18 November 2024, Monday
KSFE Galaxy Chits Banner 2

കാലാവസ്ഥാ വ്യതിയാനവും ജിഡിപിയും

പ്രൊഫ. കെ അരവിന്ദാക്ഷൻ
May 23, 2023 4:45 am

ദേശീയ മൊത്തഉല്പാദനം (ജിഡിപി) എന്ന ആശയം ആധുനിക ധനശാസ്ത്ര ചര്‍ച്ചകളില്‍, വിശിഷ്യ സാമ്പത്തിക വികസനവുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ ഇടംകണ്ടെത്തിയത് ഏതാണ്ട് ഒമ്പത് വര്‍ഷം മുമ്പു മുതലാണ്. രണ്ടാം ലോകയുദ്ധാനന്തര പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി രണ്ട് ഏജന്‍സികള്‍ നിലവില്‍ വന്നു. ബ്രെട്ടണ്‍വുഡ്സ് ഇരട്ടകള്‍ എന്ന പേരില്‍ അറിയപ്പെടുന്ന ഈ രണ്ട് ഏജന്‍സികള്‍ സാര്‍വദേശീയ നാണയനിധി (ഐഎംഎഫ്)യും ലോക ബാങ്കും 1944ലാണ് രൂപംകൊണ്ടത്. അന്നുമുതലാണ് ഏതൊരു യുഎന്‍ അംഗരാജ്യത്തിന്റെയും പ്രാഥമിക സാമ്പത്തിക വളര്‍ച്ചയുടെ അളവുകോല്‍ എന്ന നിലയില്‍ ജിഡിപി എന്ന ആശയം പൊതുസമ്മതി നേടുന്നത്. യുഎന്‍ മുന്നോട്ടുവച്ച ഈ ആശയം വികസനത്തിന്റെ കുറ്റമറ്റ അളവുകോലാണോ എന്നതില്‍ തുടക്കം മുതല്‍ വിവാദം നിലനിന്നു പോരുകയും ചെയ്തിരുന്നു. സാമ്പത്തിക വളര്‍ച്ചയോടൊപ്പം ക്ഷേമം, സാമ്പത്തിക തുല്യത, മനുഷ്യവിഭവ വികസനം തുടങ്ങിയവയും വികസനത്തിന്റെ ഉല്പന്നങ്ങളായി കണക്കാക്കുകയല്ലേ വേണ്ടതെന്ന വിമര്‍ശനങ്ങളും ഉയര്‍ന്നു. പിന്നീട് വികസനത്തോടൊപ്പം പരിസ്ഥിതി സംരക്ഷണവും പ്രസക്തമായ ‌വിഷയങ്ങളിലൊന്നായി. അടുത്തഘട്ടത്തിലാണ് വികസന പ്രവര്‍ത്തനങ്ങളോട് കൂട്ടത്തില്‍ കാലാവസ്ഥാ വ്യതിയാനവും ചര്‍ച്ചാവിഷയമായി മാറിയത്. സാമ്പത്തിക വികസനം ത്വരിതപ്പെടുത്തുന്നതിന്റെ ഭാഗമായി റോഡുകളുടെയും പാലങ്ങളുടെയും മറ്റും നിര്‍മ്മാണം സുഗമമാക്കുന്നതിലേക്ക് മരങ്ങള്‍ മുറിച്ചുമാറ്റുകയും വനഭൂമി കയ്യേറുകയും ചെയ്യേണ്ടിവന്നു എന്നത് ജിഡിപി എന്ന ആശയത്തോടൊപ്പം വിവാദത്തിന്റെ ഭാഗമായി മാറിയെന്നാണ് അനുഭവം. വനനശീകരണത്തിനെതിരായ നീക്കങ്ങള്‍ ശക്തമായതോടെ, വനവല്‍ക്കരണ പദ്ധതികളും വികസനത്തിന്റെ അവിഭാജ്യ ഘടകങ്ങളായി മാറി.

