10 January 2025, Friday
KSFE Galaxy Chits Banner 2

ജനപക്ഷ സിവിൽ സർവീസ് സാധ്യമാണ്

ജോയിന്റ് കൗൺസിൽ 54-ാം വാർഷിക സമ്മേളനം ഇന്ന് മുതൽ 13 വരെ മലപ്പുറത്ത്
ജയശ്ചന്ദ്രന്‍ കല്ലിംഗല്‍
May 10, 2023 4:00 am

ജോയിന്റ് കൗൺസിൽ 54-ാം വാർഷിക സമ്മേളനം ഇന്ന് മുതൽ 13 വരെ മലപ്പുറത്ത് നടക്കുകയാണ്. 1969ല്‍ രൂപീകരിച്ചതു മുതൽ സംസ്ഥാന സർക്കാർ അവകാശ സമരങ്ങളിൽ എല്ലാ രാഷ്ട്രീയ പരിതസ്ഥിതികളിലും ഒരേ നിലപാട് സ്വീകരിക്കുന്ന സംഘടന എന്ന നിലയിൽ സർക്കാർ ജീവനക്കാരുടെ മേഖലയിൽ ശക്തമായ സാന്നിധ്യമാണ് ജോയിന്റ് കൗൺസിൽ. നിലവിലെ സാഹചര്യത്തിൽ സംഘടനയുടെ സമ്മേളനത്തിന് മുമ്പെന്നത്തെക്കാളും പ്രസക്തിയുണ്ട്. പൊതുവെ ജീവനക്കാരെ ശത്രുപക്ഷത്ത് നിര്‍ത്തി‌ക്കൊണ്ടുള്ള ഒരു കാഴ്ചപ്പാടാണ് സമൂഹത്തിനുള്ളത്. കാലം കഴിയുന്തോറും ഇതിന് ആക്കം കൂടുകയും ചെയ്യുന്നു. സർക്കാർ ജീവനക്കാർ സമൂഹത്തിന്റെ പരിച്ഛേദമാണെന്ന സ്ഥിരം ഭാഷ പറഞ്ഞ് ഒളിച്ചോടുന്നതിനു പകരം ജീവനക്കാരെ കൂടുതൽ ജനപക്ഷത്തെത്തിക്കുവാൻ ഇച്ഛാശക്തിയോടെ ഇടപെടുന്ന സംഘടനയാണ് ജോയിന്റ് കൗൺസിൽ; ജനപക്ഷ സിവിൽ സർവീസിന്റെ ഏറ്റവും വലിയ പ്രചാരകരുമാണ്.


ഇത് കൂടി വായിക്കൂ: ബിജെപിയുടെ ക്രൈസ്തവ പ്രീണനവും ആലഞ്ചേരിയുടെ മോഡീ പ്രണയവും


അഴിമതിക്കും കാര്യക്ഷമതയില്ലായ്മയ്ക്കുമെതിരെ നിതാന്ത ജാഗ്രത പുലർത്തുക, അഴിമതിക്കാരായ ഉദ്യോഗസ്ഥരെ ഒറ്റപ്പെടുത്തുക എന്നിവയാണ് ജോയിന്റ് കൗൺസിൽ ഉയർത്തിയ ഏറ്റവും ശക്തമായ മുദ്രാവാക്യം. അഴിമതി കാണിക്കുന്നവരെ വാക്കുകൊണ്ടോ നോക്കുകൊണ്ടോ പോലും സഹായിക്കുന്ന നിലപാട് സ്വീകരിക്കരുതെന്നും അത്തരക്കാരെ സഹായിക്കുന്നത് മാത്രമല്ല, അത് കണ്ടില്ലെന്ന് നടിക്കുന്നതും കുറ്റകരമാണെന്ന ബോധവൽക്കരണമാണ് ആവശ്യമെന്ന് സംഘടന നിശ്ചയിച്ചിട്ടുണ്ട്. ഓരോ ജോയിന്റ് കൗൺസിൽ പ്രവർത്തകരും വിസിൽബ്ലോവേഴ്സ് ആകണം എന്ന ആഹ്വാനമാണ് സംഘടനാ പ്രവർത്തകർക്ക് നൽകിയിട്ടുള്ളത്. അഴിമതിക്കെതിരെ നിതാന്ത ജാഗ്രതയോടുള്ള പ്രവർത്തനം ശക്തമായി തുടരുന്നതിന് ഈ സംസ്ഥാന സമ്മേളനം കൂടുതൽ പരിപാടികൾ ആവിഷ്കരിക്കും.
സിവിൽ സർവീസിന്റെ തകർച്ച, ജനാധിപത്യത്തെ ദുർബലപ്പെടുത്തുമെന്ന യാഥാർത്ഥ്യം സമൂഹം തിരിച്ചറിയേണ്ടതുണ്ട്. അതുകൊണ്ട് സിവിൽ സർവീസിനെ നവീകരിക്കുന്നതിനും ശുദ്ധീകരിക്കുന്നതിനുമാണ് പൊതുസമൂഹം ശ്രദ്ധിക്കേണ്ടത്. സര്‍വീസ് സംഘടനകൾ മാത്രം വിചാരിച്ചാൽ ഈ ലക്ഷ്യം കൈവരിക്കാനാകില്ല. കൈക്കൂലി വാങ്ങുന്നവരെ പോലെ തന്നെ നല്കുന്നവരും കുറ്റക്കാരാണ് എന്ന ചിന്തയാണ് ഉയർന്നുവരേണ്ടത്. സിവിൽ സർവീസിലെ പുരോഗമന പ്രസ്ഥാനമെന്ന നിലയിൽ അഴിമതിക്കെതിരെയുള്ള പോരാട്ടത്തിന് എന്നും ജോയിന്റ് കൗൺസിൽ മുൻപന്തിയിൽത്തന്നെ ഉണ്ടാകും.


