16 February 2026, Monday

ഭരണഘടനയ്ക്ക് വെളിയിലായ ദളിതർ

അനിൽകുമാർ എ വി
February 16, 2026 4:15 am

സ്ലാമോ ഫോബിയയുടെ അതിരുവിടുന്ന രഥയോട്ട‑പഥസഞ്ചലന പരമ്പരകൾക്ക് സമാന്തരമായി തുടർച്ചയായ ദളിത് വിരുദ്ധത അക്രമാസക്തമാവുകയാണ് ഇന്ത്യയിലെമ്പാടും. ശകാരപരമായ അഭിസംബോധന, മാന്യമായ ശവസംസ്കരണം അനുവദിക്കാതിരിക്കൽ, വഴികളും പൊതുടാപ്പുകളും ബാർബർ ഷാപ്പുകളും മറ്റ് ഗ്രാമീണ സൗകര്യങ്ങളും നിഷേധിക്കൽ, അംബേദ്കറുടെ ചിത്രങ്ങൾ നശിപ്പിക്കൽ, വിവാഹ ഘോഷയാത്രകൾക്ക് വിലക്ക്, പഞ്ചനക്ഷത്ര ജാതീയത അടിച്ചേല്പിക്കൽ തുടങ്ങിയ നിലകളിലെല്ലാം അത് അതിക്രൂരമാവുമ്പോഴും മുഖ്യധാരാ മാധ്യമങ്ങൾ തികഞ്ഞ മൗനത്തിലാണ്. ഉത്തർപ്രദേശിലെ മൊറാദാബാദ് ജില്ലയില്‍ ബിലാരി പ്രദേശത്തെ അലിയാബാദ് ഗ്രാമത്തിൽ ആർഎസ്എസിന്റെ കീഴിലെ സരസ്വതി ശിശു വിദ്യാമന്ദിറിന്റെ ചുവരിൽ പതിച്ചിരുന്ന അംബേദ്കറുടെ ഫോട്ടോ പ്രിൻസിപ്പൽ അശോക് കുമാർ സൂര്യവംശി ജനുവരി 27ന് വലിച്ചുകീറുകയും ദളിത് വിദ്യാർത്ഥികൾക്കുനേരെ ആക്ഷേപ ഭാഷ ഉപയോഗിക്കുകയും ചെയ്തത് ഗ്രാമവാസികളിൽ പ്രകോപനമുണ്ടാക്കി. അത് ചെറിയ സംഘർഷത്തിലേക്ക് എത്തുകയും ചെയ്തു. എന്നാൽ വിദ്യാഭാരതിയിലെ അധ്യാപകരും ആർഎസ്എസുകാരും യോഗം ചേർന്ന് പ്രിൻസിപ്പലിന്റെ നടപടിയെ ന്യായീകരിച്ചുകൊണ്ട് ആക്രമണം നടന്നതായി വ്യാജ പ്രചാരണം അഴിച്ചുവിട്ടു. അതിന്റെ തുടർച്ചയായി പ്രായപൂർത്തിയാകാത്ത അഞ്ച് കുട്ടികളെ തടങ്കലിൽ വച്ചെന്നും അധികൃതരുടെ പക്ഷപാത നടപടിയിൽ പ്രതിഷേധം ഉയർന്നതിനെ തുടർന്ന് സ്കൂളിൽ പൊലീസിനെ വിന്യസിച്ചുവെന്നും ആസാദ് സമാജ് പാർട്ടി ജില്ലാ അധ്യക്ഷൻ സുമിത് കുമാർ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു. 