കാര്‍ബണ്‍ ബഹിര്‍ഗമനം പരിസ്ഥിതി നാശത്തിലേക്കും കാലാവസ്ഥാ വ്യതിയാനങ്ങളിലേക്കും കൊണ്ടെത്തിക്കുന്നു എന്നതാണ് നമ്മുടെ അനുഭവപാഠം. ഈ ദുരനുഭവം പൊതുസമൂഹത്തിന്റെ വികസന കാഴ്ചപ്പാടില്‍ വളരെ സാവധാനത്തിലാണെങ്കില്‍പ്പോലും മാറ്റം വരുത്താന്‍ പര്യാപ്തമായിട്ടുണ്ട്. വികസനത്തിനായുള്ള നിക്ഷേപത്തിനോടൊപ്പം ഊര്‍ജ പുനര്‍വിനിയോഗത്തിനും ബദല്‍ ഊര്‍ജ സ്രോതസുകളുടെ കണ്ടെത്തലിനും ശ്രദ്ധചെലുത്തിവരുന്നുണ്ട്. ലാഭകരവും കാര്‍ബണ്‍ ബഹിര്‍ഗമനത്തിലൂടെയുള്ള പരിസ്ഥിതി മലിനീകരണത്തില്‍ പരമാവധി കുറവു വരുത്തുന്നതിനും വൈദ്യുതി ഊര്‍ജ വിനിയോഗത്തില്‍ ക്രമേണ സ്വീകാര്യത വര്‍ധിച്ചുവരികയാണ്. ഇതിലേക്കായി നിരവധി ചെറുകിട–ഇടത്തരം സംരംഭങ്ങള്‍ നമ്മുടെ സംസ്ഥാനത്തും വളര്‍ന്നുവരുകയാണ്. കല്‍ക്കരി ഊര്‍ജമായി വിനിയോഗിച്ചിരുന്ന നിരവധി വ്യവസായങ്ങള്‍ വൈദ്യുതി ഊര്‍ജവും സൗരോര്‍ജവും ബദല്‍ മാര്‍ഗങ്ങളായി സ്വീകരിച്ചു. വിവിധ ആഗോള വിപണികളില്‍ വിനിയോഗത്തിലിരിക്കുന്ന പെട്രോള്‍-ഡീസല്‍ ഇന്ധന സ്രോതസുകളെ ആശ്രയിക്കുന്ന മോട്ടോര്‍ വാഹനങ്ങള്‍ അതിവേഗം വൈദ്യുതി ഊര്‍ജത്തിലേക്ക് മാറിവരികയാണ്. വരുന്ന ഒരു ദശകക്കാലയളവില്‍ എല്ലാ ഉല്പാദന മേഖലകളും വൈദ്യുതിയിലേക്ക് പരിവര്‍ത്തനം ചെയ്യുമെന്നാണ് കരുതപ്പെടുന്നത്. ജിഡിപി എന്നത് സമഗ്രമായൊരു ആശയമാണ് അവതരിപ്പിക്കുന്നത്. ഒരു ‘മാക്രോ — ഇക്കണോമിക്’ കാഴ്ചപ്പാടാണിത്. ജിഡിപി വര്‍ധന ഒരു ശരാശരി പൗരന്റെ നിത്യജീവിതത്തില്‍ ഗുണപരമായ എന്തു മാറ്റമാണ് വരുത്തുന്നതെന്ന് തിരിച്ചറിയണം. ഇതിന് അറ്റ ദേശീയോല്പന്ന (എന്‍ഡിപി)മായിരിക്കും അളവുകോലാക്കേണ്ടത്. എന്‍ഡിപി കണ്ടെത്തുന്നത് മൊത്തം ജിഡിപിയെ ബന്ധപ്പെട്ട രാജ്യത്തിലെ ജനസംഖ്യകൊണ്ട് വിഭജിച്ചാണ്. അതായത് ജിഡിപി, ജിഎന്‍ഐ(മൊത്തം ദേശീയ വരുമാനം)ആയും എന്‍ഡിപി അറ്റ ദേശീയ വരുമാനമായും മാറും. ഇതാണ് ഒരു രാജ്യത്തെ സംബന്ധിച്ചിടത്തോളം പ്രസക്തമാവുക. ഏതൊരു രാജ്യത്തെ ഉല്പാദനത്തെ സംബന്ധിച്ചായാലും ജിഡിപിയില്‍ നിന്നും തേയ്മാനക്കിഴിവ് ഒഴിവാക്കിയാല്‍ തട്ടിക്കിഴിച്ചാല്‍ കിട്ടുന്ന തുകയായിരിക്കും എന്‍ഡി‍പി. ജിഡിപിയായാലും എന്‍ഡിപിയായാലും അത് അര്‍ത്ഥമാക്കുന്നത് ഒരു രാജ്യത്തെ ഒരു വ്യവസായത്തിന്റെ മൊത്തം ഉല്പാദനമോ ശരാശരി ഉല്പാദനമോ ആയിരിക്കും.

