8 January 2025, Wednesday
KSFE Galaxy Chits Banner 2

ഭരണഘടനാ ശില്പി അഥവാ പൗരാവകാശ സംരക്ഷകന്‍

ഒ ആർ കേളു
പട്ടികജാതി, പട്ടികവർഗ പിന്നാക്ക വിഭാഗ വികസന വകുപ്പ് മന്ത്രി
December 6, 2024 4:04 am

ഇന്ത്യൻ ഭരണഘടനാ ശില്പിയെന്ന് ആദരപൂർവം വിളിക്കപ്പെടുന്ന ഡോ. ബി ആർ അംബേദ്കറുടെ ചരമ വാർഷികമാണിന്ന്. നമ്മുടെ ഭരണഘടനയെ രാഷ്ട്രം അംഗീകരിച്ചതിന്റെ 75-ാം വാർഷികം ആഘോഷിക്കപ്പെടുന്ന വേളയിലാണ് അദ്ദേഹത്തിന്റെ 68-ാം ചരമവാർഷികവും ഓർമ്മിക്കപ്പെടുന്നത്. സ്വാതന്ത്ര്യം നേടുമ്പോൾ വിവിധ നാട്ടുരാജ്യങ്ങൾ ചേർന്നതായിരുന്നു ഇന്ത്യ. രാജ്യത്തിനൊരു ഭരണഘടനയുണ്ടാക്കാൻ അംബേദ്കറുടെ നേതൃത്വത്തിൽ ഭരണഘടനാ രൂപീകരണ കമ്മിറ്റി രൂപീകരിച്ചു. രണ്ട് വർഷവും, 11 മാസവും, 17 ദിവസങ്ങളുമെടുത്താണ് ഭരണഘടന തയ്യാറാക്കപ്പെട്ടത്. 1949 നവംബർ 26ന് ഭരണഘടന അംഗീകരിക്കുകയും 1950 ജനുവരി 26ന് പ്രാബല്യത്തിൽ വരികയും ചെയ്തു. ഇന്ത്യയെ മതേതര രാജ്യമായി പ്രഖ്യാപിച്ചതും ഒരു സ്വതന്ത്ര നീതിന്യായ വ്യവസ്ഥിതി നിർമ്മിക്കാനായതും, തുല്യനീതി ഉറപ്പാക്കി എല്ലാ പൗരന്മാർക്കും മൗലിക അവകാശങ്ങൾ നിർണയിച്ചതും നമ്മുടെ ഭരണഘടനയുടെ പ്രത്യേകതയാണ്. സാമ്പത്തികമായും ഭരണപരമായും പിന്നാക്കാവസ്ഥയിലായിരുന്ന പട്ടികവിഭാഗം ജനതയ്ക്ക് പ്രത്യേക സംവരണം ഭരണഘടനയിൽ അംബേദ്കർ എഴുതിച്ചേർത്തു. ഇന്ത്യയിൽ മാത്രം രൂഢമൂലമായ ജാതിവ്യവസ്ഥയെ ആദർശവല്‍ക്കരിക്കാനും നിലനിർത്താനുമുള്ള മനുവാദികളുടെ എല്ലാ ശ്രമങ്ങളെയും നിഷ്കരുണം തള്ളിയാണ് ഭരണഘടനാ മൂല്യങ്ങൾ അംബേദ്കറും സംഘവും തയ്യാറാക്കിയത്. സദാചാരമോ, മതപരമായ ധാർമ്മികതയോ അല്ല, മറിച്ച് ഭരണഘടനാ ധാർമ്മികതയാണ് രാജ്യത്ത് വാഴേണ്ടത് എന്നായിരുന്നു അംബേദ്കറുടെ നിലപാട്. ദൈവികതയുടെ ഭാഗമല്ല ജാതീയതയെന്ന് അദ്ദേഹം ഉറക്കെ പ്രഖ്യാപിച്ചു. 

