പിറന്ന നാടിന്റെ സ്വാതന്ത്ര്യത്തിനായി പോരാടുന്ന സാമ്രാജ്യത്വവിരുദ്ധ പ്രസ്ഥാനങ്ങളുടെ മേൽ തീവ്രവാദ ബന്ധം ആരോപിച്ചുകൊണ്ട് ലോക സാമ്രാജ്യത്വത്തിന്റെ സമ്പൂർണ പിന്തുണയോടെയും വംശീയ ഉന്മൂലനം നടത്തുമെന്ന തുറന്ന പ്രഖ്യാപനത്തോടെയും പലസ്തീൻ ജനതയ്ക്കുമേൽ മനുഷ്യാവകാശമെന്ന വാക്കിനെ പോലും അപ്രസക്തമാക്കിക്കൊണ്ടുള്ള നരഹത്യ നടത്തിക്കൊണ്ടിരിക്കുകയാണ് ഇസ്രയേൽ. 1948ലും തുടർന്നുള്ള യുദ്ധങ്ങളിലും അമേരിക്കയടക്കമുള്ള മുതലാളിത്ത രാജ്യങ്ങളുടെ മൗന പിന്തുണയോടെ അവര്‍ കൈവശപ്പെടുത്തിയ പലസ്തീനിയൻ പ്രദേശത്തിനും അഭയാർത്ഥികൾക്ക് അവരുടെ നാട്ടിലേക്ക് മടങ്ങാനുള്ള അവകാശത്തിനും വേണ്ടി രൂപപ്പെട്ട പ്രതിരോധങ്ങളെ അന്നു മുതൽ നിർദാക്ഷിണ്യം അടിച്ചമർത്തിക്കൊണ്ടിരിക്കുകയാണ് സയണിസ്റ്റ് ഭരണകൂടം.
2023 ഒക്ടോബർ ഏഴിന് ഹമാസ് നടത്തിയ കടന്നാക്രമണത്തെ തുടർന്നാരംഭിച്ച കൂട്ടക്കുരുതിയിൽ 45,000ത്തിലധികം സാധാരണ ജനങ്ങളാണ് ഇതിനോടകം കൊല്ലപ്പെട്ടതെന്നാണ് കണക്ക്. അതിൽ 17,000ത്തിലധികം കുട്ടികളും 128 മാധ്യമപ്രവർത്തകരും ഉൾപ്പെടുന്നു. 902 പലസ്തീനി കുടുംബങ്ങൾ ഇക്കാലയളവിൽ പൂർണമായും 1,364 കുടുംബങ്ങൾ ഒരാൾ മാത്രം അവശേഷിക്കുന്ന വിധത്തിലും 3,472 കുടുംബങ്ങൾ രണ്ടുപേർ മാത്രം അവശേഷിക്കുന്ന തരത്തിലും ശിഥിലമായി.
ഗാസ ജനതയുടെ 47 ശതമാനവും 18 വയസിൽ താഴെയുള്ളവരാണ്. ഇതിൽ ഒരു വയസ് തികയാത്ത 710 കുട്ടികളാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഒരു വയസ് പ്രായമുള്ള 622 കുട്ടികളും രണ്ടു വയസ് പ്രായമുള്ള 592 കുട്ടികളും മരിച്ചു. അന്താരാഷ്ട്ര നയതന്ത്രത്തിന്റെ നിയമ — രാഷ്ട്രീയ മാനദണ്ഡങ്ങളെ മറികടന്നുകൊണ്ടാണ് സ്വേച്ഛാധിപത്യ അടിച്ചമർത്തലിനോടുള്ള സ്വാഭാവിക പ്രതികരണങ്ങളെ ഭീകരതയായി ചിത്രീകരിക്കുന്ന സയണിസ്റ്റുകൾ പശ്ചിമേഷ്യൻ രാജ്യങ്ങളുടെമേൽ ആക്രമണം നടത്തുകയും അവിടങ്ങളിൽ സംഘർഷവും അനിശ്ചിതാവസ്ഥയും വളർത്തുകയും ജനങ്ങളെ ദുരിതങ്ങളിലേക്ക് തള്ളിവിടുകയും ചെയ്യുന്നത്.