 


ഇതുകൂടി വായിക്കു; പട്ടിണി കണക്കുകള്‍: സത്യവും മിഥ്യയും


ഉല്പാദന പ്രക്രിയയുടെ ഭാഗമെന്ന നിലയില്‍ തേയ്‌മാനക്കിഴിവിന്റെ പ്രാധാന്യം വികസനംസംബന്ധമായ കൂട്ടലുകള്‍ക്കും കിഴിക്കലുകള്‍ക്കും പരിഗണിക്കപ്പെടുന്ന ഘടകങ്ങളുടെ കൂട്ടത്തില്‍ ഇപ്പോള്‍ ഇടംപിടിച്ചിട്ടുണ്ട്. കഴിഞ്ഞ നൂറ്റാണ്ടിന്റെ അവസാന പാദത്തിലെ‍ ഇന്ത്യയുടെ ജിഡിപിയും ഇക്കഴിഞ്ഞ വര്‍ഷം അവസാന പാദത്തിലെ ജിഡിപിയും എന്‍ഡിപിയും തമ്മിലുള്ള അന്തരം ആറു ശതമാനത്തോളം വര്‍ധനവാണ് രേഖപ്പെടുത്തിയത്. തേയ്‌മാനക്കിഴിവില്‍ ഉണ്ടായിരിക്കുന്ന പെരുപ്പം തന്നെയാണിത് നല്കുന്ന സൂചന. ഈ അന്തരം ഇപ്പോള്‍ 12 ശതമാനത്തിലേക്ക് കുതിച്ചുയര്‍ന്നിരിക്കുകയാണ്. ഇതോടൊപ്പം പരിഗണിക്കപ്പെടേണ്ട മാറ്റമാണ് കാര്‍ബണ്‍ പുറംതള്ളല്‍ സാധ്യതകള്‍ വെട്ടിച്ചുരുക്കാനുള്ള പരിവര്‍ത്തന പ്രക്രിയ. സൗരോര്‍ജത്തിന്റെ വിനിയോഗം പ്രതീക്ഷിച്ചതിലും ഏറെ വേഗതയോടെയാണ് കേരളത്തില്‍ത്തന്നെ ആഭ്യന്തര ഗതാഗത മാര്‍ഗങ്ങളുടെ ഭാഗമായി മാറിക്കൊണ്ടിരിക്കുന്നത്. ഇതിന് ഏറ്റവും ഒടുവിലത്തെ ദൃഷ്ടാന്തമാണ് കൊച്ചി ജലമെട്രോ സര്‍വീസ്. ഇതിനും എത്രയോ മുമ്പുതന്നെ അന്താരാഷ്ട്രതലത്തില്‍ ജനശ്രദ്ധ നേടിയ സംസ്ഥാനത്തെ അത്യാധുനിക സൗകര്യങ്ങളോടെയുള്ള നെടുമ്പാശേരി വിമാനത്താവളത്തിന്റെ പ്രവര്‍ത്തനങ്ങള്‍ മുഴുവനായും സൗരോര്‍ജാധിഷ്ഠിതമാക്കപ്പെട്ടു. ഇന്ത്യന്‍ റെയില്‍വേ ശൃംഖലയും അതിവേഗതയിലാണ് വൈദ്യുതിവല്‍ക്കരണത്തിലേക്കും ഓട്ടോമാറ്റിക് സിഗ്നലിങ് സംവിധാനങ്ങളിലേക്കും പരിവര്‍ത്തനം നടത്തിവരുന്നത്.
ഇത്തരം മാറ്റങ്ങള്‍ സമ്പദ്‌വ്യവസ്ഥയുടെ വിവിധ മേഖലകളില്‍ ത്വരിതഗതിയില്‍ നടന്നുവരുന്നതിനോടൊപ്പം മനുഷ്യ സമൂഹത്തിന്റെ വളര്‍ച്ചയ്ക്കും മുന്നേറ്റത്തിനും സഹായകമായ പ്രകൃതി എന്ന മൂലധനംതന്നെ ഏതെല്ലാം വിധത്തില്‍ തേയ്‌മാനങ്ങള്‍ക്ക് അതിവേഗം നീങ്ങിക്കൊണ്ടിരിക്കുകയാണെന്ന് നാം തിരിച്ചറിയേണ്ടതാണ്. മാക്രോ ഇക്കണോമിക് കണക്കുകള്‍ക്കു പുറകെ ഓട്ടം നടത്തുന്നതിനിടയില്‍ സമ്പദ്‌വ്യവസ്ഥയുടെയും സമൂഹത്തിന്റെയും സൂക്ഷ്മതലങ്ങളില്‍ എന്തു നടക്കുന്നു എന്നുകൂടി പരിശോധിക്കപ്പെടണം. അസുഖകരമായ ചില ചോദ്യങ്ങള്‍ക്കും വിശദീകരണങ്ങള്‍ക്കും നമ്മുടെ കേന്ദ്ര–സംസ്ഥാന ഭരണകൂടങ്ങള്‍ കൃത്യമായ വിശദീകരണങ്ങള്‍ നല്കിയേ തീരു. ജലവിഭവങ്ങള്‍, വനസമ്പത്ത്, ശുദ്ധമായ അന്തരീക്ഷ വായു തുടങ്ങിയവയുടെ സംരക്ഷണവും ശ്രദ്ധാപൂര്‍വവും യുക്തിസഹവുമായ വിനിയോഗവും അങ്ങേയറ്റം മുന്‍ഗണന അര്‍ഹിക്കുന്ന മേഖലകളാണ്. ഇന്ത്യയുടെ ഭൂഗര്‍ഭ ജലവിതാനം അപകടകരമായ വിധത്തില്‍ താഴുന്നതായിട്ടാണ് കണ്ടെത്തിയിരിക്കുന്നത്. വായു മലിനീകരണവും ജലമലിനീകരണവും തണ്ണീര്‍ത്തടങ്ങള്‍ വ്യാപകമായി നികത്തുന്ന നടപടികളും ജനങ്ങളുടെ ആരോഗ്യത്തിനും ജീവനോപാധികളുടെ ലഭ്യതയ്ക്കും കനത്ത ഭീഷണിയാണ്.


