
രണ്ട് ആശ്രമ അന്തേവാസികളെ ബലാത്സംഗം ചെയ്തതിന് 20 വർഷം കഠിന തടവ്, കൊലപാതകക്കേസില്‍ ജീവപര്യന്തം. ദേര സച്ചാ സൗദ എന്ന ആത്മീയ സ്ഥാപന മേധാവി ഗുർമീത് സിങ് എന്ന റാം റഹീം സിങ്ങിന് വിവിധ കോടതികള്‍ വിധിച്ച ശിക്ഷയാണിത്. സിർസ ആസ്ഥാനമായ ദേര സച്ചാ സൗദയ്ക്ക് ഹരിയാന, പഞ്ചാബ്, രാജസ്ഥാൻ, മറ്റ് സംസ്ഥാനങ്ങൾ എന്നിവിടങ്ങളിൽ വലിയൊരു സംഘം അനുയായികളുണ്ട്. ഹരിയാനയിൽ സിർസ, ഫത്തേഹാബാദ്, കുരുക്ഷേത്ര, കൈതാൽ, ഹിസാർ തുടങ്ങിയ ജില്ലകളിൽ ഈ വിഭാഗത്തിന് വലിയൊരു സാന്നിധ്യമുണ്ട്. തുടക്കം മുതല്‍ ദുരൂഹവും കുറ്റകൃത്യങ്ങള്‍ നിറഞ്ഞതുമായ ജീവിതമായിരുന്നു ഈ ആള്‍ദൈവത്തിന്റേത്.
2017ലാണ് ബലാത്സംഗത്തിന് ദേര മേധാവിയെ ശിക്ഷിച്ചത്. പത്രപ്രവർത്തകനായ രാം ചന്ദർ ഛത്രപതിയുടെ കൊലപാതകത്തിന് 2019 ജനുവരിയില്‍ ജീവപര്യന്തം തടവ്. 2021 ൽ, ദേര മാനേജർ രഞ്ജിത് സിങ്ങിന്റെ കൊലപാതകത്തിന് വീണ്ടും ജീവപര്യന്തം തടവ് ശിക്ഷ ലഭിച്ചു. ഈ കേസില്‍ മൂന്ന് വർഷത്തിന് ശേഷം പഞ്ചാബ്, ഹരിയാന ഹൈക്കോടതി കുറ്റവിമുക്തനാക്കി. ബലാത്സംഗക്കേസിലെ വിധിപ്രഖ്യാപനം ഹരിയാനയിലും പഞ്ചാബിലും വന്‍ അക്രമത്തിന് കാരണമായി. പഞ്ച്കുല കോടതി വിധിയെത്തുടർന്ന് അദ്ദേഹത്തിന്റെ അനുയായികളും സുരക്ഷാ സേനയും തമ്മിലുള്ള ഏറ്റുമുട്ടലിൽ 40 ലധികം പേർ മരിച്ചു. ഈ ജനുവരി അഞ്ച് തിങ്കളാഴ്ച 40 ദിവസത്തെ പരോൾ ലഭിച്ചതിനെ തുടര്‍ന്ന് ഗുര്‍മീത് സുനാരിയ ജയിലിൽ നിന്ന് പുറത്തിറങ്ങി. 2017 ൽ ശിക്ഷിക്കപ്പെട്ടതിനുശേഷം ഇത് 15ാം തവണയാണ് പരോളില്‍ ജയില്‍ വിമോചിതനാകുന്നത്. അവസാനമായി 2025 ഓഗസ്റ്റിലായിരുന്നു 40 ദിവസത്തെ പരോള്‍ അനുവദിച്ചത്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി 30 ദിവസത്തെ പരോളില്‍ അദ്ദേഹം പുറത്തായിരുന്നു.
