
2014ലെ പൊതുതെരഞ്ഞെടുപ്പിൽ വ്യക്തമായ ഭൂരിപക്ഷത്തോടെ ബിജെപി അധികാരമേറ്റത് ഒരു ജനാധിപത്യ രാജ്യത്ത് സാധാരണയായി സംഭവിക്കുന്നതുപോലെ ഒരു സർക്കാർ മാറി മറ്റൊന്ന് പ്രതിഷ്ഠിക്കപ്പെടുന്നതായിരുന്നില്ല. നമ്മുടെ രാഷ്ട്രീയ വ്യവസ്ഥയുടെ സ്വഭാവത്തിൽ തന്നെ ഘടനാപരമായ വ്യതിയാനം സൃഷ്ടിക്കുന്നതായിരുന്നു പ്രസ്തുത ഭരണമാറ്റം. നമ്മുടെ ഭരണഘടനയെയും അതുൾക്കൊള്ളുന്ന മൂല്യങ്ങളെയും അതിന്റെ തുടക്കം മുതൽ അവഹേളിക്കുന്ന രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ രാഷ്ട്രീയ വിഭാഗമാണ് ബിജെപി എന്നതിനാലാണ് ഈ മാറ്റം ആ നിലയിൽ വിലയിരുത്തപ്പെട്ടത്. ഇന്ത്യയുടെ മഹത്തായ സ്വാതന്ത്ര്യ പോരാട്ടത്തിൽ ഒരു പങ്കുമില്ലാതിരുന്ന സംഘടനയാണ് ആർഎസ്എസ് എന്ന് മാത്രമല്ല അവർ പ്രചോദനമുൾക്കൊള്ളുന്നത് എക്കാലവും ഫാസിസ്റ്റ് ആശയങ്ങളിൽ നിന്നായിരുന്നു. അതിനാൽതന്നെ നമ്മുടെ ജനാധിപത്യ റിപ്പബ്ലിക്കിനെ മതം, ജാതി, വർഗം, ലിംഗഭേദം എന്നിവയുടെ അസമത്വങ്ങൾ നിറഞ്ഞ ഒരു മതാധിഷ്ഠിത ഹിന്ദു രാഷ്ട്രമാക്കി മാറ്റാൻ പരസ്യമായി ശ്രമിച്ചവരായിരുന്നു അവർ. അധികാരത്തിലെത്തിയതോടെ ബിജെപി ആരംഭിച്ച, രാജ്യത്തിന്റെ അടിസ്ഥാനതത്വങ്ങളിൽ ഘടനാപരമായ അട്ടിമറി നടത്തുന്നതിനുള്ള നീക്കത്തിനെതിരെ കമ്മ്യൂണിസ്റ്റുകാരും വിശാല ഇടതുപക്ഷ പ്രസ്ഥാനവും പ്രത്യയശാസ്ത്രപരമായ ചെറുത്തുനില്പ് നടത്തുകയാണ്. എന്നിരുന്നാലും ഇടതുപക്ഷത്തിനുള്ളിൽ ഐക്യത്തിന്റെയും യോജിപ്പിന്റെയും അഭാവം ചിലപ്പോഴൊക്കെ ഈ ചെറുത്തുനില്പിന്റെ പൂർണ ശക്തിയെ ദുർബലമാക്കിയിരുന്നു.
