
തുല്യപ്രാധാന്യമുള്ള രണ്ടാമതൊരു മാറ്റമുള്ളത് ട്രംപിന്റെ പ്രകോപനപരമായ തീരുവ വര്‍ധിപ്പിക്കുന്ന നടപടിക്കെതിരെ ചെറുത്തുനില്പ് ശക്തമാക്കുക എന്നത് ദേശീയ താല്പര്യ സംരക്ഷണത്തിന് അനിവാര്യമാണെന്നതാണ്. ഇന്ത്യക്കെതിരെ അധികച്ചുങ്കമെന്ന നിലയില്‍ മറ്റൊരു 25 ശതമാനമാണ് ട്രംപ് ചുമത്തിയിരിക്കുന്നത്. റഷ്യയില്‍ നിന്നും കുറഞ്ഞ വിലയ്ക്ക് പെട്രോളിയം ഇറക്കുമതി നടത്തുന്ന നടപടി ഇന്ത്യ നിര്‍ത്തിവയ്ക്കാത്തതിനെതിരായ ട്രംപിന്റെ പ്രതികാര നടപടിയാണ് ഈ അധികച്ചുങ്കം. അതേ അവസരത്തില്‍ സമാനമായൊരു ചുങ്കം ചെെനയ്ക്കെതിരായി ട്രംപ് ചുമത്തിയിട്ടുമില്ല. അമേരിക്ക‑ചെെനാ വ്യാപാരത്തില്‍ നിലവിലുള്ള കമ്മി 295 ബില്യന്‍ ഡോളര്‍ വരുമെന്ന സ്ഥിതി നിലവിലിരിക്കുമ്പോഴുള്ള അനുഭവമാണ് ഇതെന്ന് ഓര്‍ക്കുക. മാത്രമല്ല, ചെെനയാണെങ്കില്‍ റഷ്യയില്‍ നിന്നും ഇറാനില്‍ നിന്നും യുഎസിന്റെ നീരസം കണക്കിലെടുക്കാതെ പെട്രോളിയം ഇറക്കുമതി യഥേഷ്ടം തുടരുകയുമാണ്. യുഎസ് രാജ്യരക്ഷയ്ക്കും സാങ്കേതികവിദ്യാ വികസനത്തിനും അനിവാര്യമായ ലോഹങ്ങളുടെയും മാഗ്നെറ്റിന്റെയും യുഎസിലേക്കുള്ള കയറ്റുമതികള്‍ക്കുമേല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്തിരിക്കുന്ന ചെെനീസ് സര്‍ക്കാര്‍ നടപടി തുടരുമ്പോള്‍ തന്നെയാണിതെന്നോര്‍ക്കുക.
യുഎസ് ആവശ്യത്തോടുള്ള ചെെനീസ് നിലപാട് നിഷേധരൂപത്തില്‍ തുടരുമ്പോഴും ഇന്ത്യ യുഎസ് ആജ്ഞകള്‍ അക്ഷരംപ്രതി അനുസരിച്ചുവന്നതായ ചരിത്രവും നമുക്കുമുന്നിലുണ്ട്. വിശിഷ്യ, ഇറാനില്‍ നിന്നും വെനസ്വേലയില്‍ നിന്നും കുറഞ്ഞ വിലയ്ക്ക് എണ്ണ ഇറക്കുമതി നിര്‍ത്തിവയ്ക്കണമെന്ന അമേരിക്കന്‍ ആവശ്യം അതേപടി ഇന്ത്യ അനുസരിച്ച അനുഭവം ചരിത്രത്തിന്റെ ഭാഗമാണ്. കൂടാതെ, അമേരിക്കന്‍ ആജ്ഞ പാലിച്ചതിന്റെ ഫലമായി പരുത്തി ഇറക്കുമതിക്കുമേല്‍ 11 % ചുങ്കം ഏര്‍പ്പെടുത്തുകയും നാം ചെയ്തിട്ടുണ്ട്. ഇത്തരം ചരിത്ര വസ്തുതകളും അനുഭവങ്ങളും മോഡി ഭരണകൂടം എത്രനാള്‍ ഓര്‍ത്തിരിക്കുമെന്ന് കണ്ടുതന്നെ അറിയേണ്ടിയിരിക്കുന്നു.
