പരമാവധി ആളുകളിൽ എത്തിക്കാനുള്ള ശ്രമമാണ് സംസ്ഥാന സർക്കാർ ഏറ്റെടുത്തത്. നഷ്ടപ്പെട്ടതെല്ലാം വീണ്ടെടുക്കാൻ ജനങ്ങളോടൊപ്പം നിന്ന് അവരിൽ ആത്മവിശ്വാസം സൃഷ്ടിക്കുന്ന സമീപനമാണ് സർക്കാരിന്റേത്.
കുത്തകകൾക്കും കോർപറേറ്റുകൾക്കും വൻതോതിൽ സബ്സിഡികളും നികുതിയിളവുകളും നൽകുമ്പോൾ സാമാന്യ ജനജീവിതത്തെ നേരിട്ടുബാധിക്കുന്ന വിഷയങ്ങളിലുള്ള കുറ്റകരമായ മൗനവും നിസംഗതയും ആവർത്തിക്കുകയാണ് കേന്ദ്രം. അന്ധമായ കമ്മ്യൂണിസ്റ്റ് വിരുദ്ധത ബാധിച്ച പ്രതിപക്ഷവും മുഖ്യധാരാ മാധ്യമങ്ങളും കേരളത്തെ ഞെരുക്കുന്ന കേന്ദ്ര നിലപാടിനെതിരെ ഒരക്ഷരം ഉരിയാടാൻ തയ്യാറായിട്ടില്ല. മുണ്ടക്കൈ ദുരന്തത്തിൽ കേന്ദ്ര സഹായം ലഭ്യമാക്കാത്തതിനെ തുടർന്നുള്ള ഹൈക്കോടതിയുടെ ഇടപെടലും ഇക്കൂട്ടർക്ക് വാർത്തയല്ല.
ഈ വഞ്ചന തുറന്നുകാട്ടേണ്ടതുണ്ട്. വയനാടിന്റെ പുനർനിർമ്മാണത്തിനുള്ള അടിയന്തര സഹായം ലഭ്യമാക്കാത്ത കേന്ദ്ര നയത്തിനെതിരെയും ഇടതുപക്ഷത്തോടുള്ള രാഷ്ട്രീയ വിരോധത്തിന്റെ മറവിൽ കേരളത്തെ ഒറ്റുകൊടുക്കുന്ന പ്രതിപക്ഷ മാധ്യമ നിലപാടുകൾക്കെതിരെയും ശക്തമായ പ്രതിഷേധം ഉയർന്നുവരണം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.