യുപിയിലെ തന്നെ മെയിൻപുരി ജില്ലയിൽ സ്കൂളിലെ പൈപ്പ് കേടുവരുത്തിയെന്ന് ആരോപിച്ച് 14 വയസുള്ള ദളിത് വിദ്യാർത്ഥിയെ ജാതീയമായി അധിക്ഷേപിക്കുകയും മർദിക്കുകയും ചെയ്തു. ഭാരതീയ ന്യായസംഹിതയിലെ സെക്ഷൻ 115 (സ്വമേധയാ പരിക്കേല്പിക്കൽ), 352 (സമാധാനം തകർക്കാൻ ഉദ്ദേശിച്ചുള്ള മനഃപൂർവമായ അപമാനം), 351 (ക്രിമിനൽ ഭീഷണിപ്പെടുത്തൽ) എന്നീ വകുപ്പുകളും പട്ടികജാതി, പട്ടികവർഗ (അതിക്രമങ്ങൾ തടയൽ) നിയമത്തിലെ വ്യവസ്ഥകളും ചേർത്ത് എഫ്ഐആർ രജിസ്റ്റർ ചെയ്തെങ്കിലും നടപടിയുണ്ടായില്ല. വെള്ളം കുടിക്കാൻ പോയപ്പോള്‍ തന്നെ പൈപ്പ് പൊട്ടിയതായി ശ്രദ്ധയിൽപ്പെട്ടുവെന്നും താന്‍ ഒന്നും ചെയ്തില്ലെന്നും തുടർച്ചയായി അപേക്ഷിച്ചെങ്കിലും ആരും പരിഗണിച്ചില്ല. പകരം മർദിക്കുകയും ജാതിപ്പേരിൽ അധിക്ഷേപിക്കുകയുമായിരുന്നു. സ്കൂൾ പരിസരത്ത് വീണ്ടും കണ്ടാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും വിദ്യാര്‍ത്ഥി പൊലീസിനെ അറിയിച്ചു. സവർണരുടെ പ്രത്യേകാവകാശമായി കണക്കാക്കപ്പെടുന്ന കുതിരപ്പുറത്ത് കയറിയതിന്റെ പേരിൽ വിവാഹ ഘോഷയാത്രയിൽ ദളിത് വരൻ വിശാൽ ചാവ്ദ ഗുജറാത്തിലെ പത്താൻ ജില്ലയിലെ ചന്ദ്രുമാന ഗ്രാമത്തിൽ ഫെബ്രുവരി രണ്ടിന് മാരകായുധങ്ങളാൽ ആക്രമിക്കപ്പെട്ടു. രാജ്യത്ത് കൊടികുത്തിവാഴുന്ന ജാതി അടിസ്ഥാനമാക്കിയുള്ള അക്രമത്തിന്റെയും വിവേചനത്തിന്റെയും വ്യക്തമായ ഓർമപ്പെടുത്തൽ കൂടിയാണിത്. വിവാഹ ഘോഷയാത്ര (വർഗോഡോ) നയിക്കാൻ വരൻ കുതിരപ്പുറത്ത് കയറിയപ്പോൾ പ്രബലരായ ഠാക്കൂർ സമുദായാംഗങ്ങൾ ഉറയിൽനിന്ന് വാളുകളെടുത്ത് വീശി. ഘോഷയാത്ര തടഞ്ഞ് കൂറ്റൻ വടിവാളുകൾ ഉൾപ്പെടെ ആയുധങ്ങൾ ഉയർത്തി ഭയം പടർത്തി. അത് പെട്ടെന്ന് കൂട്ടക്കുഴപ്പമായി മാറി. ഈ ഗ്രാമത്തിൽ ദളിതന് കുതിരപ്പുറത്ത് കയറാൻ എങ്ങനെ ധൈര്യം വന്നുവെന്ന് അലറിവിളിച്ച സായുധ അക്രമിസംഘം കൊള്ള നടത്തുകയും ചെയ്തു. 