സമത്വം, സ്വാതന്ത്ര്യം, സാഹോദര്യം, സാമൂഹ്യനീതി എന്നീ മാനുഷികമൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന ജനാധിപത്യ വ്യവസ്ഥയാണ് അംബേദ്കർ വിഭാവനം ചെയ്തത്. ജാതി-മതരഹിതമായ ഇന്ത്യക്കുവേണ്ടിയായിരുന്നു അദ്ദേഹത്തിന്റെ പോരാട്ടം.
സമത്വത്തിലേക്കുള്ള ആദ്യപടിയായി പട്ടികവിഭാഗക്കാർക്ക് രാഷ്ട്രീയ പ്രാതിനിധ്യത്തിലൂടെയും മറ്റും നൽകിയ ചേർത്തുപിടിക്കൽ ജാതി-ജന്മായത്ത ചിന്തകൾ ഇന്നും പേറുന്നവർക്ക് വേണ്ടത്ര പിടിച്ചിട്ടില്ല. രാഷ്ട്രം മതനിരപേക്ഷമാകണോ എന്നതുപോലും ഭരണഘടനാ അസംബ്ലിയിൽ വോട്ടിനിട്ടാണ് തീരുമാനിച്ചത്. ഇതിനായി അംബേദ്കർ വഹിച്ച പങ്ക് വളരെ വലുതാണ്. സ്വാതന്ത്ര്യത്തോടെ അന്തസായി ജീവിക്കുന്നതിനുള്ള അവകാശമാണ് ഓരോ പൗരനും ഭരണഘടന നൽകുന്നത്. എന്നാൽ ചാതുർവർണ്യത്തിന്റെ ചാവുനിലങ്ങളിലേക്ക് ജനനത്തെ അടിസ്ഥാനമാക്കി, മനുഷ്യനെ ചവിട്ടിത്താഴ്ത്താനാണ് ചില ഭരണകൂടങ്ങൾ ശ്രമിക്കുന്നത്. കുഴിച്ചുമൂടപ്പെട്ട പല അനാചാരങ്ങളും അന്ധവിശ്വാസങ്ങളും രാഷ്ട്രീയ ലക്ഷ്യങ്ങൾക്കുവേണ്ടി വീണ്ടും നട്ടുമുളപ്പിക്കുകയാണ്.
എല്ലാ മനുഷ്യരെയും തുല്യരായി കാണുന്നവിധത്തിൽ തയ്യാറാക്കിയ ഭരണഘടന തന്നെ അട്ടിമറിക്കപ്പെടുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഭരണഘടന ഉറപ്പുനൽകിയ സംവരണവും സാമൂഹികനീതിയും തകർക്കാനാണ് കേന്ദ്ര ഭരണാധികാരികളും അവരെ നയിക്കുന്നവരും ശ്രമിക്കുന്നത്. ഇതിന്റെ ഉദാഹരണങ്ങളാണ് സമീപകാല സംഭവങ്ങള്‍. ഭരണഘടനയുടെ ആമുഖത്തിൽ നിന്നും സോഷ്യലിസ്റ്റ്, സെക്യുലർ എന്നീ പ്രയോഗങ്ങൾ നീക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര ഭരണ കക്ഷിയുടെ നേതാക്കളടക്കം നൽകിയ ഹർജി സുപ്രീം കോടതി തള്ളിയത് കഴിഞ്ഞ ആഴ്ചയാണ്. ഇത്തരം ഹർജികൾ ഒരിക്കലും ന്യായീകരിക്കാനാകാത്തതും സംശയം സൃഷ്ടിക്കുന്നതുമാണെന്ന് വ്യക്തമാക്കിയാണ് കോടതി ചവറ്റുകുട്ടയിലെറിഞ്ഞത്. 

ഇഷ്ടപ്പെട്ട മതത്തിൽ വിശ്വസിക്കാനും, ഇഷ്ടപ്പെട്ട ഭക്ഷണം കഴിക്കുവാനും, ആരാധന നടത്തുവാനുമുള്ള ജനതയുടെ സ്വാതന്ത്ര്യത്തെ ഹനിക്കുന്ന നിലപാടുകൾ ഭരണാധികാരികൾ തന്നെ സ്വീകരിച്ചുവരുന്നു എന്നുള്ളതാണ് വർത്തമാനകാല ഇന്ത്യയുടെ പ്രത്യേകത. വ്യത്യസ്ത മതത്തിലും, വംശങ്ങളിലും പെട്ടവർ സംഘർഷമില്ലാതെ സഹകരിച്ച് ജീവിക്കുമ്പോഴാണ് രാജ്യം മതനിരപേക്ഷമാകുന്നത്, മത സൗഹാർദമാകുന്നത്. എന്നാൽ വംശീയതയെയും, അക്രമങ്ങളെയും ഭരണകൂടങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന് ഉദാഹരണമാണ് മണിപ്പൂരിലെ കലാപം. ഇത്തരത്തിൽ ഭരണഘടനയുടെ അപഭ്രംശങ്ങൾ നിമിത്തമാണ് ജനാധിപത്യത്തിന്റെയും, മാധ്യമ സ്വാതന്ത്ര്യത്തിന്റെയും പട്ടിണിയുടെയും സൂചികകളിൽ ഇന്ത്യയുടെ സ്ഥാനം വളരെ പിന്നിലാകുന്നത്.
ഓരോ പൗരന്റെയും കാവലും, സംരക്ഷണവും രാജ്യത്തിന്റെ അടിസ്ഥാന നിയമമായ ഭരണഘടന നല്‍കുന്ന ഉറപ്പാണ്. അതുപോലെത്തന്നെ ഭരണഘടനയുടെ കാവൽക്കാരും നമ്മളാണ്. ജനങ്ങളുടെ ജാഗരൂകമായ ഈ കാവലിലൂടെയാണ്, മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തി ഭരണഘടന തിരുത്താമെന്ന ബിജെപി വ്യാമോഹം 2024ലെ പൊതു തെര‍ഞ്ഞെടുപ്പിൽ തകർത്തത്. ആർഎസ് എസിന്റെ ശതാബ്ദി വർഷമായ 2025ൽ മനുസ്മൃതിയിൽ അധിഷ്ഠിതമായ ഭരണഘടനയോടെ ഹിന്ദുരാഷ്ട്രം പ്രഖ്യാപിക്കാനാണവർ ശ്രമിച്ചത്. എന്നാൽ ജനകീയ ഐക്യത്താൽ ആ നീക്കം തകർത്തു.