സ്വതന്ത്ര ഇന്ത്യയുടെ ഇതഃപര്യന്തമുള്ള ചരിത്രത്തില്‍ മറ്റൊരു പ്രധാനമന്ത്രിയും സ്വീകരിച്ചിട്ടുള്ളതിനു വിപരീതമായൊരു നയതന്ത്രജ്ഞതാശെെലി അധിഷ്ഠിത- പേഴ്സണലെെസ്ഡ് സ്റ്റെെല്‍— ആണ് നരേന്ദ്ര മോഡിയുടേതെന്ന് വ്യക്തമായിട്ടുള്ളതുമാണ്. ഈ ശെെലി യഥാര്‍ത്ഥത്തില്‍ നയപരമായ സാഹസികതയായി വിശേഷിപ്പിക്കുന്നതായിരിക്കും ഉചിതമായിരിക്കുക എന്ന് തോന്നുന്നു. വ്യക്തി അധിഷ്ഠിതമായൊരു ശെെലി എന്നതിലുപരി, ഇതിന്റെ നടത്തിപ്പ് വിദേശവാസികളായ ഇന്ത്യക്കാര്‍ ഒരുക്കന്ന ഇവന്റ് മാനേജ്മെന്റ് വഴിയും മറ്റുമാണെന്നതില്‍ തന്നെ അതിലൂടെയൊന്നും ഇന്ത്യയുടെ തന്ത്രപരമായ ലക്ഷ്യങ്ങള്‍ നേടുന്നതിന് സഹായകമായിട്ടുണ്ടെന്ന് കരുതുന്നത് ശരിയായിരിക്കില്ല. ഇത്തരമൊരു നയതന്ത്ര ശെെലിയില്‍ കാലോചിതമായ മാറ്റം വരുത്തിയേതീരൂ. വിശേഷിച്ച് മറുവശത്ത് നിലകൊള്ളുന്നത് ഡൊണാള്‍ഡ് ട്രംപ് ആണെന്ന് സാഹചര്യം നിലവിലിരിക്കെ. അമേരിക്കയില്‍ പൗരത്വം സ്വീകരിച്ചു കഴിഞ്ഞിട്ടുള്ള ഇന്ത്യന്‍ വംശജരില്‍ വലതുപക്ഷ നിലപാടുകാര്‍ റിപ്പബ്ലിക്കന്‍ ജനപ്രതിനിധികളെ പരമാവധി പ്രീണിപ്പിക്കാനും ട്രംപുമായി സൗഹൃദത്തിലാകാന്‍ ലക്ഷ്യമിട്ട ലോബിയിങ് നടത്താനും വന്‍തോതില്‍ പരിശ്രമിക്കുകയും ചെയ്തിരുന്നു. മോഡി മന്ത്രിസഭയിലെ ബിജെപി മന്ത്രിമാരാണെങ്കില്‍ തങ്ങളാലാവുംവിധം സമാനമായ ദിശയില്‍ നീക്കം നടത്തിയിരുന്നതുമാണ്. ട്രംപിന്റെ വെെറ്റ്ഹൗസ് സദസില്‍ മാന്യമായൊരു ഇടം നേടുക ലക്ഷ്യമാക്കി സ്വതന്ത്രഭാരതം പണ്ഡിറ്റ് നെഹ്രുവിന്റെയും വി കെ കൃഷ്ണമേനോന്റെയും കാലഘട്ടം മുതല്‍ കരുതലോടെ കോട്ടം കൂടാതെ കൊണ്ടുനടന്നിരുന്ന ചേരിചേരാ വിദേശനയത്തില്‍ ലേശമായെങ്കിലും വെള്ളം ചേര്‍ക്കാനും മോഡി പരിവാരം പരിശ്രമിക്കാതിരുന്നില്ല. എന്നാല്‍, ചെെനയും പാകിസ്ഥാനും തമ്മില്‍ ഈ അവസരം മുതലെടുത്ത് തങ്ങള്‍ക്കിടയിലുള്ള സൗഹൃദം പൂര്‍വാധികം ശക്തമാക്കാന്‍ പരിശ്രമിച്ചതോടെ ഇന്ത്യന്‍ ഭരണകൂടം അപകടം മണത്തറിയുകയും സ്വയം തിരുത്തലിന് തയ്യാറാവുകയും ചെയ്തു എന്നതാണ് വസ്തുത. എന്നാല്‍, അപ്പോഴേക്ക് ട്രംപിന്റെ ഭ്രാന്തന്‍ നയം തീരുവകളുടെ രൂപത്തില്‍ ഇന്ത്യന്‍ ദേശീയസാമ്പത്തിക താല്പര്യങ്ങള്‍ക്കുനേരെ ഭീഷണിയായി രൂപപ്പെടുകയുമായിരുന്നു.