ദളിത് പുരുഷനെ കുതിരപ്പുറത്ത് കാണുന്നത് വിവാഹാഘോഷമായിട്ടല്ല, മറിച്ച് നൂറ്റാണ്ടുകൾ പഴക്കമുള്ള സാമൂഹിക ശ്രേണിക്കെതിരായ ധിക്കാരപരമായ പ്രവൃത്തിയായാണ് സവർണ വിഭാഗങ്ങൾ കണക്കാക്കുന്നത്. വരന്റെ അച്ഛൻ പൊലീസിൽ പരാതി നൽകിയെങ്കിലും കാര്യമായ നടപടിയുണ്ടായില്ല. ഭാരതീയ ന്യായ് സംഹിത പ്രകാരം കലാപമുണ്ടാക്കൽ, നിയമവിരുദ്ധ സംഘം ചേരൽ, തടഞ്ഞുവയ്ക്കൽ, ഭീഷണിപ്പെടുത്തൽ, പട്ടികജാതി, പട്ടികവർഗ അതിക്രമ നിരോധന നിയമത്തിലെ വകുപ്പുകളും പ്രതികൾക്കെതിരെ ചുമത്തി.
ഗുജറാത്തിൽ മുമ്പും സമാനമായ എത്രയോ ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്; ഗാന്ധിനഗർ മുതൽ ബനസ്കന്ദവരെ. പുതിയ സംഭവം രോഷത്തിനും ആശങ്കയ്ക്കും കാരണമായി. പെൺകുതിരപ്പുറത്ത് സഞ്ചരിച്ചതിന്റെ പേരിൽ 2020ൽ ആർമി ജവാന്റെ വിവാഹ ഘോഷയാത്രയ്ക്ക് നേരെ കല്ലെറിഞ്ഞു. 2024 ഫെബ്രുവരിയിൽ ഗാന്ധിനഗറിൽ ദളിത് വരനെ കുതിരപ്പുറത്തുനിന്ന് വലിച്ചിറക്കി അതിക്രൂരമായി മർദിച്ചു. ദളിതരുടെ അന്തസിന്റെ പ്രതീകമായി കുതിര മാറിയിരിക്കുന്നത് തടയാൻ പ്രബല ജാതികൾ ഇപ്പോഴും പഴയ ശ്രേണികളെ അക്രമത്തിലൂടെ നടപ്പിലാക്കാൻ ശ്രമിക്കുന്നു. ബിഹാറിൽ വൈശാലിയിലെ ഗോരൗൾ ബ്ലോക്കിൽ നിന്ന് കേട്ട വാർത്ത കുടുംബത്തിന് പ്രാദേശിക ശ്മശാന സ്ഥലത്തേക്കുള്ള പരമ്പരാഗത പാതയിലേക്ക് പ്രവേശനം നിഷേധിച്ചതിനാൽ 91 വയസുള്ള ചാംകി ദേവിയുടെ ജഡം റോഡരികിലെ കവലയിൽ സംസ്കരിക്കേണ്ടി വന്നതാണ്. ദശാബ്ദങ്ങളായി ഭരണഘടനാപരമായ സംരക്ഷണങ്ങൾ നൽകിയിട്ടും ജാതി അടിസ്ഥാനമാക്കിയുള്ള വിവേചനം ദൈനംദിന ജീവിതത്തെ എങ്ങനെ രൂപപ്പെടുത്തുന്നുവെന്ന് സംഭവം അടിവരയിടുന്നു. ശ്മശാനത്തിലേക്ക് പ്രവേശനം അനുവദിക്കണമെന്ന് ഗ്രാമീണരും പഞ്ചായത്ത് ഭരണസമിതിയും പലപ്രാവശ്യം ആവശ്യപ്പെട്ടെങ്കിലും പ്രാദേശിക കടയുടമകൾ അനുവദിച്ചില്ല. കുറച്ചകലെ ക്ഷേത്രമുള്ളത് ചൂണ്ടിയാണ് നിരോധനം. 

