8 January 2025, Wednesday
KSFE Galaxy Chits Banner 2

ഭരണഘടനാ രൂപീകരണവും മധ്യപ്രദേശും

എൽ എസ് ഹെർഡെനിയ
November 28, 2024 4:22 am

1949 നവംബർ 26ന് പാസാക്കിയ ഇന്ത്യൻ ഭരണഘടനയുടെ നിർമ്മാണത്തില്‍ മധ്യപ്രദേശ് നല്‍കിയ സംഭാവന വളരെ വലുതാണ്. സംസ്ഥാനത്തു നിന്നുള്ള പ്രഗത്ഭരായ ഡോ. ഹരിസിങ് ഗൗർ, എച്ച് വി കാമത്ത്, സേത്ത് ഗോവിന്ദ് ദാസ്, രഘു വീര എന്നിവര്‍ ഭരണഘടനാ രൂപീകരണ സമിതിയില്‍ ഉൾപ്പെട്ടിരുന്നു. വാസ്തവത്തിൽ, ഭരണഘടനാ ഡ്രാഫ്റ്റിങ് കമ്മിറ്റി അധ്യക്ഷനായ ഡോ. ബി ആർ അംബേദ്കര്‍ക്കും മധ്യപ്രദേശ് ബന്ധമുണ്ടായിരുന്നു. അദ്ദേഹത്തിന്റെ കർമ്മഭൂമി അയൽ സംസ്ഥാനമായ മഹാരാഷ്ട്രയായിരുന്നെങ്കിലും, മധ്യപ്രദേശിലെ ഇൻഡോറിനടുത്തുള്ള സൈനിക കന്റാേണ്‍മെന്റായ മോവിലാണ് അദ്ദേഹം ജനിച്ചത്.
റിപ്പബ്ലിക്ക് ഓഫ് ഇന്ത്യയുടെ ഭരണഘടനാ കരട് രൂപീകരണത്തിൽ മധ്യപ്രദേശിൽ നിന്നുള്ള 30ഓളം രാഷ്ട്രീയ, നിയമവിദഗ്ധരും വിവിധ തുറകളിലുള്ള പ്രമുഖരും പങ്കുവഹിച്ചിട്ടുണ്ട്. ഇവരിൽ രണ്ട് പേർ മധ്യപ്രദേശ് മുഖ്യമന്ത്രിമാരായി. ഭരണഘടനയുടെ യഥാർത്ഥ പകർപ്പ് 22 ചിത്രങ്ങളാൽ അലങ്കരിക്കപ്പെട്ടിരിക്കുന്നു. പുരാതന കാലം മുതൽ സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടം ഉൾപ്പെടെ ആധുനിക ഇന്ത്യയുടെ ചരിത്രമാണ് ചിത്രങ്ങളില്‍. ശാന്തിനികേതനിലെ കലാകാരനായ നന്ദ് ലാൽ ബോസാണ് ചിത്രീകരണം നടത്തിയത്. ജബൽപൂർ സ്വദേശിയായ ബിയോഹർ റാം മനോഹർ സിംഹയായിരുന്നു ബോസിന്റെ സംഘത്തിലെ ഏറ്റവും അടുത്തയാള്‍. എങ്കിലും, ഏറൻ, സാഞ്ചി സ്തൂപങ്ങൾ എന്നിവയുൾപ്പെടെ മധ്യപ്രദേശിൽ നിന്നുള്ള ഒരു സ്ഥലവും ചിത്രങ്ങളില്‍ ഉണ്ടായില്ല. പ്രസിദ്ധമായ ഭീംബട്ക ശിലാഗൃഹങ്ങള്‍ പോലും ഉള്‍പ്പെടുത്തിയിട്ടില്ല.

