28 December 2025, Sunday

വിലകൊടുത്തുവാങ്ങുന്ന ദുരന്തങ്ങൾ

സി ദിവാകരൻ
July 30, 2025 4:10 am

ഭൂമി വെട്ടിപ്പിളർന്ന് പാറക്കല്ലുകളും മറ്റു ധാതുക്കളും കൊള്ളയടിക്കുന്ന മാഫിയകൾ രാജ്യത്തിന്റെ പല ഭാഗങ്ങളിലും അഴിഞ്ഞാടുന്നതായി റിപ്പോർട്ടു ചെയ്യപ്പെടുന്നു. പ്രകൃതിക്കെതിരായുള്ള ഇത്തരം വിനാശകരമായ പ്രവർത്തനങ്ങളുടെ ഫലമായി നിരവധി ദുരന്തങ്ങൾ ഏറ്റുവാങ്ങേണ്ടിവരുന്ന സമൂഹത്തിന്റെ ദുരവസ്ഥയ്ക്ക് പരിഹാരം കാണാൻ ഭരണകൂടങ്ങൾ അറച്ചുനില്ക്കുന്നു. പാറ, കൽക്കരി, കടൽമണൽ, കരമണൽ എന്നിവ കൈകാര്യം ചെയ്യുന്നതിന് രാജ്യത്ത് നിലവിലുള്ള നിയമവ്യവസ്ഥകൾ ഒന്നും പാലിക്കപ്പെടുന്നില്ല. പല സന്ദർഭങ്ങളിലും ഭരണകൂടവും ഈ രംഗങ്ങളിൽ പ്രവർത്തിക്കുന്ന മാഫിയ സംഘങ്ങളും കൈകോർത്ത് പ്രകൃതിസമ്പത്ത് കൊള്ളയടിക്കുന്നു. പാറ പൊട്ടിക്കുന്നതിനും, കടൽ മണൽ വാരുന്നതിനും കർശനമായി പാലിക്കപ്പെടേണ്ട നിയമങ്ങൾ നിലവിലുണ്ട്. കൽക്കരി ഖനനവും, കരമണൽ സംഭരിക്കുന്നതിനും വ്യവസ്ഥാപിതമായ നിയന്ത്രണങ്ങളുമുണ്ട്. എന്നാൽ ഈ രംഗങ്ങളിൽ നടക്കുന്ന കൊള്ളയും നിയമലംഘനങ്ങളും കാരണം കാലാവസ്ഥാ വ്യതിയാനവും പ്രകൃതി ദുരന്തങ്ങളും സംഭവിക്കുന്നതായി നിരവധി പഠന റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്. രാജ്യത്തെ പ്രകൃതിസ്നേഹികളും, ശാസ്ത്രജ്ഞന്മാരും നിരന്തരം ഇത്തരം പ്രകൃതി കൊള്ളയ്ക്കെതിരെ ശബ്ദം ഉയർത്തിയിട്ടും കാര്യമായ നടപടികൾ ഉണ്ടാകുന്നില്ല. കൽക്കരി ഖനനത്തിനെന്ന പേരിൽ ഒഡിഷ സംസ്ഥാനത്തിന്റെ വനാന്തരങ്ങളിൽ ജീവിക്കുന്ന വനവാസികളെ കൂട്ടത്തോടെ ഒഴിപ്പിക്കുന്നു. ഒഴിഞ്ഞുപോകാൻ വിസമ്മതിക്കുന്നവരെ ‘മാവോയിസ്റ്റ്’ ചാപ്പ കുത്തി വെടിവച്ചുകൊല്ലുന്നു. ഒഡിഷ വനപ്രദേശങ്ങളിൽ അളവറ്റ കൽക്കരിയുണ്ടെന്നു കണ്ടെത്തിയതിന്റെ ഫലമായി ആ പ്രദേശമാകെ മുന്നറിയിപ്പുകളും മുൻ കരുതലുകളും പാലിക്കാതെ ഖനി മാഫിയകൾ അഴിഞ്ഞാടുകയാണ്. 

