7 March 2026, Saturday

തീരുവയുദ്ധവും ഗ്ലോബല്‍ സൗത്ത് കൂട്ടായ്മയും

പ്രൊഫ. കെ അരവിന്ദാക്ഷൻ
November 10, 2025 4:15 am

അമേരിക്കയും പ്രസിഡന്റ് ട്രംപും ചേര്‍ന്ന് കാട്ടിക്കൂട്ടുന്ന തീരുവ വര്‍ധനയുമായി ബന്ധപ്പെട്ട വിക്രിയകള്‍ക്കെതിരായി വിവിധ കോണുകളില്‍ നിന്നും കടുത്ത വിമര്‍ശനങ്ങളാണ് ഉയര്‍ന്നുവരുന്നത്. ഇന്ത്യയിലെ മോഡി സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം പ്രധാനമന്ത്രി നരേന്ദ്രമോഡിക്ക് ട്രംപുമായുണ്ടെന്ന് കൊട്ടിഘോഷിക്കപ്പെടുന്ന അടുത്ത സുഹൃദ്‌ബന്ധം പ്രസക്തമാകുന്നത് ഇത്തരമൊരു നിര്‍ണായകഘട്ടത്തിലാണല്ലോ. ഇന്ത്യയടക്കമുള്ള ‘ഗ്ലോബല്‍ സൗത്ത്’ കൂട്ടായ്മാ രാജ്യങ്ങളെല്ലാം അതിഗുരുതരമായ വ്യാപാര പ്രതിസന്ധിയിലാണ് ട്രംപ് തുടക്കമിട്ടിരിക്കുന്ന തീരുവയുദ്ധത്തെ തുടര്‍ന്ന് അഭിമുഖീകരിച്ചുവരുന്നതും. തുല്യതയിലൂന്നിയ ഒരു ലോകക്രമം യാഥാര്‍ത്ഥ്യമാക്കാന്‍ അനുയോജ്യമായൊരു സാമ്പത്തിക, ഭൗമ രാഷ്ട്രീയ സംവിധാനത്തിലൂടെ മാത്രമേ സാധ്യമാകു എന്നതിലും തര്‍ക്കമില്ല. തീര്‍ത്തും തന്ത്രപ്രധാനമായൊരു നയസമീപനത്തിലൂടെയല്ലാതെ ഈ ലക്ഷ്യത്തിലെത്താനും കഴിയില്ല.
തീരുവ ആയുധമാക്കി ട്രംപ് ആവിഷ്കരിച്ചു നടപ്പാക്കിവരുന്ന സാമ്പത്തിക യുദ്ധതന്ത്രം ലക്ഷ്യമിടുന്നത് അനിവാര്യമായ മൂന്ന് കാര്യങ്ങളാണ്. ഒന്ന്, അമേരിക്കന്‍ ജനത ട്രംപിന് അനുകൂലമായ നിലപാടുമായി രംഗത്തെത്തിയിരിക്കുന്ന ബഹുഭൂരിഭാഗം ജനതയും ഉറ്റുനോക്കുന്നത് പരമാവധി മൂലധന സ്വരൂപീകരണത്തിലൂടെ റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഉന്നം വയ്ക്കുന്ന ‘മാഗാ’- ‘മേക്ക് അമേരിക്ക ഗ്രേറ്റ് എഗേന്‍’- സ്വപ്നം സാക്ഷാത്കരിക്കുക എന്നതുതന്നെയാണ്. ആഗോളവല്‍ക്കരണപ്രക്രിയയുടെ സിരാകേന്ദ്രവും മറ്റൊന്നല്ല. 