ഭരണഘടനാ മൂല്യങ്ങളെയും, സ്വഭാവങ്ങളെയും അട്ടിമറിക്കാനോ, വരുതിയിലാക്കാനോ ആണ് കേന്ദ്ര ഭരണകൂടം ശ്രമിക്കുന്നത്. 2014 മുതലാണ് ഇന്ത്യ എന്ന ആശയത്തെത്തന്നെ ഛിന്നഭിന്നമാക്കാൻ ഭരണഘടനയെ തകർക്കൽ ശക്തമായത്. ഫെഡറലിസത്തിലാണ് ആദ്യം പിടിച്ചത്. ഗവർണർ പദവി ദുരുപയോഗിച്ച് സംസ്ഥാനങ്ങളെ അസ്ഥിരപ്പെടുത്താൻ തുടങ്ങി. തുടർന്ന് സുപ്രീം കോടതി, തെരഞ്ഞെടുപ്പ് കമ്മിഷൻ, റിസർവ് ബാങ്ക് എന്നിങ്ങനെ ഓരോ സ്ഥാപനങ്ങളെയും, അന്വേഷണ ഏജൻസികളെയും വരുതിയിലാക്കി. എതിർ രാഷ്ട്രീയ ചേരിയിലുള്ള നേതാക്കളെയും മുഖ്യമന്ത്രിമാരെയും വരെ അന്വേഷണ ഏജൻസികളെക്കൊണ്ട് ജയിലിലാക്കി. സുപ്രീം കോടതിയെപ്പോലും മറികടന്നുള്ള നിയമനിർമ്മാണത്തിലൂടെയാണ് തെരഞ്ഞെടുപ്പ് കമ്മിഷനെ പോക്കറ്റിലാക്കിയത്.
ഫെഡറൽ തത്വങ്ങൾ അവഗണിച്ച് പ്രതിപക്ഷ സംസ്ഥാനങ്ങളെ സാമ്പത്തികമായി ഞെരുക്കുന്നതിന് കേരളം തന്നെ ഉദാഹരണമാണ്. സംസ്ഥാനത്തിന് നിയമാനുസൃതം അർഹതപ്പെട്ടതുപോലും നൽകുന്നില്ല. ദേശീയ ദുരന്തമായ വയനാട് ഉരുൾപൊട്ടലിന് ഒരു രൂപ പോലും കേന്ദ്ര സഹായമായി കിട്ടിയില്ലെന്നതും ഭരണഘടനാ തത്വങ്ങൾക്ക് കേന്ദ്ര സർക്കാർ വില കല്പിക്കുന്നില്ല എന്നതിന്റെ തെളിവാണ്.
ഭരണഘടന അട്ടിമറിക്കുകയെന്ന് പറഞ്ഞാൽ രാജ്യത്തെ ജനതയെ ഒറ്റു കൊടുക്കുന്നതിന് തുല്യമാണ്. “ഈ കാണുന്ന വിളക്കുകാലിൽ നിങ്ങളെന്നെ തലകീഴായി കെട്ടിത്തൂക്കിയാലും ഞാനെന്റെ ജനതയെ ഒറ്റു കൊടുക്കില്ല” എന്നതായിരുന്നു അംബേദ്കറുടെ പ്രഖ്യാപനം. മരണം വരിക്കേണ്ടിവന്നാലും ജനതയെ ഒറ്റിക്കൊടുക്കാൻ തയ്യാറല്ലെന്ന് ഉറക്കെ പ്രഖ്യാപിച്ച അംബേദ്കറുടെ ചിന്തകൾ ഭരണഘടനയെ സംരക്ഷിക്കാനുള്ള പോരാട്ടത്തിന് എന്നും ഊർജം പകരും. ഭരണഘടനയ്ക്കൊപ്പം ജനാധിപത്യം, മതനിരപേക്ഷത, സ്വാതന്ത്ര്യം, സാമൂഹ്യനീതി, സമത്വം എന്നിവയും മാധ്യമ സ്വാതന്ത്ര്യവും സംരക്ഷിക്കപ്പെടേണ്ടതാണ്. അതിനുവേണ്ടിയുള്ള പോരാട്ടങ്ങളിൽ കണ്ണിചേരുക എന്നുള്ളതാണ് വര്‍ത്തമാനകാലത്ത് ഓരോ പൗരന്റെയും കടമ. 

Kerala State AIDS Control Society
Kerala State - Students Savings Scheme

TOP NEWS

January 8, 2025
January 8, 2025
January 8, 2025
January 8, 2025
January 8, 2025
January 8, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.