ഔദ്യോഗികമായി മഹാദളിത് എന്ന് തരംതിരിക്കപ്പെട്ട സമുദായത്തിൽ പെട്ടയാളായിരുന്നു ചാംകി ദേവി. ദളിതർക്കിടയിലെ ഏറ്റവും അരികുവൽക്കരിക്കപ്പെട്ട വിഭാഗങ്ങളെ വിശേഷിപ്പിക്കാൻ സംസ്ഥാനതലത്തിൽ ഉപയോഗിക്കുന്ന ഭരണപരമായ പദമാണത്. ചരിത്രപരമായി ഹിന്ദു ജാതി ശ്രേണിയുടെ ഏറ്റവും താഴെയായി നിലനിന്നിരുന്നതും ഒരുകാലത്ത് തൊട്ടുകൂടായ്മ എന്ന ദുരാചാരത്തിന് വിധേയമായതുമായ വിഭാഗം. ജാതിവിവേചനം പലപ്പോഴും പ്രകടമാകുന്നത് പരസ്യമായ അക്രമത്തിലൂടെയല്ല, മറിച്ച് മരണത്തിലെ അന്തസ് നിഷേധിക്കുന്നതിലൂടെയാണ്. ദുഃഖത്തിന്റെയും വേർപാടിന്റെയും സങ്കട നിമിഷങ്ങളിൽപോലും സാമൂഹിക ശ്രേണികളെ ശക്തിപ്പെടുത്തുന്നുവെന്നാണ് മനുഷ്യാവകാശ സംഘടനകൾ വ്യക്തമാക്കിയത്. ഗത്യന്തരമില്ലാതെ വന്നതോടെയാണ് വയോധികയുടെ മരണാനന്തര ചടങ്ങുകൾ റോഡിൽ നടത്തി മൃതദേഹം അവിടെ സംസ്കരിച്ചത്. റോഡിലൂടെ നടന്ന് ശ്മശാനത്തിലൂടെ പോകാനുള്ള അവസരം പോലും നിഷേധിക്കപ്പെട്ടതോടെയിരുന്നു അങ്ങനെയൊരു തീരുമാനമെടുക്കേണ്ടി വന്നതെന്നാണ് ചാംകി ദേവിയുടെ മകൻ സഞ്ജീത് മഞ്ചി പറഞ്ഞത്. ഇന്ത്യൻ ജാതിവ്യവസ്ഥയെ‌ക്കുറിച്ചുള്ള അന്വേഷണങ്ങൾ മുഖ്യമായും ഗ്രാമങ്ങളെ കേന്ദ്രീകരിച്ചാണ്. പട്ടണങ്ങളുടെ പരിധികൾക്കുള്ളിലും ജാതി അപ്രത്യക്ഷമാകുന്നില്ലെന്നത് കൂടുതൽ പഠനങ്ങൾ അനിവാര്യമാക്കുന്നു. ഭവനലഭ്യത, തൊഴിൽ വിപണികൾ, ചരിത്രപരമായ കുടിയേറ്റ രീതികൾ എന്നിവയാൽ രൂപപ്പെടുത്തിയ അസമമായ ഇടങ്ങളായി അവയും തുടരുകയാണ്. മുംബൈ പോലുള്ള മഹാനഗരങ്ങളിൽ പരമ്പരാഗത ജാതിവ്യവസ്ഥ ആധുനികവും സൂക്ഷ്മവുമായ വേർതിരിവോടെയാണ് പരിണമിച്ചുകൊണ്ടിരിക്കുന്നത്. ബഹുനില കെട്ടിടങ്ങളിലെ വീട്ടുവേലക്കാർക്കും ഡ്രൈവർമാർക്കും ഹൗസ് കീപ്പിങ് ജീവനക്കാർക്കും പ്രത്യേകവും പ്രവേശന പരിമിതികളുള്ളതുമായ ലിഫ്റ്റുകൾ ഉണ്ടെന്ന റിപ്പോർട്ടുകൾ പുതിയ തരം ജാതി ശ്രേണിയുടെ മുൻവിധികൾ ശക്തിപ്പെടുന്നുവെന്നതിന്റെ തെളിവുകളിലൊന്നാണ്.