ഇതോടൊപ്പം ചെലവ് കുറഞ്ഞ മനുഷ്യാധ്വാനം, പരിസ്ഥിതിയുടെ കോളനിവല്‍ക്കരണം, ട്രിക്കിള്‍ ഡൗണ്‍ ധനശാസ്ത്രത്തിന്റെ പ്രയോഗം തുടങ്ങിയ ലക്ഷ്യങ്ങളുമുണ്ട്. ഇതില്‍ മൂന്നാമത്തേത് യാഥാര്‍ത്ഥ്യമായി തുടരണമെങ്കില്‍ വരുമാനത്തിന്റെയും സ്വത്തിന്റെയും വീതംവയ്പ് ഒഴിവാക്കുകയും ഇവയുടെ കേന്ദ്രീകരണം — കുന്നുകൂട്ടല്‍ ‍— വര്‍ധിപ്പിക്കുകയും ചെയ്യുകയാണ്. ഗാന്ധിയന്‍ ധനശാസ്ത്രത്തിന്റെ പ്രധാന ന്യൂനതയായി മാര്‍ക്സിയന്‍ ധനശാസ്ത്ര ചിന്തകന്മാര്‍ ചൂണ്ടിക്കാട്ടുന്നതും ഈ ട്രിക്കിള്‍ ഡൗണ്‍ സിദ്ധാന്തം തന്നെയാണ്. ഉദാരവല്‍ക്കരണ, സ്വകാര്യവല്‍ക്കരണ, ആഗോളവല്‍ക്കരണ (എല്‍പിജി) ത്രിമുഖ നയങ്ങള്‍ 90കളുടെ തുടക്കത്തില്‍ ഇന്ത്യയില്‍ നടപ്പാക്കിയതിനെ കമ്മ്യൂണിസ്റ്റ്-ഇടതുപക്ഷ ചിന്തകന്മാര്‍ നവലിബറല്‍ നയങ്ങള്‍ എന്ന് വിശേഷിപ്പിച്ച് എതിര്‍ക്കാന്‍ രംഗത്തുവന്നതും, ഇതുവഴി വരുമാനത്തിന്റെയും സ്വത്തിന്റെയും കേന്ദ്രീകരണത്തിന് ആക്കം വര്‍ധിപ്പിക്കും എന്നതിന്റെ പേരിലായിരുന്നല്ലോ. മാത്രമല്ല ഇതേത്തുടര്‍ന്ന് സാമ്പത്തിക അസമത്വങ്ങള്‍ പെരുകി കൂടുതല്‍ വഷളായി തീരുമെന്ന വിശ്വാസത്തെ തുടര്‍ന്നുമായിരുന്നു. ഇന്ത്യയെ മാത്രമല്ല, മറ്റു ‘ആഗോള സൗത്ത്’ രാജ്യക്കൂട്ടായ്മയിലെ മുഴുവന്‍ വികസ്വര രാജ്യങ്ങളെയും സമാനമായ ചിന്താധാരയിലേക്ക് ആകര്‍ഷിക്കുകയും ചെയ്തു. സമ്പദ്‌വ്യവസ്ഥകളുടെ സമഗ്രവും സമൂലവുമായ പുനഃസംഘാടനത്തിലൂടെയല്ലാതെ, കേന്ദ്രീകൃത രാഷ്ട്രീയ, സാമ്പത്തിക, സാമൂഹ്യ, വര്‍ഗാധിഷ്ഠിത സംവിധാനത്തില്‍ മാറ്റം വരുത്താനും കഴിയില്ല. അതേ അവസരത്തില്‍ ഈ വിധത്തിലുള്ള മാറ്റങ്ങളെ ‘ഇക്കണോമിക്ക് പോപ്പുലിസം’ എന്ന മുദ്രകുത്തി കളങ്കപ്പെടുത്താനുള്ള സാധ്യതയും വിരളമല്ല.