രഘു വീര, രാജ്കുമാരി അമൃത് കൗർ, ഭഗവന്ത്റാവു അന്നഭൗ മണ്ട്‌ലോയ്, ബ്രിജ്‌ലാൽ നന്ദലാൽ ബിയാനി, ഠാക്കൂർ ഛേഡിലാൽ, സേത് ഗോവിന്ദ് ദാസ്, ഡോ. ഹരി സിങ് ഗൗർ, ഹരി വിഷ്ണു കാമത്ത്, ഹേമചന്ദ്ര ജഗോബാജി ഖണ്ഡേക്കർ, ഘൻശ്യാം സിങ് ഗുപ്ത, ലക്ഷ്മൺ ശ്രവൺ ഭട്കർ, പഞ്ചബ്‌റാവു ശ്യാംറാവു ദേശ്മുഖ്, രവിശങ്കർ ശുക്ല, ആർ കെ സിദ്ധ്വ, ശങ്കർ ത്രയംബക് ധർമ്മാധികാരി, ഫ്രാങ്ക് ആന്റണി, കാസി സയ്യിദ് കരിമുദീൻ, വിനായക് സീതാറാം സർവതെ, ഗോപികൃഷ്ണ വിജയ് വർഗിയ, എസ് ജാജു, അവധേഷ് പ്രതാപ് സിങ്, ശംഭുനാഥ് ശുക്ല, രാം സഹായ് തിവാരി, മന്നുലാൽ ദ്വിവേദി, ഭയ്യാലാൽ സിങ്, ലാൽ സിങ് എന്നിവരാണ് ഇന്നത്തെ സംസ്ഥാനവും പഴയ ബെരാര്‍ പ്രവിശ്യയും നാട്ടുരാജ്യങ്ങളും ഉൾപ്പെട്ട മധ്യപ്രദേശില്‍ നിന്നുള്ള ഭരണഘടനാ അസംബ്ലിയിലെ അംഗങ്ങൾ.
പ്രമുഖ അഭിഭാഷകനും ബുദ്ധിജീവിയുമായ ഡോ. ഹരി സിങ് ഗൗർ സ്ഥാപിച്ച സൗഗോർ സർവകലാശാല ഇപ്പോൾ അദ്ദേഹത്തിന്റെ പേരിലുള്ള കേന്ദ്ര സർവകലാശാലയാണ്. 1956 നവംബർ ഒന്നിന് നിലവിൽ വന്ന മധ്യപ്രദേശിന്റെ ആദ്യ മുഖ്യമന്ത്രിയായിരുന്നു രവിശങ്കർ ശുക്ല. ഭഗവന്ത്റാവു അന്നഭൗ മണ്ട്‌ലോയ്, 1950കളുടെ അവസാനത്തിലും 1960കളുടെ തുടക്കത്തിലും രണ്ടുതവണ സംസ്ഥാന മുഖ്യമന്ത്രിയായിരുന്നു. സേത്ത് ഗോവിന്ദ് ദാസ് ജബൽപൂരിനെ നിരവധി തവണ ലോക്‌സഭയിൽ പ്രതിനിധീകരിച്ചു. ഹിന്ദി പണ്ഡിതനായിരുന്ന അദ്ദേഹം ഭരണഘടന ആ ഭാഷയിൽ എഴുതണമെന്ന് ആഗ്രഹിച്ചു. പക്ഷേ, ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ള അംഗങ്ങളുടെ കടുത്ത എതിർപ്പിനെത്തുടർന്ന് ഈ നിർദേശം ഉപേക്ഷിച്ചു.

മൈസൂർ സ്വദേശിയായ ഹരി വിഷ്ണു കാമത്ത് 1933 ബാച്ചിലെ ഐസിഎസ് ഉദ്യോഗസ്ഥനായിരുന്നു. നർസിങ്പൂർ കളക്ടറായിരിക്കേ, 1939ൽ ജബൽപൂരിനടുത്ത് നടന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ത്രിപുരി സമ്മേളന ശേഷം അദ്ദേഹം സുഭാഷ് ചന്ദ്രബോസിനെ കണ്ടു. അത് ബ്രിട്ടീഷ് സർക്കാരിനെ ചൊടിപ്പിച്ചു. കാമത്ത് സാമ്രാജ്യത്വ ഭരണാധികാരികൾക്ക് മുന്നിൽ തലകുനിക്കുന്നതിന് പകരം ഐസിഎസിൽ നിന്ന് രാജിവച്ചു. അദ്ദേഹത്തിന്റെ സഹോദരൻ പിന്നീട് സംസ്ഥാന ചീഫ് സെക്രട്ടറിയായതും ചരിത്രം.
ജബൽപൂരിൽ നിന്നുള്ള ഫ്രാങ്ക് ആന്റണിയെ ആംഗ്ലോ-ഇന്ത്യൻ സമൂഹത്തിന്റെ പ്രതിനിധിയായാണ് ഭരണഘടനാ അസംബ്ലിയിൽ ഉൾപ്പെടുത്തിയത്. മറ്റൊരു അംഗമായ ക്യാപ്റ്റൻ അവധേഷ് പ്രതാപ് സിങ് സംസ്ഥാനത്തിന്റെ അഞ്ചാമത്തെ മുഖ്യമന്ത്രി ഗോവിന്ദ് നാരായൺ സിങ്ങിന്റെ പിതാവായിരുന്നു. സംസ്ഥാനത്തെ രേവ സർവകലാശാല അദ്ദേഹത്തിന്റെ പേരിലാണ് അറിയപ്പെടുന്നത്.
(ഐപിഎ)

Kerala State AIDS Control Society
Kerala State - Students Savings Scheme

TOP NEWS

January 8, 2025
January 8, 2025
January 8, 2025
January 8, 2025
January 8, 2025
January 8, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.