2025 ഏപ്രിലിൽ 21,2024 ഓഗസ്റ്റിൽ 21, ഒക്ടോബർ ഒന്ന് മുതല്‍ 20 ദിവസം വീതമുള്ള പരോള്‍ ലഭിച്ചു. 2022 ഫെബ്രുവരി ഏഴ് മുതൽ മൂന്ന് ആഴ്ചയും അദ്ദേഹം ജയിലിന് പുറത്തായിരുന്നു. ഇങ്ങനെ 15 തവണ പരോള്‍ ലഭിച്ച ഈ കുറ്റവാളി 400ലധികം ദിവസം ജയിലിന് പുറത്ത് ജീവിച്ചു. പരോളിലിറങ്ങിയപ്പോള്‍ ശിക്ഷിക്കപ്പെട്ട കുറ്റവാളിയെന്ന നിലയിലായിരുന്നില്ല അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍. ഡല്‍ഹി, ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ അദ്ദേഹം പരസ്യമായി ഇടപെട്ടു. ബലാത്സംഗം, കൊലപാതകം തുടങ്ങിയ കുറ്റകൃത്യങ്ങള്‍ തെളിയിക്കപ്പെട്ടതിനെ തുടര്‍ന്നാണ് ഈ ആള്‍ദൈവത്തെ വിവിധ കോടതികള്‍ ശിക്ഷിച്ച് ജയിലിലാക്കിയത്. വലിയ ആള്‍ക്കൂട്ട പിന്‍ബലവും ഭരണകൂട സഹായങ്ങളും ലഭിക്കുന്നതിനാല്‍ സാക്ഷികളെയും മറ്റും സ്വാധീനിക്കാനുള്ള സാധ്യതകളുണ്ടെങ്കിലും അതൊന്നും പരിഗണിക്കാതെ, നീതിന്യായ വ്യവസ്ഥയെ വെല്ലുവിളിച്ച് ഇയാളെ പുറത്തിറങ്ങി നടക്കുന്നതിന് അനുവദിക്കുകയാണ്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ അപേക്ഷ ലഭിക്കുന്ന മുറയ്ക്ക് മറ്റൊന്നും ആലോചിക്കാതെയാണ് പരോള്‍ അനുവദിക്കുന്നത്.
ജയിലില്‍ അടച്ചുവെങ്കിലും ബിജെപി സര്‍ക്കാരുകളുടെ കാരുണ്യത്തില്‍ ഗുർമീത് റാം റഹീം സിങ് ഇടയ്ക്കിടെ ജയിലിന് പുറത്തേയ്ക്ക് വിനോദ സഞ്ചാരം നടത്തുമ്പോള്‍ തന്നെയാണ് വിചാരണ ആരംഭിച്ചിട്ടില്ലാത്ത വിവിധ കേസുകളില്‍ നിരവധി വര്‍ഷങ്ങളായി പലരും ജയിലില്‍ തന്നെ തുടരുന്നതെന്ന വൈരുദ്ധ്യം നിലനില്‍ക്കുന്നു. അന്ധവിശ്വാസികളായ ആള്‍ക്കൂട്ടം അനുയായികളായി ഇല്ലെന്നതിനാല്‍ കോടതികള്‍ പോലും അവര്‍ക്ക് പുറത്തേക്കുള്ള വഴി തുറക്കുന്നില്ല. സര്‍ക്കാരുകളെ വിമര്‍ശിക്കുകയോ അവരുടെ എതിര്‍പ്പിന് കാരണമാകുകയോ ചെയ്താല്‍ നിയമ വിരുദ്ധ പ്രവര്‍ത്തനം തടയല്‍ (യുഎപിഎ), ദേശ സുരക്ഷാ നിയമം (എന്‍എസ്എ) തുടങ്ങിയവ ചുമത്തി അനിശ്ചിതകാലത്തേക്ക് ജയിലിലാക്കപ്പെടുന്നു. ജാമ്യ ഹര്‍ജികളില്‍ തീര്‍പ്പ് കല്പിക്കുമ്പോള്‍ സര്‍ക്കാരിന്റെ പ്രതിനിധികളായെത്തുന്ന പ്രോസിക്യൂട്ടര്‍മാര്‍ ഉന്നയിക്കുന്ന വാദങ്ങള്‍ അതേപടി സ്വീകരിച്ച് ജാമ്യ നിഷേധത്തിന് കോടതി മടിക്കുന്നുമില്ല. ആള്‍ദൈവമായിപ്പോയെന്ന കാരണത്താല്‍ ഭരണകൂട പിന്തുണ കിട്ടുന്ന ഗുര്‍മീത് സിങ്ങിന് 40 ദിവസത്തെ പരോള്‍ അനുവദിച്ച വാര്‍ത്ത പുറത്തുവന്ന ദിവസമാണ് പരമോന്നത കോടതി, ഡല്‍ഹി കലാപക്കേസില്‍ കുറ്റാരോപിതരായി അഞ്ചിലധികം വര്‍ഷമായി ജയിലില്‍ കിടക്കുന്ന ഷര്‍ജീല്‍ ഇമാം, ഉമര്‍ ഖാലിദ് എന്നിവരുടെ ജാമ്യാപേക്ഷ തള്ളിയ വിധി പുറപ്പെടുവിച്ചത്. ജസ്റ്റിസുമാരായ അരവിന്ദ് കുമാര്‍, എന്‍ വി അന്‍ജാരിയ എന്നിവരുള്‍പ്പെട്ട ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.