ട്രംപിന്റെ ഭ്രാന്തന്‍ സാമ്പത്തിക, രാഷ്ട്രീയ നയസമീപനങ്ങള്‍ക്ക് പിന്നില്‍ ഒന്നിലേറെ കാരണങ്ങളുണ്ട്. ഒന്ന്, ഉദാരവും സ്വതന്ത്രവും തുല്യതയിലൂന്നിയതുമായൊരു സാര്‍വദേശീയ ക്രമം നിലവിലിരിക്കുന്നതിന്റെ ഫലമായി ഇടുങ്ങിയ അമേരിക്കന്‍ ദേശീയ താല്പര്യങ്ങള്‍ക്കായിരിക്കും തിരിച്ചടി ഏല്‍ക്കേണ്ടിവരുക. ഇക്കാരണത്താല്‍ തന്നെയാണ് യുഎന്‍ ഏജന്‍സിയായ ലോകവ്യാപാര സംഘടനയെ ട്രംപ് നഖശിഖാന്തം വിമര്‍ശിക്കുന്നത്. ഈ ലക്ഷ്യം മുന്‍നിര്‍ത്തിയാണ് മുപ്പതിലേറെ രാജ്യങ്ങള്‍ക്കെതിരായി വ്യാപാര വിലക്കുകള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നതിന് പുറമെ, 70 രാജ്യങ്ങള്‍ക്കുമേല്‍ തീരുവകള്‍ ചുമത്തുകവഴി ചരക്കുകളുടെയും സേവനങ്ങളുടെയും സ്വതന്ത്രമായ നീക്കങ്ങള്‍ക്ക് പ്രതിബന്ധങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്തിരിക്കുന്നത്. സ്വാഭാവികമായും ഇതേത്തുടര്‍ന്ന് ഈ രാജ്യങ്ങള്‍ക്കൊന്നും ഏതെങ്കിലും വ്യാപാര ബ്ലോക്കുകളുമായി സഹകരിച്ച് പ്രവര്‍ത്തിക്കാനോ, സാര്‍വദേശീയ കരാറുകളില്‍ ഏര്‍പ്പെടാനോ, വിദേശ സഹായ, സൗഹൃദ കരാറുകളില്‍ ഏര്‍പ്പെടാനോ, വിദേശ സഹായ, കെെമാറ്റ ഉടമ്പടികളില്‍ ഒപ്പിടാനോ, തൊഴിലാളികള്‍ക്കും മറ്റ് ജീവനക്കാര്‍ക്കും കടിയേറ്റം നടത്താനോ അവസരങ്ങള്‍ കൊട്ടിയടയ്ക്കപ്പെടുകയാണ്. ചുരുക്കത്തില്‍, അമേരിക്കയുടെ ഇടുങ്ങിയ ദേശീയ സ്വാര്‍ത്ഥ താല്പര്യ സംരക്ഷണാര്‍ത്ഥം ഇതിനെത്തുടര്‍ന്ന് 360 ഡിഗ്രി നിരോധനമാണ്, ജനാധിപത്യ സ്ഥാപനങ്ങള്‍ക്കും മാനദണ്ഡങ്ങള്‍ക്കും മേല്‍ നിരോധന സമാനമായ നിയന്ത്രണങ്ങള്‍ അടിച്ചേല്പിക്കപ്പെട്ടിരിക്കുന്നത്.

രണ്ടാമത്, തീരുവകള്‍ എന്ന സംവിധാനം യഥാര്‍ത്ഥത്തില്‍ അമേരിക്കന്‍ കോര്‍പറേറ്റ് ക­മ്പനികളും ഉപരിവര്‍ഗ ഉപഭോക്തൃ സമൂഹവും ഒ­രുക്കിയിരിക്കുന്നൊരു ‘കെണി’ തന്നെയാണ്. തീരുവകള്‍ എന്നത് ഈ കുരുക്ക് മറച്ചുവയ്ക്കുക എ­ന്നതുമാത്രവുമാണ്. ഗോള്‍ഡ് മാന്‍ സാക്ക്സ് എന്ന പ്രമുഖ ആഗോള ഓഹരി വിപണി ക്രെഡിറ്റ് റേറ്റിങ് ഏജന്‍സിയുടെ അഭിപ്രായത്തില്‍ 70% തീരുവകളുടെയും പ്രധാന ലക്ഷ്യവും മറ്റൊന്നല്ല. ഏതു വളഞ്ഞ വഴിയിലൂടെയായാലും അമേരിക്കയുടെ സാമ്പത്തിക താല്പര്യങ്ങള്‍ സംരക്ഷിച്ചുനിര്‍ത്തുകയും മെച്ചപ്പെടുത്തുകയും ചെയ്യണം. നിലവില്‍ അമേരിക്കയുടെ നിയന്ത്രണം ആഗോള ജിഡിപിയുടെ 26 % മാത്രമാണുള്ളത്. ചെെനയ്ക്കാണെങ്കില്‍ ഇത് 17 ശതമാനമെന്നത് ഏതുസമയത്തും