23 ലക്ഷത്തോളം വരുന്ന പലസ്തീൻ ജനതയുടെ മേൽ ഉപരോധങ്ങളും മനുഷ്യാവകാശലംഘനങ്ങളുമടക്കം സ്ഥാപിച്ചുകൊണ്ടുള്ള അധിനിവേശാക്രമണം എല്ലാവിധത്തിലുള്ള മാനുഷികതയെയും നിരാകരിച്ചുകൊണ്ടാണ് മുന്നേറുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ അധിവസിക്കുന്ന യഹൂദരെ അവരുടെ പിതൃഭൂമിയിൽ കുടിയിരുത്തുന്നതിന് ലക്ഷ്യംവയ്ക്കുന്ന സയണിസം, 1948 മേയ് 15ന് ഇസ്രയേൽ രാഷ്ട്രം സ്ഥാപിച്ചതിന് ശേഷം തങ്ങളുടെ സാമ്രാജ്യത്വ അജണ്ടയെ പ്രതിരോധിക്കുന്നതിനുവേണ്ടിയാണ് പശ്ചിമേഷ്യൻ രാജ്യങ്ങളിൽ ഉപജാപങ്ങളിലൂടെ കലാപങ്ങളും സംഘർഷങ്ങളും അഴിച്ചുവിടുന്നത്.
ഇസ്രയേലിന്റെ അധിനിവേശ താല്പര്യങ്ങൾക്കും വംശഹത്യക്കും അമേരിക്കയും മറ്റ് സാമ്രാജ്യത്വശക്തികളും സംരക്ഷണം നൽകുന്നതിൽ നിന്നുതന്നെ വിഷയത്തിലുള്ള ആഗോള ഗൂഢാലോചനകൾ വ്യക്തമാണ്. വിഖ്യാത സയണിസ്റ്റ് നേതാവ് നഹും സൊക്കൊളോവ് തന്റെ ‘സയണിസത്തിന്റെ ചരിത്രം’ എന്ന ഗ്രന്ഥത്തിൽ ലോക സയണിസ്റ്റ് സംഘടന രാഷ്ട്രീയ രംഗത്ത് പ്രവേശിക്കുന്നതിന് വളരെ മുമ്പു തന്നെ പലസ്തീനിലേക്ക് ജൂത കുടിയേറ്റം നടത്തേണ്ടതിനെക്കുറിച്ച് ബ്രിട്ടൻ ആലോചന തുടങ്ങിയതായി രേഖപ്പെടുത്തിയിട്ടുണ്ട്. ഒന്നാം ലോക മഹായുദ്ധത്തിനു ശേഷം പലസ്തീനിൽ ജൂതവംശജരുടെ രാജ്യമെന്ന ബാൽഫോർ പ്രഖ്യാപനത്തിലൂടെ ബ്രിട്ടീഷ് സർക്കാർ ലക്ഷ്യംവച്ചതും മറ്റൊന്നായിരുന്നില്ല. എന്നാൽ രണ്ടാം ലോക മഹായുദ്ധാനന്തരമുള്ള ഏകധ്രുവ ലോകാവിർഭാവത്തോടെ ബ്രിട്ടന്റെ അപ്രമാദിത്വത്തിന് ഇടിവ് സംഭവിക്കുകയും തല്‍സ്ഥാനത്ത് അമേരിക്കൻ — ഇസ്രയേൽ ചങ്ങാത്തം ശക്തിപ്രാപിക്കുകയും ചെയ്യുകയായിരുന്നു.