അധിനിവേശത്തിലൂടെയുള്ള അടിച്ചമർത്തലിന്റെ ചരിത്രപരമായ പശ്ചാത്തലം ജാതി സംസ്കാരത്തിലൂടെയുള്ള സാമൂഹിക വർഗീകരണത്തിന് ജന്മം നൽകിയിട്ടുണ്ട്, അതിൽ ശുദ്ധി-അശുദ്ധി എന്ന ദ്വന്ദ്വം ഉൾച്ചേർന്നിരിക്കുന്നു. അവയാകട്ടെ പൊതു ഇടത്തിന്റെ ഉപയോഗത്തെ ശാരീരികവും മാനസികവുമായ രീതിയിൽ പരിമിതപ്പെടുത്തുന്നതാണ്. 

1930 മാർച്ച് രണ്ടിന് നാസിക്കിലെ കലാറാം ക്ഷേത്ര പ്രവേശനത്തിന് അംബേദ്കർ നടത്തിയ പ്രക്ഷോഭം പ്രദേശത്തെ പൗരന്മാർ എന്നനിലയിൽ തുല്യാവകാശങ്ങൾ ദളിതർക്ക് നേടിക്കൊടുക്കുന്നതിനായായിരുന്നു. മിക്കവാറും എല്ലാ ദിവസവും ദളിതരെ ക്ഷേത്രങ്ങളിൽ പ്രവേശിക്കുന്നത് തടഞ്ഞ് സവർണവിഭാഗങ്ങൾ ശുദ്ധി എന്ന ആശയം ഉയർത്തിപ്പിടിക്കുന്നതായി ഊറ്റംകൊണ്ടു. ഒട്ടേറെ ദളിതരെ ഇപ്പോഴും കടുത്ത വെറുപ്പോടെ ബഹിഷ്കരിക്കുകയും കൊല്ലുകയും ചെയ്യുന്നു. അംബേദ്കർ നയിച്ച ഈ പ്രസ്ഥാനം പൊതു ഇടങ്ങൾക്ക് തുല്യാധികാരം അവകാശപ്പെടുന്നതിനും അതുവഴി നൂറ്റാണ്ടുകളായി ജാതിയാൽ ഗുരുതരമായി ലംഘിക്കപ്പെട്ടിരുന്ന മനുഷ്യാന്തസ് വീണ്ടെടുക്കുന്നതിനുമായിരുന്നു. കാവിക്കൊടികളും ജയ് ശ്രീറാം ആലേഖനം ചെയ്ത ബോർഡുകളും പിന്നാക്ക ജനങ്ങളെ അസ്വസ്ഥരാക്കുന്നു. കാരണം ഹിന്ദുത്വയുടെ നിറം, സാഹിത്യം, സംസ്കാരം, വിഗ്രഹങ്ങൾ, മുദ്രാവാക്യങ്ങൾ എന്നിവ ചരിത്രത്തിലുടനീളം അവർ നേരിട്ട അക്രമത്തിന്റെയും അനീതിയുടെയും അളവിനെ ഓർമിപ്പിക്കുന്നതാണ്. ഒരു സമൂഹമെന്ന നിലയിൽ ദളിതർ ഏറ്റവും ക്രൂരമായ ചരിത്രത്തിലൂടെ കടന്നുപോയിട്ടുണ്ട്, തൊട്ടുകൂടായ്മ മുതൽ വംശഹത്യ വരെയുള്ള എല്ലാത്തരം അനീതികളും അനുഭവിക്കുകയുമാണ്. വ്യക്തിപരമായ നേട്ടങ്ങളിലൂടെയല്ലാതെ താഴ്ന്നവരായി മുദ്രകുത്തപ്പെട്ടവരെഅടിച്ചമർത്തുന്നതിലൂടെ ധീരതയും പദവിയും അവകാശപ്പെടാൻ കഴിയുന്നതിനാൽ പ്രത്യേകിച്ചും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.