സ്വേച്ഛാധിപത്യ പ്രവണതകൾ, വിനാശകരമായ നവലിബറൽ സാമ്പത്തിക നയങ്ങൾ ശക്തിപ്പെടുത്തിയത്, വർഗീയ വിഭജന ശ്രമങ്ങൾക്ക് മൂർച്ചയേറിയത്, ഫാസിസ്റ്റ് പ്രവണതകൾ എന്നിവ ജനാധിപത്യം, സാമൂഹികനീതി, സമത്വം എന്നിവയെ വിലമതിക്കുന്ന എല്ലാവർക്കും ശക്തമായ ആശങ്കയുണ്ടാക്കുന്ന ഒരു രാഷ്ട്രീയ സാഹചര്യം സൃഷ്ടിച്ചു. ഭരണവർഗങ്ങൾ വിഭവങ്ങളുടെയും സ്ഥാപനങ്ങളുടെയും മേൽ തങ്ങളുടെ പിടിമുറുക്കുന്ന സമയത്തുതന്നെ ദരിദ്രർ, തൊഴിലാളിവർഗം, കർഷകർ, പാർശ്വവൽകൃത സമൂഹങ്ങൾ എന്നിവരുടെ അരക്ഷിതാവസ്ഥ വർധിച്ചുവരുന്നു. അത്തരമൊരു ഘട്ടത്തിൽ, ഇടതുപക്ഷ ഐക്യമെന്ന വിഷയം വീണ്ടും പ്രസക്തമായിരിക്കുന്നു. നൂറ്റാണ്ടുകളുടെ പോരാട്ടത്തിന്റെയും ത്യാഗങ്ങളുടെയും പാരമ്പര്യമുള്ള ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്, ഇടതുപക്ഷ ഐക്യം തന്ത്രപരമായ സൗകര്യത്തിന്റെ കാര്യമല്ല, മറിച്ച് ഒരു ചരിത്രപരമായ ആവശ്യകതയാണ്. സംസ്ഥാനങ്ങളിലുടനീളമുള്ള സഖാക്കളുടെ ശബ്ദങ്ങളിലും അനുഭാവികളുടെയും ബുദ്ധിജീവികളുടെയും പ്രതീക്ഷകളിലും ഇത് പ്രകടമാണ്. ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ വേരുകൾ ദേശീയ വിമോചന പോരാട്ട കാലത്തിന്റേതുവരെ നീണ്ടുകിടക്കുന്നതാണ്. മഹത്തായ ഒക്ടോബർ സോഷ്യലിസ്റ്റ് വിപ്ലവത്തിന്റെ പ്രചോദനമുൾക്കൊണ്ടും കോളനിവാഴ്ചക്കാലത്തെ ചൂഷണം നിറഞ്ഞ ജിവിതാനുഭവങ്ങളാലും നയിക്കപ്പെട്ടതായിരുന്നു നമ്മുടെ സ്വാതന്ത്ര്യ പോരാട്ടം. രാഷ്ട്രീയ സ്വാതന്ത്ര്യം മാത്രമല്ല, സാമ്പത്തികവും സാമൂഹികവുമായ അടിച്ചമർത്തലിന്റെ ആഴമേറിയ ഘടനകളെയും ചോദ്യം ചെയ്യാനാകുന്ന ഒരു ശക്തിയായി സ്വാതന്ത്ര്യപോരാട്ടത്തെ മാറ്റാൻ യുവ വിപ്ലവകാരികളും തൊഴിലാളികളും അവരുടെ നേതാക്കളും ശ്രമിച്ചു. മാർക്സിസം ലെനിനിസത്തിന്റെ ബാനറിൻ കീഴിൽ സോഷ്യലിസ്റ്റ് കാഴ്ചപ്പാടിന്റെയും സാർവദേശീയ വീക്ഷണത്തിന്റെയും അടിസ്ഥാനത്തിൽ രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽ പ്രവർത്തിച്ചിരുന്ന വിപ്ലവകാരികളെ കൂട്ടിയോജിപ്പിച്ചുകൊണ്ടാണ് 1925ൽ കാൺപൂരിൽ ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടി രൂപീകൃതമാകുന്നത്. കമ്മ്യൂണിസ്റ്റ് രാഷ്ട്രീയത്തിന്റെ സംഘടിത രൂപത്തിന്റെ തുടക്കമായിരുന്നു അത്. തുടക്കത്തിൽതന്നെ കമ്മ്യൂണിസ്റ്റുകാർ രണ്ട് ഉത്തരവാദിത്തങ്ങളാണ് ഏറ്റെടുത്തത്. ഒന്ന് സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള ദേശീയ മുന്നേറ്റത്തിന്റെ ഭാഗമാകുക, രണ്ട് തൊഴിലാളികൾ, കർഷകർ, വിദ്യാർത്ഥികൾ, മഹിളകൾ എന്നിങ്ങനെ വിവിധ വിഭാഗങ്ങളുടെ സംഘടനകൾ രൂപീകരിക്കുക.