1942 മേയ് 11ന് ന്യൂയോർക്കിലെ ബാള്‍ട്ടിമോർ ഹോട്ടലിൽ ചേർന്ന സയണിസ്റ്റ് സമ്മേളനത്തിൽ ഭാവിയിൽ സയണിസ്റ്റ് മുന്നേറ്റങ്ങൾക്കുള്ള പ്രഥമ കേന്ദ്രം അമേരിക്ക ആയിരിക്കുമെന്ന് വ്യക്തമാക്കുന്നുണ്ട്. ഇതേത്തുടർന്നാണ് പലസ്തീൻ മോചനത്തിനുവേണ്ടി നിലകൊണ്ട മതേതര ജനാധിപത്യ പ്രസ്ഥാനങ്ങളെ നിർവീര്യമാക്കാൻ തങ്ങളുടെ സൈനികശക്തിയും മൂലധനവുമെല്ലാം അമേരിക്ക കൂടുതലായി ഉപയോഗിച്ചു തുടങ്ങിയത്. സാമ്രാജ്യത്വത്തിന്റെ സാംസ്കാരികാധിനിവേശത്തിനുള്ള മറുമരുന്നായി ഭീകരവാദത്തെ നിർമ്മിക്കുകയും മറു ഭാഗത്ത് അതേ ഭീകരതയ്ക്കെതിരെയുള്ള യുദ്ധ പ്രഖ്യാപനം നടത്തുകയും ചെയ്യുന്ന രാഷ്ട്രീയ കൗശലവും അമേരിക്കയ്ക്ക് സ്വന്തം.
ജനിച്ച മണ്ണിൽ അഭയാർത്ഥികളായും അന്യരായും ജീവിക്കാൻ വിധിക്കപ്പെട്ട ഹതഭാഗ്യരായ ജനവിഭാഗങ്ങളോടുള്ള ഐക്യദാർഢ്യമാണ് ഇവിടെ മനുഷ്യസ്നേഹികൾ ഉയർത്തേണ്ടത്. സ്വന്തം മണ്ണിൽ അതിജീവിക്കുവാൻ ഉറച്ചുനിന്ന് പോരാടുന്ന ജനതയ്ക്കുമേൽ നടത്തുന്ന അത്യന്തം നീചമായ കടന്നാക്രമണങ്ങൾക്കെതിരെ സമാനതകളില്ലാത്ത പ്രതിഷേധങ്ങൾ ഉയർന്നു വരിക തന്നെ വേണം. സാമ്രാജ്യത്വ അധിനിവേശം നിലനിർത്തുന്നതിനായി മാനവിക വിരുദ്ധമായ നിയമങ്ങൾക്ക് രൂപം നൽകിയും നിലനില്പിനായുള്ള പോരാട്ടങ്ങളെപ്പോലും ഭീകര പ്രവർത്തനമാക്കി മാറ്റി സമരാർത്ഥികളെ ജയിലറകളിൽ അടച്ചുമുള്ള നരാധമത്വത്തോട് കണ്ണടയ്ക്കരുത് ലോകം. സയണിസ്റ്റ് ഭീകരർ ഓർക്കുക, ഇസ്രയേലി ആൺമക്കളിൽ പെട്ട ഒരുവൻ തന്റെ ഭരണത്തിനന്ത്യം കുറിക്കുമെന്ന പ്രവചനം ശ്രവിച്ചപ്പോൾ ആ പ്രവചനം പുലരാതിരിക്കുന്നതിനു വേണ്ടി ഇസ്രയേലികള്‍ക്കു പിറക്കുന്ന സകല ആൺകുഞ്ഞുങ്ങളെയും കൊന്നുകളയാൻ ആഹ്വാനം ചെയ്ത ഫറോവയെ കുറിച്ച് ഖുർആനും ബൈബിളും പഠിപ്പിക്കുന്നുണ്ട്. എന്നാൽ ഭീഷണിയാകുമെന്ന് കരുതിയ ആൺകുട്ടി സ്വന്തം കൊട്ടാരത്തിൽ ഫറോവയുടെ കണ്മുന്നിൽ തന്നെ വളർന്നത് ചരിത്രം. കാലം സാക്ഷി, പിഞ്ചു കുഞ്ഞുങ്ങളെയടക്കം നിർദയം വകവരുത്തി ഉന്മൂലന സിദ്ധാന്തം എത്ര തീവ്രമായി നടപ്പാക്കിയാലും പോരാളികൾ ജനിക്കുക തന്നെ ചെയ്യും, നീതി പുലരുകയും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.