ഇത് കൂടി വായിക്കൂ: യാഥാര്‍ത്ഥ്യമാകുന്നത് പ്രാപ്തരായ രണ്ടാംനിര ഉദ്യോ­ഗസ്ഥ മേധാവികൾ എന്ന സ്വപ്നം


ഇന്ത്യയിലാകെ സിവിൽ സർവീസ് തകർച്ചയെ നേരിട്ടുകൊണ്ടിരിക്കുകയാണ്. സിവിൽ സർവീസ് ചുരുക്കപ്പെട്ട സംസ്ഥാനങ്ങളിലൊക്കെ പൊതുസേവനരംഗങ്ങൾ സ്വകാര്യ മേഖലയിലേക്ക് പോയിക്കഴിഞ്ഞു. മറ്റ് സംസ്ഥാനങ്ങളിലെ പൊതുവിദ്യാഭ്യാസം, പൊതുജനാരോഗ്യം, പൊതുവിതരണം ഉൾപ്പെടെയുള്ള സംവിധാനങ്ങൾ തകർന്നത് സിവിൽ സർവീസ് വെട്ടിക്കുറയ്ക്കപ്പെട്ടതിലൂടെയാണ്. സർക്കാർ ജീവനം തൊഴിലില്ലായ്മയ്ക്ക് പരിഹാരമല്ല. എന്നാൽ വിദ്യാസമ്പന്നരായ യുവാക്കളുടെ ഒരു സ്വപ്നമാണ് സർക്കാർ ജോലി. നിശ്ചിതമായ വരുമാനവും വാർധക്യകാല പെൻഷൻ എന്ന സുരക്ഷയും സർക്കാർ ജോലിയിലൂടെ ലഭ്യമാകുമെന്ന ഒരു ധാരണയുണ്ടായിരുന്നു. അതിന് കോട്ടംതട്ടിയതാണ് ഇന്നത്തെ തലമുറയിലെ യുവാക്കളിൽ ഭൂരിഭാഗവും വിദേശങ്ങളിലേക്ക് കുടിയേറിക്കൊണ്ടിരിക്കുന്നതിന്റെ അടിസ്ഥാനം. ഇത് നമ്മുടെ രാജ്യത്തെ ഭരണാധികാരികൾ തിരിച്ചറിയുന്നില്ല. പാർലമെന്റിൽ അവതരിപ്പിച്ച കണക്കുപ്രകാരം കേന്ദ്രസർവീസിൽ മാത്രം 9.79ലക്ഷം തസ്തികകളാണ് ഒഴിഞ്ഞുകിടക്കുന്നത്. സംസ്ഥാന സർക്കാർ സർവീസിലെ ഒഴിവുകളുടെ എണ്ണത്തെ സംബന്ധിച്ച് ക്രോഡീകരിച്ച രേഖകൾ ലഭ്യമല്ലെങ്കിലും ഇന്ത്യയിലാകെ 20 ലക്ഷത്തിലധികം തസ്തികകൾ ഒഴിഞ്ഞുകിടക്കുന്നതായാണ് ലഭ്യമായ വിവരങ്ങൾ സൂചിപ്പിക്കുന്നത്.
യുപിഎ സർക്കാരിന്റെ കാലത്ത്, വീരപ്പമൊയ്‌ലി നേതൃത്വം നൽകിയ രണ്ടാം കേന്ദ്ര ഭരണപരിഷ്കാര കമ്മിഷൻ ലെസ് ഗവൺമെന്റ്, മോർ ഗവേണൻസ് എന്ന ആശയാടിത്തറയിൽ നിന്നുകൊണ്ട് തയ്യാറാക്കിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേരളമൊഴികെയുള്ള സംസ്ഥാനസർക്കാരുകൾ സിവിൽ സർവീസിനെ വെട്ടിച്ചുരുക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചിരുന്നു. ഈ ഒഴിവുകളിലേക്ക് ദിവസവേതനക്കാരെയും കരാർ ജീവനക്കാരെയും നിയമിക്കുക എന്ന നിലപാടാണ് സർക്കാരുകൾ സ്വീകരിച്ചത്. കേരളം മാത്രമാണ് സ്ഥിരം തസ്തികകളിലെല്ലാം നിയമനം നടത്തുന്നത്. എന്നാൽ കേരളത്തിലും സർക്കാരിന്റെ പുതിയ സംവിധാനങ്ങളിൽ ഒന്നിൽപ്പോലും സ്ഥിരനിയമനം നടക്കുന്നില്ല എന്നത് യാഥാർത്ഥ്യമാണ്. കരാർ ജീവനക്കാരെ ഉപയോഗിച്ചാണ് ഐടി അധിഷ്ഠിത സംവിധാനങ്ങൾ മുന്നോട്ടു പോകുന്നത്. സമീപകാലത്ത് സർക്കാരിനെതിരെ ഉയർന്നുവന്ന ആരോപണങ്ങളെല്ലാം ഇത്തരം താല്‍ക്കാലിക ജീവനക്കാരുടെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിൽ നിന്നുമാണെന്നത് യാദൃച്ഛികമല്ല.