ഈ കൊള്ളയുടെ പിന്നിൽ കേന്ദ്ര സർക്കാരും ഇന്ത്യയിലെ കരുത്തനായ അഡാനിയും ഉത്തരേന്ത്യൻ സർക്കാരുകളും നിലയുറപ്പിച്ചിട്ടുണ്ടെന്ന് ചൂണ്ടിക്കാണിച്ചുള്ള പല റിപ്പോർട്ടുകളും പുറത്തുവന്നു. ബന്ധപ്പെട്ട ഭരണകൂടങ്ങൾ ഇപ്പോഴും ഈ കൊള്ളക്കാർക്ക് കുടപിടിക്കുന്നു. മധ്യപ്രദേശ്, മഹാരാഷ്ട്ര, ഛത്തീസ്ഗഢ്, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിലെ പല ഭാഗങ്ങളിലും വ്യാപകമായ തോതിൽ നിയമവിരുദ്ധമായ കുടിയൊഴിപ്പിക്കലുകളും, ഖനനവും നിരന്തരം നടക്കുന്നു. സർക്കാർ നിയന്ത്രണത്തിലുള്ള ഖനികൾ സ്വകാര്യവ്യക്തികൾ കൈയടക്കുന്നു. രാജ്യത്തിന് സാമ്പത്തിക നഷ്ടവും പ്രകൃതിദുരന്തവും തീരാശാപമായി. ചില പ്രമുഖ രാഷ്ട്രീയപാർട്ടികൾ ഈ കൊള്ള തുടരാനാവശ്യമായ സംവിധാനം ഒരുക്കുന്നതിന്റെ ഭാഗമായിരുന്നു ‘ഇലക്ടറല്‍‍ ബോണ്ട്’. ക്വാറി മാഫിയയെ ചോദ്യം ചെയ്യാൻ സന്നദ്ധമാകുന്ന സംഘടനകളെയും വ്യക്തികളെയും വകവരുത്തിയ ഞെട്ടിപ്പിക്കുന്ന സംഭവങ്ങൾ പല മാധ്യമങ്ങളും പുറത്തുവിട്ടു. മാഫിയയ്ക്കെതിരെ പ്രവർത്തിക്കുന്നവരെയും, വാർത്ത റിപ്പോർട്ടുചെയ്യുന്നവരെയും വേട്ടയാടുകയെന്നത് നിത്യസംഭവങ്ങളായി. ഈ രംഗത്ത് ധീരമായ നിലപാടുകൾ സ്വീകരിച്ചതിന്റെ ഫലമായി ക്വാറി മാഫിയയുടെ വേട്ടയാടൽ കേരള സംസ്ഥാനത്ത് വളരെ കുറവാണ്. ഈ അടുത്തകാലത്തുവരെ എങ്കിലും തൊഴിലിന്റെ പേരിലും നിർമ്മാണരംഗത്ത് ആവശ്യമായ പാറയും മണലും മറ്റും ലഭ്യമാകുന്നില്ലെന്നും, നിർമ്മാണപ്രവർത്തനങ്ങൾ സ്തംഭനത്തിലാണെന്നുമുള്ള വ്യാജ പ്രചരണത്തിന്റെ മറവിലും ക്വാറി പ്രവർത്തനങ്ങൾ നടത്തിവരികയായിരുന്നു. ജനകീയ ഇടപെടലുകളുടെയും ജിയോളജി ഡിപ്പാർട്ടുമെന്റിന്റെ ശക്തമായ പ്രവർത്തനങ്ങളുടെയും ഫലമായി കേരളത്തിലെ ‘ക്വാറി മാഫിയ’യ്ക്ക് അഴിഞ്ഞാടാൻ കഴിയാതെ വന്നു. ഈ രംഗത്ത് നിയമവിരുദ്ധമായി ക്വാറികൾ നടത്തുന്നവരുടെ സംഘടനകൾ സുപ്രീംകോടതിയിൽ വരെയെത്തി. സംസ്ഥാന‑കേന്ദ്ര സർക്കാരിന്റെ അധികാര പരിധിയിലുള്ളതാണ് ക്വാറിയുടെ പ്രവർത്തനങ്ങളെന്നും അവയിൽ ഇടപെടാൻ കോടതികൾക്ക് പരിമിതിയുണ്ടെന്നും വിധിച്ചതിന്റെ പശ്ചാത്തലത്തിൽ കേരളത്തിലെ ക്വാറികളുടെ പ്രവർത്തനങ്ങൾ പൂർണമായും താല്‍ക്കാലികമായി നിരോധിച്ചുകൊണ്ട് സർക്കാർ ഉത്തരവിറക്കി. സർക്കാരിന്റെ ധീരമായ നിലപാടിന് പൊതുജനങ്ങളിൽ നിന്നും പ്രകൃതിസ്നേഹികളിൽ നിന്നും ശാസ്ത്രജ്ഞന്മാരിൽ നിന്നും വ്യാപകമായ പിന്തുണ ലഭിച്ചു. തൽക്കാലം കേരളത്തിൽ ‘ക്വാറി-മണൽ കടൽമണൽ’ മാഫിയകൾ പത്തിമടക്കി മാളങ്ങളിൽ ഒളിച്ചിരിക്കുകയാണ്. ജനദ്രോഹികളും, പ്രകൃതി നശീകരണശക്തികളും വീണ്ടും ഫണം വിടർത്തി ആക്രമണം നടത്താതിരിക്കാൻ സംസ്ഥാനം ഈ രംഗത്ത് സമഗ്രമായ നിയമനിർമ്മാണം നടത്താൻ നടപടികൾ സ്വീകരിക്കണം. നിലവിലുള്ള ജിയോളജി വകുപ്പിന്റെയും, ഖനനവകുപ്പിന്റെയും നിയമങ്ങളിലെ പഴുതുകൾ അടച്ചുകൊണ്ട് ഈ രംഗത്ത് കുറ്റമറ്റ നിയമങ്ങൾ പാസാക്കുകയും അവ നടപ്പിലാക്കാനുള്ള ആർജവവും സർക്കാരിനുണ്ടാകണം. 