ഇതിനോടൊപ്പമെത്താം. ഇതിനകം തന്നെ ചെെനീസ് ജിഡിപി ജി-7 രാജ്യങ്ങളുടേതിന് ഏറെക്കുറെ സമാനമായ 20–22 ശതമാനമാണ്. ഇക്കാരണത്താലാണ് അമേരിക്ക കാര്‍ഷികോല്പന്നങ്ങള്‍ക്ക് സബ്സിഡി അനുവദിക്കുകയും ഏകപക്ഷീയമായ വ്യാവസായിക, സാങ്കേതിക, കാലാവസ്ഥാ വ്യതിയാനങ്ങള്‍ പിന്തുടരുന്നതും. ഡോളറിന്റെ സാര്‍വദേശീയ വിനിമയ മാധ്യമമെന്ന പദവിക്ക് നേരിയ കോട്ടം പോലുമില്ലാതെ സൂക്ഷിക്കുക എന്നതിനുപുറമെ, ഡോളറിന് ബദലായി മറ്റൊരു കറന്‍സിയും ഇടംനേടരുതെന്ന് ഉറപ്പുവരുത്തുന്നതിന് നിഷ്കര്‍ഷത പ്രകടമാക്കുകയും ചെയ്തുവരുന്നത് സമാനമായൊരു ലക്ഷ്യം മുന്‍നിര്‍ത്തിയാണ്. വഴിവിട്ട മാര്‍ഗങ്ങളിലൂടെ ഇടുങ്ങിയ ദേശീയ സാമ്പത്തിക താല്പര്യങ്ങള്‍ സംരക്ഷിച്ചു വന്നിട്ടുള്ളതിന് ചരിത്രപരമായൊരു പശ്ചാത്തലവും നമുക്കുണ്ട്. വ്യാപാര സംരക്ഷണവും ഈ ലക്ഷ്യം നേടുന്നതിനനുസൃതമായ ആഗോള വ്യാപാര, വാണിജ്യ കരാറുകളും ഒരു പ്രത്യേക ചരിത്ര കാലഘട്ടത്തില്‍ മുതലാളിത്ത സാമ്രാജ്യത്വശക്തികള്‍ മുറുകെപ്പിടിച്ചിട്ടുള്ളതായി നമുക്കറിയാം. സ്വന്തം ദേശീയ താല്പര്യങ്ങള്‍ ഏതുവിധേനയും നേടിയെടുക്കുന്നതിന് സ്വതന്ത്ര രാജ്യങ്ങളെ നിര്‍ബന്ധിതമാക്കാന്‍ അമേരിക്ക രംഗത്തുവന്ന കാര്യം ഇന്ത്യക്കും അനുഭവപ്പെട്ടിട്ടുള്ളതാണ്. ഇതിന്റെ ഭാഗമായി നമുക്ക് ചിന്തിക്കാന്‍ പോലും കഴിയാതിരുന്ന ഒരു വ്യവസ്ഥയ്ക്ക് ഇന്ത്യന്‍ ഭരണകൂടം വഴങ്ങേണ്ടിവരുകയും ചെയ്തിട്ടുണ്ട്. ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ലായി ഇന്നും തുടരുന്ന കാര്‍ഷിക മേഖലയ്ക്കുള്ള സംരക്ഷണം ത്യജിക്കാന്‍ പോലും നാം നിര്‍ബന്ധിതരാവുകയുണ്ടായതല്ലേ? അതേ അവസരത്തില്‍ അമേരിക്കന്‍ ഭരണകൂടം പുകയില ഉല്പന്നങ്ങള്‍ക്ക് 350% വരെയും പാല്‍ ഉല്പന്നങ്ങള്‍ക്ക് 200% വരെയും പഴവര്‍ഗങ്ങള്‍ക്ക് 120% വരെയും തീരുവകള്‍ ഏര്‍പ്പെടുത്താന്‍ നാം വഴങ്ങിക്കൊടുക്കേണ്ടിവന്നിരുന്നു. ഇന്ത്യയുടെ ടെക്സ്റ്റെെല്‍സ് വ്യവസായം, രത്നം, രത്നാഭരണ വ്യവസായങ്ങള്‍, ലോഹവ്യവസായം തുടങ്ങിയ മേഖലകള്‍ക്കും ഇത്തരം തീരുവാ ബന്ധിത വിവേചനങ്ങള്‍ നേരിടേണ്ടിവന്നിട്ടുണ്ട്. ഇതെല്ലാം അക്കാലത്ത് വ്യാഖ്യാനിക്കപ്പെട്ടിരുന്നത് സാമ്പത്തിക സാമ്രാജ്യത്വ നയങ്ങളുടെ പശ്ചാത്തലത്തിലുമാണ്. ഇതിനു സമാനമായ നയങ്ങളാണ് ഇപ്പോള്‍ ട്രംപിന്റെ ഭരണകൂടവും നമുക്കുമേല്‍ അടിച്ചേല്പിക്കാന്‍ പരിശ്രമിക്കുന്നതെന്നോര്‍ക്കുക.