ഇത് കൂടി വായിക്കൂ: സൈബറിടത്തിലെ കുറ്റകൃത്യങ്ങളെ നേരിടാന്‍


സി അച്യുതമേനോന്റെ ഭരണകാലത്താണ് സിവിൽ സർവീസ് ഏറ്റവുമധികം വികാസം പ്രാപിച്ചത്. പൊതുവിദ്യാഭ്യാസം, പൊതുജനാരോഗ്യം എന്നിവ ശക്തിപ്പെടുത്തിയും ഭൂപരിഷ്കരണം നടപ്പിലാക്കിയും ഒരു മാതൃകാ ഭരണകൂടത്തിന് അദ്ദേഹം നേതൃത്വം നൽകി. ജനങ്ങളുമായി നേരിട്ട് ബന്ധപ്പെടുന്ന ഓഫിസ് സംവിധാനങ്ങൾ ശാക്തീകരിച്ച് ഭരണ നിർവഹണത്തിന് പുതിയ മാനം സൃഷ്ടിക്കുവാൻ അച്യുതമേനോൻ സർക്കാരിന് സാധിച്ചു. അതിനുശേഷം വന്ന സർക്കാരുകളൊന്നും അത്ര ദീർഘവീക്ഷണത്തോടെ ഭരണരംഗം നവീകരിക്കുന്നതിൽ ശ്രദ്ധ ചെലുത്തിയില്ല.
വിവരസാങ്കേതിക വിദ്യയുടെ വികാസത്തിനനുസരിച്ച് ഭരണകൂടവും ജനങ്ങളുമായുള്ള ബന്ധത്തിനും പൊളിച്ചെഴുത്ത് അനിവാര്യമാണ്. ലഭ്യമാകേണ്ട സേവനങ്ങൾ വേഗത്തിൽ കൃത്യതയോടും സുതാര്യതയോടും ലഭ്യമാക്കുക എന്നതാണ് ഭരണകൂടങ്ങളുടെ കടമ. കാലത്തിനനുസരിച്ച് സിവിൽ സർവീസിനെ പരിഷ്കരിച്ചാൽ മാത്രമേ ഈ ലക്ഷ്യം കൈവരിക്കാന്‍ സാധിക്കൂ. വൈജ്ഞാനിക ഭരണ നിർവഹണത്തിന്റെ ഭാഗമായി സർക്കാർ കൊണ്ടുവരുന്ന മാറ്റങ്ങളെ ഈ അർത്ഥത്തിലാണ് സിവിൽ സർവീസ് സമൂഹം വീക്ഷിക്കുന്നത്. എന്നാൽ ഇപ്പോൾ ഇതിന്റെ മറവിൽ സിവിൽ സർവീസിനെ ഇല്ലാതാക്കുന്നതിനുള്ള ശ്രമങ്ങളാണ് ഉന്നത ബ്യൂറോക്രാറ്റുകൾ നടത്തിക്കൊണ്ടിരിക്കുന്നത്. വലതുപക്ഷ സാമ്പത്തിക നയത്തിന്റെ അടിസ്ഥാനത്തിൽ ലാഭാധിഷ്ഠിതമായി ഭരണനിർവഹണത്തെ വീക്ഷിക്കുന്നതിന്റെ ഭാഗമായിട്ടാണ് സൗജന്യമായ പൊതുസേവനങ്ങൾ ഇല്ലാതാക്കപ്പെടുന്നത്. ഇതിന്റെ ആദ്യപടിയായി ഡ്രെെവർ, ഓഫിസ് അറ്റൻഡന്റ് തുടങ്ങിയ താഴെ ശ്രേണിയിലുള്ള തസ്തികകൾ ഒഴിവാക്കപ്പെടുന്നു. സാമൂഹ്യ സാമ്പത്തിക സന്തുലനത്തിന് ഇത് കോട്ടം തട്ടിക്കും.