അതേസമയം ഇതേ കേസില്‍ ജയിലില്‍ കഴിയുന്ന മറ്റു പ്രതികളായ ഗുല്‍ഫിഷ ഫാത്തിമ, മീരാ ഹൈദര്‍, ഷിഫാ ഉര്‍ റഹ്‌മാന്‍, മുഹമ്മദ് സലിം ഖാന്‍, ഷദാബ് അഹമ്മദ് എന്നിവര്‍ക്ക് ജാമ്യം അനുവദിച്ചു എന്നത് ആശ്വാസമാണ്. ഈ വിധിക്കെതിരായ സുപ്രധാന വിമര്‍ശനം ജാമ്യത്തിനായി വീണ്ടും ഹര്‍ജി നല്‍കുന്നതും കോടതി വിലക്കി എന്നതാണ്. കേസിലെ സംരക്ഷിത സാക്ഷികളുടെ വിസ്താരം പൂര്‍ത്തിയാകുകയോ, നിലവിലെ ഉത്തരവ് ഒരു വര്‍ഷം പൂര്‍ത്തിയാകുകയോ ചെയ്താല്‍ ഉമറിനും ഷര്‍ജീലിനും ജാമ്യത്തിനായി അപേക്ഷിക്കാം. പ്രോസിക്യൂഷന്‍ സമര്‍പ്പിച്ച തെളിവുകള്‍ അനുസരിച്ച് ഗൂഢാലോചനയില്‍ പങ്ക് വ്യക്തമാണെന്നും എല്ലാ പ്രതികളെയും ഒരേ അളവുകോലില്‍ അളക്കാനാകില്ലെന്നും അതിനാലാണ് ജാമ്യം നിഷേധിക്കുന്നതെന്നുമാണ് ബെഞ്ച് വ്യക്തമാക്കിയത്. നിയമപരമായ പരിശോധന നടത്തിയാണ് ജാമ്യഹര്‍ജിയില്‍ തീരുമാനമെടുക്കുകയെന്നതാണ് നടപടിക്രമമെങ്കിലും സുപ്രീം കോടതിയുടെ തന്നെ മുന്‍കാല ഉത്തരവുകള്‍ ചിലത് ഇവിടെ ലംഘിക്കപ്പെടുന്നുവെന്ന് നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. 2019 അവസാനം പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കിയതിനെതിരെ രാജ്യത്താകെ വന്‍ പ്രതിഷേധമാണ് നടന്നത്. മുസ്ലിം സമൂഹത്തിലെ ഒരുവിഭാഗത്തെ പൗരത്വത്തിന്റെ പേരില്‍ നാടുകടത്താനുള്ള നിയമ ഭേദഗതി എല്ലാ കോണുകളില്‍ നിന്നും ശക്തമായ എതിര്‍പ്പ് വിളിച്ചുവരുത്തി. ഇതിനെതിരെ ശക്തമായ സമരങ്ങളുടെ ഭാഗമായി ഡല്‍ഹിയിലുണ്ടായ പ്രക്ഷോഭങ്ങള്‍ വഴിതിരിച്ചുവിടുന്നതിന് നടന്ന ഗൂഢാലോചനയുടെ ഫലമായിരുന്നു 2020 ഫെബ്രുവരിയില്‍ ഡല്‍ഹി കലാപം. ഗൂഢാലോചന ആരാണ് നടത്തിയതെന്നതു സംബന്ധിച്ച് പരസ്പര ആരോപണ പ്രത്യാരോപണങ്ങള്‍ ഇപ്പോഴും നടക്കുന്നുണ്ട്. ജാഫ്രാബാദ് മെട്രോ സ്റ്റേഷനരികെയുണ്ടായിരുന്ന സമരക്കാരെ ആയുധങ്ങളുമായി നേരിടണമെന്ന ബിജെപി നേതാവ് കപില്‍ മിശ്രയുടെ ആഹ്വാനത്തെ തുടര്‍ന്നായിരുന്നു യഥാര്‍ത്ഥത്തില്‍ ഡല്‍ഹി കലാപത്തിന്റെ തുടക്കം.