ഈ രംഗത്ത് നമ്മുടെ തൊട്ടടുത്തുള്ള തമിഴ്‌നാട്ടിൽ നടക്കുന്ന ഞെട്ടിപ്പിക്കുന്ന സംഭവങ്ങൾ ഒന്നൊന്നായി പുറത്തുവന്നുകൊണ്ടിരിക്കുന്നു. തമിഴ്‌നാട്ടിൽ പ്രതിവർഷം 10,000 കോടി രൂപയുടെ കച്ചവടമാണ് ക്വാറികളുടെ ഇടപാടുകളിൽ നടക്കുന്നത്. പാറഖനനം, നദികളിലെയും സമുദ്രത്തിലെയും മണലൂറ്റ്, ഗ്രാനൈറ്റ് ഖനനം ഈ മേഖലകളിലൊട്ടാകെ നടക്കുന്ന നിയമവിരുദ്ധ പ്രവർത്തനങ്ങളുടെ ഫലമായി സർക്കാരിന് പ്രതിവർഷം 10,000 കോടിരൂപയുടെ നഷ്ടം സംഭവിക്കുന്നതായി ഏകദേശം കണക്കാക്കപ്പെടുന്നു. കേരളത്തിൽ ക്വാറി മാഫിയയുടെ നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് കടിഞ്ഞാണിടാൻ കഴിഞ്ഞത് എല്‍ഡിഎഫ് സർക്കാരിന്റെ ധീരമായ നിലപാടുകൾ കാരണമാണ്. ഈ വിഷയം കേവലം ഒരു നിയമവിരുദ്ധപ്രവർത്തനമായി പരിഗണിച്ചു ലഘൂകരിക്കാൻ സാധ്യമല്ല. സമൂഹത്തിന് നേരിടേണ്ടിവരുന്ന ഒട്ടനവധി പ്രകൃതി ദുരന്തങ്ങൾക്കും, മനുഷ്യരാശിയുടെ സർവ്വനാശത്തിനും ഇത്തരം ക്വാറി മാഫിയകളുടെ പ്രവർത്തനങ്ങൾ കാരണമായിത്തീരുമെന്ന ഗൗരവമേറിയ പ്രശ്നം ഇന്ന് ആഗോള നിലവാരത്തിൽ ചർച്ച ചെയ്യപ്പെടുന്ന വിഷയമായി മാറിക്കഴിഞ്ഞിരിക്കുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.