മൂന്നാമത്, തീരുവ ആയുധമാക്കിയതുവഴിയുള്ള ആക്രമണം പ്രധാനമായും ട്രംപിയന്‍ ശെെലിയാണെങ്കിലം വ്യാവസായികവല്‍ക്കരണ പ്രക്രിയ എതിര്‍ദിശയിലാക്കുകയും ചെെനയുടെ ആഗോളാധിപത്യ പ്രവണതയ്ക്ക് തടയിടുകയും ചെയ്യുകയെന്ന നടപടിയും ഒന്നിലേറെ രാജ്യങ്ങളുടെ താല്പര്യങ്ങള്‍ മുന്‍നിര്‍ത്തിയുള്ളതാണ്. ഇന്ത്യക്കെതിരായ തീരുവയുദ്ധം ലക്ഷ്യമിടുന്നത് റഷ്യയുടെ മേല്‍ ഉക്രെയ്ന്‍ കടന്നാക്രമണത്തിന് വിരാമമിടാനുള്ള തന്ത്രം കൂടിയാണ്. ട്രംപിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്ന് റഷ്യ‑ഉക്രെയ്ന്‍ യുദ്ധത്തിന് വിരാമമിടുക എന്നതുകൂടിയായിരുന്നല്ലോ. ഇതാണ് പൊതുധാരണയെങ്കിലും യുഎസ്-റഷ്യ കൂടിയാലോചന ഈ ദിശയില്‍ നടന്നെങ്കിലും ഉക്രെയ്‌നെതിരായ ആക്രമണം പഴയപടി തുടരുകയല്ലേ? മാത്രമല്ല, ഇത്തരമൊരു വിചിത്രമായ സാഹചര്യം നിലവിലിരിക്കുമ്പോള്‍ തന്നെയല്ലെ, ട്രംപിന്റെ ചെെനാവിരുദ്ധ നിലപാട് മാറ്റമില്ലാതെ തുടരുന്നതും. ട്രംപിന്റെ അവകാശവാദമായ ലോകസമാധാനം യാഥാര്‍ത്ഥ്യമാക്കുക മിഥ്യാവാദമാണെന്ന് ഏതൊരാള്‍ക്കും ബോധ്യപ്പെടാന്‍ കഴിയുന്നതേയുള്ളു. ട്രംപിന്റെ പ്രതീക്ഷയ്ക്കനുസരിച്ച് ആഗോളതലത്തിലുള്ള വിലപേശല്‍ വേദിയില്‍, യുഎസ് ആധിപത്യം കെെവരിക്കാന്‍ ഇതുവരെയായി സാധ്യമായതുമില്ല. മാത്രമല്ല, ഒരു ബഹുധ്രുവ ലോകക്രമത്തില്‍ റഷ്യയുടെയും ചെെനയുടെയും വിലപേശല്‍ശക്തി അനുദിന‍ം വര്‍ധിച്ചുവരുകയുമാണ്. ഇന്ത്യയാണെങ്കില്‍ ട്രംപിസത്തിന്റെ സ്വാധീനവലയം ചുരുങ്ങിപ്പോയിരിക്കുന്ന പശ്ചാത്തലത്തില്‍ മോഡി-ട്രംപ് സൗഹൃദം ഒരു പരിധിക്കപ്പുറം വളര്‍ത്തി വലുതാക്കാന്‍ താല്പര്യപ്പെടുന്നുമില്ല. ഇന്ത്യന്‍ ഭരണകൂടം സമീപകാലത്ത് രൂപപ്പെടുത്തിയിരിക്കുന്ന ഈ ‘നിശബ്ദ നയതന്ത്രജ്ഞത’ നാളിതുവരെയായി വിജയിച്ചിരിക്കുകയുമാണ്.