ബോംബെയിലും കൽക്കട്ടയിലും നടന്ന ധീരമായ തൊഴിലാളി സമരങ്ങൾ, തെലങ്കാനയിലെ കർഷക മുന്നേറ്റം, ഫ്രഞ്ച് അധിനിവേശ പുതുച്ചേരിയിലെ തൊഴിലാളി സംഘാടനം, പുന്നപ്ര വയലാർ, തേഭാഗ സമരങ്ങൾ, തഞ്ചാവൂർ മേഖലയിൽ ജന്മിത്ത ചൂഷണത്തിനെതിരെ നടന്ന കർഷക സമരങ്ങൾ, വിവിധ നാട്ടുരാജ്യങ്ങളിൽ സ്വാതന്ത്ര്യത്തിനും പൗരാവകാശങ്ങൾക്കും വേണ്ടി നടന്ന പ്രസ്ഥാനങ്ങൾ ഇവയെല്ലാം സ്വതന്ത്രവും ജനാധിപത്യപരവും സോഷ്യലിസ്റ്റുമായ ഇന്ത്യയെക്കുറിച്ചുള്ള കമ്മ്യൂണിസ്റ്റ് കാഴ്ചപ്പാടിന്റെ മുദ്ര പതിപ്പിച്ചവയായിരുന്നു. ഈ പ്രക്ഷോഭങ്ങൾക്കൊപ്പം തന്നെ തൊഴിലാളികൾ, കർഷകർ, യുവജനങ്ങൾ, വിദ്യാർത്ഥികൾ, കലാകാരന്മാർ, എഴുത്തുകാർ, ബുദ്ധിജീവികൾ എന്നിവരെ വിവിധ ബഹുജന സംഘടനകൾ വഴി സംഘടിപ്പിക്കുകയും ജനകീയ പ്രസ്ഥാനത്തിന്റെ വേരുകൾ ആഴത്തിലാക്കുകയും പുരോഗമനപരവും സാംസ്കാരികവും ബൗദ്ധികവുമായ ധാരകളെ മുന്നോട്ട് നയിക്കുകയും ചെയ്തു.
എന്നിരുന്നാലും, ചരിത്രപരമായ സമരങ്ങൾക്കിടയിലും വളരുന്ന ഏതൊരു പ്രസ്ഥാനത്തെയും പോലെ, ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനവും പ്രത്യയശാസ്ത്ര വ്യക്തതയുടെയും രാഷ്ട്രീയ തന്ത്രത്തിന്റെയും വെല്ലുവിളികൾ അഭിമുഖീകരിച്ചു. ഇതിൽ ഏറ്റവും ശക്തമായി പ്രതിഫലിച്ചത് 1964ലെ പിളർപ്പായിരുന്നു, അത് കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ(മാർക്സിസ്റ്റ്)യുടെ രൂപീകരണത്തിലേക്ക് നയിച്ചു. അന്താരാഷ്ട്ര, ദേശീയ പ്രശ്നങ്ങളെക്കുറിച്ചുള്ള ചർച്ചകളിലാണ് പിളർപ്പ് വേരൂന്നിയതെങ്കിലും, അതിന്റെ അനന്തരഫലങ്ങൾ ജനങ്ങളുടെ പോരാട്ടങ്ങളിൽ ശക്തമായി പ്രതിഫലിച്ചു. തൊഴിലാളി യൂണിയൻ രണ്ട് വിഭാഗങ്ങളായി വിഭജിക്കപ്പെട്ടു. വിദ്യാർത്ഥി യുവജന സംഘടനകൾ ഛിന്നഭിന്നമായി, ഇടതുപക്ഷശക്തികൾ പരസ്പരം എതിർത്ത് മത്സരിക്കുന്ന തെരഞ്ഞെടുപ്പുകൾക്ക് സാക്ഷ്യം വഹിച്ചു. കാലക്രമേണ, കൂടുതൽ ഭിന്നതകളുണ്ടാകുകയും ഇന്ത്യയിൽ ഇടതുപക്ഷ ഗ്രൂപ്പുകളുടെ ഒരു ബാഹുല്യം സൃഷ്ടിക്കുകയും ചെയ്തു. ഈ വിഭജനങ്ങൾ വിവിധ സംസ്ഥാനങ്ങളിലും മേഖലകളിലും ശക്തമായ സ്വാധീനം തുടർന്നുവെങ്കിലും ദേശീയ രാഷ്ട്രീയത്തിൽ നിർണായകമായി ഇടപെടുന്നതിലുള്ള ഇടതുപക്ഷ ശേഷിയെ ദുർബലപ്പെടുത്തുകയും ചെയ്തു. നിരവധി ബഹുജന സമരങ്ങളുടെ മുൻനിരയിൽ കമ്മ്യൂണിസ്റ്റുകാർ തുടർന്നെങ്കിലും ഐക്യത്തിന്റെ അഭാവം സംഘടിത ശക്തിയിൽ പലപ്പോഴും മങ്ങലേല്പിച്ചു. അധികാര നിയന്ത്രണമുള്ള ഭരണവർഗങ്ങളും അവരുടെ വിപുലമായ വിഭവങ്ങളും ഈ വിഭജനം മുതലെടുത്തു. ഇടതുപക്ഷത്തിന് പ്രത്യയശാസ്ത്രപരവും സംഘടനാപരവുമായ അടിത്തറ ഉണ്ടായിരുന്നിട്ടും പ്രതിസന്ധി ഘട്ടങ്ങളിൽ ഒരു ഏകീകൃത ബദലായി സ്വയം ഉയർത്തിക്കാട്ടാൻ സാധിച്ചില്ല.
(അവസാനിക്കുന്നില്ല)
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.