ഇതുകൂടി വായിക്കു;മധു ചോദിക്കുന്നു; എന്നെ കൊന്നതെന്തിന്?


 

കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമെന്ന നിലയില്‍ അന്തരീക്ഷ ഊഷ്മാവില്‍ പ്രകടമായിവരുന്ന അസഹനീയമായ തോതിലുള്ള വര്‍ധന ഇന്തോ ഗര്‍ജെറ്റിക്ക് സമതല ഭൂമിയെ ആകെത്തന്നെ മനുഷ്യ വാസയോഗ്യമല്ലാത്ത മേഖലയായി മാറ്റിക്കൊണ്ടിരിക്കുന്നു. വികസനത്തിന്റെ മറവില്‍ പരിസ്ഥിതിക്കു സംഭവിക്കാവുന്ന ഗുരുതരമായ കോട്ടം തെല്ലും പരിഗണിക്കാതെ അണക്കെട്ടുകളും ആഡംബര നിര്‍മ്മിതികളും ഫ്ലാറ്റുകളും ഉണ്ടാക്കുന്ന പ്രദേശവാസികളുടെ ദുരന്താനുഭവങ്ങള്‍ നാം കണ്ടതാണ്. ജനവാസ മേഖലകളില്‍ അണക്കെട്ടുകള്‍ മാത്രമല്ല, ആണവനിലയങ്ങള്‍ പോലും നിര്‍മ്മിക്കുന്നത് ജനദ്രോഹ നടപടികളാണ്.
ഭൂമിയുടെ ഭാരം താങ്ങല്‍ശേഷിയും അതുളവാക്കുന്ന ഭൗമ പ്രകൃതി സമ്പത്തിന്റെ നശീകരണവും വന്‍കിട അണക്കെട്ടുകളുടെ തകര്‍ച്ചയിലേക്ക് നയിക്കും. ഹിമാലയന്‍ പര്‍വതനിരകളോട് ചേര്‍ന്ന് ഈ വിധത്തില്‍ നിര്‍മ്മാണം പൂര്‍ത്തീകരിക്കപ്പെട്ട രണ്ട് ചെറിയ അണക്കെട്ടുകള്‍ 2021ല്‍ വെള്ളത്തിന്റെ കുത്തൊഴുക്കില്‍ തകര്‍ന്നുപോയത് നിസാരമായി കാണാനാകില്ല. വന്‍തോതിലുള്ള ജിഡിപി-എന്‍ഡിപി വര്‍ധനവും അതുവഴി കൈവരിക്കല്‍ ലക്ഷ്യമിട്ട മനുഷ്യന്റെ ജീവിത നിലവാര വര്‍ധനവും വികസന പദ്ധതികളുടെ തകര്‍ച്ചയെത്തുടര്‍ന്ന് എങ്ങുമെത്താതെപോയി എന്ന തിരിച്ചറിവെങ്കിലും നമുക്കുണ്ടാകണം. വികസനത്തിന്റെ ബാക്കിപത്രം തയ്യാറാക്കുമ്പോള്‍ ആസ്തികളുടെ അവസ്ഥ പരമദയനീയവും ബാധ്യതകളുടേത് അതിഭീമവുമായി കാണുന്നുവെങ്കില്‍‍ അത്തരമൊരു പദ്ധതിയെ നീതീകരിക്കാനാവുന്നതല്ല. ലക്കും ലഗാനുമില്ലാതെ വികസന പദ്ധതികള്‍ക്ക് രൂപം നല്കുകയും ഒപ്പം കാലാവസ്ഥാ വ്യതിയാനം കൂടി അഭിമുഖീകരിക്കേണ്ടിയും വരുമ്പോള്‍ പ്രശ്നത്തിന്റെ ഗൗരവം പതിന്മടങ്ങ് വര്‍ധിക്കുകയും ചെയ്യും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.