യൂറോപ്യന്‍ യൂണിയനുമായും ക്വാഡ് ഉന്നതതല രാജ്യകൂട്ടായ്മയുമായും ഇന്ത്യ പുലര്‍ത്തിവരുന്ന പ്രത്യേക നയതന്ത്രബന്ധം ട്രംപ് ഭരണകൂടത്തിന് ഒട്ടുംതന്നെ സ്വീകാര്യമല്ലെങ്കിലും ഇതില്‍ നിന്നും ഇന്ത്യ വ്യതിചലിക്കണമെന്നാണ് ട്രംപ് ആഗ്രഹിക്കുന്നതെങ്കിലും ഈ ആഗ്രഹം തുറന്നുപറയാന്‍ യുഎസ് ഭരണകൂടം തയ്യാറാകുന്നുമില്ല. ഏതായാലും ഒരുകാര്യം വ്യക്തമാണ്. ആഗോള ഭൗമ, രാഷ്ട്രീയ അന്തരീക്ഷത്തില്‍ രൂപപ്പെടുകയും അടിക്കടി ശക്തിപ്രാപിച്ചു വരുകയുമായ ‘സിസ്റ്റമിക്ക് പ്രതിസന്ധി’ അതിവേഗം കൂടുതല്‍ സങ്കീര്‍ണമായി വരുകയുമാണ്. ഇതിനിടെ ഏകകക്ഷീയമായ ഏത് തീരുമാനവും ഇന്ത്യയുടേതടക്കമുള്ള ഒരു വികസ്വര രാജ്യ ജനാധിപത്യ ഭരണകൂടത്തിനുമേലും അടിച്ചേല്പിക്കാന്‍ ട്രംപ് പോലും ധെെര്യപ്പെടുന്നില്ലെന്നതാണ് യാഥാര്‍ത്ഥ്യം. മാത്രമല്ല, പിന്നിട്ട രണ്ട് പതിറ്റാണ്ടിലേറെ പഴക്കമുള്ള ഇന്ത്യ‑യുഎസ് നയതന്ത്ര സൗഹൃദം കോട്ടം കൂടാതെ തുടര്‍ന്നും നിലനിര്‍ത്തണമെന്ന് തന്നെയാണ് ട്രംപ് ഭരണകൂടത്തിന്റെയും ആഗ്രഹം. ഈ വികാരം കൂടി കണക്കിലെടുത്തായിരിക്കണം, ചെെനയുമായുള്ള ചങ്ങാത്തം തുടരാന്‍ ബിജെപി സര്‍ക്കാരിനെ പ്രേരിപ്പിച്ചിരിക്കുന്നതും. നയതന്ത്രപരവും സാമ്പത്തികവുമായ മേഖലകളിലെ സൗഹൃദത്തോടൊപ്പം ഇന്ത്യയുടെ അതിര്‍ത്തി സംരക്ഷണവും ഉറപ്പാക്കേണ്ടതല്ലേ? സാമ്പത്തിക, വ്യാപാര മേഖലകളിലെ മത്സരം ശരിയാംവണ്ണം കെെകാര്യം ചെയ്യുന്നതുപോലെതന്നെ അതിര്‍ത്തി സംരക്ഷണത്തിന്റെ പേരില്‍ സെെനിക ഏറ്റുമുട്ടലുകളും ഒഴിവാക്കേണ്ടതല്ലേ?
(അവസാനിക്കുന്നില്ല)

Kerala State - Students Savings Scheme

TOP NEWS

March 7, 2026
March 7, 2026
March 7, 2026
March 7, 2026
March 7, 2026
March 7, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.