ജനങ്ങളുമായി നേരിട്ട് ബന്ധപ്പെടുന്ന ഭരണ നിർവഹണ സ്ഥാപനങ്ങളിൽ ആവശ്യത്തിന് ജീവനക്കാരും മതിയായ അടിസ്ഥാന സൗകര്യവും ഒരുക്കുക എന്നതാണ് ജനപക്ഷ സിവിൽ സർവീസിന്റെ സൃഷ്ടിക്ക് ഏറ്റവും അവശ്യമായ ഇടപെടൽ. എന്നാൽ അധികാരകേന്ദ്രവുമായി അടുത്തുനിൽക്കുന്ന ഉദ്യോഗസ്ഥ സംവിധാനം വിപുലീകരിക്കുന്നതിനുള്ള ശ്രമങ്ങളാണ് ഇപ്പോൾ നടന്നുവരുന്നത്. സർക്കാരിന്റെ സാമൂഹ്യ, സേവന‑ക്ഷേമ പദ്ധതികൾ ജനങ്ങളിലേക്ക് വേഗതയിലും അഴിമതിരഹിതവുമായി എത്തിക്കുന്നതിനാവശ്യമായ സംവിധാനങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള പ്രത്യേക ശ്രദ്ധ ആവശ്യമായ സന്ദർഭമാണിത്. വകുപ്പുകളുടെ സംയോജനവും പുനഃസംഘടനയും ഇതേ ലക്ഷ്യത്തോടെയാണ് ആരംഭിക്കുന്നതെങ്കിലും ഭരണകൂടവുമായി ചേർന്ന് നിൽക്കുന്നവരുടെ താല്പര്യങ്ങൾ മാത്രം സംരക്ഷിച്ചു കൊണ്ടാണ് ഇത് നടപ്പിലാക്കപ്പെടുന്നത്. ശാസ്ത്രീയമായ പുനഃസംഘടനയ്ക്കു വേണ്ടിയുള്ള ചർച്ചകളൊന്നും ഭരണതലത്തിൽ ഉ യർന്നുവരുന്നില്ല. ജനങ്ങൾക്ക് മെച്ചപ്പെട്ട സേവനം ലക്ഷ്യമാക്കിയിട്ടുള്ള സിവിൽ സർവീസ് പരിഷ്കരണമാണ് അനിവാര്യം എന്ന് ജോയിന്റ് കൗൺസിൽ ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടുണ്ട്.
രാജ്യം നേരിടുന്ന ഗുരുതരമായ വെല്ലുവിളികളെ സംബന്ധിച്ചുള്ള ബോധവൽക്കരണം സംഘടനയുടെ പ്രധാന ലക്ഷ്യങ്ങളിലൊന്നാണ്. സമൂഹത്തിന്റെ ഗോത്രമനോഭാവ ചിന്തയ്ക്കെതിരെ ശക്തമായ പ്രതിരോധം തീർക്കുന്നതിന് നിരവധി ഇടപെടലുകളാണ് സംഘടന നടത്തിക്കൊണ്ടിരിക്കുന്നത്. 2022 ജൂലൈ നാല് മുതൽ 25 വരെ ജോയിന്റ് കൗൺസിൽ വനിതാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ വനിതാമുന്നേറ്റ ജാഥ ഈ ലക്ഷ്യം മുൻനിർത്തി സംഘടിപ്പിച്ചതാണ്.