ഇന്ത്യയിലെ മോഡി ഭരണകൂടത്തിനുമുന്നില്‍ ഇന്നത്തെ നിലയില്‍ തുറന്നുകിടക്കുന്ന ഏക രക്ഷാമാര്‍ഗം ബഹുമുഖ സ്വഭാവത്തോടുകൂടിയ പുതിയൊരു ഭൗമ, സാമ്പത്തിക, രാഷ്ട്രീയ, വാസ്തുശില്പത്തിന് രൂപം കൊടുക്കുക എന്നതാണ്. 2026ല്‍ നടക്കാനിരിക്കുന്ന അമേരിക്കന്‍ ഇടക്കാല തെരഞ്ഞെടുപ്പുകള്‍ ഇതില്‍ നേരിയ മാറ്റങ്ങള്‍ വരുത്താനും ഇടയുണ്ട്. അതായത്, ഇന്ത്യക്ക് ചെയ്യാന്‍ കഴിയുന്നത്, ഏകധ്രുവതയോ ബഹുധ്രുവതയോ മുഖമുദ്രയാക്കിയ വിധത്തിലുള്ളൊരു വിദേശ നയസമീപനമല്ല മറിച്ച് ബഹുധ്രുവതയോടുകൂടിയ ഒരു വിദേശനയമാണ്. വിവിധ സാമ്പത്തിക വളര്‍ച്ചാനിലവാരങ്ങളും, രാഷ്ട്രീയ സാമൂഹ്യസവിശേഷതകളുമുള്ള ലോകരാജ്യങ്ങളുമായി സൗഹൃദം ഊട്ടിയുറപ്പിക്കാന്‍ ഉതകുന്ന ഒരു ‘ന്യൂ ഡീല്‍’ സംവിധാനത്തിന് രൂപം നല്‍കുന്നതായിരിക്കും ആശാസ്യമായിരിക്കുക. കാരണമെന്തന്നാല്‍, നവലിബറല്‍ ആഗോളീകരണ നയസമീപനം, ദക്ഷിണ ഗ്ലോബല്‍ കൂട്ടായ്മയുടെ സുരക്ഷിത ഭാവിക്ക് ഉചിതമായിരിക്കില്ല എന്നതുതന്നെ. ഉത്തര ഗ്ലോബല്‍ രാജ്യക്കൂട്ടായ്മയുടെ സവിശേഷതയായ മൂലധനത്തിന്റെയും നടത്തിപ്പിന്റെയും കേന്ദ്രീകരണ പ്രവണത ഒരു പരിധിക്കപ്പുറം ദേശീയ വികസനലക്ഷ്യങ്ങള്‍ നേടിയെടുക്കുന്നതില്‍ പ്രതിസന്ധി സൃഷ്ടിക്കുകയായിരിക്കും ചെയ്യുക.
ഇന്ത്യയെ സംബന്ധിച്ചാണെങ്കിലും നിലനില്‍ക്കുന്ന വികസനലക്ഷ്യങ്ങള്‍ സാക്ഷാത്കരിക്കുന്നതിന് ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയില്‍ ഘടനാപരമായ അഴിച്ചുപണി അനിവാര്യം തന്നെയാണ്. ഉല്പാദന‑നിര്‍മ്മാണ മേഖലകള്‍ നാല് പതിറ്റാണ്ടുകളിലേറെ പഴക്കമുള്ളവയാണ്. തൊഴിലില്ലായ്മയാണെങ്കില്‍ ചരിത്രത്തില്‍ ഏറ്റവും ഉയര്‍ന്ന നിലയില്‍ എത്തിയിരിക്കുന്നു. പണപ്പെരുപ്പത്തിന്റെ സ്ഥിതിയും സമാനമാണ്. സ്വകാര്യ നിക്ഷേപം മരവിപ്പിലാണ്. പൊതുനിക്ഷേപവും ബലഹീനമായിരിക്കുന്നു. കോര്‍പറേറ്റ് മേഖലയിലെ ഓഹരി ഉടമകള്‍ക്കും ആത്മവിശ്വാസതകര്‍ച്ച ഗുരുതരാവസ്ഥയിലെത്തിയിരിക്കുകയാണ്. ഇത്തരം പ്രശ്നങ്ങള്‍ക്ക് തൃപ്തികരമായ പരിഹാരം കണ്ടെത്താതിരുന്നാല്‍ ഭാവി വികസന സാധ്യതകള്‍ക്കും അതൊരു തിരിച്ചടിയായിരിക്കും. ചുരുക്കത്തില്‍ ഗ്ലോബല്‍ സൗത്ത് കൂട്ടായ്മാ രാജ്യങ്ങളെ സംബന്ധിച്ചെടുത്തോളം പൊതുവിലും ഇന്ത്യയെ സംബന്ധിച്ചിടത്തോളം വിശേഷിച്ചും അതീവ ഗുരുതരമായ വികസന പ്രതിസന്ധിയുടെ കാലഘട്ടമാണിതെന്ന് നിസംശയം പറയാന്‍ കഴിയും. ഇത് മറികടക്കുന്നതിനുള്ള സുവര്‍ണാവസരമാണ് ട്രംപിസത്തിന്റെ സന്തതിയായ തീരുവ എന്ന ആയുധത്തിന്റെ കുന്തമുന ഒടിക്കുക എന്നത്. മോഡി സര്‍ക്കാര്‍ ഇതില്‍ വിജയിക്കുകമോ? കാത്തിരുന്നു കാണുകതന്നെ.
(അവസാനിച്ചു)
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.