ഇത് ഇരുവിഭാഗങ്ങളായുള്ള സംഘര്‍ഷമായി പരിണമിക്കുകയായിരുന്നു. മിശ്രയ്ക്കെതിരെ കര്‍ശനമായ നടപടിയെടുക്കുന്നതിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ ഡല്‍ഹി പൊലീസ് എന്തെങ്കിലും ചെയ്തില്ല. അതും നിരവധി പേരുടെ മരണത്തിനും പരിക്കേല്‍ക്കുന്നതിനും കാരണമായ ഈ കേസുകളുടെ അന്വേഷണത്തിലും കുറ്റപത്രങ്ങളിലും ഡല്‍ഹിയിലെ വിവിധ കോടതികള്‍ പല തവണ സംശയങ്ങള്‍ ഉന്നയിക്കുകയും പൊലീസിനെ വിമര്‍ശിക്കുകയും ചെയ്തിരുന്നതുമാണ്. എന്നിട്ടും അഞ്ചു വര്‍ഷമായിട്ടും വിചാരണയോ അന്തിമ കുറ്റപത്രമോ നല്‍കാത്ത കേസിലാണ് രണ്ടുപേരുടെയും ജാമ്യാപേക്ഷ തള്ളുകയും ഒരുവര്‍ഷം കൂടിയെങ്കിലും ജയിലില്‍ തുടരണമെന്ന് നിഷ്കര്‍ഷിക്കുകയും ചെയ്തിരിക്കുന്നത്. ഡല്‍ഹി കലാപക്കേസില്‍ യുഎപിഎ കേസാണ് വില്ലനായതെങ്കില്‍ പല തവണ സുപ്രീം കോടതി തന്നെ സാധുതയെ കുറിച്ച് സംശയമുന്നയിച്ച ദേശ സുരക്ഷാ നിയമം (എന്‍എസ്എ) ചുമത്തിയ പ്രമുഖ കാലാവസ്ഥാ പ്രവർത്തകൻ സോനം വാങ്ചുക്ക് നൂറുദിവസത്തിലധികമാണ് കരുതല്‍ തടവില്‍ തുടരുന്നത്. ലഡാക്കിന്റെ പ്രത്യേക പദവിക്കും പരിസ്ഥിതി സംരക്ഷണത്തിനുമായി പോരാടുന്ന അദ്ദേഹത്തെ കഴിഞ്ഞ സെപ്റ്റംബറിലാണ് ജയിലിലാക്കിയത്. ജാമ്യത്തിന് വേണ്ടിയുള്ള ഹര്‍ജി സുപ്രീം കോടതിയുടെ പരിഗണനയിലാണ് ഇപ്പോഴും. ജീവിതത്തില്‍ പലപ്പോഴായി കുറ്റകൃത്യം നടത്തുകയും കോടതിയില്‍ തെളിഞ്ഞതിനെ തുടര്‍ന്ന് ശിക്ഷിക്കപ്പെടുകയും ചെയ്ത സ്വയം പ്രഖ്യാപിത ആള്‍ദൈവം ഗുര്‍മീത് സിങ് ഭരണ ഒത്താശയോടെ ഇടയ്ക്കിടെ ജയിലില്‍ നിന്നിറങ്ങി വിലസുമ്പോഴാണ് വിചാരണയില്ലാതെ ഉമര്‍ഖാലിദും ഷര്‍ജീല്‍ ഇമാമും സോനം വാങ്ചുക്കും ജയിലില്‍ തുടരുന്നത്. കുറ്റം ചെയ്തുവെന്ന് തെളിയിക്കപ്പെടാതെ മൂന്നുപേര്‍ (ഇവിടെ ഉദാഹരിച്ചതാണ് മൂന്നുപേര്‍. ഭീമ കൊറേഗാവ് കേസിലുള്‍പ്പെടെ നൂറുകണക്കിനുണ്ട് അവരുടെ എണ്ണം) ജയിലില്‍ കഴിയുമ്പോഴും കുറ്റവാളിയെന്ന് നീതിന്യായ സംവിധാനം കണ്ടെത്തി ശിക്ഷിച്ചയാള്‍ക്ക് നിര്‍ബാധം പുറത്തിറങ്ങി നടക്കാനാകുന്നു. നിയമവ്യവസ്ഥയുടെ പരിമിതികളും അതിനപ്പുറം എക്സിക്യൂട്ടീവ് സ്വയം ശാക്തീകരിക്കപ്പെടുന്നതുമാണ് ഈ ഉദാഹരണങ്ങളിലൂടെ വ്യക്തമാകുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.