ഇത് കൂടി വായിക്കൂ: ചരിത്രത്തിന് മുമ്പേ നടന്ന വ്യക്തിത്വം


സർക്കാർ ജീവനക്കാരുടെ സേവന‑വേതന വിഷയങ്ങളിൽ ഇടതു-വലതുമുന്നണികളുടെ സമീപനം എല്ലാ കാലത്തും വ്യത്യസ്തമായിരുന്നു. 2002ൽ എ കെ ആന്റണി മുഖ്യമന്ത്രിയായിരുന്ന കാലത്താണ് ജീവനക്കാരുടെയും അധ്യാപകരുടെയും സേവന‑വേതന അവകാശങ്ങളെ പൂർണമായും ഇല്ലാതാക്കിക്കൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചത്. 32 ദിവസം സംഘടനാ വ്യത്യാസമില്ലാതെ ജീവനക്കാരും അധ്യാപകരും ഒന്നിച്ച് നടത്തിയ പണിമുടക്കമാണ് ആന്റണിയുടെ ഉത്തരവിനെ പാഴ്‌ക്കടലാസാക്കിയത്. അതേ നയം പിന്തുടർന്ന് 2012ൽ ഉമ്മൻചാണ്ടി സ്റ്റാറ്റ്യൂട്ടറി പെൻഷൻ അട്ടിമറിച്ചപ്പോൾ കൂട്ടായ ഒരു പണിമുടക്ക് സിവിൽ സർവീസ് മേഖലയിൽ ഉയർന്നുവന്നില്ല. കോൺഗ്രസ് അനുകൂല സംഘടനകൾ സമരത്തിൽ നിന്നും വിട്ടുനിന്നുവെന്ന് മാത്രമല്ല, സമരത്തെ പരാജയപ്പെടുത്താൻ നേതൃത്വം നല്കുകയും ചെയ്തു.
തുടർന്ന് വന്ന ഇടതുമുന്നണി സർക്കാർ പദ്ധതി പുനഃപരിശോധിക്കുമെന്ന് വാഗ്ദാനം ചെയ്തിരുന്നുവെങ്കിലും അത് പാലിച്ചില്ല. 2016ൽ ജോയിന്റ് കൗൺസിലിനോടൊപ്പം പണിമുടക്കിൽ പങ്കെടുത്ത സംഘടനകൾ 2016ൽ ഇടതുമുന്നണി അധികാരമേറ്റെടുത്തതു മുതൽ എല്ലാ പ്രക്ഷോഭ സമരങ്ങളിൽ നിന്നും പിൻവലിഞ്ഞു. ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ 24-ാംപാർട്ടി കോൺഗ്രസ് പങ്കാളിത്ത പെൻഷൻ പിൻവലിക്കണമെന്നും പഴയ പെൻഷൻ പുനഃസ്ഥാപിക്കണമെന്നും എല്ലാ സംസ്ഥാനങ്ങളോടും കേന്ദ്ര സർക്കാരിനോടും ആവശ്യപ്പെട്ടു കൊണ്ട് പ്രമേയം പാസാക്കിയിട്ടുണ്ട്. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഈ തീരുമാനമാണ് ജോയിന്റ് കൗൺസിൽ ഉൾപ്പെടെയുള്ള പ്രസ്ഥാനങ്ങൾക്ക് ഊർജം നല്കിയത്. ജോയിന്റ് കൗൺസിൽ മലപ്പുറം സമ്മേളനം ഈ വിഷയങ്ങളിലൊക്കെ സജീവമായ ചർച്ചകൾ നടത്തി തീരുമാനങ്ങൾ കൈക്കൊള്ളും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.