7 December 2025, Sunday

ഭരണഘടനയുടെ സമകാലിക പ്രസക്തി

സഫി മോഹന്‍ എം ആര്‍
November 26, 2025 4:30 am

നവംബർ 26, രാജ്യം ഭരണഘടനാ ദിനമായി ആചരിക്കുന്ന ഈ വേളയിൽ ഭരണഘടനയും അതിലൂടെ നിർമ്മിതമായ ഒരു പുതിയ രാഷ്ട്രവും ഏറെ പ്രസക്തമാണ്. ഇന്ത്യൻ ഭരണഘടന വെറും ഒരു പുസ്തകമല്ല. മറിച്ച് ഒരു പരമാധികാര, മതനിരപേക്ഷ, സ്ഥിതിസമത്വം ജനാധിപത്യ റിപ്പബ്ലിക്കിന്റെ അടിസ്ഥാനശിലയാണ്. ഇക്കാര്യം ഭരണഘടനയുടെ ആമുഖത്തിൽ പരാമർശിച്ചിട്ടുണ്ട്. സ്വാതന്ത്ര്യലബ്ധിക്കുശേഷം ഭരണഘടന പൂർണമായും സംരക്ഷിക്കുന്ന ഒരു സമീപനം ഭരണാധികാരികളിൽ നിന്നും ഭരണഘടന സ്ഥാപനങ്ങളിൽ നിന്നും ഉണ്ടായിട്ടുണ്ടോ എന്നത് പ്രസക്തമാണ്. ഭരണഘടനാ ശില്പി ഡോ. ബി ആർ അംബേദ്കർ പറഞ്ഞതുപോലെ ഇന്ത്യയുടെ ഭരണഘടന ഒരു ജനാധിപത്യവിരുദ്ധ സമൂഹത്തിലാണ് നിലനിൽക്കുന്നത്. ആ ജനാധിപത്യവിരുദ്ധത ഭരണത്തിൽ പ്രതിഫലിക്കുമ്പോൾ ഭരണഘടന പൂർണമായി ദുർബലപ്പെടുത്തുന്നതാണ് കാണാൻ കഴിയുന്നത്.

ഭരണഘടന വെല്ലുവിളികളെ നേരിടുന്നു എന്നത് ഒരു കേവല വിമർശനമായി തള്ളിക്കളയാൻ കഴിയില്ല. കാരണം, രാജ്യത്തെ ജനങ്ങൾ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി ഭരണഘടനാ വിരുദ്ധതയിലൂടെ ഉണ്ടാകുന്ന ഭരണകൂടത്തിന്റെ മനുഷ്യാവകാശ ലംഘനങ്ങളാണ്. ഭരണഘടനയുടെ അടിസ്ഥാനശിലകൾ സംരക്ഷിക്കപ്പെടണം എന്ന സുപ്രീം കോടതിയുടെ കേശവാനന്ദ ഭാരതി വിധിന്യായത്തിന് ഇന്ന് പ്രസക്തിയുണ്ട്. ആ വിധിന്യായത്തിൽ പരാമർശിച്ച ഭരണഘടനയുടെ അടിസ്ഥാനശിലകളായ സമത്വം, സ്വാതന്ത്ര്യം, സഹോദര്യം എന്നീ ആശയങ്ങൾ പാടേ അവഗണിക്കപ്പെടുന്നു. വിവേചനങ്ങളും ചൂഷണങ്ങളും അനുദിനം വർധിച്ചുവരുന്നു. മതേതരത്വം സോഷ്യലിസം ഫെഡറൽ സ്വഭാവം ജനാധിപത്യം എല്ലാം എന്നത്തെക്കാളും ദുർബലപ്പെട്ടുകൊണ്ടിരിക്കുന്നു.
സ്വാതന്ത്ര്യലബ്ധിക്ക് ശേഷം ദശാബ്ദങ്ങൾ കഴിഞ്ഞിട്ടും ഭരണഘടനാ മൂല്യങ്ങൾ ഉൾക്കൊള്ളുന്ന ഒരു ജനാധിപത്യ സമൂഹത്തെ ഉണ്ടാക്കാൻ കഴിഞ്ഞിട്ടില്ല. അതിനു കാരണം, രാജ്യത്തുള്ളത് ജനാധിപത്യത്തെ ശരിയായി ഉ­ൾക്കൊള്ളാ­ൻ കഴിയാത്ത രാഷ്ട്രീയ സംവിധാ­നങ്ങളും ജാതി സമവാക്യങ്ങളും നിയന്ത്രിക്കുന്ന ഒരു സമൂഹം ആയതാണ്. സ്വതന്ത്രവും നീതിയുക്തവുമായി പ്രവർത്തിക്കേണ്ട ഭരണസ്ഥാപനങ്ങൾക്ക് പോലും അങ്ങനെ പ്രവർത്തിക്കുവാൻ കഴിയുന്നില്ല. ഭരണഘടനാ സ്ഥാപനങ്ങളായ ഗവർണറും തെരഞ്ഞെടുപ്പ് കമ്മിഷനും മറ്റും കോടതിയില്‍ വിമർശന വിധേയമാകുന്നത് അതുകൊണ്ടുതന്നെ. 

ഗവർണറുടെ നിയമനരീതിയില്‍ മാറ്റങ്ങൾ വരേണ്ടതുണ്ട്, കോടതികളിൽ കെട്ടിക്കിടക്കുന്ന കേസുകൾ തീർപ്പു കല്പിക്കേണ്ടതുണ്ട്, ജനാധിപത്യമൂല്യങ്ങളില്‍ അധിഷ്ഠിതമായി പ്രവർത്തിക്കുന്ന ഒരു തെരഞ്ഞെടുപ്പ് കമ്മിഷൻ അത്യാവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കാൻ കഴിയുന്ന കുറ്റാന്വേഷണ ഏജൻസികൾ, ധാർമ്മിക മൂല്യം കാത്തുസൂക്ഷിക്കുന്ന മാധ്യമങ്ങൾ, പൗരന്റെ അറിയാനുള്ള അവകാശത്തെ സംരക്ഷിക്കുന്ന ഇൻഫർമേഷൻ കമ്മിഷൻ എന്നിവയും രാജ്യത്ത് ഉണ്ടാകേണ്ടതുണ്ട്. രാജ്യത്തിന്റെ ബഹുസ്വരതയെ സംരക്ഷിക്കണം. ഭരണഘടന പൗരന് നൽകുന്ന സ്വാതന്ത്ര്യത്തെ ബഹുമാനിക്കണം. രാജഭരണകാലം കഴിഞ്ഞു എന്ന ബോധം ഭരണാധികാരികൾക്ക് ഉണ്ടാവുകയും വേണം.

ഇന്ത്യ ഒരു കൂട്ടം ജനങ്ങളുടെ രാജ്യം മാത്രമല്ല, ഇവിടെ അധിവസിക്കുന്ന ഓരോ പൗരന്റെയും രാജ്യമാണ്. മതന്യൂനപക്ഷങ്ങളുടെയും സ്ത്രീകളുടെയും കുട്ടികളുടെയും അവകാശങ്ങൾ സംരക്ഷിക്കപ്പെടണം. ഇത് തൊഴിലാളികളുടെയും കർഷകരുടെയും പട്ടികജാതി — പട്ടികവർഗ ജനവിഭാഗങ്ങളുടെ കൂടി രാജ്യമാണ് എന്ന ബോധം ഉണ്ടാവേണ്ടിയിരിക്കുന്നു. കേവലമാെരു ജനാധിപത്യ രാഷ്ട്രമല്ല, ഇത് പരമാധികാര ജനാധിപത്യ രാഷ്ട്രമാണ്. സ്ഥിതി സമത്വ ജനാധിപത്യവും, മതനിരപേക്ഷ ജനാധിപത്യവും, ഫെഡറൽ ജനാധിപത്യവും, പ്രാതിനിധ്യ ജനാധിപത്യവും, സാമൂഹിക രാഷ്ട്രീയ ജനാധിപത്യവും ഉൾക്കൊള്ളുന്ന ഒരു റിപ്പബ്ലിക്കാണ്.
മുകളിൽ സൂചിപ്പിച്ച ആശയങ്ങൾ അട്ടിമറിക്കപ്പെടാതെ സംരക്ഷിക്കേണ്ട ഉത്തരവാദിത്തം രാജ്യത്തെ ഓരോ പൗരനും ഉണ്ട് എന്ന സന്ദേശമാണ് ഭരണഘടനാ ദിനം നൽകുന്നത്. ജനാധിപത്യ ഇന്ത്യ നേരിടുന്ന വലിയ വെല്ലുവിളി അഴിമതിയാണ്. അഴിമതിയിൽ കുളിച്ചുനിൽക്കുന്ന ഒരു ഭരണസംവിധാനം, ഭരണഘടനയിൽ ജനങ്ങൾ അർപ്പിച്ചിരിക്കുന്ന വിശ്വാസത്തെ നഷ്ടപ്പെടുത്തുന്നു. ഭരണഘടനാ സാക്ഷരതയെ പ്രോത്സാഹിപ്പിക്കാത്ത ഭരണകൂടങ്ങൾ മറ്റൊരു വെല്ലുവിളിയാണ്. അതിൽ വ്യത്യസ്തമായി നിൽക്കുന്നത് കേരളം മാത്രമാണ് ഭരണഘടനാ സാക്ഷരതയുമായി ബന്ധപ്പെട്ട പരിപാടികൾ കേരളത്തിൽ നടന്നു വരുന്നുണ്ട്. കൊല്ലം ജില്ല ഒരു ഉദാഹരണം മാത്രം. കിലയുടെ പ്രവർത്തനങ്ങളും ഈ ദിശയിൽ പ്രശംസനീയമാണ്. 

നിയമവാഴ്ചയും നീതിബോധത്തിലധിഷ്ഠിതമായ ഒരു സമൂഹവും കെട്ടിപ്പടുക്കുക എന്നതാണ് ഭരണഘടനാ ലക്ഷ്യം. നിയമവാഴ്ചയെ ആദരവുള്ള ഒരു സമൂഹത്തിനു മാത്രമേ ഭരണഘടനയെ സംരക്ഷിക്കാൻ കഴിയുകയുള്ളൂ. സമത്വത്തിലും സ്വാതന്ത്ര്യത്തിലും സാഹോദര്യത്തിലും വിശ്വസിക്കുന്ന ഒരു സമൂഹം കെട്ടിപ്പടുക്കേണ്ടതുണ്ട്. ഭരണഘടനാ ശില്പി ബി ആർ അംബേദ്കറുടെ ഈ വാക്കുകൾ ഈ ഭരണഘടനാ ദിനത്തിൽ ഏ­റ്റവും പ്രസക്തമാണ്: “ജ­നാ­ധിപത്യം ഒരു ഭരണ രീതി മാത്രമല്ല. അത് പ്രധാനമായും കൂട്ടായി ജീവിക്കുന്ന അനുഭവങ്ങളുടെയും സംയുക്തമായ ആശയവിനിമയത്തിന്റെയും ഒരു രീതിയാണ്. സഹമനുഷ്യരോട് ബഹുമാനവും ആദരവും ഉള്ള ഒരു മനോഭാവമാണ്.”

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.